2014, ജൂൺ 5, വ്യാഴാഴ്‌ച

3.12 സനകാദികള്‍ തുടങിയ മുനിമുഖ്യന്മാരുടെ ഉല്പത്തി.


ഓം

ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ധം  - അദ്ധ്യായം 12

മൈത്രേയന്‍ തുടര്‍ന്നു: "മഹാനായ വിദുരരേ!, ഞാന്‍ ഇതുവരെ അങയോട് പറഞതു സകലതും ആ കാലസ്വരൂപനായ ഭഗവാന്‍ ഹരിയുടെ മഹിമകളാണ്. എന്നാല്‍ ഇനി വേദഗര്‍ഭനായ ബ്രഹ്മദേവന്റെ സൃഷ്ടിചാതുര്യത്തെപ്പറ്റി കേട്ടുകൊള്ളുക. ആദ്യം വിധാതാവ് ചമച്ചത് അഞ്ചുതരം അജ്ഞാനവൃത്തികളായിരുന്നു. അവയാണ് ആത്മവഞ്ചന, മരണഭയം, ഭയാനന്തരകോപം, വ്യാജമായ ഉടമസ്ഥതാബോധം, മായികമായ ദേഹാത്മബോധത്തിലൂടെയുണ്ടാകുന്ന സ്വരൂപവിസ്മൃതി എന്നിവകള്‍. പാപാത്മകമായ തന്റെ പ്രസ്തുതസൃഷ്ടിയില്‍ അസന്തുഷ്ടനായ വിരിഞ്ചന്‍ വീണ്ടും ആത്മസ്വരൂപനായ ഭഗവാനില്‍ മനസ്സും, ബുദ്ധിയും, ശരീരവുമുപയോഗിച്ച് തപസ്സനുഷ്ടിച്ചു. ഭഗവദനുഗ്രഹം വേണ്ടുവോളം നേടി വീണ്ടും ബ്രഹ്മദേവന്‍ തന്റെ പുതുസൃഷ്ടിയിലേര്‍പ്പെട്ടു. തുടര്‍ന്നുണ്ടായ സൃഷ്ടിയില്‍ ആദ്യത്തേത് സനകാദിമുനീശ്വരന്മാരായിരുന്നു. അവര്‍ സനകന്‍, സനന്ദന്‍, സനാതനന്‍, സനത്കുമാരന്‍ എന്നീ നാമധേയങളില്‍ അവര്‍ പ്രത്യക്ഷരായി. ആത്മീയതയുടേ ഊര്‍ദ്ദ്വനിര്‍‌വൃതിയില്‍ മുഴുകുന്ന അവര്‍ക്ക് ഭൗതികസൃഷ്ടികളില്‍ അശേഷം താല്പര്യമുണ്ടായിരുന്നില്ല. ആയതിനാല്‍ പ്രജാവര്‍ദ്ധനത്തിനുവേണ്ടിയുള്ള വിധാതാവിന്റെ ആജ്ഞയെ കുമാരന്മാര്‍ നിരാകരിച്ചു. കാരണം വാസുദേവനില്‍ അകമഴിഞ ഭക്തിയുള്ള അവരുടെ ജന്മലക്ഷ്യം വൈകുണ്ഠപ്രാപ്തിയായിരുന്നു. ആജ്ഞാനുവര്‍ത്തികളായിരിക്കേണ്ട സ്വപുത്രന്മാരില്‍നിന്നും വിസമ്മതം ഏറ്റുവാങേണ്ടിവന്ന വിരിഞ്ചനില്‍ അതീവ കോപമുടലെടുത്തു. പക്ഷേ ബ്രഹ്മാവ് അതിനെ പുറത്തുകാട്ടാതെ തന്റെ ഉള്ളിലൊതുക്കി. അനന്തരം ഉള്ളിലൊതുക്കപ്പെട്ട ആ കോപം അദ്ദേഹത്തിന്റെ പുരികങളിലൂടെ നീലലോഹിതനായ ഒരു പുത്രന്റെ രൂപത്തില്‍ ബഹിര്‍ഗ്ഗമിച്ചു.

