2021, ഫെബ്രുവരി 11, വ്യാഴാഴ്‌ച

10.11 ഗോപാലനം, വത്സാസുരവധം, ബകാസുരവധം

 ഓം


ശ്രീമദ്ഭാഗവതം ദശമസ്കന്ധം അദ്ധ്യായം 11

(ഗോപാലനം, വത്സാസുരവധം, ബകാസുരവധം)


ശ്രീശുകൻ പറഞ്ഞു: “അല്ലയോ പരീക്ഷിത്തേ!, നളകൂബരമണിഗ്രീവന്മാർക്ക് ഭഗവാൻ ശാപമോക്ഷം നൽകിയതായി പറഞ്ഞുവല്ലോ!. അങ്ങനെ, മരങ്ങൾ കടപുഴകിവീഴുന്ന ശബ്ദം കേട്ട് നാന്ദാദികൾ ഇടിമുഴക്കമാണോ എന്ന് ശങ്കിച്ചുകൊണ്ട് അവിടേയ്ക്ക് ഓടിവന്നു. അവിടെ പിഴുതുവീണുകിടക്കുന്ന രണ്ട് മരങ്ങളേയും അതിനിടയിൽ ദാമോദരനായ ഉണ്ണികൃഷ്ണനേയും അവർ കണ്ടു. സംഭവമെന്താണന്നറിയാതെ ‘അത്ഭുതമായിരിക്കുന്നു’… ‘ഇതാരുടെ പണിയാണ്?’... ‘ഇതെങ്ങനെ സംഭവിച്ചു?’... ‘വല്ല അശുഭലക്ഷണമോ മറ്റോ ആയിരിക്കുമോ?’... എന്നൊക്കെ ശങ്കിച്ചുകൊണ്ട് അവർ സംഭ്രമപെട്ടു. സംഭവം നേരിൽ കണ്ടുകൊണ്ട് അവിടെയുണ്ടായിരുന്ന കുട്ടികൾ പറഞ്ഞു: “മരങ്ങളുടെയിടയിലൂടെ ഉരൽ ആഞ്ഞുവലിച്ചുകൊണ്ട് ഇവൻ ഈ മരങ്ങളെ വീഴ്ത്തുന്നത് ഞങ്ങൾ കണ്ടതാണു.” ഇത്തിരിപ്പോന്ന കൃഷ്ണന് ആ വിധം ചെയ്യാൻ കഴിയില്ലെന്ന് ചിലർ കരുതി. എന്നാൽ, മറ്റുചിലരുടെ മനസ്സിൽ ചെറിയ സംശയം തോന്നിയിരുന്നു. നന്ദഗോപരാകട്ടെ, ആ അത്ഭുതസംഭത്തെ മനസ്സിലാക്കാൻ കഴിയാതെ പുഞ്ചിരിച്ചുകൊണ്ട് ഉരലിൽ ബദ്ധനായി നിൽക്കുന്ന തന്റെ പുത്രനെ ബന്ധമുക്തനാക്കി.  

