2019, ഓഗസ്റ്റ് 30, വെള്ളിയാഴ്‌ച

7.4 ഹിരണ്യകശിപു ദേവന്മാരെ ദ്രോഹിക്കുന്നതും, പ്രഹ്ളാദമഹിമയും.


ഓം

ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം അദ്ധ്യായം‌ 4
(ഹിരണ്യകശിപു ദേവന്മാരെ ദ്രോഹിക്കുന്നതും, പ്രഹ്ലാദമഹിമയും.)

നാരദർ പറഞ്ഞു: ഹേ രാജാവേ! ഹിണ്യകശിപുവിന്റെ തപസ്സിലും സ്തുതിയിലും പ്രീതനായ ബ്രഹ്മദേവൻ അവനാവശ്യപ്പെട്ട സകലവരങ്ങളും ക്ഷണത്തിൽത്തന്നെ പ്രദാനം ചെയ്തുകൊണ്ടു് അവനോടു് പറഞ്ഞു: മകനേ!, വരിക്കുവാൻ അത്യന്തം സുദുർലഭമായതാണെങ്കിൽകൂടി നീ ചോദിച്ചതായ വരങ്ങളെല്ലാം ഞാനിതാ നിനക്കായി തരുകയാണു.

നാരദർ തുടർന്നു: രാജൻ!, അതിനുശേഷം, ഹിരണ്യാക്ഷനാൽ ആരാധിതനായും, മരീചി മുതലായ പ്രജാപതിമാരാൽ സ്തുത്യനായിക്കൊണ്ടും വിരിഞ്ചൻ അവിടെനിന്നും മറഞ്ഞരുളി. ബ്രഹ്മദേവന്റെ അനുഗ്രഹത്താൽ കരുത്തും വരവുമാർജ്ജിച്ച ഹിരണ്യകശിപു തന്റെ സഹോദരന്റെ മരണത്തെയോർത്തുകൊണ്ടു് പ്രതികാരദാഹിയായി വിഷ്ണുവിൽ വിരോധം പ്രകടമാക്കുവാൻ തുടങ്ങി. അവൻ സകല ദിക്കുകളും മൂന്നു് ലോകങ്ങളേയും ജയിച്ചുവന്നു. ദേവന്മാർ, മനുഷ്യന്മാർ, ഗന്ധർവ്വന്മാർ, ഗരുഡന്മാർ, നാഗദേവതകൾ, സിദ്ധന്മാർ, ചാരണന്മാർ, വിദ്യാധരന്മാർ, ഋഷികൾ, പിതൃക്കൾ, മനുക്കൾ, യക്ഷന്മാർ, രക്ഷസ്സുകൾ, പിശാചുക്കൾ, ഭൂതങ്ങൾ, പ്രേതങ്ങൾ, എന്നുവേണ്ടാ സകല ജീവഭൂതങ്ങളുടേയും തലവന്മാരെ അവൻ നിഷ്‌പ്രയാസം കീഴടക്കി, തന്റെ സ്വാധീനത്തിലാക്കുകയും, വിശ്വത്തെ മുഴുവൻ ജയിച്ചു് സകലലോകപാലകന്മാരേയും അവരുടെ തേജസ്സിനൊപ്പം അപഹരിക്കുകയും ചെയ്തു. ഉടൻതന്നെ അവൻ സ്വഗ്ഗലോകത്തെ പിടച്ചടക്കി. വിശ്വകർമ്മാവിനാൽ നിർമ്മിതമായ സകലൈശ്വര്യങ്ങളും സർവ്വസമ്പദ്സമൃദ്ധിയുമുള്ള ദേവേന്ദ്രന്റെ ഭവനത്തിൽ താമസമാരംഭിച്ചു.

സ്വർഗ്ഗത്തിലെ സോപാനങ്ങൾ പവിഴക്കല്ലുകൾകൊണ്ടു് നിർമ്മിച്ചതായിരുന്നു. അകത്തളങ്ങളിൽ മരതകക്കല്ല്ലുകൾ പതിച്ചിരിക്കുന്നു. ഭിത്തികളാകട്ടെ, സ്ഫടികങ്ങളാൽ നിർമ്മിതമാണു. വൈഢൂര്യനിർമ്മിതങ്ങളായ തൂണുകൾ നിരനിരയായി നിൽക്കുന്നു. ചിത്രങ്ങളാൽ അലങ്കരിക്കപ്പെട്ട മേൽകൊട്ടികൾ, പദ്മരഗമണിമയങ്ങളായ ഇരിപ്പിടങ്ങൾ, പാൽനുരപോലുള്ള പട്ടുമെത്തകൾ, മുത്തുമാലകൾ കൊണ്ടുള്ള തൊങ്ങൽ വിതാനങ്ങൾ, എന്നിവയെല്ലാം ഇന്ദ്രമന്ദിരത്തിന്റെ പ്രത്യേകതകളായിരുന്നു. അതിനിടയിൽകൂടി ചിലങ്കകളുടെ കൊഞ്ചലോടെ നടന്നുപോകുന്ന ദേവസ്ത്രീകൾ തങ്ങളുടെ മുഖങ്ങൾ അങ്ങിങ്ങായി പതിപ്പിച്ചിട്ടുള്ള കണ്ണാടിയിൽ കണ്ടാനന്ദിച്ചിരുന്നു. അങ്ങനെയുള്ള ഇന്ദ്രന്റെ രാജധാനിയിൽ ഹിരണ്യാക്ഷൻ ഏകാധിപതിയായി വാഴുവാൻ തുടങ്ങി. അവൻ തന്റെ പ്രതാപം ദേവന്മാരിൽ അടിച്ചേൽപ്പിച്ചു. അവന്റെ ആജ്ഞയാൽ ദേവന്മാർ ആ പാദങ്ങളിൽ നമസ്ക്കാരമർപ്പിക്കേണ്ടതായിവന്നു.

രാജാവേ!, തപോബലം, യോഗബലം, ദേഹബലം, ഇന്ദ്രിയബലം മുതലായവയാൽ ഹിരണ്യകശിപു അവർക്കെല്ലാം സ്വാമിയായി സുഖിച്ചു. ത്രിമൂർത്തികളൊഴികെ മറ്റു് സകല ലോകപാലകന്മാരും അവനെ ഉപഹാരങ്ങളുമായി വന്നു സേവിച്ചു. ഹേ പാണ്ഡുപുത്രാ!, എന്നോടൊപ്പം, വിശ്വാവസുവും തുംബുരുവും ഗന്ധർവ്വന്മാരും സിദ്ധന്മാരും മുനികളും വിദ്യാധരന്മാരും അപ്സരസ്സുകളും അവനു്സ്തുതിപാടിയിരുന്നു. വർണ്ണാശ്രമധർമ്മകർത്താക്കളാൽ യജ്ഞങ്ങൾകൊണ്ടു് യജിക്കപ്പെട്ടു് സ്വതേജസ്സിനാൽ അവയുടെ ഹവിർഭാഗം അവൻ സ്വീകരിച്ചിരുന്നു. ഭൂമിയാകട്ടെ, കാമധേനുവിനെപ്പോലെ കൃഷികൂടാതെതന്നെ അവനു് വിഭവങ്ങൾ നൽകി. ആകാശം വിവിധതരം അത്ഭുതവസ്തുക്കളെക്കൊണ്ടു് അലംകൃതമാകപ്പെട്ടു. സപ്തസാഗരങ്ങളും നദികളും തിരയടിച്ചുകൊണ്ടു് വിവിധയിനം രത്നങ്ങളെ അവനു് പ്രദാനം ചെയ്തു. മലകളുടെ താഴ്വരകൾ അവന്റെ ക്രീഡാസങ്കേതങ്ങളായി. വൃക്ഷങ്ങൾ സർവ്വകാലങ്ങളിലും ഫലപുഷ്പാദികൾ പ്രദാനം ചെയ്തു. സകല ലോകപാലകന്മാരുടേയും ധർമ്മങ്ങളെ ഹിരണ്യകശിപു തനിയേ നിർവ്വഹിച്ചു. സകലദിക്കുകളേയും ജയിച്ചു് സർവ്വസുഖഭോഗങ്ങളേയും സ്വയം അനുഭവിച്ചു. എന്നാൽ, ഇന്ദ്രിയങ്ങളെ മാത്രം ജയിക്കാത്തവനാകയാൽ യാതൊരു ഭോഗങ്ങളിലും അവനു് സംതൃപ്തിയുണ്ടായില്ല. സനകാദികളുടെ ശാപത്താൽ അസുരനായി മാറിയ ഹിരണ്യകശിപു ഐശ്വര്യത്താൽ മതികെട്ടവനും അഹങ്കാരിയും മര്യാദകളെ ലംഘിക്കുന്നവനുമായി കാലമൊരുപാടു് കടന്നുപോയി. രാജാവേ!, ഹിരണ്യകശിപുവിന്റെ അതിക്രൂരമായ ശാസനമുറകളാൽ ദുഃഖിതരായ ലോകവാസികൾ മറുഗതിയില്ലാതെ തങ്ങളുടെ തലവന്മാരോടൊപ്പം മഹാവിഷ്ണുവിൽ അഭയം പ്രാപിച്ചു. യാതൊരിടത്തിൽ ഒരിക്കൽ എത്തപ്പെട്ടാൽ പിന്നീടു് തിരിച്ചുവരവില്ലയോ, യാതൊരിടത്തിൽ ഭഗവാൻ ശ്രീഹരി വസിക്കുന്നുവോ, ആ ധാമത്തിനായ്ക്കൊണ്ടു് അവർ നമസ്ക്കാരമർപ്പിച്ചു.

ഇന്ദ്രിയങ്ങളെ നിയന്ത്രിച്ചു്, സമാഹിതമായ ബുദ്ധിയോടുകൂടി, നിർമ്മലഹൃദയത്തോടുകൂടി, വായുമാത്രം ഭക്ഷിച്ചുകൊണ്ടും ഉറക്കമില്ലാതെയും അവർ നാരായണനെ കീർത്തിക്കുവാൻ തുടങ്ങി. ആ സമയം, ഹേ രാജൻ!, ഇടിമുഴക്കത്തിന്റെ ഒച്ചയോടുകൂടി ദിക്കുകളെ മറ്റൊലി കൊള്ളിച്ചുകൊണ്ടു്, ആ സാധുജനങ്ങളുടെ ഭത്തെ ഹനിച്ചുകൊണ്ടു്, പെട്ടെന്നവിടെ ഒരശരീരി മുഴങ്ങി. ഹേ ദേവോത്തമന്മാരേ!, നിങ്ങൾ ഭയപ്പെടാതിരിക്കുക!. എന്നെ സാക്ഷാത്കരിക്കുവാനായി യന്തിക്കുന്ന നിങ്ങൾക്കു് സർവ്വമംഗളങ്ങളും ഭവിക്കുന്നതാണു. ദുഷ്ടനായ ഈ അസുരാധമന്റെ ചെയ്തികൾ ഞാനറിയുന്നുണ്ടു. കുറച്ചുകാലം കൂടി കാത്തിരിക്കുക!. വേണ്ടതു് ഉടൻ‌തന്നെ ചെയ്തുകൊള്ളാം. ദേവന്മാരെയും വേദങ്ങളേയും ഗോക്കളേയും ബ്രാഹ്മണരേയും ധർമ്മത്തേയും എന്നേയും ദ്വേഷിക്കുന്നവൻ ആരായിരുന്നാലും അവനു് സർവ്വനാശം സംഭവിക്കുകതന്നെ ചെയ്യും. ഏതുസമയത്താണോ അവൻ സ്വന്തം പുത്രനായ പ്രഹ്ലാദനെ ദ്രോഹിക്കുവാൻ തുടങ്ങുന്നതു, ആ സമയം, ഏതുവരം ലഭിച്ചവനാണെങ്കിൽകൂടി ഞാൻ അവനെ വധിച്ചിരിക്കും.

