ശ്രീമദ് ഭാഗവതം – ദശമസ്കന്ധം - അദ്ധ്യായം – 14
ബ്രഹ്മാവിന്റെ ശ്രീകൃഷ്ണസ്തുതി
ഭഗവാനേ!, ആ നാരായണരൂപം കാരണജലത്തിൽ സ്ഥിതി ചെയ്യുന്നുവെന്നുള്ളത് സത്യമാണെങ്കിൽ, ഞാൻ അന്ന് അവിടുത്തെ നാഭീകമലത്തിന്റെ നാളം വഴി ഉള്ളിലേക്കൂർന്നിറങ്ങി അന്വേഷിച്ചപ്പോൾ എന്തുകൊണ്ട് എനിക്ക് കാണപ്പെട്ടില്ല?, പിന്നീട് ഞാൻ തപം ചെയ്തപ്പോൾ അടിയന്റെ ഹൃദയത്തിൽത്തന്നെ എങ്ങനെ ഞാൻ അത് തെളിഞ്ഞുകണ്ടു? ഉടൻതന്നെ എന്തുകൊണ്ട് വീണ്ടും ആ രൂപം അപ്രത്യക്ഷമായി?.. അങ്ങയുടെ ഈ അവതാരത്തിൽത്തന്നെ ഇക്കാണുന്ന സകല ദൃശ്യപ്രപഞ്ചവും അങ്ങ് ദേവി യശോദയ്ക്ക് പണ്ട് അങ്ങയുടെ ഉദരാന്തർഭാഗത്തിൽത്തന്നെ കാട്ടിക്കൊടുത്തിരുന്നു. നിന്തിരുവടിയുടെ ഉദരത്തിനുള്ളിൽ അവിടുത്തോടൊപ്പം കാണപ്പെടുന്ന ഇക്കാണായ പ്രപഞ്ചമെല്ലാം എപ്രകാരം ശോഭിക്കുന്നുവോ, അപ്രകാരംതന്നെ അവയെല്ലം വെളിയിലും ശോഭിക്കുന്നു. അങ്ങനെ നോക്കുമ്പോൾ ഇതെല്ലാം നിന്തിരുവടിയുടെ മായയല്ലാതെന്താകുന്നു?.. ഇപ്പോൾത്തന്നെ അവിടുത്തെ മായാതത്വം അവിടുന്നുതന്നെ അടിയന് കാട്ടിത്തന്നില്ലേ?. ആദ്യം നിന്തിരുവടി മാത്രമായിരുന്നു. പിന്നീട്, ഗോകുലത്തിലെ ഗോപബാലന്മാരായും, ഗോവത്സങ്ങളായും, എന്തിനുപറയാൻ, കാലിക്കോൽ, പുല്ലാങ്കുഴൽ മുതലായ സകല വസ്തുക്കളായും അങ്ങ് പ്രത്യക്ഷനായി. അനന്തരം അവയെല്ലാം നാല് തൃക്കരങ്ങളോടുകൂടിയവയായും ഞാൻ കണ്ടു. പിന്നീട് ഞാനടക്കമുള്ളവരെല്ലാം ചേർന്ന് അങ്ങയെ ഉപാസിക്കുന്നതായി ഞാൻ കണ്ടറിഞ്ഞു. ആയതിനാൽ, അപരിച്ഛിന്നവും അദ്വയവുമായ ബ്രഹ്മം ഒന്നുമാത്രമേയുള്ളുവെന്ന് അടിയൻ മനസ്സിലാക്കുന്നു. നിന്തിരുവടിയുടെ പരമാർത്ഥത്തെ അറിയാത്തവർക്ക് അങ്ങിവിടെ പ്രകൃതിയിൽ നിലകൊണ്ടുകൊണ്ട് സ്വയം മൂന്നായി പിരിഞ്ഞ് സൃഷ്ടിയ്ക്കുവേണ്ടി ഞാനായും, രക്ഷയ്ക്കുവേണ്ടി ഈ കാണുന്ന രൂപത്തോടും, അതുപോലെ സംഹാരത്തിനായി രുദ്രനായും വർത്തിക്കുന്നതുപോലെ കണ്ടറിയുന്നു. ഹേ ഈശ്വരാ!, ദേവന്മാരിലും മനുഷ്യന്മാരിലും മൃഗങ്ങളിലും മറ്റ് സകലചരാചരങ്ങളിലൂടെയും അങ്ങ് സ്വീകരിക്കുന്ന എല്ല അവതാരാങ്ങളും ഇവിടെ ദുഷ്ടജനനിഗ്രഹത്തിനായും ശിഷ്ടജനപരിപാലനത്തിനായും ഉള്ളതാകുന്നു. അങ്ങനെ എങ്ങും നിറഞ്ഞവനായ അങ്ങ് സ്വമായയാൽ സദാ ക്രീഡിച്ചുകൊണ്ടേയിരിക്കുന്നു. ആ ലീലകൾ എവിടെയാണെന്നോ, എപ്രകാരമാണെന്നോ, എപ്പോഴാണെന്നോ, എത്രയാണെന്നോ, ആർക്കുംതന്നെ ഗ്രഹിക്കുവാൻ കഴിയുന്നില്ല. സ്വപ്നതുല്യമായതും ദുഃഖമയമായതുമായ ഈ പ്രപഞ്ചം മായയാൽ രചിക്കപ്പെട്ടതാണെങ്കിലും അത് സത്യസ്വരൂപനായ അങ്ങയിൽ നിലകൊള്ളുന്നതിനാൽ അത് എന്നെന്നും പരമാർത്ഥമെന്നതുപോലെ തോന്നപ്പെടുന്നു. ഇവിടെ നിത്യസത്യമായത് യാതൊന്നുണ്ടോ അത് അങ്ങ് മാത്രമാകുന്നു. യാതൊരുവനാണോ ഇപ്രകാരമുള്ള അവിടുത്തെ പരമാത്മതത്വത്തെ ആചാര്യാനുഗ്രഹത്താൽ ഉള്ളവണ്ണം അറിയുന്നതു, അവൻ സ്വപ്നതുല്യവും യഥാർത്ഥത്തിൽ ഇല്ലാത്തതുമായ ഈ സംസാരത്തെ കടക്കുന്നു. ആത്മതത്വത്തെ മനസ്സിലാക്കാത്തവർക്ക് ഇവിടെ മായാമയമായ പ്രപഞ്ചം ഉള്ളതുപോലെ തോന്നുന്നു. എന്നാൽ കയറിൻ കഷണത്തിൽ കണ്ട സർപ്പം പ്രകാശമുദിക്കുമ്പോൾ അപ്രത്യക്ഷമാകുന്നതുപോലെ ആത്മജ്ഞാനികൾക്ക് ജ്ഞാനോദയത്താൽ അജ്ഞാനകാര്യമായ ഈ പ്രപഞ്ചം വീണ്ടും മറഞ്ഞുപോകുന്നു.
സംസാരത്തിലുള്ള ബന്ധവും മോക്ഷവുമെല്ലാം കേവലം അജ്ഞാനത്താൽ തോന്നുന്ന ഭ്രമങ്ങൾ മാത്രമാണു. എന്നാൽ നിത്യസത്യമായ ആത്മാവിനെക്കുറിച്ച് വിചിന്തനം ചെയ്യുമ്പോൾ, ആദിത്യനിൽ രാപ്പകലുകൾ എന്നതുപോലെ, ഒന്നും പരമാത്മാവിൽനിന്നും വേറിട്ടതല്ലെന്ന സത്യം ബോധ്യമാകുന്നു. അതായത് സൂര്യന് രാപ്പകലുകൾ ഇല്ലാത്തതുപോലെ, ആത്മാവ്വിന് ബന്ധന്മോക്ഷങ്ങൾ ഇല്ലെന്ന് സാരം. പരമാത്മാവായ നിന്തിരുവടിയെ ദേഹമായും, അതുപോലെ ദേഹത്തെ ആത്മാവായും ധരിച്ചുവച്ചതിനുശേഷം, ആത്മാവിനെ പുറമേ അന്വേഷിച്ചുനടക്കുന്ന മൂഢജനങ്ങളുടെ അറിവുകേട് ആശ്ചര്യംതന്നെ. വിവേകിൾ അവരുടെ ശരീരത്തിൽത്തന്നെ അങ്ങല്ലാത്തതിനെയെല്ലാം നിഷേധിച്ചുകൊണ്ട് അങ്ങയെ കണ്ടെത്തുന്നു. ആരോപിതമായ സർപ്പത്തെ നിഷേധിക്കാതെ എങ്ങനെ ഒരാൾക്ക് കയറിനെ മനസ്സിലാക്കാൻ കഴിയും?. ആത്മതത്വത്തെ അറിയുകയെന്നത് ക്ഷിപ്രസാദ്യമാണെന്ന് പറയുന്നുവെങ്കിലും,, അവിടുത്തെ തൃപ്പാദങ്ങളിൽ ഏതെങ്കിലും ഒന്നിന്റെയെങ്കിലും അനുഗ്രഹം ഉണ്ടെങ്കിൽ മാത്രമേ ആ തത്വം ഒരുവന് സാധ്യമാവുകയുള്ളൂ. അല്ലാത്തപക്ഷം ഒരുവൻ എത്രകാലം