2014, ഫെബ്രുവരി 11, ചൊവ്വാഴ്ച

3.6 വിരാട്പുരുഷന്റെ ഉത്ഭവം.

ഓം

ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ധം  അദ്ധ്യായം - 6

ശ്രദ്ധാഭക്തിസമന്വിതം തന്നെ കേട്ടുകൊണ്ടിരിക്കുന്ന വിദുരരോട് മൈത്രേയമുനി ഭഗവാന്റെ മായാമഹിമകളെക്കുറിച്ച് തുടര്‍ന്നു പറഞുതുടങി.

"വിദുരരേ!, അങനെ മഹത് മുതലായ തത്വങള്‍ പരസ്പരം സംസക്തമല്ലായ്കയാല്‍, പ്രസുപ്തമായിക്കിടന്ന അപൂര്‍ണ്ണസൃഷ്ടിയെക്കുറിച്ച് ഭഗവാന്‍ ഹരി ഒരുനിമിഷം ചിന്തിച്ചു. വ്യത്യസ്ഥതത്വങളെ കൂട്ടിയിണക്കാന്‍തക്ക പ്രാപ്തയും, മായാസ്വരൂപിണിയുമായ കാലീദേവിയെ കൈപിടിച്ച് ഭഗവാന്‍ തന്റെ   ഇരുപത്തിമൂന്ന് തത്വങളിലേക്കുമിറങിച്ചെന്നു. അവന്‍ ആ തത്വങളിലേക്ക് പ്രവേശിച്ചതും, മനുഷ്യന്‍ ഉറക്കമുണര്‍ന്ന് അവരവരുടെ കര്‍മ്മങളില്‍ വ്യാപൃതരാകുന്നതുപോലെ, അതിനുള്ളിലുറങിക്കിടന്ന ജീവജാലങളെല്ലാം പൊടുന്നനെ ചൈതന്യവത്താകുകയും, കര്‍മ്മോത്സുകരാകുകയും ചെയ്തു. അങനെ അവന്റെ സ്വന്തം ഇച്ഛയാല്‍ ഇരുപത്തിമൂന്ന് തത്വങളും പ്രവര്‍ത്തനോന്മുഖമായപ്പോള്‍ അതിബൃഹത്തായ തന്റെ വിരാട്പുരുഷരൂപം പ്രത്യക്ഷമായി. ഭഗവാന്‍ ആത്മമായയാല്‍ തന്റെ അംശം ഈ തത്വങളിലേക്ക് പ്രവേശിപ്പിച്ചമാത്രയില്‍തന്നെ അവയെല്ലം അന്യോന്യം പരിണമിച്ച് സകലചരാചരങളും ഗ്രഹയൂഥങളുമടങുന്ന മഹാപ്രപഞ്ചം നിലവില്‍ വന്നു. 

ഹിരണ്മയനായ വിരാട്പുരുഷന്‍, ഗര്‍ഭോദകശായിവിഷ്ണുവായി ആയിരം പരിവത്സരം അണ്ഡകോശമായ കാരണസമുദ്രത്തില്‍ സകലജീവജാലങള്‍ക്കുമൊപ്പം ശയിച്ചു. വിരാട്പുരുഷനാകുന്ന പൂര്‍ണ്ണമഹതത്വശക്തി സ്വേച്ഛയാ ഒന്നായ ബോധമായി പരിണമിച്ചു. ഈ ബോധം വീണ്ടും ഉപഖണ്ഡിച്ച് മൂന്നും പത്തുമായിമാറി. അതിബൃഹത്തായ ഈ വിരാട്പുരുഷാവതാരം ശ്രീമഹാവിഷ്ണുവാകുന്ന ആ പരമാത്മാവിന്റെ ധന്യാംശം മാത്രമാണ്. അനന്തകോടി ജീവജാലങളുടെ ആത്മാവായ ആ ഭവവാങ്കലത്രേ സമസ്തസൃഷ്ടികളും നിലകൊള്ളുന്നതു. അങനെ മൂന്നും, പത്തും, ഒന്നുമായി പരിണമിച്ചുണ്ടായ തത്വങള്‍ ചേര്‍ന്ന് വിരാട്പുരുഷനെ പ്രതിനിധീകരിക്കുന്നു. മൂന്നെന്നത് ശരീരമാനസേന്ദ്രിയാദികളും, പത്തെന്നത് ചലനാത്മകമായ പ്രാണശക്തികളും, ഒന്നെന്നെന്നത് സര്‍‌വ്വാധാരവും, അഖണ്ഡവുമായ ഹൃദയസ്ഥനവുമാണ്. പ്രപഞ്ചത്തിലെ ഓരോ സ്ഥാനവും അലങ്കരിക്കുന്ന ഉപദേവതകളുടെയെല്ലാം ആത്മാവാണ് ഭഗവാന്‍ ഹരി. അവരുടെ പ്രാര്‍ത്ഥനയില്‍ സം‌പ്രീതനായ ഭഗവാന്‍ അവരുടെ ജ്ഞാനത്തിനായ്ക്കൊണ്ട് ഈ പ്രപഞ്ചത്തെ ഉജ്ജ്വലിപ്പിച്ച് അവര്‍ക്ക് കാട്ടിക്കൊടുത്തു."

