2018, ഏപ്രിൽ 26, വ്യാഴാഴ്‌ച

4.3 പരമശിവനും സതീ‍ദേവിയുമായുള്ള സം‌വാദം


ഓം
ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ദ്ധ്യായം 3
പരമശിവനും സതീ‍ദേവിയുമായുള്ള സം‌വാദം

talk with lord shiva and sati എന്നതിനുള്ള ചിത്രംമൈത്രേയൻ പറഞ്ഞു: വിദുരരേ!, അങ്ങനെ ശിവനും ദക്ഷനും ഇടയിലുള്ള വിദ്വേഷം ദിനം‌പ്രതി വർദ്ധിച്ചുകൊണ്ടിരുന്നു. ബ്രഹ്മദേവൻ ദക്ഷനെ പ്രജാപതികളുടെ തലവനായി പ്രഖ്യാപിച്ചതുമുതൽ അദ്ദേഹം കൂടുതൽ അഹങ്കാരിയായി മാറി. വിധാതാവിന്റെ പിന്തുണയോടുകൂടി ദക്ഷൻ വാജപേയം എന്ന യാഗമാരംഭിച്ചു. അതുകഴിഞ്ഞപ്പോൾ വീണ്ടും ബൃഹസ്പതിസവം എന്ന മഹായാഗത്തിനാരംഭം കുറിച്ചു. ബ്രഹ്മർഷികളും, ദേവർഷികളും, പിതൃഗണങ്ങളും, ദേവന്മാരും സർ‌വ്വാഭരണവിഭൂഷിതകളായ അവരുടെ പത്നിമാരും ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നും ആ യാഗത്തിൽ പങ്കുചേരുവാനെത്തി. ആകാശമാർഗ്ഗേണ അവിടേയ്ക്കു പോകുന്ന ഗന്ധർവ്വന്മാരുടെ സം‌ഭാഷണത്തിലൂടെ ആ വാർത്ത താമസിയാറ്റെ ദേവിയുടെ കാതിലുമെത്തി. ഗന്ധർവ്വപത്നിമാർ സർ‌വ്വഭരണവിഭൂഷിതകളായി പട്ടുവസ്ത്രങ്ങളുമണിഞ്ഞ് നാനാദിശകളിൽനിന്നും അവിടേക്ക് പായുന്ന ദൃശ്യം കണ്ട് ദേവിക്കും അവിടെയെത്തെണമെന്നുള്ള ആഗ്രഹമുണ്ടായി. മഹാദേവന്റെ അരികിലെത്തി ദേവി ആകാംക്ഷയോടെ തന്റെ മനോരഥമറിയിച്ചു.

സതീദേവി പറഞ്ഞു: നാഥാ!, അങ്ങയുടെ സ്വസുരൻ, ദക്ഷപ്രജാപതി ഏതോ മഹായാഗം നടത്തുന്നുവത്രേ! ലോകത്തിലുള്ള സകലരേയും ക്ഷണിച്ചിട്ടുണ്ടുപോലും. അവരെല്ലാം അതാ അങ്ങോട്ടേയ്ക്ക് പൊയ്ക്കെണ്ടിരിക്കുന്നു. അവിടുത്തേയ്ക്കാഗ്രഹമുണ്ടെങ്കിൽ നമുക്കും പോകാം. എന്റെ സഹോദരിമാരെല്ലാം തങ്ങളുടെ പതികളുമൊത്ത് അവരുടെ ബന്ധുമിത്രാദികളെ കാണാൻ അവിടെയെത്തിയിട്ടുണ്ടാകും. ഭഗവാനേ!, എന്റെ അച്ഛൻ നൽകിയ ആഭരണങ്ങളുമണിഞ്ഞ് അങ്ങയോടൊപ്പം അവിടെയെത്തുവാനും ആ യാഗത്തിൽ പങ്കുചേരുവാനും ഞാനും കൊതിക്കുന്നു. സഹോദരിമാരും, കുഞ്ഞമ്മമാരും, അവരുടെ ഭർത്താക്കന്മാരും, സ്നേഹനിധികളായ നമ്മുടെ മറ്റു ബന്ധുമിത്രാദികളുമെല്ലാംതന്നെ ഇതിനകം അവിടെയെത്തിയിട്ടുണ്ടാകണം. പോകുകയാണെങ്കിൽ എനിക്കും അവരെയൊക്കെ ഒരുനോക്കു കാണുവാൻ കഴിയും. മാത്രമല്ല, പണ്ഢിതരായ ഋഷിവര്യന്മാരാൽ യാഗത്തിനു കൊടിയേറുന്നതും നമുക്ക് കാണാം. നാഥാ! ഇതെല്ലാം കാണുവാൻ എന്റെയുള്ളിലും അതിയായ ആകാംക്ഷയുണ്ടു പ്രഭോ!. അത്യാശ്ചര്യമായ ഈ പ്രപഞ്ചം മുഴുവനും ഭഗവാൻ ഹരിയുടെ മായാശക്തിയാകുന്ന ത്രിഗുണങ്ങളിൽനിന്നുണ്ടായതാണ്. ഈ സത്യം അവിടുത്തേക്കറിയാവുന്നതുതന്നെ. ഭഗവാനേ!, അങ്ങേയ്ക്കറിയാം ഈയുള്ളവളാരാണെന്നു. അതുകൊണ്ട് എന്റെ ജന്മദേശം ഒന്നുകൂടി കാണുവാൻ ഞാൻ ആഗ്രഹിക്കുന്നു. ഹേ! ജന്മരഹിതാ!, ഹേ! നീലകണ്ഠാ!, ബന്ധുമിത്രാദികൾ മാത്രമല്ല, മറ്റുള്ള സ്ത്രീകളും അവർക്കുള്ള ആഭരണങ്ങളും പുതുവസ്ത്രങ്ങളുമണിഞ്ഞ് തങ്ങളുടെ ഭർത്താക്കന്മാരും കൂട്ടുകാരുമൊത്ത് അവിടെയെത്തും. അതാ നോക്കൂ! അവരുടെ വിമാനങ്ങൾ ആകാശത്തെ എത്ര മനോഹരമാക്കിയിരിക്കുന്നു? ഹേ! ദേവോത്തമാ! തന്റെ പിതൃഭവനത്തിൽ ഒരു വിശേഷം നടക്കുന്നുവെന്നറിഞ്ഞാൽ ആർക്കാണ് ഇരുപ്പുറയ്ക്കുക?. ഒരുപക്ഷേ, അവിടുന്നു കരുതുന്നുണ്ടാകും നാം ഇതുവരേക്കും ക്ഷണിക്കപ്പെട്ടിട്ടില്ലല്ലോ എന്ന്. ഒരു സുഹൃത്തിന്റേയോ, സ്വന്തം ഭർത്താവിന്റേയോ, ഗുരുവിന്റേയോ, അച്ഛന്റേയോ ഗൃഹത്തിൽ ക്ഷണിക്കാതെ പോയാൽ‌ത്തന്നെ എന്ത് നഷ്ടപ്പെടുവാനാണ്? ഹേ! അമർത്യാ!, ഈയുള്ളവളിൽ കാരുണ്യമുണ്ടാകണം. എന്റെ ആഗ്രഹം സാധ്യമാക്കണം. എന്നെ അവിടുത്തെ അർദ്ധാംഗിനിയായി എപ്പൊഴേ അവിടുന്നു സ്വീകരിച്ചതാണ്. കൃപയാ അടിയന്റെ ഈ അപേക്ഷ അവിടുന്നു കൈക്കൊള്ളണം.

മൈത്രേയൻ പറഞ്ഞു: വിദുരരേ!, ദേവി ഇപ്രകാരം അപേക്ഷിക്കുന്ന സമയം, ഭഗവാന്റെ മനസ്സിൽ തുളഞ്ഞുകയറിക്കൊണ്ടിരുന്നത്, നിറഞ്ഞ സദസ്സിൽവച്ച് ദക്ഷനിൽനിന്നും തനിക്ക് കേൾക്കേണ്ടിവന്ന കടോരമായ ദുർവ്വചങ്ങളായിരുന്നു. എങ്കിലും തന്റെ പത്നി മുന്നോട്ടുവച്ച ആഗ്രഹത്തെക്കുറിച്ചു മഹാദേവൻ പുഞ്ചിരിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു.

മഹാദേവൻ പറഞ്ഞു: ദേവീ!, ക്ഷണിക്കപ്പെടാതെയെന്നിരുന്നാലും ഒരു സുഹൃത്തിന്റെ വീട്ടിൽ പോകുന്നതു ഉചിതമാണെന്നു അവിടുന്ന് മൊഴിഞ്ഞതു സത്യംതന്നെ. പക്ഷേ, തന്റെ വീട്ടിൽ അതിഥിയായി വരുന്നവരുടെ ശാരീരത്തെ വിലയിരുത്തി അതിലുള്ള കുറ്റവും കുറവും പറഞ്ഞ് അവരെ നാണം കെടുത്തുവാനും ആക്ഷേപിക്കുവാനും അവരോട് കോപിക്കുവാനും ഒരാൾക്കവകാശമില്ല. വിദ്യ, തപസ്സ്, വിത്തം, ശരീരം, യൌവ്വനം, കുലം മുതലായ ഐശ്വര്യങ്ങൾ വന്നുചേരുമ്പോൾ ഒരുവന് അതിൽ അഹന്തയുണ്ടാകുകയും അവന്റെ ഉൾക്കാഴ്ച നഷ്ടപ്പെടുകയും ചെയ്യുന്നു. അതിനാൽ ബുദ്ധി ഭ്രമിച്ച അവർ മഹാത്മാക്കളുടെ മഹിമയെ തിരിച്ചറിയാതെപോകുന്നു. സുഹൃത്തോ ബന്ധുവോ ആണെങ്കിൽകൂടി അതിഥിയെ കാണുമ്പോൾ ആതിഥേയന്റെ മനസ്സ് പ്രക്ഷുബ്ദമാകുകയോ, പുരികങ്ങൾ ഉയർന്നു പൊങ്ങുയോ, കണ്ണുകളിൽ വെറുപ്പ് കടന്നുകൂടുകയോ ചെയ്താൽ, അവിടേക്ക് പോകാൻ പാടുള്ളതല്ല. ശത്രുവിന്റെ അമ്പ് കൊണ്ടുണ്ടാകുന്നതിനേക്കാൾ ആഴമാണ് ഒരു ബന്ധുവിന്റെ പരുഷമായ വാക്കുകൾ കൊണ്ട് ഹൃദയം മുറിയുമ്പോഴുണ്ടാകുന്നത്. കാരണം ആ ദുഃഖം രാവും പകലും ഒരുവനെ പിന്തുടരുന്നു. ഹേ! ഗൌരി!, ദക്ഷപ്രജാപതിക്ക് തന്റെ മറ്റുള്ള പുത്രിമാരെക്കാളും പ്രിയം നിന്നോടുണ്ടെന്ന് നാമറിയുന്നു. എങ്കിലും ഒരു കാര്യം വ്യക്തമാണ്. നമ്മെ വരിച്ചതു കാരണം നീ അവിടെ ബഹുമാനിതയാകാൻ പോകുന്നില്ല. മറിച്ച്, നമ്മോടുള്ള സംബന്ധം‌കൊണ്ടുമാത്രം ഭവതിക്ക് ഘോര അപമാനമായിരിക്കും അവിടെ നേരിടേണ്ടിവരുന്നത്. അഹങ്കാരത്തിനടിപ്പെട്ട് മാനസികമായും ബൌദ്ധികമായും വ്യസനിക്കുന്നവരുടെ മനസ്സുകൾക്ക് ആത്മജ്ഞാനികളുടെ ഐശ്വര്യത്തെ സഹിക്കുവാൻ കഴിയുകയില്ല. അവരോളാം വളരുവാൻ കഴിയാത്തതുകൊണ്ടുതന്നെ അവൻ, അസുരന്മാർ ഹരിയെ ദ്വേഷിക്കുന്നതുപോലെ, മഹത്തുക്കളോടു വൈരം വച്ചുപുലർത്തുന്നു. സുഹൃത്തുക്കളും ബന്ധുമിത്രാദികളും തമ്മിൽ കാണുമ്പോൾ എഴുന്നേറ്റുനിന്ന് പരസ്പരം അനുമോദിക്കുകയും നമസ്ക്കാരമർപ്പികുകയും പതിവാണ്. എന്നാൽ, ആത്മജ്ഞാനതലത്തിൽ ഈ പ്രവൃത്തി ഒരുവൻ തന്റെ ഉള്ളിലിരിക്കുന്ന പരമാത്മാവിലാണ് അർപ്പിക്കുന്നത്. അല്ലാതെ ദേഹാത്മബോധമുള്ളവരിലല്ല. നാം സർ‌വ്വദാ നമസ്ക്കരിക്കുന്നത് വാസുദേവനെയാണ്. കാരണം അപാവൃതനായ അവനാണ് അതിനർഹൻ. ദേവീ! ദക്ഷനും കൂട്ടർക്കും നമ്മോടു കടുത്ത വൈരമാണ്. നിരപരാധിയായ നമ്മെ കഠോരമായ വാക്കുകളാൽ അധിക്ഷേപിച്ചവനാണയാൾ. അതിനാൽ പിതാവണെങ്കിൽക്കൂടി ദേവി ദക്ഷനെ ഇനി കാണാൻ പാടില്ല. ഇനി നമ്മുടെ അഭിപ്രായത്തെ മാനിക്കാതെ ദേവിക്ക് അവിടേയ്ക്ക് പോകണമെങ്കിൽ പൊയ്ക്കൊള്ളുക. പക്ഷേ, അതുകൊണ്ട് നല്ലതൊന്നുംതന്നെ സംഭവിക്കാൻ പോകുന്നില്ല. ഇന്ന് ലോകത്തിൽ ബഹുമാനിതയായ ദേവിക്ക് അവിടെനിന്നും ലഭിക്കുവാൻ പോകുന്ന അപമാനം മരണത്തിനു തുല്യമാണ്.

ഇങ്ങനെ ചതുർത്ഥസ്കന്ധം  മൂന്നാമധ്യായം സമാപിച്ചു.
ഓം തത് സത്.



 talk between lord shiva and sati,


2018, ഏപ്രിൽ 22, ഞായറാഴ്‌ച

4.2 മഹാദേവന് ദക്ഷപ്രജാപതിയുടെ ശാപം


ഓം
ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ദ്ധ്യായം 2
മഹാദേവന് ദക്ഷപ്രജാപതിയുടെ ശാപം

daksha cursing lord shiva എന്നതിനുള്ള ചിത്രം വിദുരർ ചോദിച്ചു: ഹേ! മൈത്രേയമഹാമുനേ!, മകളോടു ഏറെ സ്നേഹമുണ്ടായിട്ടും, എന്തിനുവേണ്ടിയായിരുന്നു സർ‌വ്വകല്യാണശീലനായ മഹാദേവനെ ദക്ഷപ്രജാപതി വെറുത്തിരുന്നത്? ഏന്തിനായിരുന്നു അദ്ദേഹം ദേവി സതിയെ അവഗണിച്ചിരുന്നത്? മഹദേവൻ സകലചരാചരത്തിന്റേയും ഗുരുവാണ്. ദേവാദിദേവനാണ്. അവിടുത്തേക്കെങ്ങെനെയാണ് ഈരേഴുലകിലും ഒരു ശത്രുവുണ്ടാകുക? അവിടുന്നു അവിടുന്നിൽതന്നെ പരമസംതൃപ്തനുമാണ്. അങ്ങനെയിരിക്കെ എന്തായിരിക്കാം ദക്ഷന് മഹാദേവനിൽ വൈരമുണ്ടാകാൻ കാരണം?. ഹേ! ഗുരോ‍! എങ്ങനെയാണ് ശിവനും ദക്ഷനുമിടയിൽ ഇത്തരമൊരു വഴക്കുണ്ടായതെന്നും, സതീദേവിക്ക് തന്റെ പ്രാണൻ ഉപേക്ഷിക്കുവാനുള്ള സാഹചര്യമുണ്ടായതെന്നും പറഞ്ഞുതന്നാലും.  

മൈത്രേയൻ പറഞ്ഞു: പ്രിയ വിദുരരേ! പണ്ടു് പ്രജാപതിമാരെല്ലാം കൂടിചേർന്ന് ഒരിക്കൽ ഒരു മഹായാഗം അനുഷ്ഠിക്കുകയുണ്ടായി. അതിൽ സകല ഋഷികളും, പണ്ഢിതന്മാരും, ദേവന്മാരും, അഗ്നിദേവതകളുമെല്ലാം തങ്ങളുടെ പരിവാരങ്ങളടക്കം പങ്കെടുത്തിരുന്നു. യാഗം നടക്കുന്ന സമയം ദക്ഷപ്രജാപതി അവിടേക്കുവന്നു. സൂര്യനുദിച്ചുയർന്നതുപോലെയുള്ള അദ്ദേഹത്തിന്റെ തേജസ്സ് ആ യജ്ഞശാലയെ പ്രഭാപൂരിതമാക്കുകയും, മറ്റുള്ള അതിഥികൾ ആ അത്ഭുതതിളക്കത്തിൽ മങ്ങിപ്പോകുകയും ചെയ്തു. ദക്ഷന്റെ വരവിനെ മാനിച്ചു, ബ്രഹ്മദേവനും മഹാദേവനുമൊഴികെ സദസ്സിലുണ്ടായിരുന്ന സകലരും തങ്ങളുടെ ഇരിപ്പിടത്തിൽനിന്നും എഴുന്നേറ്റുനിന്നു. തുടർന്നു ബ്രഹ്മദേവൻ ദക്ഷനെ യഥാവിധി സ്വാഗതം ചെയ്തു. ബ്രഹ്മാവിനെ നമസക്കരിച്ചതിനുശേഷം അദ്ദേഹത്തിന്റെ അനുവാദത്തോടെ ദക്ഷൻ ആസനസ്ഥനായി. പക്ഷേ, തന്നെ ആദരിക്കാതെ തന്റെ മുമ്പിലിരിക്കുന്ന ശിവനെ കണ്ടു അവഹേളിതനായ ദക്ഷൻ നിറഞ്ഞ സദസ്സിൽ കടുത്ത ഭാഷയിൽ മഹാദേവനെതിരെ ആക്ഷേപവാക്കുകൾ പറയാൻ തുടങ്ങി.

ഇവിടെ കൂടിയിരിക്കുന്ന സർവ്വരും എന്റെ വാക്കുകൾ ശ്രദ്ധയോടെ കേൾക്കുക. ഞാൻ ഇവിടെ സംസാരിക്കാൻ പോകുന്നതു ലോകം അനുഷ്ഠിക്കേണ്ട ആചാര്യമര്യാദകളെക്കുറിച്ചാണ്. ഇത് അറിവില്ലായ്മകൊണ്ടോ മത്സരബുദ്ധികൊണ്ടോ ആണെന്നു ആരും തെറ്റിദ്ധരിക്കരുതു. ഇയാൾ ലോകപാലകന്മാരുടെ പേരും യശ്ശസ്സും നശിപ്പിച്ചിരിക്കുകയാണ്. ആചാരമര്യാദകളുടെ ഗതിതന്നെ ഇയാൾ കളങ്കപ്പെടുത്തിയിരിക്കുന്നു. നാണമില്ലാത്ത ഇയാൾക്ക് ഔചിത്യമെന്നതേ തീണ്ടിയിട്ടില്ല. അഗ്നിയേയും ബ്രാഹ്മണരേയും സാക്ഷി നിറുത്തി എന്റെ മകളെ വിവാഹം കഴിച്ചതുവഴി ഇയാൾ ആദ്യമേതന്നെ എന്റെ ശിഷ്യത്വം സ്വീകരിച്ചവനാണ്. സത്യസന്ധനായി അഭിനയിച്ചുവന്നു ഇയാൾ ഗായത്രിക്കു തുല്യയായ എന്റെ പുത്രിയെ മംഗല്യം കഴിച്ചു. മാൻ‌മിഴിയാളായ മത്പുത്രിയെ മർക്കടന്റെ കണ്ണുള്ള ഇയാൾക്ക് ഞാൻ വിവാഹം കഴിച്ചുനൽകി. ആ ഒരു സ്മരണയിൽ‌പോലും എന്നെ കണ്ടപ്പോൾ എഴുന്നേറ്റുനിന്നു ആദരിക്കുവാൻ ഇയാൾ കൂട്ടാക്കിയില്ല. മാത്രമല്ല, കേവലം ഭംഗിവാക്കുകളിലൂടെയെങ്കിലും എന്നെ സ്വാഗതം ചെയ്യാൻപോലും ഇയാൾക്കു തോന്നിയില്ല. സംസ്കാരമില്ലാത്ത ഇയാൾക്ക് എന്റെ മകളെ കൊടുക്കുവാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. മര്യാദകളെ ലംഘിക്കുന്ന ഹീനനായ ഒരുവനു് ഞാൻ എന്റെ മകളെ നൽ‌കിയത് സത്യത്തിൽ ശൂദ്രനെ വേദങ്ങൾ പഠിപ്പിച്ചതുപോലെയായി. ഇവൻ താമസിക്കുന്നത് ചുടലക്കാട്ടിലാണ്. കൂട്ടുകാർ ഭൂതങ്ങളും പ്രേതങ്ങളുമാണ്. ഇയാൾ ഒരു ഭ്രാന്തനെപ്പോലെ ചിലപ്പോൾ ചിരിക്കുന്നു, ചിലപ്പോൾ കരയുന്നു. ചുടലഭസ്മം വാരി ദേഹമാസകലം പൂശുന്നു. ദിവസവും സ്നാനം ചെയ്യാത്തവനാണിയാൾ. തലയോട്ടികളും എല്ലിൻ കഷണങ്ങളും കോർത്ത് മാലയാക്കി കഴുത്തിൽ ധരിക്കുന്നു. പേരിൽ മാത്രമാണ് ഇയാൾ ശിവൻ. യഥാർത്ഥത്തിൽ ഇവൻ ഒരു മുഴുഭ്രാന്തനും അങ്ങേയറ്റം ഹീനനുമാണ്. അജ്ഞാനികൾക്കും ഭ്രാന്തചിത്തന്മാർക്കും  പ്രിയങ്കരനായ ഇയാൾ അവരുടെ നേതാവണ്.  ബ്രഹ്മദേവന്റ താല്പര്യത്താലാണ് സുന്ദരിയായ എന്റെ മകൾ സതിയെ ഞാൻ ശുചിത്വമില്ലാത്തവനും കശ്മലചിത്തനുമായ ഇവന് വിവാഹം കഴിച്ചുകൊടുത്തുതു.

