2023, ഫെബ്രുവരി 26, ഞായറാഴ്‌ച

10.13 ബ്രഹ്മാവിനെ ഭഗവാൻ മോഹിപ്പിക്കുന്നത്..



ശ്രീമദ് ഭാഗവതം – ദശമസ്കന്ധം - അദ്ധ്യായം – 13
(ബ്രഹ്മസമ്മോഹനം)

ശ്രീശുകൻ പറഞ്ഞു : “അല്ലയോ! ഭാഗവതോത്തമാ!, ഭഗവാന്റെ ലീലാമൃതം എന്നെന്നും പുതുയാർന്നതാകുന്നു. ആയതിനാലാണ്. വീണ്ടും വീണ്ടും അങ്ങത് ചോദിച്ചുകൊണ്ടേയിരിക്കുന്നതു. സർവ്വാത്മനാ ഭഗവദ്ഭക്തന്മാർ അവിടുത്തെ കഥാമൃതത്തെ കേട്ടുകൊണ്ടിരിക്കുന്നവരാണെങ്കിലും സാരഗ്രാഹികളായ അവർക്ക് ആ സത്കഥ, കാമുകന്മാർക്ക് സ്ത്രീജനങ്ങളുടെ കഥ എന്നതുപോലെ എപ്പോഴും പ്രിയമാണെന്നുള്ളത് തികച്ചും സ്വാഭാവികം മാത്രമാണ്. ഹേ രാജൻ!, അങ്ങിത് ശ്രദ്ധയോടെയിരിന്ന് കേട്ടുകൊള്ളുക. ഭഗവാന്റെ ലീലകൾ അതീവരഹസ്യമാണ്. എങ്കിലും ഞാൻ അവയെല്ലാം അങ്ങേയ്ക്കുവേണ്ടി പറഞ്ഞുകൊള്ളാം. കാരണം, സ്നേഹനിധിയായ ഒരു ശിഷ്യന് ഗോപ്യമായതുപോലും ചൊല്ലിക്കൊടുക്കാതിരിക്കുവാൻ ഉത്തമനായ ഒരു ഗുരുനാഥന് കഴിയുകയില്ല.
 
രാജൻ!, അങ്ങനെ അഘാസുരന്റെ മുഖമാകുന്ന ആ മരണക്കുടുക്കിൽനിന്നും ആ പൈക്കിടാങ്ങളേയും ഗോപാലന്മാരേയും രക്ഷിച്ചെടുത്ത് ശ്രീകൃഷ്ണഭഗവാൻ അവരെ യമുനാനദീതീരത്തിലേക്ക് കൊണ്ടുപോയിട്ട് അവരോട് ഇങ്ങനെ പറഞ്ഞു: “അല്ലയോ കൂട്ടുകാരേ!, അത്യാശ്ചര്യമായിരിക്കുന്നു. ഈ മണൽത്തിട്ട് നോക്കൂ. അതിരമണീയമായിരിക്കുന്നു. നമുക്കുല്ലസിക്കുവാനുള്ള സകല സൌകര്യങ്ങളും ഇവിടെയുണ്ട്. എത്ര മൃദുലമായ മണൽത്തരികളാണിത്!. വിരിഞ്ഞുനിൽക്കുന്ന ഈ താമരപ്പൂക്കളുടെ നറുമണത്താൽ ആകർഷിക്കപ്പെട്ട് വണ്ടുകളും പക്ഷികളും ഇവിടേയ്ക്കെത്തുന്നു. അവയുടെ ശബ്ദങ്ങൾ അതാ മറ്റൊലി കൊള്ളുന്നു. അതിൽ പരിലസിച്ചുനിൽക്കുന്ന ഈ മരങ്ങൾ എത്ര സുന്ദരമാണ് കാണാൻ!. എല്ലാവരും വിശന്നുതളർന്നിട്ടുണ്ടാകുമല്ലോ!. നമുക്കിനി ഇവിടെയിരുന്ന് ഭക്ഷണം കഴിക്കാം. പശുക്കൾ വെള്ളം കുടിച്ച് ഇവിടെയടുത്തെങ്ങാനും നിന്ന് പുല്ല് മേഞ്ഞുകൊള്ളട്ടെ!.“

