03 - അദ്ധ്യായം - 28 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
03 - അദ്ധ്യായം - 28 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2015, ഫെബ്രുവരി 5, വ്യാഴാഴ്‌ച

3.28 കപിലോപദേശം - ഭക്തിനിർവ്വർത്തനം

ഓം
ശ്രീമദ്ഭാഗവതം ത്രിതീയസ്കന്ധം  - അദ്ധ്യായം 28
(കപിലോപദേശം - ഭക്തിനിർവ്വർത്തനം)


കപിലഭഗവാൻ മാതാവായ ദേവഹൂതിയോടു പറഞു: "അമ്മേ!, അല്ലയോ നൃപാത്മജേ!, ഇനി നാം അവിടുത്തോടുപറയുവാൻ പോകുന്നതു പരമമായ യോഗത്തിന്റെ ലക്ഷണങളെക്കുറിച്ചാണ്. ഇതറിഞാൽ മനസ്സിനെ വിഷയങളിൽനിന്നു സംയമിപ്പിച്ച് പരമമായ ബ്രഹ്മപദത്തിലേക്കു തിരിച്ചുവിടുവാൻ അനായാസം സാധ്യമാകുന്നു. അതിലേക്ക് ആദ്യമായി ചെയ്യേണ്ടത്, അവനവന്റെ ധർമ്മം തന്നാൽ കഴിയുംവിധം ശുദ്ധമായി അനുഷ്ഠിക്കുകയും, പരധർമ്മങളിൽ നിന്നു കഴിയുംവിധം ഒഴിഞുനിൽക്കുകയുമെന്നുള്ളതാണ്. ഈശ്വരാനുഗ്രഹത്താൽ കിട്ടുന്ന വസ്തുവകകളിൽ സംതൃപ്തനാകുകയും, ഗുരുപാദപത്മങളിൽ ഭക്തിയുണ്ടാകുകയും വേണം. കേവലം സാമ്പ്രദായിക അനുഷ്ഠാനവിധികളിൽനിന്നുമകന്ന്, മോക്ഷകാരകങളായ സാധനകളിൽ തല്പരരാകുകയും, മിതവ്യശീലരായി ആളൊഴിഞയിടങളിലിരുന്നു ഇത്തരം അനുഷ്ഠാനനൾ ചെയ്യുന്നതോടെ ഒരുവൻ ജീവിതത്തിന്റെ പരമമായ ഉദ്ദേശത്തെ സാക്ഷാത്കരിക്കുന്നു.
അഹിംസ, സത്യം, ആസ്തേയം, അപരിഗ്രഹം, ബ്രഹ്മചര്യം, തപസ്സ്, ശൗചം, സ്വാധ്യായം, ഭഗവതാരാധനം, മൗനം, വിവിധതരം ആസനാഭ്യങൾ, സ്തൈര്യം, പ്രാണായാമങൾവഴി പ്രാണജയം, ഇന്ദ്രിയങളെ വിഷയങളിൽനിന്നും പ്രതിഹരിച്ച് മനസ്സിനെ ഹൃദയസ്ഥാനത്തുറപ്പിക്കുക,  തുടങിയ കർമ്മങളിൽ തല്പരരായി അവയെ ശുദ്ധമായി അനുഷ്ഠിക്കേണ്ടതുണ്ട്.  പ്രാണനേയും, മനസ്സിനേയും, ഷട്ചക്രങളിൽ ഏതെങ്കിലുമൊന്നിലുറപ്പിച്ച്, ഹൃദയത്തിൽ ഭഗവാൻ ഹരിയുടെ മഹിമകളെ നിറച്ച് അവനെ ധ്യാനിക്കുമ്പോൾ മനസ്സിനുണ്ടാകുന്ന സംതുലിതഭാവാനുഭത്തിനെ "സമാധി" എന്നു പേർ വിളിക്കുന്നു. പ്രസ്തുത പ്രക്രീയയിലൂടെയോ, തത്തുല്യമായ മറ്റേതുവിധിപ്രകാരമോ, അനിയന്ത്രിതമായി വിഷയങളിൽ മുങി മലിനമായ മനസ്സിനെ സംയമിപ്പിച്ച് ശുദ്ധമാക്കി അതിൽ ഹരിയുടെ അപാരമഹിമകളെ നിറച്ച് അവന്റെ ചിന്തയിൽ ഒരുവൻ നിമഗ്നമാകണം. ചിത്തസംയമനം ചെയ്ത യോഗി, ശുദ്ധവും ശാന്തവുമായ ഒരു പ്രദേശത്തെത്തി, തനിക്ക് സുകരമായ ഒരാസനമൊരുക്കി, അതിലിരുന്ന് ശരീരത്തെ ഋജുവാക്കിവച്ചുകൊണ്ട് പ്രാണായാമാദിസാധനകളെ ചെയ്യണം. തുടർന്ന്, പൂരക-രേചക-കുംഭക വിധിപ്രകാരമോ, മറിച്ച്, കുംഭക-രേചക-പൂരക വിധിപ്രകാരമോ പ്രാണന്റെ ഗതിയെ നിയന്ത്രിച്ച്, മനസ്സിനെ സ്ഥിരവും അചഞ്ചലവുമാക്കണം. സ്വർണ്ണം അഗ്നിയിലുരുക്കി കാറ്റിലുണക്കി അതിനെ മാലിന്യങളിൽനിന്നും വേർപെടുത്തുന്നതുപോലെ, പ്രാണയാമപ്രക്രീയയിലൂടെ ചിത്തം വിഷയമാലിന്യങളകന്ന് പരിശുദ്ധമാകുന്നു. പ്രാണായാമം ചെയ്യുന്നതിലൂടെ ഒരുവൻ തന്റെ ശാരീരികാരോഗ്യത്തെ പരിപാലിക്കുകയും, ധാരണയിലൂടെ അവൻ ആന്തരികമായ കിൽബിഷങളകന്ന് മുക്തനാകുകയും ചെയ്യുന്നു. അതുപോലെ, പ്രത്യാഹാരപരിശീലനംകൊണ്ട് അവൻ വിഷയമാലിന്യങളിൽനിന്നകലുകയും, തുടർന്ന്, ഹരിയെ ധ്യാനിക്കുന്നതിലൂടെ പ്രകൃതിയുടെ ത്രൈഗുണ്യാത്മകമായ സകല ബന്ധനങളിൽനിന്നും അവൻ നിശ്ശേഷം മുക്തനാകുകയും ചെയ്യുന്നു.
ഇങനെ പ്രാണായാമാദിയോഗാഭ്യാസത്താൽ ചിത്തം തികച്ചും നിയന്ത്രിതമാകുന്ന സമയം ഒരുവൻ ധ്യാനത്തിന് യോഗ്യനാകുന്നു. നാസാഗ്രത്തിൽ ദൃഷ്ടി‌യുറപ്പിച്ച്, പാതിതുറന്ന നയനങളോടെ ഭഗവാൻ ഹരിയുടെ തിരുരൂപത്തെ ധ്യാനിച്ചുതുടങണം. ആ സമയം, പത്മഗർഭദ്യുതിയൊഴുകുന്ന പ്രസന്നവദനത്തോടും, അതിൽ രക്തവർണ്ണനയങളോടും, നീലോത്പലം പോലെ ശ്യാമളവർണ്ണത്തിൽ കോമളമായ ശരീരത്തോടും, ചതുർഭുജങളിൽ ശംഖചക്രഗദാപത്മങൾ ധരിച്ചും, അരയിൽ മിന്നിത്തിളങുന്ന മഞപട്ടുടുത്തും, വക്ഷസ്സിൽ ശ്രീവത്സമണിഞും, കഴുത്തിൽ കൗസ്തുഭമണിയണിഞും, നവപുഷ്പങളുടെ പരിമളത്തിൽ ഉന്മത്തരായ വണ്ടുകൾ വട്ടമിട്ടുപറക്കുന്ന വർണ്ണശബളമായ വനമാലയണിഞും, കഴുത്തിൽ അമൂല്യഹാര‌ങളിഞും, കൈത്തണ്ടയിൽ വളകളും, കാപ്പുകളും, കങ്കണങളുമണിഞും, നിരനിരയായ് മുത്തും പവിഴവും പതിക്കപ്പെട്ട കനകകിരീടമണിഞും, കാലിൽ ചിലമ്പണിഞും, അരയിൽ ഉലഞാടുന്ന കാഞ്ചിയണിഞും, അവൻ ഭക്തകോടികളുടെ ഹൃദയകമലങളിൽ നിറഞുനിൽക്കുന്ന കാഴ്ച ധ്യാനനിമഗ്നനായ യോഗി തന്റെ ഉൾക്കണ്ണിൽ കണ്ടറിയുന്നു. ആ കാഴ്ച യോഗിയുടെ ഹൃദയത്തെ പുളകം കൊള്ളിക്കുന്നു.  ആ ദിവ്യരൂപം ഭക്തൻ തന്റെ ഉൾക്കണ്ണിലൂടെയുൾക്കൊണ്ട് അന്തരാത്മാവിൽ നിറയ്ക്കുന്നു. അദ്ധ്യാത്മസുന്ദരമായ ആ കോമളരൂപം സകലലോകങളിലും വാഴ്ത്തപ്പെടേണ്ടതാണ്. കാരണം അനശ്വരസ്വരൂപനായ ഭഗവാൻ ഹരി തന്റെ ഭക്തന്മാരെ അനുഗ്രഹിക്കുവാനായി സദാ കൗതുഹലം കൊണ്ടുനിൽക്കുന്നവനാണ്.
