2019, ഓഗസ്റ്റ് 10, ശനിയാഴ്‌ച

6.4 ദക്ഷപ്രജാപതി ഹംസഗുഹ്യസ്തോത്രത്താൽ ഭഗവാനെ ആരാധിക്കുന്നു.


ഓം

ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം അദ്ധ്യായം‌ 4
(ദക്ഷപ്രജാപതി ഹംസഗുഹ്യസ്തോത്രത്താൽ ഭഗവാനെ ആരാധിക്കുന്നു.)അനുഗ്രഹീതനായ പരീക്ഷിത്ത് മഹാരാജാവ് ശ്രീശുകബ്രഹ്മമഹർഷിയോട് പറഞ്ഞു: ഹേ ഋഷേ!, സ്വായംഭുവമന്വന്തരത്തിലുണ്ടായ മനുഷ്യർ, ദേവതകൾ, നാഗങ്ങൾ, പക്ഷികൾ, മൃഗങ്ങൾ മുതലായ ജീവഭൂതങ്ങളുടെ സൃഷ്ടിയെക്കുറിച്ച് അങ്ങ് സംക്ഷിപ്തമായി എന്നോടു് പറഞ്ഞാതാണു. എങ്കിലും, ഈശ്വരൻ, തുടർന്നുള്ള സൃഷ്ടിയുടെ വിസ്താരം എങ്ങനെ നിർവ്വഹിച്ചുവെന്നതിനെപറ്റിയും വിശദമായി അറിയാൻ അടിയൻ ആഗ്രഹിക്കുന്നു.

സൂതൻ ശൌനകാദികളോടു പറഞ്ഞു: ഹേ മുനിശ്രേഷ്ഠന്മാരേ!, ഇപ്രകാരമുള്ള പരിക്ഷിത്തിന്റെ ചോദ്യം കേട്ടു് ശ്രീശുകൻ അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ടു് ഇങ്ങനെ പറഞ്ഞു: ഹേ രാജൻ!, പണ്ടു് പ്രാചീനബർഹിസ്സിന്റെ പത്തുപുത്രന്മാരായ പ്രചേതസ്സുകൾ തപസ്സിനുശേഷം സമുദ്രത്തിന്റെയുള്ളിൽനിന്നും ഉയർന്നുവന്നപ്പോൾ, ഭൂമി അപ്പാടെ വൃക്ഷങ്ങളാൽ മൂടപ്പെട്ടുകിടക്കുന്നതവർ കണ്ടു. കോപത്തോടെ വൃക്ഷങ്ങളെ ദഹിപ്പിക്കുവാനായി അവർ വായിൽനിന്നും കാറ്റും അഗ്നിയും സൃഷ്ടിച്ചു. ഹേ കുരൂദ്വഹ!, അതുകണ്ട സോമൻ എന്ന രാജാവു് അവരെ ശാന്തരാക്കുവാനായി ഇപ്രകാരം പറഞ്ഞു: ഹേ മഹാഭാഗന്മാരേ!, ഈ പാവം വൃക്ഷങ്ങളെ നിങ്ങളെന്തിനാണു് ദ്രോഹിക്കുന്നതു?. യഥാർത്ഥത്തിൽ പ്രജാപാലകരായ നിങ്ങൾ, അവയെ വച്ചുവളർത്തി സംരക്ഷിക്കേണ്ടവരാണെന്നാണു് പറയപ്പെടുന്നതു. അത്ഭുതം തന്നെ, പ്രജാപതികളുടെ നായകനും അവ്യയനും സർവ്വശക്തനുമായ ഭഗവാൻ ശ്രീഹരി ഭക്ഷ്യമായി സൃഷ്ടിച്ചിരിക്കുന്നവയാണു് ഇക്കണ്ട വൃക്ഷങ്ങളേയും സസ്യങ്ങളേയുമെല്ലാം. ചരങ്ങൾക്കും അചരങ്ങൾക്കും പാദചാരികൾക്കും പാദമില്ലാത്തവയ്ക്കും കൈയ്യുള്ളവർക്കും കൈയ്യില്ലാത്തവർക്കും ഇരുകാലികൾക്കും നാൽക്കാലികൾക്കുമെല്ലാം ആഹാരമാണു് ഇക്കാണുന്ന വൃക്ഷലതാദികൾ. അല്ലയോ പാപരഹിതന്മാരേ!, നിങ്ങൾ നിങ്ങളുടെ പിതാവായ പ്രാചീനബർഹിസ്സാലും ഈശ്വരനാലും പ്രജകളുടെ സൃഷ്ടിക്കുവേണ്ടി ചുമതലയേൽക്കപ്പെട്ടവരാണു. അങ്ങനെയിരിക്കെ നിങ്ങൾക്കെങ്ങനെയാണു് ഈ വൃക്ഷങ്ങളെ ചുട്ടുകരിക്കാൻ അർഹതയുണ്ടാകുന്നതു? നിങ്ങളുടെ അച്ഛനെപ്പോലെയും മുത്തച്ഛനെപ്പോലെയും മുതുമുത്തച്ഛനെപ്പോലെയും നിങ്ങളും സന്മാർഗ്ഗത്തെ സ്വീകരിച്ചാലും!. ആളിയെരിയുന്ന ഈ കോപത്തെ നിയന്ത്രിച്ചാലും!.