മൈത്രേയന്‍ തുടര്‍ന്നു: "ഇനി ഞാന്‍ പറയുവാന്‍ പോകുന്ന കാര്യം, ലോകനാഥനായ ഭഗവാന്‍ പ്രപഞ്ചസൃഷ്ടിക്കുശേഷം അതിനുമേല്‍ ആധിപത്യം സ്ഥാപിക്കുന്ന ഉപദേവതകളെ ഏതുവിധം സൃഷ്ടിച്ചുവെന്നതിനെക്കുറിച്ചാണ്. ലോകപാലകന്മാരില്‍ ഒന്നായ അഗ്നിദേവന്‍ ആ പ്രപഞ്ചപുരുഷന്റെ വക്ത്രത്തില്‍ നിന്നുമുടലെടുത്തു. അഗ്നിദേവന്‍ തന്റെ ശക്തിയായ ജിഹ്വയുമായി സ്ഥാനാരോഹണം ചെയ്തു. ഈ ജിഹ്വയാലത്രേ ജീവികള്‍ ശബ്ദോച്ഛാരണം നടത്തുന്നതു. തുടര്‍ന്ന്, താലുകം രൂപാന്തരപ്പെട്ടപ്പോള്‍ വരുണന്‍ അതിന്റെ അധിപനായി ജന്‍‌മം കൊണ്ടു. താലുകത്തിലൂടെ ജീവികള്‍ രുചിയറിയുന്നു. പിന്നീട് ഭഗവാന്‍ നാസാരന്ധ്രങള്‍ സൃഷ്ടിക്കുകയും, അതിന്നധിപതിയായി അശ്വിനികുമാരന്മാരെ വാഴിക്കുകയും ചെയ്തു. അങനെ ജീവജാലങള്‍ മണക്കാന്‍ തുടങി. അതിനുശേഷം വിരാട്പുരുഷന്റെ ഇരുനയനങളും വ്യക്തമായി. അതിന്റെ പാലകന്‍‌ സൂര്യദേവനായി അവതരിച്ചു. അതിലൂടെ ജീവികള്‍ക്ക് ദൃശ്യാനുഭവമുണ്ടായിത്തുടങി. ആ പരമപുരുഷന്റെ ത്വക്ക് രൂപം കൊണ്ട മാത്രയില്‍ അതിന്റെ പാലകന്‍ അനിലനായിവന്ന് ശ്വസനശക്തിയോടുകൂടി സ്ഥാനമേറ്റു. അതുമുതലാണ് ജീവികള്‍ സ്പര്‍ശനാനുഭൂതി തിരിച്ചറിഞുതുടങിയത്. തുടര്‍ന്ന്, ശ്രോത്രത്തെ അതിന്റെ പാലകരായ ദിക്ക്‌ദേവതകളോടൊപ്പം സൃഷ്ടമാക്കി. ഇവരുടെ ശക്തിയായ കേള്‍‌വിയിലൂടെ ജീവഗണങള്‍ ശബ്ദത്തെ അനുഭവിച്ചുതുടങി. തതനന്തരം, തനുരുഹങള്‍ രൂപം കൊണ്ടപ്പോള്‍ അതിന്നധിപതിയും അവതരിച്ചു. അന്നുമുതല്‍ ജീവൗഘങള്‍ സ്പര്‍ശനാനുഭൂതിരസം നുകരാന്‍ ആരംഭിച്ചു. തുടര്‍ന്നാണ് വിരാട്രൂപത്തില്‍ ജനനേന്ദ്രിയങള്‍ പ്രത്യക്ഷമായത്. പ്രജാപതി വീര്യശക്തിയോടൊപ്പം അതിന്റെ പാലകനായി സ്ഥാനാരോഹണം ചെയ്തു. അങനെ ജീവസമൂഹങള്‍ ഇണചേര്‍ച്ചയെ ആസ്വദിച്ചുതുടങി. ഗുദം സൃഷ്ടമായ അവസ്ഥയില്‍ മിത്രന്‍ അതിന്നധിപതിയായി തന്റെ ശക്തിയോടൊപ്പം സ്ഥാനമേല്‍ക്കുകയും, ജീവികളുടെ വിസര്‍ജ്ജനശീലത്തിനുകാരണമാകുകയും ചെയ്തു. 

ആ വിശ്വപുരുഷന്റെ ബാഹുദ്വയങള്‍ ഉണ്ടായതോടെ സ്വര്‍ഗ്ഗാദിപതിയായ ഇന്ദ്രന്‍ തത്സ്ഥാനത്തിരുന്ന് തന്റെ കര്‍മ്മങളനുഷ്ഠിച്ചുതുടങി. തന്മൂലം ജീവൗഘങള്‍ തങളുടെ സ്വധര്‍മ്മത്തെ ആചരിക്കാന്‍ പഠിച്ചു. അനന്തരം, ഭഗവാന്റെ പാദങള്‍ വിന്യസിക്കപ്പെട്ടു. വിഷ്ണുവെന്ന നാമധേയത്തോടുകൂടി അതിന്റെ ഉപദേവത തത്സ്ഥാനത്തിരുന്ന് അതിനെ പാലനം ചെയ്തു. അങനെ ജീവികള്‍ ചലനശീലരായിമാറി. പ്രപഞ്ചപുരുഷന്റെ ബുദ്ധി സൃഷ്ടമായ വേളയില്‍ വേദാധിപതിയായ ബ്രഹ്മദേവന്‍ തന്റെ ഗ്രഹണശക്തിയുമായി അതില്‍ സ്ഥാനാരോഹണം നടത്തി. അങനെ ജീവികള്‍ വിവേകശീലരായി ചിന്തിച്ചുതുടങി. പിന്നീട് ഹൃദയമുണ്ടാകുകയും, ഇതിലേക്ക് ചന്ദ്രന്‍ മനസ്സുമായി രംഗപ്രവേശം ചെയ്യുകയും ചെയ്തു. അന്നുമുതലത്രേ ജീവികള്‍ സ്വമനസ്സിനെ അറിയാന്‍ തുടങിയത്. തുടര്‍ന്ന്, വിരാട്രൂപത്തില്‍ അഹങ്കാരം ഉടലെടുത്തു. രുദ്രന്‍ അതിന്നധിപതിയായി സ്ഥാനമേറ്റു. അങനെ ജീവജാലങള്‍ തങളുടെ കര്‍ത്തവ്യങളെക്കുറിച്ച് ചിന്തിച്ചറിയാന്‍ തുടങി. അതിനുശേഷം ബോധം ഉത്ഭവിക്കുകയും, അതിലേക്ക് മഹത് തത്വം സശക്തം പ്രവേശിക്കുകയും ചെയ്തു. അതിനാല്‍ ജീവഗണങള്‍ ജ്ഞാനം സായത്തമാക്കിത്തുടങി. വിരാട്പുരുഷന്റെ ശിരസ്സില്‍നിന്നും സ്വര്‍ല്ലോകങളും, പാദങളില്‍നിന്ന് ഭൂലോകങളും, ഉദരത്തില്‍ നിന്നും ആകാശവും, വെവ്വേറെയുടലെടുത്തു. അനന്തരം, ഇതിനുടെ പാലകരായ ഉപദേവതകളും മറ്റും ത്രിഗുണങളാല്‍ ജന്യമാകുകയും ചെയ്തു. 