രാജാവേ!, ഭഗവാൻ ഇപ്രകാരം പറഞ്ഞപ്പോൾ “എന്നാൽ അങ്ങനെയാകട്ടെ“ എന്ന് ഗോപാലന്മാരും പറഞ്ഞു. പിന്നീട്, പശുക്കളെ വെള്ളം കുടിപ്പിച്ച് അടുത്ത് മേയാൻ വിട്ടതിനുശേഷം അവർ തങ്ങളുടെ ഭക്ഷണപ്പൊതി തുറന്ന് ഭഗവാനോടൊത്തിരുന്ന് ഭക്ഷണം കഴിച്ചു. ഒരു താമരപ്പൂവിന്റെ കേസരത്തിനുചുറ്റുമുള്ള ഇതളുകൾ പോലെ, ഭഗവാനുചുറ്റുമിരുന്ന് ഭക്ഷണം കഴിക്കുന്ന അവർ പരിശോഭിച്ചു. അവർ ഓരോരുത്തരും ഇലകൾ, പൂക്കൾ, തളിരുകൾ, മുളകൾ, കായ്കൾ, മരത്തൊലികൾ, കല്ലുകൾ എന്നീ വസ്തുക്കളെക്കൊണ്ട് ഭോജനപാത്രങ്ങൾ നിർമ്മിച്ച് അതിൽ ഭക്ഷണം വിളമ്പി കഴിച്ചു. അവർ തങ്ങളുടെ ഭക്ഷണപാദാർത്ഥങ്ങൾ പരസ്പരം ഭാഗം ചെയ്ത് ഭഗവാനോടൊപ്പം ആനന്ദിച്ച് അത് ആസ്വദിച്ചു. അ സമയം, ഓടക്കുഴൽ അരയിൽ തിരുകി, കൊമ്പും കാലിക്കോലും കക്ഷത്തിലിറുക്കി, ഇടതുകയ്യിൽ തൈർ കൂട്ടിക്കുഴച്ച ചോറും, വിരലുകൾക്കിടയിലായി ഉപ്പേരിയും മറ്റും പിടിച്ച് ആ ഗോപകുമാരന്മാരുടെ ഇടയിലിരുന്നുകൊണ്ട്, ഓരോരോ തമാശകൾ പറഞ്ഞ് ചിരിച്ചും അവരെ ചിരിപ്പിച്ചും, സ്വർഗ്ഗലോകവാസികൾ നോക്കിനിൽക്കേ, യജ്ഞഭുക്കായ ഭഗവാൻ ശ്രീകൃഷ്ണൻ ഊണ് കഴിച്ചു. അല്ലയോ ഭരതവംശജാ!, ഇങ്ങനെ ആ ഗോപബാലന്മാർ ഭഗവാനിൽ രമിച്ചിരിക്കുന്ന സമയത്ത്, പൈക്കിടാങ്ങൾ പുല്ലുതിന്നാനുള്ള ആഗ്രഹത്തോടുകൂടി അങ്ങ് നടുക്കാട്ടിലേക്ക് പോയി. അക്കാര്യം തിരിച്ചറിഞ്ഞ കുട്ടികൾ ഭയന്നുപോയതായി ഭയത്തിന് ഭയരൂപനായ ഭഗവാൻ മനസ്സിലാക്കി അവരോട് ഇപ്രകരം പറഞ്ഞു: “ചങ്ങാതിമാരേ!, നിങ്ങൾ ശാന്താരായി ഇരുന്ന് ഭക്ഷണം കഴിച്ചുകൊള്ളുക. ഞാൻ പോയി പൈക്കിടാങ്ങളുമായി ഉടൻ തിരിച്ചുവരാം.“ ഇങ്ങനെ പറഞ്ഞുകൊണ്ട് ഭഗവാൻ കയ്യിൽ ചോറുരുളയുമെടുത്ത് തന്റെ പശുക്കുട്ടികളേയും തിരഞ്ഞ് മലകളിലും ഗുഹകളിലും വള്ളിക്കുടിലുകളിലും മലയിടുക്കുകളിലുമൊക്കെ നടന്നുനീങ്ങി. 