കുട്ടികൾക്ക് മാതാപിതാക്കളും, കണ്ണുകൾക്ക് കൺപോളയും, സ്ത്രീകൾക്ക് ഭർത്താക്കന്മാരും, സന്യാസികൾക്ക് ഗൃഹസ്ഥന്മാരും, അജ്ഞാനികൾക്ക് അറിവുള്ളവരും, അതുപോലെ പ്രജകൾക്ക് രാജാവും ഉറ്റ സഹായികളാകുന്നു. സർവ്വവ്യാപിയും സർവ്വേശ്വരനുമായ ഹരി സകലഭൂതങ്ങളുടെയും ഹൃദയത്തിൽ വാണരുളുന്നു. സർവ്വ ചരാചരങ്ങളും തന്തിരുവടിയുടെ വാസസ്ഥാനങ്ങളാണെന്നറിയുക. അങ്ങനെ നിങ്ങൾക്ക് അവനെ പ്രസാദിപ്പിക്കുവാൻ കഴിയും. ആകാശത്തുനിന്നും ശരീരത്തിനുള്ളിലേക്ക് പെട്ടന്നടർന്നുവീഴുന്നതുപോലെയുള്ള ഇത്തരം കോപത്തെ അടക്കുവാൻ കഴിന്നവൻ പ്രകൃതിയുടെ ത്രിഗുണങ്ങളെ മറികടന്നവനാകുന്നു. വെന്തുനീറി ദീനരായ ഈ വൃക്ഷങ്ങളെ കണ്ടു് ഇതോടുകൂടി നിങ്ങഈ കോപം മതിയാക്കുക. അവശേഷിച്ചവർക്കും നിങ്ങൾക്കും സർവ്വമംഗളങ്ങളും ഭവിക്കട്ടെ!. ഇനി ഈ വൃക്ഷങ്ങളാൽ വളർത്തപ്പെട്ട മാരിഷ എന്ന ഉത്തമയായ ഈ കന്യകയെ നിങ്ങൾ ഭാര്യയായി സ്വീകരിക്കുക.