സത്വജമായി അതിമഹത്വമാര്‍ന്ന ദേവതകള്‍ സ്വര്‍ല്ലോകത്തിലും, രജോഗുണോത്ഭൂതങളായ മാനുഷര്‍ തങളുടെ ആജ്ഞാനുവര്‍ത്തികളായ അന്യജീവികള്‍ക്കൊപ്പം ഭൂലോകത്തിലും വാണു. തമോഗുണോത്പ്പന്നമായ രുദ്രാനുചാരികള്‍ ആകാശത്തില്‍ ഭൂലോകത്തിനും സ്വര്‍ല്ലോകത്തിനും മധ്യേയുള്ള വ്യോമഭാഗങളില്‍ സ്ഥിതരായി. ഹേ കുരൂദ്വഹാ!, പ്രപഞ്ചപുരുഷന്റെ തിരുമുഖത്തുനിന്നും വേദങളുണ്ടായി. അതില്‍ അഭിരുചികൊള്ളുന്നവരെ ബ്രാഹ്മണരെന്നു വിളിക്കാന്‍ തുടങി. അവരത്രേ സമൂഹത്തില്‍ ആത്മീയാചാര്യന്മാരായി മനുഷ്യര്‍ക്ക് ജ്ഞാനം പ്രദാനം ചെയ്തുനടക്കുന്നത്. അതിനുശേഷം വിരാട്രൂപന്റെ ബാഹുക്കളില്‍നിന്നും ക്ഷത്രം ഉടലെടുത്തു. അതിന്നാധിപത്യം സ്ഥാപിച്ചുകൊണ്ട് കഷത്രിയല്‍ ജന്മം കൊണ്ടു. അവര്‍ സമൂഹത്തിന്റെ രക്ഷിതാക്കളായി സ്വധര്‍മ്മമനുഷ്ഠിച്ചു. ദുര്‍മ്മാര്‍ഗ്ഗികളാലും കള്ളന്മാരാലും സമൂഹത്തിലുണ്ടാകുന്ന ദുരവസ്ഥകളില്‍നിന്നും ജനങളെ ഇവര്‍ കാത്തുസൂക്ഷിക്കുന്നു. തുടര്‍ന്ന്, സമൂഹത്തിലെ ഉപജീവനമാര്‍ഗ്ഗങളായ സാധനസാമഗ്രികളുടെ ഉത്ഭവവും, ജനങളിലേക്കുള്ള അവയുടെ വിതരണവും ആ ബൃഹദ്രൂപിയുടെ തുടകളില്‍ നിന്നുണ്ടായി. ധാര്‍മ്മികമായ ചുമതലയേറ്റുകൊണ്ട് അതിനെ പരിപാലിക്കുന്നതിനായി വൈശ്യജനസമൂഹം ഉടലെടുത്തു. അനന്തരം, സേവനം അവന്റെ പാദങളില്‍നിന്നും ജന്യമായി. അവയുടെ ആധിപത്യം ശൂദ്രസമൂഹങളേറ്റെടുത്തു പരിപാലനം ചെയ്തു. ധര്‍മ്മപരിപൂത്തിയുടെ അവസാനഭാഗമായി അവര്‍ അതിലൂടെ ഭഗവാന്‍ ഹരിയെ സന്തുഷ്ടനാക്കി. 

ഈ നാലുവര്‍ണ്ണങളും തങളുടെ ഗുണഗണങള്‍ക്കനുസരിച്ച് ആ വിരാട്രൂപനില്‍നിന്നുണ്ടായതാണ്. ആയതിനാല്‍ ധാര്‍മ്മികമായ ജീവിതാനുഷ്ഠാനങള്‍ ആചരിക്കുവാനും, ഒടുവില്‍ പരമമായ ഗതിയെ പ്രാപിക്കുവാനും ഇവര്‍ക്കേവര്‍ക്കും ആ പരമപുരുഷനെ അനന്യമായി ആശ്രയിക്കേണ്ടിവന്നു. 

അല്ലയോ വിദുരരേ!, ഭഗവാന്‍ ഹരി തന്റെ മായാശക്തിയാല്‍ സൃഷ്ടിക്കപ്പെട്ട ബൃഹത്തായ ഈ വിരാട്പുമാന്റെ കാല-കര്‍മ്മ-മായാശക്തികളെ ആര്‍ക്കാണ് ഇവിടെ അളക്കുവാനും നിര്‍‌വ്വചിക്കുവാനും കഴിയുന്നത്?. ഹേ അനഘനായ വിദുരരേ!, ഞാന്‍ കേട്ടിടത്തോളവും മനസ്സിലാക്കിയിടത്തോളവുമുള്ളത്ര അവന്റെ മായാമഹിമകളെ ഞാനിതാ വീണ്ടും അങയോട് പറയാന്‍ പോകുന്നു. ആ ദിവ്യലീലകളെക്കുറിച്ചറിയാത്തപക്ഷം തീര്‍ച്ചയായും നമ്മള്‍ കൂരിരിട്ടിലേക്ക് ഊര്‍ന്നുപോകുകയേയുള്ളൂ. കാരണം മനുഷ്യജന്മത്തിന്റെ യഥാര്‍ത്ഥലക്‌ഷ്യം അവന്റെ അത്ഭുതചരിതങളും മഹിമകളും പാടി അവനെ സ്തുതിക്കുക എന്നുള്ളതാണ്. ഈ ദിവ്യലീലകളെ ജ്ഞാനികള്‍ വളരെമനോഹരമായ ഗ്രന്ഥങളാക്കി മനുഷ്യനു നല്‍കിയിരിക്കുന്നു. അവയുടെ ശ്രവണമാത്രയില്‍തന്നെ മനുഷ്യന്റെ ശ്രോത്രേന്ദ്രിയങളുടെ ഉപയോഗം സാധൂകരിക്കപ്പെടുന്നു. 

മകനേ!, ആദ്യകവിയായ ബ്രഹ്മദേവന്‍പോലും ആയിരം വര്‍ഷത്തെ കഠിനതപസ്സിനുശേഷം മനസ്സിലാക്കിയത് അവന്റെ ആദ്യന്തരഹിതമായ ലീലകള്‍ ബുദ്ധിക്ക് അഗ്രാഹ്യമാണെന്ന സത്യത്തെയാണ്. ഭഗവാന്‍ ഹരിയുടെ മായാലീലകള്‍ ഇന്ദ്രജാലക്കാരെക്കൂടി ഭ്രമിപ്പിക്കുന്നു. ആത്മവര്‍ത്മനായ ഭഗവാന്‍ സ്വയമേവപോലും തന്റെ ആദ്യന്തരഹിതവും, അനന്തവുമായ ശക്തിവൈഭവത്തെ അറിയുന്നില്ല പോല്‍. പിന്നെ മറ്റുള്ളവരുടെ വിശേഷം പറയാനെന്തിരിക്കുന്നു?. വാക്കിനോ, മനസ്സിനോ, അഹങ്കാരത്തിനോ, തന്റെ ഉപദേവതകള്‍ക്കൊപ്പം കിണഞുപരിശ്രമിച്ചിട്ടും അവനെ അറിയുവാന്‍ കഴിഞില്ലത്രേ!. അതുകൊണ്ട് വിവേകത്തിനഗ്രാഹ്യമായ ഭഗവാന്‍ ഹരിയെ ഹൃദയംകൊണ്ട് നമിക്കുവാന്‍ മാത്രമേ മനുഷ്യനു സാധിക്കുകയുള്ളൂ.