അല്ലയോ കുരുശ്രേഷ്ഠാ!, സർവ്വശക്തനായ ഭഗവാൻ അഘാസുരനെ വധിച്ച് അവന് മോക്ഷം കൊടുക്കുന്ന കാഴ്ച്ച ബ്രഹ്മദേവൻ മുമ്പ് കണ്ടാനാന്ദിക്കുകയായിരുന്നു. അത്യാശ്ചര്യപൂർവ്വം ആ ലീലകൾ കണ്ട വിധാതാവ് വീണ്ടും മായാമാനുഷനായി ബാലരൂപം ധരിച്ച ഭഗവാന്റെ അത്ഭുതലീലകൾ കാണുവാനായി അവിടെയുണ്ടായിരുന്ന പശുക്കിടാങ്ങളേയും അവയെ മേച്ചുകൊണ്ടിരുന്ന ഗോപകുമാരന്മാരേയും ആ ദിക്കിൽനിന്നും മറ്റൊരിടത്തേയ്ക്ക് മാറ്റി സ്വയം അപ്രത്യക്ഷനായി. പശുക്കുട്ടികളെ കണ്ടെടുക്കാൻ കഴിയാതെ ഭഗവാൻ തിരികെ വന്നു. മണൽത്തിട്ടിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്ന ഗോപാലന്മാരെ കൂടി കാണാതായപ്പോൾ ഭഗവാൻ അവരെയും പശുക്കിടാങ്ങളേയും അന്വേഷിച്ച് വീണ്ടും തിരച്ചിൽ തുടങ്ങി. എങ്ങും അവരെ കാണാതായപ്പോൾ ഇതെല്ലാം ബ്രഹ്മാവിന്റെ പ്രവൃത്തിയാണെന്ന് ഉടൻതന്നെ ഭഗവാൻ മനസ്സിലാക്കി. ബ്രഹ്മദേവനെയും ഗോപാലന്മാരുടെ മാതാക്കളേയും ആനന്ദിപ്പിക്കുന്നതിനായി ഈരേഴുപതിനാലുലോകങ്ങളും സൃഷ്ടിച്ച് അവയെ കാത്തുപോരുന്ന ഭഗവാൻ സ്വയംതന്നെ കാണാതായ ആ പശുക്കളായും പശുപാലന്മാരായും മാറി. എത്രതന്നെ പശുക്കളും ഗോപന്മാരും അവിടെയുണ്ടായിരുന്നുവോ, അവരുടെയൊക്കെ ശരീരങ്ങൾ ഏതുവിധമായിരുന്നുവോ, അവരുടെ പക്കലുണ്ടായിരുന്ന വസ്തുക്കൾ ഒക്കൊ എങ്ങനെയൊക്കെയായിരുന്നുവോ, അവർ അണിഞ്ഞിരുന്ന ആഭരണാദികൾ ഏതുവിധമായിരുന്നുവോ, അവരുടെ ശീലങ്ങളും ആകൃതികളും പ്രായവ്യത്യാസങ്ങളുമൊക്കെ എപ്രകാരമായിരുന്നുവോ, അവരുടെ കളികളും മറ്റുള്ള പ്രവൃത്തികളും എങ്ങനെയൊക്കെയായിരുന്നുവോ, അപ്രകാരമെല്ലാമനുസരിച്ച് എല്ലാറ്റിന്റേയും രൂപങ്ങൾ ധരിച്ചുകൊണ്ട് “സർവ്വം വിഷ്ണുമയം ജഗത്“ എന്ന വേദവാക്യത്തിന്റെ മൂർത്തീകരണമെന്നോണം ഭഗവാൻ പരിലസിച്ചു. സർവ്വാത്മാവായ ഭഗവാൻ, താനാകുന്ന പശുക്കുട്ടികളെ, താനാകുന്ന ഗോപബാലന്മാരാൽ തടുത്താട്ടിച്ചുകൊണ്ട്, താനാകുന്ന ലീലകളാൽ വിലസിക്കൊണ്ടും ഗോകുലത്തിലേക്ക് പോയി. 