ശ്രീശുകൻ പറഞ്ഞു: ഹേ രാജാവേ!, ഇങ്ങനെ പ്രചേതസ്സുകളെ അനുനയിപ്പിച്ച് അവരുടെ കോപമടക്കി, അപ്സരപുത്രിയും ലക്ഷണയുക്തയുമായ ആ കന്യകയെ അവർക്ക് കൈപിടിച്ചുകൊടുത്തതിനുശേഷം ആ രാജാവു് അവിടെനിന്നും യാത്രയായി. അവർ അവളെ വിധിയാംവണ്ണം പരിണയിക്കുകയും ചെയ്തു. അവളിൽ അവർക്ക് പ്രാചേതസൻ എന്ന ദക്ഷപ്രജാപതി ജനിക്കുകയും, അദ്ദേഹത്തിന്റെ സന്താനങ്ങളാൽ മൂലോകങ്ങളും നിറയുകയും ചെയ്തു. ഹേ പരീക്ഷിത്തേ!, പുത്രികളിൽ അത്യന്തം വാത്സല്യമുണ്ടായിരുന്ന ദക്ഷൻ രേതസ്സുകൊണ്ടും മനസ്സുകൊണ്ടും എങ്ങനെ പ്രജകളെ സൃഷ്ടിച്ചുവെന്നുള്ളതും അങ്ങു് എന്നിൽനിന്നും കേട്ടറിഞ്ഞാലും!.

ആദ്യം ദക്ഷൻ ആകാശം, ഭൂമി, ജലം, എന്നിവിടങ്ങളിൽ വസിക്കുന്ന ദേവന്മാർ, അസുരന്മാർ, മനുഷ്യർ തുടങ്ങിയ പ്രജകളെ തന്റെ മനസ്സുകൊണ്ടു് സൃഷ്ടിച്ചു. അതിൽ അസന്തുഷ്ടനായ ദക്ഷപ്രജാപതി സൃഷ്ടിയുടെ അഭിവൃദ്ധിക്കായി വിന്ധ്യാചലപ്രാന്തപ്രദേശങ്ങളിലെത്തി കഠിനമായ തപസ്സുകളനുഷ്ഠിച്ചു. അവിടെ അമർഷണം എന്ന പേരിലറിയപ്പെടുന്ന വിശിഷ്ടമായ തീർത്ഥത്തെ ത്രിസന്ധ്യകളിൽ ആചമനം ചെയ്തു് ഭഗവാൻ ശ്രീഹരിയെ തപസ്സിനാൽ പ്രസാദിപ്പിച്ചു. തുടർന്നു്, അദ്ദേഹം ഭഗവാനെ ഹംസഗുഹ്യം എന്ന തന്റെ സ്തോത്രംകൊണ്ടു് സ്തുതിക്കുകയും, ഭഗവാൻ അതിൽ സന്തുഷ്ടനാകുകയും ചെയ്തു. മഹത്തായ ആ സ്തോത്രത്തെ ഞാനിതാ അങ്ങേയ്ക്കായി ചൊല്ലാം.