ഇങനെ ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ധം  ആറാമധ്യായം സമാപിച്ചു.

ഓം തത് സത്

2014, ഫെബ്രുവരി 5, ബുധനാഴ്‌ച

3.5 വിദുരമൈത്രേയ സംവാദം.

ഓം

ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ധം  അദ്ധ്യായം - 5

ശ്രീശുകന്‍ പറഞു:. "രാജന്‍!, ഉദ്ധവരുടെ ഉപദേശപ്രകാരം കുരുശ്രേഷ്ഠനായ വിദുരര്‍ ഗംഗയുടെ തീരത്തെത്തി. അവിടെയാണല്ലോ മാഹാപണ്ഡിതനായ മൈത്രേയമുനി തപം ചെയ്യുന്നത്. സൗമ്യശീലനായ വിദുരര്‍ മൈത്രേയനെ കണ്ടുവണങി തന്റെ ഇംഗിതം അറിയിച്ചു. 

വിദുരര്‍ പറഞു: "മഹാമുനേ!, ഈ ലോകത്തില്‍ സര്‍‌വ്വരും കാമ്യകര്‍മ്മങളുടെ അനുഷ്ഠാനം മാത്രമാണിച്ഛിക്കുന്നത്. മനഃശാന്തിക്കായോ, ദുഃഖോപശാന്തിക്കായോ ഒരുത്തരുംതന്നെ പ്രയത്നിക്കുന്നില്ല. മാത്രമല്ല, ഇത്തരം കര്‍മ്മാനുഷ്ഠാനങളില്‍ അവര്‍ എന്നെന്നും മുന്നേറുകയുമാണ്. അതിനാല്‍ ആത്മശാന്തിനേടുന്നതിനായി മനുഷ്യര്‍ ഇവിടെ അനുഷ്ഠിക്കേണ്ട ജീവിതം എങനെയുള്ളതാണെന്നരുളിചെയ്താലും. പ്രഭോ!, ഭഗവത്പാദസ്മരണയില്‍ നിന്നകന്ന്, അനാത്മീയമായ ജീവിതം നയിക്കുന്ന ജീവാത്മാക്കളോടുള്ള കരുണയില്‍, ഇവിടെയുള്ള മഹാത്മാക്കള്‍ ഭഗവത് നാമത്തില്‍ ലോകമംഗളം കാംക്ഷിച്ചുകൊണ്ട് നിത്യേന ഉലകം മുഴുവന്‍ ചരിച്ചുകൊണ്ടേയിരിക്കുക്ന്നു. അതുകൊണ്ട് ഹേ മഹാത്മന്‍!, ഭഗവാനില്‍ ഭക്തിയുണ്ടാകുവാന്‍ ഞങളെ അനുഗ്രഹിച്ചാലും. അങനെയെങ്കില്‍, ആ ഭക്തികൊണ്ട്, സര്‍വ്വാന്തര്യാമിയായ അവന്റെ തത്വം ഞങളിലും തെളിയാന്‍ വഴിയുണ്ട്. മഹാമുനേ!, സര്‍‌വ്വസ്വതന്ത്രനും, കാമരഹിതനുമായ ആ നാരായണന്‍ ഇവിടെ എങനെ വിവിധ അവതാരങളെടുക്കുന്നുവെന്നും, ഏതുവിധം അവന്‍ ഇവിടെ ഇക്കണ്ട സൃഷ്ടികളെല്ലാം ചെയ്ത് അവയെ പരിപാലിച്ച് വിളങുന്നുവെന്നുമറിയാന്‍ ഞങള്‍ക്കതിയായ ആഗ്രഹമുണ്ട്.

അവന്‍ തന്റെ ഹൃദയമാകുന്ന ക്ഷീരസാഗരത്തില്‍ സദാ യോഗനിദ്രകൊള്ളുന്നു. തന്റെ സകലസൃഷ്ടിയും അതില്‍ വ്യാപരിപ്പിച്ച്, ഇന്നു നാം കാണുന്ന അനേകകോടി ജീവജാലങളായി സ്വയം മാറുകയും ചെയ്യുന്നു. അവയെ നിലനിറുത്തുന്നതിലേക്ക് അവന് യാതൊന്നുംതന്നെ ചെയ്യേണ്ടതായില്ല. അവന്‍ സകലയോഗങളുടേയും ഈശ്വരനും, സര്‍‌വ്വത്തില്‍ നിന്നും വ്യത്യസ്ഥനുമാണ്. പ്രഭോ!, അവന്‍ പശുക്കള്‍ക്കും, ബ്രാഹ്മണര്‍ക്കും, ദേവകള്‍ക്കും തങളുടെ സര്‍‌വ്വരക്ഷകനായി നിലകൊള്ളുന്നു. അങനെയുള്ള അവന്റെ അത്ഭുതചരിതങള്‍ അവോളം കേട്ടിട്ടും ഞങള്‍ക്ക് മതിവരുന്നില്ല. ഞങളുടെ ദാഹമകലുവോലം അവന്റെ മഹിമകള്‍ അങ് പ്രകീര്‍ത്തിച്ചാലും. സര്‍‌‌വ്വലോകങളുടേയും നാഥനായ ഭഗവാന്‍ നാനാജീവജാലങള്‍ക്കധിവസിക്കുന്നതിനായി വിവിധതരം ലോകങള്‍ സൃഷ്ടിച്ച്, അവയുടെ അധിപന്‍‌മാരേയും ജാതരാക്കി. അല്ലയോ വിപ്രവര്യാ!, ആത്മയോനിയായ നാരായണന്‍ എങനെയാണ് ഈ ജീവപ്രപഞ്ചത്തെ ഇത്ര വ്യത്യസ്ഥമായ രൂപത്തിലും ഭാവത്തിലും നിര്‍മ്മിച്ചിരിക്കുന്നത്?.

