ശ്രീമദ് ഭാഗവതം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ശ്രീമദ് ഭാഗവതം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2018, സെപ്റ്റംബർ 7, വെള്ളിയാഴ്‌ച

4.4 സതീദേവിയുടെ ദേഹത്യാഗം


ഓം
ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ദ്ധ്യായം 4
(സതീദേവിയുടെ ദേഹത്യാ‍ഗം)


Image result for sati quits her bodyമൈത്രേയൻ പറഞ്ഞു: വിദുരരേ!, സതീദേവിയോടു സംസാരിച്ചതിനുശേഷം ഭഗവാൻ മഹാദേവൻ മൌനിയായി ഇരുന്നു. ദേവിയാകട്ടെ എന്തുചെയ്യേണമെന്നറിയാതെ സന്ദേഹപ്പെട്ടുകൊണ്ട് അവിടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ്. ഭർത്താവിന്റെ സമ്മതമില്ലാതെ പിതാവിന്റെ ഗൃഹത്തിലേക്ക് പോകുവാനും പോകാതിരിക്കുവാനും കഴിയുന്നില്ല. പിതൃഗൃഹത്തിലെത്തി തന്റെ ബന്ധുമിത്രാദികളെ കാണുവാനുള്ള അനുവാദം നിഷേധിക്കപ്പെട്ടതിൽ സതീദേവിക്ക് അതിയായ ദുഃഖം തോന്നി. ദേവിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അതിവിഹ്വലമായ ഭാവത്തോടുകൂടി, തീവ്രതരമായ കോപത്തോടുകൂടി സതി തന്റെ പതിയെ ദഹിച്ചുപോകും‌വണ്ണം ഒന്ന് നോക്കി. അതിനുശേഷം, സ്നേഹാതിരേകത്താൽ പാതിമെയ് പകുത്തുനൽകിയ തന്റെ ഭർത്താവിനെ വിട്ട്, ദുഃഖത്താൽ തപിക്കുന്ന ഹൃദയത്തോടെ, ദേഷ്യത്താൽ ജലിക്കുന്ന കണ്ണുകളോടെ ദേവി പിതാവിന്റെ ഗൃഹത്തിലേക്ക് യാത്രയായി. വിദുരരേ!, ദുർബലയായ ഒരു സ്ത്രീയുടെ ഭാവമായിരുന്നു ദേവിയുടെ അനുചിതമായ ഈ പ്രവൃത്തിക്ക് പ്രേരണയായതു.

ഏകയായി വളരെ പെട്ടെന്നുതന്നെ സതി അവിടം വിട്ടിറങ്ങുന്നതുകണ്ട് മണിമാൻ, മദൻ മുന്നിട്ടുള്ള ആയിരക്കണക്കിനു ശിവാനുചാരികൾ നന്ദിയെ മുൻ‌നിറുത്തി യക്ഷന്മാരോടൊപ്പം ദേവിയെ അനുഗമിച്ചു. അവർ ദേവിക്കിരിക്കാൻ ഋഷഭേന്ദ്രനെ ഒരുക്കി. ദേവിയുടെ ഓമനപ്പക്ഷിയേയും കൈയ്യിൽ കൊടുത്തു. യാത്രയ്ക്കലങ്കാരമായി താമരപ്പൂവ്, വാൽക്കണ്ണാടി, വെള്ളക്കുട, പൂമാല മുതലായവ അവർ തങ്ങളുടെ കൈകളിലേന്തി നടന്നു. വെൺകൊറ്റക്കുട ചൂടി, ശംഖും കൊമ്പും മുഴക്കി, ഗാനാലാപനങ്ങളുടേയും, വാദ്യഘോഷങ്ങളുടെ അകമ്പടിയോടുകൂടിയുള്ള രാജകീയമായ ഘോഷയാത്രയുമായി ദേവി അവരോടൊപ്പം പിതാവിന്റെ യാഗശാല ലക്ഷ്യമാക്കി നടന്നു. ദേവി ദക്ഷഗൃഹത്തിലെത്തി. യാഗം നടന്നുകൊണ്ടിരിക്കുകയായിരുന്നു. വേദമന്ത്രമുഖരിതമായ യജ്ഞശാലയിലേക്ക് സതി കടന്നുനിന്നു. ഋഷികളും, ദേവന്മാരും, ബ്രാഹ്മണന്മാരുമെല്ലാം അവിടെ യഥോചിതം സന്നിഹിതരായിരുന്നു. കൂടാതെ, ബലിമൃഗങ്ങളൂം, യാഗത്തിനാവശ്യമായ മൺപാത്രങ്ങളും, കല്ലുകളും, സ്വർണ്ണവും, പുല്ലും, തോലും മറ്റുസാധനസാമഗ്രികളെല്ലാംതന്നെ അവിടെ ഒരുക്കിയിട്ടുണ്ടായിരുന്നു.

സതീദേവിയും തന്റെ അനുചാരികളും അവിടെയെത്തിയസമയം, ദക്ഷനെ പേടിച്ചു ആരുംതന്നെ ദേവിയെ സ്വീകരിക്കുവാനോ സ്വാഗതം ചെയ്യുവാനോ കൂട്ടാക്കിയില്ല. ഒടുവിൽ അമ്മയും സഹോദരിമാരും ചേർന്ന് ദേവിയെ സ്വീകരിച്ചു. നിറകണ്ണുകളോടെ, അവർ അവളോടു സംസാരിക്കുവാൻ തുടങ്ങി. എന്നാൽ ആ വാക്കുകൾക്ക് യാതൊരു മറുപടിയും ദേവി പറഞ്ഞില്ല. അവർ കൊടുത്ത ഇരിപ്പിടത്തിൽ ഇരിക്കുവാനോ, സമ്മാനങ്ങൾ സ്വീകരിക്കുവാനോ അവൾ തയ്യാറായില്ല. കാരണം, പിതാവയ ദക്ഷൻ മകളെ സ്വീകരിച്ചിരുത്തുകയോ, അവളോട് സംസാരിക്കുകയോ, ക്ഷേമാന്വേഷണം നടത്തുകയോ ചെയ്തില്ല.

ദേവി അവിടമാകെ കണ്ണോടിച്ചു. ഒരിടത്തും തന്റെ പതിക്കുവേണ്ടിയുള്ള ഭാഗം കണ്ടില്ലെന്നുമാത്രമല്ല, ഇവിടെ തനിക്കോ തന്റെ ഭർത്താവിനോ യാതൊരു വിലയും കൽ‌പ്പിക്കപ്പെട്ടിട്ടില്ലെന്നു അവൾക്ക് മനസ്സിലാ‍യി. അവൾ തന്റെ പിതാവിനെ ദൃഷ്ട്യാ ദഹിപ്പിക്കുവാനെന്നവണ്ണം കോപത്തോടെ രൂക്ഷമായി ഒന്നു നോക്കി. ഉഗ്രകോപത്തോടെ ദക്ഷനെ നിഗ്രഹിക്കുവാനൊരുങ്ങിനിൽക്കുന്ന ശിവാനുചാരികളേയും ഭൂതഗണങ്ങളേയും ദേവി തത്ക്കാലം തടഞ്ഞു. അമർഷവും സങ്കടവും അവൾക്കടക്കാനായില്ല. യാഗം മുടക്കുവാനും, യജ്ഞകർത്താക്കളെ ശിക്ഷിക്കുവാനും അവൾ തീരുമാനിച്ചു. തന്റെ പിതാവിനെ പുച്ഛിച്ചുകൊണ്ട് സർ‌വ്വജനസമക്ഷം സതീദേവി ഇപ്രകാരം പറഞ്ഞു.

ദേവി പറഞ്ഞു: എന്റെ ഈശ്വരൻ, മഹാദേവൻ സമസ്തലോകങ്ങൾക്കും പ്രിയനാ‍ണ്. അവന് ശത്രുക്കളോ മിത്രങ്ങളോ ഇല്ല. നിങ്ങളല്ലാതെ ത്രിലോകങ്ങളിലും അവന് എതിരാളികളില്ലേയില്ല. ശിവൻ ശത്രുരഹിതനാണ്. നിങ്ങളേപ്പോലൊരുവന് ഈ ലോകത്തിൽ ആരിലും ദോഷം കണ്ടുപിടിക്കുവാൻ എളുപ്പമാണ്. എന്നാൽ ശിവനാകട്ടെ, മറ്റുള്ളവരിൽ ദോഷം കാണില്ല എന്നുമാത്രമല്ല, ആരിലെങ്കിലും അല്പം ഗുണം കണ്ടാൽ അതിനെ വർദ്ധിപ്പിച്ച് അവനെ യോഗ്യനാക്കിത്തീർക്കുന്നു. നിർഭാഗ്യമെന്നു പറയട്ടെ!, നിങ്ങൾ അങ്ങനെയുള്ള ഒരു മഹാത്മാവിൽ കുറ്റം കണ്ടിരിക്കുകയാണ്. ക്ഷണികമായ ദേഹത്തെ ആത്മാവെന്നു ധരിക്കുന്നവൻ മഹത്തുക്കളെ പരിഹസിക്കുന്നു എന്നതിൽ ഒട്ടുംതന്നെ ആശ്ചര്യമില്ല. എന്തെന്നാൽ ആ ശത്രുത്വം ഭൌതികവാദിയായ അവന്റെ പതനത്തിനു കാരണമായിത്തീരുന്നു. മഹാത്മാക്കളുടെ പദധൂളികളുടെ പ്രഭാവത്താൽത്തന്നെ അവൻ നശിച്ചുപോകുന്നു. പ്രീയപെട്ട പിതാവേ!, അങ്ങ് മഹാദേവനെ ദ്വേഷിച്ചുകൊണ്ട് ഘോര അപരാധമാണ് ചെയ്യുന്നതു. അവിടുത്തെ നാമമാകുന്ന ശി’, ‘ എന്നീ രണ്ടക്ഷരങ്ങളുടെ ഉച്ഛാരണമാത്രയിൽത്തന്നെ ഒരുവന്റെ സകല പാപകർമ്മങ്ങളും ഇവിടെ നശിക്കുന്നു. അവിടുന്നിന്റെ ആജ്ഞ ലോകത്തിൽ എല്ലായിടവും പാലിക്കപ്പെടുന്നു. പരമപവിത്രനായ അവിടുത്തെ അങ്ങു മാത്രമാണ് വെറുക്കുന്നതു. മൂലോകങ്ങളിലുമുള്ള സകല ജീവഭൂതങ്ങളുടേയും സുഹൃത്തായ ശിവനെയാണ് അങ്ങ് ഇത്രയേറെ ദ്വേഷിക്കുന്നതു. ഈ ലോകത്തിന്റെ സകല അഭീഷ്ടങ്ങളും അവിടുന്നു സാധിച്ചുകൊടുക്കുന്നു. ആ പാദപത്മം അനുസ്യൂതം ചിന്തിച്ചുകൊണ്ടിരിക്കുന്ന മുമുക്ഷുക്കൾക്ക് അവിടുന്ന് അനന്തമായ ബ്രഹ്മാനന്ദം പ്രദാനം ചെയ്തനുഗ്രഹിക്കുന്നു. അങ്ങെന്താണ് വിചാരിക്കുന്നത്? പിശാചുക്കളോടൊപ്പം ചുടുകാട്ടിൽ കഴിയുന്നവനും, ശരീരം മുഴുവൻ അഴിഞ്ഞുലയുന്ന മുടിയുള്ളവനും, തലയോട്ടികൊണ്ട് മാല്യം തീർത്ത് കഴുത്തിൽ ധരിച്ചവനും, ശരീരമാസകലം ചുടലഭസ്മം പൂശിയവനുമായ, ശിവന്റെ തത്വം താങ്കളേക്കാൾ വലിയവരായ ബ്രഹ്മദേവൻ മുതലായവർ അറിയുന്നില്ലെന്നാണോ? അവർക്കറിയാം ആരാണ് ശിവനെന്ന്. അതുകൊണ്ടുതന്നെ അവർ ആ പാദപത്മത്തിൽ പൂക്കളർച്ചിക്കുകയും ആ തിരുവടിക്കുനേരേ തലകുനിക്കുകയും ചെയ്യുന്നു.

ഈശ്വരനെ നിന്ദിക്കുന്നത് ആരാലും കേട്ടുനിൽക്കാൻ പാടുള്ളതല്ല. ഒരുപക്ഷേ അവനെ ശിക്ഷിക്കുവാൻ അശക്തനാണ് കേൾക്കുന്നവനെങ്കിൽ, ചെവിയും പൊത്തി അവിടെനിന്നും ദൂരെ പോകുക. മറിച്ചു, അവനെ ദണ്ഢിക്കുവാൻ കഴിവുള്ളവനാണെങ്കിൽ ഏതുവിധത്തിലും ആ തലയറുത്ത് നിലത്തിട്ടശേഷം സ്വയം ആത്മഹൂതിചെയ്യുക. അതാണ് വേണ്ടതു. അതുകൊണ്ട് ശിവവൈരിയായ അങ്ങയിൽനിന്നും ലഭിച്ച ഈ ശരീരം ഇനി എനിക്ക് കൊണ്ടുനടക്കാനാവില്ല. വിഷം കലർന്ന ആഹാരം ഭക്ഷിച്ചാൽ ഉത്തമമായ ചികിത്സ അത് ചർദ്ദിക്കുക എന്നുള്ളതാണ്. മറ്റുള്ളവരാൽ ചെയ്യപ്പെട്ട ധർമ്മത്തെ വിമർശനം ചെയ്യുന്നതിനേക്കാൾ നല്ലത് സ്വധർമ്മം കൃത്യമായി നിറവേറ്റുക എന്നുള്ളതാണ്. ദേവന്മാരുടേയും മനുഷ്യരുടേയും സഞ്ചാരമാർഗ്ഗങ്ങൾ വെവ്വേറെയാണെന്നതുപോലെ, വേദോക്തകർമ്മവിധികളെ ചിലപ്പോൾ മഹത്തുക്കൾ അനുവർത്തിച്ചില്ലെന്നുവരാം. കാരണം പലപ്പോഴും അവർക്കതിന്റെ ആവശ്യം ഉണ്ടെന്നുവരില്ല.

വേദങ്ങളിൽ രണ്ടു തരത്തിലുള്ള കർമ്മങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ടു. ഭൌതികവാദികൾ ചെയ്യേണ്ട കർമ്മങ്ങളും, വിരക്തന്മാർ അനുഷ്ഠിക്കേണ്ട കർമ്മങ്ങളും. ഇതിൽ വ്യത്യസ്ഥ ലക്ഷണങ്ങളോടുകൂടി രണ്ടുതരത്തിലുള്ള മനുഷ്യരേയും കാണാം. ഒരു വ്യക്തിയിൽത്തന്നെ രണ്ടുതരത്തിലുള്ള കർമ്മങ്ങളും കാണണമെങ്കിൽ അത് പരസ്പരവിരുദ്ധമാ‍യിരിക്കും. എന്നാൽ, ബ്രഹ്മനിമഗ്നനായ ശുദ്ധാത്മാവ് ഈ രണ്ടുകർമ്മങ്ങളേയും വേണ്ടെന്നു വയ്ക്കുന്നു.

പിതാവേ!, അങ്ങ് കരുതുന്നുണ്ടാകും ഞങ്ങൾ ഐശ്വര്യമില്ലാത്തവരാണെന്ന്. പക്ഷേ, അങ്ങ് മനസ്സിലാക്കുക, ഞങ്ങളുടെ ഐശ്വര്യം അങ്ങേയ്ക്കോ അങ്ങയുടെ പ്രശംസകർക്കോ മനസ്സിലാക്കുവാൻ സാധ്യമല്ലാതുള്ളവയാണ്. കാരണം, മഹായാഗങ്ങളെ ചെയ്ത് കാമ്യഫലങ്ങളെ ആഗ്രഹിക്കുന്ന നിങ്ങളുടെയൊക്കെ താല്പര്യം ഭൌതികാഗ്രഹങ്ങളുടെ പൂർത്തീകരണം മാത്രമാണ്. ആയതിനുവേണ്ടിത്തന്നെ നിങ്ങൾ യാഗം കഴിഞ്ഞ് യജ്ഞശിഷ്ടം ഭുജിക്കുന്നു. പക്ഷേ, ഞങ്ങൾ ഒന്ന് മനസ്സുവച്ചാൽ ഞങ്ങളുടെ ഐശ്വര്യം നിഷ്‌പ്രയാസം നിങ്ങൾക്ക് കാട്ടിത്തരാൻ സാധിക്കും. ആ ഐശ്വര്യം മുക്തന്മാരായ ആത്മജ്ഞാനികൾക്ക് മാത്രം സിദ്ധമാകുന്ന ഒന്നാണ്. അങ്ങ് പാപം ചെയ്തിരിക്കുന്നു. നിർഭാഗ്യവശാൽ അങ്ങയിൽനിന്നുണ്ടായതാണ് ഇപ്പോൾ എനിക്കുള്ള ഈ ശരീരം. അതിൽ എനിക്ക് അത്യന്തം ലജ്ജയും തോന്നുന്നു. ആയതിനാൽ ശിവദ്വേഷിയായ അങ്ങയിൽ നിന്നുണ്ടായ മലിനമായ ഈ ശരീരം ഞാനിതാ ത്യജിക്കുവാൻ പോക്കുന്നു. ശാരീരികമായ നമ്മുടെ ഈ പിതാ-പുത്രി ബന്ധത്തെ വച്ചുകൊണ്ട് ഭഗവാൻ എന്നെ ദാക്ഷായണീ!, എന്ന് സംബോധന ചെയ്യുമ്പോൾതന്നെ എനിക്ക് നീരസം തോന്നാറുണ്ട്. നിമിഷമാത്രയിൽ എന്നിലെ സന്തോഷവും ചിരിയും ഈ മുഖത്തുനിന്ന് മായാറുമുണ്ട്. സഞ്ചി പോലെയുള്ള ഈ ശരീരം, അത് അങ്ങിൽനിന്നുണ്ടായതിൽ എനിക്ക് ദുഃഖം തോന്നുന്നു. അതുകൊണ്ട് ഞാനിതുപേക്ഷിക്കുകയാണ്.

മൈത്രേയൻ തുടർന്നു: വിദുരരേ!, തന്റെ പിതാവിനോട് ഇങ്ങനെ പറഞ്ഞുകൊണ്ട് സതീദേവി യാഗശാലയിൽ നിലത്തുതന്നെ വടക്കോട്ടുതിരിഞ്ഞിരുന്നു. മഞ്ഞവസ്ത്രം ധരിച്ചിരുന്ന അവൾ അല്പം ജലം കൈയ്യിലെടുന്നു സ്വയം ശുദ്ധിവരുത്തി, കണ്ണടച്ചു യോഗാരൂഢയായി. ആദ്യം ദേവി സുഖാസനസ്ഥയായി. പിന്നീട് പ്രാണനെ ഉയർത്തി നാഭീചക്രത്തിലെത്തിച്ചു. വീണ്ടും അതിനെ ബുദ്ധിയോടുചേർത്ത് ഹൃദയസ്ഥാനത്തിരുത്തി. പതുക്കെ അവടെനിന്നും ജീവനെ ദേവി ശ്വാസനാളത്തിലൂടെ ഭ്രൂമധ്യബിന്ധുവിലുമെത്തിച്ചു. ദേവന്മാരാലും, ഋഷികളാലും പൂജിക്കപ്പെട്ട മഹാദേവൻ തന്റെ തൃത്തുടയിൽ ഇരുത്തിലാളിച്ചിട്ടുള്ള ദേവിയുടെ ശരീരം അവൾ സ്വയം നശിപ്പിക്കുവാൻ ആരംഭിക്കുകയായി. പിതാവിനോടുള്ള കോപത്തിൽ ജ്വലിച്ചുനിന്നുകൊണ്ട് അവൾ വീണ്ടും ധ്യാനത്തിലായി. തന്റെ പതിയും ലോകഗുരുവുമായ മഹാദേവനെ ധ്യാനിച്ചു. അതിലൂടെ പരിശുദ്ധയായി അവൾ ആളിപ്പടരുന്ന യോഗാഗ്നിയിൽ തന്റെ ശരീരത്തെ ചുട്ടെരിച്ചു.

കോപാകുലയായി ദേവി തന്റെ ശരീരത്തെ നശിപ്പിച്ച സമയം ലോകത്തിൽ നാനാദിക്കുകളിൽനിന്നും അതിയായ അലർച്ചയും ഒച്ചയുമുണ്ടായി. എന്തിനാണ് മഹാദേവപത്നിയായ സതീദേവി തന്റെ ശരീരത്തെ ഇങ്ങനെ നശിപ്പിച്ചത്? പ്രജാപതിയും തന്റെ പിതാവുമായ ദക്ഷന്റെ അവഗണന കാരണം പാവനയായ ദേവി ഈ കൃത്യം ചെയ്തത് തികച്ചും അത്ഭുതംതന്നെ. കഠിനഹൃദയനായ ദക്ഷന് ഒരു ബ്രാഹ്മണനാകാനുള്ള യാതൊരു മഹത്വവുമില്ല. തന്റെ മകളോടുചെയ്ത ഈ ഘോര അപരാധം കാരണം അദ്ദേഹത്തിന് വലിയ ദുഃഖമനുഭവിക്കേണ്ടിവരും. മഹാദേവനോടുണ്ടായ ഈ വൈരംമൂലം അദ്ദേഹത്തിന് മഹാ അപകീർത്തിയുണ്ടാക്കുകയും ചെയ്യും.

ഇങ്ങനെ ജനങ്ങൾ പരസ്പരം പറയുന്നതുകേട്ടപ്പോൾ ദേവിയോടൊപ്പം വന്ന ഭൂതഗണങ്ങളും ഗുഹ്യകന്മാരും ചേർന്ന് ദക്ഷനെ തങ്ങളുടെ ആയുധങ്ങൾകൊണ്ട് വധിക്കുവാനൊരുങ്ങി. അവർ ശക്തരായി മുന്നോട്ട് കുതിച്ചപ്പോൾ അപകടം മനസ്സിലാക്കിയ ഭൃഗുമുനി യാഗനാശകന്മാരെ ഇല്ലാതാക്കുന്നതിനുള്ള യജുർവേദോക്തങ്ങളായ മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ട് ദക്ഷിണഭാഗത്തെ യാഗാഗ്നിയിൽ തർപ്പണം തുടർന്നു. ഹോമം തുടങ്ങിയപ്പോൾതന്നെ ചന്ദ്രനിൽനിന്നും ഓജസ്സുറ്റ് ശക്തിമത്തായ ഋഭുക്കൾ മുതലായ ആയിരക്കണക്കിന് ദേവതകൾ അവിടെ പ്രത്യക്ഷരായി. അവർ ആക്രമിക്കുവാനൊരുങ്ങിയപ്പോൾ ഭൂതഗണങ്ങളും ഗുഹ്യകന്മാരും നാനാദിക്കുകളിലേക്കായി ഓടിമറഞ്ഞു. അത് തികച്ചും ബ്രാഹ്മണശക്തികൊണ്ടുമാത്രം സാധ്യമാകുന്ന ഒന്നായിരുന്നു.


ഇങ്ങനെ ചതുർത്ഥസ്കന്ധം  നാലാമധ്യായം സമാപിച്ചു.
ഓം തത് സത്.




 sati quits her physical body 

2018, ഏപ്രിൽ 21, ശനിയാഴ്‌ച

4.1 മനുവംശാവലി

ഓം
ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ദ്ധ്യായം 4.1
(മനുവംശാവലി)

nara narayana എന്നതിനുള്ള ചിത്രംമൈത്രേയൻ പറഞ്ഞു: സ്വായംഭുവമനു-ശതരൂപാദമ്പതിമാർക്ക് ആകൂതി, ദേവഹൂതി, പ്രസൂതി എന്നിങ്ങനെ മൂന്നു പുത്രിമാരുണ്ടായി. മനുവിന് സ്വന്തമായി പുത്രന്മാരുണ്ടായിരുന്നുവെങ്കിലും, അദ്ദേഹം ആകൂതിയെ പ്രജാപതി രുചിക്കു കൊടുക്കുകയും, അവളിലുണ്ടാകുന്ന പുത്രനെ തന്റെ മകനായി തന്നെ തിരിച്ചേൽ‌പ്പിക്കണമെന്നും തന്റെ പത്നി ശതരൂപയുമായി ആലോചിച്ച് പ്രജാപതി രുചിയുമായി വ്യവസ്ഥയുണ്ടാക്കി. ബ്രഹ്മവർച്ചസ്വിയായ പ്രജാപതി രുചിക്ക് ആകൂതിയിൽ ഒരു പുത്രനും, ഒരു പുത്രിയുമുണ്ടായി. പുത്രനായി ജനിച്ചത് ഭഗവദവതാരമായ യജ്ഞനും, പുത്രിയായി പിറന്നത് ലക്ഷ്മീഭഗവതിയുമായിരുന്നു. അത്യന്തം സന്തോഷത്തോടുകൂടി മനു യജ്ഞനെ തന്റെ വീട്ടിലേക്ക് കൊണ്ടുവരികയും, പ്രജാപതി രുചി മകളായ ദക്ഷിണയെ തന്നോടൊപ്പം വളർത്തുകയും ചെയ്തു. ലക്ഷ്മീദേവിയുടെ അവതാരമായ ദക്ഷിണ പിന്നീട് യജ്ഞനെ വിവാഹം കഴിക്കുകയും, അവരിൽ പന്ത്രണ്ട് പുത്രന്മാർ ജനിക്കുകയും, അവർക്ക് യഥാക്രമം തോഷൻ, പ്രതോഷൻ, സന്തോഷൻ, ഭദ്രൻ, ശാന്തി, ഇഢസ്പതി, ഇധ്മൻ, കവി, വിഭു, സ്വഹ്നൻ, സുദേവൻ, രോചനൻ ഇന്നിങ്ങനെ നാമവും വിളിച്ചു. സ്വായംഭുവമന്വന്തരത്തിൽ ഇവർ തുഷിതർ എന്ന ദേവഗണങ്ങളായിമാറി. അതോടൊപ്പം മരീചി സപ്തർഷികൾക്കു് ഗുരുവായും, യജ്ഞൻ ദേവേന്ദ്രനായും സ്ഥാനമേറ്റു. മനുപുത്രന്മാരായ പ്രിയവ്രതനും ഉത്താനപാദനും അക്കാലത്ത് അതിശക്തരായ രാജാക്കന്മാരായി. അവരുടെ പുത്രപൌത്രാദികൾ മൂന്നുലോകങ്ങളിലും വ്യാപിക്കപ്പെട്ടു.