ഒരു നീണ്ട നെടുവീർപ്പിനുശേഷം മൈത്രേയൻ തുടർന്നു. : പിന്നീട് കരമുഖക്ഷാളനം ചെയ്തു ദക്ഷൻ തന്റെ വിദ്വേഷിയെന്നോണം എതിരെയിരിക്കുന്ന പരമേശ്വരനെ നോക്കി ശപിച്ചുകൊണ്ട് ഇത്തരം വാക്കുകൾ പറഞ്ഞു: ഈ ദേവയജ്ഞത്തിൽ സകലദേവന്മാർക്കും ഹവിർ‌ഭാഗം കിട്ടുന്നതാണ്, എന്നാൽ ദേവഗണാധമനായ ഇയാൾക്ക് ഒന്നും‌തന്നെ കിട്ടാൻ പാടുള്ളതല്ല.

മൈത്രേയൻ പറഞ്ഞു: വിദുരരേ! ഇങ്ങനെ മഹാദേവനെ ശപിച്ചതിനുശേഷം, ദക്ഷൻ സദസ്സിലുണ്ടായിരുന്ന സകലരുടേയും അപേക്ഷയെ അവഗണിച്ചുകൊണ്ട് അവിടെനിന്നിറങ്ങിപ്പോയി. മഹാദേവൻ ശപിക്കപ്പെട്ട വൃത്താന്തമറിഞ്ഞു നന്ദികേശ്വരൻ കോപാകുലനായി. അവന്റെ കണ്ണുകൾ ക്രോധത്താൽ ചുവന്നുതുടുത്തു. നന്ദികേശൻ ദക്ഷനും അയാളുടെ പരുഷമായ ശാപവാക്കുകൾ കേട്ടനങ്ങാതിരുന്ന മറ്റു ബ്രാഹ്മണർക്കും മറുശാപം കൊടുത്തു. യാതൊരുവനാണോ ശത്രുത്വം‌കൊണ്ട് ശിവനെ അവഗണിച്ചുകൊണ്ട് ദക്ഷന് പ്രാധാന്യം കൊടുക്കുന്നത്, അവൻ ദൈതഭാവനിമഗ്നനായി തത്വാർത്ഥത്തെ നഷ്ടമാക്കുന്നു. ഭൌതിക ലാഭങ്ങളിലും അന്തഃസ്സാരമില്ലാത്ത വേദവാദങ്ങളിലും നിമഗ്നമായ കപടധാർമ്മികകുടുംബജീവിതം ഒരുവന്റെ ബുദ്ധിയെ അപഹരിക്കുകയും അതുവഴി അവൻ കാമ്യകർമ്മങ്ങളിൽ ആസ്തക്തനകുകയും ചെയ്യുന്നു. ദക്ഷൻ തന്റെ ശരീരത്തെ എല്ലാമായി കണ്ട് അതിന്റെ സുഖങ്ങളിൽ മാത്രം ആസക്തനായി ആത്മജ്ഞാനത്തെ ഇല്ലാതെയാക്കി. വളരെ പെട്ടെന്നുതന്നെ അവൻ ഒരു ആടിന്റെ മുഖത്തെ സ്വീകരിക്കുന്നതാണ്. ഭൌതികലാഭങ്ങൾക്കുവേണ്ടിയുള്ള ശിക്ഷണങ്ങളിലൂടെ ആത്മജ്ഞാനമകന്നു ജഢതുല്യരായവർ നിത്യവും കാമ്യകർമ്മാചരണങ്ങളിൽ മനസ്സുവയ്ക്കുന്നു. അവർ അറിഞ്ഞുകൊണ്ടുതന്നെ ശിവവൈരികളായിത്തീരുന്നു. അതിനാൽ വീണ്ടുംവീണ്ടും ജനിമൃതികൾ പൂണ്ടുഴറുകയും ചെയ്യുന്നു. ശിവദ്വേഷികൾ വേദങ്ങളിലെ മധുരവാഗ്ദാനങ്ങളാൽ ആകൃഷ്ടരായി മനസ്സുകൊണ്ട് ഉന്മത്തരായി സദാ കാമ്യകർമ്മങ്ങളിൽ പെട്ടുഴറുന്നു. ഈ ബ്രഹ്മണന്മാർ വിദ്യയും, ബ്രഹ്മചര്യയും, വ്രതങ്ങളുമൊക്കെ കേവലം ശാരീരികസുഖങ്ങൾക്കുവേണ്ടിയാണ് അനുഷ്ഠിക്കുന്നതു. എന്തു ഭക്ഷിക്കണമെന്നും എന്ത് ഭക്ഷിക്കരുതെന്നുമുള്ള വ്യത്യാസത്തെപ്പോലും അവർ മറന്നുപോകുന്നു. വെറും ശാരീരികസുഖസംതൃപ്തിക്കായി അവർ വീടുവീടാന്തരം ഇരന്നു ധനം സമ്പാദിക്കുന്നു.    

നന്ദീശ്വരനാൽ ബ്രാഹ്മണകുലം മുഴുവൻ ഇങ്ങനെ ശപിക്കപ്പെട്ടതു കണ്ടപ്പോൾ, പ്രസ്തുതശാപത്തിന്റെ പ്രതികരണമായി ഭൃഗുമുനി നന്ദീശ്വരാദിശിവസ്നേഹികളെ ഒന്നടങ്കം ഇപ്രകാരമുള്ള വചസ്സുകൾ‌കൊണ്ടു പ്രതിശാപം ചെയ്തു. യാതൊരുവനാണോ ശിവനെ സംതൃപനാക്കുവാൻ വ്രതമെടുക്കുന്നത്, അവൻ ഒരു നിരീശ്വരവാദിയായി അത്മജ്ഞാനനഷ്ടനായി നശിക്കാൻ ഇടവരട്ടെ!. യാതൊരുവനാണോ ശിവനെ പൂജിക്കുവാനായി വ്രതമെടുക്കുന്നതു, അവൻ പമ്പരവിഡ്ഢിയായി ശിവനെപ്പോലെതന്നെ ജടാഭസ്മാസ്ഥിധാരികളായി മുടിയും നീട്ടിവളർത്തി സുരാസവം സേവിച്ചു മന്ദബുദ്ധികളായി അലയുമാറാകട്ടെ!. മാത്രമല്ല, വേദഹിതകർത്താക്കളായ ഈ ബ്രാഹ്മണകുലത്തെ ശപിക്കുകകാരണം നിങ്ങൾ ഇതിനകം വേദവിദ്വേഷികളും നിരീശ്വരവാദികളുമായി മാറിക്കഴിഞ്ഞു. മനുഷ്യർക്ക് പരമഗതിയായ മോക്ഷത്തെ പ്രാപിക്കുവാനുതകുന്ന സനാതനധർമ്മത്തെ തരുന്നതാണ് വേദങ്ങൾ. അത് പുരാതനകാലം മുതൽക്കേ അനുസന്ധാനം ചെയ്തുപോരുന്നവയുമാണ്. ജനാർദ്ദനനായ ഭഗവാൻ ഹരി അതിന് പരമമായ തെളിവുമാണ്. സത്തുക്കളുടെ സന്മാർഗ്ഗവും, അങ്ങേയറ്റം പരിശുദ്ധവുമായ വേദങ്ങളെ നിന്ദിക്കുക വഴി നിങ്ങൾ ശിവഭക്തന്മാർ നിരീശ്വരവാദത്തിലേക്ക് തരം‌താഴ്ത്തപ്പെടും. അക്കാര്യത്തിൽ യാതൊരു സം‌ശയവും വേണ്ട.