നാരദർ പറഞ്ഞു: ഭഗവാന്റെ അശരീരിവാക്യം കേട്ടു് ദുഃഖമകന്ന ദേവന്മാർ തന്തിരുവടിയെ നമസ്ക്കരിച്ചുകൊണ്ടും, ഹിരണ്യകശിപുവിന്റെ മരണം ഉറപ്പിച്ചുകൊണ്ടും അവിടെനിന്നും മടങ്ങിപ്പോയി. ഹേ രാജൻ!, അസുരാധിപനായ ഹിരണ്യകശിപുവിനു് ലക്ഷണയുക്തരായ നാലു് പുത്രന്മാരുണ്ടായിരുന്നു. അതിൽ പ്രഹ്ലാദനെന്നു് പുകഴ്കൊണ്ടവൻ സത്ഗുണസമ്പന്നനും മഹത്തുക്കളെ ആദരിക്കുന്നവനുമായിരുന്നു. മാത്രമല്ല, അവൻ ബ്രാഹ്മണഭക്തനും സത്ഗുണശീലസമ്പന്നനും സത്യസന്ധനും ജിതേന്ദ്രിയനും അതുപോലെ സർവ്വപ്രാണികൾക്കും സ്വന്തം ആത്മാവിനെപോലെ പ്രിയങ്കരനും അവരുടെ സുഹൃത്തുമായിരുന്നു. പ്രഹ്ലാദൻ എപ്പോഴും സത്തുക്കളെ ആദരിക്കുന്നവനായിരുന്നു. മാതാപിതാക്കൾക്കു് മക്കളോടെന്നതുപോലെ, അവനു് സഹജീവികളോടും അങ്ങേയറ്റം വാത്സല്യമുണ്ടായിരുന്നു. ഗുരുജനങ്ങളെ അവൻ ഈശ്വരനെപ്പോലെ കണ്ടു് ബഹുമാനിച്ചിരുന്നു. ജന്മകൊണ്ടും വിദ്യകൊണ്ടും രൂപം കൊണ്ടും സമ്പന്നനായിരുന്ന പ്രഹ്ലാദൻ അഭിമാനാഹങ്കാരങ്ങൾ കൈവെടിഞ്ഞവനായിരുന്നു. കണ്ടതും കേട്ടതുമായ സകലവിഷയങ്ങളും അസത്യമാണെന്നറിഞ്ഞിരുന്ന പ്രഹ്ലാദൻ ഒരിക്കലും അവയിൽ ആസക്തനായിരുന്നില്ല. ദേഹേന്ദ്രിയാദികളെ നിയന്ത്രിച്ചു്, ആഗ്രഹങ്ങൾക്കു് കടിഞ്ഞാണിട്ട അവൻ അസുരവംശത്തിൽ ജനിച്ചുവെങ്കിലും ആസുരഗുണം തീണ്ടിയിട്ടുള്ളവനായിരുന്നില്ല. അവന്റെ ഗുണഗണങ്ങളെ ഇന്നും പണ്ഡിതന്മാർ കീർത്തിച്ചുകൊണ്ടേയിരിക്കുന്നു. സർവ്വൈശ്വര്യനിധിയായ ഭഗവാനിൽ സർവ്വഗുണങ്ങളും നിറഞ്ഞിരിക്കുന്നതുപോലെ പ്രഹ്ലാദനിലും അവ എക്കാലുവും നിറഞ്ഞിരിക്കുന്നു. ആകായാൽ അവന്റെ മഹിമകളെ ഇപ്പോഴും പണ്ഡിതന്മാർ കീർത്തിച്ചുകൊണ്ടുമിരിക്കുന്നു. ഭഗവദ്ഭക്തന്മാരെക്കുറിച്ചു് സംസാരിക്കുന്ന ഏതൊരു സഭയിലും, ശത്രുവാണെങ്കിൽകൂടി, ദേവന്മാർ പോലും അസുരവംശജനായ പ്രഹ്ലാദനെ ഉത്തമഭക്തനായി ഉദാഹരിച്ചുകൊണ്ടു് അവന്റെ മഹിമകളെ വാനോളം പുകഴ്ത്താറുണ്ടു. പിന്നെ അങ്ങയെപ്പോലുള്ളവരെക്കുറിച്ചെന്തു് പറയാൻ?. എണ്ണമറ്റതായ അവന്റെ മഹിമകൾ അവർണ്ണനീമത്രേ!. ഇനി ഞാൻ, ഭഗവാനിലുള്ള നൈസർഗ്ഗികമായ അവന്റെ പ്രേമത്തെക്കുറിച്ചു് പറയാം.

കൊച്ചുകുട്ടിയായിരുന്നപ്പോൾ പോലും അവനു് കളിയിലോ കളിപ്പാട്ടങ്ങളിലോ ഒട്ടുംതന്നെ അഭിരുചിയുണ്ടായിരുന്നില്ല. ഭഗവാനിൽ മനസ്സുറപ്പിച്ചുകൊണ്ടു് അവൻ സകലതും ത്യജിച്ചു് നിസ്സംഗനായും ജഡവത്തായും ജീവിച്ചു. ഭഗവദ്നിമഗ്നനായ പ്രഹ്ലാദൻ വിഷയാസക്തമായ ഈ ലോകത്തെക്കുറിച്ചു് യാതൊന്നുംതന്നെ അറിഞ്ഞിരുന്നില്ല. അവന്റെ ഹൃദയം സദാ ഭഗവാനിൽ ലീനമായി. ഗോവിന്ദനാൽ പരിരംഭിതനായ പ്രഹ്ലാദൻ തന്റെ ദൈനംദിനകർമ്മങ്ങൾ എപ്രകാരം എപ്പോൾ നടക്കുന്നുവെന്നുപോലുമറിയുന്നുണ്ടായിരുന്നില്ല. ആ ആനന്ദനിർവൃതിയിൽ അവൻ ചിലപ്പോൾ കരയുകയും, ചിലപ്പോൾ ചിരിക്കുകയും, മറ്റുചിലനേരങ്ങളിൽ ആനന്ദമത്തനായി ഉറക്കെ പാടുകയും ചെയ്യുമായിരുന്നു. ചിലപ്പോൾ അവൻ ഉച്ചത്തിൽ കൂവുകയും, ചിലപ്പോൾ ലജ്ജയില്ലാതെ നൃത്തം കുതിക്കുകയും, ചിലപ്പോൾ, ആശ്ചര്യമെന്നോണം, തന്മയീഭാവത്തോടെ ഭഗവദ്ലീലകൾ അനുകരിക്കുകയും ചെയ്തു. ചിലപ്പോളവൻ ഭഗവാനെ തൊട്ടുരുമ്മുന്ന ഭാവനയാൽ നിർവൃതികൊള്ളുമായിരുന്നു. ചിലപ്പോൾ പുളകമണിയുകയും, ചിലപ്പോൾ പ്രേമാനന്ദത്താലുതിരുന്ന അശ്രുകണങ്ങളോടുകൂടി പാതിയടഞ്ഞ കണ്ണുകളാൽ ഒരിടത്തു് മിണ്ടാതിരിക്കുകയും ചെയ്യുമായിരുന്നു. സത്തുക്കളുമായുള്ള സംഗംകൊണ്ടു് പ്രഹ്ലാദന്റെ ഹൃദയം ഭഗവദ്പാദാരവിന്ദങ്ങളിലുറച്ചിരുന്നു. അതിൽനിന്നും നിത്യനിരന്തരമായി താനനുഭവിച്ചുകൊണ്ടിരിക്കുന്ന ആ പരമാനന്ദരസത്താൽ അവൻ അജ്ഞാനികളെക്കൂടി ശുദ്ധമാക്കിക്കൊണ്ടിരുന്നു. അല്ലയോ രാജാവേ!, ങ്കിലും, നാരായണഭക്തനായ പ്രഹ്ലാദനിൽ സ്വാഭാവികമായും ഹിരണ്യകശിപുവിനു് വിദ്വേഷം ജനിച്ചു.

ധർമ്മപുത്രർ പറഞ്ഞു: ഹേ ദേവർഷേ!, ശുദ്ധനും സാധുവുമായ സ്വന്തം പുത്രന്റെ നേർക്കു് ഹിരണ്യകശിപുവിനു് വിദ്വേഷമുണ്ടായി എന്ന ആശ്ചര്യകരമായ വസ്തുതയെ അങ്ങയിൽനിന്നറിയുവാനായി ഞാൻ ആഗ്രഹിക്കുകയാണു. അല്ലയോ ഋഷേ!, അനുസരണയില്ലാത്ത പുത്രന്മാരെ ശിക്ഷിച്ചുകൊണ്ടു് അവരുടെ പിതാക്കന്മാർ അവരെ അധിക്ഷേപിക്കുന്നതു് സ്വാഭാവികമാണെങ്കിലും, അവർക്കുനേരേ ശത്രുവെപ്പോലെ ദ്രോഹം ചെയ്യാആർക്കുംതന്നെ മനസ്സുവരികയില്ല. ആ സ്ഥിതിയ്ക്കു്, അനുസരണയുള്ളവനും, സാധുവും, പിതാവിനെ ദൈവമായിക്കണ്ടാരാധിക്കുന്നവനുമായ പ്രഹ്ലാദനെക്കുറിച്ചെന്തു് പറയാൻ?. മകനോടു് തോന്നിയ പിതാവിന്റെ ഈ വിരോധംതന്നെ ആ പിതാവിന്റെ മരണത്തിനു് കാരണമായി. ഈ കൌതുകത്തെ ദയവായി അങ്ങു് നീക്കിത്തന്നാലും!.


ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം നാലാമദ്ധ്യായം സമാപിച്ചു.

ഓം തത് സത്.
Previous    Next


Hiranyakashipu attacks demigods and the qualities of Prahlada

2019, ഓഗസ്റ്റ് 28, ബുധനാഴ്‌ച

7.3 ഹിരണ്യകശിപുവിന്റെ തപസ്സു്.


ഓം

ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം അദ്ധ്യായം‌ 3
(ഹിരണ്യകശിപുവിന്റെ തപസ്സു്.)


ശ്രീനാരദർ പറഞ്ഞു: അല്ലയോ യുധിഷ്ഠിരരാജാവേ!, തന്റെ ദൌത്യം പൂർത്തിയാക്കുന്നതിനുവേണ്ടി ഹിരണ്യകശിപു സ്വയം ആരാലും ജയിക്കപ്പെടാത്തവനാകുവാനും, ജരാമണങ്ങളില്ലാത്തവനാകുവാനും, തനിക്കെതിരാളിയായി മറ്റൊരുത്തരില്ലാതാകുവാനും, എവിടെയും തന്റെ ഏകാധിപത്യം വരുന്നതിനുമായി ആഗ്രഹിച്ചു. തുടർന്നു്, മന്ദരഗിരിയുടെ താഴ്വരയിലെത്തി, അവിടെ, പാദങ്ങളുടെ പെരുവിരൽമാത്രം നിലത്തുറപ്പിച്ചും, കൈകളുയർത്തിപ്പിടിച്ചും, ആകാശത്തേക്കുനോക്കിയും അതിഘോരമായ തപസ്സനുഷ്ഠിക്കുവാൻ തുടങ്ങി. അവന്റെ ജടയിൽനിന്നുതിർന്ന തേജസ്സ്, കല്പാന്തത്തിലെ സൂര്യനെപ്പോലെ, ജ്വലിച്ചു. ആ വിവരമറിഞ്ഞ ദേവന്മാർ സ്വസ്ഥാനങ്ങളിലേക്കു് തിരിച്ചുചെന്നു. അവന്റെ മൂർദ്ധാവിൽനിന്നുമുണ്ടായ അഗ്നി എമ്പാടും പ്രസരിച്ചുകൊണ്ടു് സകലലോകങ്ങളേയും തപിപ്പിച്ചു. നദികളും സമുദ്രങ്ങളും ക്ഷോഭിക്കുവാൻ തുടങ്ങി. ഭൂമി വിറച്ചു. നക്ഷത്രങ്ങൾ ആകാശത്തുനിന്നും കൊഴിഞ്ഞുവീഴാൻ തുടങ്ങി. ദിക്കുകൾ ജ്വലിച്ചു.

തപ്തരായ ദേവതകൾ സത്യലോകത്തിലെത്തി ബ്രഹ്മാവിനെ കണ്ടു് തങ്ങളുടെ സങ്കടമുണർത്തിച്ചു: ഹേ ദേവദേവാ!, ഹിരണ്യകശിപുവിന്റെ അതിഘോരമായ തപസ്സിനാൽ ഞങ്ങൾക്കു് ദേവലോകത്തിൽ കഴിയാൻ സാധിക്കുന്നില്ല. അവിടുത്തെ സൃഷ്ടി പൂർണ്ണമായും നശിച്ചൊടുങ്ങുന്നതിനുമുമ്പു് ഉചിതമായതു് ചെയ്തരുളിയാലും!. ദുഷ്ടനായ ഹിരണ്യകശിപുവിന്റെ തപസ്സിന്റെ ഉദ്ദേശമെന്തെന്നു്, സർവ്വജ്ഞനായ അങ്ങറിയുന്നുവെങ്കിലും, ഞങ്ങൾക്കറിയാവുന്നതുപോലെ അങ്ങയെ ധരിപ്പിക്കാം.

ദേവന്മാർ പറഞ്ഞു: [തപോനിഷ്ഠകൊണ്ടും യോഗനിഷ്ഠകൊണ്ടും ബ്രഹ്മാവു് സ്ഥാവരജംഗമങ്ങളാദിയായ ഈ ലോകത്തെ സൃഷ്ടിച്ചുകൊണ്ടു് തന്റെ ആസ്ഥാനമായ സത്യലോകത്തിൽ വസിക്കുന്നു. വർദ്ധിച്ചുവരുന്ന എന്റെ തപോനിഷ്ഠകൊണ്ടും യോഗനിഷ്ഠകൊണ്ടും ആ പദം എനിക്കലങ്കരിക്കണം. എന്റെ തപോബലത്താൽ ഞാൻ പ്രപഞ്ചത്തിൽ ഇന്നുള്ള സകല വ്യവസ്ഥികളും മാറ്റിമറിക്കും. പ്രളയകാലത്തിൽ ധ്രുവലോകം പോലും ഇല്ലാതാകുന്നു. അങ്ങനെയെങ്കിൽ അവയ്ക്കൊക്കെ എന്താണു പ്രസക്തി?.] ഹേ നാഥാ!, ഇതൊക്കെയാണു് അവന്റെ പിടിവാശികൾ. എത്രയും പെട്ടെന്നു് വേണ്ടതു് ചെയ്തരുളുവാൻ കനിവുണ്ടാകണം. ഹേ ലോകേശാ!, അങ്ങയുടെ പരമോന്നതമായ ഈ സ്ഥാനം ഭൂമിയിൽ ബ്രാഹ്മണരുടേയും പശുക്കളുടേയും ക്ഷേമത്തിനായി ഉതകുന്നതാണു.