പുത്രാ!, സ്വായംഭുവമനു തന്റെ പ്രീയപുത്രി ദേവഹൂതിയെ കർദ്ദമപ്രജാപതിക്ക് മാംഗല്യം ചെയ്തുകൊടുത്തതും തുടർന്നുണ്ടായ അവരുടെ ചരിത്രവും ഞാൻ നിന്നോടു വിസ്തരിച്ചു പറയുകയും, നീ അത് പൂർണ്ണമായി ഗ്രഹിക്കുകയും ചെയ്തതാണ്. മനു തന്റെ മകൾ പ്രസൂതിയെ നൽകിയത് ദക്ഷപ്രജാപതിക്കായിരുന്നു. അവരിലൂടെ ആ വംശം മൂന്നുലോകങ്ങളിലും നിറഞ്ഞു. വിദുരരേ!, കർദ്ദമമുനിയുടെ ഒൻപത് പുത്രിമാരെക്കുറിച്ചു ഞാൻ മുന്നമേ നിന്നോട് പറഞ്ഞുകഴിഞ്ഞതാണ്. ഇനി ഒൻപത് മുനിമാരിലൂടെ അവരോരോരുത്തരുടേയും വംശപരമ്പരയെക്കുറിച്ച് പറയാം, കേട്ടുകൊള്ളുക. കർദ്ദമമുനിയുടെ മകൾ കലയെ മരീചിമുനിക്കു നൽകുകയുയും, അവർക്ക് കശ്യപൻ, പൂർണ്ണിമൻ എന്ന രണ്ടു പുത്രന്മാർ ജനിക്കുകയും, അവരുടെ വംശം ത്രിലോകളിലും നിറയുകയും ചെയ്തു. പൂർണ്ണിമന് വിരജ, വിശ്വഗ, ദേവകുല്യ എന്നിങ്ങനെ മൂന്നു കുട്ടികളുണ്ടായി. അവരിൽ ദേവകുല്യ ഭഗവദ്പാദങ്ങളെ തഴുകി ഗംഗയിൽ ലയിക്കുന്ന സരിത്തായി മാറിയിരുന്നു. അനസൂയയിൽ അത്രിമുനിക്ക് സോമൻ, ദത്താത്രേയൻ, ദുർവ്വാസാവു് എന്നിങ്ങനെ പ്രസിദ്ധരായ മൂന്നു പുത്രന്മാർ ജനിച്ചു. അതിൽ സോമൻ ബ്രഹ്മദേവന്റേയും, ദത്താത്രേയൻ വിഷ്ണുവിന്റേയും, ദുർവ്വാസാവു് ശിവന്റേയും അംശാവതാരങ്ങളായിരുന്നു.

ഇതുകേട്ട് വിദുരർ ചോദിച്ചു: ഗുരോ!, എങ്ങനെയാണ് സൃഷ്ടിസ്ഥിതിസംഹാരകർത്താക്കളായ ബ്രഹ്മാവിഷ്ണുമഹേശ്വരന്മാർ അത്രിമുനിക്ക് മക്കളായി ജനിച്ചതു?.

മൈത്രേയൻ പറഞ്ഞു: അല്ലയോ വിദുരരേ!, അന്ന് വിധാതാവു് അത്രിമുനിയോട് സൃഷ്ടി തുടങ്ങുവാൻ ആവശ്യപെട്ട സമയം, മുനി ഭാര്യാസമേതം ഋക്ഷപർവ്വതസാനുവിൽ തപസ്സിനായി യാത്രയായി. അവിടെയായിരുന്നു നിർവിന്ധ്യാനദി ഒഴുകിയിരുന്നത്. താമസിയാതെ അവർ അശോകം പലാശം തുടങ്ങിയ പൂമരങ്ങളാലും നിർവിന്ധ്യയിലെ വെള്ളച്ചാട്ടത്തിന്റെ മധുരശബ്ദങ്ങളാലും മനോഹാരിതമായ ആ പ്രദേശത്തെത്തി.  അത്രിമുനി അവിടെ വായുമാത്രം ഭക്ഷണമാക്കി, പ്രാണായാമം ചെയ്ത്, നിർദ്വന്ദനായി മനസ്സിനെയടക്കി ഒരക്കാലിൽ ഒരു നൂറ് വർഷം തപസ്സനുഷ്ഠിച്ചു. ശരണാഗതനായ തനിക്ക് ഭഗവദ്സമനായ ഒരു പുത്രനെ നൽകണമെന്ന് ജഗദീശ്വരനോട് മനസ്സാ പ്രാർത്ഥിച്ചു. അങ്ങനെയിരിക്കെ ഒരുദിനം പ്രാണായാമശക്തിയിൽനിന്നും ഉരുത്തിരിഞ്ഞ് ആ തീവ്രതാപസ്സന്റെ മൂർദ്ധാവിൽനിന്നും ഒരഗ്നി ജ്വലിച്ചുയരുകയും അത് ത്രിമൂർത്തികൾ കാണുകയും ചെയ്തു. ആ സമയം, ബ്രഹ്മാവിഷ്ണുമഹേശ്വരന്മാർ അപ്സരസ്സുകൾക്കും, ഗന്ധർവ്വന്മാർക്കും, സിദ്ധന്മാർക്കും, വിദ്യാധരന്മാർക്കും, ഉരഗങ്ങൾക്കുമൊപ്പം യശ്ശസ്സ്വിയായ അത്രിമുനിയുടെ ആശ്രമത്തിലെത്തി. ഏകപാദേന തപസ്സു ചെയ്തുകൊണ്ടിരുന്ന അത്രിമുനിക്ക് ത്രിമൂർത്തികളെ കണ്ടതും അതിരറ്റ സന്തോഷമുണ്ടായി. മൂവരേയും ഒരുമിച്ചുകണ്ട ആനന്ദത്തിൽ അദ്ദേഹം ഒറ്റക്കാലിൽ വളരെ ബുദ്ധിമുട്ടിയിട്ടെങ്കിലും അവരുടെയരികിലേക്കെത്തി. വ്യത്യസ്ഥ വാഹനങ്ങളിൽ ആസനസ്ഥരായി വ്യത്യസ്ഥ ആയുധമേന്തിയവരായ ത്രിമൂർത്തികളെ നമിച്ചുകൊണ്ട് അദ്ദേഹം ദണ്ഢനമസ്ക്കാരം ചെയ്തു. തന്നിൽ കാരുണ്യവാന്മാരായ ആ ദേവന്മാരെ കണ്ട് അത്രിമുനി സന്തോഷിച്ചു. ത്രിമൂർത്തികളുടെ ശരീരങ്ങളിൽനിന്നുതിർന്ന പ്രകാശാതിരേകത്താൽ തൽക്കാലത്തേക്ക് അത്രിമുനി തന്റെ കണ്ണുകൾ അടച്ചു. എങ്കിലും തന്റെ ഹൃദയം ആ ദേവന്മാരുടെ കാരുണ്യത്താൽ നിറയപ്പെട്ടതുകൊണ്ട് മുനിക്ക് തന്റെ ബോധത്തെ വീണ്ടെടുക്കാൻ കഴിഞ്ഞു. അദ്ദേഹം അവരോടു പ്രാർത്ഥിച്ചു.

ഹേ! ബ്രഹ്മദേവാ!, ഹേ! വിഷ്ണോ!, ഹേ! മഹേശ്വരാ! പ്രകൃതിയുടെ മൂന്നു ഗുണങ്ങളെ ഓരോന്നായി സ്വീകരിച്ചുകൊണ്ട് നിങ്ങൾ മൂന്നായി പിരിഞ്ഞ് ഈ ലോകത്തെ സൃഷ്ടിക്കുകയും, പരിപാലിക്കുകയും, സം‌ഹരിക്കുകയും ചെയ്യുന്നു. ഹേ! ദേവന്മാരേ! നിങ്ങൾക്കു നമസ്ക്കാരം. നിങ്ങളിൽ ആരെയാണ് ഞാൻ എന്റെ പ്രാർത്ഥനയിൽ വിളിച്ചത്? തത്സമനായ ഒരു പുത്രനെ കൊതിച്ചുകൊണ്ട് ഞാൻ ആ പരമപുരുഷനോടാണ് പ്രാർത്ഥിച്ചത്. ഞാൻ അവനെ മാത്രമാണ് ചിന്തിച്ചതും. പക്ഷേ അവൻ മനുഷ്യന്റെ ചിന്തയ്ക്കതീതനാണെങ്കിലും നിങ്ങൾ മൂവരും ഇവിടെയെത്തി. അല്ലയോ ദേവന്മാരേ! ഇത് ഈയുള്ളവനെ അത്യന്തം ഭ്രമിപ്പിച്ചിരിക്കുന്നു. നിങ്ങൾ എങ്ങനെയാണ് ഇവിടെയെത്തിയതെന്നു അരുളിച്ചെയ്താലും.

മൈത്രേയൻ പറഞ്ഞു: വിദുരരേ! മഹാമുനി അത്രി ഇപ്രകാരം ചോദിച്ചതുകേട്ടു പുഞ്ചിരിച്ചുകൊണ്ട് ത്രിമൂർത്തികൾ ഇങ്ങനെ പറഞ്ഞു
പ്രിയ ബ്രാഹ്മണാ!, നിന്റെ തീരുമാനം അത്യുചിതമാണ്. ആയതിനാൽ നിന്റെ ആഗ്രഹവും സഫലമാകുന്നതാണ്. അല്ലാത്തപക്ഷം അത് ഒരിക്കലും സം‌ഭവിക്കുന്നതല്ല. ഞങ്ങൾ മൂവരും നീ ധ്യാനിക്കുന്ന ആ പരമപുരുഷന്റെ അം‌ശങ്ങൾ തന്നെ. അതുകൊണ്ടുതന്നെയാണ് ഞങ്ങൾ ഇവിടെ വന്നതും. നിനക്ക് ഞങ്ങളുടെ ശക്തിവൈഭത്തോടുകൂടിയ പുത്രന്മാരുണ്ടാകും. മാത്രമല്ല, ഞങ്ങൾ നിന്റെ നന്മയെ ആഗ്രഹിക്കുന്നതുമൂലം അവരാൽ നിന്റെ കീർത്തി ലോകം മുഴുവനും വ്യാപിക്കുകയും ചെയ്യും.
വിദുരരേ! അത്രിമുനിയും പത്നിയും നോക്കി നിൽ‌ക്കെ അവരെ അനുഗ്രഹിച്ചുകൊണ്ട് ത്രിമൂർത്തികൾ അവിടെനിന്നും അപ്രത്യക്ഷരായി. അങ്ങനെ ആ ദമ്പതിമാർക്ക് ബ്രഹ്മാംശമായി സോമനും, വൈഷ്ണവാം‌ശമായി ദത്താത്രേയനും, ശൈവാം‌ശമായി ദുർ‌വ്വാസാവും ജനിച്ചു. ഇനി അംഗിരസ്സിന്റെ പരമ്പരയെപറ്റി കേട്ടുകൊള്ളുക. അംഗിരസ്സിന്റെ ഭാര്യ ശ്രദ്ധ, സിനീവാലീ, കുഹൂ, രാകാ, അനുമതി എന്നിങ്ങനെ പേരോടുകൂടി നാലു പുത്രിമാരെ പ്രസവിച്ചു. ഇവരെക്കൂടാതെ അവർക്ക് ഉതത്യനെന്നും ബൃഹസ്പതി പണ്ഢിതനെന്നും പുകഴ്കൊണ്ട രണ്ടു പുത്രന്മാരും ജനിച്ചു.
പുലസ്ത്യന് തന്റെ പത്നിയായ ഹവിർ‌ഭൂവിൽ അഗസ്ത്യൻ എന്ന ഒരു മകൻ ജനിച്ചു. അഗസ്ത്യൻ പിന്നീടുണ്ടായ ജന്മത്തിൽ ദഹ്രാഗ്നി എന്ന് അറിയപ്പെട്ടിരുന്നു. കൂടാതെ അദ്ദേഹത്തിന് സന്യാസിശ്രേഷ്ഠനായ വിശ്രവസ്സ് എന്ന ഒരു പുത്രനും കൂടി ജനിച്ചിരുന്നു. വിശ്രവസ്സിന് രണ്ട് പത്നിമാരുണ്ടായിരുന്നു. അവരിൽ ആദ്യ പത്നി ഇഢാവിഢായിൽ യക്ഷരാജനായ കുവേരനും, രാണ്ടാം ഭാര്യ കേശിനീയിൽ രാവണൻ, കുംഭകർണ്ണൻ, വിഭീഷണൻ എന്നിങ്ങനെ മൂന്നു പുത്രന്മാരുമുണ്ടായി.

പുലഹന് തന്റെ ഭ്യാര്യ ഗതിയിൽ മഹർഷിവര്യന്മാരായ കർമ്മശ്രേഷ്ഠൻ, വരീയാൻ, സഹിഷ്ണു എന്നിങ്ങനെ മൂന്നു പുത്രന്മാർ ജനിച്ചു. ക്രതുവിനും പത്നി ക്രിയയ്ക്കും കൂടി അറുപതിനായിരം പുത്രന്മാരുണ്ടായി. സന്യാസിമാരായ അവർ വാലഖില്യന്മാർ എന്നറിയപ്പെട്ടു. ആത്മജ്ഞാനത്തിൽ അത്യുന്നതന്മാരായ അവരുടെ ശരീരങ്ങൾ ആ ജ്ഞാനത്താൽ പ്രകാശിക്കപ്പെട്ടു. വസിഷ്ഠമഹർഷിക്കു് തന്റെ സഹധർമ്മിണി അരുന്ധതി എന്നറിയപ്പെട്ടിരുന്ന ഊർജ്ജയിൽ ചിത്രകേതു, സുരോചി, വിരജൻ, മിത്രൻ, ഉൽബണൻ, വസുഭൃദ്യാനൻ, ദ്യുമാൻ എന്നിങ്ങനെ അമലന്മാരായ ഏഴു സന്യാസിവര്യന്മാർ മക്കളായി ജനിച്ചു. മറ്റൊരു ഭാര്യയിൽ വസിഷ്ഠന് കേമന്മാരായ മറ്റ് കുറെ പുത്രന്മാരുമുണ്ടായി. അഥർവ്വനും പത്നി ചിത്തിക്കും കൂടി ദധ്യാഞ്ച എന്ന മഹാവൃതാനുഷ്ഠാനത്തിലൂടെ അശ്വശിരസ്സ് എന്ന ഒരു പുത്രനുണ്ടായി. ഇനി ഞാൻ മഹാമുനി ഭൃഗുവിന്റെ വംശപരമ്പരയെക്കുറിച്ചു പറയാം, കേട്ടാലും.

ഭൃഗുമുനി മഹാഭാഗ്യശാലിയായിരുന്നു. അദ്ദേഹത്തിന് പത്നി ഖ്യാതിയിൽ ധാതാ, വിധാതാ എന്നിങ്ങനെ രണ്ടു പുത്രന്മാരും, ശ്രീ എന്ന നാമത്തിൽ ഒരു പുത്രിയും ജനിച്ചു. ശ്രീ ഒരു തികഞ്ഞ ഹരിഭക്തയായിരുന്നു. മുനി മേരുവിന് ആയതി, നിയതി എന്ന രണ്ടു പുത്രിമാരുണ്ടായി. അവരെ അദ്ദേഹം ധാതവിനും, വിധാതാവിനും കൂടി ദാനമായി കൊടുത്തു. അതിലൂടെ അവർക്ക് യഥാക്രമം മൃകണ്ഢൻ, പ്രാണൻ എന്നിങ്ങനെ ഓരോ പുത്രന്മാൻ ജനിച്ചു. മൃകണ്ഢനിൽ നിന്നു മാർകണ്ഢേയനും, പ്രാണനിൽ നിന്നു ശുക്രാചാര്യരുടെ പിതാവായ മുനി വേദശിരസ്സും ജനിച്ചു. അങ്ങനെ ശുക്രാചാര്യരും ഭൃഗുവംശപരമ്പരയിൽ പെട്ടതാകുന്നു. വിദുരരേ!, ഇങ്ങനെ ഈ മഹർഷിപരമ്പരയിലൂടെയും, കർദ്ദമപുത്രിമാരിലൂടെയും ലോകത്തിൽ പ്രജാവർദ്ധനം നടന്നു. ഈ വംശവർണ്ണനാചരിത്രം ശ്രദ്ദയോടെ കേൾക്കുന്ന യാതൊരുവരും തങ്ങളുടെ പാപപാശങ്ങളിൽ നിന്നും മുക്തരാകുന്നു.

ഇനി ദക്ഷന്റെ പത്നിയായ മനുപുത്രി പ്രസൂതിയെക്കുറിച്ചാണ്. ദക്ഷന് പ്രസൂതിയിൽ നളിനാക്ഷികളായ പതിനാറ് പുത്രിമാർ ജനിച്ചു. അവരിൽ പതിമൂന്നു പേരെ ധർമ്മന് വിവാഹം കഴിച്ചുകൊടുത്തു. ഒരാളെ അഗ്നിക്കും. അവശേഷിക്കുന്നവരിൽ ഒരു മകളെ പിതൃലോകത്തിന് ദാനമായി നല്കി. അവൾ അവിടെ വളരെ സൌഖ്യമോടെ വസിക്കുന്നു. മറ്റൊരു പുത്രിയെ മഹാദേവനും മംഗല്യം കഴിച്ചു. അവൾ ഇന്നും ലോകത്തിൽ ഭവസാഗരത്തിൽ മുങ്ങിയോരെ കൈപിടിച്ചുയർത്തുന്നു. ധർമ്മനു നൽകിയ ദക്ഷപുത്രിമാരുടെ നാമങ്ങൾ ശ്രദ്ധ, മൈത്രി, ദയ, ശാന്തി, തുഷ്ടി, പുഷ്ടി, ക്രിയ, ഉന്നതി, ബുദ്ധി, മേധാ, തിതിക്ഷ, ഹ്രീ, മൂർത്തി എന്നിങ്ങനെയാണ്. ഇവരിൽ ശ്രദ്ധ ശുഭയ്ക്കും, മൈത്രി പ്രസാധയ്ക്കും, ദയ അഭയയ്ക്കും, ശാന്തി സുഖയ്ക്കും, തുഷ്ടി മുദയ്ക്കും, പുഷ്ടി സ്മയയ്ക്കും, ക്രിയ യോഗയ്ക്കും, ഉന്നതി ദർപ്പയ്ക്കും, ബുദ്ധി അർഥയ്ക്കും, മേധ സ്മൃതിയ്ക്കും, തിതിക്ഷ ക്ഷേമയ്ക്കും, ഹ്രീ പ്രശ്രയയ്ക്കും ജന്മം നൽകി. സർ‌വ്വസത്ഗുണനിധിയായ മൂർത്തിയിലൂടെ ഭഗവാൻ ഹരി, ശ്രീ നരനാരായണനായി അവതാരം ചെയ്തു. അവിടുത്തെ അവതാരത്തിൽ സകലലോകങ്ങളും ആനന്ദമത്തമായി. സർവ്വരുടേയും മനസ്സിൽ ശാന്തി ഉടലെടുത്തു. സകലയിടത്തും കാറ്റും, നദികളും, പർവ്വതങ്ങളും ആനന്ദത്തിലാറാടി. സ്വർഗ്ഗത്തിൽ വാദ്യവൃന്ദങ്ങൾ മുഴങ്ങി. ദേവന്മാർ ആകാശത്തിൽനിന്നും പുഷ്പവൃഷ്ടി ചൊരിഞ്ഞു. ഋഷികൾ വേദമന്ത്രങ്ങളുരുവിട്ടു. അവിടെ ഗന്ധർവ്വന്മാരും കിന്നരന്മാരും ഗാനങ്ങളുതിർത്തു. അപ്സരസ്സുകൾ അതിനൊത്തു ചുവടുകൾ വച്ചു. ഇങ്ങനെ നരനാരായണന്മാരുടെ അവതാരവേളയിൽ എങ്ങും ശുഭലക്ഷണങ്ങൾ കണ്ടുതുടങ്ങി. അതോടെ ബ്രഹ്മാദി ദേവതകൾ ആ പരമപുരുഷന്റെ മഹിമകളെ കീർത്തിച്ചു.

അവർ പറഞ്ഞു: ഏതൊരുവന്റെ ശക്തിയാലാണോ ഈ പ്രപഞ്ചമുടലെടുത്തിരിക്കുന്നത്, നമുക്കു ആ അദ്ധ്യാത്മരൂപനെ വാഴ്ത്താം. വായുവിൽ മേഘങ്ങളെന്നപോലെ ഈ സൃഷ്ടികളെല്ലാം അവനിൽത്തന്നെ വസിക്കുന്നു. അങ്ങനെയുള്ള പരമ്പുരുഷനിതാ ധർമ്മന്റെ ഗൃഹത്തിൽ നരനാരായണഋഷിയായി അവതാരം കൈക്കൊണ്ടിരിക്കുന്നു. വേദാന്തവേദ്യനും, ലോകത്തിലെ സകല ദുഃഖങ്ങൾക്കും അറുതിവരുത്തുന്ന ശാന്തിയും സമൃദ്ധിയും സൃഷ്ടിച്ചവനുമായ ആ പരം‌പൊരുൾ ഈ ദേവന്മാർക്ക് അനുഗ്രഹം ചൊരിയട്ടെ!. അവന്റെ കാരുണ്യത്താൽ ശ്രീമഹാലക്ഷ്മിയുടെ വാസസ്ഥലമായ ആ അമലകമലം വീണ്ടും ധന്യമാകട്ടെ!.

മൈത്രേയൻ തുടർന്നു: വിദുരരേ! അങ്ങനെ ശ്രീ നരനാരായണനായി അവതരിച്ച ഭഗവാനെ ദേവന്മാർ വാഴ്ത്തിസ്തുതിച്ചു. ഭഗവാൻ അവരിൽ കരുണാകടാക്ഷം ചെയ്തു അവിടെനിന്നും ഗന്ധമാദനപർ‌വ്വതത്തിലേക്കു തിരിച്ചു. ആ നരനാരായണന്മാരത്രേ! ഇന്ന് യദുവംശത്തിലും കുരുവംശത്തിലുമായി യഥാക്രമം ശ്രീകൃഷ്ണാർജ്ജുനന്മാരായി ഭൂമിയിലെ ദുർജ്ജനഭാരം കുറയ്ക്കുവാൻ  വന്നിരിക്കുന്നത്.

അഗ്നിദേവന് തന്റെ പത്നി സ്വാഹയിൽ പാവകൻ, പവമാനൻ, ശുചി എന്നീ മൂന്നു കുട്ടികളുണ്ടായി. അവർ അഗ്നിയജ്ഞഭോക്തക്കളായി നിലകൊള്ളുന്നു. ഇവരിൽനിന്നും പിന്നീട് നാല്പത്തിയഞ്ചു പ്രജകൾ ജന്മം കൊണ്ടു. അവരുംചേർന്ന് പിതാപുത്രപൌത്രരടക്കം ആകെ നാൽ‌പ്പത്തിയൊൻപത് അഗ്നിദേവതകളാണുള്ളതു. അവരാണ് ബ്രാഹ്മണശ്രേഷ്ഠന്മാരൽ വേദയജ്ഞങ്ങളിൽ ഹുതങ്ങളായ യജ്ഞവിഹിതങ്ങളെ സ്വീകരിക്കുന്നതു. അഗ്നിസ്വാത്തർ, ബർഹിശാദർ, സൌ‌മ്യർ, ആജ്യപർ എന്നിവരാണ് പിതാക്കന്മാർ. അവർ സ്വാഗ്നികരോ നിരഗ്നികരോ ആകാം. ഇവരുടെ പത്നി ദക്ഷപുത്രിയായ സ്വധയാണ്. മുൻപറഞ്ഞ പിതാക്കൾക്കു നൽകപ്പെട്ട സ്വധയിൽ വയുനാ, ധാരിണി എന്നിങ്ങനെ രണ്ടു പുത്രിമാരുണ്ടായി. ഇരുവരും ബ്രഹ്മവാദികളും ജ്ഞാനവിജ്ഞാനപരായണരുമായിരുന്നു. ദക്ഷന്റെ പതിനാറാം പുത്രി മഹാദേവന്റെ പ്രിയപത്നിയായ സതിയായിരുന്നു. സതി തന്റെ ഭർത്താവിന്റെ പൂർണ്ണശുശ്രൂഷയിൽ മുഴുകിയിരുന്നുവെങ്കിലും അവൾക്ക് മക്കളുണ്ടായിരുന്നില്ല. കാരണം ദക്ഷൻ മഹാദേവനോടു നിരന്തരം കടുത്ത അനാദരവു കാട്ടിയിരുന്നു. മാത്രമല്ല, അതിനേചൊല്ലി ചെറുപ്രായത്തിൽത്തന്നെ അവൾ യോഗശക്തികൊണ്ട് തന്റെ ശരീരം ഉപേക്ഷിച്ചിരുന്നു.
ഇങ്ങനെ ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ഒന്നാമധ്യായം സമാപിച്ചു.