മൈത്രേയൻ പറഞ്ഞു: വിദുരരേ! സദസ്സിൽ ഇങ്ങനെ ശാപപ്രതിശാപങ്ങൾ നടന്നുകൊണ്ടിരിക്കെ മഹാദേവൻ ഒന്നും മിണ്ടാതെ നീരസത്തോടുകൂടി തന്റെ പരിവാരങ്ങളോടൊപ്പം യാഗശാല വിട്ടിറങ്ങി.
അങ്ങനെ, ഭഗവാൻ ഹരിയുടെ പ്രസാദത്തിനായി ആയിരം വർഷങ്ങൾ നീണ്ടുനിന്ന ഒരു മഹാസത്രം ലോകത്തിലെ സകല പ്രജാപതികളും ചേർന്ന് നടത്തി. യജ്ഞത്തിൽ പങ്കെടുത്തവരെല്ലാം യജ്ഞശേഷം ഗംഗയിലും യമുനയിലുമായി അവഭൃതസ്നാനം കഴിച്ചു ഹൃദയശുദ്ധിയോടുകൂടി തങ്ങളുടെ യഥാസ്ഥാനങ്ങളിലേക്ക് യാത്രതിരിച്ചു.

ഇങ്ങനെ ചതുർത്ഥസ്കന്ധം  രണ്ടാമധ്യായം സമാപിച്ചു.
ഓം തത് സത്.




 daksha cursing lord shiva

2018, ഏപ്രിൽ 21, ശനിയാഴ്‌ച

4.1 മനുവംശാവലി

ഓം
ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ദ്ധ്യായം 4.1
(മനുവംശാവലി)

nara narayana എന്നതിനുള്ള ചിത്രംമൈത്രേയൻ പറഞ്ഞു: സ്വായംഭുവമനു-ശതരൂപാദമ്പതിമാർക്ക് ആകൂതി, ദേവഹൂതി, പ്രസൂതി എന്നിങ്ങനെ മൂന്നു പുത്രിമാരുണ്ടായി. മനുവിന് സ്വന്തമായി പുത്രന്മാരുണ്ടായിരുന്നുവെങ്കിലും, അദ്ദേഹം ആകൂതിയെ പ്രജാപതി രുചിക്കു കൊടുക്കുകയും, അവളിലുണ്ടാകുന്ന പുത്രനെ തന്റെ മകനായി തന്നെ തിരിച്ചേൽ‌പ്പിക്കണമെന്നും തന്റെ പത്നി ശതരൂപയുമായി ആലോചിച്ച് പ്രജാപതി രുചിയുമായി വ്യവസ്ഥയുണ്ടാക്കി. ബ്രഹ്മവർച്ചസ്വിയായ പ്രജാപതി രുചിക്ക് ആകൂതിയിൽ ഒരു പുത്രനും, ഒരു പുത്രിയുമുണ്ടായി. പുത്രനായി ജനിച്ചത് ഭഗവദവതാരമായ യജ്ഞനും, പുത്രിയായി പിറന്നത് ലക്ഷ്മീഭഗവതിയുമായിരുന്നു. അത്യന്തം സന്തോഷത്തോടുകൂടി മനു യജ്ഞനെ തന്റെ വീട്ടിലേക്ക് കൊണ്ടുവരികയും, പ്രജാപതി രുചി മകളായ ദക്ഷിണയെ തന്നോടൊപ്പം വളർത്തുകയും ചെയ്തു. ലക്ഷ്മീദേവിയുടെ അവതാരമായ ദക്ഷിണ പിന്നീട് യജ്ഞനെ വിവാഹം കഴിക്കുകയും, അവരിൽ പന്ത്രണ്ട് പുത്രന്മാർ ജനിക്കുകയും, അവർക്ക് യഥാക്രമം തോഷൻ, പ്രതോഷൻ, സന്തോഷൻ, ഭദ്രൻ, ശാന്തി, ഇഢസ്പതി, ഇധ്മൻ, കവി, വിഭു, സ്വഹ്നൻ, സുദേവൻ, രോചനൻ ഇന്നിങ്ങനെ നാമവും വിളിച്ചു. സ്വായംഭുവമന്വന്തരത്തിൽ ഇവർ തുഷിതർ എന്ന ദേവഗണങ്ങളായിമാറി. അതോടൊപ്പം മരീചി സപ്തർഷികൾക്കു് ഗുരുവായും, യജ്ഞൻ ദേവേന്ദ്രനായും സ്ഥാനമേറ്റു. മനുപുത്രന്മാരായ പ്രിയവ്രതനും ഉത്താനപാദനും അക്കാലത്ത് അതിശക്തരായ രാജാക്കന്മാരായി. അവരുടെ പുത്രപൌത്രാദികൾ മൂന്നുലോകങ്ങളിലും വ്യാപിക്കപ്പെട്ടു.

പുത്രാ!, സ്വായംഭുവമനു തന്റെ പ്രീയപുത്രി ദേവഹൂതിയെ കർദ്ദമപ്രജാപതിക്ക് മാംഗല്യം ചെയ്തുകൊടുത്തതും തുടർന്നുണ്ടായ അവരുടെ ചരിത്രവും ഞാൻ നിന്നോടു വിസ്തരിച്ചു പറയുകയും, നീ അത് പൂർണ്ണമായി ഗ്രഹിക്കുകയും ചെയ്തതാണ്. മനു തന്റെ മകൾ പ്രസൂതിയെ നൽകിയത് ദക്ഷപ്രജാപതിക്കായിരുന്നു. അവരിലൂടെ ആ വംശം മൂന്നുലോകങ്ങളിലും നിറഞ്ഞു. വിദുരരേ!, കർദ്ദമമുനിയുടെ ഒൻപത് പുത്രിമാരെക്കുറിച്ചു ഞാൻ മുന്നമേ നിന്നോട് പറഞ്ഞുകഴിഞ്ഞതാണ്. ഇനി ഒൻപത് മുനിമാരിലൂടെ അവരോരോരുത്തരുടേയും വംശപരമ്പരയെക്കുറിച്ച് പറയാം, കേട്ടുകൊള്ളുക. കർദ്ദമമുനിയുടെ മകൾ കലയെ മരീചിമുനിക്കു നൽകുകയുയും, അവർക്ക് കശ്യപൻ, പൂർണ്ണിമൻ എന്ന രണ്ടു പുത്രന്മാർ ജനിക്കുകയും, അവരുടെ വംശം ത്രിലോകളിലും നിറയുകയും ചെയ്തു. പൂർണ്ണിമന് വിരജ, വിശ്വഗ, ദേവകുല്യ എന്നിങ്ങനെ മൂന്നു കുട്ടികളുണ്ടായി. അവരിൽ ദേവകുല്യ ഭഗവദ്പാദങ്ങളെ തഴുകി ഗംഗയിൽ ലയിക്കുന്ന സരിത്തായി മാറിയിരുന്നു. അനസൂയയിൽ അത്രിമുനിക്ക് സോമൻ, ദത്താത്രേയൻ, ദുർവ്വാസാവു് എന്നിങ്ങനെ പ്രസിദ്ധരായ മൂന്നു പുത്രന്മാർ ജനിച്ചു. അതിൽ സോമൻ ബ്രഹ്മദേവന്റേയും, ദത്താത്രേയൻ വിഷ്ണുവിന്റേയും, ദുർവ്വാസാവു് ശിവന്റേയും അംശാവതാരങ്ങളായിരുന്നു.