അന്വേഷണം തുടർന്നാലും അതറിയാൻ സാധ്യമല്ല. അതുകൊണ്ട്, അല്ലയോ നാഥാ!, ഈ ബ്രഹ്മജന്മത്തിലോ അഥവാ മറ്റേതെങ്കിലും പക്ഷിമൃഗാദികളുടെ ജന്മത്തിലോ ആ അറിവ് അടിയന് സാധ്യമാക്കിത്തരേണമേ!.. ആ മഹാഭാഗ്യത്താൽ ഞാൻ അങ്ങളുടെ ഭക്തന്മാർക്കിടയിൽ ജീവിച്ചുകൊണ്ട് അവിടുത്തെ പാദപത്മത്തെ സേവിച്ചുകൊള്ളാം.
ഹേ ദേവാ! മഹായാഗങ്ങൾക്ക് പോലും അങ്ങയെ തൃപ്തിപ്പെടുത്തുവാൻ കഴിയുന്നില്ല. അങ്ങനെയുള്ള നിൻതിരുവടി പശുക്കുട്ടികളുടെയും ഗോപ ബാലന്മാരുടെയും രൂപം ധരിച്ചുകൊണ്ട് ഗോകുലത്തിലെ ഗോക്കളുടെയും ഗോപികമാരുടെയും അമൃതമുലപ്പാൽ അത്യന്തം സന്തോഷത്തോടെ ആനന്ദിക്കുന്നു. എന്തൊരാശ്ചര്യം! പരമാനന്ദാത്മകനായ ഈ പരബ്രഹ്മ മൂർത്തി ഗോകുലവാസികളുടെ സമക്ഷം പ്രത്യക്ഷ ഭാവത്തിൽ നിവസിക്കുന്നു. അതെല്ലാം അവരുടെ ഭാഗ്യം എന്നല്ലാതെ എന്തു പറയാൻ! ഹേ അച്യുതാ! ഈ ഗോകുലവാസികളുടെ ഭാഗ്യം ഞങ്ങളുടെയും ഭാഗ്യം തന്നെ. എന്തെന്നാൽ രുദ്രൻ തുടങ്ങിയിട്ടുള്ള ഞങ്ങൾ 11 പേരും ഓരോ ഇന്ദ്രിയങ്ങളുടെയും അധിപന്മാരായിരുന്നുകൊണ്ട് അവരിലൂടെ നിത്യനിരന്തരമായി അവിടുത്തെ പാദരവിന്ദങ്ങളിലെ പൂന്തേനാകുന്ന അമൃതതുല്യമായ രസം പാനം ചെയ്തുകൊണ്ടേയിരിക്കുന്നു. ഈ മനുഷ്യലോകത്തിൽ, വിശേഷിച്ചും ഗോകുലത്തിൽ, ഇവരിൽ ഒരാളുടെ പാദരേണുക്കളാലുള്ള അഭിഷേകം ലഭിക്കുവാൻ ഉതകുന്ന ഏതെങ്കിലും ഒരു ജന്മം അടിയനും സിദ്ധിക്കുമാറാകട്ടെ! എന്തുകൊണ്ടെന്നാൽ, ഈ ഗോകുലവാസികൾ മഹാഭാഗ്യം സിദ്ധിച്ചവരാണ്. കാരണം, അവരുടെ ജീവിതം മുഴുവനും സർവ്വൈശ്വര്യസമ്പൂർണ്ണനും മുക്തിദാതാവുമായ നിന്തിരുവടിയാണല്ലോ!. അത് മാത്രമല്ല, ആ പാദരേണുവിനെ ആണല്ലോ വേദങ്ങളിലൂടെ ഞങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ഹേ ദേവാ! അവരുടെ സർവ്വവും നിന്തിരുവടി തന്നെയാണ്. സർവ്വസ്വവും നിന്നിൽ അർപ്പിച്ച അവർക്ക് നീയല്ലാതെ പിന്നെ എന്താണ് ഇവിടെ സ്വന്തമായുള്ളത്? ഇതെല്ലാം കണ്ട് ഞങ്ങളുടെ മനസ്സ് ഒരൊത്തും പിടിയും കിട്ടാതെ മോഹത്തിലാണ്ടിരിക്കുന്നു. എന്തിന് പറയാൻ! മാതാവിൻറെ വേഷം ചമഞ്ഞുവന്നതുകൊണ്ട് പൂതനപോലും കുടുംബത്തോടൊപ്പം നിന്തിരുവടിയെതന്നെ പ്രാപിച്ചുവല്ലോ! കൃഷ്ണ!