ദക്ഷപ്രജാപതി പറഞ്ഞു: നിത്യപൂർണ്ണമായ ശക്തിക്കുറവിടമായും, ഗുണത്രയപ്രതിഭാസമായ ജീവരാശിയ്ക്കും അതുകാരണമായ മായയ്ക്കും നിയന്താവായും, ആ മായയുടെ ഗുണങ്ങളെ സത്യമെന്നു കരുതുന്ന ജീവന്മാരാൽ സാക്ഷാത്കരിക്കാൻ സാധ്യമാകാത്തവനായും, അളക്കാൻ പറ്റാത്തവനായും, സർവ്വോത്തമനായും, സ്വയം പ്രകാശിതനുമായി വാണരുളുന്ന നിന്തിരുവടിയ്ക്കു് നമസ്ക്കാരം!. വിഷയങ്ങൾ തങ്ങൾക്ക് വിഷയികളോടുള്ള സഖ്യം അറിയുന്നില്ല എന്നതുപോപോലെ, ശരീരത്തിനുള്ളിൽ തന്നോടൊപ്പം വാണരുളുന്ന ഈശ്വരനെ ജീവന്മാർ അറിയുന്നില്ല. അവിജ്ഞാതസഖാവായി വർത്തിക്കുന്ന സർവ്വേശ്വരനായ അങ്ങേക്കെന്റെ നമസ്കാരം!. ശരീരം, പ്രാണങ്ങൾ, ഇന്ദ്രിയങ്ങൾ, അന്തഃകരണങ്ങൾ, ഭൂമി മുതലായ ഭൂതങ്ങൾ, അവയുടെ തന്മാത്രകൾ എന്നിവയൊന്നും തങ്ങളുടെ സ്വരൂപത്തേയോ, മറ്റിന്ദ്രങ്ങളുടെ സ്വഭാവത്തേയോ, അവയുടെ അധിദേവതകളുടെ പ്രത്യേകതകളെക്കുറിച്ചോ അറിയുന്നില്ല. എന്നാൽ ജീവനാകട്ടെ, ഇവയെല്ലമറിയുന്നവനാണു. മാത്രമല്ല, അവയുടെ മുരടുകളായ പ്രകൃതിഗുണങ്ങളേയും അവനറിയുന്നു. എന്നാൽ, സർവ്വജ്ഞനായ ഭഗവാനെ മാത്രം ആരുംതന്നെയറിയുന്നില്ല. അങ്ങനെയുള്ള ഭഗവാനു് എന്റെ നമസ്ക്കാരം!. കാല്പനികമായ നാമരൂപങ്ങളെ സൃഷ്ടിക്കുന്ന മനസ്സിന് അവയുടെ ദർശനാനുഭവങ്ങൾ നശിക്കുമ്പോഴുണ്ടാകുന്ന സമാധിനിലയിൽ ജീവൻ സ്വരൂപജ്ഞാനത്തിലൂടെ തന്റെയുള്ളിൽ കണ്ടറിയുന്ന ആ നിർമ്മലമൂർത്തിക്കു് നമസ്കാരം. രൂപാദിപഞ്ചവിഷയങ്ങളും, പ്രകൃതി, പുരുഷൻ, മഹത്, അഹങ്കാരം, എന്നിവ ചേർന്ന ഒമ്പതു തത്വങ്ങളായും, തിഗുണാത്മകങ്ങളായ ഷോഡശവികാരങ്ങളായുമിരിക്കുന്ന തന്റെ മായാവൈഭവങ്ങളാൽ മറയപ്പെട്ട ആ നിർമ്മലാനന്ദമൂർത്തിയെ വിവേകികൾ ആത്മവിചാരം ചെയ്തു് ഹൃദയത്തിൽ ഉറപ്പിച്ചതിനുശേഷം, അരണിമുട്ടിയിൽ പതിനഞ്ചു് സാമിധേനീമന്ത്രങ്ങളാൽ പ്രകാശിപ്പിക്കപ്പെടുന്ന അഗ്നിയെ കടഞ്ഞെടുക്കുന്നതുപോലെ അവർ അവനെ തങ്ങളുടെ ആത്മാവിൽ കണ്ടു് ധ്യാനിക്കുന്നു. തൽക്കാരണാൽ, മായയുടെ ത്യാഗത്താലുണ്ടാകുന്ന ആനന്ദാനുഭൂതിക്കാസ്പദമായും, അനിർവചനീയമായ ആ മായുയുടെ അധിഷ്ഠാനമായും, പ്രപഞ്ചത്തിലെ സകലനാമരൂപങ്ങളായും വർത്തിക്കുന്ന ആ ഭഗവാൻ എന്നിൽ പ്രസാദിക്കേണമേ!. വാക്കാൽ വർണ്ണിക്കപ്പെടുന്നതും, ബുദ്ധിയാൽ നിരൂപിക്കപ്പെടുന്നതും, ഇന്ദ്രിയങ്ങളാൽ ഗ്രഹിക്കപ്പെടുന്നതും, മനസ്സാൽ സങ്കൽപ്പിക്കപ്പെടുന്നതുമായ യാതൊന്നുംതന്നെ ആ പരമാത്മാവിന്റെ സ്വരൂപമാകാൻ സാധ്യമല്ല. എന്തെന്നാ, ഇവയെല്ലാം മായാഗുണങ്ങളുടെ രൂപങ്ങളാകുമ്പോൾ, അവനാകട്ടെ, ആ ഗുണങ്ങൾക്കധീതനായ നിത്യവസ്തുവുമാകുന്നു.

യാതൊരുവൻ, യാതൊന്നു്, യാതൊന്നിനാൽ, യാതൊന്നിനുവേണ്ടി, യാതൊന്നിൽനിന്നു്, യാതൊന്നിന്റേതായി, യാതൊന്നിൽ, യാതൊരുവിധം ചെയ്യുകയും ചെയ്യിക്കുകയുമാകുന്നുവോ, അതു ബ്രഹ്മംതന്നെയാകുന്നു. ആ ബ്രഹ്മംതന്നെ അവയ്ക്കെല്ലാം ഹേതുവായി നിലകൊള്ളുകയും ചെയ്യുന്നു. പരമപുരാണനാകുന്നതും സകലകാരണകാരണനായിരിക്കുന്നതും രണ്ടെന്നില്ലാത്തതും ആ ബ്രഹ്മം തന്നെയാകുന്നു. വാക്ചാതുര്യമുള്ള വാദികൾക്കു് വിവാദസംവാദങ്ങൾക്ക് വിഷയങ്ങളായി ഭവിക്കുന്നതും ആ ബ്രഹ്മത്തിന്റെ മായാശക്തിയാകുന്നു. ഇവർക്ക് വീണ്ടും വീണ്ടും വ്യാമോഹങ്ങളെ ഉണ്ടാക്കിക്കൊടുക്കുന്നതും അവൻ തന്നെ. അവ്വിധം അനന്തഗുണങ്ങളോടുകൂടിയ സർവ്വവ്യാപിയായ അവിടുത്തേയ്ക്ക് എന്റെ നമസ്ക്കാരം. ഉണ്ടു് എന്നും ഇല്ല എന്നും രണ്ടുവിധത്തിൽ യോഗികളാലും സാംഖ്യന്മാരാലും ബ്രഹ്മത്തെക്കുറിച്ചു് പ്രതിപാദ്യമുണ്ടു. ഉണ്ടു് എന്നുള്ളവർ എല്ലാ കാര്യകാരണങ്ങൾക്കും ഒരു പരമകാരണത്തെ കാണുന്നു. എന്നാൽ, ഇല്ല എന്നുള്ളവർ സർവ്വം ഭൌതികമായി മാത്രം ചിന്തിച്ചറിഞ്ഞുകൊണ്ടു് കാരണത്തെ നിരാകരിക്കുന്നു. എന്നിരുന്നാലും, സാംഖ്യത്തിലൂടെയും യോഗത്തിലൂടെയുമുള്ള പ്രതിപാദനങ്ങളുടെ വിഷയം ഒന്നുതന്നെയായതുകൊണ്ടു് അവർ രണ്ടുകൂട്ടരും ഒരിടത്തുതന്നെ എത്തിച്ചേരുകയും ചെയ്യുന്നു. ആ ഏകവസ്തുവിൽ ഞാനിതാ എന്റെ നമസ്ക്കാരമർപ്പിക്കുന്നു. തന്റെ ഭക്തന്മാരുടെ അനുഗ്രഹത്തിനായി അപരിച്ഛേദ്യനും നാമരൂപരഹിതനുമായ ബ്രഹ്മം പലേ നാമരൂപങ്ങളിൽ ഇവിടെ അവതാരം കൈക്കൊണ്ടു് തന്റെ ലീലകളാടുന്നു. ആ പരമാത്മാവു് എന്നിൽ പ്രസാദിക്കുമാറാകണം. വായു ഭൂമിയിലെ നിറം, മണം, മുതലായ ഗുണങ്ങളെ വഹിക്കുന്നതുപോലെ, ജനങ്ങൾ തങ്ങളുടെ വാസനാനുസരം ചെയ്യപ്പെടുന്ന വിവിധ ഉപാസനകളെ സ്വീകരിച്ചുകൊണ്ടു് വിവിധ ദേവതാസ്വരൂപങ്ങളിൽ അവൻ അവർക്കുമുന്നിൽ പ്രതിഭാസിക്കുന്നു. ആ സർവ്വേശ്വരൻ എന്റെ ആഗ്രഹത്തെ സാധിക്കുമാറാകട്ടെ!.