രാജൻ!, ഭഗവാൻ ഒരു പ്രാകൃതബാലനെപ്പോലെ നർത്തനം ചെയ്തും  പാട്ടുപാടിയും ഗോപികമാർക്കുമുന്നിൽ ഒരു മരപ്പാവപോലെ അധീനനാകുമായിരുന്നു. ചിലനേരങ്ങളിൽ ഭഗവാനോട് ആ ഗോപികമാർ പീഠങ്ങൾ, അളവുപാത്രങ്ങൾ, മെതിയടികൾ, മുതലായ സാധനങ്ങൾ എടുത്തുകൊണ്ടുവരുവാൻ അജ്ഞാപിക്കുമായിരുന്നു. അവരെ രസിപ്പിക്കുന്നതിനായി ആ കരുണാമയൻ, താൻ ക്ഷീണിച്ചുവെന്ന് കാണിക്കുന്നതിനായി, കൈകാലുകൾ കുടയുകയും മറ്റുമായ ചേഷ്ടകൾ കാട്ടിയിരുന്നു. ഈവിധത്തിൽ താൻ ഭക്തന്മാക്ക് ദാസനാണെന്ന് കാട്ടിക്കൊണ്ട് തന്റെ ബാലലീലകളിലൂടെ ഗോകുലവാസികളെ ആനന്ദിപ്പിച്ചു. ഫലകച്ചവടക്കാർ ‘ഫലം വേണോ’… ‘ഫലം വേണോ’... എന്നു വിളിച്ചുകൊണ്ടുവരുമ്പോൾ സർവ്വഫലപ്രദായകനായ ഭഗവാൻ ഫലം വാങ്ങാനുള്ള ഇച്ഛയോടെ ധാന്യങ്ങളുമെടുത്ത് അവിടേയ്ക്കോടുമായിരുന്നു. പഴക്കൊട്ടയിലേക്ക് ഭഗവാന്റെ കൈക്കുമ്പിളിൽനിന്നും ധാന്യം വീഴുകയും, കാലിയായ കരകമലത്തിൽ പഴം വിൽക്കുന്നവൾ പഴം വച്ചുകൊടുക്കും. ആ സമയം ആ കുട്ട നിറയെ രത്നങ്ങൾ നിറയുകയും ചെയ്തിരുന്നു. 

രാജാവേ!, ഒരു ദിവസം രോഹിണീദേവി ചെന്ന് നദീതടത്തിൽ കളിച്ചുകൊണ്ടുനിൽക്കുകയായിരുന്ന രാമകൃഷ്ണന്മാരെ വിളിച്ചു. കളിയിൽ മതിമറന്നിരുന്ന അവർ വരാതെയായപ്പോൾ അവൾ യശോദയെ അവിടേയ്ക്കയച്ചു. യശോദ വന്ന് ബലരാമനോടൊപ്പം കളിച്ചുകൊണ്ടിരിക്കുന്ന തന്റെ ഉണ്ണിയെ തുടരെത്തുടരെ വിളിച്ചു. വീണ്ടും വരാൻ കൂട്ടാക്കാത്ത കൃഷ്ണനോട് അവൾ പറഞ്ഞു: “കൃഷ്ണാ, താമരക്കണ്ണാ, ഉണ്ണീ, വരിക… അമ്മിഞ്ഞ കുടിക്കണ്ടേ നിനക്ക്?... കളിച്ചത് മതി… വരൂ കണ്ണാ… മകനേ.. നീ കളിച്ചുതളർന്നിരിക്കുന്നു… വിശന്ന് ക്ഷീണിച്ചിരിക്കുന്നു.. ഉണ്ണീ… രാമാ…. അനുജനേയും കൂട്ടി വേഗം വരൂ… നിങ്ങൾ രാവിലെ വല്ലതും കഴിച്ചതല്ലേ? വിശക്കുന്നുണ്ടാകും… വരൂ… ഊണ് കഴിക്കാൻ നേരമായി… കൃഷ്ണാ… അച്ഛൻ ഉണ്ണാനൊരുങ്ങിക്കൊണ്ട് നിന്നെയും കാത്തിരിക്കുകയാണു. ഞങ്ങളെ വിഷമിപ്പിക്കാതെ വരൂ.. ഉണ്ണികളേ… ദേ.. മേൽ മുഴുവൻ പൊടി പുരണ്ടിരിക്കുന്നു…. കുളിക്കണ്ടേ നിനക്ക്?... ഇന്ന് നിന്റെ പിറന്നാളാണ് ബ്രാഹ്മണർക്ക് പശുക്കളെ ദാനം ചെയ്യണം… നിന്റെ കൂട്ടുകാരെ നോക്കൂ… അവരുടെ അമ്മമാർ കുളിപ്പിച്ച് നന്നായി ഒരുക്കി നിർത്തിയിരിക്കുന്നത് കണ്ടോ?... നീയും വന്ന് കുളിച്ച് വല്ലതും കഴിക്കുക….” 