പ്രഭോ!, മനുഷ്യസമൂഹത്തിലെ ഉച്ഛനീചത്വങളെക്കുറിച്ച് ഞാന്‍ തൃപ്തിവരുമാറ് വ്യാസഭഗവാനില്‍ നിന്നും യഥേഷ്ടം കേട്ടിരിക്കുന്നു. പക്ഷേ കൃഷ്ണകഥാമൃതത്തെക്കുറിച്ച് കൂടുതലായൊന്നുംതെന്നെ അവര്‍ പറഞിട്ടില്ല. അവനെക്കുറിച്ച് കേട്ടിട്ടില്ലാത്ത ഏതുമനുഷ്യനാണ് ഈ സമൂഹത്തില്‍ ആത്മസംതൃപ്തി കൈവന്നിട്ടുള്ളത്? അവന്റെ തൃപ്പാദങളാകട്ടെ സകലതീര്‍ത്ഥങളുടേയും ആകെത്തുകയാണ്. ആ പുണ്യപാദത്തെയാണ് മഹാത്മാക്കള്‍ നിത്യേന പൂജ ചെയ്യുന്നത്. അവന്റെ കഥാമൃതം ശ്രോത്രേന്ദിയങളിലൂടെ ഒരുവന്റെ ഉള്ളിലേക്ക് കടക്കുന്നമാത്രയില്‍ അവന് പുത്രമിത്രകളത്രാദി സമ്പത്തുകളുടെ നിജസ്ഥിതി ഗ്രാഹ്യമാകുകയും, അവയില്‍ ക്രമേണ വിരക്തിയുണ്ടാകുകയും ചെയ്യുന്നു.

പ്രഭോ!, അങയുടെ സഖന്‍ കൃഷ്ണദ്വൈപായനന്‍ ഭഗവാന്റെ ദിവ്യലീലകളെക്കുറിച്ച് മഹാഭാരതഗ്രന്ഥത്തില്‍ ധാരാളം പ്രതിപാദിച്ചിട്ടുണ്ട്. ഐഹികമായ വിവിധവിഷയങളിലൂടെ സാധാരണജനങളുടെ ശ്രദ്ധയെ ആകര്‍ഷിച്ച് വ്യാസന്‍ ഇതെല്ലാം പറഞുവച്ചത് ഭഗവാന്റെ അദ്ധ്യാത്മഗീതയെ ജനങളിലെത്തിക്കുവാന്‍ വേണ്ടിയായിരുന്നു. കൃഷ്ണകഥ നിരന്തരം കേള്‍ക്കുന്നവരുടെ ഹൃദയത്തില്‍ മറ്റുള്ളവിഷയങളെ സംബന്ധിച്ച് വൈരഗ്യാഭാവം വന്നുഭവിക്കുന്നു. നിത്യനിരന്തരമായുള്ള ഭഗവത് സ്മൃതിയിലൂടെ ഒരുവന്റെ ജന്മജന്മാന്തര ദുഃഖങളും ദുരിതങളും അവനെ വിട്ടൊഴിയുന്നു.

അല്ലയോ മുനേ!, മനുഷ്യര്‍ ഭഗവാനില്‍ നിന്നകന്ന് പാപങള്‍ ചെയ്തുകൂട്ടി, തത്വചിന്താപരവും, കാല്പ്പനികവും, അനുഷ്ഠാനപരവുമായ വകകളില്‍ ബുദ്ധിയെ വ്യാപരിപ്പിച്ച്, തങളുടെ ആയുസ്സ് നിഷ്ഫലമാക്കുന്ന ദയനീയമായ അവസ്ഥകണ്ട് എനിക്ക് അവരോട് അനുകമ്പ തോന്നുകയാണ്. ദീനവത്സലനായ മത്രേയമുനേ!, ഭഗവാന്റെ മഹിമകള്‍ മാത്രമാണ് സകലലോകങളിലും സര്‍‌വ്വാധാരമായുള്ളത്. അതുകൊണ്ട്, മധുപന്‍ പുഷ്പങളില്‍നിന്നും മധുകണം ഊറിയെടുക്കുന്നതുപോലെ, ആ പരമപുരുഷന്റെ കഥാമൃതരസം കടഞെടുത്ത് ഞങള്‍ക്ക് പ്രദാനം ചെയ്താലും. ഇവിടെ സര്‍‌വ്വശക്തനായി, സകലൈശ്വര്യങളോടൊപ്പം, പൂര്‍ണ്ണാവതാരം കൈക്കൊണ്ട്, പ്രപഞ്ചത്തിനെ പരിപാലിച്ചുപോരുന്ന ഭഗവാന്റെ അത്യത്ഭുതവും, അതിമാനുഷികവുമായ മഹിമകള്‍ കേള്‍ക്കന്‍ ഞങള്‍ വെമ്പല്‍ പൂണ്ടിരിക്കുകയാണ്."

ശ്രീശുകന്‍ പറഞു: മുനിമാരേ!, വിദുരരുടെ പ്രാര്‍ത്ഥനയില്‍ സന്തുഷ്ടനായ മൈതേയമുനി ഉപചാരപൂര്‍‌വ്വം ലോകമംഗളത്തിനായിക്കൊണ്ട് അദ്ദേഹത്തോട് ഇപ്രകാരം പറഞു. "വിദുരരേ!, അങ് ധന്യനാണ്. ഹൃദയംഗമമായ വസ്തുതകാളാണ് അങ് ചോദിച്ചതെല്ലാം. സദാ ബ്രഹ്മാനന്ദത്തില്‍ മുഴുകി ജീവിക്കുന്ന അങ് ഈയുള്ളവനോടും ഈ ലോകത്തോടുതന്നെയും കരുണയുള്ളവനാണ്. വ്യാസപുത്രനായ അങ് അനന്യഭാവത്തില്‍ ഭഗവാനെ സേവിക്കുന്നു. ഹേ ഭഗവന്‍!, അങ് പണ്ട് യമരാജനായിരുന്നുവെന്നും, പിന്നീട് മാണ്ഡവ്യമുനിയുടെ ശാപത്താല്‍ സത്യവതീപുത്രനായ വേദവ്യാസഭഗവാന് മകനായിപിറന്ന വിദുരരാണെന്നും ഞാന്‍ അറിയുന്നു. കൂടാതെ അങ് ഭഗവാന്റെ നിത്യോപാസകനാണ്. അങേയ്ക്കുവേണ്ടിയായിരുന്നു ഭഗവാന്‍ ഈ നരലോകം ത്യജിച്ച് തിരിച്ചുപോകുമ്പോള്‍ തന്റെ തത്വത്തെ എനിക്കുപദേശം ചെയ്തിരുന്നതെന്നും ഞാന്‍ അറിയുന്നു. അതുകൊണ്ടിതാ അവന്റെ അപാരമഹിമയെ ഞാന്‍ അങേയ്ക്കുമുന്നില്‍ വര്‍ണ്ണിക്കാന്‍ തുടങുകയാണ്.

