ഓം
ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം അദ്ധ്യായം 3
(ഹിരണ്യകശിപുവിന്റെ തപസ്സു്.)
ശ്രീനാരദർ പറഞ്ഞു: “അല്ലയോ യുധിഷ്ഠിരരാജാവേ!, തന്റെ ദൌത്യം പൂർത്തിയാക്കുന്നതിനുവേണ്ടി
ഹിരണ്യകശിപു സ്വയം ആരാലും ജയിക്കപ്പെടാത്തവനാകുവാനും, ജരാമണങ്ങളില്ലാത്തവനാകുവാനും,
തനിക്കെതിരാളിയായി മറ്റൊരുത്തരില്ലാതാകുവാനും, എവിടെയും തന്റെ ഏകാധിപത്യം വരുന്നതിനുമായി ആഗ്രഹിച്ചു. തുടർന്നു്, മന്ദരഗിരിയുടെ താഴ്വരയിലെത്തി, അവിടെ, പാദങ്ങളുടെ പെരുവിരൽമാത്രം നിലത്തുറപ്പിച്ചും,
കൈകളുയർത്തിപ്പിടിച്ചും, ആകാശത്തേക്കുനോക്കിയും
അതിഘോരമായ തപസ്സനുഷ്ഠിക്കുവാൻ തുടങ്ങി. അവന്റെ ജടയിൽനിന്നുതിർന്ന
തേജസ്സ്, കല്പാന്തത്തിലെ സൂര്യനെപ്പോലെ, ജ്വലിച്ചു. ആ വിവരമറിഞ്ഞ ദേവന്മാർ സ്വസ്ഥാനങ്ങളിലേക്കു്
തിരിച്ചുചെന്നു. അവന്റെ മൂർദ്ധാവിൽനിന്നുമുണ്ടായ അഗ്നി എമ്പാടും
പ്രസരിച്ചുകൊണ്ടു് സകലലോകങ്ങളേയും തപിപ്പിച്ചു. നദികളും സമുദ്രങ്ങളും
ക്ഷോഭിക്കുവാൻ തുടങ്ങി. ഭൂമി വിറച്ചു. നക്ഷത്രങ്ങൾ
ആകാശത്തുനിന്നും കൊഴിഞ്ഞുവീഴാൻ തുടങ്ങി. ദിക്കുകൾ ജ്വലിച്ചു.
തപ്തരായ ദേവതകൾ സത്യലോകത്തിലെത്തി ബ്രഹ്മാവിനെ കണ്ടു് തങ്ങളുടെ സങ്കടമുണർത്തിച്ചു: “ഹേ ദേവദേവാ!, ഹിരണ്യകശിപുവിന്റെ അതിഘോരമായ തപസ്സിനാൽ ഞങ്ങൾക്കു് ദേവലോകത്തിൽ
കഴിയാൻ സാധിക്കുന്നില്ല. അവിടുത്തെ സൃഷ്ടി പൂർണ്ണമായും നശിച്ചൊടുങ്ങുന്നതിനുമുമ്പു്
ഉചിതമായതു് ചെയ്തരുളിയാലും!. ദുഷ്ടനായ ഹിരണ്യകശിപുവിന്റെ തപസ്സിന്റെ
ഉദ്ദേശമെന്തെന്നു്, സർവ്വജ്ഞനായ അങ്ങറിയുന്നുവെങ്കിലും,
ഞങ്ങൾക്കറിയാവുന്നതുപോലെ അങ്ങയെ ധരിപ്പിക്കാം.”
ദേവന്മാർ പറഞ്ഞു: [“തപോനിഷ്ഠകൊണ്ടും യോഗനിഷ്ഠകൊണ്ടും ബ്രഹ്മാവു് സ്ഥാവരജംഗമങ്ങളാദിയായ ഈ ലോകത്തെ സൃഷ്ടിച്ചുകൊണ്ടു്
തന്റെ ആസ്ഥാനമായ സത്യലോകത്തിൽ വസിക്കുന്നു. വർദ്ധിച്ചുവരുന്ന
എന്റെ തപോനിഷ്ഠകൊണ്ടും യോഗനിഷ്ഠകൊണ്ടും ആ പദം എനിക്കലങ്കരിക്കണം. എന്റെ തപോബലത്താൽ ഞാൻ പ്രപഞ്ചത്തിൽ ഇന്നുള്ള സകല വ്യവസ്ഥികളും മാറ്റിമറിക്കും.