ജനിച്ചുവീണയുടന്‍തന്നെ ആ പുത്രന്‍ തന്റെ പിതാവിനെനോക്കിക്കരഞുകൊണ്ടു അത്യന്തം വ്യാകുലനായി തന്റെ പേരെന്തെന്നും, എവിടെയാണ് താന്‍ വര്‍ത്തിക്കേണ്ടതെന്നും ചോദിച്ചു. പങ്കജോത്ഭവനായ ബ്രഹ്മദേവന്‍ തന്റെ പുത്രന്റെ അതിരറ്റ ആഗ്രഹത്തെ കണ്ട് ആനന്ദിച്ചുകൊണ്ട് പറഞു: "ഹേ കുമാരാ!, നീ കരയാതിരിക്കൂ. നിന്റെ ആഗ്രഹം നാം നിവര്‍ത്തിച്ചുതരുന്നുണ്ടു. ഹേ ദേവാദിദേവാ!, സോത്കണ്ഠം പരിതപിച്ച നീ സര്‍‌വ്വരാലും രുദ്രന്‍ എന്ന നാമത്തിലറിയപ്പെടും. അല്ലയോ കുമാരാ!, നിനക്ക് നിവസ്സിക്കുവാനായി നാമിതാ മുന്നമേ നിനച്ചുറപ്പിച്ചുട്ടുള്ള, ഹൃദയം, ഇന്ദ്രിയം, പ്രാണന്‍, ആകാശം, വായൂ, അനിലന്‍, അഗ്നി, ജലം, ഭൂമി, സൂര്യന്‍, ചന്ദ്രന്‍, തപസ്സ്, എന്നിങനെ പന്ത്രണ്ട് സ്ഥാനങള്‍ തരുകയാണ്. മകനേ!, നീ മന്യുവെന്നും, മനുവെന്നും, മഹിനസ്സനെന്നും, മഹാനെന്നും, ശിവനെന്നും, ഋതദ്വജനെന്നും, ഉഗ്രരേതസ്സ് എന്നും, ഭവനെന്നും, കാലനെന്നും, വാമദേവനെന്നും, ധൃതവര്‍ത്തനെന്നും, മറ്റ് പതിനൊന്നു നാമങളില്‍ക്കൂടിയും അറിയപ്പെടുന്നതാണ്. അല്ലയോ രുദ്രാ!, നിനക്ക്, യഥാക്രമം, ധീ, ധൃതി, രസല, ഉമ, നിയുത, സ്വാപി, ഇള, അംബിക, ഇരാവതീ, സവിധ, ദീക്ഷ, എന്നീ നാമത്തില്‍ പതിനൊന്നും പത്നിമാരും ശക്തിയായി കൂട്ടിനുണ്ടാകും. പ്രീയപുത്രാ!, നാം നല്‍കിയ ഈ നാമധേയങളും, സ്ഥാനങളും, നീ സുമനസാ സ്വീകരിക്കുക. തുടര്‍ന്ന് നിന്റെ പത്നിമാരോടുകൂടിച്ചേര്‍ന്ന് ഇവിടെ യഥേഷ്ടം പ്രജകളെ സൃഷ്ടിക്കുക."

മൈത്രേയന്‍ തുടര്‍ന്നു: "വിദുരരേ!, അങനെ ശക്തിമാനും നീലലോഹിതനുമായ രുദ്രന്‍ തന്നോളം ശക്തിയും, രൂപസാദൃശ്യവും, രൗദ്രസ്വഭാവവുമുള്ള അനേഹം പ്രജകള്‍ക്കു ജന്മം നല്‍കി. പക്ഷേ അവിടെ അപ്രതീക്ഷിതമായ ഒന്നുണ്ടായി. അതിശക്തരായ രുദ്രസുതന്മാരും അവരുടെ പുത്രന്മാരും ചേര്‍ന്ന് പ്രപഞ്ചത്തെ നശിപ്പിക്കുവാന്‍ തുടങി. അവരുടെ ഈ പ്രവൃത്തിയില്‍ ജഗത്സൃഷ്ടാവായ വിരിഞ്ചന്‍ ഭീതനും ആശങ്കാകുലനുമായി. സഹികെട്ട ബ്രഹ്മദേവന്‍ രുദ്രനെ അരികില്‍ വിളിച്ചുപറഞു : "ഹേ സുരോത്തമാ!, നിര്‍ത്തൂ നിന്റെ പ്രജാവര്‍ദ്ധനം. നിന്റെ സൃഷ്ടിയിലുണ്ടായ ഈ രൗദ്രരൂപികളുടെ നേത്രങളില്‍നിന്നും വമിക്കുന്ന തീജ്വാലകളില്‍പെട്ട് ഈ പ്രപഞ്ചമിതാ മുച്ചൂടും നശിച്ചുതുടങിയിരിക്കുന്നു. എന്തിനുചൊല്ലാന്‍, അവരിതാ എന്നേയും ആക്രമിച്ചുതുടങിയിരിക്കുന്നു. മകനേ!, നീയിനി തപമനുഷ്ഠിച്ചാലും. അതത്രേ ഇപ്പോള്‍ സര്‍‌വ്വലോകല്‍ങള്‍ക്കും ഇവിടെ മംഗളകരമായിയുള്ളത്. തപം നിനക്ക് സകലാഭീഷ്ടങളും പ്രദാനം ചെയ്യും. തപം കൊണ്ട് നിനക്കീ പ്രപഞ്ചത്തെ മുന്നേപോലെയാക്കുവാന്‍ സാധിക്കും. തപം ഒന്നുകൊണ്ടുമാത്രാമാണ് ഒരുവന് തന്നില്‍ അന്തര്‍സ്ഥിതനും ഇന്ദ്രിയാധീതനുമായ ആ കാരുണ്യമൂര്‍ത്തിയെ പ്രാപിക്കുവാന്‍ കഴിയുന്നത്."