ഇതുകേട്ട് വിദുരർ ചോദിച്ചു: ഗുരോ!, എങ്ങനെയാണ് സൃഷ്ടിസ്ഥിതിസംഹാരകർത്താക്കളായ ബ്രഹ്മാവിഷ്ണുമഹേശ്വരന്മാർ അത്രിമുനിക്ക് മക്കളായി ജനിച്ചതു?.

മൈത്രേയൻ പറഞ്ഞു: അല്ലയോ വിദുരരേ!, അന്ന് വിധാതാവു് അത്രിമുനിയോട് സൃഷ്ടി തുടങ്ങുവാൻ ആവശ്യപെട്ട സമയം, മുനി ഭാര്യാസമേതം ഋക്ഷപർവ്വതസാനുവിൽ തപസ്സിനായി യാത്രയായി. അവിടെയായിരുന്നു നിർവിന്ധ്യാനദി ഒഴുകിയിരുന്നത്. താമസിയാതെ അവർ അശോകം പലാശം തുടങ്ങിയ പൂമരങ്ങളാലും നിർവിന്ധ്യയിലെ വെള്ളച്ചാട്ടത്തിന്റെ മധുരശബ്ദങ്ങളാലും മനോഹാരിതമായ ആ പ്രദേശത്തെത്തി.  അത്രിമുനി അവിടെ വായുമാത്രം ഭക്ഷണമാക്കി, പ്രാണായാമം ചെയ്ത്, നിർദ്വന്ദനായി മനസ്സിനെയടക്കി ഒരക്കാലിൽ ഒരു നൂറ് വർഷം തപസ്സനുഷ്ഠിച്ചു. ശരണാഗതനായ തനിക്ക് ഭഗവദ്സമനായ ഒരു പുത്രനെ നൽകണമെന്ന് ജഗദീശ്വരനോട് മനസ്സാ പ്രാർത്ഥിച്ചു. അങ്ങനെയിരിക്കെ ഒരുദിനം പ്രാണായാമശക്തിയിൽനിന്നും ഉരുത്തിരിഞ്ഞ് ആ തീവ്രതാപസ്സന്റെ മൂർദ്ധാവിൽനിന്നും ഒരഗ്നി ജ്വലിച്ചുയരുകയും അത് ത്രിമൂർത്തികൾ കാണുകയും ചെയ്തു. ആ സമയം, ബ്രഹ്മാവിഷ്ണുമഹേശ്വരന്മാർ അപ്സരസ്സുകൾക്കും, ഗന്ധർവ്വന്മാർക്കും, സിദ്ധന്മാർക്കും, വിദ്യാധരന്മാർക്കും, ഉരഗങ്ങൾക്കുമൊപ്പം യശ്ശസ്സ്വിയായ അത്രിമുനിയുടെ ആശ്രമത്തിലെത്തി. ഏകപാദേന തപസ്സു ചെയ്തുകൊണ്ടിരുന്ന അത്രിമുനിക്ക് ത്രിമൂർത്തികളെ കണ്ടതും അതിരറ്റ സന്തോഷമുണ്ടായി. മൂവരേയും ഒരുമിച്ചുകണ്ട ആനന്ദത്തിൽ അദ്ദേഹം ഒറ്റക്കാലിൽ വളരെ ബുദ്ധിമുട്ടിയിട്ടെങ്കിലും അവരുടെയരികിലേക്കെത്തി. വ്യത്യസ്ഥ വാഹനങ്ങളിൽ ആസനസ്ഥരായി വ്യത്യസ്ഥ ആയുധമേന്തിയവരായ ത്രിമൂർത്തികളെ നമിച്ചുകൊണ്ട് അദ്ദേഹം ദണ്ഢനമസ്ക്കാരം ചെയ്തു. തന്നിൽ കാരുണ്യവാന്മാരായ ആ ദേവന്മാരെ കണ്ട് അത്രിമുനി സന്തോഷിച്ചു. ത്രിമൂർത്തികളുടെ ശരീരങ്ങളിൽനിന്നുതിർന്ന പ്രകാശാതിരേകത്താൽ തൽക്കാലത്തേക്ക് അത്രിമുനി തന്റെ കണ്ണുകൾ അടച്ചു. എങ്കിലും തന്റെ ഹൃദയം ആ ദേവന്മാരുടെ കാരുണ്യത്താൽ നിറയപ്പെട്ടതുകൊണ്ട് മുനിക്ക് തന്റെ ബോധത്തെ വീണ്ടെടുക്കാൻ കഴിഞ്ഞു. അദ്ദേഹം അവരോടു പ്രാർത്ഥിച്ചു.

ഹേ! ബ്രഹ്മദേവാ!, ഹേ! വിഷ്ണോ!, ഹേ! മഹേശ്വരാ! പ്രകൃതിയുടെ മൂന്നു ഗുണങ്ങളെ ഓരോന്നായി സ്വീകരിച്ചുകൊണ്ട് നിങ്ങൾ മൂന്നായി പിരിഞ്ഞ് ഈ ലോകത്തെ സൃഷ്ടിക്കുകയും, പരിപാലിക്കുകയും, സം‌ഹരിക്കുകയും ചെയ്യുന്നു. ഹേ! ദേവന്മാരേ! നിങ്ങൾക്കു നമസ്ക്കാരം. നിങ്ങളിൽ ആരെയാണ് ഞാൻ എന്റെ പ്രാർത്ഥനയിൽ വിളിച്ചത്? തത്സമനായ ഒരു പുത്രനെ കൊതിച്ചുകൊണ്ട് ഞാൻ ആ പരമപുരുഷനോടാണ് പ്രാർത്ഥിച്ചത്. ഞാൻ അവനെ മാത്രമാണ് ചിന്തിച്ചതും. പക്ഷേ അവൻ മനുഷ്യന്റെ ചിന്തയ്ക്കതീതനാണെങ്കിലും നിങ്ങൾ മൂവരും ഇവിടെയെത്തി. അല്ലയോ ദേവന്മാരേ! ഇത് ഈയുള്ളവനെ അത്യന്തം ഭ്രമിപ്പിച്ചിരിക്കുന്നു. നിങ്ങൾ എങ്ങനെയാണ് ഇവിടെയെത്തിയതെന്നു അരുളിച്ചെയ്താലും.