അമ്മേ!, ഭഗവാൻ ഹരി ഉത്തമശ്ലോകനാണ്. അവന്റെ മഹിമകൾ ഭക്തന്മാരുടെ മഹിമയേയും വർദ്ധിപ്പിക്കുന്നു. അതിനാൽ അദ്ധ്യാത്മസ്വരൂപനായ അവനേയും അവന്റെ ഭക്തന്മാരേയും നിരന്തരം ധ്യാനിക്കുകയും, വന്ദിക്കുകയും ചെയ്യുക. അതിലൂടെ ചിത്തം ക്രമേണ പൂർണ്ണമായും അവനിൽ രമിക്കുന്നു. ഇങനെ നിത്യനിരന്തരമായ ഭക്തിയോഗത്താൽ, അവന്റെ നിൽപ്പും, കിടപ്പും, നടപ്പും, തന്റെയുള്ളിൽതന്നെയുള്ള അവന്റെ ഇരിപ്പുമെല്ലാം യോഗി തന്റെ ഉപനയനത്താൽ വീക്ഷണം ചെയ്യുന്നു. കാരണം അവന്റെ മഹിമകളെല്ലാം അത്യന്തം മനോഹരവും, കീർത്തിതവ്യവുമാണ്. അവന്റെ ഓരോ അംഗങൾതോറും ചിത്തത്തെയുറപ്പിച്ച് യോഗി ധ്യാനത്തിൽ മുഴുകണം. ഉൾക്കണ്ണുകൊണ്ടുള്ള യോഗിയുടെ ധ്യാനം, വജ്രവും, അങ്കുശവും, ദ്വജവും ശോഭിക്കുന്ന അവന്റെ പാദപത്മത്തിൽനിന്നുതുടങി, ഉത്തുംഗരക്തവർണ്ണത്തിൽ പ്രശോഭിതമായ നഖനികരങളി‌ലേക്ക് നീങണം. അവയുടെ ഉജ്ജ്വലജ്യോതിയിൽ ഭക്തഹൃദയങളിലെ അന്തകാരം നീങി അവിടം പ്രകാശമാനമാകുന്നു. അവന്റെ തിരുപാദതീർത്ഥോദകമാകുന്ന ഗംഗയെ ശിരസ്സിൽ വഹിച്ചുകൊണ്ട് ദേവാദിദേവൻ മഹാദേവൻ സ്വയം തന്നെ പവിത്രമാക്കുന്നു. ആ പാദമൂലം ഒരിടിമിന്നലായി പരിണമിച്ചുകൊണ്ട് ഭക്തഹൃദയങളിലെ പാപാദ്രികളെ തച്ചുടയ്ക്കുന്നു. ആയതിനാൽ ആ പാദാരവിന്ദം മാത്രമാണ് സകലഭൂതങൾക്കും ഏകാശ്രയം. വിരിഞ്ചജനനിയും, സർവ്വദേവപൂജിതയുമായ ലക്ഷ്മീഭഗവതി തന്റെ കരപല്ലവങളാൽ സദാ അവന്റെ പാദസേവചെയ്തുകഴിയുന്നു. ആ കാഴ്ച യോഗിയുടെ ഹൃദയത്തെ കുളിരണിയിക്കുന്നു.