ദിവ്യമായ മഹിമകളിലൂടെ അവന്‍ ഈ മായാപ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതിസംഹാരപ്രക്രിയകള്‍ കൊണ്ടാടുന്നു. ഇവിടെ സൃഷ്ടിക്കുമുമ്പ് സകലജീവനാഥനായ ആ പരമാത്മാവ് മാത്രമായിരുന്നു ഏകനായിയുണ്ടായിരുന്നത്. അവന്‍ പരമകാരണമായി ഇവിടെ സൃഷ്ടിസ്ഥിതിലയം സംഭവിച്ചുകൊണ്ടേയിരിക്കുന്നു. അവന്‍ യുഗങള്‍തോറും പല രൂപത്തിലും ഭാവത്തിലും ഇവിടെ അവതീര്‍ണ്ണനായി തന്റെ ധര്‍മ്മം പരിപാലിക്കുന്നു. അവന്‍ മാത്രമായിരുന്നു പ്രപഞ്ചസകലത്തിന്റേയും ദ്രഷ്ടാവ്. ആ സമയം ഇക്കാണുന്ന പ്രപഞ്ചം ഇവിടെയുണ്ടായിരുന്നില്ല. ഈ അപൂര്‍ണ്ണതയില്‍ അവന്‍ അസന്തുഷ്ടനായി. പ്രകൃതി ഉറങിക്കിടന്നിരുന്ന ആ സമയം പുരുഷന്‍ ഉണര്‍ന്നിരുന്നു. ഈശ്വരന്‍ ദ്രഷ്ടാവും, അവന്റെ ബാഹ്യശക്തി ദൃശ്യവുമാണ്. ഈ ദൃശ്യം പ്രപഞ്ചോത്പ്പത്തിയില്‍ കര്യകാരണങളായി പ്രവര്‍ത്തിക്കുന്നു.

അല്ലയോ ഭാഗ്യവാനായ വിദുരരേ!, ഈ ബാഹ്യശക്തിപ്രതിഭാസത്തെ നാം മായ എന്നുവിളിക്കുന്നു. അവളാകട്ടെ, തന്റെ പരിവാരങളോടൊപ്പം ചേര്‍ന്ന് ഈ പ്രപഞ്ചത്തിന്റെ രചനചെയ്യുന്നു. അധോക്ഷജനായ ഭഗവാന്‍ പുരുഷനായിയവതരിച്ച് ത്രിഗുണാത്മികയായ മൂലപ്രകൃതിയില്‍ തന്റെ വീര്യം കടത്തുന്നു. തുടര്‍ന്ന് കാലത്തിന്റെ പ്രഭാവത്താല്‍ ഇവിടെ ജീവകണങള്‍ ഉത്ഭവിക്കുന്നു. ഭഗവാന്റെ പുരുഷാവതാരത്തിനുശേഷം കാലപ്രഭാവത്താല്‍ മഹത് തത്വമുണ്ടാകുകയും, ഈ മഹത് തത്വത്തില്‍ തന്റെ ശരീരത്തിലുള്ള വിത്തുകള്‍ പാകുകയും, അങനെ പ്രപഞ്ചം ആവിര്‍ഭവിക്കുകയും ചെയ്യുന്നു. തുടര്‍ന്ന്, മഹത് തത്വം സ്വയം പലതായിപ്പിരിഞ് പിറക്കാനിരിക്കുന്ന ജീവജാലങളുടെ ഭണ്ഡാരമായി മാറുകയും ചെയ്യുന്നു. തമോഗുണമയമായ ഈ മഹത് തത്വം സ്വാഭാവികമായി അഹങ്കാരതത്വത്തിനെ ജനിപ്പിക്കുന്നു. എങ്കിലും മഹത് എന്നത് കാലബോധാദികളടങുന്ന ഭഗവതംശങള്‍ തന്നെയാണ്. ഈ മഹത് തത്വം കാര്യം, കാരണം, കര്‍ത്താവ്, എന്നിങനെ മൂന്ന് തരത്തിലുള്ള അഹങ്കാരങളായി പരിണമിക്കുന്നു. പഞ്ചഭൂതാധിഷ്ഠിതമായ ഇവയെല്ലാം മാനസേന്ദ്രിയാദി തലങളിലുള്ള പരിവര്‍ത്തനങളാണ്. മഹത്തില്‍ നിന്നും ഉടലെടുക്കുന്ന ഈ അഹങ്കാരതത്വങള്‍ പ്രകൃതിയുടെ സാത്വികരാജസികതാമസികഗുണങളില്‍ പ്രതിനിധീഭവിച്ചിരിക്കുന്നു.