മൈത്രേയൻ പറഞ്ഞു: വിദുരരേ! മഹാമുനി അത്രി ഇപ്രകാരം ചോദിച്ചതുകേട്ടു പുഞ്ചിരിച്ചുകൊണ്ട് ത്രിമൂർത്തികൾ ഇങ്ങനെ പറഞ്ഞു
പ്രിയ ബ്രാഹ്മണാ!, നിന്റെ തീരുമാനം അത്യുചിതമാണ്. ആയതിനാൽ നിന്റെ ആഗ്രഹവും സഫലമാകുന്നതാണ്. അല്ലാത്തപക്ഷം അത് ഒരിക്കലും സം‌ഭവിക്കുന്നതല്ല. ഞങ്ങൾ മൂവരും നീ ധ്യാനിക്കുന്ന ആ പരമപുരുഷന്റെ അം‌ശങ്ങൾ തന്നെ. അതുകൊണ്ടുതന്നെയാണ് ഞങ്ങൾ ഇവിടെ വന്നതും. നിനക്ക് ഞങ്ങളുടെ ശക്തിവൈഭത്തോടുകൂടിയ പുത്രന്മാരുണ്ടാകും. മാത്രമല്ല, ഞങ്ങൾ നിന്റെ നന്മയെ ആഗ്രഹിക്കുന്നതുമൂലം അവരാൽ നിന്റെ കീർത്തി ലോകം മുഴുവനും വ്യാപിക്കുകയും ചെയ്യും.
വിദുരരേ! അത്രിമുനിയും പത്നിയും നോക്കി നിൽ‌ക്കെ അവരെ അനുഗ്രഹിച്ചുകൊണ്ട് ത്രിമൂർത്തികൾ അവിടെനിന്നും അപ്രത്യക്ഷരായി. അങ്ങനെ ആ ദമ്പതിമാർക്ക് ബ്രഹ്മാംശമായി സോമനും, വൈഷ്ണവാം‌ശമായി ദത്താത്രേയനും, ശൈവാം‌ശമായി ദുർ‌വ്വാസാവും ജനിച്ചു. ഇനി അംഗിരസ്സിന്റെ പരമ്പരയെപറ്റി കേട്ടുകൊള്ളുക. അംഗിരസ്സിന്റെ ഭാര്യ ശ്രദ്ധ, സിനീവാലീ, കുഹൂ, രാകാ, അനുമതി എന്നിങ്ങനെ പേരോടുകൂടി നാലു പുത്രിമാരെ പ്രസവിച്ചു. ഇവരെക്കൂടാതെ അവർക്ക് ഉതത്യനെന്നും ബൃഹസ്പതി പണ്ഢിതനെന്നും പുകഴ്കൊണ്ട രണ്ടു പുത്രന്മാരും ജനിച്ചു.
പുലസ്ത്യന് തന്റെ പത്നിയായ ഹവിർ‌ഭൂവിൽ അഗസ്ത്യൻ എന്ന ഒരു മകൻ ജനിച്ചു. അഗസ്ത്യൻ പിന്നീടുണ്ടായ ജന്മത്തിൽ ദഹ്രാഗ്നി എന്ന് അറിയപ്പെട്ടിരുന്നു. കൂടാതെ അദ്ദേഹത്തിന് സന്യാസിശ്രേഷ്ഠനായ വിശ്രവസ്സ് എന്ന ഒരു പുത്രനും കൂടി ജനിച്ചിരുന്നു. വിശ്രവസ്സിന് രണ്ട് പത്നിമാരുണ്ടായിരുന്നു. അവരിൽ ആദ്യ പത്നി ഇഢാവിഢായിൽ യക്ഷരാജനായ കുവേരനും, രാണ്ടാം ഭാര്യ കേശിനീയിൽ രാവണൻ, കുംഭകർണ്ണൻ, വിഭീഷണൻ എന്നിങ്ങനെ മൂന്നു പുത്രന്മാരുമുണ്ടായി.

പുലഹന് തന്റെ ഭ്യാര്യ ഗതിയിൽ മഹർഷിവര്യന്മാരായ കർമ്മശ്രേഷ്ഠൻ, വരീയാൻ, സഹിഷ്ണു എന്നിങ്ങനെ മൂന്നു പുത്രന്മാർ ജനിച്ചു. ക്രതുവിനും പത്നി ക്രിയയ്ക്കും കൂടി അറുപതിനായിരം പുത്രന്മാരുണ്ടായി. സന്യാസിമാരായ അവർ വാലഖില്യന്മാർ എന്നറിയപ്പെട്ടു. ആത്മജ്ഞാനത്തിൽ അത്യുന്നതന്മാരായ അവരുടെ ശരീരങ്ങൾ ആ ജ്ഞാനത്താൽ പ്രകാശിക്കപ്പെട്ടു. വസിഷ്ഠമഹർഷിക്കു് തന്റെ സഹധർമ്മിണി അരുന്ധതി എന്നറിയപ്പെട്ടിരുന്ന ഊർജ്ജയിൽ ചിത്രകേതു, സുരോചി, വിരജൻ, മിത്രൻ, ഉൽബണൻ, വസുഭൃദ്യാനൻ, ദ്യുമാൻ എന്നിങ്ങനെ അമലന്മാരായ ഏഴു സന്യാസിവര്യന്മാർ മക്കളായി ജനിച്ചു. മറ്റൊരു ഭാര്യയിൽ വസിഷ്ഠന് കേമന്മാരായ മറ്റ് കുറെ പുത്രന്മാരുമുണ്ടായി. അഥർവ്വനും പത്നി ചിത്തിക്കും കൂടി ദധ്യാഞ്ച എന്ന മഹാവൃതാനുഷ്ഠാനത്തിലൂടെ അശ്വശിരസ്സ് എന്ന ഒരു പുത്രനുണ്ടായി. ഇനി ഞാൻ മഹാമുനി ഭൃഗുവിന്റെ വംശപരമ്പരയെക്കുറിച്ചു പറയാം, കേട്ടാലും.

ഭൃഗുമുനി മഹാഭാഗ്യശാലിയായിരുന്നു. അദ്ദേഹത്തിന് പത്നി ഖ്യാതിയിൽ ധാതാ, വിധാതാ എന്നിങ്ങനെ രണ്ടു പുത്രന്മാരും, ശ്രീ എന്ന നാമത്തിൽ ഒരു പുത്രിയും ജനിച്ചു. ശ്രീ ഒരു തികഞ്ഞ ഹരിഭക്തയായിരുന്നു. മുനി മേരുവിന് ആയതി, നിയതി എന്ന രണ്ടു പുത്രിമാരുണ്ടായി. അവരെ അദ്ദേഹം ധാതവിനും, വിധാതാവിനും കൂടി ദാനമായി കൊടുത്തു. അതിലൂടെ അവർക്ക് യഥാക്രമം മൃകണ്ഢൻ, പ്രാണൻ എന്നിങ്ങനെ ഓരോ പുത്രന്മാൻ ജനിച്ചു. മൃകണ്ഢനിൽ നിന്നു മാർകണ്ഢേയനും, പ്രാണനിൽ നിന്നു ശുക്രാചാര്യരുടെ പിതാവായ മുനി വേദശിരസ്സും ജനിച്ചു. അങ്ങനെ ശുക്രാചാര്യരും ഭൃഗുവംശപരമ്പരയിൽ പെട്ടതാകുന്നു. വിദുരരേ!, ഇങ്ങനെ ഈ മഹർഷിപരമ്പരയിലൂടെയും, കർദ്ദമപുത്രിമാരിലൂടെയും ലോകത്തിൽ പ്രജാവർദ്ധനം നടന്നു. ഈ വംശവർണ്ണനാചരിത്രം ശ്രദ്ദയോടെ കേൾക്കുന്ന യാതൊരുവരും തങ്ങളുടെ പാപപാശങ്ങളിൽ നിന്നും മുക്തരാകുന്നു.