രാജൻ!, ഭഗവാൻ സ്വയം അതാത് പശുക്കുട്ടികളായും ഗോപാലന്മാരായും അതാത് തൊഴുത്തുകളിലും വീടുകളിലുമായി പ്രവേശിച്ചു. വേണുനാദം കേട്ടയുടനെ ഓരോ അമ്മമാരും തങ്ങളുടെ മക്കളെ എടുത്തുപൊക്കി ഗാഢമായി ആലിംഗനം ചെയ്ത ശേഷം, അമൃത് പോലെ രുചികരമായതും സ്നേഹത്തിന്റെ കുളുർമ്മയുറ്റതുമായ മുലപ്പാൽ കുടിപ്പിച്ചു. വൈകുന്നേരം തിരിച്ചെത്തിയ ഭഗവാനെ ഓരോ അമ്മമാരും കുളിപ്പിച്ച്, കളഭം പൂശി, വസ്ത്രഭൂഷണാദികൾ ധരിപ്പിച്ച്, രക്ഷാകരണം ചെയ്ത്, പൊട്ടുതൊടീച്ച്, ഭക്ഷണം നൽകി പരിചരിച്ചു. തൊഴുത്തിൽ തിരിച്ചെത്തിയ തങ്ങളുടെ കിടാങ്ങളെ പശുത്തള്ളമാർ നക്കിത്തുടച്ച് തങ്ങളുടെ അകിടിൽ ചുരന്നിരിക്കുന്ന പാൽ കുടിപ്പിച്ചു. ഗോക്കൾക്കും ഗോപികമാർക്കും പുത്രനായി ഭവിച്ചിരിക്കുന്ന ശ്രീകൃഷ്ണനിൽ അവർക്ക് തങ്ങളുടെ പൂർവ്വസന്താനങ്ങളിലെന്നപോലെതന്നെ മാതൃത്വബുദ്ധി തോന്നി. അതുപോലെതന്നെ ഭഗവാനും അവരിൽ പുത്രഭാവനയുണ്ടായി. എന്നാൽ “ഇവൾ എന്റെ അമ്മ“, “ഞാൻ ഇവളുടെ മകൻ“ എന്ന മായാബന്ധം അവിടെയുണ്ടായിരുന്നില്ല. അങ്ങനെ ഒരു സംവത്സരം വരെ അവർ ഭഗവാനെ സ്വന്തം മക്കളുടെ സ്ഥാനത്തുകണ്ട് സ്നേഹിച്ചു. മാത്രമല്ല, അത് നാൾതോറും വർദ്ധിച്ചുവരികയും ചെയ്തു. ഇപ്രകാരം, ഭഗവാൻ സ്വയം പശുക്കുട്ടികളായും ഗോപബാലന്മാരായും ചമഞ്ഞ്, സ്വയം അവരെ നയിച്ചുകൊണ്ട് ഒരു വർഷം വരെ വനത്തിലും വ്രജത്തിലും വ്യാജമായി വിഹരിച്ചു. 