അംഘ്രിയുഗളത്തിൽനിന്നുമുയർന്ന് യോഗിയുടെ ധ്യാനം ആ കാരുണ്യമൂർത്തിയുടെ ഓജോനിധികളായ തൃത്തുടകളിലേക്ക് മാറണം. ചണപുഷ്പത്തെപ്പോലെ വെളുപ്പുകലർന്ന നീലനിറത്തിലുള്ള ആ തുടകൾ കൂടുതൽ  സൗന്ദര്യവത്താകുന്നത് അവൻ ഗരുഡോപരിയേറുമ്പോഴാണ്. അവിടെനിന്നും മേലോട്ടുയർന്ന് യോഗിയുടെ ഉൾക്കണ്ണ്, അനുപമസൗന്ദര്യമിയലുന്ന പീതവാസസംചുറ്റി, അതിനുമുകളിൽ വ്യത്യസ്ഥവർണ്ണരത്നസംയുതമായ പൊന്നരഞാണം ശോഭിക്കുന്ന, കടീതടദേശത്തിലെത്തണം. ആ പട്ടിന്റെ അഗ്രം താഴെ നെരിയാണിയോളം തൂങിയാടുന്ന സൗന്ദര്യം ഭക്തഹൃദയങളെ കോൾമയിർക്കൊള്ളിക്കുന്നു. അവിടെനിന്നും തൊട്ടുമേലെ അവന്റെ നാഭീദേശം. അവിടെനിന്നും ഉയർന്നുവിടർന്ന പങ്കജമലർ. അത് ആദിദേവനായ വിരിഞ്ചന്റെ ആലയവും, ജഗത്സർവ്വത്തിന്റെ അധിഷ്ഠാനവുമാണ്. അവിടെനിന്നും യോഗിയുടെ മനസ്സ് മരതകമുത്തുകൾപോലെയുള്ള അവന്റെ സ്തനങളിലേക്കുയരണം. കണ്ഠത്തിൽ ധരിച്ചിരിക്കുന്ന വൈഢൂര്യരശ്മികളാൽ അവ കണ്ണഞ്ചിപ്പിക്കുന്ന ധവളവർണ്ണത്തിൽ മിന്നിത്തിളങുന്നതുകാണാം. ആ മരതകമുത്തുക്കുകൾക്കുനടുവിൽ അവന്റെ വക്ഷസ്ഥലമാണ്. അവിടയത്രേ ലക്ഷ്മീഭഗവതി വിളങുന്നത്. അവിടെനിന്നത്രേ സത്ചിതാനന്ദം ജീവഭൂതങളുടെ മനോനയനങളിലേക്ക് വഴിഞൊഴുകുന്നതും. അവിടെനിന്നും മനസ്സ് ചലിക്കേണ്ടത് ആരാധ്യനായ അവന്റെ കണ്ഠത്തിലേക്കാണ്. അവിടെ ശ്രീകൗസ്തുഭം മിന്നിപ്രാശിച്ചുകൊണ്ട് ആ കണ്ഠത്തിന് മാറ്റുകൂട്ടുന്നു.
തുടർന്ന് യോഗി തന്റെ മനോനയനങളിലൂടെ അവന്റെ നാല് തൃക്കൈകളെ ദർശിക്കണം. പ്രകൃതിയുടെ വ്യത്യസ്ഥ വൃത്തികളുടെ അധിപതികളായ ദേവതകളുടെ സമ്പൂർണ്ണശക്തിസ്രോതസ്സ് ആ ചതുഭുജങളാണ്. അനന്തരം മന്തരപർവ്വതപരിക്രമണത്താൽ കൂടുതൽ പ്രകാശമാനമായ അവന്റെ ആഭരണങളെ ദർശിക്കുക. തുടർന്ന്, ആ നാല് തൃക്കൈകളിൽ വിളങുന്ന അസഹ്യതേജസ്സോടുകൂടിയ സുദർശനചക്രത്തെയും, രാജഹംസംപോലെ തോന്നിക്കുന്ന ശംഖവും, അവന് ഏറെ പ്രീയപ്പെട്ട കൗമോദകീഗദയും സ്മരിക്കണം. ശത്രുവായി അവനുനേരേ പാഞുവരുന്ന ദൈത്യവംശത്തെ അപ്പാടെ തച്ചുടച്ച്, ആ ഗദ അവരുടെ രക്തത്താൽ ലേപ്തിമായിരിക്കുന്നു. അവിടെ നിന്നും യോഗി തന്റെ മനസ്സിനെ അവനണിഞിരിക്കുന്ന വനമായിൽ മഗ്നമാക്കണം. മധുപന്മാർ മൂളിക്കൊണ്ട് ആ നിർമ്മലഹാരത്തിനുചുറ്റും വലംവച്ചുപറക്കുന്നു. പിന്നീട് കാണേണ്ടത് അവന്റെ കഴുത്തിൽ മിന്നിത്തിളങുന്ന മുത്തുഹാരമാണ്. അത് അവന്റെ ഭക്തന്മാരുടെ ജീവനത്രേ!. അതിനുമുകളിൽ അവന്റെ മുഖാരവിന്ദമാണ്. ഭക്തവത്സലനായ ഭഗവാൻ ജഗത്തിൽ പലേ അവതാരങൾ സ്വീകരിച്ചുകൊണ്ട് ആ തിരുമുഖകമലം തന്റെ ദാസന്മാർക്ക് കാട്ടിക്കൊടുക്കുന്നു. ആ മുഖകമലത്തിന്റെ കർണ്ണികാമധ്യത്തിൽ അനവദ്യമായ അവന്റെ നാസ പരിശോഭിക്കുന്നു. കാതിൽ ഇളകിയാടുന്ന മകരകുണ്ഡലങളുടെ ഉജ്ജ്വലദ്യുതിയിൽ അവന്റെ കവിളിണകൾ മിന്നിത്തിളങുന്നു. കുറുനിരകളിളകിയാടുന്ന, പത്മദളായതലോചനശോഭിതമായ, ഉല്ലസിക്കുന്ന പുരികദ്വയങളോടുകൂടിയ ആ തിരുമുഖമാണ് യോഗി പിന്നീട് ധ്യാനിക്കേണ്ടത്. അവയുടെ ചന്തത്തിനുമുന്നിൽ, മധുപക്കൂട്ടങൾ വട്ടമിട്ടുപറക്കുന്ന ചെന്താമരയും, നീന്തിതുടിക്കുന്ന മീനമിഥുനങളും തോറ്റുപോകുന്നു.
യോഗി കാരുണ്യവായ അവന്റെ നയനങളെ അചഞ്ചലമായ ഭക്തിയോടെ ധ്യാനിക്കണം. കാരണം, അതിലൂടെയൊഴുകുന്ന കാരുണ്യരശ്മികൾ ഭക്തന്റെ താപത്രയങളെ ഉപസംഹരിക്കുന്നു. മാത്രമല്ലാ, പുഞ്ചിരികലർന്ന ആ നോട്ടം അനുപമമായ ഭഗവതനുഗ്രഹത്തെ വാരിവിതറുന്നു. അമ്മേ!, ഭഗവാൻ ഹരിയുടെ ഉദാരമായ ആ പുഞ്ചിരി അവന്റെ ഭക്തന്മാരുടെ കണ്ണീർക്കടലിന്റെ ബാഷ്പീകരിക്കുന്നു. മാത്രമോ!, ആ ഭ്രൂമണ്ഢലത്തെനോക്കി മകരധ്വജനും ഭ്രമിച്ചുപോകുന്നു. ആർദ്രമായ സ്നേഹത്തോടെ യോഗി തന്റെ ഹൃദയകുഹരത്തിൽ ഹരിയുടെ മന്ദഹാസത്തെ ധ്യാനിക്കണം. ആ മനോഹാരിതയ്ക്കുമുന്നിൽ മുഖം തിരിക്കുവാൻ ആർക്കുംതന്നെ കഴിയുകയില്ല. അവൻ ചിരിക്കുമ്പോൾ, മുല്ലമൊട്ടിൻനിരകൾപോലെ തിളങുന്ന ദന്തപംക്തികൾ അതിനുചുറ്റുമുള്ള ചെഞ്ചുണ്ടിന്റെ ഉജ്ജ്വലദീപതിയിൽ രക്തവർണ്ണത്തിൽ പരിശോഭിക്കുന്നതുകാണാം. അവയെ ധ്യാനിക്കുന്ന യോഗിയുടെ ഹൃദയം മറ്റെങും അലഞുതിരിയാതെ തികച്ചും ആ ഹാസസൗന്ദര്യത്തിൽ നിമഗ്നമാകുന്നു.