ശ്രീശുകൻ പറഞ്ഞു: ഹേ കുരുശ്രേഷ്ഠ!, അഘമർഷണമെന്ന ആ പുണ്യതീർത്ഥത്തിൽ വച്ചു് തന്നെ ആരാധിക്കുന്ന ദക്ഷന്റെ മുന്നിൽ ഭഗവാൻ പ്രത്യക്ഷനായി. ഗരുഡന്റെ തോളത്തു് തന്റെ തൃപ്പാദം വച്ചു്, ശംഖചക്രഗദാപത്മങ്ങളേന്തിയ ചതുർഭുജധാരിയായി, മഞ്ഞപ്പട്ടുടുത്തു്, മേഘവർണ്ണത്താൽ പ്രസന്നവും പ്രശോഭിതവുമായ തിരുമുഖവും നേത്രങ്ങളും പൂണ്ടവനായി, കഴുത്തിൽ വലമാലയുമണിഞ്ഞു്, ശ്രീവത്സകൌസ്തുഭാദികളുടെ പരിലസത്തോടുകൂടിയും, കീരീടം, കടകം, കുണ്ഡലം, അരഞ്ഞാണം, വിരൽമോതിരം, വള, തോൾവള, എന്നിവയാൽ അലംകൃതനായി, മൂന്നു് ലോകങ്ങളേയും മയക്കുന്ന രൂപത്തിൽ, നാരദാദി ദേവർഷിമാരാലും ദേവഗണങ്ങളാലും സിദ്ധചാരണഗന്ധർവ്വന്മാരാലും പരിവൃതനായി സ്തുതിക്കപ്പെട്ടുകൊണ്ടു്, ഭഗവാൻ ശ്രീഹരി അവിടെ പ്രത്യക്ഷപ്പെട്ടു. പെട്ടെന്നു് ഭഗവാനെ കണ്ടതിലുള്ള അത്യാശ്ചര്യത്തിൽ സംഭ്രമിച്ചുകൊണ്ടു് ദക്ഷപ്രജാപതി ഭൂമിയിൽ വീണു് ദണ്ഡനമസ്കാരമർപ്പിച്ചു. ജലപ്രവാഹത്തിൽ നദികൾ നിറഞ്ഞുകവിയുന്നതുപോലെ, ഭഗവാനെ കണ്ടതിലുള്ള ആനന്ദത്താൽ മനസ്സുനിറഞ്ഞ ദക്ഷനു് സംഭ്രമത്താൽ ഒന്നുംതന്നെ ഉരിയാടാൻ കഴിഞ്ഞില്ല. സകലഭൂതങ്ങളുടേയും ഉള്ളറിയുന്ന ഭഗവാൻ ശ്രീഹരി സന്താനാർത്ഥിയായി തന്റെ മുന്നിൽ വണങ്ങിനിൽക്കുന്ന ദക്ഷനോടു് ഇപ്രകാരം അരുളിച്ചെയ്തു: തപസ്സിനാൽ സിദ്ധി നേടിക്കഴിഞ്ഞ ഹേ പ്രാചേതസ!, എന്നിലർപ്പിക്കപ്പെട്ട ശ്രദ്ധയാൽ നീ എന്നിൽ ഭക്തിയുള്ളവനായിക്കഴിഞ്ഞിരിക്കുന്നു. അങ്ങയുടെ തപസ്സ് ഈ വിശ്വത്തിന്റെ വളർച്ചയ്ക്കു് ഹേതുവായി ഭവിച്ചതിൽ ഞാൻ സന്തുഷ്ടനാണു. ജീവരാശികളുടെ സമൃദ്ധിതന്നെയാണു ഞാനും ആഗ്രഹിക്കുന്നതു. ബ്രഹ്മാവും രുദ്രനും നിങ്ങളും മനുക്കളും ദേവന്മാരുമായ എന്റെ ഈ അംശാവതാരങ്ങൾ ജീവരാശികളുടെ വിസ്താരത്തിനു് കാരണമാകട്ടെ!. ഹേ ബ്രഹ്മജ്ഞ!, തപസ്സെന്നതു് എന്റെ ഹൃദയവും, വിദ്യ ആകൃതിയും, യജ്ഞങ്ങൾ എന്റെ അംഗങ്ങളും, ധർമ്മം എന്നതു് മനസ്സും, ദേവന്മാർ പ്രാണങ്ങളുമാകുന്നു. സൃഷ്ടിയ്ക്കുമുമ്പ്, ഞാൻ മാത്രമേ ഇവിടെയുണ്ടായിരുന്നുള്ളൂ. ആന്തരികവും ബാഹികവുമായി എന്നിൽനിന്നും അന്യമായി യാതൊന്നുംതന്നെ ഇവിടെ ഇല്ലായിരുന്നു. ജീവികളിൽ ഉറക്കത്തിലെന്നപോലെ, ബോധം അന്നു് അവ്യക്തഭാവത്തിലായിരുന്നു.