ഓം തത് സത്.

<<<<< >>>>>





srimad bhagavatham 4-chapter-1, manuvansavali

2015, ഫെബ്രുവരി 5, വ്യാഴാഴ്‌ച

3.28 കപിലോപദേശം - ഭക്തിനിർവ്വർത്തനം

ഓം
ശ്രീമദ്ഭാഗവതം ത്രിതീയസ്കന്ധം  - അദ്ധ്യായം 28
(കപിലോപദേശം - ഭക്തിനിർവ്വർത്തനം)


കപിലഭഗവാൻ മാതാവായ ദേവഹൂതിയോടു പറഞു: "അമ്മേ!, അല്ലയോ നൃപാത്മജേ!, ഇനി നാം അവിടുത്തോടുപറയുവാൻ പോകുന്നതു പരമമായ യോഗത്തിന്റെ ലക്ഷണങളെക്കുറിച്ചാണ്. ഇതറിഞാൽ മനസ്സിനെ വിഷയങളിൽനിന്നു സംയമിപ്പിച്ച് പരമമായ ബ്രഹ്മപദത്തിലേക്കു തിരിച്ചുവിടുവാൻ അനായാസം സാധ്യമാകുന്നു. അതിലേക്ക് ആദ്യമായി ചെയ്യേണ്ടത്, അവനവന്റെ ധർമ്മം തന്നാൽ കഴിയുംവിധം ശുദ്ധമായി അനുഷ്ഠിക്കുകയും, പരധർമ്മങളിൽ നിന്നു കഴിയുംവിധം ഒഴിഞുനിൽക്കുകയുമെന്നുള്ളതാണ്. ഈശ്വരാനുഗ്രഹത്താൽ കിട്ടുന്ന വസ്തുവകകളിൽ സംതൃപ്തനാകുകയും, ഗുരുപാദപത്മങളിൽ ഭക്തിയുണ്ടാകുകയും വേണം. കേവലം സാമ്പ്രദായിക അനുഷ്ഠാനവിധികളിൽനിന്നുമകന്ന്, മോക്ഷകാരകങളായ സാധനകളിൽ തല്പരരാകുകയും, മിതവ്യശീലരായി ആളൊഴിഞയിടങളിലിരുന്നു ഇത്തരം അനുഷ്ഠാനനൾ ചെയ്യുന്നതോടെ ഒരുവൻ ജീവിതത്തിന്റെ പരമമായ ഉദ്ദേശത്തെ സാക്ഷാത്കരിക്കുന്നു.
അഹിംസ, സത്യം, ആസ്തേയം, അപരിഗ്രഹം, ബ്രഹ്മചര്യം, തപസ്സ്, ശൗചം, സ്വാധ്യായം, ഭഗവതാരാധനം, മൗനം, വിവിധതരം ആസനാഭ്യങൾ, സ്തൈര്യം, പ്രാണായാമങൾവഴി പ്രാണജയം, ഇന്ദ്രിയങളെ വിഷയങളിൽനിന്നും പ്രതിഹരിച്ച് മനസ്സിനെ ഹൃദയസ്ഥാനത്തുറപ്പിക്കുക,  തുടങിയ കർമ്മങളിൽ തല്പരരായി അവയെ ശുദ്ധമായി അനുഷ്ഠിക്കേണ്ടതുണ്ട്.  പ്രാണനേയും, മനസ്സിനേയും, ഷട്ചക്രങളിൽ ഏതെങ്കിലുമൊന്നിലുറപ്പിച്ച്, ഹൃദയത്തിൽ ഭഗവാൻ ഹരിയുടെ മഹിമകളെ നിറച്ച് അവനെ ധ്യാനിക്കുമ്പോൾ മനസ്സിനുണ്ടാകുന്ന സംതുലിതഭാവാനുഭത്തിനെ "സമാധി" എന്നു പേർ വിളിക്കുന്നു. പ്രസ്തുത പ്രക്രീയയിലൂടെയോ, തത്തുല്യമായ മറ്റേതുവിധിപ്രകാരമോ, അനിയന്ത്രിതമായി വിഷയങളിൽ മുങി മലിനമായ മനസ്സിനെ സംയമിപ്പിച്ച് ശുദ്ധമാക്കി അതിൽ ഹരിയുടെ അപാരമഹിമകളെ നിറച്ച് അവന്റെ ചിന്തയിൽ ഒരുവൻ നിമഗ്നമാകണം. ചിത്തസംയമനം ചെയ്ത യോഗി, ശുദ്ധവും ശാന്തവുമായ ഒരു പ്രദേശത്തെത്തി, തനിക്ക് സുകരമായ ഒരാസനമൊരുക്കി, അതിലിരുന്ന് ശരീരത്തെ ഋജുവാക്കിവച്ചുകൊണ്ട് പ്രാണായാമാദിസാധനകളെ ചെയ്യണം. തുടർന്ന്, പൂരക-രേചക-കുംഭക വിധിപ്രകാരമോ, മറിച്ച്, കുംഭക-രേചക-പൂരക വിധിപ്രകാരമോ പ്രാണന്റെ ഗതിയെ നിയന്ത്രിച്ച്, മനസ്സിനെ സ്ഥിരവും അചഞ്ചലവുമാക്കണം. സ്വർണ്ണം അഗ്നിയിലുരുക്കി കാറ്റിലുണക്കി അതിനെ മാലിന്യങളിൽനിന്നും വേർപെടുത്തുന്നതുപോലെ, പ്രാണയാമപ്രക്രീയയിലൂടെ ചിത്തം വിഷയമാലിന്യങളകന്ന് പരിശുദ്ധമാകുന്നു. പ്രാണായാമം ചെയ്യുന്നതിലൂടെ ഒരുവൻ തന്റെ ശാരീരികാരോഗ്യത്തെ പരിപാലിക്കുകയും, ധാരണയിലൂടെ അവൻ ആന്തരികമായ കിൽബിഷങളകന്ന് മുക്തനാകുകയും ചെയ്യുന്നു. അതുപോലെ, പ്രത്യാഹാരപരിശീലനംകൊണ്ട് അവൻ വിഷയമാലിന്യങളിൽനിന്നകലുകയും, തുടർന്ന്, ഹരിയെ ധ്യാനിക്കുന്നതിലൂടെ പ്രകൃതിയുടെ ത്രൈഗുണ്യാത്മകമായ സകല ബന്ധനങളിൽനിന്നും അവൻ നിശ്ശേഷം മുക്തനാകുകയും ചെയ്യുന്നു.
ഇങനെ പ്രാണായാമാദിയോഗാഭ്യാസത്താൽ ചിത്തം തികച്ചും നിയന്ത്രിതമാകുന്ന സമയം ഒരുവൻ ധ്യാനത്തിന് യോഗ്യനാകുന്നു. നാസാഗ്രത്തിൽ ദൃഷ്ടി‌യുറപ്പിച്ച്, പാതിതുറന്ന നയനങളോടെ ഭഗവാൻ ഹരിയുടെ തിരുരൂപത്തെ ധ്യാനിച്ചുതുടങണം. ആ സമയം, പത്മഗർഭദ്യുതിയൊഴുകുന്ന പ്രസന്നവദനത്തോടും, അതിൽ രക്തവർണ്ണനയങളോടും, നീലോത്പലം പോലെ ശ്യാമളവർണ്ണത്തിൽ കോമളമായ ശരീരത്തോടും, ചതുർഭുജങളിൽ ശംഖചക്രഗദാപത്മങൾ ധരിച്ചും, അരയിൽ മിന്നിത്തിളങുന്ന മഞപട്ടുടുത്തും, വക്ഷസ്സിൽ ശ്രീവത്സമണിഞും, കഴുത്തിൽ കൗസ്തുഭമണിയണിഞും, നവപുഷ്പങളുടെ പരിമളത്തിൽ ഉന്മത്തരായ വണ്ടുകൾ വട്ടമിട്ടുപറക്കുന്ന വർണ്ണശബളമായ വനമാലയണിഞും, കഴുത്തിൽ അമൂല്യഹാര‌ങളിഞും, കൈത്തണ്ടയിൽ വളകളും, കാപ്പുകളും, കങ്കണങളുമണിഞും, നിരനിരയായ് മുത്തും പവിഴവും പതിക്കപ്പെട്ട കനകകിരീടമണിഞും, കാലിൽ ചിലമ്പണിഞും, അരയിൽ ഉലഞാടുന്ന കാഞ്ചിയണിഞും, അവൻ ഭക്തകോടികളുടെ ഹൃദയകമലങളിൽ നിറഞുനിൽക്കുന്ന കാഴ്ച ധ്യാനനിമഗ്നനായ യോഗി തന്റെ ഉൾക്കണ്ണിൽ കണ്ടറിയുന്നു. ആ കാഴ്ച യോഗിയുടെ ഹൃദയത്തെ പുളകം കൊള്ളിക്കുന്നു.  ആ ദിവ്യരൂപം ഭക്തൻ തന്റെ ഉൾക്കണ്ണിലൂടെയുൾക്കൊണ്ട് അന്തരാത്മാവിൽ നിറയ്ക്കുന്നു. അദ്ധ്യാത്മസുന്ദരമായ ആ കോമളരൂപം സകലലോകങളിലും വാഴ്ത്തപ്പെടേണ്ടതാണ്. കാരണം അനശ്വരസ്വരൂപനായ ഭഗവാൻ ഹരി തന്റെ ഭക്തന്മാരെ അനുഗ്രഹിക്കുവാനായി സദാ കൗതുഹലം കൊണ്ടുനിൽക്കുന്നവനാണ്.
അമ്മേ!, ഭഗവാൻ ഹരി ഉത്തമശ്ലോകനാണ്. അവന്റെ മഹിമകൾ ഭക്തന്മാരുടെ മഹിമയേയും വർദ്ധിപ്പിക്കുന്നു. അതിനാൽ അദ്ധ്യാത്മസ്വരൂപനായ അവനേയും അവന്റെ ഭക്തന്മാരേയും നിരന്തരം ധ്യാനിക്കുകയും, വന്ദിക്കുകയും ചെയ്യുക. അതിലൂടെ ചിത്തം ക്രമേണ പൂർണ്ണമായും അവനിൽ രമിക്കുന്നു. ഇങനെ നിത്യനിരന്തരമായ ഭക്തിയോഗത്താൽ, അവന്റെ നിൽപ്പും, കിടപ്പും, നടപ്പും, തന്റെയുള്ളിൽതന്നെയുള്ള അവന്റെ ഇരിപ്പുമെല്ലാം യോഗി തന്റെ ഉപനയനത്താൽ വീക്ഷണം ചെയ്യുന്നു. കാരണം അവന്റെ മഹിമകളെല്ലാം അത്യന്തം മനോഹരവും, കീർത്തിതവ്യവുമാണ്. അവന്റെ ഓരോ അംഗങൾതോറും ചിത്തത്തെയുറപ്പിച്ച് യോഗി ധ്യാനത്തിൽ മുഴുകണം. ഉൾക്കണ്ണുകൊണ്ടുള്ള യോഗിയുടെ ധ്യാനം, വജ്രവും, അങ്കുശവും, ദ്വജവും ശോഭിക്കുന്ന അവന്റെ പാദപത്മത്തിൽനിന്നുതുടങി, ഉത്തുംഗരക്തവർണ്ണത്തിൽ പ്രശോഭിതമായ നഖനികരങളി‌ലേക്ക് നീങണം. അവയുടെ ഉജ്ജ്വലജ്യോതിയിൽ ഭക്തഹൃദയങളിലെ അന്തകാരം നീങി അവിടം പ്രകാശമാനമാകുന്നു. അവന്റെ തിരുപാദതീർത്ഥോദകമാകുന്ന ഗംഗയെ ശിരസ്സിൽ വഹിച്ചുകൊണ്ട് ദേവാദിദേവൻ മഹാദേവൻ സ്വയം തന്നെ പവിത്രമാക്കുന്നു. ആ പാദമൂലം ഒരിടിമിന്നലായി പരിണമിച്ചുകൊണ്ട് ഭക്തഹൃദയങളിലെ പാപാദ്രികളെ തച്ചുടയ്ക്കുന്നു. ആയതിനാൽ ആ പാദാരവിന്ദം മാത്രമാണ് സകലഭൂതങൾക്കും ഏകാശ്രയം. വിരിഞ്ചജനനിയും, സർവ്വദേവപൂജിതയുമായ ലക്ഷ്മീഭഗവതി തന്റെ കരപല്ലവങളാൽ സദാ അവന്റെ പാദസേവചെയ്തുകഴിയുന്നു. ആ കാഴ്ച യോഗിയുടെ ഹൃദയത്തെ കുളിരണിയിക്കുന്നു.
അംഘ്രിയുഗളത്തിൽനിന്നുമുയർന്ന് യോഗിയുടെ ധ്യാനം ആ കാരുണ്യമൂർത്തിയുടെ ഓജോനിധികളായ തൃത്തുടകളിലേക്ക് മാറണം. ചണപുഷ്പത്തെപ്പോലെ വെളുപ്പുകലർന്ന നീലനിറത്തിലുള്ള ആ തുടകൾ കൂടുതൽ  സൗന്ദര്യവത്താകുന്നത് അവൻ ഗരുഡോപരിയേറുമ്പോഴാണ്. അവിടെനിന്നും മേലോട്ടുയർന്ന് യോഗിയുടെ ഉൾക്കണ്ണ്, അനുപമസൗന്ദര്യമിയലുന്ന പീതവാസസംചുറ്റി, അതിനുമുകളിൽ വ്യത്യസ്ഥവർണ്ണരത്നസംയുതമായ പൊന്നരഞാണം ശോഭിക്കുന്ന, കടീതടദേശത്തിലെത്തണം. ആ പട്ടിന്റെ അഗ്രം താഴെ നെരിയാണിയോളം തൂങിയാടുന്ന സൗന്ദര്യം ഭക്തഹൃദയങളെ കോൾമയിർക്കൊള്ളിക്കുന്നു. അവിടെനിന്നും തൊട്ടുമേലെ അവന്റെ നാഭീദേശം. അവിടെനിന്നും ഉയർന്നുവിടർന്ന പങ്കജമലർ. അത് ആദിദേവനായ വിരിഞ്ചന്റെ ആലയവും, ജഗത്സർവ്വത്തിന്റെ അധിഷ്ഠാനവുമാണ്. അവിടെനിന്നും യോഗിയുടെ മനസ്സ് മരതകമുത്തുകൾപോലെയുള്ള അവന്റെ സ്തനങളിലേക്കുയരണം. കണ്ഠത്തിൽ ധരിച്ചിരിക്കുന്ന വൈഢൂര്യരശ്മികളാൽ അവ കണ്ണഞ്ചിപ്പിക്കുന്ന ധവളവർണ്ണത്തിൽ മിന്നിത്തിളങുന്നതുകാണാം. ആ മരതകമുത്തുക്കുകൾക്കുനടുവിൽ അവന്റെ വക്ഷസ്ഥലമാണ്. അവിടയത്രേ ലക്ഷ്മീഭഗവതി വിളങുന്നത്. അവിടെനിന്നത്രേ സത്ചിതാനന്ദം ജീവഭൂതങളുടെ മനോനയനങളിലേക്ക് വഴിഞൊഴുകുന്നതും. അവിടെനിന്നും മനസ്സ് ചലിക്കേണ്ടത് ആരാധ്യനായ അവന്റെ കണ്ഠത്തിലേക്കാണ്. അവിടെ ശ്രീകൗസ്തുഭം മിന്നിപ്രാശിച്ചുകൊണ്ട് ആ കണ്ഠത്തിന് മാറ്റുകൂട്ടുന്നു.
തുടർന്ന് യോഗി തന്റെ മനോനയനങളിലൂടെ അവന്റെ നാല് തൃക്കൈകളെ ദർശിക്കണം. പ്രകൃതിയുടെ വ്യത്യസ്ഥ വൃത്തികളുടെ അധിപതികളായ ദേവതകളുടെ സമ്പൂർണ്ണശക്തിസ്രോതസ്സ് ആ ചതുഭുജങളാണ്. അനന്തരം മന്തരപർവ്വതപരിക്രമണത്താൽ കൂടുതൽ പ്രകാശമാനമായ അവന്റെ ആഭരണങളെ ദർശിക്കുക. തുടർന്ന്, ആ നാല് തൃക്കൈകളിൽ വിളങുന്ന അസഹ്യതേജസ്സോടുകൂടിയ സുദർശനചക്രത്തെയും, രാജഹംസംപോലെ തോന്നിക്കുന്ന ശംഖവും, അവന് ഏറെ പ്രീയപ്പെട്ട കൗമോദകീഗദയും സ്മരിക്കണം. ശത്രുവായി അവനുനേരേ പാഞുവരുന്ന ദൈത്യവംശത്തെ അപ്പാടെ തച്ചുടച്ച്, ആ ഗദ അവരുടെ രക്തത്താൽ ലേപ്തിമായിരിക്കുന്നു. അവിടെ നിന്നും യോഗി തന്റെ മനസ്സിനെ അവനണിഞിരിക്കുന്ന വനമായിൽ മഗ്നമാക്കണം. മധുപന്മാർ മൂളിക്കൊണ്ട് ആ നിർമ്മലഹാരത്തിനുചുറ്റും വലംവച്ചുപറക്കുന്നു. പിന്നീട് കാണേണ്ടത് അവന്റെ കഴുത്തിൽ മിന്നിത്തിളങുന്ന മുത്തുഹാരമാണ്. അത് അവന്റെ ഭക്തന്മാരുടെ ജീവനത്രേ!. അതിനുമുകളിൽ അവന്റെ മുഖാരവിന്ദമാണ്. ഭക്തവത്സലനായ ഭഗവാൻ ജഗത്തിൽ പലേ അവതാരങൾ സ്വീകരിച്ചുകൊണ്ട് ആ തിരുമുഖകമലം തന്റെ ദാസന്മാർക്ക് കാട്ടിക്കൊടുക്കുന്നു. ആ മുഖകമലത്തിന്റെ കർണ്ണികാമധ്യത്തിൽ അനവദ്യമായ അവന്റെ നാസ പരിശോഭിക്കുന്നു. കാതിൽ ഇളകിയാടുന്ന മകരകുണ്ഡലങളുടെ ഉജ്ജ്വലദ്യുതിയിൽ അവന്റെ കവിളിണകൾ മിന്നിത്തിളങുന്നു. കുറുനിരകളിളകിയാടുന്ന, പത്മദളായതലോചനശോഭിതമായ, ഉല്ലസിക്കുന്ന പുരികദ്വയങളോടുകൂടിയ ആ തിരുമുഖമാണ് യോഗി പിന്നീട് ധ്യാനിക്കേണ്ടത്. അവയുടെ ചന്തത്തിനുമുന്നിൽ, മധുപക്കൂട്ടങൾ വട്ടമിട്ടുപറക്കുന്ന ചെന്താമരയും, നീന്തിതുടിക്കുന്ന മീനമിഥുനങളും തോറ്റുപോകുന്നു.
യോഗി കാരുണ്യവായ അവന്റെ നയനങളെ അചഞ്ചലമായ ഭക്തിയോടെ ധ്യാനിക്കണം. കാരണം, അതിലൂടെയൊഴുകുന്ന കാരുണ്യരശ്മികൾ ഭക്തന്റെ താപത്രയങളെ ഉപസംഹരിക്കുന്നു. മാത്രമല്ലാ, പുഞ്ചിരികലർന്ന ആ നോട്ടം അനുപമമായ ഭഗവതനുഗ്രഹത്തെ വാരിവിതറുന്നു. അമ്മേ!, ഭഗവാൻ ഹരിയുടെ ഉദാരമായ ആ പുഞ്ചിരി അവന്റെ ഭക്തന്മാരുടെ കണ്ണീർക്കടലിന്റെ ബാഷ്പീകരിക്കുന്നു. മാത്രമോ!, ആ ഭ്രൂമണ്ഢലത്തെനോക്കി മകരധ്വജനും ഭ്രമിച്ചുപോകുന്നു. ആർദ്രമായ സ്നേഹത്തോടെ യോഗി തന്റെ ഹൃദയകുഹരത്തിൽ ഹരിയുടെ മന്ദഹാസത്തെ ധ്യാനിക്കണം. ആ മനോഹാരിതയ്ക്കുമുന്നിൽ മുഖം തിരിക്കുവാൻ ആർക്കുംതന്നെ കഴിയുകയില്ല. അവൻ ചിരിക്കുമ്പോൾ, മുല്ലമൊട്ടിൻനിരകൾപോലെ തിളങുന്ന ദന്തപംക്തികൾ അതിനുചുറ്റുമുള്ള ചെഞ്ചുണ്ടിന്റെ ഉജ്ജ്വലദീപതിയിൽ രക്തവർണ്ണത്തിൽ പരിശോഭിക്കുന്നതുകാണാം. അവയെ ധ്യാനിക്കുന്ന യോഗിയുടെ ഹൃദയം മറ്റെങും അലഞുതിരിയാതെ തികച്ചും ആ ഹാസസൗന്ദര്യത്തിൽ നിമഗ്നമാകുന്നു.
അമ്മേ!, ഇങനെ നിത്യനിരന്തരം അവനെ ധ്യാനിക്കുന്നതോടെ യോഗിയുടെ ഹൃദയം പൂർണ്ണമായും അവനിൽ അനുരക്തമാകുകയും, ആ നിലയിൽ അതുല്യമായ ആനന്ദത്തിൽ യോഗി ഉത്പുളകം കൊള്ളുകയും ചെയ്യുന്നു. ഹൃദയത്തിൽനിന്നുമുതിർന്നിറങിയ ആനന്ദാശ്രുവിൽ കുളിച്ച് ആ ജീവൻ പരിശുദ്ധമാകുന്നു. പതുക്കെപതുക്കെ, മത്സ്യം ചൂണ്ടയിൽ കൊളുത്തപ്പെടുന്നതുപോലെ, ഭഗവാനെ നേടുവാൻ താൻ ധ്യാനത്തിനുപയോഗിച്ച തന്റെ ഹൃദയംതന്നെ ഭൗതികവിഷയങളിൽന്നിന്നും സ്വയമേവ പൂർണ്ണതരം വിരക്തമായി ഭഗവാൻ ഹരിയുടെ പാദാരവിന്ദങൾക്കടിപ്പെട്ടുപോകുന്നു. അങനെ ഹൃദയം പൂർണ്ണമായും ഭൗതികമാലിന്യങളിൽനിന്നുമകന്ന്, ഭൗതികമായ നേട്ടങളിലുള്ള ഇച്ഛവെടിഞ്, സ്വയം ഉജ്ജ്വലിച്ചുതെളിയുന്ന ഒരു തിരിനാളമായി മാറുന്നു. കാരണം, ഭക്തന്റെ ഹൃദയം ഇതിനകം വിഷയങളുമായുള്ള ബന്ധത്തെ പൂർണ്ണമായും തിരസ്കരിക്കപ്പെട്ടുകഴിഞിരിക്കും. തുടർന്ന്, വിഷയാനുഭങളുടെ ആധിപത്യത്തിൽനിന്നും സ്വയം രക്ഷപ്പെട്ട്, മനസ്സ് തികച്ചും ഊർദ്ധ്വസ്ഥിതിയിലിരുന്നുകൊണ്ട് സുഖദുഃഖങഭാവങൾക്കധീതമായ തന്റെ സ്വരൂപമഹിമയെ അനുഭവിച്ചറിഞാനന്ദിക്കുന്നു. ആ സമയം യോഗി തനിക്ക് ഭഗവാനുമായുള്ള ആത്മബന്ധത്തെ തിരിച്ചറിയുകയും, താൻ തന്റെ ജീവനെ ഇതുവരെയേൽപ്പിച്ച സുഖദുഃഖങളുടെ മധുരവും തിക്തവുമായ അനുഭവങളൊക്കെക്കും കാരണം തമോഗുണജന്യമായ അഹങ്കാരമാണെന്ന സത്യം യോഗി മനസ്സിലാക്കുകയും ചെയ്യുന്നു. മദ്യപിച്ച് മദോന്മത്തനായ ഒരു മനുഷ്യന് തന്റെ ശരീരത്തിൽനിന്നും അഴിഞുവീഴുന്ന വസ്ത്രത്തെ അറിയാൻ കഴിയാത്തതുപോലെ, സ്വരൂപത്തെ യഥാവിധം തിരിച്ചറിഞ ബ്രഹ്മനിഷ്ഠനായ ഒരു യോഗി തന്റെ ഭൗതികശരീരത്തിന്റെ ചലങളിൽ തീർത്തും ഉദാസീനഭാവം കൈവരിക്കുന്നു.
അമ്മേ!, ഇങനെ ആത്മസാക്ഷാത്കാരം നേടിയ യോഗിയുടെ ശരീരം അവന്റെ ഇന്ദ്രിയങളോടൊപ്പം ഭഗവാൻ ഹരിയുടെ പൂർണ്ണനിരീക്ഷണത്തിലാകുകയും, വിധിതകർമ്മാവസാനം വരെ അത് ആ കാരുണ്യവാന്റെ മേൽനോട്ടത്തിൽ കർമ്മനിരതമാകുകയും ചെയ്യുന്നു. വസ്തുസ്ഥിതിയിലേക്കുണർന്നുയർന്ന യോഗി, യോഗത്തിന്റെ പരമകാഷ്ഠയിലെത്തി, ഭഗവാനും താനും ഒന്നെന്നനുഭവിച്ചറിയുന്ന നിമിഷം, അവൻ ഈ ശരീരത്തിന്റെ ഉപോല്പന്നങളൊന്നുംതന്നെ സ്വാർത്ഥം സ്വീകരിക്കുന്നില്ല. തന്റെ സകലശാരീരികകർമ്മങളും സ്വപ്നത്തിലേതെന്നതുപോലെ അയഥാർത്ഥങളായി അവൻ കണ്ടറിയുന്നു. സമൂഹത്തിൽ ഈശ്വരസൃഷ്ടങളായി അനേകം കുട്ടികളുണ്ട്. പക്ഷേ തന്റേതെന്നഭിമാനിച്ചുകൊണ്ട് മനുഷ്യൻ തങളുടെ കുടുംബത്തിലുള്ളവരെ സ്നേഹിക്കുന്നു. അവർക്കുവേണ്ടി പ്രപഞ്ചത്തിലെ അനേകം ധനങളിൽൽ കുറച്ചു ധനം തന്റേതെന്നഭിമാനിക്കുന്നു. അതുപോലെ മമതയിൽ മുങി ഈ ശരീരത്ത അവൻ പരിപാലിക്കുന്നു. പക്ഷേ അതേസമയംതന്നെ, ഇവയൊന്നിലും നമുക്ക് യാതൊരുവിധമായ ആധിപത്യമോ ബന്ധമോ ഇല്ലെന്ന സത്യവും അവൻ മനസ്സിലാക്കുന്നു. അതുപോലെയാണ് കർമ്മാചരണത്തിനായി തന്റെ ശരീരത്തെ നിലനിറുത്തുമ്പോഴും യോഗി താനും സ്വശരീരവും വേവ്വേറേയാണെന്ന സത്യത്തെ മനസ്സിലാക്കുന്നത്. വിറകിൽനിന്നും ആളികത്തുന്ന അഗ്നി അവയുടെ സ്ഫുലിംഗങളിൽനിന്നും, ധൂമത്തിൽനിന്നും, നാളങളിൽനിന്നും വ്യത്യസ്ഥമാണ്. എന്നാൽ അവയെല്ലാം ഒരേ വിറകിൽനിന്നുമുത്ഭവിച്ച് അഗാധമായി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.
മാതേ!, ഭഗവാൻ ഹരി പരബ്രഹ്മമാണ്. അവനത്രേ സർവ്വതിനും ദർശകൻ. അവൻ ഇന്ദ്രിയസമാഹൃതങളായ ജീവാത്മാക്കളിൽനിന്നും ശുദ്ധനും ഭിന്നനുമാണ്. അതേസമയം സർവ്വഭൂതങളും അവന്റെ പ്രഭാകിരണങളുമാണ്. അതുകൊണ്ട് യോഗി സർവ്വഭൂതങളിലും സമഭാവനയോടെ അവനെ മാത്രം ദർശിക്കണം. അതാണ് ബ്രഹ്മസാക്ഷാത്കാരം. വിറകുകളുടെ അനേകരൂപങളിലൊക്കെയും അഗ്നി വെവ്വേറേയായി പ്രത്യക്ഷമാകുന്നതുപോലെ, ത്രിഗുണങളുടെ വ്യത്യസ്ഥപ്രഭാവങളനുസരിച്ച് വ്യത്യസ്ഥയോനികളിൽ ഒരേ ബ്രഹ്മംതന്നെ പലതായി വേർതിരിഞുരൂപം കൊള്ളുന്നതായി കാണപ്പെടുന്നു. മാതാവേ!, സൃഷ്ടിയുടെ മുഴുവൻ കാര്യവും, കാരണവും, ആ അത്ഭുതപുരുഷന്റെ മായാപ്രകൃതിയാണ് ദുസ്തരമായ അവളുടെ പിടിയിൽനിന്നും ഒരിക്കൻ മുക്തനാകുന്ന യോഗി അനന്തരം എന്നെന്നേയ്ക്കുമായി തന്റെ സ്വരൂപത്തിൽ അധിഷ്ഠിതനായി ഉറച്ചുനിലകൊള്ളുന്നു.