മൈത്രേയന്‍ തുടര്‍ന്നു: "വിദുരരേ!, അങനെ വേദപതിയായ വിധാതാവിന്റെ വാക്കുകള്‍ കേട്ട രുദ്രന്‍ തന്റെ പിതാവിനുചുറ്റും പരിക്രമണം ചെയ്ത്, അദ്ദേഹത്തെ തൊഴുതുവന്ദിച്ചുകൊണ്ട് തപസ്സിനായി ഘോരവനാന്തര്‍ഭാഗത്തേക്ക് യാത്രയായി.

ഭഗവാന്റെ അപാരകരുണാശക്തിവിശേഷത്താല്‍ അനുഗ്രഹീതനായ ബ്രഹ്മദേവന്‍ സൃഷ്ടിയുടെ പുനര്‍‌വ്യാസത്തെക്കുറിച്ച് ചിന്തിച്ചു. അദ്ദേഹം വീണ്ടും പത്തു പുത്രന്മാരെ സൃഷ്ടിച്ചു. അവരത്രേ മരീചി, അത്രി, അംഗിരസ്സ്, പുലസ്ത്യന്‍, പുലഹന്‍, ക്രതു, ഭൃഗു, വസിഷ്ഠന്‍, ദക്ഷന്‍, നാരദര്‍, എന്നിവര്‍. അവരില്‍, ശ്രീനാരദര്‍ ബ്രഹ്മദേവന്റെ മടിത്തട്ടില്‍ നിന്നും, വസിഷ്ഠന്‍ ശ്വാസവായുവില്‍ നിന്നും, ദക്ഷന്‍ അംഗുഷ്ടത്തില്‍ നിന്നും, ഭൃഗു സ്പര്‍ശത്തില്‍ നിന്നും, ക്രതു കരത്തില്‍ നിന്നും, പുലസ്ത്യന്‍ കര്‍ണ്ണത്തില്‍ നിന്നും, അംഗിരസ്സ് മുഖത്തുനിന്നും, അത്രി നയനങളില്‍ നിന്നും, മരീചി മനസ്സില്‍ നിന്നും, അതുപോലെ പുലഹന്‍ വിരിഞ്ചന്റെ നാഭിയില്‍ നിന്നുമാണ് ആവിര്‍ഭവിച്ചതു. ധര്‍മ്മം ബ്രഹ്മാവിന്റെ സ്തനദേശത്തു വിരാജിക്കുന്നു. അവിടെയാണ് ബ്രഹ്മാവില്‍ ഭഗവാന്‍ നാരായണന്‍ കുടിയമരുന്നതു. ലോകം ഭയം കൊണ്ടുവിറയ്ക്കുന്ന മൃത്യു വിധാതാവിന്റെ പൃഷ്ഠഭാഗത്തു വസിക്കുന്നു. അവിടെ അധര്‍മ്മവും കുടികൊള്ളുന്നു. ബ്രഹ്മദേവന്റെ ഹൃദയത്തില്‍നിന്നും ഭേഗേച്ഛയും, കാമവും ഉടലെടുത്തു. ഭ്രൂമധ്യത്തില്‍നിന്ന് കോപവും, അധരത്തില്‍നിന്ന് അത്യാഗ്രഹവും, മുഖത്തുനിന്നു വാക്കും, മേധ്രത്തില്‍നിന്ന് സമുദ്രവും, വായുവില്‍ നിന്ന് ദുഃര്‍‌വൃത്തികളും അതുപോലെ പാപാചരണങളുമുണ്ടായി. ദേവഹൂതിയുടെ പതിപായ കര്‍ദ്ദമപ്രജാപതി വിരിഞ്ചന്റെ ഛായയില്‍ നിന്നുമുണ്ടായി. വിദുരരേ!, സംഗ്രഹിച്ചു ചൊന്നാല്‍, സകലസൃഷ്ടികളും വിധാതാവിന്റെ മനസ്സില്‍ നിന്നോ, ശരീരത്തില്‍നിന്നോ ഉണ്ടായിട്ടുള്ളവയാണ്.