പിന്നീട് ആ ഒരു വർഷം തികയുവാൻ അഞ്ചോ ആറോ ദിവസം ബാക്കി നിൽക്കുന്ന ഒരു സമയത്ത് ഭഗവാൻ ബലരാമദേവനോടൊപ്പം, താനാകുന്ന പൈക്കിടാങ്ങളേയും ഗോപബാലന്മാരേയും കൂട്ടി വനത്തിലേക്ക് പുറപ്പെട്ടു. അന്ന് ഗോവർദ്ധനപർവ്വതത്തിനു മുകളിൽ മേഞ്ഞുനടന്നിരുന്ന പശുക്കൾ അങ്ങകലെയായി ഗോകുലത്തിനടുത്ത് പുല്ലു മേഞ്ഞുകൊണ്ടിരുന്ന പശുക്കുട്ടികളെ കാണാനിടയായി. ഉടൻതന്നെ അവ തങ്ങളെയും മറന്ന്, തങ്ങളെ മേയ്ക്കുന്നവരെ വകവയ്ക്കാതെ, കഴുത്തും മുഖവും വാലുമെല്ലാം ഉയർത്തിപ്പിടിച്ചുകൊണ്ട്, ഇരുകാലികൾ എന്ന് തോന്നിക്കുമ്പോലെ, ഹുംകാരശബ്ദത്തോടുകൂടി, ദുർഘടങ്ങളായ വഴികളിലൂടെ ഓടി അവിടേയ്ക്കെത്തി. പശുക്കുട്ടികളെ വിഴുങ്ങുമോ എന്ന് തോന്നിക്കും വിധം ആർത്തിയോടെ അവയെ അവ നക്കിത്തുടച്ചു, തുടർന്ന്, സ്വന്തം അകിടുകളിൽനിന്നും ചുരന്നൊഴുക്കുന്ന പാൽ കുടിപ്പിച്ചു. ഗോപന്മാർ അവയെ തടയുവാൻ ശ്രമിച്ചെങ്കിലും അവർക്കത് സാധിക്കാതെ വന്നു. അതിനാൽ അവർക്കുണ്ടായ വർദ്ധിച്ച നാണത്തോടും കോപത്തോടും അവർ വളരെയധികം ബുദ്ധിമുട്ടി അവിടേയ്ക്കോടിയടുത്തു. അപ്പോൾ അവർക്കവിടെ ആ പശുക്കുട്ടികൾക്കൊപ്പം സ്വപുത്രന്മാരേയും കാണാൻ കഴിഞ്ഞു. അവർ ഗോപബാലന്മാരെ കണ്ടയുടൻ ഹൃദയം പ്രേമരസത്താൽ പൂരിതമായി. മുൻപ് തോന്നിയ നീരസം അകന്ന് അവർ ആ ബാലന്മാരെ ഇരുകൈകൾകൊണ്ടും വാരിയെടുത്ത് മുറുകെ പുണർന്നു. നെറുകയിൽ പലവട്ടം ചുംബിച്ച്കൊണ്ട് അവർ പരമാനന്ദത്തെ പ്രാപിച്ചു. പിന്നീട് അവരെത്തന്നെ ഓർത്തുകൊണ്ട് അവർ വിഷമത്തോടെ കണ്ണീരൊഴുക്കിക്കൊണ്ട് അവിടം വിട്ടുപോയി. 

ഗോകുലത്തിലെ ഗോക്കൾക്കും ഗോപികമാർക്കും മുലകുടി മാറിയ കുട്ടികളിൽ പോലും ഇങ്ങനെ എന്നെന്നും വർദ്ധിച്ചുവരുന്ന ഈ പ്രേമാധിക്യത്തിന്റെ കാരണം എന്തെന്നറിയാതെ ബലരാമൻ ഒരിക്കൽ ചിന്തിച്ചു. “താനുൾപ്പെടെയുള്ള ഗോകുലവാസികൾക്ക് ഭഗവാനിലെന്നോണം ഈ കുട്ടികളിൽ വർദ്ധിവരുന്ന ഈ സ്നേഹത്തിന്റെ കാരണമെന്തായിരിക്കാം! ഇത് വളരെ അത്ഭുതമായിരിക്കുന്നു. ഇതെന്ത് മായയാണ്?.. ഇതെവിടെനിന്ന് വരുന്നു? ഇത് ദേവന്മാരുടേയോ മനുഷ്യരുടേയോ അഥവാ അസുരന്മാരുടേയോ?... തീർച്ചയായും ഇത് മായാമയനായ ശ്രീഹരിയുടെതന്നെ മായായാകാനാണ് സാധ്യത. കാരണം, എന്നെ കൂടി അത് മോഹിപ്പിക്കുന്നു.“

രാജാവേ!, തുടർന്ന് ബലരാമൻ തന്റെ ജ്ഞാനമയമായ ഉൾക്കണ്ണുകൊണ്ട് പൈക്കിടാങ്ങളേയും ഗോപബാലന്മാരേയും ഒരുനിമിഷം ഭഗവാനായിട്ട് ദർശിച്ചു. “ഭഗവാനേ!, ഇവർ ദേവന്മാരോ ഋഷികളോ ആണെന്ന് ഞാൻ കരുതുന്നില്ല. എല്ലാറ്റിലും എനിക്ക് അങ്ങയെ മാത്രമാണ് കാണാൻ സാധിക്കുന്നത്. ആയതിനാൽ ഈ ലീല അങ്ങ് എന്തിനുവേണ്ടി ആടുന്നു“ എന്ന് ചോദിച്ച് ബലരാമദേവൻ പിന്നീട് ഭഗവാനിൽനിന്നുതന്നെ അതിന്റെ പൊരുൾ മനസ്സിലാക്കി. 