പ്രളയകാലത്തിൽ ധ്രുവലോകം പോലും ഇല്ലാതാകുന്നു. അങ്ങനെയെങ്കിൽ അവയ്ക്കൊക്കെ എന്താണു പ്രസക്തി?.”] ഹേ നാഥാ!, ഇതൊക്കെയാണു് അവന്റെ പിടിവാശികൾ. എത്രയും പെട്ടെന്നു്
വേണ്ടതു് ചെയ്തരുളുവാൻ കനിവുണ്ടാകണം. ഹേ ലോകേശാ!, അങ്ങയുടെ പരമോന്നതമായ ഈ സ്ഥാനം ഭൂമിയിൽ ബ്രാഹ്മണരുടേയും പശുക്കളുടേയും ക്ഷേമത്തിനായി
ഉതകുന്നതാണു.”
നാരദർ തുടർന്നു: “രാജാവേ!, ദേവന്മാരുടെ ഇങ്ങനെയുള്ള വേവലാതികൾ കേട്ട
ബ്രഹ്മദേവനാകട്ടെ, ഭൃഗു, ദക്ഷൻ തുടങ്ങിയ
പ്രജാപതിമാരോടൊപ്പം ഹിരണ്യാക്ഷൻ തപസ്സനുഷ്ഠിക്കുന്നിടത്തേക്കു് യാത്രയായി. ആ സമയം, ഹിരണ്യാക്ഷന്റെ ശരീരം വാത്മീകം, പുല്ലു് മുതലായവയാൽ മറയ്ക്കപ്പെട്ടിരുന്നു. അവന്റെ ശരീരത്തിന്റെ
വിവിധഭാഗങ്ങൾ ഉറുമ്പരിച്ചുകഴിഞ്ഞിരുന്നു. കാറ്റിനാൽ മറയപ്പെട്ട
സൂര്യനെപ്പോലെ, ലോകങ്ങളെല്ലാം ചുട്ടുകരിച്ചുകൊണ്ടിരിക്കുന്ന ഹിരണ്യാക്ഷനെ
ഒറ്റനോട്ടത്തിൽ ബ്രഹ്മദേവനു് കാണാൻ കഴിഞ്ഞില്ല. പിന്നീടു് സൂക്ഷിച്ചുനോക്കിയപ്പോൾ
കണ്ട ആ രൂപം വിരിഞ്ചനെ അത്ഭുതപ്പെടുത്തി. തുടർന്നു്, പുഞ്ചിരിയോടുകൂടി വിധാതാവു് ഇങ്ങനെ പറഞ്ഞു: “ഹേ കശ്യപപുത്രാ!, എഴുന്നേൽക്കുക!. നാം നിന്റെ തപസ്സിൽ സമ്പ്രീതനായിരിക്കുന്നു.
വേണ്ടുന്ന വരത്തെ വരിച്ചുകൊണ്ടാലും!. ആശ്ചര്യകരമായ
നിന്റെ ഈ ധൈര്യത്തെ നാം അനുമോദിക്കുന്നു. കാട്ടീച്ചകൾ തിന്നുതീർക്കപ്പെട്ട
നിന്റെ ഉടലിലെ അസ്ഥികളിൽ മാത്രമായി തൂങ്ങിക്കിടക്കുന്ന ജീവനെ എനിക്കു് കാണാൻ കഴിയുന്നുണ്ടു.
ജലപാനം പോലുമില്ലാതെ ജീവനെ നിലനിർത്തിക്കൊണ്ടു് ഇങ്ങനെയൊരു തപം മുൻപൊരിക്കലും
ആരുംതന്നെ അനുഷ്ഠിച്ചിട്ടില്ല. ഇനിയൊട്ടനുഷ്ഠിക്കുവാനും തരമില്ല.
ഹേ ദിതിപുത്രാ!, ധീരന്മാരിൽ പോലും കാണാൻ കഴിയാത്ത
നിന്റെ ഈ നിശ്ചയദാർഢ്യത്താൽ നീ നമ്മെ ജയിച്ചിരിക്കുന്നു. അസുരശ്രേഷ്ഠാ!,
ആയതിനാൽ നിന്റെ സർവ്വാഭീഷ്ടങ്ങളും നാം നിറവേറ്റുന്നതാണു. മരണമുള്ള നിനക്കു് ലഭിച്ചിരിക്കുന്ന അനശ്വരമായ എന്റെ ഈ ദർശനം ഒരിക്കലും വിഫലമാകുകയില്ല.”