നാരദർ തുടർന്നു: രാജാവേ!, ദേവന്മാരുടെ ഇങ്ങനെയുള്ള വേവലാതികൾ കേട്ട ബ്രഹ്മദേവനാകട്ടെ, ഭൃഗു, ദക്ഷൻ തുടങ്ങിയ പ്രജാപതിമാരോടൊപ്പം ഹിരണ്യാക്ഷൻ തപസ്സനുഷ്ഠിക്കുന്നിടത്തേക്കു് യാത്രയായി. ആ സമയം, ഹിരണ്യാക്ഷന്റെ ശരീരം വാത്മീകം, പുല്ലു് മുതലായവയാൽ മറയ്ക്കപ്പെട്ടിരുന്നു. അവന്റെ ശരീരത്തിന്റെ വിവിധഭാഗങ്ങൾ ഉറുമ്പരിച്ചുകഴിഞ്ഞിരുന്നു. കാറ്റിനാൽ മറയപ്പെട്ട സൂര്യനെപ്പോലെ, ലോകങ്ങളെല്ലാം ചുട്ടുകരിച്ചുകൊണ്ടിരിക്കുന്ന ഹിരണ്യാക്ഷനെ ഒറ്റനോട്ടത്തിൽ ബ്രഹ്മദേവനു് കാണാൻ കഴിഞ്ഞില്ല. പിന്നീടു് സൂക്ഷിച്ചുനോക്കിയപ്പോൾ കണ്ട ആ രൂപം വിരിഞ്ചനെ അത്ഭുതപ്പെടുത്തി. തുടർന്നു്, പുഞ്ചിരിയോടുകൂടി വിധാതാവു് ഇങ്ങനെ പറഞ്ഞു: ഹേ കശ്യപപുത്രാ!, എഴുന്നേൽക്കുക!. നാം നിന്റെ തപസ്സിൽ സമ്പ്രീതനായിരിക്കുന്നു. വേണ്ടുന്ന വരത്തെ വരിച്ചുകൊണ്ടാലും!. ആശ്ചര്യകരമായ നിന്റെ ഈ ധൈര്യത്തെ നാം അനുമോദിക്കുന്നു. കാട്ടീച്ചകൾ തിന്നുതീർക്കപ്പെട്ട നിന്റെ ഉടലിലെ അസ്ഥികളിൽ മാത്രമായി തൂങ്ങിക്കിടക്കുന്ന ജീവനെ എനിക്കു് കാണാൻ കഴിയുന്നുണ്ടു. ജലപാനം പോലുമില്ലാതെ ജീവനെ നിലനിർത്തിക്കൊണ്ടു് ഇങ്ങനെയൊരു തപം മുൻപൊരിക്കലും ആരുംതന്നെ അനുഷ്ഠിച്ചിട്ടില്ല. ഇനിയൊട്ടനുഷ്ഠിക്കുവാനും തരമില്ല. ഹേ ദിതിപുത്രാ!, ധീരന്മാരിൽ പോലും കാണാൻ കഴിയാത്ത നിന്റെ ഈ നിശ്ചയദാർഢ്യത്താൽ നീ നമ്മെ ജയിച്ചിരിക്കുന്നു. അസുരശ്രേഷ്ഠാ!, ആയതിനാൽ നിന്റെ സർവ്വാഭീഷ്ടങ്ങളും നാം നിറവേറ്റുന്നതാണു. മരണമുള്ള നിനക്കു് ലഭിച്ചിരിക്കുന്ന അനശ്വരമായ എന്റെ ഈ ദർശനം ഒരിക്കലും വിഫലമാകുകയില്ല.

ശ്രീനാരദർ പറഞ്ഞു: രാജാവേ!, ഇങ്ങനെ പറഞ്ഞുകൊണ്ടു് ബ്രഹ്മദേവൻ തന്റെ ദിവ്യമായ കമണ്ഡലുവിലെ തീർത്ഥജലത്താൽ ഹിരണ്യാക്ഷനെ പ്രോക്ഷണം ചെയ്തു. പെട്ടെന്നു്, വാത്മീകത്തിൽനിന്നും സകല ശക്തികളോടും കൂടി, സർവ്വാവയവസമ്പന്നനായി, യൌവ്വനയുക്തനായി, ഉരുക്കിയ സ്വർണ്ണത്തിന്റെ നിറത്തോടുകൂടി, അഗ്നി അരണിയിൽനിന്നു് എന്നതുപോലെ, അവിടെനിന്നും എഴുന്നേറ്റു. ആകാശത്തിൽ അരയന്നത്തിനുമുകളിൽ ഇരുന്നരുളുന്ന ബ്രഹ്മദേവനെ കണ്ടതിലുണ്ടായ പരമാനന്ദത്താൽ ഭൂമിയിൽ വീണു് നമസ്ക്കരിച്ചു. പിന്നീടു്, എഴുന്നേറ്റു് കണ്ണുതുറന്നു് ഭഗവാനെ കണ്ടതിലുള്ള ആനന്ദത്താലുളവായ കണ്ണീരും രോമാഞ്ചവുമണിഞ്ഞു്, ഇടറിയ ശബ്ദത്തിൽ ഇങ്ങനെ സ്തുതിച്ചു

ഹിരണ്യകശിപു പറഞ്ഞു: പ്രളയസമയം, തമോഗുണത്തിന്റെ കൂരിരുളിൽ മുങ്ങിക്കിടന്നിരുന്ന ഈ പ്രപഞ്ചത്തെ സ്വതേജസ്സാൽ വ്യക്തീഭവിപ്പിക്കുകയും, പിന്നീടതിനെ ത്രിഗുണങ്ങളാൽ സൃഷ്ടിക്കുകയും രക്ഷിക്കുകയും സംഹരിക്കുകയും ചെയ്യുന്നവനും, ത്രിഗുണങ്ങൾക്കെല്ലാം ആശ്രയവുമായിരിക്കുന്നവനുമായ നിന്തിരുവടിയ്ക്കായിക്കൊണ്ടു് നമസ്ക്കാരം!. ആദികാരണനായും, ജ്ഞാവിജ്ഞാനമൂർത്തിയായും, പ്രണേന്ദ്രിയമനോബുദ്ധികളുടെ വികാരത്താൽ വ്യക്തിത്വം പ്രാപിച്ചിരിക്കുന്നവനുമായ അവിടുത്തേയ്ക്കു് നമസ്ക്കാരം!. സകല ഭൂതങ്ങളുടേയും ജീവനായ അങ്ങു് സർവ്വചരാചരങ്ങളുടേയും നിയന്താവാണു. അങ്ങു് മനസ്സിനേയും ഇന്ദ്രിയങ്ങളേയും നാഥനാകുന്നു. അതുപോലെ അങ്ങു് പഞ്ചഭൂതങ്ങൾ, വിഷയങ്ങൾ, അവയുടെ സംസ്കാരങ്ങൾ എന്നിവയുടേയും നാഥനാകുന്നു. ഭഗവാനേ!, അങ്ങയുടെ തിരുരൂപമായ വേദങ്ങളാലും, യജ്ഞകർമ്മങ്ങൾക്കാസ്പദമയ അറിവിലൂടെയും അഗ്നിസ്തോമം മുതലായ ഏഴു് യാഗങ്ങളെ അങ്ങു് പ്രചരിപ്പിക്കുന്നു. സകല യജ്ഞങ്ങളും അങ്ങയാൽ പ്രേരിതമായാണു് അനുഷ്ഠിക്കപ്പെടുന്നതു. സകലഭൂതങ്ങളുടേയും ആത്മാവായ അങ്ങു് ആദ്യന്തരഹിതനും കാലദേശങ്ങൾക്കതീതനുമാണു. കണ്ണിമവെട്ടാതെ, കാലസ്വരൂപനായി വർത്തിച്ചുകൊണ്ടു് അങ്ങു് പ്രാണികളുടെ ആയുസ്സിനെ അനുനിമിഷം ക്ഷയിപ്പിച്ചുകൊണ്ടിരിക്കുന്നു. അതേ സമയംതന്നെ, അങ്ങു് വികാരരഹിതനും അജനും ജീവലോകത്തിനു് ജീവനഹേതുവും നിയന്താവുമായി വിളങ്ങുന്നു. സ്ഥാവരജംഗമാദികളായ യാതൊരു കര്യങ്ങളും അവയുടെ കാരണങ്ങളും അങ്ങുതന്നെയാകുന്നു. സകലവേദങ്ങളും വേദാംഗങ്ങളും നിന്തിരുവടിതന്നെ. കാരണം, അങ്ങു് ത്രിഗുണാത്മകനും ഹിരന്മയമായ ബ്രഹ്മാണ്ഡത്തെ ഉള്ളിലൊതുക്കിയവനുമാകുന്നു. വിഭോ!, വ്യക്തമായിരിക്കുന്ന ഈ ദൃശ്യപ്രപഞ്ചം അങ്ങയുടെ സ്ഥൂലശരീരമാകുന്നു. ഈ ശരീരത്താൽ അങ്ങു് ഇന്ദ്രിയങ്ങളുടേയും മനസ്സിന്റേയും വിഷയങ്ങളെ അനുഭവിക്കുന്നു. അതേസമയം, അങ്ങു് ഇവയിൽനിന്നെല്ലാമകന്നുനിൽക്കുന്ന പരമോന്നതനായിരിക്കുന്ന പുരാണപുരുഷനും പരമാത്മതത്വവുമാകുന്നു. അവ്യക്തരൂപത്തിൽ ഈ പ്രപഞ്ചമാകെ നിറഞ്ഞുനിൽക്കുന്നവനും, വിദ്യാവിദ്യകൾ രണ്ടിനോടും മേളിച്ചിരിക്കുന്നവനുമായ അങ്ങേയ്ക്കു് നമസ്ക്കാരം!. വരദാതാക്കളിൽ ശ്രേഷ്ഠനായ പ്രഭോ!, അങ്ങു് എനിക്കു് വരം നൽകാൻ പോകുന്നുവെങ്കിൽ, ഞാൻ ചോദിക്കുന്നു; അങ്ങയുടെ സൃഷ്ടികളായ യാതൊരു ഭൂതങ്ങളിൽനിന്നും എനിക്കു്മരണം സംഭവിക്കരുതു. അകത്തുവച്ചും പുറത്തുവച്ചും എനിക്കു് മരണമുണ്ടാകരുതു. രാത്രിയിലും പകലിലും എന്നെ കൊല്ലാൻ പാടില്ല. ആരാലും യാതൊരായുധങ്ങളാലും എനിക്കു് മരണമുണ്ടാകാൻ പാടില്ല. എന്റെ മരണം ഭൂമിയിൽ വച്ചോ ആകാശത്തുവച്ചോ ആകാൻ പാടില്ല. അതു് മനുഷ്യാരാലും മൃഗങ്ങളാലും സംഭവിക്കുവാൻ പാടില്ല. സചേതനങ്ങളാലോ, അചേതനങ്ങളാലോ, അസുരന്മാരാലോ, ദേവന്മാരാലോ, നാഗങ്ങളാലോ എനിക്കു് മൃത്യുവുണ്ടാകരുതു. എനിക്കെതിരാളിയില്ലാതാകുകയും, എവിടെയും എന്റെ ഏകാധിപത്യം വരികയും വേണം. അങ്ങയെപ്പോലെ, ഒരിക്കലും നശിക്കപ്പെടാത്ത തപോവൈഭവവും യോഗവൈഭവവും മഹിമകളും എനിക്കുണ്ടാകണം.


ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം മൂന്നാമദ്ധ്യായം സമാപിച്ചു.

ഓം തത് സത്.
Previous    Next


Hiranyakashipu doing tapa.

2019, ഓഗസ്റ്റ് 27, ചൊവ്വാഴ്ച

7.2 ഹിരണ്യകശിപുവിന്റെ ചരിത്രം.


ഓം

ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം അദ്ധ്യായം‌ 2
(ഹിരണ്യകശിപുവിന്റെ ചരിത്രം.)