തന്റെ സമയക്കണക്കനുസരിച്ച് ഒരു ത്രുടി നേരം കഴിഞ്ഞതോടെ ബ്രഹ്മദേവൻ അവിടെ തിരിച്ചെത്തുകയും ഒരു വർഷമായി എല്ലാ സ്വരൂപത്തോടെയും അവിടെ വിഹരിക്കുകയായിരുന്ന ശ്രീഹരിയെ കാണുകയും ചെയ്തു. ഗോകുലത്തിൽ എത്രത്തോളം പൈക്കിടാങ്ങളും ഗോപന്മാരുമുണ്ടായിരുന്നുവോ, അവരെല്ലാം ഇന്നും എന്റെ മായാശയ്യയിൽ കിടന്നുറങ്ങുകയാണ്. ഇപ്പോഴും അവർ ഉണർന്നിട്ടില്ല. എന്നാൽ അവരെല്ലാം ഇവിടെത്തന്നെയുണ്ടുതാനും. കൃഷ്ണനോടുകൂടി ഈ വിഹരിക്കുന്നവർ പിന്നെ ആരാണ്?.. ഇവർ എവിടെനിന്ന് വന്നവരാണ്?... എത്രകണ്ടാലോചിച്ചിട്ടും വിധാതാവിന് ഇതിൽ യഥാർഥമായുള്ളവർ ആരാണെന്നറിയാൻ കഴിഞ്ഞില്ല. രാജൻ! ഇങ്ങനെ, മോഹരഹിതനും ഈ ലോകത്തെതന്നെ മോഹിപ്പിക്കുന്നവനുമായ ഭഗവാനെ മോഹിപ്പിക്കുവാൻ മോഹിച്ച് പുറപ്പെട്ട ബ്രഹ്മദേവൻ സ്വന്തം മായായയാൽതന്നെ മോഹിതനാകുക മാത്രമാണ് ചെയ്തതു. ബ്രഹ്മദേവന്റെ ഈ പ്രവൃത്തി, ഇരുളടഞ്ഞ രാത്രിയിൽ മൂടൽമഞ്ഞുണ്ടാക്കുന്ന ഇരുട്ട് പോലെയും, അഥവാ, പകൽ വെളിച്ചത്തിൽ മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം പോലെയും ആയിപ്പോയി. ഇങ്ങനെ മഹാപുരുഷനെ മോഹിപ്പിക്കാൻ ശ്രമിക്കുന്നവനിലെ മായ അവന്റെയുള്ളിലിരിക്കുന്ന ഈശ്വരശക്തിയെ ക്ഷയിപ്പിക്കുന്നു.  