ഇങനെ ശ്രീമദ്ഭാഗവതം ത്രിതീയസ്കന്ധം  ഇരുപത്തിയെട്ടാമധ്യായം സമാപിച്ചു.

ഓം തത് സത്.

<<<<<<<  >>>>>>>






srimad bhagavatham, chapter 28 of canto 1, kapilopadesham, lord kapila teaches His mother devahuti about sankhya yogam,

2015, ജനുവരി 10, ശനിയാഴ്‌ച

3.27 കപിലോപദേശം (ദൃശ്യപ്രപഞ്ചമനനം)

ശ്രീമദ്ഭാഗവതം ത്രിതീയസ്കന്ധം  - അദ്ധ്യായം - 27
(ദൃശ്യപ്രപഞ്ചമനനം)
ഭഗവാൻ ഹരി സ്വായംഭുവമനുവിന്റെ പുത്രിയായ ദേവഹൂതിക്ക് മകനായിപ്പിറന്ന്, തന്റെ മാതാവിന് ആത്മതത്വമാകുന്ന സാംഖ്യയോഗമഹാശാസ്ത്രം ഉപദേശിച്ചു. ഭഗവാൻ കപിലൻ പറഞു:' അമ്മേ!,യഥാർത്ഥത്തിൽ ഈ ജീവൻ പ്രകൃതിയുടെ ത്രിഗുണങൾക്കധീതനാണ്. കാരണം, അവൻ നിർവ്വികാരനും, കർത്തൃത്വഭോക്തൃത്വഭാവങളിൽനിന്നും നിസ്പൃഹനുമാണ്. പഞ്ചഭൂതാത്മകമായ സ്ഥൂലശരീരത്തിനുള്ളിൽ അനശ്വരതിരിനാളമായി നിലകൊള്ളുമ്പോഴും, ജലത്തിലെ ആരോപിതസൂര്യൻ ജലത്തിൽനിന്നും നിസ്പൃഹനായിനിൽക്കുന്നതുപോലെ, ജീവൻ തിഗുണങളിൽനിന്നും വിട്ടുനിൽക്കുന്നു. പക്ഷേ, അവൻ പ്രകൃതിഗുണങൾക്കും, അഹങ്കാരത്തിനും വശപ്പെട്ടുനിൽക്കുകകാരണം, സ്വയംജ്യോതിർസ്വരൂപനായ താൻ പഞ്ചഭൂതാത്മകമായ ഈ ശരീരമാണെന്ന് ചിന്തിച്ചുറച്ച് അതിൽ അഭിമാനം കൊണ്ട്, ഇവിടെ ഭൗതികകർമ്മങളിൽ അതിരക്തനാകുകയും, തത്ക്കാരണം താൻ അവയുടെ കർത്താവാണെന്ന മൗഢ്യബോധത്തിൽ സ്വയം രമിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു. അങനെ പ്രകൃതിഗുണങളുമായി നിത്യനിരന്തരബന്ധത്തിലേർപ്പെട്ടുകഴിയുന്ന ജീവന്മാർ ദേഹാവസാനത്തിൽ ഊർദ്ധ്വവും, നീചവുമായ അന്യജീവജാലസമൂഹങളിലേക്ക് ചേക്കേറുകയും ചെയ്യുന്നു. ത്രിഗുണാധീനനായ ജീവന്മാർ തങളുടെ കർമ്മദോഷം ഹേതുവായി ഈവിധം ജനനമരണസംസാരചക്രത്തിൽ കാലാകാലങളായി ഉഴറുവാൻ ഇടവരുന്നു.
അമ്മേ!, യഥാർത്ഥത്തിൽ ജീവൻ ത്രിഗുണാധീതനാണെന്നു ഞാൻ പറഞുവല്ലോ. മായയുടെ ഇന്ദ്രജാലങൾക്ക് വശപ്പെട്ട് അവൻ തനിക്കുചുറ്റുമുള്ള വിഷയളെ നിരന്തരം ധ്യാനിക്കുകയും, അവയിൽ അത്യന്തം രമിക്കുകയും ചെയ്യുന്നു. തൽക്കാരണം, അവന് വിഷയങളുമായുള്ള ബന്ധത്തിൽനിന്നും മുക്തനാകുവാൻ കഴിയാതെവരുന്നു. വിഷയങൾക്കും, ത്രിഗുണങൾക്കും പരനായ ജീവൻ സ്വപ്നത്തിലെന്നോണം സംസാരാർണ്ണവത്തിൽ അലഞുതിരിയുന്നു. ആയതിനാൽ, വിഷയങളുമായി സമ്പർക്കം പുലർത്തിക്കഴിയുന്ന ജീവൻ കാലാന്തരത്തിൽ തന്റെ ചിത്തത്തിൽ വിഷയങളോടുള്ള തീവ്രമായ വൈരാഗ്യം ജനിപ്പിക്കുകയും, അങനെചെയ്യുന്നതോടെ ചിത്തം അവന്റെ നിയന്ത്രണത്തിന് വിധേയമായിവരുകയും, തുടർന്ന്, ഭക്തിയോഗത്താൽ അവന് ഈ സംസാരത്തെ മറികടക്കുവാൻ സാധ്യമാകുകയും ചെയ്യുന്നു.
യമനിയമാദികളിൽതുടങുന്ന യോഗസാധനകളിൽ അത്യന്തം ശ്രദ്ധപുലർത്തിക്കൊണ്ടും, അചഞ്ചലഭക്തിയോടെ ഭഗവന്നാമങളെ ശ്രവിക്കുകയും, കീർത്തിക്കുകയും ചെയ്തുകൊണ്ടും, ഒരുവൻ സ്വയം ഉയർന്ന യോഗസ്ഥിതിയിലെത്തിച്ചേരണം. സാധന ആരംഭിക്കുന്നതിന്റെ ആദ്യപടിയായി സർവ്വഭൂതങളിലും, സമചിത്തതയുണ്ടാകുകയും, യാതൊന്നിനോടും വൈരവും, രാഗവും, ഉണ്ടാകാരിക്കുവാനും പ്രത്യേകം ശ്രദ്ധിക്കണം. മൗനിയും, ബ്രഹ്മചാരിയുമായിക്കൊണ്ട് അവൻ സ്വധർമ്മത്തെ ഭഗവതർപ്പണം ചെയ്തനുഷ്ഠിച്ച് കഴിയുകയും വേണം. യോഗി എപ്പോഴും യദൃച്ഛയാ കിട്ടുന്നവയിൽ സംതൃപ്തനായിരിക്കണം. അമിതാഹാരം വർജ്ജിക്കുകയും, ആളൊഴിഞ ഇടത്തിൽ താമസിക്കുകയും വേണം. അവിടെയിരുന്നുകൊണ്ട് ശാന്തനും, മൈത്രിയും, കരുണയുള്ളവനുമായി തത്വവിചാരം ചെയ്യണം. തീവ്രമായ യോഗസാധനയിലൂടെ ഒരുവൻ പ്രകൃതിയേയും, പുരുഷനേയും പ്രത്യേകം പ്രത്യേകം കണ്ടറിയുകയും, ദേഹം താനാണേന്ന മിഥ്യാബോധം അവസാനിപ്പിക്കുകയും, ദേഹവുമായി ചേർന്നുള്ള സകലവിഷങളിൽനിന്നും, ചിത്തത്തെ നിരോധിക്കുകയും വേണം. വിഷയവാസനകളിൽനിന്നും വളരെ ദൂരെയകന്ന്, ഭൗതികവിഷങൾക്കപ്പുറമുള്ള അദ്ധ്യാത്മസ്ഥിതിയിലെത്തുകയും വേണം. അങനെ ദേഹാ‌ഭിമാനത്തിൽനിന്നും പൂർണ്ണമായിയകന്ന്, അനന്തമായ വിഹായസ്സിൽ ഉജ്ജ്വലസൂര്യനെ കാണുന്നതുപോലെ, തന്റെയുള്ളിൽതന്നെ സ്വസ്വരൂപം ദർശിക്കുവാൻ കഴിയണം. ഇതിലൂടെ യോഗി അദ്ധ്യാത്മസ്വരൂപനും, മായാവിരചിതമായ അസത്‌വസ്തുക്കളിൽപോലും അദ്വൈതഭാവത്തിൽ ആരോപിതമായി കാണപ്പെടുന്നവനുമായ ആ കാരുണ്യരൂപനെ സാക്ഷാത്ക്കരിക്കുന്നു. അവൻ സകലചരാചങൾക്കും ആദികാരണനും, അവയ്ക്കകമ്പുറം നിറഞ് കുടികൊള്ളുന്നവനുമാണ്. ആകാശസ്ഥിതനായ സൂര്യന്റെ പ്രതിബിംബം ജലത്തിലും, മതിലുകളിലുമൊക്കെ നിഴലിച്ചുകാണുന്നതുപോലെ ആ പരമാത്മാവിന്റെ പ്രതിബിംബത്തെ യോഗി സകലതിലും കണ്ടറിയുന്നു.

ഇങനെയുണ്ടാകുന്ന ആത്മസാക്ഷാത്ക്കാരത്തിനുമുൻപ്, ജീവൻ സാത്വികരാജസീകതാമസീകങളായ ത്രിഗുണാഹങ്കാരങളിലൂടെ തന്നെ ഭൂതേന്ദ്രിയമനോമയങളായി ദർശിക്കുന്നു. ഒരു ഭക്തൻ പഞ്ച‌ഭൂതങളിൽ മുഴുകിയവനായി തോന്നുന്നുവെങ്കിലും, അവൻ ഇന്ദ്രിയവിഷയങൾക്കടിപ്പെട്ടവനാണെന്നു തോന്നുന്നുവെങ്കിലും, അവന്റെ മനസ്സും, ബുദ്ധിയും ഭൗതികവിഷയങളിൽ നിത്യനിരന്തരമായി മുഴുകപ്പെട്ടതാണെന്നു തോന്നുന്നുവെങ്കിലും, യഥാർത്ഥത്തിൽ ആ ഭക്തൻ അദ്ധ്യാത്മികമായി ഉണർന്നവനും, മിഥ്യാഹങ്കാരത്തിൽനിന്നും മുക്തനുമാണ്. ഒരുവന്, താൻ ഒരു ദ്രഷ്ടാവാകുന്ന അസ്ഥിത്ത്വത്തെ സ്പഷ്ടമായി കണ്ടറിയുവാൻ സാധ്യമാണ്. പക്ഷേ, ഗാഢനിദ്രയിൽ അവൻ തന്റെ അസ്ഥിത്വത്തെ അറിയാതെപോകയാൽ, അവന് താൻ അത്രനേരത്തേക്കും മിഥ്യാരൂപേണ നഷ്ടമായിപ്പോകുന്നു. ഹതഭാഗ്യനായ ഒരു മനുഷ്യൻ അഗാധദുഃഖത്തിലാഴ്ന്നുകൊണ്ട് താൻ എന്നെന്നേക്കുമായി എല്ലാത്തരത്തിലും ഇല്ലാതായിപ്പോയെന്ന അനുഭൂതി ഉണ്ടാകുന്നതുപോലെ അവൻ തന്റെ സ്വരൂപത്തെ മറന്നുപോകുന്നു. ഇതുമനസ്സിലാക്കുന്നതോടുകൂടി അവൻ സത്ചിതാനന്ദമയമായ ഭഗവത്സ്വരൂപമാണെന്നും, താൻ തന്നെ ഇതുവരേക്കും തെറ്റിദ്ധരിച്ചിരിക്കുകയായിരുന്നുവെന്നുമുള്ള തിരി‌ച്ചറിവുണ്ടാകുന്നു."
ദേവഹൂതി പറഞുൾ "പ്രഭോ!, ഹേ ബ്രാഹ്മണോത്തമാ!, പ്രകൃതിയും പുരുഷനും ഇങനെ അന്യോന്യം നിത്യനിരന്തരമായി ആകർഷിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിൽ എന്നാണ് ഈ ജീവന് അവളിൽനിന്നും മുക്തമാകാൻ കഴിയുന്നത്? ഭഗവാനേ!, ഭൂമിയിൽനിന്നും, പുഷ്പങളിൽനിന്നും അവയുടെ ഗന്ധം പരിച്ഛേദിക്കപ്പെടുവാൻ കഴിയാത്തതുപോലെ ബുദ്ധിയിൽനിന്നും ബോധത്തെ അകറ്റിനിറുത്തുവാൻ സാധ്യമല്ലേ?. യാതൊരു കർമ്മവും അവനനുഷ്ഠിക്കുന്നില്ലെങ്കിലും, പ്രകൃതി അവനിൽ ആധ്യിപത്യം സ്ഥാപിക്കുകയും, അവനെ അവളിൽ ബദ്ധമാക്കുകയും ചെയ്യുന്നു. ഇതിൽ നിന്ന് എങനെയാണ് ഈ ജീവൻ മുക്തമാകുന്നതു?. തത്വവിചാരം ചെയ്ത് അതിലൂടെ ആർജ്ജിതമായ ജ്ഞാനത്താൽ ഒരുവൻ ബന്ധഭയത്തിൽനിന്നും താൽകാലികമായി നിവൃത്തിനേടിയെന്നെരിക്കിലും, ബന്ധത്തിന്റെ പരമകാരണം നിർവചിക്കപ്പെടാത്തതിനാൽ അവ വീണ്ടും അവനെ വേട്ടയാടുവാനുള്ള സാധ്യത കുറവല്ല. അങനെയിരിക്കെ ഏതു സാധനയിലൂടെയാണ് ജീവൻ പ്രകൃതിയുടെ പിടിയിൽനിന്നും പൂർണ്ണമായി വിമുക്തമാകുന്നത്?."
ദേവഹൂതിയുടെ സംശയനിവാരണാർത്ഥം കപിലഭഗവാൻ അവളോടുപറഞു: "അമ്മേ!, ഭൗതികവിഷങളിൽ തീവ്രമായ വിരക്തിവച്ചുകൊണ്ടും, നിയതമായ സ്വധർമ്മത്തെ ഫലേച്ഛകൂടാതെ എന്നിലർപ്പണം ചെയ്തനുഷ്ഠിച്ചുകൊണ്ടും, യാതൊരുവൻ എന്നിൽ അചഞ്ചലമായ ഭക്തി വയ്ക്കുന്നുവോ, അവൻ മനോമാലിന്യമകന്ന്, പ്രകൃതിയുടെ മായാവലയത്തിൽനിന്നും അശ്രമം മുക്തമാകുന്നു. കലർപ്പില്ലാത്ത ആ ഭക്തി ജ്ഞാനം കൊണ്ടും, ബ്രഹ്മത്തിൽ അദ്ധ്യാത്മദൃഷ്ടിപതിപ്പിച്ചുകൊണ്ടുമുള്ള സാധനയിൽനിന്നും വന്നുചേരുന്നതാണ്. മോക്ഷപ്രാപ്തിക്കായി ഒരുവൻ തീവ്രമായ ബ്രഹ്മചര്യവും, യോഗവും അഭ്യസിക്കേണ്ടതുണ്ടു. തീയിലകപ്പെട്ട വിറകുകഷണം നിമിഷങൾക്കകം പൂർണ്ണമായും ദഹിച്ചുപോകുന്നതുപോലെ, പ്രകൃതിയുടെ മായാവലയമാകുന്ന അഗ്നിയാൽ സമാവൃതമായ ജീവൻ ദിനരാത്രങൾ കടന്നുപോകുന്നതോടെ, കാലാന്തരത്തിൽ പൂർണ്ണമായും അവയാൽ ഗൃഹീതമാകുന്നു. ഭൗതികവസ്തുക്കളിൽ നിമഗ്നമായി, അവയിൽനിന്നു കിട്ടുന്ന സുഖദുഃഖങളുടെ അവലോകനങളിലൂടെ ഈ സത്യത്തെ കണ്ടറിഞ്, ജീവൻ എന്നേന്നേയ്ക്കുമായി തന്റെ സർവ്വബന്ധനങളിൽനിന്നും മുക്തമായി തന്റെ യഥാർത്ഥസ്വരൂപത്തിൽ സ്ഥിതമാകുന്നു. സ്വപ്നത്തിൽ അനേകവിധം ദുഃഖങളെ ഒരുവന് അനുഭവവേദ്യമാകുന്നു. എന്നാൽ, അവൻ സ്വപ്നത്തിൽനിന്നുമുണർന്ന് ജാഗ്രതവസ്ഥയിലെത്തുമ്പോൾ ആ ദുഖഃങൾ അവനെ വേട്ടയാടുന്നില്ല. അമ്മേ!, വിബുധന്മാർ ഭൗതികകർമ്മങളിൽ വിഹരിക്കുമ്പോഴും അവരെ പ്രകൃതിഗുണങൾ തീണ്ടുന്നില്ല. കാരണം, അവർ സത്യദ്രഷ്ടാക്കളും. ബ്രഹ്മത്തിൽ മനസ്സൂന്നിയവരുമാണ്. ഇങനെ ജന്മജന്മാന്തരങളിലൂടെയുള്ള ഈ ജീവന്റെ അദ്ധ്യാത്മസാധനയാൽ അവൻ ഇഹത്തിലും പരത്തിലും വിരക്തിയുള്ളവനായിത്തീരുന്നു. പരമബോധത്തിൽ അധിഷ്ഠിതമായ അവന്റെ ചിത്തം ബ്രഹ്മാദിലോകങളുടെപോലും നിസ്സാരതയെ വ്യക്തമായി കണ്ടറിയുന്നു. നമ്മുടെ ഭക്തന്മാർ നമ്മുടെ അപാരകരുണയിൽ തികച്ചും ബ്രഹ്മാധിഷ്ഠിതരാകുന്നു. സകല സംശയങളുമകന്ന് അവർ പരമനിർവ്വാണപദത്തിലേക്ക് കുതിച്ചുയരുന്നു. ആ ധാമം നമ്മുടെ അനുഗ്രഹത്തിൽനിന്നും വഴിയുന്ന അദ്ധ്യാത്മികശക്തിയാൽ സമാവൃതവുമാണ്. അമ്മേ! അതാണൊരുജീവന്റെ അവസാനവും, സമഗ്രവുമായ പ്രാപ്യസ്ഥാനം. യോഗി തന്റെ വർത്തമാനശരീരമുപേക്ഷിച്ച് അപുനരാവർത്തമായി എന്റെ ധാമത്തിലെത്തിച്ചേരുന്നു. യോഗാഭ്യാസങളിലൂടെ പ്രാപ്തമായ സിദ്ധികൾപോലും മായയുടെ ഇന്ദ്രജാലമാണെന്നു കണ്ടറിയുന്ന ഉത്തമനായ യോഗി, സ്വചിത്തത്തെ അവയിൽ വ്യാപൃതമാക്കാതെ അത് എന്നിലേക്ക് തിരിച്ചുവിടുന്നു. അങനെ അവൻ മൃത്യുവിനെ ജയിച്ചവനും, വീരനുമായി, ജനിമൃതിസംസാരത്തിൽ പെട്ടുഴലാതെ എന്നിലെത്തിച്ചേരുന്നു.

ഇങനെ ശ്രീമദ്ഭാഗവതം ത്രിതീയസ്കന്ധം  ഇരുപത്തിയേഴാമധ്യാം സമാപിച്ചു.
ഓം തത് സത്

<<<<<<  >>>>>>>


lord kapila advises sankhyayoga to his mother devahuti, kapilopadesham, srimad bhagavatham

2014, സെപ്റ്റംബർ 15, തിങ്കളാഴ്‌ച

3.22 കർദ്ദമമുനിയുടേയും ദേവഹൂതിയുടേയും വിവാഹം.


ഓം


ശ്രീമദ് ഭാഗവതം തൃതീയസ്കന്ധം  - അദ്ധ്യായം 22

​മൈത്രേയമുനി വീണ്ടും സംസാരിച്ചുതുടങി: "പണ്ഡിതനായ വിദുരരേ!, സ്വായംഭുവമനു സകുടുംബം കർദ്ദമമുനി തപസ്സനുഷ്ഠിക്കുന്ന ബിന്ദുസരോവരത്തിൽ എത്തിയതിനുശേഷം, ആഗതനായ ചക്രവത്തിയെ കണ്ട് വന്ദിച്ചാനയിച്ച കർദ്ദമമുനി മനുവിന്റെ മഹിമകളെക്കുറിച്ചു മുക്തകണ്ഠം പ്രശംസിച്ച്. അനന്തരം അല്പസമയം നിശബ്ദനായി ഇരുന്നു.

എല്ലാം കേട്ട് തൃപ്തനായെങ്കിലും എന്തൊക്കെയോ അസംതൃപ്തി തന്റെ മനസ്സിൽ ബാക്കി നിൽക്കുമാറ് വളരെ താഴ്മയായ ശബ്ദത്തിൽ സ്വായംഭുവമനു കർദ്ദമനോട് പറഞു: "ഹേ മഹാമുനേ!, നിങൾ ബ്രാഹ്മണന്മാർ വേദരൂപനായ ഭഗവാന്റെ തിരുമുഖത്തിൽനിന്നുണ്ടായവരാണ്. ബ്രഹ്മചര്യവും, യോഗമാർഗ്ഗങളും നിങൾ മുതൽക്കൂട്ടായി മുറുകെപിടിച്ചിരിക്കുന്നു. മാത്രമല്ലാ, തുച്ഛമായ ഇന്ദ്രിയസുഖഭോഗങളിൽനിന്നും നിങൾ അകന്നുനിൽക്കുകയും ചെയ്യുന്നു. സഹസ്രപാദനായ ആ കാരുണ്യമൂർത്തിതന്നെ നിങളുടെ രക്ഷയ്ക്കായി ഞങൾ ക്ഷത്രിയരെ അവന്റെ എണ്ണമറ്റ കരങളിൽനിന്നും സൃഷ്ടിച്ചു. ആയതുകൊണ്ട് നിങൾ ആ ഭഗവാന്റെ ഹൃദയത്തിലും, ഞങൾ അവന്റെ കൈകളിലും വസിക്കുന്നുവെന്നു പറയാം. സകലസൃഷ്ടികളുടേയും കാര്യവും, കാരണവും, അവ്യയനായ ആ പരമാനന്ദമൂർത്തിതന്നെയാണെന്നറിഞുകൊണ്ട് സ്വധർമ്മമായിത്തന്നെ ബ്രാഹ്മണർ ക്ഷത്രിയരേയും, ക്ഷത്രിയർ ബ്രാഹ്മണരേയും പരസ്പരം സംരക്ഷിക്കുന്നു.  