ശ്രീശുകൻ പറഞ്ഞു: ഹേ രാജൻ!, ഹിരണ്യകശിപുവിനു് തന്റെ പുത്രനായ പ്രഹ്ലാദനോടു് വിദ്വേഷം തോന്നാനുള്ള കാരണത്തെക്കുറിച്ചു് യുധിഷ്ഠിരൻ ചോദിച്ചപ്പോൾ, നാരദമഹർഷി അതിനുത്തരം പറഞ്ഞു: ഹേ ധർമ്മപുത്രരേ!, വരാഹരൂപം ധരിച്ച ശ്രീഹരിയാൽ, തന്റെ ഭ്രാതാവയ ഹിരണ്യാക്ഷവധിക്കപ്പെട്ടതറിഞ്ഞ ഹിരണ്യകശിപുവിനു് ദേഷ്യവും സങ്കടവും അടക്കാനായില്ല. രോഷത്താൽ അവൻ ചുണ്ടുകൾ അമർത്തിക്കടിച്ചുപിടിച്ചു. ക്രോധം കത്തിജ്ജ്വലിക്കുന്ന കണ്ണുകൾകൊണ്ടു് ആകാശത്തേയ്ക്കുനോക്കി. ഭീഷണമായ ദംഷ്ട്രകൾ. ജ്വലിക്കുന്ന കണ്ണുകൾ. വളഞ്ഞ പുരികങ്ങൾ. കണ്ടാൽ ഭയക്കുന്ന മുഖം. സദസ്സിൽ ശൂലം ഉയർത്തിപ്പിടിച്ചുകൊണ്ടു് അവിടെ കൂടിയ ദ്വിമൂർദ്ധാവു്, ത്ര്യക്ഷൻ, ശംബരൻ, ശതബാഹു, ഹയഗ്രീവൻ, നമുചി, പാകൻ, ഇല്വലൻ, വിപ്രചിത്തി, പുലോമാവു്, എന്നീ പ്രധാനികളായ അസുരന്മാരോടു് ഹിരണ്യകശിപു പറഞ്ഞു: ഹേ ശകുനൻ മുതലായ ദാനവന്മാരേ!, ഹേ ദൈത്യന്മാരേ!, നിങ്ങളെല്ലാവരും എന്റെ വാക്കുകളെ ശ്രദ്ധയോടെ കേട്ടിട്ടു് സർവ്വരും അവരവരുടെ ദൌത്യങ്ങളിലേർപ്പെടുക. നമ്മുടെ ശത്രുക്കളായ ദേവന്മാർ എന്റെ പ്രീയപ്പെട്ടവനും എനിക്കു് സുഹൃത്തും സഹോദരനുമെല്ലാമായിരുന്ന എന്റെ ഹിരണ്യാക്ഷനെ കൊന്നിരിക്കുന്നു. വിഷ്ണു ദേവന്മാർക്കും അസുരന്മാർക്കും തുല്യനാണെങ്കിലും, അവൻ, ഈ സമയം ദേവതകളാൽ സന്തുഷ്ടനായി അവരോടൊപ്പം ചേർന്നു് എന്റെ സഹോദരനെ വധിച്ചിരിക്കുകയാണു. സമഭാവദൃഷ്ടി വിഷ്ണു ഉപേക്ഷിച്ചിരിക്കുന്നു. കുട്ടികളെപ്പോലെ, ദേവന്മാരെ സന്തോഷിപ്പിക്കാനായി തന്റെ മായാശക്തിയാൽ അവൻ സൂകരവേഷം പൂണ്ടിരിക്കുന്നു. ആ വിഷ്ണുവിന്റെ കണ്ഠത്തെ ഞാൻ എന്റെ ശൂലത്താൽ കുത്തിപ്പിളർക്കുന്നതാണു. ആ രകതം കൊണ്ടു് രക്തപ്രിയനായ എന്റെ സഹോദരനെ ഞാൻ തൃപ്തനാക്കാൻ പോകുന്നു. ഒരു വൃക്ഷത്തിനെ വേരോടെ അറുത്തിട്ടാൽ അതിന്റെ ശിഖരങ്ങളും തളിരുകളും താനേ ഉണങ്ങിക്കൊള്ളും. വഞ്ചകനായ ആ വിഷ്ണുവിനെ ഞാൻ കൊന്നാൽ, ഈ ദേവന്മാരുടെ പ്രാണനും ഓജസ്സും തന്നെ ഇല്ലാതാകും. എന്റെ ഈ ദൌത്യം ഞാൻ പൂർത്തിയാക്കുന്നസമയം നിങ്ങൾ ബ്രാഹ്മണരാലും ക്ഷത്രിയരാലും പരിപാലിക്കപ്പെടുന്ന ഭൂമിയിൽ പോയി, അവിടെ തപസ്സ്, യാഗം, വ്രതം, ദാനം മുതലായ കർമ്മങ്ങളിലേർപ്പെട്ടവരെ വകവരുത്തുവിൻ!. കാരണം, ബ്രഹ്മണ്യം എന്നതു് യജ്ഞധർമ്മങ്ങളുടെ മൂർത്തീഭാവനായ വിഷ്ണുവിനെ പ്രീതിപ്പെടുത്താനുള്ള കർമ്മമാണു. സകലധർമ്മങ്ങളുടേയും ഉറവിടം അവനാണു. അവൻ ദേവന്മാർക്കും, പിതൃക്കൾക്കും സകല ജീവഭൂതങ്ങൾക്കും ഏകാശ്രയമാണു. ബ്രാഹ്മണർ വധിക്കപ്പെട്ടാൽ പിന്നെ ക്ഷത്രിയരെക്കൊണ്ടു് യജ്ഞം ചെയ്യിക്കാൻ ആരുംതന്നെ ഉണ്ടാവുകയില്ല. അങ്ങനെ യജ്ഞവിഹിതം കിട്ടാതെ ദേവന്മാർ താനേ നശിച്ചുകൊള്ളും. ഭൂമിയിൽ എവിടെയൊക്കെ പശുക്കളും ബ്രാഹ്മണരും ധർമ്മവും പരിപാലിക്കപ്പെടുന്നുവോ, എവിടെയെല്ലാം വേദങ്ങൾ പഠിപ്പിക്കപ്പെടുന്നുവോ, അവിടെയെല്ലാം ചെന്നു് നിങ്ങൾ സർവ്വവും നാമാവശേഷമാക്കുവിൻ!. അങ്ങനെയുള്ള സ്ഥലങ്ങളെല്ലാം തീയിട്ടു് നശിപ്പിക്കുക!. വൃക്ഷങ്ങളെ വേരോടു് പിഴുതെറിയുക!.

നാരദർ തുടർന്നു: രാജാവേ!, ഹിരണ്യകശിപുവിന്റെ ആദേശത്തെ കേട്ടു് അവന്റെ ആജ്ഞയെ ശിരസ്സാവഹിച്ചുകൊണ്ടു് അസുരന്മാർ അവനെ വണങ്ങി പുറപ്പെട്ടു. ശേഷം, ഭൂമിയിലെത്തി അവർ ജനമധ്യത്തിൽ ആക്രമണം അഴിച്ചുവിട്ടു. പുരങ്ങളും ഗ്രാമങ്ങളും ഗോശാലകളും പൂങ്കാവുകളും വയലുകളും കാടുകളും ഋഷിവാടങ്ങളും ഖനികളും കർഷകരുടെ നിവാസസ്ഥലങ്ങളും മലഞ്ചേരികളും ഇടയത്തെരുവുകളും രാജകൊട്ടാരങ്ങളും എന്നുവേണ്ടാ, കണ്ണിൽ കണ്ട സകലതും അവർ ചുട്ടെരിച്ചു. ചിലർ മൺവെട്ടിയും മറ്റും കൈയ്യിലെടുത്തു് പട്ടണങ്ങളിലെ പാലങ്ങളും മതിൽക്കെട്ടുകളും കോട്ടകളും ഗോപുരങ്ങളുമെല്ലാം തകർത്തുതരിപ്പണമാക്കി. ചിലർ മഴുകൊണ്ടു് വലിയ വലിയ വൃഷങ്ങളെ വേരോടെ വെട്ടിമുറിച്ചു. ചിലരാകട്ടെ, തീപന്തങ്ങൾകൊണ്ടു് വീടുകൾക്കു് തീയിട്ടു. രാജൻ!, ഇങ്ങനെ അടിക്കടിയുണ്ടായ ആക്രമണങ്ങളാൽ ഭൂമിയിലെ ജനങ്ങൾക്കു് ധർമ്മാചരണത്തെ ഉപേക്ഷിക്കേണ്ടിവന്നു. യജ്ഞശിഷ്ടം കിട്ടാതെയായപ്പോൾ ദേവന്മാരും അസ്വസ്ഥരായി. അവർ സ്വർഗ്ഗലോകത്തെ ഉപേക്ഷിച്ചു് ആരുടേയും കണ്ണിൽ പെടാതെ ഭൂമിയിൽ അലഞ്ഞുനടന്നു.

ഹിരണ്യാക്ഷന്റെ ഉദകക്രിയകളെ ചെയ്തതിനുശേഷം, ഹിരണ്യകശിപു തന്റെ സഹോദരപുത്രന്മാരെ ആശ്വസിപ്പിച്ചു. രാജാവേ!, ക്രോധം കൊണ്ടു് വിറയ്ക്കുന്നുണ്ടായിരുന്നുവെങ്കിലും അവനു് കാലബോധം നഷ്ടപ്പെട്ടിരുന്നില്ല. വൻ മധുരമായ വാക്കുകളാൽ ശകുനി, ശംബരൻ, ധൃഷ്ടൻ, ഭൂതസന്താപനൻ, വൃകൻ, കാലനാഭൻ, മഹാനാഭൻ, ഹരിശ്മശ്രു, ഉത്കചൻ മുതലായവരേയും അവരുടെ മാതാവായ രുഷാഭാനുവിനേയും സ്വമാതാവായ ദിതിയേയും സ്വാന്തനിപ്പിച്ചു.

ഹിരണ്യകശിപു അവരോടു് ഇപ്രകാരം പറഞ്ഞു: അല്ലയോ മാതാക്കന്മാരേ!, പ്രിയസഹോദരങ്ങളേ!, വീരന്മാരുടെ മരണത്തിൽ ഇങ്ങനെ വ്യാകുലപ്പെടാൻ പാടില്ല. നേർക്കുനേയുദ്ധം ചെയ്തു് വീരമൃത്യുവടയുന്ന ധീരന്മാർക്കു് മരണം ശ്ലാഘനീയവും അഭികാമ്യവുമാണു. അമ്മേ!, തണ്ണീർപന്തലുകളിൽ വഴിയാത്രക്കാർ ഒത്തുചേരുകയും, വെള്ളം കുടിച്ചു് ദാഹമകറ്റി വിശ്രമിച്ചതിനുശേഷം പലവഴിയ്ക്കായി പിരിഞ്ഞുപോകുകയും ചെയ്യുന്നു. അതുപോലെ, പൂർവ്വജന്മസംബന്ധത്താൽ കുടുംബങ്ങളിൽ മനുഷ്യൻ ഒത്തുപിറക്കുകയും പിന്നീടു് കർമ്മവശാൽ പലതായി വേർപെടുകയും ചെയ്യുന്നു. അമ്മേ!, ആത്മാക്കൾക്കു് മരണമോ വ്യയമോ സംഭവിക്കുന്നില്ല. അവൻ സർവ്വഗതനാണു. അവർ ബോധസ്വരൂപനും ഈ ശരീരേന്ദ്രിയങ്ങൾക്കു് പരനുമാണു. എന്നാൽ അജ്ഞാനത്താൽ അവൻ സ്ഥൂലസൂക്ഷ്മങ്ങളായ ശരീരങ്ങളെ സ്വീകരിക്കുകയും, അവയിലൂടെ സുഖദുഃഖങ്ങളെ അനുഭവിക്കുകയും ചെയ്യുന്നു. അതുകൊണ്ടു്, ശരീരത്തിൽനിന്നും ജീവനെ വേർപെടുന്നതിൽ ദുഃഖിക്കാനൊന്നുമില്ല. ജലാശയങ്ങളിലെ ജലം ഇളകുമ്പോൾ, തീരത്തു് നിൽക്കുന്ന വൃക്ഷങ്ങളുടെ നിഴലുകളും ജലത്തിൽ ഇളകുന്നതുപോലെ തോന്നും. ചുഴലുന്ന കണ്ണുകളാൽ നോക്കുമ്പോൾ ഭൂമിയും ചുഴലുന്നതുപോലെ അനുഭവപ്പെടുന്നു. എന്നതുപോലെ, അമ്മേ!, പ്രാപഞ്ചികവിഷങ്ങളാൽ ഭ്രമിച്ചുകൊണ്ടിരിക്കുന്ന മനസ്സാൽ നോക്കുമ്പോൾ, നിർവ്വികാരനായ ആത്മാവും സ്വയം ശരീരസംബന്ധിയായി അറിയപ്പെടുന്നു. അങ്ങനെ വിഷയങ്ങളാൽ ഭ്രമിക്കപ്പെട്ട ജീവൻ സ്ഥൂലസൂക്ഷ്മശരീരങ്ങളെ സ്വീകരിച്ചുകൊണ്ടു് അന്യദേഹസ്ഥരായ ജീവന്മാരിൽ ചിലരെ സ്വജനങ്ങളെന്നും മറ്റുചിലരെ പരജനങ്ങളെന്നും മനസ്സിലാക്കുന്നു. ഈ തെറ്റിദ്ധാരണയാൽ അവർ അവരുടെ വേർപാടിൽ ദുഃഖിക്കുന്നു. യഥാർത്ഥത്തിൽ ഇങ്ങനെയുള്ള മനസ്സിന്റെ ഭ്രമമാണു് സകല സുഖദുഃഖങ്ങൾക്കും കാരണം. ഈ ബന്ധങ്ങളെക്കൊണ്ടു് ജീവന്മാർക്കു് വീണ്ടും വീണ്ടും വ്യത്യസ്ഥ യോനികളിൽ ജന്മങ്ങൾ സ്വീകരിക്കേണ്ടിവരുന്നു. ഇതിനെ സംസാരമെന്നു വിളിക്കുന്നു. ഇതിൽ ചിലപ്പോൾ ചിലർ വിവേകം വീണ്ടെടുക്കുകയും, ചിലപ്പോൾ ചിലർക്കു് അതു് നഷ്ടമാകുകയും ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ടു് ചരിത്രം ഒരു കഥ പറയുന്നു. ഇതു് യമരാജാവിന്റേയും അന്തരിച്ച ഒരാളുടെ ബന്ധുക്കളുടേയുമിടയിലുള്ള ഒരു സംഭാഷണമാണു.

ഹിരണ്യകശിപു തുടർന്നു: ഉശീനരം എന്ന ഒരു ദേശത്തു് സുയജ്ഞൻ എന്ന ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹം യുദ്ധത്തിൽ ശത്രുക്കളാൽ കൊല്ലപ്പെട്ടപ്പോൾ, ആ മൃതശരീരത്തിനുചുറ്റുമിരുന്നുകൊണ്ടു് ബന്ധുമിത്രാദികൾ വിലപിക്കുവാൻ തുടങ്ങി. അദ്ദേഹത്തിന്റെ രത്നകവചം പൊട്ടിത്തകർന്നിരിക്കുന്നു. ആഭരണങ്ങളും പൂമാലയും മറ്റും അഴിഞ്ഞുലഞ്ഞുകിടക്കുന്നു. ചിന്നിചിതറിയ മുടിയിഴകൾ. ചേതനയറ്റ മുഖം. ആ മൃതശരീരം യുദ്ധക്കളത്തിൽ വീണുകിടക്കുകയാണു. ശരീരമാസകലം രക്തം പുരണ്ടിരിക്കുന്നു. നെഞ്ചിൽ ശത്രുവുന്റെ ശരം തറച്ചുനിൽക്കുന്നു. തന്റെ ധീരതയെ കാണിക്കുവാനായി മരിക്കുന്ന സമയം അവൻ ചുണ്ടു് അമർത്തിക്കടിച്ചിരിക്കുകയാണു. നിർജ്ജീവമായ മുഖത്തു് പൊടിപിടിച്ചിരിക്കുന്നു. കരങ്ങൾ ആയുധങ്ങളോടൊപ്പം ശത്രുക്കളാൽ ഛേദിക്കപ്പെട്ടുകിടക്കുന്നു. വന്റെ പത്നിമാർ ചുറ്റും കൂടിയിരുന്നു വിലപിക്കുവാൻ തുടങ്ങി. ഹേ നാഥാ!, അങ്ങു് ഞങ്ങളെ വിട്ടുപോയിരിക്കുന്നു. ഞങ്ങളും കൊല്ലാക്കൊല ചെയ്യപ്പെട്ടിരിക്കുന്നു. വീണ്ടും വീണ്ടും ഇങ്ങനെ പറഞ്ഞു് അവർ അദ്ദേഹത്തിന്റെ കാൽക്കലിരുന്നു നിലവിളിച്ചു. അവരുടെ കണ്ണിൽനിന്നുമുതിർന്ന അശ്രുകണങ്ങൾ മാറിലെ കുങ്കുമത്താൽ നനഞ്ഞു് ശോണാഭമായി അവന്റെ പാദങ്ങളിൽ വീണു. അഴിഞ്ഞുലഞ്ഞ ആഭരണങ്ങളോടും കേശത്തോടും, കണ്ടുനിൽക്കുന്നവർക്കൊക്കെ ദുഃഖത്തെ പ്രദാനം ചെയ്തുകൊണ്ടു്, അവർ ദീനദീനം നിലവിളികൂട്ടി. അയ്യോ!, വിധി അങ്ങയെ ഞങ്ങളിൽനിന്നും അകറ്റിയല്ലോ!. ഉശീനരത്തിലെ നിവാസികൾക്കു് ഇന്നുവരേയും ജീവനമായിരുന്ന അങ്ങയുടെ ഈ അവസ്ഥ അവർക്കെല്ലാം ഇന്നു് തീരാദുഃഖത്തെ നൽകിയിരിക്കുന്നു. അങ്ങു് ഞങ്ങളുടെ സുഹൃത്തായിരുന്നു. അങ്ങില്ലാതെ എങ്ങനെയാണു് ഞങ്ങൾ കഴിയുക?. ഹേ വീരാ!, ഏതിടത്തേയ്ക്കു് പോയാലും ഞങ്ങളെക്കൂടി കൊണ്ടുപോകൂ!.