ഹേ ഭാരത!, ഞാന്‍ ഒന്നുകൂടി കേട്ടിരിക്കുന്നു, എന്തെന്നാല്‍, ബ്രഹ്മദേവന് തന്റെ സ്വശരീരത്തില്‍നിന്നു സംജാതമായ "വാക്ക്" എന്ന നാമത്തില്‍ ഒരു പുത്രികൂടിയുണ്ടായിരുന്നുവത്രേ!. തന്നില്‍ അകാമിയായിരുന്നിട്ടും, അവളുടെ സൗന്ദര്യത്തില്‍ വിരിഞ്ചന്റെ മനസ്സ് ആകൃഷ്ടമായി. അധര്‍മ്മത്തില്‍ നിമഗ്നമായ പിതാവിനെ കണ്ട്, മരീചി തന്റെ സകല സഹോദരന്മാരോടൊപ്പം ചേര്‍ന്ന് ബ്രഹ്മദേവനോട് ഭക്തിപുരസ്സരം ഇപ്രകാരം പറഞു. "പിതാവേ!, അങയെ അത്യന്തം അധഃപ്പതിപ്പിക്കുന്ന ഒരു പ്രവൃത്തിയാണ് ഇന്ന് അങ് ചെയ്തത്. ഇത്തരം അധാര്‍മ്മികമായ ഒരു കാര്യം മുന്നേപോയ കല്പത്തിലെങും, മറ്റൊരു ബ്രഹ്മാവോ, ഇനി അങുതന്നെയോ ചെയ്യുവാന്‍ മുതിര്‍ന്നിട്ടില്ല. ഇനി വരും യുഗങളില്‍ പോലും ആരും തന്നെ ഇങനെ ചെയ്യുമെന്നും കരുതാന്‍ നിര്‍‌വ്വഹമില്ല. അങ് ഈ പ്രപഞ്ചത്തിന്റെ പിതാവാണ്. സ്വന്തം പുത്രിയോട് ഈവിധം അടക്കാനാകാത്ത ഒരു കാമവാഞ്ച അങേയ്ക്കെങനെയുണ്ടായി?. അവിടുന്ന് അതീവശക്തിശാലിയാണ്. ഇത്തരമൊരു പ്രവൃത്തി അങേയ്ക്ക് ഒരുകാലത്തും ചേര്‍ന്നതല്ലതന്നെ. അവിടുത്തെ കാല്പ്പാടുകളാണ് ലോകത്തില്‍ പൊതുവേ സകലരും അദ്ധ്യാത്മികപുരോഗതിക്കായി പിന്തുടരുന്നത്. അതുകൊണ്ട് ഇവിടെ ധര്‍മ്മവും നന്മയും പരിപാലിക്കപ്പെടുന്നതിനായി, ഈ പ്രപഞ്ചസര്‍‌വ്വത്തെ സ്വമായയാല്‍ ചമച്ച്, സ്വധാമത്തിലിരിക്കുന്ന ആ പരംപൊരുളിനെ നമുക്ക് നമിക്കാം."

"വിദുരരേ!, തന്റെ പുത്രന്മാരില്‍ നിന്നും ഇത്തരം കേട്ട് അത്യന്തം പ്രീഢിതനായ ബ്രഹ്മദേവന്‍, പാപപങ്കിലമായ  തന്റെ ശരീരം ആ ക്ഷണത്തില്‍തന്നെ ഉപേക്ഷിച്ചു. ആ ദേഹം ഇരുട്ടിലെ മൂടല്‍മഞെന്നപോലെ നാനാദിക്കുകളിലും പരന്നുകാണപ്പെട്ടു."