ഹേ ഭഗവൻ!, ധർമ്മത്തിൽ കാലൂന്നി ഒരു ഭരണാധികാരി എങനെ തന്റെ രാജ്യത്തെ പരിപാലിക്കണമെന്ന് അങയിൽനിന്നും ഇപ്പോഴിതാ ഞാൻ കേട്ടറിഞു. അങയുടെ വാക്കുകൾ എന്റെ സകലസംശയങളേയും ദൂരീകരിച്ചിരിക്കുന്നു. മനസ്സും ബുദ്ധിയും കെട്ടടങിയിട്ടില്ലാത്തവർക്ക് അസുലഭമായ അവിടുത്തെ ഈ ദർശനം ഇന്നെനിക്ക് ലഭ്യമായതും, അവിടുത്തെ പാദരേണുക്കൾ ശിരസ്സിൽ വഹിക്കുവാൻ അവസരം ലഭിച്ചതും എന്റെ ഭാഗ്യമായി ഞാൻ കരുതുന്നു. അങയെ ശ്രവിക്കുവാൻ ഭാഗ്യം തന്ന ആ സർവ്വേശ്വരനോടും ഞാൻ നന്ദി പറയുകയാണ്. പൂർവ്വപുണ്യത്താലായിരിക്കണം അവിടുത്തെ വചസ്സുകൾക്ക് ചെവിയോർക്കാൻ അടിയനുതോന്നിയതും.

ഇന്ന്, അങയുടെ മുന്നിൽ നിൽക്കുന്ന ഈ അച്ഛൻ തന്റെ മകളുടെ ഭാവിയെ ചൊല്ലി പരിതപ്പിക്കുയാണ്. ആയതിനാൽ ഈയുള്ളവന്റെ അപേക്ഷയെ സ്വീകരിക്കുവാൻ അങേയ്ക്ക് ദയവുണ്ടാകണം. എന്റെ മകളായ ഇവൾ ഉത്താനപാദന്റേയും, പ്രിയവ്രതന്റേയും കുഞനുജത്തിയാണ്. ഞങൾ ഇവൾക്കുവേണ്ടി അനുയോജ്യനായ ഒരു വരനെത്തേടിയുള്ള പുറപ്പാടിലായിരുന്നു. പക്ഷേ, ഒരുനാൾ നാരദമുനി ഞങളുടെ കൊട്ടാരത്തിൽവന്ന് അങയുടെ ഗുണഗണങളേക്കുറിച്ചും, അറിവിനേക്കുറിച്ചും, രൂപസൗന്ദര്യത്തെക്കുറിച്ചും, മറ്റൊട്ടനവധി മഹിമകളേക്കുറിച്ചും പ്രശംസിക്കുവാനിടയുണ്ടായി. അവയൊക്കെ കേട്ടനിമിഷം മുതൽ ഇവൾ അങയെ മനസ്സാ വരിച്ചുകഴിഞിരിക്കുന്നു. അതുകൊണ്ട് ഞാൻ അപേക്ഷിക്കുകയാണ്, ഇവളെ അങ് അവിടുത്തെ ധർമ്മപത്നിയായി സ്വീകരിക്കണം. എല്ലാവിധത്തിലും ഇവൾ അങേയ്ക്കനുരൂപയാണ്. നമ്മുടെ പുത്രിയായ ഇവളുടെ കൈപിടിച്ച് അങ് നിസ്സന്ദേഹനായി ഗൃഹസ്ഥാശ്രമജീവിതത്തിലേക്ക് പ്രവേശിച്ചാലും.

മഹാമുനേ!, ഉള്ളിൽനിന്ന് സ്വയമേവ ഉണ്ടാകുന്ന ആഗ്രഹങൾക്ക് തടയിടുന്നത് സ്തുത്യർഹമായ വിഷയമല്ല. ഇനി ഒരുവൻ വിഷയാസക്തനാണെങ്കിലും അഥവാ അല്ലെങ്കിലും അത് അനുവദിക്കുവാൻ പാടുള്ളതല്ലതന്നെ. ആദരവോടെ ലഭ്യമാകുന്നതിനെ പരിത്യജിച്ച്, പിശുക്കന്റെ മുന്നിൽ കൈനീട്ടുന്നവൻ സമൂഹത്തിലുള്ള അവന്റെ സ്ഥാനമാനങളെ തകിടം മറിക്കുകയാണ് ചെയ്യുന്നത്. ഹേ ഭഗവൻ!, നിത്യബ്രഹ്മചാരിയായി വർത്തിക്കുവാൻ അങേയ്ക്കു ഭാവമില്ലെന്നും, അനുയോജ്യയായ ഒരു വധുവിനെ ജീവിതത്തിൽ കൂടെ കൂട്ടുവാൻ അങാഗ്രഹിക്കുന്നുണ്ടുവെന്നും അറിഞുകൊണ്ടാണ് നാമിവിടെ വന്നിരിക്കുന്നത്. ആയതിനാൽ എന്റെ മകളായ ഇവളെ പരിഗ്രഹിക്കുവാൻ ഞാൻ അങയോടപേക്ഷിക്കുകയാണ്".

ഇത്രയും പറഞുകൊണ്ട് കർദ്ദമമുനിയുടെ മറുപടിക്കായി സ്വായംഭുവമനു കാതോർത്തു. അതു മനസ്സിലാക്കിക്കൊണ്ടുതന്നെ കർദ്ദമൻ ചക്രവർത്തിയായ മനുവിനോട് പറഞു: "ഹേ രാജൻ!, അങ് പറഞ വസ്തുതകളൊക്കെ തീർത്തും ശരിയാണ്. അനുയോജ്യയായ ഒരു യുവതിയെ വിവാഹം ചെയ്തു ഗൃഹസ്ഥാശ്രമജീവിതം നയിക്കുവാൻ, സത്യത്തിൽ, നാം ഇച്ഛിക്കുന്നുണ്ട്. അങയുടെ മകൾ ഇന്ന് അവിവാഹിതയും, അവൾ മറ്റാർക്കും വാക്ക് കൊടുത്തിട്ടില്ലാത്തവളും, മാത്രമല്ല, നമ്മെ ഹൃദയംകൊണ്ട് സ്വയമേവ സ്വീകരിച്ചവളുമായതിനാൽ, ഇവളാഗ്രഹിച്ച ഈ മാംഗല്യം വൈദികവിധിപ്രകാരം നടക്കുന്നതു ശുഭമായ കാര്യം തന്നെയാണ്.  അല്ലെങ്കിൽതന്നെ ആരാണീ സുന്ദരിയുടെ കൈപിടിക്കുവാൻ ആഗ്രഹിക്കാത്തത്?. പൊതുവേ ആഭരണങൾ ശരീരങൾക്ക് മാറ്റുകൂട്ടുമ്പോൾ, ഇവിടെ ഇവളുടെ സൗന്ദര്യമാണ് ഇവളണിഞിരിക്കുന്ന ആഭരണങൾക്ക് ശോഭകൂട്ടുന്നത്. ഒരിക്കൽ വീടിന്റെ മട്ടുപ്പാവിൽ നിന്ന് പന്തുതട്ടിക്കളിക്കുകയായിരുന്ന ഇവളുടെ പാദസ്വരത്തിന്റെ കിലുക്കവും, കണ്ണിലെ തിളക്കവും കണ്ട് മനസ്സ് ഭ്രമിച്ച് വിശ്വവാസുവെന്ന ഒരു ഗർന്ധർവ്വൻ തന്റെ വിമാനത്തിൽനിന്നും നിലപതിച്ചതായി നാം കേട്ടിരിക്കുന്നു. എന്നിരിക്കെ, സ്ത്രീരത്നമായ ഇവളെ ആരാണ് സ്വീകരിക്കുവാൻ മടിക്കുന്നത്?. മാത്രമോ!, ഇവൾ ഉത്താനപാദന്റേയും പ്രിയവ്രതന്റേയും സഹോദരിയാണ്. ലക്ഷ്മീദേവിയുടെ പ്രസാദം കൂടാതെ ഒരുവർക്ക് ഇവളെ ദർശിക്കുവാൻപോലും സാധ്യമല്ല. എന്നാലും ഇവൾ നമ്മെ മനസ്സാ വരിച്ച്, നമ്മുടെ പാണിപിടിക്കുവാനായി വന്നിരിക്കുന്നു. അഹോ!, ആശ്ചര്യം തന്നെ. 

ഹേ രാജൻ!, ഒരേയൊരു വ്യവസ്ഥയോടുകൂടി സാധ്വിയായ ഇവളെ നമ്മുടെ ധർമ്മപത്നിയായി സ്വീകരിക്കുവാൻ നാം തയ്യാറാണ്. എന്തെന്നാൽ, നമ്മുടെ തേജസ്സ് ഇവളുടെ ഗർഭത്തിൽ വീണുകഴിഞാൽപിന്നെ, ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമായ പരമഹംസന്മാരുടെ ജീവിതപാതയെ പിന്തുടരുവാനാണ് നാം ആഗ്രഹിക്കുന്നതും യത്നിക്കുന്നതും. അതുതന്നെയാണ് ഭഗവാൻ ഹരിക്കും സ്വീകാര്യമായ കാര്യം. ആയതിലേക്ക് അവനാൽ അനുശാസിതമായ വിധിയും നാം സാധനചെയ്തുപോരുകയാണ്. നമ്മെ സംബന്ധിച്ചിടത്തോളം ആര് ഹേതുവായിക്കൊണ്ടാണോ അത്യത്ഭുതാവഹമായ ഈ പ്രപഞ്ചം സൃഷ്ടമായിരിക്കുന്നത്, ആരാലാണോ ഇത് പരിപാലിതമായിരിക്കുന്നത്, ആരിലേയ്ക്കാണോ ഇവയ്ക്കൊടുവിൽ വിലയനം സംഭവിക്കുന്നത്, അവനാണെനിക്ക് പരമഗുരുവും ഈശ്വരനും. അവനാണിവിടെ സകലപ്രജാപതികൾക്കും പ്രജാപതിയായി നിലകൊള്ളുന്നത്".

മൈത്രേയൻ തുടർന്നു: "വിദുരരേ!, ഇത്രമാത്രം പറഞുകൊണ്ട് കർദ്ദമൻ മൗനിയായിരുന്ന് അരവിന്ദനാഭമായ ഭഗവതാരാധ്യഭഗവദ്രൂപത്തെ ധ്യാനിക്കുവാൻ തുടങി. സുസ്മിതശോഭിതമായ കർദ്ദമമുനിയുടെ മുഖശോഭ ദേവഹൂതിയുടെ ഹൃദയത്തിലേക്കാഴ്ന്നിറങി. ആ മുനിശ്രേഷ്ഠനെ അവൾ തന്റെ ഹൃദയത്തിൽ സ്മരിക്കുവാൻ തുടങി. ഒടുവിൽ ശതരൂപയുടെ അനുവാദത്തോടുകൂടിയും, മകളുടെ മനോകാമനയെ നന്നായറിഞുകൊണ്ടും ആഹ്‌ളാദചിത്തനായ സ്വായംഭുവമനു ഗുണഗണാധ്യായയായ തന്റെ മകൾ ദേവഹൂതിയെ അവൾക്കനുരൂപനും അനുയോജ്യനുമായ കർദ്ദമമുനിക്ക് വിവാഹം കഴിച്ചുകൊടുത്തു. സന്ദർഭോചിതമായി ശതരൂപ തന്റെ മകൾക്കും മരുമകനുമായി നിരവധി വസ്ത്രാഭരണങളും പണവും മറ്റും കന്യാധനമായി നൽകി അവരെയനുഗ്രഹിച്ചു. അനുയോജ്യനായ ഒരു പുരുഷന് തന്റെ മകളെ കൈപിടിച്ചുകൊടുത്തതിലുണ്ടായ ആനന്ദാതിരേകത്തിൽ സ്വായംഭുവമനു തന്റെ മകളെ ഇരുകൈകളും കൊണ്ട് ഹൃദയം കവിഞൊഴുകുന്ന വാത്സല്യഭാവത്തിൽ ഗാഢമായി ആലിംഗനം ചെയ്തു. മകളുടെ വേർപാട് ആ അച്ചന് താങാനാകുന്നതിലുമപ്പുറമായിരുന്നു. അദ്ദേഹത്തിന്റെ കണ്ണുകളിൽ നിന്നും ഇടതവില്ലാതെ ഒഴുകിയ അശ്രുധാരയിൽ ദേവഹൂതിയുടെ ശിരസ്സ് നനഞു. അദ്ദേഹം മകളെ തന്റെ നെഞ്ചോട് കൂടുതൽ ചേർത്തുപിടിച്ച് ദീനദീനം വിലപിച്ചു. ആശ്വാസവചനങളുടേയും അനുഗ്രഹാശ്ശിസ്സുകളുടേയും ബലത്താൽ വിരഹതാപം തെല്ലൊന്നാറിത്തണുത്ത സമയം സ്വായംഭുവമനു തന്റെ രാജധാനിയിലേക്ക് മടങുവാനൊരുങി. കർദ്ദമമുനിയോട് യാത്രാമൊഴി ചൊല്ലി അദ്ദേഹം ഭാര്യാസമേതം തന്റെ സുവർണ്ണരഥത്തിൽ ആരൂഢനായി പരിവാരങളുടേ അകമ്പടിയോടുകൂടി അവിടെനിന്നും വിടകൊണ്ടു. മടങുന്നവഴിയിൽ ബിന്ദുസരോവരത്തിലെ കർദ്ദമാശ്രമത്തിന്റെ ഭൗതികസമൃദ്ധിയും, സരസ്വതീനദിയുടെ മനോഹാരിതയും കണ്ട് സ്വായംഭുവമനു അത്ഭുതം കൂറി.

എന്നാൽ ബ്രഹ്മാവർത്തത്തിൽ സ്വായംഭുവമനുവിന്റെ പ്രജകൾ അക്ഷമരായി തങളുടെ സ്വാമിയുടെ തിരിച്ചുവരവും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. രാജാവിന്റെ മടക്കയാത്രയുടെ വിവരമറിഞ അവർ തലസ്ഥാനനഗരമായ ബർഹിസ്മതിയിൽ നിന്നും ആഹ്‌ളാദത്തിമർപ്പോടെ ബ്രഹ്മവർത്തത്തിലെത്തി സ്തുതിവാദ്യഗീതമേളങളോടെ രാജാവിനെ അനുമോദിച്ചെതിരേറ്റു.

ബർഹിസ്മതി എന്ന ദേശം എല്ലാംകൊണ്ടും ഐശ്വര്യയുക്തമായിരുന്നു. ഭഗവാൻ ഹരി വരാഹമൂർത്തിയായി അവതരിച്ച് ഭൂമിയെ ഉദ്ധരിക്കുന്നസമയം, അവന്റെ തനുരുഹങൾ അവിടെ പൊഴിഞുവീണിരുന്നു. അവൻ കുടഞിട്ട രോമരാജികൾ വളർന്ന് കുശപ്പുല്ലുകളും കാശപ്പുല്ലുകളുമായി വർദ്ധിച്ചു. പിന്നീട് അസുരന്മാർ അവിടെ വസിച്ചിരുന്ന ഋഷീശ്വരന്മാരുടെ യജ്ഞാചരണങൾക്കും ആത്മനിഷ്ഠയ്ക്കും ഭംഗം വരുത്തിയപ്പോൾ അവർ അവരെ തുരത്തിയോടിച്ചതിനുശേഷം ഈ പുല്ലുകൾകൊണ്ടായിരുന്നുവത്രേ അവർ വിഷ്ണുഭഗവാനെ പൂജിച്ചിരുന്നത്. രാജാവ് ഈ പുല്ലുകൾകൊണ്ടൊരു ഇരിപ്പിടം തീർത്ത് അതിലിരുന്നുകൊണ്ട് തന്റെ സകല ഐശ്വര്യങൾക്കും കാരണഭൂതനായ ഭഗവാൻ ഹരിയെ പൂജിക്കുക പതിവായിരുന്നു.

തന്റെ ആവാസകേന്ദ്രമായ ബർഹിസ്മതിയിൽ തിരിച്ചെത്തിയ സ്വായംഭുവമനു അതിമനോഹരമായ സ്വന്തം കൊട്ടാരത്തിലേക്ക് പ്രവേശിച്ചു. ത്രിവിധങളായ ഭൗതികദുഃഖങൾ ലവലേശം പോലുമേൽക്കാത്ത സാത്വികമായ ഒരന്തരീക്ഷമായിരുന്നു ആ കൊട്ടാരത്തിലേത്. അവിടെ ധർമ്മച്യുതിവരാതെ ഭാര്യാസമേതനായി തന്റെ പ്രജകളോടൊപ്പം അദ്ദേഹം സകല ആഹ്രഗങളും നിവൃത്തീകരിച്ചുകൊണ്ട് സസന്തോഷം ജീവിച്ചു. സുരഗായകന്മാർ പത്നീസമേതം വന്ന് ആ മഹാത്മാവിന്റെ ഗുണഗാനങൾ പാടുമായിരുന്നു. ബ്രാഹ്മമുഹൂർത്തത്തിലുണർന്ന് ഭഗവന്മഹിമകളെക്കേട്ട് നിർവൃതിയടയുന്നതിൽ അദ്ദേഹം അങേയറ്റം നിഷ്ഠപുലർത്തിയിരുന്നു. അങനെ രാജർഷിയായിരുന്ന സ്വായംഭുവമനു സകലഭൗതികവിഷങളുടേയും നടുവിലിരുന്ന് സർവ്വൈശ്വര്യങളും അനുഭുവിച്ചുകൊണ്ട്, ജീവന് അല്പം പോലും കർമ്മബന്ധം വന്നുഭവിക്കാത്തവണ്ണം ഭഗവതനുഭൂതിയുടെ തണലിൽ ജീവിച്ചു. ഭഗവത്കഥാമൃതശ്രവണമനനാദികളിൽ മുഴുകി അരനിമിഷം പോലും പാഴാക്കാതെ എഴുപത്തിയൊന്നു മഹായുഗങളടങുന്ന തന്റെ ജീവിതകാലം അദ്ദേഹം ജീവിച്ചുതീർത്തു. അങനെ വാസുദേവസ്മൃതിയിൽ അദ്ദേഹം അവസ്ഥാത്രയങളെ അതിശയകരമായി കീഴടക്കി. ഇതൊന്നോർത്തുനോക്കിയാൽ, പ്രിയവിദുരരേ!, ആ പരമാത്മാവിൽ തീർത്തും ശരണം പ്രാപിച്ച ഒരാളുടെ മനസ്സിനേയും, ശരീരത്തേയും എങനെയാണ് പ്രകൃതിക്കോ, മനുഷ്യർക്കോ, ഇവിടെയുള്ള മറ്റേതെങ്കിലും ജീവികൾക്കോ, ശക്തികൾക്കോ ഉപദ്രവിക്കുവാൻ കഴിയുന്നത്?

ഇത് മാത്രമല്ലായിരുന്നു അദ്ദേഹത്തിന്റെ ശ്രേഷ്ഠത. ഒരിക്കൽ കുറെ സന്ന്യാസിശ്രേഷ്ഠന്മാരുടെ അഭ്യർത്ഥനയെ മാനിച്ച് മനുഷ്യൻ എങനെ തന്റെ അസുലഭജന്മത്തെ സർവ്വൈശ്വര്യങളോടുകൂടി ജീവിച്ചുതീർക്കണമെന്നുള്ളതും, ആയതിലേക്കുള്ള നാനാ വർണ്ണാശ്രമധർമ്മങളെക്കുറിച്ചുമൊക്കെ സ്വായംഭുവമനു കരുണയോടെ അവരെ പഠിപ്പിക്കുകയും ചെയ്തു. വിദുരരേ!, കീർത്തിതവ്യനായ സ്വായംഭുവമനു എങനെയുള്ളവനായിരുന്നുവെന്നും, അദ്ദേഹത്തിന്റെ പ്രത്യേകതകളും മഹത്വങളുമൊക്കെ എന്തൊക്കെയായിരുന്നുവെന്നും ഞാൻ ഭവാാനോട് പറഞുകഴിഞു. ഇനി അദ്ദേഹത്തിന്റെ പ്രിയപുത്രിയായ ദേവഹൂതിയെക്കുറിച്ചുകേട്ടുകൊള്ളുക.

ഇങനെ ശ്രീമദ് ഭാഗവതം തൃതീയസ്കന്ധം  ഇരുപത്തിരണ്ടാമധ്യായം സമാപിച്ചു.

ഓം തത് സത്.

<<<<<<<  >>>>>>>





srimad bhagavatham, marriage of devahuti and karddama, talk between vidura and maitreya.

2014, സെപ്റ്റംബർ 8, തിങ്കളാഴ്‌ച

3.20 വിദുരമൈത്രേയ സംവാദം.

ഓം
ശ്രീമദ്ഭാഗവതം തൃതീയസ്കന്ധം  അദ്ധ്യായം - 20

നൈമിഷാരണ്യത്തിൽ ഒത്തുകൂടിയ ഭാഗവതപ്രിയന്മാരിൽ പ്രമുഖനായ ശൗനകൻ സൂതമുനിയോട് ചോദിച്ചു: "അല്ലയോ മഹാമുനേ!, ഭഗവാൻ നാരായണസ്വാമി വരാഹമൂർത്തിയായി അവതരിച്ച്, ദൈത്യേന്ദ്രനായ ഹിരണ്യാക്ഷനെ വധിച്ച്, ധരിത്രിയെ പുനഃരുദ്ധരിപ്പിച്ചതിനുശേഷം, അവൾക്ക് ഭാവിയിൽ പിറക്കുവാനിരുന്ന ജീവഭൂതങൾക്ക് മോക്ഷപദത്തെ കാണിച്ചുകൊടുക്കുവാൻ അന്നത്തെ മനുവായ സ്വായംഭുവൻ എന്തൊക്കെ പദ്ധതികളായിരുന്ന് ചമച്ചിരുന്നത്?".

ഈ ചോദ്യംകൊണ്ട് ശൗനകന്റെ ഉദ്ദേശം വിദുരരെക്കുറിച്ച് കൂടുതലറിയുക എന്നുള്ളതായിരുന്നു. വിദുരർ ഉത്തമനായ ശ്രീകൃഷ്ണഭക്തനും, ഭഗവാന്റെ ഉത്തമതോഴനുമായിരുന്നു. പരമഭാഗവതനായിരുന്നതിനാൽതന്നെ ഭഗവത്ദ്വേഷികളായ തന്റെ ജ്യേഷ്ഠൻ, ധൃതരാഷ്ട്രരിൽനിന്നും, അദ്ദേഹത്തിന്റെ പുത്രരായ ദുര്യോധനാദികളിൽനിന്നും വളരെ അകന്നായിരുന്നു എന്നെന്നും വിദുരർ ജീവിച്ചിരുന്നത്. വേദവ്യാസന്റെ പുത്രനായ അദ്ദേഹം തന്റെ അച്ഛനെപ്പോലെ തികഞ വിവേകിയും, മഹാപണ്ഡിതനുമായിരുന്നു. ആയതിനാൽ ഭഗവത് പാദങൾ ഹൃദയകുഹരത്തിൽ വച്ചും, അവന്റെ ഭക്തന്മാരോട് സംഘം ചേർന്നും അദ്ദേഹം ജീവിച്ചു.

വളരെയധികം പുണ്യക്ഷേത്രങളിലൂടെ സഞ്ചരിച്ച്, ഭൗതികവിഷങളിൽ അത്യധികം നിസ്പൃഹനായി, വിദുരർ ഒരുനാൾ ഹരിദ്വാരത്തിലെത്തി. അവിടെവച്ച് അദ്ദേഹം തത്വജ്ഞാനിയായ മൈത്രേയമഹാമുനിയെ കണ്ടുമുട്ടുകയും, അദ്ദേഹത്തിൽനിന്നും ഭഗവന്മഹികളൊന്നൊഴിയാതെ കേട്ടുപഠിച്ചതായും ശൗനകാദികൾക്കറിയാമായിരുന്നു. അതുകൊണ്ട് അവർ വിദുരരെക്കുറിച്ച് കൂടുതലറിയുവാൻ മൈത്രേയരോട് വീണ്ടും പ്രാർത്ഥിച്ചു.

ശൗനകാദികൾ ചോദിച്ചു: "ഹേ പണ്ഡിതശ്രേഷ്ഠാ!, ഞങൾ അങേയ്ക്ക് സർവ്വമംഗളങളും നേരുകയാണ്. അങയുടെ തിരുമുഖകമലത്തിൽനിന്നും അമൃതൂറുന്ന ഭഗവത് സത്ചരിത്രങൾ കേട്ട് ഞങളുടെ ഹൃദയമുരുകുകയാണ്. അല്ലെങ്കിൽതന്നെ ഹരികഥാമൃതം നുകർന്നാരാണിവിടെ പരിതൃപ്തനായിട്ടുള്ളത്?".