ശ്രീനാരദർ പറഞ്ഞു: “രാജാവേ!, ഇങ്ങനെ പറഞ്ഞുകൊണ്ടു് ബ്രഹ്മദേവൻ തന്റെ
ദിവ്യമായ കമണ്ഡലുവിലെ തീർത്ഥജലത്താൽ ഹിരണ്യാക്ഷനെ പ്രോക്ഷണം ചെയ്തു. പെട്ടെന്നു്, വാത്മീകത്തിൽനിന്നും സകല ശക്തികളോടും കൂടി,
സർവ്വാവയവസമ്പന്നനായി, യൌവ്വനയുക്തനായി,
ഉരുക്കിയ സ്വർണ്ണത്തിന്റെ നിറത്തോടുകൂടി, അഗ്നി
അരണിയിൽനിന്നു് എന്നതുപോലെ, അവിടെനിന്നും എഴുന്നേറ്റു.
ആകാശത്തിൽ അരയന്നത്തിനുമുകളിൽ ഇരുന്നരുളുന്ന ബ്രഹ്മദേവനെ കണ്ടതിലുണ്ടായ
പരമാനന്ദത്താൽ ഭൂമിയിൽ വീണു് നമസ്ക്കരിച്ചു. പിന്നീടു്,
എഴുന്നേറ്റു് കണ്ണുതുറന്നു് ഭഗവാനെ കണ്ടതിലുള്ള ആനന്ദത്താലുളവായ കണ്ണീരും
രോമാഞ്ചവുമണിഞ്ഞു്, ഇടറിയ ശബ്ദത്തിൽ ഇങ്ങനെ സ്തുതിച്ചു”
ഹിരണ്യകശിപു പറഞ്ഞു: “പ്രളയസമയം, തമോഗുണത്തിന്റെ കൂരിരുളിൽ മുങ്ങിക്കിടന്നിരുന്ന
ഈ പ്രപഞ്ചത്തെ സ്വതേജസ്സാൽ വ്യക്തീഭവിപ്പിക്കുകയും, പിന്നീടതിനെ
ത്രിഗുണങ്ങളാൽ സൃഷ്ടിക്കുകയും രക്ഷിക്കുകയും സംഹരിക്കുകയും ചെയ്യുന്നവനും, ത്രിഗുണങ്ങൾക്കെല്ലാം ആശ്രയവുമായിരിക്കുന്നവനുമായ നിന്തിരുവടിയ്ക്കായിക്കൊണ്ടു്
നമസ്ക്കാരം!. ആദികാരണനായും, ജ്ഞാവിജ്ഞാനമൂർത്തിയായും,
പ്രണേന്ദ്രിയമനോബുദ്ധികളുടെ വികാരത്താൽ വ്യക്തിത്വം പ്രാപിച്ചിരിക്കുന്നവനുമായ
അവിടുത്തേയ്ക്കു് നമസ്ക്കാരം!. സകല ഭൂതങ്ങളുടേയും ജീവനായ അങ്ങു്
സർവ്വചരാചരങ്ങളുടേയും നിയന്താവാണു. അങ്ങു് മനസ്സിനേയും ഇന്ദ്രിയങ്ങളേയും
നാഥനാകുന്നു. അതുപോലെ അങ്ങു് പഞ്ചഭൂതങ്ങൾ, വിഷയങ്ങൾ, അവയുടെ സംസ്കാരങ്ങൾ എന്നിവയുടേയും നാഥനാകുന്നു.
