ഓം ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം 5 (ദുർവ്വാസ്സാവുമഹർഷിയുടെ ദുഃഖനിവൃത്തി.) ശ്രീശുകബ്രഹ്മർഷി പറഞ്ഞു : “ അല്ലയോ പരീക്ഷിത്തേ!, ഭഗവദ്ചക്രത്തിന്റെ തേജസ്സിൽ തപ്തനായ ദുർവ്വാസ്സാവുമഹർഷി ഹരിയുടെ ഉപദേശം സ്വീകരിച്ചുകൊണ്ടു് അംബരീഷമഹാരാജാവിന്റെ കാൽക്കൽ വീണു മാപ്പിരന്നു. ദുർവ്വാസ്സാവു് തന്റെ കാൽ പിടിച്ചതിൽ അംബരീഷമഹാരാജാവിനു് സ്വയം ലജ്ജ തോന്നി. അദ്ദേഹം കാരുണ്യത്താൽ മുനിയുടെ ദുഃഖനിവൃത്തിയ്ക്കായി ഭഗവദ്ചക്രത്തെ സ്വയം ഭഗവാനായിക്കണ്ടു് സ്തുതിക്കുവാൻ തുടങ്ങി. ” അംബരീഷസ്തുതി: “ ഹേ ഭഗവദ്ചക്രമേ!, അങ്ങു് അഗ്നിയും സൂര്യനും, ചന്ദ്രനും, ഭൂമ്യാദി പഞ്ചഭൂതങ്ങളും, പഞ്ചേന്ദ്രിയങ്ങളും, ശബ്ദാദി തന്മാത്രകളുമാണു. ശ്രീഹരിയ്ക്കു് പ്രിയനും, സർവ്വായുധങ്ങളുടെ സംഹർത്താവും, ആയിരം ആരങ്ങളുള്ളവനുമായ അല്ലയോ സുദർശനചക്രമൂർത്തേ!, അവിടുന്നീ ദുർവ്വാസ്സാവിനു് ശരണമായി ഭവിക്കേണമേ!. ധർമ്മസ്വരൂപനും, ഋതസത്യമൂർത്തിയും, സർവ്വയജ്ഞങ്ങളുടേയും ഭോക്താവും, ലോകപാലകനും, സകലചരാചരാത്മാവും പ്രഭുവുമായിരിക്കുന്ന നിന്തിരുവടി ഇദ്ദേഹത്തിനു് ശാന്തിയരുളിയാലും. സർവ്വധർമ്മങ്ങൾക്കും ഉറവിടവും, അധർമ്മികളായ അസുരന്മാർക്കുനേരേ ധൂമകേതുവിനെപ്പോ