രാജൻ!, ഇങ്ങനെ, തന്റെ മകനെന്ന് കരുതി ഭഗവാനെ അവൾ ബലരാമനോടൊപ്പം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി കുളിപ്പിച്ച് നന്നായി അലങ്കരിപ്പിച്ച് ആഹാരം കൊടുത്തു. 

നന്ദഗോപരും മറ്റ് മുതിർന്ന ഗോപന്മാരും ഗോകുലത്തിൽ കണ്ടുകൊണ്ടിരിക്കുന്ന അശുഭലക്ഷണങ്ങളെക്കുറിച്ച് കൂടിയാലോചിച്ചു. അതിൽ, അല്പം അറിവും പ്രായവും കൂടുതലുള്ള ഉപനന്ദനൻ ഒരു ഗോപൻ കാര്യങ്ങളെ ഗ്രഹിച്ചതിനുശേഷം കുട്ടികളുടെ നന്മയെ ഓർത്തുകൊണ്ട് ഇങ്ങനെ പറഞ്ഞു: “ഈയിടെയായി ഒരുപാട് അശുഭങ്ങൾ സംഭവിച്ച സ്ഥിതിക്ക് കുട്ടികളുടെ നമ്മയെ ഓർത്ത് നമ്മൾ ഇവിടെനിന്നും മാറിത്താമസ്സിക്കേണ്ടിയിരിക്കുന്നു. ആ ഘോരരാക്ഷസിയിൽനിന്നും നമ്മുടെ ഉണ്ണി എങ്ങനെയോ ദൈവകാരുണ്യം കൊണ്ട് രക്ഷപ്പെട്ടു. ഭഗവാൻ ഹരിയുടെ അനുഗ്രഹത്താൽ ആ വണ്ടി വന്ന് ദേഹത്തുവീഴാതെയും അവൻ രക്ഷപ്പെട്ടു. ചുഴലിക്കാറ്റായി വന്ന ആ അസുരൻ ഇവനെ എടുത്തുകൊണ്ട് പക്ഷികൾക്ക് മാത്രം സഞ്ചരിക്കുവാനാകുന്ന അനന്തമായ ആകാശത്തിലേക്ക് പറക്കുകയും, അവിടെനിന്ന് കല്ലിന്മേൽ വന്നുവീഴുകയും ചെയ്തു. അപ്പോഴും ഈശ്വാരാനുഗ്രഹത്താൽ അവൻ സുരക്ഷിതനായി. ഇപ്പോൾ ഇത്രയും വലിയ രണ്ട് മരങ്ങൾക്കിടയിൽ പെട്ടിട്ടും ഇവൻ ജീവനോടെയിരിക്കുന്നതും ഭഗവാൻ ഹരിയുടെ അനുഗ്രഹം ഒന്നുകൊണ്ട് മാത്രമാണു. അതുകൊണ്ട് ഇനിയും കൂടുതൽ ആപത്തുകൾ വന്നുചേരുന്നതിനുമുമ്പ് നാം കുട്ടികളേയും പരിവാരങ്ങളേയും കൂട്ടി മറ്റെങ്ങോട്ടെങ്കിലും പോകേണ്ടതുണ്ടു. ഗോക്കൾക്കും ഗോപന്മാർക്കും ഒന്നുപോലെ വസിക്കാൻ യോഗ്യമായ പുൽത്തകിടികളും വള്ളിക്കുടിലുകളുമൊക്കയുള്ള സമൃദ്ധമായ വൃന്ദാവനം എന്ന ഒരു വനമുണ്ടു. ഇക്കാര്യത്തിൽ നിങ്ങൾക്കെല്ലാം താല്പര്യമാണെങ്കിൽ ഇനി നേരം കളയേണ്ട ആവശ്യമില്ല. ഇപ്പോൾത്തന്നെ നമുക്കങ്ങോട്ട് പോകാം. അങ്ങനെയെങ്കിൽ വൈകിക്കരുത്. വണ്ടികളെ പൂട്ടിക്കൊള്ളുക.. പശുക്കൂട്ടങ്ങൾ മുമ്പേ നടക്കട്ടെ!..”