ഇങനെ ആർദ്രഹൃദയന്മാരായ ശൗനകാദിഋഷീശ്വർന്മാരുടെ ചോദ്യങൾക്ക് മറുപടിയായി രോമഹർഷണപുത്രൻ, സൂതമഹർഷി ഭഗവത് കഥാമൃതസാഗരത്തിൽ നിമഗ്നമായിരുന്നുകൊണ്ട് പറഞുതുടങി: "ഹേ ഋഷിവര്യന്മാരേ!, ഇനി ഞാൻ പറയാൻ പോകുന്ന വസ്തുതകൾ നിങൾ ശ്രദ്ധയോടും ഭക്തിയോടും കേട്ടുകൊള്ളുക. ഭഗവാൻ നാരായണൻ തന്റെ യോഗമായാശക്തിയുടെ വൈഭവത്താൽ സൂകരവേഷത്തിലവതീർണ്ണനായി, ഭൂമീദേവിയെ സമുദ്രത്തിന്റെ അഗാധതയിൽനിന്നുമുയർത്തി, അവളെ നിജസ്ഥാനത്തിയ വൃത്താന്തവും, ഹിരണ്യാക്ഷനെന്ന ആസുരശക്തിയെ വളരെ നിസ്സാരമായി കാലപുരിക്കയച്ച സംഭവങളുമടങുന്ന അവന്റെ അദ്ധ്യാത്മലീലകളെല്ലാം മൈത്രേയമുനിയിൽനിന്നും കേട്ടറിഞ് ദിവ്യാനുഭൂതിയെ പ്രാപിച്ച വിദുരർ, ആ പരമാത്മാവിനേക്കുറിച്ച് കൂടുതലറിയുവാൻ മൈത്രേയരോട് വീണ്ടും യാചിച്ചു.

വിദുരർ പറഞു: "ഹേ മഹാപണ്ഡിതാ!, പ്രജാപതികളെ സൃഷ്ടിച്ചതിനുശേഷം, പ്രപഞ്ചസൃഷ്ടിയെ പൂർത്തിയാക്കുന്നതിനായി പിന്നീടെന്തൊക്കെ കർമ്മങളായിരുന്ന് വിധാതാവ് അനുഷ്ഠിച്ചുപോന്നത്?. അദ്ദേഹത്തിന്റെ കല്പനകളെ സ്വീകരിച്ച് മരീചി, സ്വായഭുവമനു, തുടങിയ പ്രജാപതികളെല്ലാം ഏത് പ്രകാരമായിരുന്നു ഇക്കണ്ട സൃഷ്ടികളുടെയെല്ലാം രചനകൾ നിർവ്വഹിച്ചിരുന്നത്?. ഈ കാണുന്ന പ്രപഞ്ചം എങനെയാണിവിടെ നിലവിലുണ്ടായത്?. അവരോരോരുത്തരും സ്വന്തം പത്നിമാരുമായിമാത്രം ഏർപ്പെട്ട് നടത്തിയ സൃഷ്ടികളാണോ, അതോ ഈ പ്രജാപതികൾ  സർവ്വസ്വതന്ത്രമായി നിർമ്മിച്ചിതോ?. അതുമല്ലെങ്കിൽ പിന്നെ ഇവരെല്ലാവരും ചേർന്ന് സംയുക്തമായി വർത്തെടുത്തതാണോ ഈ പ്രപഞ്ചം?"

ദൃശ്യപ്രപഞ്ചത്തിന്റെ ഉൽപ്പത്തിയെക്കുറിച്ചുള്ള വിദുരരുടെ സന്ദേഹങൾ തികച്ചും ചിന്തനീയമായിരുന്നു. അനന്തകോടി ചരാചരങളുടെ മഹാസഞ്ചയമാകുന്ന ഈ ബ്രഹ്മാണ്ഡം എങനെ ഉത്ഭവിച്ചുവെന്നും, എന്നുത്ഭവിച്ചുവെന്നും, എവിടെനിന്നുത്ഭവിച്ചെന്നുമൊക്കെയുള്ള സംശയങൾ വിദുരരുടെ ബുദ്ധിയെ നിരന്തരം ഇളക്കിമറിച്ചുകൊണ്ടിരുന്നിരിക്കണം.

അതീവജിജ്ഞാസുവായ വിദുരരോട് മൈത്രേയൻ പറഞു: "വിദുരരേ!, കാലം ഹേതുവായി വിഷ്ണുഭഗവാനിച്ചിച്ചപ്പോൾ സത്വരജസ്തമോഗുണങൾക്ക് പരിണാമങളുണ്ടാകുകയും, തത്ഫലമായി മഹത് എന്ന തത്വം രൂപം കൊള്ളുകയും ചെയ്തു. തുടർന്ന് മഹത് തത്വത്തിൽനിന്ന് ത്രിവിധങളായ അഹങ്കാരമുടലെടുത്തു. അഹങ്കാരത്തിൽ രജോഗുണം അന്യഗുണദ്വയങൾക്കുമേൽ പ്രധാനിയായിനിന്നു. രജോഗുണപ്രധാനിയായ അഹങ്കാരതത്വത്തിൽനിന്നും പഞ്ചഭൂതങൾ ജന്മമെടുത്തു. വെവ്വേറെ നിലകൊണ്ടിരുന്ന ഈ പഞ്ചഭൂതങൾകൊണ്ട് പ്രപഞ്ചനിർമ്മിതി അസാധ്യമായന്നായപ്പോൾ, ഇവ അഞ്ചും, കൂട്ടത്തിൽ ഭഗവത് ചൈത്യന്യവും കലർന്ന് സ്വർണ്ണവർണ്ണത്തിൽ അത്യുജ്ജ്വലമായ ഒരു ഗോളം പ്രത്യക്ഷമായി. ആയിരത്താണ്ടോളം കാലം ഈ ഹേമാണ്ഡം കാരണസമുദ്രത്തിൽ നിർജ്ജീവമായിക്കിടന്നു. അനന്തരം ഭഗവാൻ ഗർഭോദകശായിവിഷ്ണു ഈ അണ്ഡത്തിലേക്ക് പ്രവേശിച്ചു. അനന്തരം അവന്റെ നാഭിയിൽനിന്നും ആയിരം മാർത്താണ്ഡന്മാരുദിച്ചുയരുംവണ്ണം തേജസ്സോടുകൂടി ഒരു താമരപുഷ്പം തളിർത്തുപൊന്തി. വിദുരരേ!, അത് സകലജീവഭൂതങളുടേയും ഉറവിടമായിരുന്നു. അതിൽ നിന്നും ആദ്യമായി അഖിലവീര്യവാനായ ബ്രഹ്മദേവൻ ജനിച്ചു. അദ്ദേഹത്തിന്റെ ഹൃദയകമലത്തിലേക്ക് അത്ഭുതവീര്യത്തോടെ ഗർഭോദകശായിവിഷ്ണുഭഗവാൻ പ്രവേശിക്കുകയും, അതോടെ ഇക്കണ്ട വിശ്വത്തെ മുന്നേപ്പോലെ വിധാതാവ് സൃഷ്ടിക്കുകയും ചെയ്തു.

വിദുരരേ!, ബ്രഹ്മദേവൻ സൃഷ്ടികർമ്മങൾ ധ്രുതഗതിയിലാരംഭിച്ചു. ആദ്യസൃഷ്ടി അദ്ദേഹത്തിന്റെ നിഴലിൽനിന്നുമായിരുന്നു. ജീവഭൂതങൾക്കുള്ളിൽ കുടിയേറിയിരിക്കുന്ന അജ്ഞാനതത്വങളായ താമിശ്രം, അന്ധതാമിശ്രം, തമസ്സ്, മോഹം, മഹാമോഹം എന്നിങനെ അഞ്ചുവിധത്തിൽ അവ അറിയപ്പെട്ടു. ഈ തമോസൃഷ്ടികളിൽ അസന്തുഷ്ടനായ ബ്രഹ്മദേവൻ തമോബദ്ധമായ സ്വശരീരം വിട്ടൊഴിഞു. പക്ഷേ യക്ഷരാക്ഷസാദികൾ ചേർന്ന് ക്ഷുത്തൃഡാദികൾക്ക് കാരണമായ ആ ശരീരത്തെ തുടർന്ന് പരിപാലിച്ചു. വിദുരരേ!, അതു ചെന്നവസാനിച്ചത് ഘോരവിപത്തിലേക്കായിരുന്നു. ബ്രഹ്മദേവനുപേക്ഷിച്ച ശരീരത്തെ സ്വീകരിച്ചതോടെ യക്ഷന്മാരും, രാക്ഷസന്മാരും അസഹനീയമായ വിശപ്പിനും ദഹത്തിനും വശംഗതരായി വിധാതാവിനെത്തന്നെ ഭക്ഷിക്കുവാൻ വക്ത്രപ്രപാടനം ചെയ്തുകൊണ്ട് അദ്ദേഹത്തിനുനേരേ പാഞടുത്തു. അവർ ആർത്തുവിളിച്ചുകൊണ്ടുപറഞു: "വിടരുതിവനെ..... കൊന്നുതിന്നുവിൻ...."

ഭീതിയും ആശങ്കയും നിറഞ സ്വരത്തിൽ ബ്രഹ്മദേവൻ അവരെ ആ ഘോരകർമ്മത്തിൽനിന്നും വിലക്കി: "യക്ഷരാക്ഷസാദികളെ!, നാം നിങളുടെ പിതാവാണ്. നമ്മെ കൊന്ന് പാപം ഭുജിക്കരുത്. പകരം, വിട്ടയയ്ക്കുക!".

തുടന്ന് അദ്ദേഹം സത്വഗുണത്തെ പ്രധാനമാക്കിക്കൊണ്ട് ദേവാധിപന്മാരെ സൃഷ്ടിക്കുകയും, സത്വഗുണപ്രതിരൂപമായ പ്രകാശമാനമായ പകൽ നൽകിക്കൊണ്ട് അവരെ അനുഗ്രഹിക്കുകയും ചെയ്തു. അനന്തരം തന്റെ പൃഷ്ഠഭാഗത്തുനിന്നും ബ്രഹ്മദേവൻ നിശാചരവർഗ്ഗത്തെ സൃഷ്ടിച്ചു. എന്തിനുപറയാൻ!... സ്വാഭാവികമായും കാമാസക്തരായ അവർ മൈഥുനവേഴ്ചയ്ക്കായി തങളുടെ സൃഷ്ടാവായ ബ്രഹ്മദേവനെതന്നെ സമീപിച്ചു. ആ വിഢിത്വത്തെക്കണ്ട് ആദ്യം വിരിഞ്ചൻ മന്ദഹസിച്ചുവെങ്കിലും, നിർലജ്ജരായി തന്നോടടുത്തുവരുന്ന കാമാർത്തരായ അസുരന്മാരാൽ അപമാനിതനായി അദ്ദേഹം അവിടെനിന്നും പലായനം ചെയ്തു. തതവസരത്തിൽ ശരണം പ്രാപിക്കുവാനായി ഭഗവാൻ നാരായണസ്വാമി മാത്രമേയുള്ളൂവെന്ന് മനസ്സിലാക്കിക്കൊണ്ട് വിരിഞ്ചൻ അനാഥരക്ഷകനായ ഹരിയുടെ പാദാരവിന്ദത്തിൽ ആശ്രിതനായി. തന്നിൽ ശരണാഗതി ചെയ്യുന്നവരുടെ സർവ്വാഭീഷ്ടങളും ഒന്നൊഴിയാതെ സാധ്യമാക്കുന്നവനാണ് നാരായണനെന്നും, അവൻ ഭക്തപരിപാലനാർത്ഥം യുഗങൾതോറും അവതരിക്കുന്നുവെന്നുള്ള അറിവും ബ്രഹ്മാവിൽ പണ്ടേതന്നെ സുദൃഡമായിരുന്നു. ആയതിനാൽ അദ്ദേഹം ഭഗവാനോട് ഇപ്രകാരം പ്രാർത്ഥിച്ചു".

ബ്രഹ്മദേവൻ പറഞു: "സർവ്വജ്ഞനായ ഭഗവാനേ!, അങേയ്ക്ക് നമസ്ക്കാരം!. അവിടുത്തെ ആജ്ഞയെ അവലംബിച്ചുകൊണ്ട് ഞാൻതന്നെ ചമച്ച സൃഷ്ടിയിൽനിന്നുമിതാ കാമഭ്രാന്തന്മാരായ കുറെ രാത്രിഞ്ചരന്മാർ ജന്മമെടുത്തിരിക്കുന്നു. മൈഥുനാസക്തരായി എന്നെതന്നെ ആക്രമിക്കുവാൻ പാഞടുക്കുന്ന ആ മഹാപാപികളിൽനിന്നും, ഭഗവാനേ!, അടിയനെ രക്ഷിച്ചരുളിയാലും. ഈ മഹാദുരന്തത്തിൽനിന്നും എന്നെ കരകയറ്റുവാൻ ചരണാശ്രിതജനക്‌ളേശഹാരകനായ അവിടുന്നല്ലാതെ മറ്റൊരുശക്തിയെ അടിയൻ കാണുന്നില്ല. ഈയുള്ളവനെ ആക്രമിക്കുന്നതിലൂടെ യഥാർത്ഥത്തിൽ അവർ പരോക്ഷമായി അങയെയാണ് ദ്വേഷിക്കുന്നത്. അങനെയുള്ളവർക്ക് നേർവഴികാട്ടുവാനും ശക്തൻ അങ് മാത്രമാണ്."

മൈത്രേയൻ പറഞു: വിദുരരേ!, ബ്രഹ്മദേവന്റെ മനോവ്യഥയെ ഭഗവാൻ മനസ്സിലാക്കി. ഉപായമായി, കളങ്കപ്പെട്ടുപോയ ശരീരത്തെ തത്ക്ഷണം ത്യജിക്കുവാൻ കരുണാമയനായ ഭഗവാൻ അദ്ദേഹത്തോടരുളിചെയ്തു. ഭഗവദുപദേശത്തെ ശിരസാവഹിച്ചുകൊണ്ട് ബ്രഹ്മാവ് തന്റെ അശുദ്ധമായ ശരീരം ഉടനടി ത്യജിച്ചു.  ഝടുതിയിൽ ആ ശരീരം സന്ധ്യായാമമായ ഒരു സുന്ദരയുവതിയുടെ രൂപത്തിൽ പുനർജ്ജനിച്ചു. തന്റെ മനോഹരപാദങളിൽ പാദസരധ്വനിയുണർത്തിയും, വശ്യനയനങൾ ചലിപ്പിച്ചും, സ്വർണ്ണാഭരണങളണിഞും, മനം കവരുന്ന പട്ടുടുത്ത അരയിൽ സ്വർണ്ണ അരഞാണമണിഞും അവൾ രജോഗുണയുക്തയായി പരിലസിച്ചു. ഉയർന്നുതടിച്ച കുചങളും, സുന്ദരദന്തങളും, പുഞ്ചിരിയൂറുന്ന് ചെഞ്ചുണ്ടുകളുമെല്ലാ അവളുടെ നിത്യസൗന്ദര്യത്തിന് മാറ്റുകൂട്ടി. വശ്യമാർന്ന താമരനയങളിലൂടെ അവൾ കാമാർത്തരായി നിൽക്കുന്ന ആ നിശാചരന്മാർക്കുനേരേ പ്രേമത്തിന്റെ കൂരമ്പുകളയച്ചു. കറുത്തുനീണ്ട കുറുനിരകൾക്കിടയിൽ നാണത്താൽ മുഖമൊളിപ്പിച്ചുനിൽക്കുന്ന സന്ധ്യയെക്കണ്ടതും, കാമാർത്തിപൂണ്ടുനിൽക്കുന്ന അസുരന്മാരിൽ കാമാഗ്നി ആളിപ്പടർന്നു. ആ സൗന്ദര്യനിധിയെ അവൾ വാനോളം പുകഴ്ത്തി.

"അവർ പറഞു: "ഹാ! എന്തൊരു സൗന്ദര്യം!... എന്തൊരു യുവത്വം!... ഇവളിൽ ആകൃഷ്ടരായി ഇവളോടൊത്തുരമിക്കുവാൻ അക്ഷമരായുള്ള നമ്മളോടൊപ്പം നടക്കുമ്പോൾപോലും ഇവൾ എത്ര തന്ത്രപൂർവ്വമാണ് ഒരു അകാമിയെപ്പോലെ തന്നെ സംയമനം ചെയ്തിരിക്കുന്നത്!... സന്ധ്യയുടെ മൂർത്തരൂപമായ ആ മാദകസുന്ദരിയെനോക്കി കൗശലശാലികളായ രക്ഷോഗണങൾ ബഹുമാനം നടിച്ചുകൊണ്ട് പറഞു: " ഹേ സുന്ദരീ!... ആരാണ് നീ?. ആരുടെ സ്വന്തമാണ് നീ?. എന്തിനുവേണ്ടിയാണ് ഇവിടേക്കുവന്നിരിക്ക്കുന്നത്?. അനുപമസുന്ദരിയായ നീ എന്തിനുവേണ്ടിയാണ് ഹതഭ്യാഗ്യരായ ഞങളെ ഈവിധം ഭ്രമിപ്പിക്കുന്നത്?. നീ ആരായിരുന്നാലും നിന്നെ ഒരുനോക്ക് കാണുവാൻ കഴിഞതുപോലും ഭ്യാഗ്യമായാണ് ഞങൾക്ക് തോന്നുന്നത്. താമരപ്പാദങൾകൊണ്ട് നീയീപന്തുതട്ടിക്കളിക്കുമ്പോൾ അവയുടെ ചലനനൾ കണ്ട് ഞങളുടെ ബുദ്ധി ഭ്രമിച്ചുപോകുകയാണ്. ഹേ സുന്ദരീ!, കുചഭാരത്താൽ നീ തളർന്നതുപോലെ തോന്നുന്നു. ആ മുടികെട്ട് തെല്ലോന്നഴിച്ചിട്ടാലും..."

മൈത്രേയൻ തുടർന്നു: "വിദുരരേ!, ഈവിധം വിലപിച്ചുകൊണ്ട് കാമാതുരരായ ആ അസുരവൃന്ദം സന്ധ്യയുടെ അത്യപൂർവ്വമായ സൗന്ദര്യത്തിൽ പ്രലോഭിതരായി, അവളൊരു മൂർഖബുദ്ധിയെന്ന് ദ്ധരിച്ച്, ആ അതിസൗന്ദര്യത്തെ അനുഭവിക്കുവാനുള്ള മൂർച്ഛിതത്വരയോടുകൂടി അവളെ തങളുടെ വശത്താക്കി. ഇതുകണ്ട ബ്രഹ്മദേവൻ അർത്ഥവത്തായി ഒന്നുമന്ദഹസിച്ചു. അനന്തരം, തന്റെ അത്ഭുതവീര്യത്താൽ ഗന്ധർവ്വാപ്സരസ്സുകളെ സൃഷ്ടിച്ചു. അതിമനോഹരമായ ഈ സൃഷ്ടിക്കുശേഷവും മുന്നേപോലെ അദ്ദേഹം തന്റെ വർത്തമാനകളേബരം ത്യജിക്കുകയും, ഗന്ധർവ്വന്മാർ ആഹ്‌ളാദപുരസ്സരം അതേറ്റെടുക്കുകയും ചെയ്തു. പിന്നീട് വിധാതാവ് സ്വീകരിച്ചത് അലസ്സതയുടെ മൂർത്തിമത്ഭാവമായിരുന്നു. അതിൽനിന്നും അദ്ദേഹം ഭൂതപ്രേതപിശാചുക്കളെ സൃഷ്ടിച്ചു. അവരുടെ അഴിച്ചിട്ട കേശഭാരവും, നഗ്നതയും കണ്ട് വിരിഞ്ചൻ കണ്ണുപൊത്തിക്കൊണ്ട് ആ ശരീരവും ഉപേക്ഷിച്ചു. ആലസ്യഭാവത്തോടെ വലിച്ചെറിയപ്പെട്ട ആ ശരീരത്തെ ഭൂതപ്രേതപിശാചുക്കൾ സ്വന്തമാക്കി. അന്നുമുതൽ അശുദ്ധമായ ഏതൊരു ശരീരത്തേയും അവർ ആക്രമിച്ചുതുടങി. ഉറക്കത്തിൽ ഉമിനീരൊഴുക്കുന്നവരുടെ ശരീരങൾ തുടങി ഭ്രാന്തന്മാരുടെ ശരീരങൾ വരെ ഈ ദുർജാതരുടെ ആക്രമണത്തിനുവിധേയമാകുന്നത് ഇക്കാര്യത്തിനുദാഹരണമാണ്.

തുടർന്ന്, തന്റെ അഗണിതമായ വീര്യത്തെ സൃഷ്ടിയുടെ മൂർത്തരൂപത്തിലേക്കെത്തിക്കുവാനുള്ള ആഗ്രഹത്തോടെ വിധാതാവ് തന്റെ പരോക്ഷശരീരത്തിലെ നാഭിയിൽനിന്നും സാധ്യഗണങളേയും പിതൃഗണങളേയും ഉല്പന്നമാക്കി. അവർ സ്വമേധയാ വിരിഞ്ചന്റെ അഗോചരശരീരത്തെ തങളുടെ നിലനില്പിനുവേണ്ടി സ്വായത്തമാക്കി. ഈ അതിസൂക്ഷ്മ ശരീരത്തിലൂടെയത്രേ ദിവ്യന്മാർ തങളുടെ പിതൃക്കൾക്കും സാധ്യന്മാർക്കും ശ്രാദ്ധകാലങളിൽ ബലിതർപ്പണം നടത്തുന്നത്. തുടർന്ന്, ബ്രഹ്മദേവൻ ത്രോധനകലയിലൂടെ സിദ്ധന്മാരേയും വിദ്ധ്യാധരന്മാരേയും സൃഷ്ടിക്കുകയും, അനന്തരം, അന്തർധാനമെന്ന നാമത്തിൽ താനാജ്ജിച്ചെടുത്ത ആ ദിവ്യശരീരത്തെ അവർക്കായി തന്നെ സമർപ്പിക്കുകയും ചെയ്തു.

പിന്നീടൊരിക്കൽ വിരിഞ്ചൻ ജലരാശിയിൽ തന്റെ ശരീരപ്രതിച്ഛായയെ ആരാധനാപാരവശ്യത്തോടെ വീക്ഷിക്കുകയും അതിലൂടെ  കിംപുരുഷകിന്നരാദികളുടെ സൃഷ്ടി നടത്തുകയും ചെയ്തു. കിംപുരുഷന്മാർ ബ്രഹ്മദേവന്റെ ആ നിഴൽരൂപത്തെ പരിഗ്രഹിച്ചു. അതിൽ അത്ഭുതം കൂറിയ അവർ ഇന്നും പ്രഭാതത്തിൽ അദ്ദേഹത്തിന്റെ സാഹസകൃത്യങളെ വർണ്ണിച്ചുപാടുന്നു. അങനെയിരിക്കെ സൃഷ്ടികർമ്മം മന്ദഗതിയിലായിരിക്കുന്നുവെന്ന് ശങ്കിച്ച് വിരിഞ്ചൻ തന്റെ നിലവിലുള്ള ശരീരത്തെ ത്യജിക്കുവാനൊരുമ്പെട്ടു. അനന്തരം നെടുനീളത്തിൽ നീണ്ടുനിവർന്നുകിടന്നുകൊണ്ട് അതൃപ്തഭാവത്തിൽ ആശരീരവും അദ്ദേഹം ഉപേക്ഷിച്ചു. ഹേ വിദുരരേ!, ആ ശരീരത്തിൽനിന്നുമുതിർന്നുവീണ രോമങൾ പാമ്പുകളായി രൂപാന്തരം പ്രാപിച്ചു. മണ്ണിൽ വീണുപുളഞിഴഞുനീങിയ അവയിൽ പലതും ഉഗ്രരൂപികളും വിഷകാരികളുമായ സർപ്പങളും നാഗങളുമായി പരിണമിച്ചു. ഒടുവിൽ, തന്റെ ജീവിതത്തിന്റെ ലക്ഷ്യം ഏതാണ്ട് പൂർത്തിയായെന്നു മനസ്സിലാക്കിയ ആദിദേവൻ തന്റെ മനസ്സിൽനിന്നും മനുക്കളെ സൃഷ്ടിച്ചു. അവരത്രേ ലോകക്ഷേമതല്പരരായി വർത്തിക്കുന്നത്. അവർക്കായി അദ്ദേഹം തന്റെ സ്വന്തം ശരീരത്തെ നൽകി. അങനെ ബ്രഹ്മശരീരം സ്വീകരിച്ചു നിൽക്കുന്ന പ്രജാപതികളായ മനുക്കളെക്കണ്ട് സകലസൃഷ്ടികളും ബ്രഹ്മാവിനെ വാനോളം പ്രശംസിച്ചു.

അവർ പറഞു: "ഹേ വിധാതാവേ!, അങയുടെ സൃഷ്ടികളെല്ലാം അപാരം തന്നെ. എന്ത് ചാരുതയോടെയാണ് അങിവിടെ ഓരോന്നും ചമച്ചുണ്ടാക്കിയിരിക്കുന്നത്!. ആചാരപ്രധാനമായ സർവ്വസ്സ്വവും ഇത്രകണ്ട് മനോഹരമായി അങ് നിർവ്വഹിച്ചുകഴിഞു. ഇനി ഞങളുടെ ഊഴമാണ്. യജ്ഞപ്രധാനമായി ബാക്കിയുള്ളതെല്ലാം അവിടുത്തെ സൃഷ്ടിയോട് കൂട്ടിച്ചേർക്കുവാൻ അങയുടെ അനുഗ്രഹത്തിനായ്ക്കൊണ്ട് ഞങളങയോട് പ്രാർത്ഥിക്കുകയാണ്. ഭക്തികൊണ്ടും, തപസ്സുകൊണ്ടും, യോഗനിഷ്ഠകൊണ്ടും, ഇന്ദ്രിയനിഗ്രഹം കൊണ്ടും ഉദാത്തനായ ഹേ ബ്രഹ്മഋഷേ!, അവിടുന്ന് ഋഷിവര്യന്മാരായ നാല് പുത്രന്മാരെ സൃഷ്ടിച്ചു. അവർ നാല്വർക്കും തന്റെ ശരീരത്തിന്റെ ഓരോ അംശം അങ് പകുത്തുകൊടുക്കുകയും ചെയ്തു. അവരിലൂടെ ഇവിടെ ഇന്നും സമാധി, യോഗം, ഋദ്ധി, തപസ്സ്, വിദ്യ, വിരക്തി എന്നീ വ്രതശുദ്ധികൾ നിലനിന്നുപോരുന്നു".