അനന്തനും അനന്തഗുണനിധിയുമായ എന്നിൽ മായായാൽ ഗുണാത്മകമായ ബ്രഹ്മാണ്ഡം ഉണ്ടായ നിമിഷത്തിൽത്തന്നെ ആദ്യനും അജനുമായ ബ്രഹ്മാവു് ഉത്ഭൂതനായി. എന്റെ വീര്യത്തിൽനിന്നും ശക്തിയാർജ്ജിച്ച ബ്രഹ്മദേവനാകട്ടെ, ആ സമയം സൃഷ്ട്യർത്ഥം താൻ സമർത്ഥനല്ലെന്നു് ചിന്തിച്ചു. തുടർന്നു്, എന്നാൽ ഉപദിഷ്ടനായ ബ്രഹ്മാവു് അതിഘോരമായ തപം ചെയ്തു് അതിൽനിന്നും വീണ്ടെടുത്ത ശക്തിയാൽ ആദ്യമായി നിങ്ങൾ ഒമ്പതുപേരെ സൃഷ്ടിച്ചു. ഹേ ദക്ഷ!, ഇപ്പോൾ ഞാൻ ഭാവനു് നൽകാൻ പോകുന്നതു് പഞ്ചജനൻ എന്ന പ്രജാപതിയുടെ മകളായ അസിക്നി എന്ന ഈ കന്യകയെയാണു. ഇവളെ അങ്ങു് ഭാര്യയായി സ്വീകരിക്കുക. മൈഥുനം ധർമ്മമാക്കിയിട്ടുള്ള നിങ്ങൾ വീണ്ടും പ്രജാസൃഷ്ടിയെ തുടരുക. അങ്ങയുടെ പരമ്പരയായി തുടർന്നുപോകുന്ന ഭാവിപ്രജകളും കൂടുതൽ കൂടുതൽ പ്രജകളെ സൃഷ്ടിക്കുകയും, അവർ എന്നിൽ പൂജോപഹാരമർപ്പിക്കുകയും ചെയ്യും.

ശീശുകബ്രഹ്മർഷി പറഞ്ഞു: വിശ്വഭാവനനായ ഭഗവാൻ ശ്രീഹരി ഇങ്ങനെ അരുളിച്ചെയ്തുകൊണ്ടു് ദക്ഷപ്രജാപതിയുടെ മുന്നിൽനിന്നും മറഞ്ഞരുളി. സ്വപ്നം കണ്ടുണർന്നവനെപ്പോലെ ദക്ഷൻ ഭഗവാനെ നമിച്ചുനിന്നു.

ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം നാലാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.
Daksha worships Lord Hari by Hamsaguhya sthothra

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