രാജൻ!, ഈ അഭിപ്രായം ശരിവച്ചുകൊണ്ട് ഗോപന്മാർ തങ്ങൾതങ്ങൾക്കുള്ള വണ്ടികളിൽ സാധനങ്ങൾ കയറ്റിവച്ച് വൃന്ദാവനത്തിലേക്ക് പോകാൻ തീരുമാനിച്ചു. ഇങ്ങനെ, അവർ സ്ത്രീകളേയും കുട്ടികളേയും വൃദ്ധജനങ്ങളേയും വണ്ടിയിൽ കയറ്റി, തങ്ങളുടെ സാധനങ്ങളുമായി പശുക്കൂട്ടങ്ങളെ മുൻനടത്തി കൊമ്പും വിളിച്ച് പെരുമ്പറയും മുഴക്കി പുരോഹിതന്മാരോടൊപ്പം അവിടേയ്ക്ക് യാത്രയായി. ഗോപസ്ത്രീകൾ വണ്ടികളിലിരുന്നുകൊണ്ട് അപ്പോഴും ശ്രീകൃഷ്ണഭഗവാന്റെ ഗുണഗണങ്ങൾ പാടിക്കൊണ്ടിരുന്നു. യശോദാദേവിയും രോഹിണീദേവിയും രാമകൃഷ്ണന്മാർക്കൊപ്പം ഒരു വണ്ടിയിലിരുന്ന് ഭഗവദ്ലീലകളെ കേട്ടു. 

രാജൻ!, വൃന്ദാവനത്തിലെത്തി അവർ ശകടങ്ങൾ കൊണ്ട് അർദ്ധവൃത്താകൃതിയിലുള്ള ഒരു താൽകാലിക പാർപ്പിടം നിർമ്മിച്ചു. വൃന്ദാവനവും ഗോവർദ്ധനപർവ്വതവും കാളിന്ദീനദിയുമൊക്കെ കണ്ട് രാമകൃഷ്ണന്മാർ അങ്ങേയറ്റം സന്തോഷിച്ചു. അവർ തങ്ങളുടെ ചേഷ്ടിതങ്ങളെക്കൊണ്ടും കൊഞ്ചൽമൊഴികളെക്കൊണ്ടും വ്രജവാസികളെ ആനന്ദിപ്പിച്ചു. കുറച്ചുനാൾകൂടി കഴിഞ്ഞപ്പോൾ അവർ കാലികളെ മേയ്ക്കുവാൻ പ്രാപ്തരായി വളർന്നു. വ്രജത്തിൽനിന്നും അധികം ദൂരെ പോകാതെ അവർ അടുത്തുള്ള പ്രദേശങ്ങളിൽ പോയി കാലികൾ മേച്ചുതുടങ്ങി. ചില സമയങ്ങളിൽ ഭഗവാൻ പുല്ലാങ്കുഴൽ ഊതി. മറ്റുചിലപ്പോൾ അവർ കിങ്കിണി കെട്ടിയ പിഞ്ചുപാദങ്ങളാൽ നൃത്തമാടി. ചിലനേരങ്ങളിലാകട്ടെ, പലതരം മൃഗങ്ങളുടെ ചേഷ്ടകളെ അനുകരിച്ചുകൊണ്ട് സാധാരണ കുട്ടികളെപ്പോലെ ആ മായാമാനുഷന്മാർ സഞ്ചരിച്ചു.