ഇങനെ, ശ്രീമദ് ഭാഗവതം തൃതീയസ്കന്ധം  ഇരുപതാമധ്യായം സമാപിച്ചു.

ഓം തത് സത്.




2014, മാർച്ച് 26, ബുധനാഴ്‌ച

3.10 വിദുരമൈത്രേയ സം‌വാദം - സൃഷ്ടിയുടെ വിഭജനം.

ഓം
ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ധം  - അദ്ധ്യായം 10

വിദുരന്‍ മൈത്രേയരോട് പറഞു: "ഹേ മഹാമുനേ!, ഭഗവാന്‍ ഹരി മറഞരുളിയതിനുശേഷം, എങനെയായിരുന്നു ബ്രഹ്മദേവന്‍ തന്റെ മനസ്സും ശരീരവുമുപയോഗിച്ച് ഈക്കണ്ട അനന്തകോടി നാമരൂപങളുടെ രചന നിര്‍‌വ്വഹിച്ചത്?. ഹേ പണ്ഡിതശ്രേഷ്ഠാ!, ഞാന്‍ അങയോട് ചോദിച്ച സകല ചോദ്യങള്‍ക്കും ഉത്തരം നല്‍കി എന്റെ സകലസന്ദേഹങളും തീര്‍ത്തുതരുവാന്‍ ഞാനിതാ അങയോട് പ്രാര്‍ത്ഥിക്കുകയാണ്."

സൂതന്‍ പറഞു: "ഹേ ഭൃഗുനന്ദനാ!, മഹാപണ്ഡിതനായ മൈത്രേയമുനി എല്ലാം അറിയുന്നവനായിരുന്നു. വിദുരന്റെ അപേക്ഷയെ മാനിച്ച് അഹ്ലാദചിത്തനായി അദ്ദേഹം വിരുരരുടെ ചോദ്യങള്‍ക്കെല്ലാം ഓരോന്നോരോന്നായി മറുപടിപറഞുതുടങി."

"വിദുരരേ!, ഭഗവാന്റെ അനുജ്ഞയെ ശിരസ്സാവഹിച്ചുകൊണ്ട് ബ്രഹ്മദേവന്‍ വീണ്ടും നൂറ് ദിവ്യസം‌വത്സരങളോളം ഭഗവത് പ്രീതിക്കായി തീവ്രമായ തപസ്സനുഷ്ഠിച്ചു. പിന്നീടൊരിക്കല്‍ താനിരിക്കുന്ന താമരപ്പൂവും അതിന്റെ മൂലസ്ഥാനമായ ഭഗവാന്റെ നാഭീസരസ്സും അതിതീഷ്ണമായ ഒരു ചുഴലിയില്‍ അധിധ്രുതം ഉലഞാടുന്നത് ബ്രഹ്മദേവന്‍ മനസ്സിലാക്കി. പക്ഷേ ഒട്ടുംതന്നെ പരിഭ്രമിക്കാതെ തന്റെ ഏറെക്കാലത്തെ തപഃശക്തിയും ആത്മജ്ഞാനവും തന്നിലുണ്ടാക്കിത്തീര്‍ത്ത ആന്തരികമായ കരുത്തുകൊണ്ട് ബ്രഹ്മദേവന്‍ ആ ചുഴലിയെ ജലത്തോടൊപ്പം പാനം ചെയ്തുതീര്‍ത്തു. അനന്തരം, താന്‍ ഉപവിഷ്ടനായിരിക്കുന്ന കമലം പ്രപഞ്ചത്തോളം പരിവ്യാപ്തിയിലെത്തുന്നത് ബ്രഹ്മദേവന്‍ കാണുകയും, തുടര്‍ന്ന് പൂര്‍‌വ്വപ്രളയത്തില്‍ അതേ താമരയില്‍ നിമഗ്നമായിരുന്ന സര്‍‌വ്വലോകങളുടേയും പുനഃരചനയ്ക്കായി അദ്ദേഹം സങ്കല്പ്പം ചെയ്യുകയും ചെയ്തു. വിധാതാവ് ഭഗവദുപാസനയില്‍കൂടി തന്റെ താമരയുടെ കേന്ദ്രമണ്ഡലത്തിലേക്കിറങിച്ചെന്നു. പെട്ടെന്ന് അത് പ്രപഞ്ചം മുഴുവന്‍ പരക്കുന്നതുകണ്ട് ബ്രഹ്മദേവന്‍ അതിനെ ആദ്യം മൂന്നായും, പിന്നീട് പതിനാലായും ഭാഗിച്ചു.

അദ്ധ്യാത്മജ്ഞാനത്താലും ഭഗവത് ഭക്തിയാലും പ്രപഞ്ചത്തില്‍ അതീവതരം ശ്രേഷ്ഠനായ ചതുര്‍മുഖന്‍ ഇവിടെ അനന്തകോടി ജീവജാലങള്‍ക്ക് നിവസിക്കുവാനായി ഈരേഴ് പതിനാല് ലോകങള്‍ തീര്‍ത്തു."

ഇത്രയും കേട്ടപ്പോള്‍ വിദുരന്‍ മൈത്രേയമുനിയോട് ചോദിച്ചു. "അല്ലയോ മഹാപണ്ഡിതനായ മഹാമുനേ!, അത്ഭുതകര്‍മ്മണനായ ഭഗവാന്റെ മറ്റൊരു രൂപമാണല്ലോ അനാദ്യന്തമായ കാലം എന്നത്. എന്താണിതെന്നും, അതിന്റെ ലക്ഷണങളെന്തൊക്കെയെന്നതുംകൂടി ഞങള്‍ക്കവിടുന്ന് പറഞുതരണം."

തുടര്‍ന്ന് മൈത്രേയന്‍ വിദുരരുടെ ഈ ചോദ്യത്തിന് മറുപറിപറഞു: :"വിദുരരേ!, പ്രകൃതിഗുണങളായ സത്വരജസ്തമസ്സദികളുടെ പാരസ്പര്യവൃത്തികളുടെ ഉത്ഭവസ്ഥാനമാണ് അനന്തമായ കാലം. അത് അഭേദ്യമാണ്. പ്രപഞ്ചത്തില്‍ അദ്ധ്യാത്മമഹാലീലകള്‍ കൊണ്ടാടുന്നതിനായി സര്‍‌വ്വശക്തനായ ഭഗവാന്റെ കൈകളില്‍ ഒരുപകരണമായി ഈ കാലം തന്റെ സ്വധര്‍മ്മമാചരിക്കുന്നു.

വിശ്വം ഭഗവാനില്‍ നിന്നും പരിച്ഛിന്നമായി, ഭഗവാന്റെ അവ്യക്തവിശേഷലക്ഷണമായ കാലത്തിന്റെ മായാസ്വരൂപമായി, അവന്റെ മായാശക്തിവിശേഷത്തിന്നധീനമായ പ്രാപഞ്ചികവികാരങളായി നിലകൊള്ളുന്നു. മാത്രമല്ല, ഇന്ന് നാം കാണുന്ന ഈ ജഗത്ത് ഇന്നലെയുണ്ടായിരുന്നതുപോലെതന്നെ ഇനി ഭാവികാലങളില്‍ നിലനില്‍ക്കുകയും ചെയ്യും. ത്രിഗുണാത്മകമായിയുണ്ടാകുന്ന സൃഷ്ടിക്കുപുറമേ, നവവിധസൃഷ്ടികള്‍ വേറെയുമുണ്ട്. അതുപോലെ ഈ ജഗത്ത് കാലദ്രവ്യഗുണാദികളാല്‍ മൂന്ന് തരത്തില്‍ വിലയിക്കുകയും ചെയ്യുന്നു.

മേല്‍‌പറഞ ഒന്‍പത് സൃഷ്ടികളില്‍ പ്രഥമം ഭൗതികസമഗ്രമായ മഹത്തത്വത്തിന്റെ സൃഷ്ടിയാണ്. ഇതിലത്രേ ഭഗവാന്റെ സാന്നിധ്യം കൊണ്ട് ഗുണത്രയങളുടെ പരിവര്‍ത്തനങള്‍ സംഭവിക്കുന്നത്. രണ്ടാമതുണ്ടായത് അഹങ്കാരതത്വം. ഇതില്‍ നിന്നും ഭൗതികദ്രവ്യം, ഭൗതികജ്ഞാനം, ഭൗതികകര്‍മ്മം മുതലായ ഉണര്‍ന്നു. മൂന്നാമതായി തന്മാത്രകളുടെ സൃഷ്ടിയിലൂടെ ഭൂതങളുത്പന്നമായി. നാലാമത് ക്രിയാത്മകമായ ജ്ഞാനമുടലെടുത്തു. അഞ്ചാമതായി ഇവിടെ സത്വഗണാതിരേകപരിണാമത്തിന്റെ ഫലമായി മനോമയമായ ഉപദേവതകളുടെ സര്‍ഗ്ഗമുണ്ടായി. തുടര്‍ന്ന് ആറാമത് ജീവികളിലെ അജ്ഞാനാന്തകാരമായ തമസ്സുത്ഭവിച്ചു. തത്ഫലമായി ശ്രേഷ്ഠന്മാര്‍ പോലും മന്ദമതികളായി.

വിദുരരേ!, ഇതുവരെ ഞാന്‍ പറഞതെല്ലം ആ പരമപുരുഷന്റെ മായാശക്തിയാലുണ്ടായ സൃഷ്ടികളെക്കുറിച്ചാണ്. ഇനി ബ്രഹ്മദേവനാലുണ്ടായിട്ടുള്ള സര്‍ഗ്ഗാവലികളെക്കുറിച്ച് കേട്ടുകൊള്ളുക. വിധാതാവ് രജോഗുണസമുത്ഭവനും പ്രാപഞ്ചികസര്‍ഗ്ഗസിദ്ധികളില്‍ ഭഗവാനോളം വൈഭവമുള്ളവനുമാണ്. ഏഴാമതായിയുണ്ടായത് അചരജീവഭൂതങളുടെ സൃഷ്ടിയായിരുന്നു. അവ പൂക്കളില്ലാതെ പഴം തരുന്ന വനസ്പതിമരം, ഔഷധികള്‍, ലതകള്‍, കുഴല്‍ചെടികള്‍, പരാന്നഭുക്കുകളായ ഇത്തിള്‍ലതകള്‍, ധ്രുമം, എന്നിങനെ ആറുവിധമായി ഉടലെടുത്തു. ഊര്‍ദ്ധരൂപികളായി വളര്‍ന്നുനില്‍ക്കുന്ന ഇത്തരം അചരസൃഷ്ടികള്‍ ബോധശൂന്യരാണെങ്കിലും, അവയ്ക്ക് നോവിന്റെ അനുഭൂതിയെ അറിയുവാന്‍ കഴിയുന്നു. അവ വ്യത്യസ്ഥവര്‍ണ്ണാഭമായി നിലകൊള്ളുന്നു.

ഇനി എട്ടാം സര്‍ഗ്ഗം പ്രപഞ്ചത്തിലെ താഴെത്തട്ടിലുള്ള ജീവികളാണ്. അവയാകട്ടെ, ഇരുപത്തിയെട്ട് വിഭാഗങളില്‍ വ്യത്യസ്ഥഗുണഗണങളോടെ ഭൂമുഖത്ത് വര്‍ത്തിക്കുന്നു. തികച്ചും ബോധശൂന്യരായ ഈവിധം താമസ്സസൃഷ്ടികള്‍ തങള്‍ക്കുവേണ്ട വിഭവങളെ മണത്തറിഞ് അനുഭവിക്കുന്നു. ഇവയ്ക്ക് ഒന്നുംതന്നെ ഓര്‍ത്തുവയ്ക്കുവാനോ വിചിന്തനം ചെയ്യുവാനോ സാധ്യമല്ല.

അല്ലയോ വിദുരരേ!, ഇത്തരം മൃഗങളില്‍ പശു, ആട്, പോത്ത്, കൃഷ്ണമാന്‍, സൂകരം, ഗവയം, മാന്‍, ചെമ്മരിയാട്, ഒട്ടകം, മുതലായവകള്‍ക്ക് ഇരുകുളമ്പുകള്‍ പ്രത്യേകതയാണ്. എന്നാല്‍ കുതിര, കോവര്‍കഴുത, കഴുത, കാട്ടുപോത്ത്, മലമ്പോത്ത്, കാട്ടുപശു, എന്നിവ ഒറ്റക്കുളമ്പുള്ള ജീവികളാണ്.

ഇനി അഞ്ച് വിരലുകളുള്ള മറ്റുജീവികളെക്കുറിച്ചു പറയാം. നായ, കുറുനരി, കടുവ, കുറുക്കന്‍, പൂച്ച, മുയല്‍, മുള്ളന്‍പന്നി, സിംഹം, കുരങന്‍, ആന, ആമ, ചീങ്കണ്ണി, ഗോസാപ എന്ന ഒരു പ്രത്യേകതരം പാമ്പ്, ഇവയൊക്കെ കാലില്‍ അഞ്ച് വിരലുകളും, നഖങളുമുണ്ട്. ഇവയെക്കൂടാതെ കൊക്ക്, പരുന്ത്, കൊറ്റി, കഴുകന്‍, ഭാസന്‍, ഭല്ലൂക്കന്‍, മയില്‍, അരയന്നം, സാരസം, ചക്രവാഗം, കാക്ക, മൂങ, മുതലായവകളൊക്കെ ബ്രഹ്മദേവന്റേതായ എട്ടാം സര്‍ഗ്ഗത്തില്‍ പെടുന്നു.

അല്ലയോ പുണ്യവാനായ വിദുരരേ!, അനന്തകോടിജീവജാലസഞ്ചയത്തിലെ ഒരേയൊരു പ്രാണി മാത്രമായ മനുഷ്യന്റെ സൃഷ്ടിയാണ് ഇവിടെ ഒമ്പതാം‌വട്ടമുണ്ടായത്. രജോഗുണം ഇക്കൂട്ടരില്‍ അതികരിച്ചുനില്‍ക്കുന്നു. ദുഃഖത്തിന്റെ ആഴക്കടലില്‍ മുങിത്താണിട്ടും ഇവര്‍ പ്രപഞ്ചസൃഷ്ടിയിലെ അത്യുന്നതശ്രേണിയിലുള്ളവരായും, ഏറ്റവും സന്തോഷവാന്മാരായും തങളെ സ്വയം വിലയിരുത്തുന്നു. ഹേ അനഘാ!, ദേവതകളുടെ സൃഷ്ടിയേയും, മേല്പ്പറഞ അന്ത്യത്തിലെ മൂന്ന് സൃഷ്ടികളേയും വൈകൃതസൃഷ്ടികളെന്നും, മറ്റുള്ളവയെ പ്രാകൃതസൃഷ്ടികളെന്നും പറയപ്പെടുന്നു. പക്ഷേ, ബ്രഹ്മസുതന്മാരായ സനകാദികുമാരന്മാരകട്ടെ, ഈ രണ്ട് ഭാവങളും ചേര്‍ന്നവരാണ്.

ഉപദേവതകള്‍, പിതൃക്കള്‍, അസുരന്മാര്‍, ഗന്ധര്‍‌വ്വാപ്സരസ്സുകള്‍, യക്ഷരക്ഷസ്സുകള്‍, സിദ്ധചാരണവിദ്ധ്യാധരാദികള്‍, ഭൂതപ്രേതപിശാചുക്കള്‍, കിന്നരര്‍, എന്നിങനെ എട്ടായി അന്തരപേറുന്ന ഗുണഗണങളോടെ ഈ സുരസഞ്ചയം വെളിവാകപ്പെട്ടു. ഇതെല്ലാം ജഗത്സൃഷ്ടാവായ ബ്രഹ്മദേവന്റെ രചനകളത്രേ!.

വിദുരരേ!, ഭഗവാന്റെ രജോഗുണസമ്പന്നമായ അവതാരമാണ് സൃഷ്ടികാരണനായ ബ്രഹ്മദേവന്‍. അദ്ദേഹം ഭഗവാന്റെ അനുപമമായ വീര്യത്താല്‍ യുഗങള്‍തോറും, തന്റെ കര്‍ത്തവ്യബോധത്തിലുറച്ചുകൊണ്ട് നിയതധര്‍മ്മം നിര്‍‌വ്വഹിച്ചുകൊണ്ടേയിരിക്കുന്നു. ഇനി ഞാന്‍ ഭവാനോട് പറയാന്‍ പോകുന്നത് യുഗാന്തരങളിലുണ്ടായ മനുക്കളുടെ ശ്രേണിയെക്കുറിച്ചാണ്.

ഇങനെ ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ധം  പത്താമധ്യായം സമാപിച്ചു.

ഓം തത് സത്
 
<<<<<<<   >>>>>>>

2014, മാർച്ച് 19, ബുധനാഴ്‌ച

3.9 ബ്രഹ്മസ്തുതി.


ഓം



ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ധം  - അദ്ധ്യായം 9

പങ്കജാസനനായി ബ്രഹ്മദേവന്‍ ഭഗവാന്‍ ഹരിയെ സ്തുതിച്ചുതുടങി.
"ഭഗവാനേ!, എത്രയോ കാലങളായി ഞാന്‍ തപം ചെയ്തുവെങ്കിലും ഇന്നാണ് അങയുടെ അദ്ധ്യാത്മികരൂപത്തെ എനിക്ക് ദര്‍ശിക്കുവാന്‍ സാധിച്ചതും, അങയെ അറിയാന്‍ കഴിഞതും. അനേകവിധം ശരീരങള്‍ ധരിച്ച്, അനന്തകോടിജീവന്‍‌മാര്‍ ഇവിടെ നിന്നെയറിയാതെ കാലം പോക്കുന്നു. എത്ര നിര്‍ഭാഗ്യവാന്‍‌മാരാണവര്‍!.... നാഥാ!, ഏകമായിയറിയേണ്ടത് നിന്നെ മാത്രമാണ്. കാരണം നിന്നെക്കവിഞൊരു ശക്തി ഇവിടെ ഇല്ലതന്നെ. അവിടുത്തേക്കാള്‍ പരമമായ ഒരു ശക്തി എങനെയുണ്ടാകാനാണ്? ത്രിഗുണങളുടേയും മായയുടേയും വികാരഭാവത്തെ പ്രദര്‍ശിപ്പിച്ചുകൊണ്ട് നീ മാത്രമാണ് ഇവിടെ പരമസത്യമായി നിലകൊള്ളുന്നത്.

ഭഗവാനേ!, അങയുടെ അലൗകികമായ രൂപത്തെയാണ് ഞാനീക്കാണുന്നത്. ഈ ദിവ്യരൂപം തന്റെ ഭക്തര്‍ക്ക് ആവബോധരസമാകുന്ന നിന്റെ പരമകാരുണ്യത്തെ പ്രദാനം ചെയ്യുന്നു. ഈ ബൃഹത് രൂപത്തില്‍നിന്നാണ് അവിടുത്തെ മറ്റെല്ലാ അവതാരങളും പിറവിയെടുത്തിരിക്കുന്നത്. ഞാനും ഇതാ അവിടുത്തെ നാഭീപങ്കജത്തില്‍ അധിവസിച്ചുകൊണ്ട് അങയില്‍ തന്നെ ശരണം പ്രാപിച്ചിരിക്കുന്നു.

ഭഗവാനേ!, ഇതില്പരം അദ്ധ്യാത്മികമായും ആത്മജ്ഞാനപ്രദായകവുമായ ഒരു രൂപം ഞാന്‍ വേറെ കാണുന്നില്ല. അവിടുത്തെ ഈ കളേബരം പരമാനന്ദമാത്രവും, അവ്യയവും, നിര്‍‌വ്വികാരവുമാണ്. ഞാനാകട്ടെ എന്റെ ശരീരേന്ദ്രിയാദികളില്‍ അഭിമാനം കൊള്ളുമ്പോള്‍, അവിടുന്ന് ഈ സമസ്തപ്രപഞ്ചവും അവിടുത്തെ യോഗമായകൊണ്ട് നിര്‍മ്മിച്ച്, സര്‍‌വ്വത്തിനും കാരണമായി നിലകൊള്ളുന്നു. അതേസമയം തന്നെ അങ് ഇവയില്‍നിന്നൊക്കെയകന്ന് സര്‍‌വ്വസ്വതന്ത്രനായി നിലകൊള്ളുകയും ചെയ്യുന്നു.
അങനെയുള്ള അവിടുത്തേക്കെന്റെ പ്രണാമം.

ഭഗവാനേ!, ഞാനീക്കാണുന്ന രൂപമായിക്കോട്ടെ, അഥവാ യുഗങള്‍തോറുമുണ്ടാകുന്ന അങയുടെ ഏതവതാരഭാവവുമായിക്കോട്ടെ, അവ ഓരോന്നും ഈ പ്രപഞ്ചത്തിന് എക്കാലവും ശുഭമേകുന്നു. ഭക്തന്മാര്‍ നിത്യനിരന്തരമായി ഉപാസിക്കുന്ന അങയുടെ ഈ രൂപത്തിനുമുന്നില്‍ എന്റെ നമസ്കാരം. അവിടുത്തെ മായയില്‍ മുങി, ഘോരമായ നരകങളില്‍ പതിക്കുവാന്‍ വിധിച്ചിട്ടുള്ളവര്‍ അവിടുത്തെ ഈ അദ്ധ്യാത്മികരൂപത്തിനുനേരേ മുഖം തിരിക്കുന്നു. കാരണം, അവര്‍ ലൗകികവിഷങളില്‍ അത്യന്തം ആസക്തരാണ്. എന്നാല്‍ ഭക്തന്മാരാകട്ടെ, വേദമന്ത്രങളിലൂടെ പ്രകീര്‍ത്തിക്കപ്പെടുന്ന അവിടുത്തെ തൃപ്പാദമാഹാത്മ്യങളെ ശ്രോത്രേന്ദ്രിയങളിലൂടെ ഹൃദയത്തിലേറ്റി അങയില്‍ ഭക്തി ചെയ്യുന്നു. അവര്‍ അങയെ തങളുടെ ഹൃദ്ക്കമലങളില്‍ ഇളകാതെ വച്ചാരധിക്കുന്നു.

ഹേ ദേവദേവാ!, ലൗകികാസക്തിയില്‍ ഈ ലോകത്തിലെ മനുഷ്യരെല്ലാം സദാ ആശങ്കപ്പെട്ടിരിക്കുകയാണ്. അവര്‍ സദാസമയവും ധനത്തെക്കുറിച്ചും, സുഹൃത്തുക്കളെക്കുറിച്ചും, സ്വന്തം ശരീരാദികളെക്കുറിച്ചുമൊക്കെ ആവലാതിപൂണ്ട് അവയെ സംരക്ഷിക്കുന്നതിലേക്കുള്ള തത്രപ്പാടിലാണ് കഴിയുന്നത്. അവരുടെ ഹൃദയത്തിലാകട്ടെ, എപ്പോഴും അനാവശ്യമായ ആഗ്രഹങളാലുണ്ടാകുന്ന സങ്കടം നിറഞുതുളുമ്പിക്കൊണ്ടേയിരിക്കുന്നു. ഞാനെന്നും, എന്റേതെന്നുമുള്ള മിഥ്യാബോധത്താല്‍ അവരുടെ ബുദ്ധി ഭ്രമിച്ച് നശിച്ചിരിക്കുന്നു. എന്തായിരുന്നാലും ഈവക ദുഃഖങളില്‍ നിന്ന് മോചനമുണ്ടാകണമെങ്കില്‍ അവര്‍ക്കും അവിടുത്തെ തൃപ്പാദപത്മങളില്‍ ഭക്തിയുണ്ടാകേണ്ടത് അനിവാര്യമാണ്.

ഭഗവാനേ!, ഈശ്വരഭജനം കൂടാതെ അനാത്മീയമായി, അശുഭചിന്തകളെ കൂടെക്കൊണ്ടുനടക്കുന്ന ഈ മനുഷ്യരുടെ ബുദ്ധിയും അശുഭമായിഭവിക്കുന്നു. ഇങനെയുള്ളവര്‍ കുറച്ചുകാലത്തെ കാമവാഞ്ചക്കായി അശുഭവൃത്തികളില്‍പെട്ട് കാലം പോക്കുന്നു.
ഹേ ഉരുക്രമനായ ഭഗവാനേ!, ഈ മനുഷ്യരെല്ലാം ക്ഷുത്തൃഡാദികള്‍ക്കും, ശീതോഷ്ണങള്‍ മുതലായ ദ്വന്ദങളള്‍ക്കും അടിപ്പെട്ട് ജീവിതം കഴിക്കുന്നു. ഇവരുടെ ശരീരാന്തര്‍ഭാഗത്തുനിന്നുമുള്ള പിത്തരസം വമിച്ച് ശാരീരികാസ്വാസ്ഥ്യം അനുഭവിച്ച് ദുഃഖിക്കുന്നു. ചുമച്ചും, കുരച്ചും, ഇവര്‍ രോഗാതുരരായിക്കഴിയുന്നു. മഴയോ, വെയിലോ, ഒന്നുംതന്നെ ഇവര്‍ക്ക് സഹനീയമല്ല. എന്നിട്ടും, കാമാഗ്നികൊണ്ടും, അടക്കാനാകാത്ത കോപം കൊണ്ടും, ഇവരുടെ വിവേകം മുച്ചൂടും നശിച്ചിരിക്കുന്നു. ഇവരുടെ ഈ ദുഃസ്സഹമായ അവസ്ഥയില്‍ ഞാനും അതീവദുഃഖിതനാണ്. ഭഗവാനേ!, ലൗകികദുരിതങള്‍ ഈ ജീവാത്മാക്കളുടെ യഥാര്‍ത്ഥസ്വരൂപത്തെ ഒരിക്കലും ബാധിക്കുകയില്ലെങ്കിലും, എന്നുവരെ അവര്‍ ഈ ശരീരത്തെ, അങയുടെ മായാവലയത്തില്‍പെട്ടു, ലൗകികഭോഗങള്‍ക്കായി വിട്ടുകൊടുത്തിരിക്കുന്നുവോ, അന്നുവരെ ഇത്തരം ദുരിതങള്‍ അവരെ വിട്ടൊഴിയാതെ നിഷ്ക്കരുണം പിന്തുടരുന്നു.