"ഒരിക്കല്‍ ബ്രഹ്മദേവന്‍ കഴിഞയുഗങളിലേതുപോലെ ഒരു സമ്പൂര്‍ണ്ണസൃഷ്ടിയെക്കുറിച്ചു മനനം ചെയ്യുകയായിരുന്നു. ആ സമയം അദ്ദേഹത്തിന്റെ നാല് തിരുമുഖങളില്‍നിന്നും വ്യത്യസ്ഥവിജ്ഞാനനിധികളായ നാല് വേദങളുത്ഭവിച്ചു. അതോടൊപ്പംതന്നെ യജ്ഞസാമഗ്രികളായ നാല് ഹോത്രങള്‍ - യജ്ഞകര്‍ത്താവ്, യജ്ഞസമര്‍പ്പകന്‍, യജ്ഞാഗ്നി, യജ്ഞദ്രവ്യം - എന്നിവയും, കൂടാതെ, ധര്‍മ്മത്തിന്റെ നാല് പാദങളായ സത്യം, തപസ്സ്, കരുണ, ശുചി എന്നിവയും ഉല്പന്നമായി."

വിദുരന്‍ പറഞു: "ഹേ തപോധനനായ മൈത്രേയമുനേ!, ബ്രഹ്മദേവന്റെ നാല് മുഖങളില്‍നിന്നായി നാല് വേദങള്‍ ഉത്ഭവിച്ചുവെന്നങ് പറഞുവല്ലോ, എന്നാല്‍ എങനെയാണ്?, ആരുടെ സഹായത്താലാണ് അദ്ദേഹം ഈ നാല് നിഗമതത്വങളെ ഇവിടെ പ്രചരിപ്പിച്ചത്?"

മത്രേയമുനി തുടര്‍ന്നു: "വിദുരരേ!, കേട്ടുകൊള്ളുക. ഇവിടെ ആദ്യമായി ഋക്, യജുര്‍, സാമം, അത്ഥര്‍‌വ്വം എന്നീ നാല് വേദങളായിരുന്നു ഉണ്ടായത്. തുടര്‍ന്ന് വിവിധ ശാസ്ത്രങളും, അനേകവിധ ആചാരങളും, എണ്ണമറ്റ സ്തുതിസ്തോമങളും, പ്രായഃശ്ചിത്തങളുമൊക്കെ ഒന്നിനുപിറകേ മറ്റൊന്നായി നിലവില്‍ വന്നുകൊണ്ടേയിരുന്നു. ഇതിനുപുറമേ ആയുര്‍‌വേദം, ധനുര്‍‌വേദം, ഗാന്ധര്‍‌വ്വം, തച്ചുശാസ്‌ത്രം മുതലായവയും ബ്രഹ്മദേവനില്‍ നിന്ന് വേദശാഖകളായി ഉടലെടുത്തു. സര്‍‌വ്വദര്‍ശനനായ വിധാതാവിന്റെ തിരുമുഖത്തുനിന്നും പിന്നീട് അഞ്ചാം‌വേധമായ പുരാണേതിഹാസങളും ആവിര്‍ഭവിച്ചു. അനന്തരം, ഷോഡഷീ, ഉക്തം, പുരീഷി, അഗ്നിസ്തോമം, ആപ്തോര്യമ, അതിരാത്രം, വാജപേയം, ഗോസവം എന്നീ വിവിധ യജ്ഞരൂപങളും വിരിഞ്ചന്റെ പൂര്‍‌വ്വവക്ത്രത്തില്‍നിന്നും രൂപം കൊണ്ടു. വിദ്യ, ദാനം, തപസ്സ്, സത്യം, എന്നിവയെ ധര്‍മ്മത്തിന്റെ നാല് പാദങളായി കണക്കാക്കപ്പെട്ടിരിക്കുന്നു. ഇവയുടെ അധ്യയനത്തിനും, ആചരണത്തിനുമായി ബ്രഹ്മദേവന്‍ വളരെയധികം അടുക്കും ചിട്ടയോടും കൂടി നാല് വര്‍ണ്ണാശ്രമവിധികളും രൂപകല്പനചെയ്തു.