രാജൻ!, ആ സമയത്ത്, ബ്രഹ്മദേവൻ നോക്കിനിൽക്കെത്തന്നെ ആ ഗോക്കിടാങ്ങളും ഗോപാലബാലന്മാരും ശ്യാമനിറം പൂണ്ട് മഞ്ഞപ്പട്ടാട ചാർത്തി വെവ്വേറെ കാണപ്പെട്ടു. അവർ ഓരോരുത്തരും നാല് കൈകളുള്ളവരായിരുന്നു. ആ നാല് തൃക്കരങ്ങൾതോറും ശംഖം, ചക്രം, ഗദ, പത്മം എന്നിവ ധരിച്ചിരുന്നു. അവർ കിരീടങ്ങളും മകരകുണ്ഡലങ്ങളും മുത്തുമാലകളും വനമാലകളും ധരിച്ചിരുന്നവരായിരുന്നു. ശ്രീവത്സത്തിന്റെ ശോഭയിൽ അവരുടെ തോൾവളകൾ തിളങ്ങി. അവരുടെ കൈകളിൽ ശംഖിലെ മൂന്ന് വരകൾ ഉള്ളതും രത്നമയങ്ങളുമായ വളകളണിഞ്ഞിരുന്നു. ചിലമ്പും, കടകങ്ങളും, ഉദരബന്ധങ്ങളും മോതിരങ്ങളും ഒക്കെ ചേർന്ന് അവരെ അത്യധികം പ്രശോഭിപ്പിച്ചു. അവരുടെ ശരീരങ്ങൾ ആപാദചൂഡം മഹാപുണ്യശാലികളാൽ അർപ്പിക്കപ്പെട്ട കോമളങ്ങളായ തുളസിമാലകളാൽ ചാർത്തപ്പെട്ടിരുന്നു. ചുവന്ന കടക്കണ്ണിനാൽ നോട്ടമെയ്തുകൊണ്ടിരിക്കുന്ന, അതുപോലെ വെണ്ണിലാവ് പോലെ തെളിവാർന്ന മന്ദഹാസങ്ങൾ വിരിയിച്ചുനിൽക്കുന്ന അവരെ കണ്ടാൽ, രജോഗുണത്താലും സത്വഗുണത്താലും തങ്ങളുടെ ഭക്തന്മാർക്കുള്ള അഭീഷ്ടങ്ങളെ സാധിക്കുന്നവരായും അവരെ പരിരക്ഷിക്കുന്നവരായും തോന്നുമായിരുന്നു. അങ്ങ് ബ്രഹ്മദേവൻ മുതൽ ഇങ്ങ് പുൽക്കൊടിത്തുമ്പുകൾ വരെയുള്ള സ്ഥാവരജംഗമങ്ങളുടെ നൃത്തം, ഗീതം മുതലായവകളാൽ ഉപാസിക്കപ്പെട്ടവരായിരുന്നു അവർ. അവരെ അണിമാദി ഐശ്യര്യങ്ങളും, മായ മുതലായ ശക്തികളും, മഹത് മൂതലായ ഇരുപത്തിനാല് തത്വങ്ങളും ചുറ്റിനിന്നു. അവർ കാലം, സ്വഭാവം, സംസ്കാരം, കാമം, കർമ്മം, ഗുണങ്ങൾ മുതലായവയാൽ ഉപാസിക്കപ്പെട്ടവരായിരുന്നു. അവർ പരമാർത്ഥസ്വരൂപമായ, ചൈതന്യവത്തായ, അനന്താനന്ദസ്വരൂപമായ, ഏകരൂപമായ സാക്ഷാൽ പരബ്രഹ്മത്തിന്റെ സ്വരൂപമുള്ളവരായിരുന്നു. കൂടാതെ, വേദാന്തികൾക്കുപോലും പിടികിട്ടാത്ത മഹിമയോടുകൂടിയവരുമായിരുന്നു. ഇതിനെ, അല്ലയോ രാജാവേ!, ആശ്ചര്യമെന്നല്ലാതെ എന്ത് വിളിക്കാൻ!... 