ഇനി ദക്ഷന്റെ പത്നിയായ മനുപുത്രി പ്രസൂതിയെക്കുറിച്ചാണ്. ദക്ഷന് പ്രസൂതിയിൽ നളിനാക്ഷികളായ പതിനാറ് പുത്രിമാർ ജനിച്ചു. അവരിൽ പതിമൂന്നു പേരെ ധർമ്മന് വിവാഹം കഴിച്ചുകൊടുത്തു. ഒരാളെ അഗ്നിക്കും. അവശേഷിക്കുന്നവരിൽ ഒരു മകളെ പിതൃലോകത്തിന് ദാനമായി നല്കി. അവൾ അവിടെ വളരെ സൌഖ്യമോടെ വസിക്കുന്നു. മറ്റൊരു പുത്രിയെ മഹാദേവനും മംഗല്യം കഴിച്ചു. അവൾ ഇന്നും ലോകത്തിൽ ഭവസാഗരത്തിൽ മുങ്ങിയോരെ കൈപിടിച്ചുയർത്തുന്നു. ധർമ്മനു നൽകിയ ദക്ഷപുത്രിമാരുടെ നാമങ്ങൾ ശ്രദ്ധ, മൈത്രി, ദയ, ശാന്തി, തുഷ്ടി, പുഷ്ടി, ക്രിയ, ഉന്നതി, ബുദ്ധി, മേധാ, തിതിക്ഷ, ഹ്രീ, മൂർത്തി എന്നിങ്ങനെയാണ്. ഇവരിൽ ശ്രദ്ധ ശുഭയ്ക്കും, മൈത്രി പ്രസാധയ്ക്കും, ദയ അഭയയ്ക്കും, ശാന്തി സുഖയ്ക്കും, തുഷ്ടി മുദയ്ക്കും, പുഷ്ടി സ്മയയ്ക്കും, ക്രിയ യോഗയ്ക്കും, ഉന്നതി ദർപ്പയ്ക്കും, ബുദ്ധി അർഥയ്ക്കും, മേധ സ്മൃതിയ്ക്കും, തിതിക്ഷ ക്ഷേമയ്ക്കും, ഹ്രീ പ്രശ്രയയ്ക്കും ജന്മം നൽകി. സർ‌വ്വസത്ഗുണനിധിയായ മൂർത്തിയിലൂടെ ഭഗവാൻ ഹരി, ശ്രീ നരനാരായണനായി അവതാരം ചെയ്തു. അവിടുത്തെ അവതാരത്തിൽ സകലലോകങ്ങളും ആനന്ദമത്തമായി. സർവ്വരുടേയും മനസ്സിൽ ശാന്തി ഉടലെടുത്തു. സകലയിടത്തും കാറ്റും, നദികളും, പർവ്വതങ്ങളും ആനന്ദത്തിലാറാടി. സ്വർഗ്ഗത്തിൽ വാദ്യവൃന്ദങ്ങൾ മുഴങ്ങി. ദേവന്മാർ ആകാശത്തിൽനിന്നും പുഷ്പവൃഷ്ടി ചൊരിഞ്ഞു. ഋഷികൾ വേദമന്ത്രങ്ങളുരുവിട്ടു. അവിടെ ഗന്ധർവ്വന്മാരും കിന്നരന്മാരും ഗാനങ്ങളുതിർത്തു. അപ്സരസ്സുകൾ അതിനൊത്തു ചുവടുകൾ വച്ചു. ഇങ്ങനെ നരനാരായണന്മാരുടെ അവതാരവേളയിൽ എങ്ങും ശുഭലക്ഷണങ്ങൾ കണ്ടുതുടങ്ങി. അതോടെ ബ്രഹ്മാദി ദേവതകൾ ആ പരമപുരുഷന്റെ മഹിമകളെ കീർത്തിച്ചു.

അവർ പറഞ്ഞു: ഏതൊരുവന്റെ ശക്തിയാലാണോ ഈ പ്രപഞ്ചമുടലെടുത്തിരിക്കുന്നത്, നമുക്കു ആ അദ്ധ്യാത്മരൂപനെ വാഴ്ത്താം. വായുവിൽ മേഘങ്ങളെന്നപോലെ ഈ സൃഷ്ടികളെല്ലാം അവനിൽത്തന്നെ വസിക്കുന്നു. അങ്ങനെയുള്ള പരമ്പുരുഷനിതാ ധർമ്മന്റെ ഗൃഹത്തിൽ നരനാരായണഋഷിയായി അവതാരം കൈക്കൊണ്ടിരിക്കുന്നു. വേദാന്തവേദ്യനും, ലോകത്തിലെ സകല ദുഃഖങ്ങൾക്കും അറുതിവരുത്തുന്ന ശാന്തിയും സമൃദ്ധിയും സൃഷ്ടിച്ചവനുമായ ആ പരം‌പൊരുൾ ഈ ദേവന്മാർക്ക് അനുഗ്രഹം ചൊരിയട്ടെ!. അവന്റെ കാരുണ്യത്താൽ ശ്രീമഹാലക്ഷ്മിയുടെ വാസസ്ഥലമായ ആ അമലകമലം വീണ്ടും ധന്യമാകട്ടെ!.

മൈത്രേയൻ തുടർന്നു: വിദുരരേ! അങ്ങനെ ശ്രീ നരനാരായണനായി അവതരിച്ച ഭഗവാനെ ദേവന്മാർ വാഴ്ത്തിസ്തുതിച്ചു. ഭഗവാൻ അവരിൽ കരുണാകടാക്ഷം ചെയ്തു അവിടെനിന്നും ഗന്ധമാദനപർ‌വ്വതത്തിലേക്കു തിരിച്ചു. ആ നരനാരായണന്മാരത്രേ! ഇന്ന് യദുവംശത്തിലും കുരുവംശത്തിലുമായി യഥാക്രമം ശ്രീകൃഷ്ണാർജ്ജുനന്മാരായി ഭൂമിയിലെ ദുർജ്ജനഭാരം കുറയ്ക്കുവാൻ  വന്നിരിക്കുന്നത്.

അഗ്നിദേവന് തന്റെ പത്നി സ്വാഹയിൽ പാവകൻ, പവമാനൻ, ശുചി എന്നീ മൂന്നു കുട്ടികളുണ്ടായി. അവർ അഗ്നിയജ്ഞഭോക്തക്കളായി നിലകൊള്ളുന്നു. ഇവരിൽനിന്നും പിന്നീട് നാല്പത്തിയഞ്ചു പ്രജകൾ ജന്മം കൊണ്ടു. അവരുംചേർന്ന് പിതാപുത്രപൌത്രരടക്കം ആകെ നാൽ‌പ്പത്തിയൊൻപത് അഗ്നിദേവതകളാണുള്ളതു. അവരാണ് ബ്രാഹ്മണശ്രേഷ്ഠന്മാരൽ വേദയജ്ഞങ്ങളിൽ ഹുതങ്ങളായ യജ്ഞവിഹിതങ്ങളെ സ്വീകരിക്കുന്നതു. അഗ്നിസ്വാത്തർ, ബർഹിശാദർ, സൌ‌മ്യർ, ആജ്യപർ എന്നിവരാണ് പിതാക്കന്മാർ. അവർ സ്വാഗ്നികരോ നിരഗ്നികരോ ആകാം. ഇവരുടെ പത്നി ദക്ഷപുത്രിയായ സ്വധയാണ്. മുൻപറഞ്ഞ പിതാക്കൾക്കു നൽകപ്പെട്ട സ്വധയിൽ വയുനാ, ധാരിണി എന്നിങ്ങനെ രണ്ടു പുത്രിമാരുണ്ടായി. ഇരുവരും ബ്രഹ്മവാദികളും ജ്ഞാനവിജ്ഞാനപരായണരുമായിരുന്നു. ദക്ഷന്റെ പതിനാറാം പുത്രി മഹാദേവന്റെ പ്രിയപത്നിയായ സതിയായിരുന്നു. സതി തന്റെ ഭർത്താവിന്റെ പൂർണ്ണശുശ്രൂഷയിൽ മുഴുകിയിരുന്നുവെങ്കിലും അവൾക്ക് മക്കളുണ്ടായിരുന്നില്ല. കാരണം ദക്ഷൻ മഹാദേവനോടു നിരന്തരം കടുത്ത അനാദരവു കാട്ടിയിരുന്നു. മാത്രമല്ല, അതിനേചൊല്ലി ചെറുപ്രായത്തിൽത്തന്നെ അവൾ യോഗശക്തികൊണ്ട് തന്റെ ശരീരം ഉപേക്ഷിച്ചിരുന്നു.
ഇങ്ങനെ ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ഒന്നാമധ്യായം സമാപിച്ചു.

ഓം തത് സത്.

<<<<< >>>>>





srimad bhagavatham 4-chapter-1, manuvansavali