അമ്മേ!, സുയജ്ഞന്റെ ശരീരം സംസ്കരിക്കേണ്ട സമയമായിട്ടും അവർ അതിനെ വിട്ടുകൊടുക്കാതെ അതു് തങ്ങളുടെ മടിയിൽ വച്ചു് കെട്ടിപ്പിടിച്ചു് നിലവിളിക്കുകയായിരുന്നു. ആസമയം, സൂര്യൻ അസ്തമഗിരിയിലേക്കു് തിരിച്ചെത്തി. അവരുടെ അത്യുച്ഛത്തിലുള്ള കരച്ചിൽ അങ്ങു് യമലോകത്തുവരെ കേൾക്കാമായിരുന്നു. ആ സമയം, ഒരു ബാലന്റെ ശരീരം സ്വീകരിച്ചുകൊണ്ടു് യമരാജൻ അവരുടെയടുത്തെത്തി. നെചത്തടിച്ചു് നിലവിളിക്കുന്ന സുയജ്ഞന്റെ ഭാര്യമാരെക്കണ്ടു് യമരാജാവു് സ്വയം ഇങ്ങനെ പറഞ്ഞു: അത്യാശ്ചര്യമായിരിക്കുന്നു!. മുതിർന്നവരായ ഇവർ എത്രയോ ജനനമരണങ്ങൾ കണ്ടിരിക്കുന്നു?. തങ്ങൾക്കും ഒരു കാലത്തു് ഇതുതന്നെ സംഭവിക്കുമെന്നറിഞ്ഞിട്ടും മരണത്തിൽ ഇവർ ഭ്രമിച്ചിരിക്കുന്നതെന്തേ?. ജീവാത്മാക്കൾ എങ്ങുനിന്നോ വരുന്നു. അവിടേയ്ക്കുതന്നെ പോകുകയും ചെയ്യുന്നു. പ്രകൃതിയുടെ ഈ നിയമം ഏവർക്കും ബാധകവുമാണു. എന്നിട്ടും അർത്ഥമില്ലാതെന്തിനാണിങ്ങനെ ഇവർ വിലപിക്കുന്നതു?. ഈ സ്ത്രീകൾക്കു് സത്യത്തിൽ ഞങ്ങൾ കുട്ടികൾക്കുള്ളത്രപോലും തിരിച്ചറിവില്ലാതായിരിക്കുന്നു. യഥാർത്ഥത്തിൽ ഞങ്ങൾ ഭാഗ്യവാന്മാരാണു. കുട്ടികളായ ഞങ്ങൾ ജീവിതത്തിൽ കഷ്ടപ്പെടുന്നവരായിട്ടും, മാതാപിതാക്കൾ നഷ്ടപ്പെട്ടു് അനാഥരായിട്ടും ദുർബലരായിട്ടും,  ഞങ്ങളെ ഇതുവരേയ്ക്കും വന്യമൃഗങ്ങളൊന്നും വന്നു് ഭക്ഷിച്ചില്ലല്ലോ!. അതുകൊണ്ടു്, മാതാവിന്റെ ഗർഭത്തിൽ വച്ചു് ഞങ്ങളെ രക്ഷിച്ചവൻതന്നെ എപ്പോഴും ഞങ്ങളെ സകല ആപത്തുകളിൽനിന്നും രക്ഷിച്ചുകൊള്ളും.

ഹിരണ്യകശിപു തുടർന്നു: അമ്മേ!, ഇങ്ങനെ ചിന്തിച്ചുകൊണ്ടു് ബാലവേഷത്തിൽ വന്ന യമരാജൻ ആ സ്ത്രീകളോടു് പറഞ്ഞു: ഹേ ദുർബലരായ സ്ത്രീജനങ്ങളേ!, ഈശ്വരനാലാണു് ഈ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതും, പരിപാലിക്കപ്പെടുന്നതും, സംഹരിക്കപ്പെടുന്നതും. അങ്ങനെയാണു് സ്മൃതികൾ പറയുന്നതു. സർവ്വചരാചരങ്ങളടങ്ങുന്ന ഈ ദൃശ്യപ്രപഞ്ചം അവന്റെ കളിപ്പാട്ടമാണു. അതിന്റെ സംരക്ഷിക്കുന്നതിനും തകർക്കുന്നതിനുമുള്ള അധികാരം കേവലം അവനുമാത്രമുള്ളതാണു. വഴിയിൽ നഷ്ടപ്പെട്ടതു് ചിലപ്പോൾ ഈശ്വരനാൽ സംരക്ഷിക്കപ്പെട്ടു് ആരുടേയും കണ്ണിൽപെടാതെ അവിടെത്തന്നെ കിടക്കുന്നു. എന്നാ, ചിലപ്പോൾ വീട്ടിൽ സൂക്ഷിച്ചുവച്ചിട്ടുള്ള ധനം പോലും ഈശ്വരാധീനമില്ലാതെ നഷ്ടപ്പെട്ടുപോകുന്നു. കൊടുംകാട്ടിലകപ്പെട്ടവൻ പോലും ഈശ്വരനാൽ പാലിക്കപ്പെട്ടു് സുരക്ഷിതനാകുന്നു. എന്നാൽ, വീട്ടിനുള്ളിൽ സർവ്വസുരക്ഷിതനായവൻ ആരാലും രക്ഷിക്കപ്പെടാതെ മരണപ്പെടുന്നു. ഓരോ ജീവന്മാർക്കും തങ്ങളുടെ കർമ്മഫലങ്ങളാൽ ഓരോതരം ശരീരമെടുക്കേണ്ടിവരുന്നു. കർമ്മാവസാനത്തിൽ ആ ശരീരവും അവസാനിക്കുന്നു. ഇങ്ങനെ പ്രത്യേകതരം സ്ഥൂലസൂക്ഷ്മശരീരങ്ങളിൽ കുടികൊള്ളുന്ന ഈ ജീവന്മാർക്കു് അവയുമായി ശാശ്വതമായ യാതൊരു ബന്ധവുമില്ല. കാരണം, അവൻ സർവ്വദാ ശരീരങ്ങളിൽനിന്നും ഭിന്നനാണു. ഈ ദേഹം ഒരു ഗൃഹം പോലെ, പഞ്ചഭൂതാത്മകമായി രൂപാന്തരപ്പെട്ടിട്ടുള്ള ജീവന്റെ ആലയമാണു. എന്നാൽ അജ്ഞാനത്താൽ ഇതിനെ അവതാനെന്നു് തെറ്റിദ്ധരിക്കുന്നു. ജീവനു് ഇതിന്റെ സംയോഗത്തിലോ വിയോഗത്തിലോ യാതൊരു കാര്യവുമില്ല. വിറകിൽനിന്നും അഗ്നി വേറിട്ടുനിൽക്കുന്നതുപോലെ, ശരീരത്തിനുള്ളിലെ വായു എപ്രകാരം ശരീരത്തിൽനിന്നും വേറിട്ടുനിൽക്കുന്നുവോ, സർവ്വവ്യാപ്തമായിരുന്നിട്ടും ആകാശം ഒന്നിനോടും ബന്ധപ്പെട്ടുനിൽക്കുന്നില്ലയോ, അപ്രകാരം, ജീവനും ഈ ശരീരവുമായി യാതൊരു ബന്ധവുമില്ല. നിങ്ങൾ മൂഢമതികളാണോ?. നിങ്ങളുടെ സുയജ്ഞൻ ഇതാ കിടക്കുന്നു. പിന്നെന്തിനാണു് നിങ്ങൾ കരയുന്നതു?. മുമ്പിവൻ നിങ്ങൾ പറയുന്നതു് കേട്ടിരുന്നു. നിങ്ങളോടിവൻ മറുപടിയും പറഞ്ഞിരുന്നു. അവനെ കാണാത്തതുകൊണ്ടാണോ നിങ്ങൾ ഇങ്ങനെ നിലവിളിക്കുന്നതു?. ഇതിനർത്ഥം, ഈ ശരീരത്തിനുള്ളിലിരുന്നുകൊണ്ടു് നിങ്ങൾ പറഞ്ഞതൊക്കെ കേൾക്കുകയും, അതിനു് മറുപടി പറയുകയും ചെയ്തിരുന്നവനെ നിങ്ങൾ ഒരിക്കലും കണ്ടിരുന്നില്ല എന്നതാണു. നിങ്ങൾ കണ്ടിരുന്നതു് ഈ ശരീരത്തെയായിരുന്നു. അങ്ങനെയെങ്കിൽ അതിപ്പോഴും ഇവിടെ കിടക്കുന്നുണ്ടു. പിന്നെന്തിനാണു് നിങ്ങൾ വിലപിക്കുന്നതു?. ഈ ശരീരത്തിലെ പ്രധാനതത്വമായ പ്രാണൻ പോലും നിങ്ങളെ കേൾക്കുന്നവനോ നിങ്ങളോടു് സംസാരിക്കുന്നവനോ അല്ല. അവയിൽ നിന്നെല്ലാം വേറിട്ടുനിൽക്കുന്ന ആത്മചൈതന്യമാണു് യഥാർത്ഥത്തിൽ കേൾക്കുന്നവനും പറയുന്നവനും.

അഞ്ചു് ഭൂതങ്ങളും, പത്തിന്ദ്രിയങ്ങളും, മനസ്സും ചേർന്നു് സ്ഥൂലവും സൂക്ഷ്മവുമായിരിക്കുന്ന ഈ ശരീരങ്ങൾ നിർമ്മിതമായിരിക്കുന്നു. ജീവന്മാർ ഒരിക്കൽ ഈ ശരീരങ്ങളെ സ്വീകരിക്കുകയും, പിന്നീടു് അവയെ സ്വകീയമായ വിവേകത്താൽ ത്യജിക്കുകയും ചെയ്യുന്നു. അതാണു് വാസ്തവം. എത്രകാലംവരെ ഈ ജീവൻ മനസ്സ്, ബുദ്ധി, അഹംകാരം മുതലായവയാൽ നിർമ്മിതമായ ഈ സൂക്ഷ്മശരീരത്തിനുള്ളിൽ അകപ്പെട്ടിരിക്കുന്നുവോ, അത്രകാലം വരേയ്ക്കും ഇവൻ കർമ്മബന്ധങ്ങൾക്കാധീനനാകുന്നു. ഈ മറ കാരണം, മായയുമായി ബന്ധപ്പെട്ടു് സംസാരത്തിലെ സുഖദുഃഖങ്ങൾ വീണ്ടും വീണ്ടും വന്നും പോയും അവൻ അനുഭവിക്കുന്നു. പരമാർത്ഥമായി തോന്നുന്ന ത്രിഗുണസംബന്ധിയായ വിഷയങ്ങളുടെ ചേഷ്ടകൾ സത്യത്തിൽ സങ്കല്പം മാത്രമാണു. തീർത്തുപറഞ്ഞാൽ, ഇന്ദ്രിയങ്ങളാലറിയപ്പെടുന്ന സർവ്വതും സ്വപ്നം പോലെ അയഥാർത്ഥമാണു. അതുകൊണ്ടു് ശരീരാത്മഭേദത്തെക്കുറിച്ചറിവുള്ളവർ അക്കാര്യത്തിൽ ഒരിക്കലും ദുഃഖിക്കാറില്ല. എന്നാൽ അജ്ഞാനികളായി അവയെക്കുറിച്ചു് ദുഃഖിക്കുന്നവരെ തിരുത്തുവാനും പ്രയാസമാണു. ഈ സത്യത്തെ ബോധിപ്പിക്കുന്ന ഒരു കഥയെ ഞാൻ നിങ്ങൾക്കായി പറയാം. ഒരു കാട്ടിൽ അങ്ങിങ്ങായി തീറ്റയിട്ടു് പ്രലോഭിപ്പിച്ചും വലവിരിച്ചും ഒരു വേടൻ പക്ഷികളെ വേട്ടയാടി പിടിക്കുക പതിവായിരുന്നു. ഒരിക്കൽ, അവിടെ ഒരു കുരുവിമിഥുനം മേയുന്നതായി അവൻ കണ്ടു. നിഷ്‌പ്രയാസം അവയിൽ പെൺകുരുവിയെ വേടൻ തന്റെ വലയിലാക്കി. വലയ്ക്കുള്ളിലകപ്പെട്ട അവളെ നോക്കി ആൺകുരുവിയ്ക്കു് അത്യധികം വിഷമം തോന്നി. എന്നാൽ അവളെ ആപത്തിൽനിന്നും രക്ഷിക്കാൻ കഴിയാതെ അവൻ ദീനനായി വിലാപം ചെയ്തു.