ഇങനെയുള്ള മനുഷ്യര്‍ പകല്‍ മുഴുവന്‍ അത്യാര്‍ത്തിയോടെ ബഹുവിധവിഷയങളില്‍ തങളുടെ മനസ്സും ഇന്ദ്രിയങളും വ്യാപൃതമാക്കുന്നു. തത്ഫലമായി രാത്രികാലങളില്‍ ഉറക്കമില്ലതെ കിടക്കയില്‍ കിടന്നുരുളുന്നു. കാരണം, അവരുടെ മനസ്സ് പകല്‍ മുഴുവന്‍ രചിച്ചുണ്ടാക്കിയ ഭാവനകളില്‍പെട്ടുഴലുമ്പോള്‍, ബുദ്ധി ഇടക്കിടെ അവരുടെ നിദ്രയ്ക്ക് ഭംഗം വരുത്തുന്നു. പ്രകൃതിശക്തികള്‍ക്കധീതമായ മാനസീകസങ്കല്പ്പങള്‍ ഓരോന്നായി കടപുഴകിവീഴുമ്പോള്‍, അവരുടെ ബുദ്ധിയുടെ സമനിലയും തെറ്റിപ്പോകുന്നു. ഋഷികളായാല്‍പോലും, അങയില്‍ പ്രസംഗവിമുഖരായാല്‍ തത്ഫലമായി അവര്‍ അലഞുതിരിയേണ്ട അവസ്ഥാവിശേഷത്തിലേക്ക് എത്തിച്ചേരുന്നു.

ഭഗവാനേ!, അവിടുത്തെ മാഹാത്മ്യങള്‍ക്ക് ചെവി നല്കുന്ന മാത്രയില്‍ ഭക്തന്മാരുടെ ഹൃദയം പവിത്രമാകുന്നു. അങയുടെ കഥാശ്രവണത്താല്‍ തീര്‍ത്ഥീകൃതമാകുന്ന അവരുടെ മനസ്സുകളില്‍ അവിടുന്ന് പെട്ടെന്നുതന്നെ കുടിയേറിപാര്‍ക്കുകയും ചെയ്യുന്നു. യാതൊരു രൂപത്തില്‍ അവര്‍ നിന്നെ ഹൃദയത്തിലേറ്റുന്നുവോ, അതേ രൂപത്തില്‍ തന്നെ നീ അവര്‍ക്ക് ദര്‍ശനം നല്കി നിന്റെ കാരുണ്യവര്‍ഷം പൊഴിക്കുന്നു. നാരായണാ!, ബദ്ധകാമന്മാരായി പലേവിധം ഉപചാരങളോടുകൂടി നിന്നെ ആരാധിക്കുന്ന ദേവഗണങളില്‍പോലും നീ ഇത്രകണ്ട് സമ്പ്രീതനാകുന്നില്ല. പക്ഷേ, നിന്നില്‍ അകമഴിഞ് ഭക്തിയെ നിറയ്ക്കുന്ന സാധുക്കളില്‍ ദയാകടാക്ഷം ചൊരിഞുകൊണ്ട് അവരുടെ ഹൃദയപങ്കജത്തില്‍ നീ ആത്മസ്വരൂപനായി നിറഞുപ്രകാശിക്കുന്നു. അതേസമയം, ഈശ്വരനില്‍ ദ്വേഷം വച്ചുപുലര്‍ത്തുന്നവര്‍ക്ക് നീ അപ്രാപ്യമായി നിലകൊള്ളുകയും ചെയ്യുന്നു. പക്ഷേ, മനുഷ്യന്‍ അവരവരുടെ സ്വധര്‍മ്മകര്‍മ്മങളെ ഭഗവാങ്കലര്‍പ്പിക്കുകയും, വേദാചരണങളിലൂടെയും, ദാനം തപസ്സ് തുടങിയവയുടെ അനുഷ്ഠാനത്തിലൂടെയും നിന്നെ ആരാധിക്കുകയും ചെയ്യുന്നതുവഴി അവര്‍ നന്മയുടെ പാതയിലേക്ക് നയിക്കപ്പെടുന്നു.

ശാശ്വതസ്വരൂപനായ അവിടുത്തേക്ക് എന്റെ നമോവാകം!. അവിടുത്തെ ഈ നിര്‍മ്മലരൂപം ധ്യാനിച്ച് ജീവന്മാര്‍ ആത്മസാക്ഷാത്ക്കാരം നേടുന്നു. ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച്, പരിപാലിച്ച്, ലയിപ്പിക്കുന്ന പരമാനന്ദമൂര്‍ത്തിയായ അങയുടെ താമരപ്പാദങളില്‍ അടിയന്റെ പ്രണാമം!. യുഗങള്‍ തോറും പലവിധ രൂപഭാവങളിലവതരിച്ച്, നിസ്തുലഗുണങളോടുകൂടി, തന്റെ അദ്ധ്യാത്മലീലകളാടുന്ന അവിടുത്തെ പാദങളില്‍ ഞാനിതാ അഭയം തേടുന്നു. യാതൊരുവന്‍ തന്റെ മരണാഗമസമയത്ത് ബോധപൂര്‍‌വ്വമായാലും അല്ലെങ്കിലും, അവിടുത്തെ തിരുനാമം ഉച്ഛരിക്കുന്നുവോ, അവന്റെ ജന്മജന്മാന്തരപാപങള്‍ സകലതുമകന്ന് അവന്‍ നിന്നിലേക്കെത്തിച്ചേരുന്നു. അങനെയുള്ള അവിടുത്തെ തൃപ്പാദങളില്‍ അടിയന്റെ നിത്യപ്രണാമം!.

ഈ പ്രാപഞ്ചികസര്‍ഗ്ഗതത്വത്തിന്റെ മൂലകാരണതത്വമായി അങ് നിലകൊള്ളുന്നു. ആ തത്വത്തിന്റെ ചില്ലകളായി ഞങളും. ഭഗവാനേ!, അങ് സ്വയം പരിപാലിക്കുന്ന ഈ പ്രപഞ്ചത്തെ ഞാന്‍ രചിക്കുകയും, ഗിരീശന്‍ അതിനെ സംഹരിച്ചു നിന്നിലടക്കുകയും ചെയ്യുന്നു. അങനെയുള്ള നിന്നെ ഞാനിതാ നമസ്ക്കരിക്കുന്നു. ലോകം നിന്നിലേക്കുള്ള വഴിമറന്ന്, തങളുടെ ശരീരത്തെ സുഖിപ്പിക്കുന്നതിനും, നിലനിറുത്തുന്നതിനും വേണ്ടി, പലതരം കര്‍മ്മങളില്‍ ഏര്‍പ്പെട്ട് പ്രവര്ത്തിക്കുന്നു. ഈ പ്രവര്‍ത്തികളില്‍ എത്രകാലം അവര്‍ വ്യാപൃതരായിരിക്കുമോ, അത്രകാലം അവരുടെ ഈ അശ്രാന്തപരിശ്രമം തികച്ചും ഛിന്നഭിന്നമായി പോകുന്നു. സത്യത്തില്‍ അവരറിയാത്ത അവരുടെ അഭയസ്ഥാനമായ അവിടുത്തെ തൃപ്പാദങളില്‍ എന്റെ നമസ്ക്കാരം.

അവിടുന്ന് സകലയജ്ഞങളുടേയും ഭോക്താവാണ്. അനന്തമായ കാലമാകുന്ന അവിടുത്തെ തൃപ്പാദങളില്‍ അടിയന്റെ നമോവാകം. അവിടുത്തെ കരുണയാല്‍ ദ്വിപരാന്തത്തോളം ഇവിടെ ഞാന്‍ നിലനില്‍ക്കുമെന്നെനിക്കറിയാം. പ്രപഞ്ചത്തിലെ മറ്റുപല ലോകങളുടേയും നായകനാണ് ഞാനെന്നെനിക്കറിയാം. അങയെ പ്രാപിക്കുവാന്‍ വേണ്ടി അനേകവര്‍ഷം ഘോരതപമനുഷ്ഠിച്ചവാനാണ് ഞാനെന്നെനിക്കറിയാം. എന്നാലും അവിടുന്നല്ലാതെ മറ്റൊരുഗതി ഞാന്‍ കാണുന്നില്ല. അതുകൊണ്ട് അവിടുത്തെ പാദാരവിന്ദങളില്‍ ഞാന്‍ ശരണം പ്രാപിക്കുകയാണ്.

ഭഗവാനേ!, അങ് യാതൊരു ഭേദവും കൂടാതെ ദേവന്മാര്‍ക്കിടയിലും, അന്യ ജീവജന്തുക്കള്‍ക്കിടയിലും ഒരുപോലെ അവതരിച്ച് അവിടുത്തെ ലീലകള്‍ കൊണ്ടാടുന്നു. ത്രിഗുണാധീതനായി, നിസ്പൃഹനായി, ധര്‍മ്മപരിപാലനാര്‍ത്ഥം യുഗാന്തരങളില്‍ ഈവിധം വിവിധവേഷധാരിയായി പ്രത്യക്ഷനാകുന്ന അങയെ ഞാനിതാ നമസ്ക്കരിക്കുന്നു.

ഭഗവാനേ!, ഭീമാകാരമായ പ്രളയജലധിയില്‍ അനന്തനുമേല്‍ പള്ളികൊണ്ട്, തത്വവിദുക്കള്‍ക്ക് അങ് അവിടുത്തെ യോഗനിദ്രയെ കാട്ടിക്കൊടുക്കുന്നു. ആ സമയം, പ്രപഞ്ചത്തിലെ സകലലോകങളും അവിടുത്തെ മഹാജഠരത്തില്‍ അഭയം കൊണ്ടുകഴിയുന്നു. ഹേ നാരായണാ!, അങയുടെ നാഭീപങ്കജത്തെ ഞാനിതാ എന്റെ വാസസ്ഥലമാക്കിയിരിക്കുന്നു. അവിടുത്തെ അപാരകരുണയില്‍ ഞാന്‍ ഈ പ്രപഞ്ചത്തിന്റെ സൃഷ്ടികര്‍മ്മം ഏറ്റെടുത്തിരിക്കുന്നു. അങ് യോഗനിദ്രകൊള്ളുമ്പോള്‍ സകലലോകങളും ആ മഹോദരത്തില്‍ കേന്ദ്രീകൃതമായിരിക്കുന്നു. ഇപ്പോഴിതാ ഉഷസ്സില്‍ വിരിഞ താമരപോലെ അങയുടെ നയനങളും തുറന്നുപ്രകാശിക്കുന്നു."

ബ്രഹ്മദേവന്റെ പ്രാര്‍ത്ഥന തുടര്‍ന്നുകൊണ്ടേയിരുന്നു. "ഇങനെയുള്ള അവന്‍ എന്നില്‍ കനിയുമാറാകണം. അവന്‍ ഈ പ്രപഞ്ചത്തിലെ സകല ചരാചരങള്‍ക്കും ഏകബന്ധുവും, ഏകാത്മാവുമാണ്. ആ ആദിനാരായണന്‍ സര്‍‌വ്വതിനേയും തന്റെ സര്‍‌വ്വൈശ്വര്യങളാല്‍ പരിപാലനം ചെയ്ത് ജഗത്ത്സര്‍‌വ്വത്തിന്റെ ക്ഷേമം കാത്തുസൂക്ഷിക്കുന്നു. മുന്നേപോലെയുള്ള അവന്റെ കാരുണ്യവര്‍ഷാനുഭൂതിയുടെ പ്രേമച്ഛായയില്‍ നിന്നുകൊണ്ട് എന്റെ നിയതമായ കര്‍മ്മാനുചരണത്തിനായി ഞാന്‍ അവന്റെ അനുഗ്രഹം തേടുകയാണ്. കാരണം ഞാനും അവന് പ്രിയപെട്ടവനും, അവിടുത്തെ തൃപ്പാദങളില്‍ അഭയം പ്രാപിച്ചവനുമാണ്. അവന്‍ പ്രപന്നാത്മാക്കളുടെ പരിപാലകനാണ്. അവന്‍ തന്റെ ആന്തരികശക്തിസ്രോതസ്സായ ശ്രീമഹാലക്ഷ്മിയിലൂടെ തന്റെ ധര്‍മ്മം ആചരിക്കുന്നു. എനിക്കുവേണ്ടത് ഈ ഭൗതികസൃഷ്ടിയുടെ സര്‍‌വ്വമംഗളത്തിനായി അവന്റെ അനുഗ്രഹം മാത്രം. കര്‍മ്മബന്ധത്താല്‍ തളയ്ക്കപ്പെടാതിരിക്കുവാനായി അവന്റെ കാരുണ്യം മാത്രം. അതുവഴി എന്നില്‍ കര്‍ത്തൃത്വബോധവുമോ, അഹങ്കാരമോ ഉണ്ടാകാതിരിക്കട്ടെ!.

അവന്റെ മഹിമകള്‍ അവര്‍ണ്ണനീയമാണ്. ആ പരമപുരുഷന്റെ നാഭീസരസ്സില്‍ നിന്നും മൊട്ടിട്ട സരോജത്തില്‍ ഈ പ്രപഞ്ചത്തിന്റെ പൂര്‍ണ്ണശക്തിയുമായി ഞാന്‍ ഉണര്‍ന്നിരിക്കുമ്പോള്‍, അവന്‍ പ്രലയജലധിയില്‍ യോഗനിദ്രകൊള്ളുന്നു. ഞാന്‍ അവന്റെ വിഭിന്നമായ മായാശക്തിയെ ഈ പ്രപഞ്ചമാക്കി പരിണമിപ്പിക്കുന്നുവെന്നുമാത്രം. ആയതിനാല്‍ എന്റെ കര്‍മ്മവസനത്തോളം വേദവിധികളുടെ ധര്‍മ്മപാതയില്‍ നിന്നും അണുവിട വ്യതിചലിക്കാതെ കാക്കുവാന്‍ ഞാന്‍ അവനോട് പ്രാര്‍ത്ഥിക്കുകയാണ്. ഏകനും, പരമകാരുണ്യവാനുമായ അവന്‍ മിഴിതുറന്ന് പുഞ്ചിരിതൂകി അടിയനെ ആശീര്‍‌വദിക്കുന്നതിനായി ഞാന്‍ ആ പരമപുരുഷനോട് യാചിക്കുകയാണ്. അവന്റെ ഹൃദയസ്പര്‍ശിയായ തെല്ല് വാക്കുകള്‍കൊണ്ടുമാത്രം ഈ പ്രപഞ്ചം സകലകുണ്ഠിതങളുമകന്ന്, ഉദ്ധരിക്കപ്പെടുന്നു."

മത്രേയമുനി തുടര്‍ന്നു: "വിദുരരേ!, ഇങനെ ബ്രഹ്മദേവന്‍ തന്റെ അസ്ഥിത്വകാരണമായ ഭഗവാനെ ദര്‍ശിച്ചറിഞതിനുശേഷം, മനസ്സാവാചാ തന്നാലാകും‌വിധം ഭഗവാനെ പ്രകീര്‍ത്തിച്ചു. തുടര്‍ന്ന് തന്റെ തപജപധ്യാനംകൊണ്ട് തളര്‍ന്നമട്ടില്‍ ബ്രഹ്മാവ് പെട്ടെന്ന് നിശബ്ദനായി. വിധാതാവ് തന്റെ സ്വധര്‍മ്മമായ സൃഷ്ടികര്‍ത്തവ്യത്തെക്കുറിച്ച് അത്യന്തം ഉത്കണ്ഠിതനാണെന്നും, കൂടാതെ പ്രലയജലത്തെക്കണ്ട് നന്നേ വിഷണ്ണഭാവത്തിലിക്കുകയാണെന്നും ഭഗവാന്‍ മനസ്സിലാക്കി. അവിടുന്ന് ബ്രഹ്മാവിന്റെ മനഃശ്ചാഞ്ചല്യത്തെക്കുറിച്ചറിഞുകഴിഞിരിന്നു. ഭഗവാന്‍ അങേയറ്റം ഗുഹ്യമായ തന്റെ ഉപദേശത്തെ നല്‍കിക്കൊണ്ട് ബ്രഹ്മദേവന്റെ സകല മായാഭ്രമങളും മറച്ചരുളി.

ഭഗവാന്‍ ഹരി അരുളിചെയ്തു: "അല്ലയോ വേദഗര്‍ഭാ!, ഭവാന്റെ കര്‍ത്തവ്യത്തെക്കുറിച്ച് ഒന്നുകൊണ്ടും ഇന്ന് വ്യാകുലപ്പെടേണ്ടതില്ല. അവിടുത്തെ പ്രാത്ഥനയില്‍ നാം അതീവസന്തുഷ്ടനാണ്. ഹേ ബ്രഹ്മദേവാ!, നമ്മുടെ അനുഗ്രഹത്തിനായി ഇനിയും അങേയ്ക്ക് തപം ചെയ്യേണ്ടതുണ്ട്. അതിലൂടെ നാം അങേയ്ക്ക് സകലതും കാട്ടിത്തരുന്നതുണ്ട്. വിധാതാവേ!, ഭക്തിയുക്തസമാശ്രിതനായി അങ് തപസ്സിലൂടെ നമ്മെ സ്മരിക്കുമ്പോള്‍, അങയുടെ ഹൃദയത്തിലും അതുപോലെ സകലചരാചരങളിലും നമ്മുടെ സാന്നിധ്യം അങേയ്ക്ക് ദര്‍ശിച്ചറിയുവാന്‍ സാധിക്കും. അതുപോലെതന്നെ ഭവാനോടൊപ്പം ഈ പ്രപഞ്ചത്തേയും അതിലെ സകലചരാചരങളേയും അങ് നമ്മിലും കണ്ടറിയും. വിറകില്‍ അഗ്നിയെന്നതുപോലെ, സമസ്തപ്രപഞ്ചവും നമ്മില്‍ അധിവസിക്കുന്നത് ഭവാന്‍ നേരില്‍ കണ്ടനുഭവിക്കും. ആ അദ്ധ്യാത്മികാനുഭൂതിയില്‍ സകലകല്‍മഷങളുമകന്ന് ഭവാന്‍ മുക്തനാകും. ത്രിഗുണങളുടെ പിടിയില്‍നിന്നുമകന്ന് സ്ഥൂലസൂക്ഷ്മസങ്കല്പ്പങള്‍ക്കധീതനായി സംശുദ്ധനാകുന്നസമയം, നമ്മുടെ കാരുണ്യത്താല്‍ അങേയ്ക്ക് അവിടുത്തെ സ്വരൂപം തെളിഞുകിട്ടും. ആ അവസ്ഥയില്‍ ഭവാന്‍ തികച്ചും പരമാത്മബോധത്തില്‍ അന്തര്‍ലീനമായിരിക്കുകയും ചെയ്യും.
നമ്മുടെ കൃപാവര്‍ഷം അങയില്‍ സദാ നിറഞുകൊണ്ടേയിരിക്കും. ആയതിനാല്‍ നാനാകര്‍മ്മങളില്‍ തല്പ്പരനും പ്രജാവര്‍ദ്ധനപരിതുഷ്ടനുമായ അങേയ്ക്ക് ഒരിക്കലും ആ ഉദ്യോഗത്തില്‍നിന്നും ഭ്രഷ്ടനാകേണ്ടിവരുകയില്ല.

ഹേ പ്രഥമഋഷേ!, ഭവാന്‍ എപ്പോഴും നമ്മില്‍ മനസ്സൂന്നിയവനാകയാല്‍, നാനാസന്തതിപരമ്പരകളുടെ സൃഷ്ടിയില്‍ മുഴുകിയിരുന്നാലും, വിട്ടുവീഴ്ച്ചാഭാവമില്ലാത്ത രജോഗുണത്താല്‍ അങ് ബദ്ധനാകുകയില്ല. ജീവികള്‍ക്ക് എളുപ്പത്തില്‍ ജ്ഞേയമല്ലാത്ത നമ്മെ അങ് അറിഞുകഴിഞിരിക്കുന്നു. നാം ഭൂതേന്ദ്രിയഗുണാഹങ്കാരാദികളാല്‍ ഉത്പിതമല്ലെന്ന പരമാര്‍ത്ഥത്തെ അങ് ഇതിനകം തപജപധ്യാനങളിലൂടെയറിഞിരിക്കുന്നു. ഹേ ബ്രഹ്മദേവാ!, അങയുടെ ജന്മസ്ഥാനപങ്കജത്തിന്റെ മൂലതത്വത്തെ തേടി ധ്യാനനിരതനായിട്ടും, നമ്മുടെ നാഭീസരസ്സിലേക്കുതിര്‍ന്നിറങിയിട്ടും, അങേയ്ക്ക് നമ്മെ കാണാന്‍ കഴിഞിരുന്നില്ലെങ്കിലും അങ് ദര്‍ശിക്കുന്ന നമ്മുടെ ഈ അദ്ധ്യാത്മസ്വരൂപത്തില്‍ നാം സ്വയമേവ അവതരിച്ചുകഴിഞിരുന്നു. തീവ്രനിഷ്ഠയോടെ അങേയ്ക്ക് തപസ്സനുഷ്ഠിക്കുവാന്‍ കഴിഞതും, ഹൃദയത്തിന്റെ ഭാഷയില്‍ ഭവാന് നമ്മെ നമ്മുടെ അത്ഭുതമഹിമകളാല്‍ കീര്‍ത്തിക്കുവാന്‍ കഴിഞതും, അങയുടെ ഹൃദയത്തില്‍ നമ്മോടുള്ള അകമഴിഞ ഭക്തിയങ്കുരിച്ചതുമെല്ലാം ഒരുതരത്തില്‍ അങയിലുണ്ടായ നമ്മുടെ കാരുണ്യം മാത്രമാണ്.

ഭവാന്‍ നമ്മെക്കുറിച്ച് വര്‍ണ്ണിച്ചുപുകഴ്ത്തിയ മാഹാത്മ്യങളെല്ലാം ലൗകികന്മാര്‍ക്ക് ലൗകികമായി തോന്നുമെങ്കിലും, അവയെല്ലാം തികച്ചും നമ്മുടെ അദ്ധ്യാത്മികഗുണഗണങള്‍ തന്നെയാണ്. അതില്‍ അതീവസന്തുഷ്ടനായ നാം അങിച്ഛിക്കുന്ന സകലകര്‍മ്മങളും ഭദ്രമായിഭവിക്കുവാന്‍ സര്‍‌വ്വമംഗളങളും നേരുന്നു.

യാതൊരു പുമാന്‍ വിധാതാവിനെപ്പോലെ നമ്മെ ഭജിക്കുമ്പോള്‍, സകല അഭീഷ്ടങളും സിദ്ധിച്ച് സര്‍‌വ്വേശ്വരനായ നമ്മുടെ അനുഗ്രഹാശ്ശിസ്സുകള്‍ക്ക് അവന്‍ പാത്രീഭൂതനാകുന്നു. സകല ധര്‍മ്മാനുവൃത്തികളും, തപസ്സും, യജ്ഞവും, ദാനവും, യോഗവും, സമാധിയുമെല്ലാം കൊണ്ടുള്ള ആത്യന്തികപ്രയോജനം നമ്മുടെ അലൗകികവും അദ്ധ്യാത്മികവുമായ പ്രസാദത്തെ നേടിയെടുക്കുക എന്നുള്ളതാണെന്ന് തത്വവിദുക്കള്‍ ഉദ്ഘോഷിച്ചുകൊണ്ടേയിരിക്കുന്നു. നാം സകലജീവികള്‍ക്കും അന്തരാത്മാവാണ്. നാം നമ്മുടെ ശിഷ്ടജനങള്‍ക്ക് സര്‍‌വ്വൈശ്വര്യങളും പ്രദാനം ചെയ്യുന്ന സര്‍‌വ്വധാതാവാണ്. ആയതിനാല്‍ ജീവികള്‍ ദേഹാത്മബോധം വിട്ട് അന്തര്‍മുഖരായി നമ്മിലേക്ക് തിരികെയെത്തേണ്ടതാണ്. അതുകൊണ്ട്, വിധാതാവേ!, നമ്മില്‍ നിന്നുത്ഭവിച്ച്, സകലസൃഷ്ടികളുടേയും ഹേതുവായി അങേയ്ക്ക് സിദ്ധമായ ഈ ദിവ്യശരീരത്താലും, വേദതത്വങളുടെ പ്രഭാവത്താലും, അങയുടെ സുനിശ്ചിതധര്‍മ്മം മുന്നേപ്പോലെ തുടര്‍ന്നുകൊണ്ടേയിരിക്കുക."

മത്രേയമുനി പറഞു: "ഹേ വിദുരരേ!, അങനെ, സൃഷ്ടിയുടേ വികാസത്തിനുവേണ്ടി ബ്രഹ്മാവിന് ആത്മോപദേശം നല്‍കിയനുഗ്രഹിച്ച്, ഭഗവാന്‍ നാരായണന്‍ മറഞരുളി.

ഇങനെ ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ധം  ഒമ്പതാമധ്യായം സമാപിച്ചു.

ഓം തത് സത്

<<<<<<<  >>>>>>>