അമ്മേ!, ഇങനെ നിത്യനിരന്തരം അവനെ ധ്യാനിക്കുന്നതോടെ യോഗിയുടെ ഹൃദയം പൂർണ്ണമായും അവനിൽ അനുരക്തമാകുകയും, ആ നിലയിൽ അതുല്യമായ ആനന്ദത്തിൽ യോഗി ഉത്പുളകം കൊള്ളുകയും ചെയ്യുന്നു. ഹൃദയത്തിൽനിന്നുമുതിർന്നിറങിയ ആനന്ദാശ്രുവിൽ കുളിച്ച് ആ ജീവൻ പരിശുദ്ധമാകുന്നു. പതുക്കെപതുക്കെ, മത്സ്യം ചൂണ്ടയിൽ കൊളുത്തപ്പെടുന്നതുപോലെ, ഭഗവാനെ നേടുവാൻ താൻ ധ്യാനത്തിനുപയോഗിച്ച തന്റെ ഹൃദയംതന്നെ ഭൗതികവിഷയങളിൽന്നിന്നും സ്വയമേവ പൂർണ്ണതരം വിരക്തമായി ഭഗവാൻ ഹരിയുടെ പാദാരവിന്ദങൾക്കടിപ്പെട്ടുപോകുന്നു. അങനെ ഹൃദയം പൂർണ്ണമായും ഭൗതികമാലിന്യങളിൽനിന്നുമകന്ന്, ഭൗതികമായ നേട്ടങളിലുള്ള ഇച്ഛവെടിഞ്, സ്വയം ഉജ്ജ്വലിച്ചുതെളിയുന്ന ഒരു തിരിനാളമായി മാറുന്നു. കാരണം, ഭക്തന്റെ ഹൃദയം ഇതിനകം വിഷയങളുമായുള്ള ബന്ധത്തെ പൂർണ്ണമായും തിരസ്കരിക്കപ്പെട്ടുകഴിഞിരിക്കും. തുടർന്ന്, വിഷയാനുഭങളുടെ ആധിപത്യത്തിൽനിന്നും സ്വയം രക്ഷപ്പെട്ട്, മനസ്സ് തികച്ചും ഊർദ്ധ്വസ്ഥിതിയിലിരുന്നുകൊണ്ട് സുഖദുഃഖങഭാവങൾക്കധീതമായ തന്റെ സ്വരൂപമഹിമയെ അനുഭവിച്ചറിഞാനന്ദിക്കുന്നു. ആ സമയം യോഗി തനിക്ക് ഭഗവാനുമായുള്ള ആത്മബന്ധത്തെ തിരിച്ചറിയുകയും, താൻ തന്റെ ജീവനെ ഇതുവരെയേൽപ്പിച്ച സുഖദുഃഖങളുടെ മധുരവും തിക്തവുമായ അനുഭവങളൊക്കെക്കും കാരണം തമോഗുണജന്യമായ അഹങ്കാരമാണെന്ന സത്യം യോഗി മനസ്സിലാക്കുകയും ചെയ്യുന്നു. മദ്യപിച്ച് മദോന്മത്തനായ ഒരു മനുഷ്യന് തന്റെ ശരീരത്തിൽനിന്നും അഴിഞുവീഴുന്ന വസ്ത്രത്തെ അറിയാൻ കഴിയാത്തതുപോലെ, സ്വരൂപത്തെ യഥാവിധം തിരിച്ചറിഞ ബ്രഹ്മനിഷ്ഠനായ ഒരു യോഗി തന്റെ ഭൗതികശരീരത്തിന്റെ ചലങളിൽ തീർത്തും ഉദാസീനഭാവം കൈവരിക്കുന്നു.