ആൺകുരുവി പറഞ്ഞു: അഹോ! കഷ്ടം!. ദൈവം എത്ര ക്രൂരനാണു?. എന്നെ ഓർത്തു് ദുഃഖിക്കുന്ന ദീനയായ ഇവളെ ആപത്തിലാക്കിയിട്ടു് അവനെന്തു് നേടാനാണു?. എന്റെ അർദ്ധാംഗിനിയായ ഇവളെ നീ കൊണ്ടുപോകുകയാണെങ്കിൽ പിന്നെ എന്നെ എന്തിനാണു് വെറുതേ വിടുന്നതു?. ഇവളില്ലാതെ ഞാനെന്തിനാണു് ജീവിക്കുന്നതു?. ഭാഗ്യദോഷികളായ എന്റെ കുഞ്ഞുങ്ങൾ അങ്ങു് കൂട്ടിൽ അവരുടെ അമ്മയേയും കാത്തിരിക്കുകയാണു. ഇവളില്ലാതെ എങ്ങനെയാണു് ഞാൻ അവരെ പോറ്റേണ്ടതു?.

ഇങ്ങനെ തന്റെ പ്രിയതമയെ ഓർത്തു് കണ്ണീരൊഴുക്കി കണ്ഠമിടറി വിലപിച്ചുകൊണ്ടിരുന്ന ആ ആൺകുരുവിയേയും ഒളിഞ്ഞിരുന്ന വേടൻ അല്പസമയത്തിനുള്ളിൽ അമ്പെയ്തുവീഴ്ത്തി. അതുപോലെ, നിങ്ങളുടെ മരണത്തേയും മുൻ‌കൂട്ടി കാണാൻ കഴിയാതെ ദുഃഖിച്ചുകൊണ്ടു് എത്രകാലം കാത്തിരുന്നാലും ഇവൻ ഇനി തിരിച്ചുവരാൻ പോകുന്നില്ല.

ഹിരണ്യകശിപു പറഞ്ഞു: അമ്മേ!, അങ്ങനെ, ബാലവേഷം കെട്ടിവന്ന യമരാജന്റെ വാക്കുകൾ കേട്ടു് അത്ഭുതം കൂറിക്കൊണ്ടു് ആ കുടുംബാംഗങ്ങൾ, പ്രാ‍പഞ്ചികമായി ഇക്കാണുന്നതൊന്നും സത്യമല്ലെന്നും, സർവ്വം മായയുടെ ഇന്ദ്രജാലമാണെന്നും മനസ്സിലാക്കി. ഇങ്ങനെ പറഞ്ഞുകൊണ്ടു് യമൻ അവിടെനിന്നും അപ്രത്യക്ഷനായി. പിന്നീടു്, സുയജ്ഞന്റെ ബന്ധുജനങ്ങൾ അവന്റെ ശേഷക്രിയകൾ ചെയ്തു. അതുകൊണ്ടു്, നിങ്ങളുടേതായാലും മറ്റുള്ളവരുടേതായാലും, ശരീരനാശത്തിൽ ഒരിക്കലും ദുഃഖിക്കരുതു. ഞാനെന്നും എന്റേതെന്നും, പരനെന്നും അവന്റേതെന്നുമുള്ള ഭാവങ്ങൾ അജ്ഞാനത്തിൽനിന്നുമുണ്ടാകുന്നവയാണു.

നാരദർ പറഞ്ഞു: രാജാവേ!, തന്റെ മരുമകളോടൊപ്പമിരുന്നു് മകനായ ഹിരണ്യകശിപുവിന്റെ വാക്കുകൾ കേട്ടു് പുത്രദുഃഖമകന്ന ദിതി ചിത്തത്തെ പരമാർത്ഥതത്വത്തിലുറപ്പിച്ചു.


ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം രണ്ടാമദ്ധ്യായം സമാപിച്ചു.

ഓം തത് സത്.
Previous    Next

The story of Hiranyakashipu

2019, ഓഗസ്റ്റ് 25, ഞായറാഴ്‌ച

7.1 ജയവിജയന്മാർക്കു് സനകാദികളിൽനിന്നും ശാപമുണ്ടാകുന്നു.


ഓം

ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം അദ്ധ്യായം‌ 1
(ജയവിജയന്മാർക്കു് സനകാദികളിൽനിന്നും ശാപമുണ്ടാകുന്നു.)


പരീക്ഷിത്തുരാജാവു് ചോദിച്ചു: ഹേ ബ്രഹ്മർഷേ!, ഭഗവാൻ നാരായണൻ ഭേദഭാവങ്ങളില്ലാത്തവനും സകലജീവഭൂതങ്ങളുടെ ഹിതകാരിയും സുഹൃത്തുമായിരിക്കെ, ഭേദബുദ്ധിയും പക്ഷപാതവുമുള്ളവനെപ്പോലെ, ഇന്ദ്രനു് പ്രിയം ചെയ്‌വാനായിട്ടു് അസുരന്മാരെ വധിച്ചതെന്തുകൊണ്ടായിരുന്നു?. യഥാർത്ഥത്തിൽ സർവ്വശക്തനായ ഭഗവാനു് ദേവന്മാരിൽനിന്നും നേടുവാനും, അസുരന്മാരിൽ നിന്നു് ഭയപ്പെടുവാനും എന്താണുള്ളതു?. ഹേ ഭക്തോത്തമാ! ഞങ്ങളുടെയുള്ളിൽ വളർന്ന ഈ സന്ദേഹം അങ്ങു് തീർത്തുതരുക.

ശ്രീശുകൻ പറഞ്ഞു: ഹേ രാജൻ!, അങ്ങയുടെ ചോദ്യം ഭാഗവതന്മാരുടെ മാഹാത്മ്യത്തെ സംബന്ധിച്ചതും, ഭഗവാനിൽ ഭക്തി വളർത്തുന്നതും, യുക്തവുമാണു. ഹരിയുടെ മഹിമകൾ വിസ്മയാവഹം തന്നെ. വിശുദ്ധമായ ആ ചരിതത്തെ നാരദാദികൾ സദാ പാടിപ്പുകഴ്ത്തിക്കൊണ്ടിരിക്കുന്നു. എന്തായാലും, വ്യാസഭഗവാനെ നമിച്ചുകൊണ്ടു് ആ അദ്ഭുതചരിതത്തെ ഞാൻ അങ്ങേയ്ക്കുവേണ്ടി വിസ്തരിക്കാം.

ഈശ്വരൻ പ്രകൃതിയ്ക്കു് പരനും നിർഗ്ഗുണനും ജന്മരഹിതനും നാമരൂപങ്ങൾക്കതീതനുമാണു. എങ്കിലും അവൻ തന്റെ മായാ‍ശക്തിയെ അവലംബിച്ചു് ദേഹസ്ഥനെന്നതുപോലെ വിവിധ അവതാരങ്ങൾ കൈകൊണ്ടിരിക്കുന്നു. ഹേ രാജൻ!, സത്വാദി ത്രിഗുണങ്ങൾ പ്രകൃതിയുടേതാണു. അല്ലാതെ പരമാത്മാവിന്റേതല്ല. മാത്രമല്ല, അവയുടെ വളർച്ചയും തളർച്ചയും ഒരു സമയത്തു് ഒരുപോലെ സംഭവിക്കുന്നുമില്ല. കാലഗതികൾക്കനുസരിച്ചു് സത്വഗുണം ഏറിവരുമ്പോൾ ദേവന്മാർക്കും ഋഷികൾക്കും, രജോഗുണത്തിനു് ആധിക്യം സംഭവിക്കുമ്പോൾ അതു് രാക്ഷസ്സർക്കും, അതുപോലെ തമോഗുണണം ഉയർന്നിരിക്കുമ്പോൾ, യക്ഷരക്ഷസ്സുകൾക്കും സഹായകമായിവരുന്നു. വിറകിൽ അഗ്നിയെന്നതുപോലെ, ഈശ്വരൻ സർവ്വഭൂതങ്ങളിലും കുടികൊള്ളുന്നു. സാധരണജനങ്ങൾക്കു് അവന്റെ സാന്നിധ്യത്തെ തിരിച്ചറിയാൻ സാധിക്കുന്നില്ല. എന്നാൽ, ജ്ഞാനികൾ തന്നുള്ളിൽ പരമാത്മരൂപത്തിൽ സ്ഥിതിചെയ്യുന്ന ഈശ്വരനെ സർവ്വദാ തിരിച്ചറിയുകതന്നെ ചെയ്യുന്നു. സൃഷ്ടിയിൽ അവൻ രജോഗുണത്തേയും, സ്ഥിതിപരിപാലനത്തിൽ അവൻ സത്വഗുണത്തേയും, സംഹാരകർമ്മത്തിൽ അവൻ തമോഗുണത്തേയും പ്രോത്സാഹിപ്പിക്കുന്നു. ഹേ രാജൻ!, ദേവന്മാരെക്കൊണ്ടു് സൃഷ്ടിയെ ചെയ്യിക്കുമ്പോൾ, ഈശ്വരൻ അവർക്കു് സഹായകമായ കാലശക്തിയെ ഉണ്ടാക്കുന്നു. ഈ കാലശക്തി സത്വഗുണത്തെ പോഷിപ്പിക്കുമ്പോൾ ഈശ്വൻ ദേവന്മാരെ പോഷിപ്പിക്കുന്നതുപോലെ തോന്നുന്നു. രാജാവേ! ദേവന്മാരിൽ പ്രീതനായിക്കൊണ്ടു് ഈശ്വരൻ അവരുടെ ശത്രുക്കളായ അസുരന്മാരെ നിഗ്രഹിക്കുന്നതുപോലെ തോന്നുന്നു. രാജൻ!, പണ്ടു് രാജസൂയയജ്ഞം നടത്തുന്നതിനിടയിൽ, ഇതേ വിഷയത്തെ സംബന്ധിച്ച ഒരു ചോദ്യം ധർമ്മപുത്രർ നാരദമഹർഷിയോടു് ചോദിക്കുകയും, ദേവർഷി ഒരു ഇതിഹാസകഥയിലൂടെ അതിനുത്തരം നൽകുകയും ചെയ്തു.

അന്നു്, ശിശുപാലനു് ഭഗവാൻ വാസുദേവനിൽ സായൂജ്യമുണ്ടായതിനെ കണ്ടു് അത്ഭുതപരതന്ത്രനായ ധർമ്മപുത്രർ നിറഞ്ഞ സദസ്സിൽ വച്ചു് മറ്റു് മുനിശ്രേഷ്ഠന്മാരെല്ല്ലാം കേൾക്കെ ദേവർഷി നാരദരോടു് ഇപ്രകാരം ചോദിച്ചു: അഹോ! അത്യത്ഭുതം തന്നെ!. ഏകാന്തികൾക്കുപോലും അലഭ്യമായ ശ്രീകൃഷ്ണപരമാത്മാവിന്റെ താമരപ്പാദങ്ങളിൽ വിദ്വേഷിയായ ശിശുപാലനു് സായൂജ്യമുണ്ടായിരിക്കുന്നു. എന്നാൽ, ഒരിക്കൽ ഭഗവദ്നിന്ദ ചെയ്തതിനെത്തുടർന്നു് വേനൻ എന്ന ഒരു രാജാവിനെ ഋഷിമാർ നരകത്തിലടച്ചതായും ഞങ്ങൾ കേട്ടിരിക്കുന്നു. അല്ലയോ മുനേ! തമ്മിൽ വിരുദ്ധങ്ങളായ ഇതിന്റെ പൊരുളറിയുവാൻ ഞങ്ങൾക്കെല്ലാം ആഗ്രമുണ്ടു. കുട്ടിക്കാലം മുതൽക്കേ ഈ ശിശുപാലനു് കൃഷ്ണനിൽ ദ്വേഷമുള്ളവനാണു. അതുപോലെതന്നെ ആ ദന്തവൿത്രനും. പരമാത്മാവായ ഭഗവാൻ ശ്രീകൃഷ്ണനെ നിരന്തരം നിന്ദിച്ചുകൊണ്ടിരുന്ന അവരുടെ വായിൽ കുഷ്ടം ബാധിക്കുകയോ, അവർ നരകത്തിലടയ്ക്കപ്പെടുകയോ ചെയ്തില്ല. പ്രാപിക്കുവാൻ അതിദുഷ്കരമായ     ആ പരമപദത്തിൽ സകലരും നോക്കിനിൽക്കെ അവർ എങ്ങനെയാണു് ലയിക്കുവാനിടയാകുന്നതു?. ഇതിനെക്കുറിച്ചു് ചിന്തിക്കാൻ തുടങ്ങുന്ന എന്റെ ബുദ്ധി കാറ്റിലെ ദീപനാളം പോലെ ഇളകിമറിയുകയാണു. അത്ഭുതകരമായ ഈ സംഭവത്തിന്റെ കാരണത്തെ അങ്ങു് പറഞ്ഞരുളിയാലും!.