ഏതുകാലംവരെയും ജനങ്ങൾ അങ്ങയിൽ നിന്നും വേറിട്ട് നിൽക്കുന്നു, അത്രകാലം അവർ രാഗദ്വേഷദികൾക്ക് അടിപ്പെട്ടവരായിരിക്കും. അക്കാലം വരെയ്ക്കും വീടുകൾ അവർക്ക് തടവറയായിരിക്കും. അക്കാലം വരേയ്ക്കും മോഹം അവർക്ക് കാൽവിലങ്ങുകളായിരിക്കും. ഹേ സർവ്വശക്ത!, സകലതിനും പരനായ അങ്ങ് അങ്ങയെ പ്രാപിച്ചിരിക്കുന്ന ജനസമൂഹത്തിന് ആനന്ദത്തെ നൽകുവാനായി ഈ ഭൂലോകത്തിൽ പ്രാപഞ്ചികമായ അവസ്ഥയെതന്നെ അനുകരിക്കുന്നു. ഞങ്ങൾ അവിടുത്തെ തത്വത്തെ മനസ്സിലാക്കിയിട്ടുള്ളവരാണെന്ന് ചിലർ മനസ്സിലാക്കുന്നു. അവരെ പഴിച്ചതുകൊണ്ട് എന്ത് ഫലം! അവർ അങ്ങനെ തന്നെ കരുതിക്കോട്ടെ! എന്നാൽ നിന്തിരുവടിയുടെ മഹിമ എൻറെ മനസ്സിനും ശരീരത്തിനും വാക്കിനും വിഷയീഭവിക്കുന്നില്ല. കൃഷ്ണ!, അവിടുന്ന് എന്നെ പോകാൻ അനുവദിച്ചാലും. അങ്ങ് എല്ലാം അറിയുന്നവനാണ്. ലോകങ്ങൾക്കെല്ലാം നാഥൻ അങ്ങ് മാത്രമാണ്. ഈ ലോകം ഭവാന് സമർപ്പിക്കപ്പെട്ടിരിക്കുന്നു. കൃഷ്ണ!, പ്രളയം വരേയ്ക്കും നിത്യശുദ്ധബുദ്ധമുക്തസ്വരൂപനായ അങ്ങേയ്ക്ക് നമസ്കാരം.
ശ്രീശുകൻ പറഞ്ഞു “ഇങ്ങനെ പ്രാർത്ഥിച്ചുകൊണ്ട് ബ്രഹ്മദേവൻ ഭഗവാനെ മൂന്നുവട്ടം വലം വെച്ച് ആ തൃപ്പാദങ്ങളിൽ വീണുവണങ്ങിയതിനുശേഷം തന്റെ സ്ഥാനത്തിലേക്ക് മടങ്ങിപ്പോയി. അങ്ങനെ ഭഗവാൻ ബ്രഹ്മാവിനെ യാത്ര നൽകി അയച്ചതിനു ശേഷം മുൻപത്തേതു പോലെ പുല്ലുമേഞ്ഞും മറ്റും നിന്നിരുന്ന പശുക്കുട്ടികളെയും തന്നോടൊപ്പം ഉണ്ടായിരുന്ന ഗോബബാലന്മാരെയും യമുന മണൽത്തിട്ടയിലേക്ക് കൊണ്ടുവന്നു. അല്ലയോ! പരീക്ഷിത്ത് രാജൻ! അവർക്ക് ഭഗവാനുമായി സത്യത്തിൽ ഒരു വർഷക്കാലം വേർപെട്ടുനിൽക്കേണ്ടിവന്നെങ്കിലും ഭഗവന്മായയാൽ ആ ദൈർഘ്യം വെറും അരനിമിഷം എന്നോണം തോന്നപ്പെട്ടു. രാജാവേ! ഭഗവന്മായയിൽ മോഹിക്കപ്പെട്ട ചിത്തത്തോടുകൂടിയവർ ഈ ലോകത്തിൽ എന്തെന്തിന് തന്നെ മറക്കുന്നില്ല! ലോകം മുഴുവൻ അവന്റെ മായയിൽ മോഹിതമായിട്ട് കൂടെക്കൂടെ ആത്മാവിനെ പോലും മറന്നു കളയുന്നു. ആ ഗോപബാലന്മാർ ഭഗവാനോട് പറയുകയാണ് “എത്ര പെട്ടെന്നാണ് നീ ഈ പശുക്കിടാങ്ങളുമായി തിരികെ വന്നത്?.. വരൂ! സുഖമായിരുന്നു നമുക്കിനി ഊണ് കഴിക്കാം“