ഇങ്ങനെ, സകല സ്ഥാവരജംഗമങ്ങളും പ്രാകാശിക്കുന്നത് ആരുടെ വെളിച്ചത്താലാണോ, അതേ പ്രകാശത്തോടുകൂടി എല്ലാവരേയും ബ്രഹ്മദേവൻ അവിടെ ഒരേ സമയം കണ്ടു. അവരുടെ കാന്തിയാൽ വിധാതാവ് നിലയ്ക്കപ്പെട്ട സകല ഇന്ദ്രിയങ്ങളോടൊപ്പം തികച്ചും നിശ്ചലനായിത്തീർന്നു. അത്യാശ്ചര്യത്തോടെ ഒരു പാവപോലെ മിണ്ടാതെ നിന്നു. രാജാവേ!, ബുദ്ധിക്ക് അഗ്രാഹ്യമായ, അസാമാന്യമായ മഹിമയോടുകൂടിയ, സ്വയംജ്യോതിസ്വരൂപമായ, പ്രകൃതിക്കതീതനായ,  വേദാന്തവാക്യങ്ങളാൽ വേർതിരിച്ചറിയേണ്ടവനായ, ആ ശ്രീകൃഷ്ണപരമാത്മാവിനെ കണ്ടശേഷം ബ്രഹ്മദേവൻ, “ഇതെന്തൊരാശ്ചര്യം“ എന്നോർത്ത് മോഹിക്കുകയും, ഒന്നുംതന്നെ കാണാൻ കഴിയാത്തവനായിത്തീരുകയും ചെയ്തു. ആ സമയത്ത്, ബ്രഹ്മാവിനുണ്ടായ ക്ലേശത്തെ മനസ്സിലറിഞ്ഞ് ഭഗവാകട്ടെ മായയാകുന്ന മറയെ നീക്കം ചെയ്തു. അതിനുശേഷം, ബ്രഹ്മദേവന് ബാഹ്യബോധം വീണ്ടുകിട്ടുകയും, തുടർന്ന്, എപ്രകാരമാണൊ മരിച്ചവൻ എഴുന്നേറ്റുവരുന്നത്, അപ്രകാരം വളരെ പ്രയാസപ്പെട്ട് കൺകളെല്ലാം തുറന്നുപിടിച്ച് തന്നോടുകൂടിയുള്ള ഈ ലോകത്തെ ദർശിച്ചു. ഉടൻതന്നെ അദ്ദേഹം ചുറ്റുപാടും കണ്ണോടിച്ചു. എങ്ങെങ്ങും ജനങ്ങൾക്ക് പ്രിയപ്പെട്ടതെല്ലാം നൽകുന്ന വൃന്ദാവനത്തിലാണ് താൻ നിൽക്കുന്നതെന്ന് മനസ്സിലാക്കി. ആ വൃന്ദാവനത്തിൽ ജന്മനാ ശത്രുക്കളായുള്ള മനുഷ്യരും മൃഗങ്ങളും ചങ്ങാതികളെപ്പോലെയായിരുന്നു കഴിഞ്ഞിരുന്നത്. അവിടം ശ്രീകൃഷ്ണഭഗവാന്റെ സാന്നിധ്യത്തിൽ ക്രോധലോഭാദികൾ അകന്ന സ്ഥലമായിരുന്നു. 

രാജൻ!, അങ്ങനെ ബ്രഹ്മദേവൻ നോക്കുമ്പോൾ, ഒരു ഗോപാലകവേഷത്തിൽ മുന്നേപോലെ കയ്യിൽ ചോറ്റുരുളയുമായി നാലുപാടും പശുക്കുട്ടികളേയും തന്റെ ചങ്ങാതിമാരേയും തേടിനടക്കുന്നവനെപ്പോലെ, അദ്വയനായ, സകലതിനും പരനായ, അഗാധബോധത്തിന്റെ സ്വരൂപത്തോടുകൂടിയ കേവലബ്രഹ്മത്തെ അദ്ദേഹത്തിന് കാണാൻ കഴിഞ്ഞു. ഉടൻതന്നെ വിധാതാവ് തന്റെ വാഹനത്തിൽനിന്നും താഴത്തിറങ്ങി. നിലത്ത് ഒരു കനകദണ്ഢം പോലെ വീണുനമസ്കരിച്ചു. നാല് കിരീടങ്ങളുടെയും അഗ്രഭാഗങ്ങൾ ഭഗവദ്പാദത്തിൽ സ്പർശിച്ചു. ആ പാദങ്ങളെ സന്തോഷാശ്രുക്കളാകുന്ന നിർമ്മലജലത്താൽ അഭിഷേകം ചെയ്തു. മുൻപ് താൻ കണ്ടറിഞ്ഞ മഹിമയെ ഓർത്തോർത്ത് ആ തൃക്കാൽക്കൽ വീണും എഴുന്നേറ്റും വീണും എഴുന്നേറ്റും നമസ്കരിച്ചുകൊണ്ടേയിരുന്നു. പിന്നീട് എഴുന്നേറ്റ് കണ്ണുകൾ രണ്ടും തുടച്ച്, തലതാഴ്ത്തി, കൈ കൂപ്പി, വിനയാന്വിതനായി, വിറയൽ പൂണ്ട്, അടങ്ങിയ മനസ്സോടുകൂടി, ഇടറുന്ന വാക്കുകളാൽ, ആ മുക്തിദാതാവിനെ സ്തുതിച്ചു."

ശ്രീമദ് ഭാഗവതം ദശമസ്കന്ധം പതിമൂന്നാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്