തുടര്‍ന്ന് ബ്രഹ്മചാരിബ്രാഹ്മണര്‍ക്കുവേണ്ടിയുള്ള സാവിത്രകര്‍മ്മങളുണ്ടായി. അതിന്റെ അനുശാസനത്തിലൂടെ ഒരു ബ്രഹ്മചാരി വേദാധ്യായനം തുടങുന്നതുമുതല്‍ ഏറ്റവും കുറഞത് ഒരുവര്‍ഷക്കാലമെങ്കിലും മൈഥുനവിഷയകങളായ കാര്യങളില്‍നിന്നും വിട്ടുനില്‍ക്കണം, ജീവിതവ്യവഹാരങളില്‍ വേദാനുശാസനങള്‍ പൂര്‍ണ്ണമായും സര്‍‌വ്വപ്രധാനമായിരിക്കണം, ഗൃഹസ്ഥാശ്രമസംബന്ധിയായ സകലവിഷയങളിലും പ്രത്യേകനിയന്ത്രണം പാലിക്കണം, ചോദിക്കാതെ, ആരാലും ഉപേക്ഷിക്കപ്പെട്ട അന്നത്താല്‍ ജീവിതം നയിക്കണം, എന്നിങനെയുള്ള വിവിധ അനുഷ്ഠാനനിയമങള്‍ നിലവില്‍ വന്നു. വ്യാവഹാരികജീവിതത്തില്‍നിന്നും വിരമിച്ച് ഏകാന്തജീവിതം നയിക്കുന്നവരെ വൈഖാനസര്‍, വാലഖില്യര്‍, ഔദുംബരര്‍, ഫേനവാസര്‍ ഇന്നിങനെ വിവിധനാമങളില്‍ അറിയപ്പെടുന്നു. അതുപോലെ, സന്യാസദീക്ഷ സ്വീകരിച്ചവരാകട്ടെ, കുടീചകര്‍, ബഹവോദര്‍, ഹംസര്‍, നിഷ്ക്രിയര്‍ എന്നീ നാലുവിധത്തിലും അറിയപ്പെടുന്നു. ഇവരെല്ലാം ബ്രഹ്മമുഖത്തുനിന്നും ഉത്ഭവിച്ചവരാണ്.

അന്വീഷികി, ത്രയീ (അഥവാ ധര്‍മ്മം, സമ്പത്ത്, മോക്ഷം എന്നീ വേദോക്തപുരുഷാര്‍ത്ഥങള്‍), ആഗ്രഹപൂര്‍ത്തി, നീതിന്യായവ്യവസ്ഥിതികള്‍, ഭൂഃ, ഭുവഃ, സ്വഃ എന്നീ വേദമന്ത്രങള്‍ തുടങിയവയും ബ്രഹ്മമുഖത്തുനിന്നും ജന്യമായി. എന്നാല്‍ ഓം എന്ന പ്രണവമന്ത്രമാകട്ടെ, വിരിഞ്ചന്റെ ഹൃദയത്തില്‍നിന്നുമാണുണര്‍ന്നുയര്‍ന്നത്. അനന്തരം, അദ്ദേഹത്തിന്റെ രോമത്തില്‍നിന്നും, ഉഷ്ണിക്, ത്വചയില്‍നിന്ന് ഗായത്രി, മാംസത്തില്‍നിന്ന് ത്രിഷ്ടുപ്പ്, നാഡിയിനിന്ന് അനുഷ്ഠുപ്പ്, അസ്ഥിയില്‍ നിന്ന് ജഗതി, മജ്ജയില്‍നിന്ന് പംക്തി, പ്രാണനില്‍നിന്ന് ബ്രഹതി തുടങിയ വിവിധരസപ്രധാനങളായ പദ്യസാങ്കേതികത്വങളുമുണ്ടായി. തുടര്‍ന്ന്, അദ്ദേഹത്തിന്റെ ജീവനില്‍നിന്ന് സ്പര്‍ശാക്ഷരങളും, ഉടലില്‍നിന്ന് സ്വരാക്ഷരങളും, ഇന്ദ്രിയജന്യമായി ഊഷ്മാക്കളും, വീര്യോത്പന്നമായി യ, ര, ല, വ, തുടങിയ അന്തസ്താക്ഷരങളും, വിഹാരജമായി സപ്തസ്വരങളും ആവിര്‍ഭവിച്ചു. ശബ്ദബ്രഹ്മമായി ബ്രഹ്മദേവന്‍, ഭഗവാന്‍ ഹരിയെ തന്നെയാണ് പ്രതിനിധീകരിക്കുന്നത്. ആയതിനാല്‍ ബ്രഹ്മദേവന്‍ വ്യക്താവ്യക്തസ്വരൂപനായി നിലകൊള്ളുന്നു. ഇങനെ പരമാത്മസ്വരൂപത്തില്‍ നിത്യാനന്ദത്തോടെ വര്‍ത്തിക്കുന്ന ബ്രഹ്മദേവനില്‍ ഭഗവാന്‍ നാരായണന്റെ നാനാവിധശക്തിവിശേഷങളും നിക്ഷിപ്തമായിരിക്കുന്നു.