അനന്തരം ഭഗവാൻ പുഞ്ചിരിച്ചുകൊണ്ട് കുട്ടികളോട് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചതിനുശേഷം അവർക്കൊരു പെരുമ്പാമ്പിന്റെ തോൽ കാണിച്ച് കൊടുത്ത് അവരെ രസിപ്പിച്ചു. ആ വനത്തിൽ നിന്നും ഗോകുലത്തിലേക്ക് തിരിച്ചുപോയി. സകലർക്കും ആനന്ദമേകിക്കൊണ്ട് സുന്ദരൂപനായ ഭഗവാൻ ഗോപപാലൻമാരോടും ഗോക്കളോടുംകൂടി ഗോകുലത്തിൽ പ്രവേശിച്ചു. ഭഗവാൻ ഒരു വലിയ പെരുമ്പാമ്പിനെ കൊന്ന കഥ ആ ഗോപബാലന്മാർ ഗോകുലത്തിൽ ചെന്ന് വിസ്തരിച്ചുപറഞ്ഞു.
രാജാവ് പറഞ്ഞു “അല്ലയോ ബ്രഹ്മർഷേ!, സ്വന്തം കുട്ടികളിൽപോലും ഇതിനുമുമ്പ് ഉണ്ടായിട്ടില്ലാത്ത തരത്തിൽ ഈ സ്നേഹം ഗോകുലവാസികൾക്ക് അന്യന്റെ കുട്ടിയായി പിറന്ന ഭഗവാനിൽ എങ്ങനെയുണ്ടായി എന്ന് പറഞ്ഞു തന്നാലും.
ശ്രീശുകൻ പറഞ്ഞു “രാജാവേ! എല്ലാ പ്രാണികൾക്കും അവരവരുടെ ആത്മാവ് തന്നെയാണ് ഏറ്റവും പ്രിയമായിട്ടുള്ളത്. സന്താനവും സമ്പത്തും ഒക്കെ ആത്മപ്രീതിക്ക് വേണ്ടി ഇഷ്ടമുള്ളതായി തീരുന്നു എന്ന് മാത്രമേയുള്ളൂ. അല്ലയോ രാജശ്രേഷ്ഠ!, അതുകൊണ്ട് പ്രാണികൾക്ക് സ്വന്തം ശരീരത്തിനേക്കാൾ കൂടുതൽ ഇഷ്ടം അവർക്ക് മമതയെ ആസ്പദിച്ചു നിൽക്കുന്ന പുത്രൻ, ധനം, ഗൃഹം, ഇത്യാദികളിൽ ഉണ്ടാകുന്നില്ല. അല്ലയോ ക്ഷത്രിയോത്തമ! ഇനി ദേഹത്തെ ആത്മാവായി കണ്ട് വിശ്വസിക്കുന്ന ജനങ്ങൾക്ക് പോലും ദേഹം ആണ് മറ്റേതിനേക്കാളും പ്രിയം. അതുപോലെ മമതയാൽ ആത്മാവുമായി ബന്ധപ്പെട്ട നിൽക്കുന്നത് ഒഴിച്ചാൽ ആത്മാവോളം പ്രിയം ആർക്കും ശരീരത്തിലും തോന്നുകയില്ല. കാരണം, ശരീരം ക്ഷയിക്കുമ്പോഴും ജീർണ്ണിക്കുന്ന സന്ദർഭത്തിലും ജീവികളിൽ ജീവിക്കുവാനുള്ള ആഗ്രഹം ശക്തിമത്തായിത്തന്നെ കാണപ്പെടുന്നു. ആകയാൽ എല്ലാ ശരീരികൾക്കും എല്ലാത്തിനേക്കാളും ഉപരി പ്രിയമായത് സ്വന്തം