രാജാവേ!, ഒരിക്കൽ രാമകൃഷ്ണന്മാർ ചങ്ങാതിമാരുമൊത്ത് യമുനയുടെ കരയിൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ ഒരസുരൻ അവിടെ പ്രത്യക്ഷപ്പെട്ടു. അവർ ഒരു പശുക്കുട്ടിയായി ചമഞ്ഞ് പശുക്കൂട്ടങ്ങൾക്കിടയിൽ വന്നുചേർന്നത് ഭഗവാൻ ബലരാമന് കാട്ടിക്കൊടുത്തുകൊണ്ട് അങ്ങോട്ടേയ്ക്കടുത്തു. പിന്നിൽനിന്നും വാലും കാലും കൂടി ചേർത്തുപിടിച്ച് ആ മഹാസുരനെ അടുത്തുനിന്ന ഒരു കപിത്തമരത്തിനുമുകളിലേക്ക് വലിച്ചെറിഞ്ഞു. ഏറിന്റെ ഊക്കത്തിൽ അവൻ ആ മരത്തോടൊപ്പം നിലം പതിച്ചു. അത് കണ്ടുനിന്ന കുട്ടികൾ ഭഗവാനെ അഭിനന്ദിച്ചു. ദേവന്മാർ സന്തോഷത്താൽ പൂമഴ വർഷിച്ചു. അസുരനെ വധിച്ചതിനുശേഷം സർവ്വലോകപാലകന്മാരായ രാമകൃഷ്ണന്മാർ പ്രാതൽ കഴിച്ച് ഗോപാലനം ചെയ്തുകൊണ്ട് കാടുതോറും നടന്നു.

ഒരിക്കൽ ഭഗവാനും ബലരാമനും മറ്റ് ചങ്ങാതിമാർക്കൊപ്പം തങ്ങളുടെ പശുക്കളെ വെള്ളം കുടിപ്പിക്കുവാനായി ഒരു തടാകത്തിലെത്തി. പശുക്കളെ വെള്ളം കുടിപ്പിച്ചതിനുശേഷം അവരും തങ്ങളുടെ ദാഹമകറ്റി. തൊട്ടടുത്തായി അവർ ഇടിമിന്നലിൽ അടർന്നുവീണ പർവ്വതശിഖരം പോലെ തോന്നിക്കുന്ന അതിബൃഹത്തായ ഒരു ജന്തുവിനെ കണ്ടു. അത് കൊറ്റിയുടെ രൂപം ധരിച്ച ബകാസുരനായിരുന്നു. അവൻ പെട്ടെന്ന് ഓടിയടുത്ത് ശ്രീകൃഷ്ണനെ വിഴുങ്ങി. ആ കാഴ്ച കണ്ട് ബലരാമാദികളായ മറ്റുള്ള ബാലന്മാർ, പ്രാണൻ വേറിട്ട ഇന്ദ്രിയങ്ങളെന്നതുപോലെ, പ്രജ്ഞയറ്റവരായിത്തീർന്നു. ഭഗവദ്തേജസ്സ് ആ കൊറ്റിയുടെ തൊണ്ടയുടെ അടിഭാഗം ദഹിപ്പിച്ചു. ആ പൊള്ളൽ താങ്ങാനാകാതെയാകണം, അവൻ ഭഗവാനെ പുറത്തേക്ക് ഛർദ്ദിച്ചു. ഒരു പോറൽ പോലും കൂടാതെ പുറത്തുവന്ന ഭഗവാനെ ബകാസുരൻ വർദ്ധിച്ച കോപത്തോടെ വീണ്ടും ഭക്ഷിക്കുവാനൊരുങ്ങി. എതിർത്തുവന്ന ആ കംസന്റെ ചങ്ങാതിയെ കൃഷ്ണൻ ഇരുകൈകൾകൊണ്ടും അവന്റെ കൊക്കുകളിൽ പിടിച്ച് രാമച്ചം പോലെ നിഷ്പ്രയാസം വലിച്ചുകീറി. ആ സമയം, സ്വർഗ്ഗവാസികൾ വൃന്ദാവനത്തിലെ മല്ലികപ്പൂക്കളാൽ ബകാസുരാന്തകനായ ഭഗവാനെ അഭിഷേകം ചെയ്തു. ശംഖം, ഭേരി മുതലായവയുടെ നാദത്തോടൊപ്പം സ്തുതിക്കുകയും ചെയ്തു. ഗോപാലബാലന്മാർ ആ സംഭവം കണ്ട് അത്ഭുതപ്പെട്ടു. ബലരാമാദികൾ ഭഗവാനെ സ്നേഹപൂർവ്വം ആലിംഗനം ചെയ്തു. അവർ, ഇന്ദ്രിയങ്ങൾക്ക് പ്രാണൻ തിരികെ ലഭിച്ചതുപോലെ, സ്വസ്ഥരായി. പിന്നീട്, വ്രജത്തിൽ തിരിച്ചെത്തി ഉണ്ടായ സംഭവങ്ങളെല്ലാം വ്രജവാസികളെ പറഞ്ഞറിയിച്ചു. അത് കേട്ട് അത്ഭുതപരതന്ത്രരായി ഗോപന്മാരും ഗോപീജനങ്ങളും സ്നേഹവും ആദരവും കലർന്ന്, പരലോകത്തുനിന്നും മടങ്ങിവന്നവനെ എന്നതുപോലെ, കൊതിതീരാതെ ഭഗവാനെത്തന്നെ നോക്കിനിന്നു. 