ശ്രീശുകൻ പറഞ്ഞു: ഹേ രാജൻ!, ധർമ്മപുത്രരുടെ ആ വാക്കുകൾ കേട്ടു് അദ്ദേഹത്തെ അനുമോദിച്ചുകൊണ്ടു് സർവ്വജ്ഞനായ ശ്രീനാരദർ സദസ്സിൽ സർവ്വരും കേൾക്കെ പറഞ്ഞു: ഹേ രാജൻ!, നിന്ദ, സ്തുതി, സൽകാരം, തിരസ്ക്കാരം തുടങ്ങിയവയുടെ അനുഭവങ്ങൾ അവിവേകത്താലാണുണ്ടാകുന്നതു. അവയുടെ അനുഭവത്തിനായിക്കൊണ്ടുതന്നെ പ്രകൃതിപുരുഷന്മാർക്കു് മായയാലുണ്ടാകുന്ന അജ്ഞാനത്താൽ ഈ ശരീരം നിർമ്മിതമായിരിക്കുന്നു.  ഹേ യുധിഷ്ഠിരാ!, ആ ശരീരത്തിലുള്ള അഭിമാനം കാരണം ഞാനെന്നും എന്റേതെന്നുമുള്ള ഭേദഭാവവും, അതുകാ‍രണമുണ്ടാകുന്ന പീഡയും ജീവികൾക്കു് അനുഭവിക്കേണ്ടിവരുന്നു. മാത്രമല്ല, മമതയാൽ പൊതിയപ്പെട്ട ഇങ്ങനെയുള്ള ശരീരം നഷ്ടമാകുമ്പോൾ, ജീവികൾ സ്വയം നഷ്ടപ്പെട്ടതുപോലെ അനുഭവപ്പെടുകയും ചെയ്യുന്നു. എന്നാൽ, അത്തരത്തിലുള്ള ഒരു മമതാബോധം കേവലാത്മാവായ ഭഗവാനിൽ ഉണ്ടാകുന്നില്ല. സർവ്വതിനും ആത്മാവായി പ്രകൃതിക്കതീതനായി വർത്തിക്കുന്ന ഭഗവാനു് യാതൊരു ജീവികളിൽനിന്നും പീഡനം എങ്ങനെയുണ്ടാവാൻ?. അതുകൊണ്ടു്, വിദ്വേഷഭാവത്തിലായാലും, ഭക്തിയോഗം കൊണ്ടായാലും, ഭയമോ സ്നേഹമോ കൊണ്ടായാലും, അനുരാഗം വഴിയായാലും മനസ്സ് അവനിൽ ചേർത്തുവയ്ക്കുക. മാർഗ്ഗമേതായാലും കാര്യമില്ല. സത്യത്തിൽ വിദ്വേഷഭാവംകൊണ്ടുണ്ടാകുന്ന ഒരു തന്മയീഭാവം ഒരിക്കലും ഭക്തിയോഗത്താൽ സംഭവ്യമല്ലെന്നാണു എന്റെ അഭിപ്രായം. വേട്ടാളൻ എന്ന ഒരുതരം വണ്ടു് ചില പുഴുക്കളെ ഭിത്തികളിലെ സുഷിരങ്ങളിൽ അടച്ചുവയ്ക്കുന്നു. എന്നാൽ ഈ പുഴുക്കൾക്കു് ആ വണ്ടിനോടുള്ള അമർഷവും ഭയവും കാരണം നിരന്തരം ഈ പുഴുക്കൾ വണ്ടിനെത്തന്നെ സ്മരിച്ചുകൊണ്ടിരിക്കുകയും, തത്ഫലമായി അവ വണ്ടുകളോടു് തുല്യമായ രൂപത്തെ പ്രാപിക്കുകയും ചെയ്യുന്നു. അതുപോലെ ഭഗവാൻ ശ്രീകൃഷ്ണനിൽ വിദ്വേഷത്താലുണ്ടായ അനുസ്യൂത അനുസ്മരണത്താൽ സർവ്വപാപങ്ങളുമകന്നു് അവർ അവനെത്തന്നെ പ്രാപിച്ചു. അതുപോലെതന്നെ, ഭക്തികൊണ്ടും, കാമം കൊണ്ടും, ഭയം കൊണ്ടും, സ്നേഹം കൊണ്ടും, അവനിൽ മനസ്സൂന്നി തങ്ങളുടെ പാപത്തെ നശിപ്പിച്ചു് വളരെ പേർ അവനിൽ സായൂജ്യമടഞ്ഞിട്ടുണ്ടു. ഹേ രാജാവേ!, ഗോപസ്ത്രീകൾ കാമം കൊണ്ടും, കംസൻ ഭയം കൊണ്ടും, ശിശുപാലൻ മുതലായ രാജാക്കന്മാർ ദ്വേഷം കൊണ്ടും, വൃഷ്ണികൾ സംബന്ധം കൊണ്ടും, നിങ്ങൾ സ്നേഹം കൊണ്ടും, ഞങ്ങളാകട്ടെ, ഭക്തികൊണ്ടും ഭഗവദ്സായൂജ്യമേറ്റവരാണു. എന്നാൽ, വേനൻ ഒരിക്കലും ഭയം കൊണ്ടോ, ദ്വേഷം കൊണ്ടോ, സൌഹൃദം കൊണ്ടോ, സ്നേഹം കൊണ്ടോ, ഭക്തികൊണ്ടോ അവനിൽ മനസ്സിനെ സമർപ്പിച്ചവനല്ല. ഹേ പാണ്ഡുപുത്രാ!, നിങ്ങളുടെ ചിറ്റമ്മയുടെ മക്കളായ ഈ ശിശുപാലനും ദന്ത്രവൿത്രനും മഹാവിഷ്ണുവിന്റെ പാർഷദന്മാരിൽ പ്രമുഖന്മാരായിരുന്നു. ബ്രാഹ്മണശാപത്താൽ അവർ സ്ഥാനഭ്രഷ്ടരായവരാണു.

ഇത്രയും കേട്ടുകഴിഞ്ഞപ്പോൾ യുധിഷ്ഠിരൻ ചോദിച്ചു: ഹേ മുനേ! വിഷ്ണുപാർഷദന്മാരെ ആർക്കു് എങ്ങനെയാണു് ശപിക്കാൻ കഴിയുക?. ഏകാന്തികളായ അവർ ഭവസാഗരത്തിൽ വന്നുപെടുകയെന്നതു് തികച്ചും അവിശ്വസനീമത്രേ!. ഹേ ദേവർഷേ!, ദേഹേന്ദ്രിയാദികളില്ലാത്ത വൈകുണ്ഠവാസികൾക്കു് ദേഹസംബന്ധമായി ഉണ്ടായ ഈ ചരിത്രം വിസ്ത്രരിച്ചുപറയുവാൻ കരുണയുണ്ടാകണം.

നാരദർ പറഞ്ഞു: രാജാവേ! ഒരിക്കൽ, ബ്രഹ്മപുത്രന്മാരായ സനകാദികൾ ലോകപര്യടനത്തിനിടയിൽ യാദൃശ്ചികമായി വിഷ്ണുലോകത്തേയ്ക്കും ചെന്നെത്തി. അഞ്ചോ ആറോ വയസ്സുമാത്രം മതിക്കുന്നവരും ദിക്കുകളെ വസ്ത്രങ്ങളായി ഉപയോഗിച്ചിരിക്കുന്നവരുമായ അവരെ, കുട്ടികളെന്നു് കരുതി ദ്വാരപാലകന്മാരായ ഇവർ തടഞ്ഞുനിർത്തുകയുണ്ടായി. പെട്ടെന്നു് പ്രകോപിതരായ സനകാദികൾ അവരെ ശപിച്ചുകൊണ്ടു് ഇപ്രകാരം പറഞ്ഞു: ഹേ മൂഢാത്മാക്കളേ!, രജസ്തമോഗുണങ്ങൾക്കു് സ്പർശിക്കുവാൻ കഴിയാത്ത മധുവൈരിയുടെ പാദാന്തികത്തിലുള്ള നിവാസം നിങ്ങൾ അർഹിക്കുന്നില്ല. അതുകൊണ്ടു്, പോകുക!. വൈകാതെ, പാപികളായ അസുരന്മാരുടെയിടയിൽ പോയി ജനിക്കുക!. തുടർന്നു്, ഇപ്രകാരം ശപിക്കപ്പെട്ട ജയവിജന്മാരോടു് ആ ഋഷികൾ പറഞ്ഞു: മൂന്നു് ജന്മങ്ങൾകൊണ്ടു് നിങ്ങൾ സ്വസ്ഥാനം പ്രാപിക്കുന്നതാണു.

നാരദർ തുടർന്നു: ഹേ രാജാവേ!, വിഷ്ണുലോകത്തിൽനിന്നും പതിതരായ അവർ ദിതിയുടെ ഗർഭത്തിൽ ഹിരണ്യാക്ഷനും ഹിരണ്യകശിപുവുമായി ആസുരയോനിൽ ജന്മം കൊണ്ടു് ദൈത്യദാനവാദികൾക്കെല്ലാം പ്രിയങ്കരരായി. പിന്നീടു് ഭഗവാൻ നരസിംഹരൂപം പൂണ്ടു് ഹിരണ്യകശിപുവിനേയും, ഭൂമീദേവിയെ ഉദ്ധരിക്കുന്നതിനായി സൂകരവേഷത്തിൽ അവതരിച്ചപ്പോൾ തത്കർമ്മത്തിൽനിന്നും തടയാൻ ശ്രമിച്ച ഹിരണ്യാക്ഷനേയും വധിച്ചു. പ്രഹ്ലാദനെന്ന സ്വന്തം പുത്രൻ വിഷ്ണുഭക്തനായതിനാൽ അവനെ കൊല്ലുവാനായി പലവിധ ഉപായങ്ങൾ പരീക്ഷിച്ചുകൊണ്ടിരുന്ന ഹിരണ്യകശിപുവിനു് അവന്റെ പ്രസ്തുതകർമ്മങ്ങളായിരുന്നു മരണകാരണമായി ഭവിച്ചതു.

ഭഗവദ്തേജസ്സിനാൽ സ്പർശിക്കപ്പെട്ടവനും, പ്രശാന്തനും, സമദർശിയും സർവ്വഭൂതാത്മനുമായ പ്രഹ്ലാദനെ യാതൊരുവിധത്തിലും ഹിരണ്യകശിപുവിനു് വധിക്കുവാൻ സാധിച്ചില്ല.

അതിനുശേഷം ഈ ദ്വാരപാലകന്മാർ വിശ്രവസ്സിന്റേയും കേശിനിയുടേയും പുത്രരൂപത്തിൽ രാവണൻ, കുംഭകർണ്ണൻ എന്നീ രാക്ഷസ്സന്മാരായി പിറന്നു് എല്ലാ ലോകവാസികളേയും ശല്യം ചെയ്തു. അപ്പോഴും ഭഗവാൻ, ശ്രീരാമചന്ദ്രനായി അവതരിച്ചു് ഇവരെ പാപത്തിൽനിന്നും വിമുക്തരാക്കി. ശ്രിരാമദേവനെക്കുറിച്ചു് അങ്ങു് മാർക്കണ്ഡേയമുനിയിൽനിന്നും കേൾക്കുന്നതാണു. രാജാവേ, ഇപ്പോൾ അവർ വീണ്ടും മൂന്നാമതായി അങ്ങയുടെ ചിറ്റമ്മയുടെ പുത്രരായി ക്ഷത്രിയകുലത്തിൽ ജനിച്ചു് ഭഗവാൻ ശ്രീകൃഷ്ണന്റെ ചക്രായുധത്താൽ ഹനിക്കപ്പെട്ടു് എന്നെന്നേയ്ക്കുമായി ശാപവിമുക്തരായിരിക്കുന്നു. സുദൃഢമായ വിദ്വേഷഭാവത്താൽ ഹൃദയം ഭഗവാനിൽ രമിച്ച അവരാകട്ടെ, വീണ്ടും അവിടുത്തെ പാർഷദസ്ഥാനമലങ്കരിക്കുവാനായി വിഷ്ണുസന്നിധിയിലേക്കുതന്നെ ഗമിക്കപ്പെട്ടിരിക്കുന്നു.

യുധിഷ്ഠൻ പറഞ്ഞു: ഹേ ഋഷേ!, എന്തുകൊണ്ടായിരുന്നു, ഹിരണ്യകശിപുവിനും തന്റെ വത്സലനായ പുത്രനുമിടയിൽ ഈവിധം കടുത്ത വൈരാഗ്യമുണ്ടായതു?. എങ്ങനെയായിരുന്നു, പ്രഹ്ലാദനിൽ നാരായണനോടുള്ള ഭക്തി ഇത്രയും ദൃഢമായതു?. ആയതുകൂടി അങ്ങു് ഈയുള്ളവനു് പറഞ്ഞുതരിക.


ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം ഒന്നാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.
Previous    Next

Sanat balakas curses JayaVijaya

6.19 പുംസവനവ്രതാനുഷ്ഠാനവിധി.


ഓം

ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം അദ്ധ്യായം‌ 19
(പുംസവനവ്രതാനുഷ്ഠാനവിധി.)


പരീക്ഷിത്തു് മഹാരാജാവു് പറഞ്ഞു: ഹേ ബ്രഹ്മർഷേ!, ദിതിയ്ക്കു് കശ്യപനാൽ ഉപദേശിക്കപ്പെട്ട പുസംവനം എന്ന വ്രതത്തെക്കുറിച്ചു് അങ്ങു് പറയുകയും, ഞാൻ അതു് കേൾക്കുകയും ചെയ്തു. വിഷ്ണുപ്രീത്യർത്ഥമുള്ള ആ മഹാവ്രതത്തിന്റെ അനുഷ്ഠാനവിധികളെക്കുറിച്ചുകൂടിയറിയാൻ അടിയനാഗ്രഹിക്കുന്നു.

ശീശുകൻ പറഞ്ഞു: ഹേ രാജൻ!, ഈ വ്രതം സകല അഭീഷ്ടങ്ങളേയും നേടിത്തരുന്നതാണു. സ്ത്രീ ഭർത്താവിന്റെ അനുവാദത്തോടെ മാർഗശീർഷമാസത്തിലെ വെളുത്തപക്ഷത്തിൽ തുടക്കം മുതൽ ഈ വ്രതം, മരുത്തുകളുടെ കഥയെ വായിച്ചറിഞ്ഞതിനുശേഷം, ബ്രഹ്മണരുടെ നിർദ്ദേശപ്രകാരം അനുഷ്ഠിക്കണം. പ്രഭാതത്തിലുണർന്നു്, പല്ലുതേച്ചുകുളിച്ചതിനുശേഷം, വെണ്മയുള്ള വസ്ത്രങ്ങളണിഞ്ഞു്, പ്രാതലിനുമുമ്പായി ലക്ഷ്മീഭഗവതിയോടുകൂടി ശ്രീമന്നാരായണനെ പൂജിക്കണം. തുടർന്നു്, ഈ മന്ത്രത്തെ ഉരുവിടുക.