അഹങ്കാരതത്വം സത്വഗുണവുമായി കൂടിച്ചേര്‍ന്ന് മനസ്സായി ഭവിക്കുന്നു. സകലലോകാധിപതിദേവതകളും ഈ തത്വത്തിന്റെ പരിണിതഫലങളാണ്. രജസ്സ് അഹങ്കാരവുമായി പാരസ്പര്യത്തിലേര്‍പ്പെടുമ്പോള്‍ ഇന്ദ്രിയങളുണ്ടാകുന്നു. തുടര്‍ന്ന് ജ്ഞാനവും, കര്‍മ്മവും രജസ്സില്‍നിന്നുത്ഭവിക്കുന്നു. എന്നാല്‍ തമോഗുണവുമായി അഹങ്കാരതത്വം കൂടിച്ചേരുമ്പോള്‍ ഭഗവത്സ്വരൂപമായ ആകാശം രൂപം കൊള്ളുന്നു. ഭഗവാന്‍ നാരായണന്‍ ഈ അനന്താകാശത്തിലേക്ക് തൃക്കണ്‍പാര്‍ക്കുമ്പോള്‍ തന്റെ കാലത്തിന്റേയും മായയുടേയും വൈഭവത്തോടുകൂടി സ്പര്‍ശം ഉണ്ടാകുന്നു. അനന്തരം സ്പര്‍ശത്തില്‍നിന്നും വായു ഉടലെടുക്കുന്നു. ഉരുബലാന്വിതമായ അനിലല്‍ ആകാശവുമായി കൂടിച്ചേര്‍ന്ന് ഇന്ദ്രിയ തന്മാത്രകളുണ്ടായി. തുടര്‍ന്ന് ഈ തന്മാത്രകള്‍ വീണ്ടും പരിണമിച്ച് പ്രപഞ്ചദൃശ്യാനുഭവം വ്യക്തമാക്കുന്ന ജ്യോതിസ്സായി മാറി. പിന്നീട് ആ ജോതിസ്സ് വായുവുമായി ഇഴുകിച്ചേര്‍ന്നതോടെ ഭഗവാന്‍ തന്റെ തൃക്കണ്ണുകള്‍കൊണ്ട് അവയെ ഒന്നു നോക്കി. അനന്തരം, കാലവും മായയും സം‌യുക്തമായി ജലവും രുചിയുമുണ്ടായി. ഈ ജലത്തിനെ ഭഗവാന്‍ തന്റെ കാലവും മായയും സമന്വയിപ്പിച്ചുകൊണ്ട് വീണ്ടും കണ്ടു. അങനെ ഗന്ധത്തോടുകൂടി ഭൂമിയും ഉടലെടുത്തു.

ഹേ ഭഗവന്‍!, അങ് അനന്താകാശത്തില്‍നിന്നുമുടലെടുത്ത് ഭൂമിയിലേക്ക് നിപതിക്കുന്ന സകലഭൂതങളും, അഥവാ മേന്മയേറിയതും കുറഞതുമായ സകലഗുണഗണങളും, ആ ആദിനാരായണന്‍ തന്റെ തൃക്കണ്‍നോട്ടമെറിയാതെ അസംഭവ്യമാണ്. ഈ പറഞ സകലഭൂതങളുടേയും അധിപതികാളായ ദേവതകളൊക്കെയും ഭഗവാന്‍ ശ്രീമഹാവിഷ്ണുവിന്റെ ശക്തിമത്തായ സൃഷ്ടിവൈഭവങളാണ്. അവരുടെ രൂപങളത്രയും അവന്റെ കാലവും മായാശക്തിയും ചേര്‍ന്നുണ്ടായ ഭഗവത് അംശങള്‍ മാത്രമാണ്. അവരാകട്ടെ, തങള്‍ക്ക് വിധിച്ചിട്ടുള്ള കര്‍ത്തവ്യങളെ നിറവേറ്റുവാന്‍ കഴിയാതെവന്ന അവസരങളില്‍ തങളുടെ ഹൃദയം കൊണ്ട് ഭഗവാനെ വിളിച്ചുപ്രാര്‍ത്ഥിച്ചു."

അവര്‍ പറഞു: "ദേവാ!, നിന്നില്‍ ശരണാഗതരായവര്‍ക്ക് അവിടുത്തെ പാദാരവിന്ദം അവരുടെ താപമകറ്റിക്കൊണ്ട് അവര്‍ക്കുമുകളില്‍ വിടര്‍ന്നുനില്‍ക്കുന്ന ഒരു ആതപത്രമാണ്. ജ്ഞാനികളായ ഋഷികളാകട്ടെ, ആ ആതപത്രത്തെ മാത്രം ആശ്രയിച്ചുകൊണ്ട് തങളുടെ സംസാരദുഃഖങളെ ഒന്നൊഴിയാതെ അകറ്റിക്കളയുന്നു. അതിനാല്‍ ഞങളുമിതാ ആ പാദപങ്കജത്തെ നമിക്കുകയാണ്. ഭഗവാനേ!, ഇവിടെ ആദിഭൗതികവും, ആദിദൈവികവും, അദ്ധ്യാത്മികവുമായ ത്രിദോഷങളില്‍പെട്ട് ഉഴലുന്നവരായ ജീവഭൂതസംസാരികള്‍ക്ക് എങനെ സന്തോഷവും, സമാധാനവും ഉണ്ടാകാന്‍ പോകുന്നു?. അവര്‍ അതിനായി എന്നെന്നും അവിടുത്തെ ചരണാരവിന്ദച്ഛായയെ തങളുടെ ഏകാശ്രയമായി കണക്കാക്കുന്നു. അതുപോലെ, ദേവാദിദേവാ!, ജ്ഞാനസര്‍‌വ്വാര്‍ത്ഥമായ അവിടുത്തെ തൃപ്പാദപങ്കജങളെ ഞങളുമിതാ വന്ദിക്കുന്നു. ആ പൊന്‍പാദപങ്കജങള്‍ സകലതീര്‍ത്ഥങളുടേയും അഭയസ്ഥാനമാണ്. ശ്രുതികളെ ചിറകുകളാക്കിയ നിസ്സംശയരായ മുനികള്‍പോലും അവിടുത്തെ തിരുമുഖകമലം തേടി സദാ അലഞുതിരിയുന്നു. അവരില്‍ ചിലരാകട്ടെ, പാപനാശിനിയായ ഗംഗയെ ആശ്രയമാക്കി അവിടുത്തെ പാദപത്മത്തില്‍ അടിപണിയുന്നു. ആ അംഘ്രിപത്മത്തെക്കുറിച്ച് ശ്രദ്ധയോടെ കേള്‍ക്കുന്ന മാത്രയില്‍, അഥവാ, അവയെ ഭക്തിയോടെ ഹൃദയത്തില്‍ സ്മരിക്കുന്ന മാത്രയില്‍ ഒരുവന്‍ വൈരാഗ്യത്താല്‍ പാപവിമുക്തനാകുകയും, അവനില്‍ ക്രമേണ അദ്ധ്യാത്മജ്ഞാനം തെളിയുകയും ചെയ്യുന്നു. ആയതിനാല്‍ ഞങളിതാ ആ പാദാരവിന്ദത്തില്‍ അഭയം പ്രാപിക്കുകയാണ്.