രാജൻ!, നന്ദഗോപരങ്ങടുന്ന ഗോപന്മാർ മനസ്സിലോർത്തു: ‘കഷ്ടം തന്നെ!... ഈ കുട്ടിയെ കൊല്ലാൻ എത്രയോ ദുഃഷ്ടശക്തികൾ തുനിഞ്ഞിറങ്ങിയതാണ്?... എങ്കിലും, അന്യരെ ദ്രോഹിക്കാനിറങ്ങിയ അവർക്കുതന്നെയാണ് മരണം വന്നുഭവിച്ചതു. എത്ര ഉഗ്രരൂപികളാണെങ്കിലും അവർക്കൊന്നും ഇവനെ ഉപദ്രവിക്കാൻ കഴിയുന്നില്ല. കൊല്ലുവാനുള്ള ഇച്ഛയോട് വന്നടുക്കുന്ന അവർ തീയിൽ വന്നുപതിക്കുന്ന ഈയാമ്പാറ്റകളെപ്പോലെ നശിച്ചുപോകുന്നു. അത്ഭുതംതന്നെ!... ബ്രഹ്മഞ്ജന്മാരുടെ വാക്കുകൾ ഒരിക്കലും പിഴയ്ക്കാറില്ല. സർവ്വജ്ഞനായ ഗർഗ്ഗമുനി പ്രവചിച്ചതുപോലെതന്നെ എല്ലാം സംഭവിക്കുന്നു.’

രാജൻ!, ഇപ്രകാരം അവർ ഭഗവാന്റെ അത്ഭുതലീലകളെപറ്റി പറഞ്ഞുകൊണ്ടേയിരുന്നു. അങ്ങനെ ആനന്ദിച്ചുകൊണ്ടിരിക്കുന്ന അവർക്ക് സംസാരദുഃഖം അല്പംപോലും അനുഭവപ്പെട്ടില്ല. ഈവിധത്തിൽ ബലരാമനും ശ്രീകൃഷ്ണനും കുട്ടികളുടേതായ പലവിധി ലീകലളിലേർപ്പെട്ടുകൊണ്ട് തങ്ങളുടെ ബാല്യകാലം വ്രജത്തിൽ കഴിച്ചുകൂട്ടി.”


ശ്രീമദ്ഭാഗവതം ദശമസ്കന്ധം പതിനൊന്നാമദ്ധ്യായം സമാപിച്ചു.


ഓം തത് സത്.