ഭഗവാനേ!, അങ്ങയുടെ തിരുരൂപമായ വേദങ്ങളാലും,
യജ്ഞകർമ്മങ്ങൾക്കാസ്പദമയ അറിവിലൂടെയും അഗ്നിസ്തോമം മുതലായ ഏഴു് യാഗങ്ങളെ
അങ്ങു് പ്രചരിപ്പിക്കുന്നു. സകല യജ്ഞങ്ങളും അങ്ങയാൽ പ്രേരിതമായാണു്
അനുഷ്ഠിക്കപ്പെടുന്നതു. സകലഭൂതങ്ങളുടേയും ആത്മാവായ അങ്ങു് ആദ്യന്തരഹിതനും
കാലദേശങ്ങൾക്കതീതനുമാണു. കണ്ണിമവെട്ടാതെ, കാലസ്വരൂപനായി വർത്തിച്ചുകൊണ്ടു് അങ്ങു് പ്രാണികളുടെ ആയുസ്സിനെ അനുനിമിഷം ക്ഷയിപ്പിച്ചുകൊണ്ടിരിക്കുന്നു.
അതേ സമയംതന്നെ, അങ്ങു് വികാരരഹിതനും അജനും ജീവലോകത്തിനു്
ജീവനഹേതുവും നിയന്താവുമായി വിളങ്ങുന്നു. സ്ഥാവരജംഗമാദികളായ യാതൊരു
കര്യങ്ങളും അവയുടെ കാരണങ്ങളും അങ്ങുതന്നെയാകുന്നു. സകലവേദങ്ങളും
വേദാംഗങ്ങളും നിന്തിരുവടിതന്നെ. കാരണം, അങ്ങു് ത്രിഗുണാത്മകനും ഹിരന്മയമായ ബ്രഹ്മാണ്ഡത്തെ ഉള്ളിലൊതുക്കിയവനുമാകുന്നു.
വിഭോ!, വ്യക്തമായിരിക്കുന്ന ഈ ദൃശ്യപ്രപഞ്ചം അങ്ങയുടെ
സ്ഥൂലശരീരമാകുന്നു. ഈ ശരീരത്താൽ അങ്ങു് ഇന്ദ്രിയങ്ങളുടേയും മനസ്സിന്റേയും
വിഷയങ്ങളെ അനുഭവിക്കുന്നു. അതേസമയം, അങ്ങു്
ഇവയിൽനിന്നെല്ലാമകന്നുനിൽക്കുന്ന പരമോന്നതനായിരിക്കുന്ന പുരാണപുരുഷനും പരമാത്മതത്വവുമാകുന്നു.
അവ്യക്തരൂപത്തിൽ ഈ പ്രപഞ്ചമാകെ നിറഞ്ഞുനിൽക്കുന്നവനും, വിദ്യാവിദ്യകൾ രണ്ടിനോടും മേളിച്ചിരിക്കുന്നവനുമായ അങ്ങേയ്ക്കു് നമസ്ക്കാരം!.
വരദാതാക്കളിൽ ശ്രേഷ്ഠനായ പ്രഭോ!, അങ്ങു് എനിക്കു്
വരം നൽകാൻ പോകുന്നുവെങ്കിൽ, ഞാൻ ചോദിക്കുന്നു; അങ്ങയുടെ സൃഷ്ടികളായ യാതൊരു ഭൂതങ്ങളിൽനിന്നും എനിക്കു് മരണം സംഭവിക്കരുതു. അകത്തുവച്ചും പുറത്തുവച്ചും എനിക്കു്
മരണമുണ്ടാകരുതു. രാത്രിയിലും പകലിലും എന്നെ കൊല്ലാൻ പാടില്ല. ആരാലും യാതൊരായുധങ്ങളാലും എനിക്കു് മരണമുണ്ടാകാൻ
പാടില്ല. എന്റെ മരണം ഭൂമിയിൽ വച്ചോ ആകാശത്തുവച്ചോ ആകാൻ പാടില്ല.
അതു് മനുഷ്യാരാലും മൃഗങ്ങളാലും സംഭവിക്കുവാൻ പാടില്ല. സചേതനങ്ങളാലോ, അചേതനങ്ങളാലോ, അസുരന്മാരാലോ,
ദേവന്മാരാലോ, നാഗങ്ങളാലോ എനിക്കു് മൃത്യുവുണ്ടാകരുതു.
എനിക്കെതിരാളിയില്ലാതാകുകയും, എവിടെയും എന്റെ ഏകാധിപത്യം
വരികയും വേണം. അങ്ങയെപ്പോലെ, ഒരിക്കലും
നശിക്കപ്പെടാത്ത തപോവൈഭവവും യോഗവൈഭവവും മഹിമകളും എനിക്കുണ്ടാകണം.”
ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം മൂന്നാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.
Hiranyakashipu doing tapa.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