ഓം ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ധം അദ്ധ്യായം - 4 ഉദ്ധവര്‍ തുടര്‍ന്നു: "പ്രഭാസതീര്‍ത്ഥത്തിലെത്തി ബ്രാഹ്മണരെ പൂജിച്ചതിനുശേഷം, വൃഷ്ണികളും ഭോജന്മാരും തുടര്‍ന്ന് ഈ ബ്രാഹ്മണരുടെ ഉപദേശമനുസരിച്ച് പ്രാസാദം കഴിക്കുകയും, വാരുണിമദ്യം സേവിക്കുകയും ചെയ്തു. തത്ക്കാരണാല്‍ സ്വബോധം നഷ്ടപ്പെട്ട ഇവര്‍ പരുഷമായ വാക്കുകള്‍ പറഞ് അന്യോന്യം കലഹിക്കാന്‍ തുടങി. സായംകാലമായപ്പോഴേക്കും, അവരുടെ ബുദ്ധി മദ്യലഹരിയില്‍ അസന്തുലിതമായ അവസ്ഥയിലായി. അത് അവരുടെ സര്‍വ്വനാശത്തിന്റെ ആരംഭമായിരുന്നു. താന്‍ ഇച്ഛിച്ചതുപോലെ തന്റെ വംശത്തിന്റെ സര്‍വ്വനാശം മുന്നില്‍ കണ്ട ഭഗവാന് ശ്രീകൃഷ്ണന് താമസിയാതെ സരസ്വതീതീരത്തെത്തി. നദിയിലിറങി അല്‍പ്പം ജലം മൊത്തിക്കുടിച്ചു. അനന്തരം ഒരു വൃക്ഷച്ചുവട്ടില്‍ ഉപവിഷ്ടനായി. ശരണാഗതരുടെ സര്‍വ്വദുഃഖങളും തീര്‍ക്കുന്ന ഭഗവാന് യഥുക്കളുടെ വിനാശം മനസ്സില്‍ വിചാരം ചെയ്യുന്ന സമയംതന്നെ എന്നോട് ബദരികാശ്രമത്തിലേക്ക് പോയ്ക്കൊള്ളാന്‍ ആവശ്യപ്പെട്ടു. അല്ലയോ വിദുരരേ!, എനിക്കവന്റെ ആഗ്രഹം നന്നേയറിയാമായിരുന്നു. ആയതിനാല്‍ ആ പാദപങ്കജത്തെപ്പിരിഞിരിക്കുവാന്‍ അസാധ്യമെങ്കിലും, അവന്റെ ആജ്ഞയെ ഞാന്‍ ശിരസ്സാവഹിച്ചു
ശ്രീമദ്ഭാഗവതം ഗദ്യവിവർത്തനം