[നിഷ്കാമനും നിരപേക്ഷനും സർവ്വേശ്വരനുമാ‍യ നിന്തിരുവടിയ്ക്കു് നമസ്ക്കാരം!. സർവ്വൈശ്വര്യങ്ങളുടെ നായകനും, സകലസിദ്ധികളുമുള്ള അവിടുത്തേയ്ക്കു് നമസ്ക്കാരം!. ഈശ്വരാ!, കാരുണ്യവും ഐശ്വര്യവും ഓജസ്സും തേജസ്സും മഹിമയും തുടങ്ങിയ സകലഗുണങ്ങളുമടങ്ങിയ അങ്ങു് സകലചരാചരത്തിന്റേയും നാഥനാണു.

ശ്രീഹരിപ്രിയേ!, മഹാമായേ!, മഹാപുരുഷനായ ശ്രീഹരിയെപോലെ സകലൈശ്വര്യങ്ങളുമുള്ളവളായ ദേവീ!, സുഭഗേ!, ലോകമാതാവേ!, നിന്തിരുവടിയ്ക്കു് നമസ്ക്കാരം!. അങ്ങു് അടിയങ്ങളിൽ പ്രസാദിക്കേണമേ!. ഹേ മഹാ‍നുഭാവാ!, സർവ്വൈശ്വര്യങ്ങളുടേയും നാഥാ!, ഭഗവാനേ!, മഹാപുരുഷനായ അങ്ങയെ അവിടുത്തെ സർവ്വപരിവാരസമേതം പൂജിച്ചുകൊള്ളട്ടെ!.”]

ശ്രീശുകൻ തുടർന്നു: രാജൻ!, ഈ പറഞ്ഞ മന്ത്രത്താൽ എന്നും മഹാവിഷ്ണുവിനെ ആവാഹിക്കുകയും, തുടർന്നു്, അർഘ്യം, പാദ്യം, ആചമനം, സ്നാനം, വസ്ത്രം, യജ്ഞവിഹിതം, ആഭരണങ്ങൾ, ചന്ദനം, പുഷ്പം, ദീപം, ധൂപം, നിവേദ്യം മുതലായവകളാൽ ശ്രദ്ധാഭക്തിസമന്വിതം ആരാധിക്കുകയും വേണം. ശേഷം, ഓം നമോ ഭഗവതേ മഹാപുരുഷായ മഹാവിഭൂതിപതയേ സ്വാഹാ എന്ന മന്ത്രം ചൊല്ലി, നൈവേദ്യത്തിന്റെ ശിഷ്ടഭാഗത്തെ അഗ്നിയിൽ പന്ത്രണ്ടു് പ്രാവശ്യം ആഹൂതികളായി ഹോമിക്കണം. സർവ്വാഭീഷ്ടസിദ്ദിയ്ക്കുവേണ്ടി ഇങ്ങനെ ലക്ഷ്മീഭഗവതിയേയും ശ്രീമഹാവിഷ്ണുവിനേയും ദിവസവും പൂജിക്കണം. ഭക്തിയുടെ നിറവുള്ള ഹൃദയത്തോടുകൂടി നിലത്തുവീണു് ദണ്ഡനകസ്ക്കാരമർപ്പിക്കുക. തുടർന്നു്, മേൽ‌പറഞ്ഞ മൂലമന്ത്രത്തെ പത്തുപ്രാവശ്യം ജപിച്ചതിനുശേഷം, ഇനി ഞാൻ ജപിക്കാൻ പോകുന്ന ഈ മന്ത്രത്തേയും ചൊല്ലുക.

[ഹേ ശ്രീമഹാലക്ഷ്മീ!, ഹേ നാരായണാ!, സകലചരാചരങ്ങളുടേയും പരമകാരണമെന്നതു്, സർവ്വവ്യാപ്തമായ നിങ്ങളിരുവരും മാത്രമാണു. അമ്മേ!, അതിസൂക്ഷ്മവും ദുരത്യയവുമായ ഈ പ്രകൃതിയായി പ്രതിഭാസിക്കുന്നതും അവിടുന്നുതന്നെ. ഹേ നാരായണാ!, ആ മായാശക്തിയുടെ നിയന്താവു് പരമാത്മാവായ അങ്ങുമാത്രമാണു. യജ്ഞങ്ങളെല്ലാം അങ്ങും, അവയുടെ സമാപ്തി ഈ ദേവിയുമാകുന്നു. ഈ ഭഗവതി കർമ്മങ്ങളാകുമ്പോൾ, അവിടുന്നു് അവയുടെയെല്ലാം ഫലത്തെ ഭുജിക്കുന്നവനുമാകുന്നു. ഈ മഹാമായ ത്രിഗുണങ്ങളുടെ മൂർത്തീഭാവമാകുമ്പോൾ, അങ്ങാകട്ടെ, കാലശക്തിയായിക്കൊണ്ടു് അവയെ പ്രകാശിപ്പിക്കുകയും ആ ഗുണകാര്യങ്ങളെ അനുഭവിക്കുകയും ചെയ്യുന്നു. ദേവി ദേഹേന്ദ്രിയങ്ങളുടെ സ്വരൂപമായി വർത്തിക്കുമ്പോൾ, അങ്ങു് നിത്യവും അതിനെ ചൈതന്യവത്താക്കിവയ്ക്കുകയും ചെയ്യുന്നു. പ്രപഞ്ചത്തിൽ വിവിധ നാമരൂപങ്ങളായി ഈ ദേവി വർത്തിക്കുമ്പോൾ അങ്ങു് സദാ അവയ്ക്കാധാരശക്തിയായിരുന്നുകൊണ്ടു് അവയെ പ്രകാശിപ്പിക്കുന്നു. നിങ്ങളിരുവരും ചേർന്നു് മൂലോകത്തിനും സർവ്വാഭീഷ്ടങ്ങളും സാധിതമാക്കുന്നതുപോലെ, ഹേ ഉത്തമശ്ലോകാ!, ഹേ ലക്ഷ്മീഭഗവതീ!, ഞങ്ങളുടെ ആഗ്രഹങ്ങളും സാധിക്കുമാറാകേണമേ!.]

ഹേ രാജൻ!, ഇപ്രകാരം ലക്ഷ്മീനാരായണന്മാരെ സ്തുതിച്ചതിനുശേഷം, നൈവേദ്യം തുറന്നുവച്ചു് ജലവും പുഷ്പവും കൊണ്ടു് അതിനെ അവർക്കായി നിവേദിക്കണം. ഭക്തിസാന്ദ്രമായ മനസ്സോടെ അവരെ സ്തുതിച്ചതിനുശേഷം, പ്രസാദത്തെ കൈക്കൊള്ളുക. തുടർന്നും ഹരിയെ അർച്ചിക്കുക. ഈശ്വരനാണെന്ന ചിന്തയോടുകൂടി ഭക്തിയാൽ ഭർത്താവിനേയും ഭാര്യ പൂജിക്കേണ്ടതുണ്ടു. ഭർത്താവും സ്നേഹത്തോടെ ഭാര്യയുടെ സകല അഭീഷ്ടങ്ങളേയും സാധിപ്പിക്കണം. ഭാര്യാഭർത്താക്കന്മാരിൽ ഒരാൾക്കുമാത്രമേ ഇതനുഷ്ഠിക്കാൻ കഴിഞ്ഞുള്ളുവെങ്കിലും ഫലം രണ്ടാൾക്കും സിദ്ധിക്കുന്നു. ഭാര്യ അനുഷ്ഠാനത്തിനു് അർഹയല്ലാത്ത സമയങ്ങളിൽ ഭർത്താവു് ശ്രദ്ധയോടുകൂടി ഇതിനെ അനുഷ്ഠിക്കുക. ഈ വൈഷ്ണവ്രതത്തെ തുടങ്ങിക്കഴിഞ്ഞാൽ ഒരു കാരണവശാലും മുടക്കം വരുത്തരുതു. ബ്രാഹ്മണരേയും സുമംഗലികളായ സ്ത്രീകളേയും പൂമാല, ചന്ദനം നൈവേദ്യം അലങ്കാരം മുതലായവകളാൽ സേവിക്കണം. ഇങ്ങനെ നിഷ്ഠയോടെ ഈ വ്രതം ആരാധിക്കുന്നവർക്കു് സർവ്വാഭീഷ്ടസിദ്ധി കൈവരുന്നു. ഭഗവാനെ പ്രസാദിപ്പിച്ചുവരുത്തി അവനായി നിവേദിക്കപ്പെട്ട ആ നൈവേദ്യത്തിന്റെ പ്രസാദത്തെ മനഃശുദ്ധിക്കും സർവ്വാഭീഷ്ടസിദ്ധിക്കും വേണ്ടി ആഹരിക്കുക. പതിവ്രതയായ സ്ത്രീ ഈവിധം പൂജാവിധികളാൽ പുംസവനമെന്ന ഈ മഹാവ്രതത്തെ പന്ത്രണ്ടുമാസങ്ങളടങ്ങിയതും അധിമാസം വരാത്തതുമായ ഒരുവർഷക്കാലം അനുഷ്ഠിക്കണം. പിന്നീടു് കാർത്തികമാസത്തിലെ അവസാനനാളിൽ വ്രതം അവസാനിപ്പിക്കാവുന്നതാണു.

പിറ്റേന്നും പ്രാഭാതത്തിൽ കുളിച്ചു് ശുദ്ധരായി, വിഷ്ണുപൂജയെ കഴിച്ചു്, പാലിൽ പാകം ചെയ്ത ഹവിസ്സിനെ നെയ്യോടൊപ്പം ഭർത്താവുതന്നെ യഥാവിധി പന്ത്രണ്ടു് ആഹൂതികളാൽ അഗ്നിയിൽ ഹോമിക്കണം. സന്തുഷ്ടരായ ബ്രാഹ്മണരുടെ അനുഗ്രഹവചസ്സുകൾക്കു് പാത്രമായി അവരെ ശിരസ്സാ പ്രണമിച്ചു് അവരുടെ അനുവാദത്തോടുകൂടി ഭക്ഷണം ആഹരിക്കുക. ഒരാചാര്യന്റെ തിരുമുമ്പിലിരുന്നുകൊണ്ടു്, ബന്ധുമിത്രാദികളുടെ സാന്നിധ്യത്തിൽ, ഹവിസ്സിന്റെ ശേഷഭാഗം സത്പുത്രലാഭത്തിനും സൌഭാഗ്യവതിയായിരിക്കുന്നതിനും വേണ്ടി ഭർത്താവു് ഭാര്യയ്ക്കു് നൽകുക. വിഷ്ണുപ്രീത്യർത്ഥമുള്ള ഈ വ്രതത്തെ പുരുഷൻ വിധിപോലെ അനുഷ്ഠിക്കുന്നപക്ഷം അഭീഷ്ടം സാധിതമാകുന്നു. അതുപോലെ, ഇതിനെ വിധിയാംവണ്ണം അനുഷ്ഠിക്കുന്ന സ്ത്രീകൾക്കു് സകലസൌഭാഗ്യങ്ങളും സർവ്വൈശ്വര്യങ്ങളും സത്സന്തതികളും ദീഘായുസ്സുള്ള ഭർത്താവും യശസ്സും നല്ല ഭവനവും ലഭിക്കുന്നു. കന്യകയായവൾക്കു് ലക്ഷണയുക്തനായ ഭർത്താവിനേയും, വിധവയ്ക്കു് പാപവിമുക്തിയും, സന്താനനാശം ഭവിച്ചവൾക്കു് ദീർഘായുസ്സുള്ള സന്തതികളും, ധനമുണ്ടായിരുന്നിട്ടും ദുർഭാഗ്യവതിയായവൾക്കു് സകലസൌഭാഗ്യങ്ങളും, വൈരൂപ്യമുള്ളവൾക്കു് സൌന്ദര്യവും, രോഗഗ്രസ്തനു് രോഗവിമുക്തിയും ദൃഢശരീരവും, ശ്രാദ്ധകർമ്മങ്ങളിൽ ദേവന്മാരേയും പിതൃക്കളേയും ആരാധിക്കുന്നവർക്കു് അവരുടെ അനുഗ്രഹവും, പുംസവനമെന്ന ഈ മഹാവ്രതത്തിന്റെ അനുഷ്ഠാനത്താൽ സിദ്ധിക്കുന്നു. ഈ ഹോമം വിധിയാംവണ്ണം സമാപിക്കുന്നതോടെ അഗ്നിദേവനും ലക്ഷ്മീഭഗവതിയും ശ്രീമഹാവിഷ്ണുവും പ്രസാദിക്കപ്പെട്ടു്, അവർ യാജകരുടെ സർവ്വാഭീഷ്ടങ്ങളേയും പ്രദാനം ചെയ്യുന്നു. അല്ലയോ പരീക്ഷിത്തുരാജൻ!, ഇങ്ങനെ, ദിതിയാൽ പുംസവനം എന്ന മഹാവ്രതത്തിന്റെ അനുഷ്ഠാനത്തിലൂടെ അവൾക്കു് സത്പുത്രന്മാരായ മരുത്തുകളെ മക്കളായി ലഭിച്ചതും, അതിന്റെ അനുഷ്ഠാനവിധിക്രമങ്ങളും ഞാൻ അങ്ങയോടു്‌ ആവുംവിധം പറഞ്ഞുകഴിഞ്ഞു.


ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം ത്തൊമ്പതാമദ്ധ്യായം സമാപിച്ചു.

ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം സമാപിച്ചു.

ഓം തത് സത്.
Previous    Next

Performing the Puṁsavana Ritualistic Ceremony,