ഭഗവാനേ!, അവിടുന്ന് ഈ പ്രപഞ്ചത്തില്‍ സൃഷ്ടിസ്ഥിതിലയങള്‍ക്കായി പലേ അവതാരങളെടുക്കുന്നു. അങയുടെ പാദാരവിന്ദത്തില്‍ ശരണം പ്രാപിക്കുന്നതോടെ അവിടുത്തെ ഭക്തന്‍മാര്‍ക്ക് തങളുടെ സര്‍‌വ്വഭയങളുമകന്ന് അങയെ എന്നെന്നും ഓര്‍ക്കുവാന്‍ സാധിക്കുന്നു. ദേവാ!, ദേഹഗേഹാദികളിലുള്ള ഒടുങാത്ത ദുരാഗ്രഹവുമായി അനുബന്ധപ്പെട്ട്, ഞാനെന്നും എന്റേതെന്നുമുള്ള മിഥ്യാബോധത്തില്‍ ജീവിതത്തെ നയിക്കുന്നവര്‍ക്ക്, നിന്റെ തൃപ്പാദദര്‍ശനം തീര്‍ത്തും അസാധ്യമത്രേ!. അങ് സദാ അവരുടെ ഹൃദയകമലത്തിലിരുന്നരുളുമ്പോഴും അവര്‍ അതറിയാതെപോകുന്നു. പക്ഷേ ഭഗവാനേ!, ഞങളിതാ അങയുടെ ചരണാംബുജത്തില്‍ അഭയം പ്രാപിക്കുന്നു. നാരായണാ!, അസതായ വൃത്തികളില്‍‌പെട്ട് ഉള്‍ക്കാഴ്ച നഷ്ടമായ മാനുഷര്‍ക്ക് അങയുടെ ചരണാരവിന്ദം ദര്‍ശിക്കാന്‍ കഴിയുന്നതല്ല. എന്നാല്‍ നിന്റെ ഭക്തന്മാരാകട്ടെ, അതിനെ എപ്പോഴും ഇമവെട്ടാതെ കണ്ടുകൊണ്ടേയിരിക്കുന്നു. കാരണം ഭഗവത് ഭക്ത്ന്മാരുടെ പരമമായ ലക്‌ഷ്യം എപ്പോഴും അവിടുത്തെ അത്ഭുതലീലകള്‍ മാത്രമാണ്.

ഭഗവാനേ!, അങയുടെ കഥാമൃതത്തെ പാനം ചെയ്യുന്നവര്‍ അങയില്‍ പ്രവൃദ്ധമായ ഭക്തിനേടി, പൂര്‍ണ്ണവൈരാഗ്യാവസ്ഥയിലെത്തി, അവിടെനിന്നും ജ്ഞാനം നേടി വൈകുണ്ഡത്തെ പ്രാപിക്കുന്നു. മറ്റുചിലര്‍, ആത്മസമാധിയോഗത്തിലൂടെ ധീരന്‍‌മാരായി, അദ്ധ്യാത്മജ്ഞാനം കൊണ്ട് പ്രകൃതിഗുണങള്‍ക്കധീതരായി, നിന്നിലേക്കെത്തിച്ചേരുന്നു. പക്ഷേ, അവര്‍ക്ക്  ഇതിലേക്ക് അത്യന്തം പ്രയത്നിക്കേണ്ടിയിരിക്കുന്നു. എന്നാല്‍, ഭക്തിയോഗംകൊണ്ട് യാതൊരുവിധപരിശ്രമവും കൂടാതെ നിന്റെ ഭക്തന്മാര്‍ നിന്നിലെത്തിച്ചേരുന്നു. ഹേ ആദ്യനായ ഭഗവാനേ!, ഞങള്‍ അങയുടെ സൃഷ്ടിയാണ്. പക്ഷേ, പ്രകൃതിയുടെ ഗുണപരിണാമങള്‍ക്കടിമപ്പെട്ട് ഞങള്‍ ഒന്നിനുപുറകേ മറ്റൊന്നായി അനേകം യോനികളില്‍ ജന്മം കൊള്ളുന്നു. ഇക്കാരണംകൊണ്ടുതന്നെ ഞങള്‍ ഇപ്പോഴും ഇതരകര്‍മ്മങളിലേപ്പെട്ടിരിക്കുന്നു. അതിനാല്‍ അങയുടെ പരമകാരുണ്യത്തിനുവേണ്ടി ഞങള്‍ക്കിതിനകം ഒന്നുംതന്നെ ചെയ്യുവാന്‍ കഴിഞിട്ടില്ല.

ഹേ അജനായ ഭഗവാനേ!, ഇവിടെ മറ്റുള്ള ജീവജാലങളും നിലനില്‍ക്കേണ്ടതുണ്ട്. ആയതിനാല്‍ ഞങള്‍ ഞങളുടെ അന്നത്തെ പങ്കുവയ്ക്കുവാന്‍ ആഗ്രഹിക്കുകയാണ്. തതര്‍ത്ഥം അങയെ ഏതുകാലത്ത്, ഏതുവിധം പ്രീതിപ്പെടുത്തണമെന്ന് ഞങളെ അറിയിച്ചാലും. കാരണം അങയുടെ സന്തോഷത്താലും അനുഗ്രഹത്താലും ഞങള്‍ക്കും ഈ പ്രപഞ്ചത്തിലെ സകലമാനജീവഗണങള്‍ക്കും തങള്‍ക്ക് വിധിച്ചിട്ടുള്ള അന്നത്തെ ദുഃഖങളൊഴിഞ് ഭുജിക്കുമാറാകട്ടെ!. ഭഗവാനേ!, കൂടസ്ഥനും പുരാണനുമായ അങാണ് ഈ പ്രപഞ്ചത്തിലെ നാനാനിരകളിലുമുള്ള ദേവതകളുടേയും പിതാവ്. അജനായ നീ നിന്റെ മായാശക്തിയെ രേതസ്സോടൊപ്പം സകല ജീവജാലങളിലും നിറച്ചിരിക്കുന്നു. ഹേ പരമാത്മാവേ!, അങയുടെ മഹത് തത്വത്തില്‍നിന്നും ആദിയിലുളവായ ഞങള്‍ക്ക് എന്തുകര്‍മ്മമാണ് അങയുടെ പ്രീതിക്കുവേണ്ടി അനുഷ്ഠിക്കുവാനുള്ളത്. അവിടുത്തെ ഇംഗിതങളെ വകയാം‌വണ്ണം നിറവേറ്റുവാനുള്ള കരുത്തും ആത്മവിശ്വാസവും ഞങള്‍ക്ക് ദയവായി അരുളുമാറാകണം.

ഇങനെ ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ധം  അഞ്ചാ മധ്യായം സമാപിച്ചു.

ഓം തത് സത്