അങനെ തന്റെ അദ്ധ്യാത്മശരീരം ഉപേക്ഷിച്ച കമലാസനന്‍ ലൗകികമായ ഒരു പുതുശരീരം സ്വീകരിച്ചുകൊണ്ട് വീണ്ടും സൃഷ്ടികര്‍മ്മങളിലേര്‍പ്പെട്ടു. ഹേ കുരുനന്ദനാ!, പ്രബലരായ അനേകം ഋഷിവര്യന്മാരുണ്ടായിരുന്നിട്ടും പ്രജാവര്‍ദ്ധനം വേണ്ടതോതിലുണ്ടാകുന്നില്ല എന്ന കാര്യം ബ്രഹ്മാവ് കണ്ടറിഞു. അദ്ദേഹം ചിന്തിച്ചു: "അഹോ മഹാത്ഭുതം!, ഞാന്‍ എന്റെ സര്‍‌വ്വശക്തികളാലും സദാസമയവും, എല്ലായിടത്തും ഒരുപോലെ വ്യാപിച്ചിട്ടും, ലോകത്തില്‍ പ്രജകള്‍ വേണ്ടതോതിലുണ്ടാകുന്നില്ല. ഇതിന് വിധിയല്ലാതെ മറ്റൊരുകാരണം നാം കാണുന്നുമില്ല." തുടര്‍ന്ന്, ധ്യാനനിമഗ്നനനായി തന്റെ ദിവ്യത്വം അനുഭവിച്ചറിയുന്നതിനിടയില്‍ വിധാതാവില്‍നിന്നും മറ്റു രണ്ട് രൂപങള്‍ ഉടലെടുത്തു. ഒന്ന് സ്ത്രീരൂപത്തിലും, മറ്റൊന്നു പുരുഷരൂപത്തിലും. ഇന്നും ആ രൂപങള്‍ വിരിഞ്ചജന്യം അഥവ "കായം" എന്ന നാമത്തില്‍ കീര്‍ത്തിക്കപ്പെടുന്നു. പുതുതായുണ്ടായ ഈ ശരീരങള്‍ മൈഥുനത്തില്‍ ഒന്നായിച്ചേര്‍ന്നു. അതില്‍ പുരുഷഭാവം പൂണ്ട രൂപത്തെ സ്വായംഭുവമനുവെന്നും, സ്ത്രീഭാവത്തിലുണ്ടായ കായത്തെ ശതരൂപയെന്നും അറിയപ്പെട്ടു. തുടര്‍ന്ന് മൈഥുനത്തിലേര്‍പ്പെട്ട അവര്‍ ഒന്നിനുപിറകേ മറ്റൊന്നായി അനേകം തലമുറകള്‍ക്ക് ജന്മം നല്‍കി.

ഹേ ഭാരതാ!, കാലാന്തരത്തില്‍ സ്വായംഭുവമനുവിനും ശതരൂപയ്ക്കുമായി അഞ്ചുകുട്ടികളുണ്ടായി. പ്രിയവ്രതന്‍, ഉത്താനപാദന്‍, എന്നിങനെ രണ്ടു പുത്രന്മാരും, ആകൂതി, ദേവഹൂതി, പ്രസൂതി എന്നീ നാമങളില്‍ മൂന്ന് പുത്രമാരും. അതില്‍ ആകൂതിയെ മഹാഋഷി രുചിക്കും, ദേവഹൂതിയെ കര്‍ദ്ദമപ്രജാപതിയ്ക്കും, പ്രസൂതിയെ ദക്ഷപ്രജാപതിയ്ക്കും വിവാഹം ചെയ്തുകൊടുത്തു.

ഇങനെ ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ധം  പന്ത്രണ്ടാമധ്യായം സമാപിച്ചു.

ഓം തത് സത് 

 <<<<<<< >>>>>>>