അമ്മേ!, ഇങനെ ആത്മസാക്ഷാത്കാരം നേടിയ യോഗിയുടെ ശരീരം അവന്റെ ഇന്ദ്രിയങളോടൊപ്പം ഭഗവാൻ ഹരിയുടെ പൂർണ്ണനിരീക്ഷണത്തിലാകുകയും, വിധിതകർമ്മാവസാനം വരെ അത് ആ കാരുണ്യവാന്റെ മേൽനോട്ടത്തിൽ കർമ്മനിരതമാകുകയും ചെയ്യുന്നു. വസ്തുസ്ഥിതിയിലേക്കുണർന്നുയർന്ന യോഗി, യോഗത്തിന്റെ പരമകാഷ്ഠയിലെത്തി, ഭഗവാനും താനും ഒന്നെന്നനുഭവിച്ചറിയുന്ന നിമിഷം, അവൻ ഈ ശരീരത്തിന്റെ ഉപോല്പന്നങളൊന്നുംതന്നെ സ്വാർത്ഥം സ്വീകരിക്കുന്നില്ല. തന്റെ സകലശാരീരികകർമ്മങളും സ്വപ്നത്തിലേതെന്നതുപോലെ അയഥാർത്ഥങളായി അവൻ കണ്ടറിയുന്നു. സമൂഹത്തിൽ ഈശ്വരസൃഷ്ടങളായി അനേകം കുട്ടികളുണ്ട്. പക്ഷേ തന്റേതെന്നഭിമാനിച്ചുകൊണ്ട് മനുഷ്യൻ തങളുടെ കുടുംബത്തിലുള്ളവരെ സ്നേഹിക്കുന്നു. അവർക്കുവേണ്ടി പ്രപഞ്ചത്തിലെ അനേകം ധനങളിൽൽ കുറച്ചു ധനം തന്റേതെന്നഭിമാനിക്കുന്നു. അതുപോലെ മമതയിൽ മുങി ഈ ശരീരത്ത അവൻ പരിപാലിക്കുന്നു. പക്ഷേ അതേസമയംതന്നെ, ഇവയൊന്നിലും നമുക്ക് യാതൊരുവിധമായ ആധിപത്യമോ ബന്ധമോ ഇല്ലെന്ന സത്യവും അവൻ മനസ്സിലാക്കുന്നു. അതുപോലെയാണ് കർമ്മാചരണത്തിനായി തന്റെ ശരീരത്തെ നിലനിറുത്തുമ്പോഴും യോഗി താനും സ്വശരീരവും വേവ്വേറേയാണെന്ന സത്യത്തെ മനസ്സിലാക്കുന്നത്. വിറകിൽനിന്നും ആളികത്തുന്ന അഗ്നി അവയുടെ സ്ഫുലിംഗങളിൽനിന്നും, ധൂമത്തിൽനിന്നും, നാളങളിൽനിന്നും വ്യത്യസ്ഥമാണ്. എന്നാൽ അവയെല്ലാം ഒരേ വിറകിൽനിന്നുമുത്ഭവിച്ച് അഗാധമായി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.
മാതേ!, ഭഗവാൻ ഹരി പരബ്രഹ്മമാണ്. അവനത്രേ സർവ്വതിനും ദർശകൻ. അവൻ ഇന്ദ്രിയസമാഹൃതങളായ ജീവാത്മാക്കളിൽനിന്നും ശുദ്ധനും ഭിന്നനുമാണ്. അതേസമയം സർവ്വഭൂതങളും അവന്റെ പ്രഭാകിരണങളുമാണ്. അതുകൊണ്ട് യോഗി സർവ്വഭൂതങളിലും സമഭാവനയോടെ അവനെ മാത്രം ദർശിക്കണം. അതാണ് ബ്രഹ്മസാക്ഷാത്കാരം. വിറകുകളുടെ അനേകരൂപങളിലൊക്കെയും അഗ്നി വെവ്വേറേയായി പ്രത്യക്ഷമാകുന്നതുപോലെ, ത്രിഗുണങളുടെ വ്യത്യസ്ഥപ്രഭാവങളനുസരിച്ച് വ്യത്യസ്ഥയോനികളിൽ ഒരേ ബ്രഹ്മംതന്നെ പലതായി വേർതിരിഞുരൂപം കൊള്ളുന്നതായി കാണപ്പെടുന്നു. മാതാവേ!, സൃഷ്ടിയുടെ മുഴുവൻ കാര്യവും, കാരണവും, ആ അത്ഭുതപുരുഷന്റെ മായാപ്രകൃതിയാണ് ദുസ്തരമായ അവളുടെ പിടിയിൽനിന്നും ഒരിക്കൻ മുക്തനാകുന്ന യോഗി അനന്തരം എന്നെന്നേയ്ക്കുമായി തന്റെ സ്വരൂപത്തിൽ അധിഷ്ഠിതനായി ഉറച്ചുനിലകൊള്ളുന്നു.

ഇങനെ ശ്രീമദ്ഭാഗവതം ത്രിതീയസ്കന്ധം  ഇരുപത്തിയെട്ടാമധ്യായം സമാപിച്ചു.

ഓം തത് സത്.

<<<<<<<  >>>>>>>






srimad bhagavatham, chapter 28 of canto 1, kapilopadesham, lord kapila teaches His mother devahuti about sankhya yogam,