ആത്മാവ് തന്നെയാണ്. സകല ചരാചരങ്ങളും ഈ ലോകം മുഴുവനും ആത്മാവിന്‍റെ പ്രീതിക്കുവേണ്ടി മാത്രമാകുന്നു. അതുകൊണ്ട് അല്ലയോ രാജൻ! ഈ ശ്രീകൃഷ്ണഭഗവാൻ സകല ജീവജാലങ്ങളുടെയും ആത്മാവാണെന്ന് താങ്കൾ ധരിച്ചുകൊണ്ടാലും. അവൻ ഈ ലോകത്തിൻറെ യോഗക്ഷേമത്തിനായി ഈ ലോകത്തിൽ മായയാൽ ദേഹം ഉള്ളവനെന്ന പോലെ ശോഭിക്കുന്നു. ഈ ലോകത്തിൽ ശ്രീകൃഷ്ണപരമാത്മാവിനെ ഉള്ളവണ്ണം അറിയുന്നവർക്ക് സ്ഥാവരജംഗമമടങ്ങിയ സകലതും കൃഷ്ണസ്വരൂപം മാത്രമാണ്. പ്രപഞ്ചത്തിൽ സകല പദാർത്ഥങ്ങളും അവയുടെ കാരണപദാർത്ഥത്തിൽനിന്നും ഉണ്ടാകുന്നു. ആ കാരണത്തിനും പരമകാരണമായത് ഭഗവാൻ ശ്രീകൃഷ്ണനാണ്. ആയതിനാൽ അവനല്ലാതെ ഇവിടെ യാതൊന്നും തന്നെയില്ല. ഭഗവത്പാദത്തെ ആശ്രയിച്ചിട്ടുള്ളവർക്ക് സംസാരസാഗരം ഒരു കാലിക്കുളമ്പുചാലായി തീരുന്നു. വൈകുണ്ഠമാണ് അവരുടെ ആവാസസ്ഥാനം. ദുഃഖങ്ങളുടെ ഇരിപ്പിടമായ സംസാരം അവരെ ബാധിക്കുന്നില്ല.
രാജൻ! ഭഗവാൻ തൻറെ അഞ്ചാം വയസ്സിൽ ചെയ്ത ഈ ലീലകളെ ആഘോഷിക്കപ്പെട്ടത് ഒരു വർഷം കഴിഞ്ഞ് അവൻറെ ആറാം വയസ്സിലായിരുന്നു. അങ്ങനെ അങ്ങ് ചോദിച്ചതിനുള്ള മറുപടി എന്നാൽ ആവുംവിധം ഞാൻ പറഞ്ഞുകഴിഞ്ഞിരിക്കുന്നു. അതുപോലെ ചങ്ങാതികളുമായി ഒരുമിച്ച് ഭഗവാൻ ചെയ്ത ലീലാവിലാസവും, അഘാസുരവധവും, പച്ചപ്പുൽത്തകടിയിലിരുന്നുകൊണ്ട് അവർ വനഭോജനം ചെയ്തതും, ബ്രഹ്മാവിനാൽ ചെയ്യപ്പെട്ട ഭഗവദ് സ്തുതിയും ഒക്കെ കേൾക്കുകയും ചൊല്ലുകയും ചെയ്യുന്ന മനുഷ്യൻ സമസ്തപുരുഷാർത്ഥങ്ങളെയും പ്രാപിക്കുന്നു.
ഇങ്ങനെ ഒളിച്ചുകളിച്ചുകൊണ്ടും, അണകെട്ടികൊണ്ടും, വാനരന്മാരെപോലെ ചാടിമറിയുകയും മറ്റും ചെയ്തുകൊണ്ടും കുട്ടിക്കാലത്തിന് യോജിച്ച വിധത്തിലുള്ള ഓരോരോ ക്രീഢകളോടുകൂടി രാമകൃഷ്ണൻമാർ ഗോകുലത്തിൽ കൗമാരദശയെ പിന്നിട്ടു.
ഇങ്ങനെ ശ്രീമദ് ഭാഗവതം ദശമസ്കന്ധം പതിനാലാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്
<<<<< >>>>>
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