2019, നവംബർ 10, ഞായറാഴ്‌ച

9.1 മനുപുത്രന്മാരുടെ വംശപരമ്പരാവർണ്ണനം.


ഓം

ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം‌ 1
(മനുപുത്രന്മാരുടെ വംശപരമ്പരാവർണ്ണനം.)



പരീക്ഷിത്തുമഹാരാജാവു് പറഞ്ഞു: ഹേ ബ്രഹ്മർഷേ!, അങ്ങു് പറഞ്ഞ മുഴുവൻ മന്വന്തരങ്ങളെക്കുറിച്ചും, അതിലോരോന്നിലും ശ്രീഹരി വ്യത്യസ്ഥശക്തികളോടെ ആടിയ ലീലകളെക്കുറിച്ചും ഞാൻ ഇതിനകം അങ്ങയിൽനിന്നും കേട്ടുകഴിഞ്ഞു. കൂടാതെ, സത്യവ്രതനെന്ന രാജർഷിയെക്കുറിച്ചും, ഭഗവദ്ഭജനത്താൽ അദ്ദേഹം വൈവസ്വതമനുവാ‍യതുമെല്ലാം അങ്ങെനിക്കു് പറഞ്ഞുതന്നു. അദ്ദേഹത്തിന്റെ പുത്രന്മാരായ ഇക്ഷ്വകു മുതലായവരെപറ്റിയും അങ്ങു് മുമ്പെന്നോടു് പറഞ്ഞിട്ടുള്ളതാണു. മുനേ!, ഇനി അതില്പിന്നുണ്ടായ പരമ്പരയെക്കുറിച്ചും അവരുടെ ചരിതങ്ങളെക്കുറിച്ചും ഞങ്ങൾ അറിയുവാനാഗ്രഹിക്കുന്നു. അതു് വേർതിരിച്ചു് ഞങ്ങൾക്കു് അങ്ങു് പറഞ്ഞുതന്നാലും. പ്രഭോ!, ആരെല്ലാം മുമ്പുണ്ടായിരുന്നുവോ, ആരെല്ലാം ഇപ്പോഴുണ്ടായിരിക്കുന്നുവോ, ആരെല്ലാം ഇനി ഉണ്ടാകാൻ പോകുന്നുവോ, ആയവരുടെയെല്ലാം ചരിതങ്ങൾ ഞങ്ങൾക്കു് ചൊല്ലിത്തരിക.

സൂതൻ ശൌനകാദികളോടു് പറഞ്ഞു: അല്ലയോ ഋഷിമാരേ!, പരീക്ഷിത്തുമഹാരാജാവിന്റെ ഈ അഭ്യർത്ഥനയെ കേട്ടു് ശ്രീശുകബ്രഹ്മമഹർഷി ബ്രഹ്മജ്ഞരായ ഋഷികളുടെ ആ മഹാസഭയിൽ വച്ചു് വീണ്ടും പറഞ്ഞുതുടങ്ങി.

ശ്രീശുകൻ പറഞ്ഞു: അല്ലയോ രാജൻ!, മനുവംശത്തിന്റെ വിസ്താരത്തെക്കുറിച്ചു് ചൊല്ലിത്തീർക്കുവാൻ അനേകം നൂറ്റാണ്ടുകൾകൊണ്ടുപോലും സാധ്യമല്ല. അതുകൊണ്ടു് അതിൽ മുഖ്യമായതിനെ എന്നിൽനിന്നും കേട്ടുകൊള്ളുക. രാജൻ!, സകലഭൂതങ്ങളുടേയും അന്തര്യാമിയായ ആ പരമപുരുഷനൊഴിച്ചു് മറ്റൊന്നുംതന്നെ കല്പാന്തത്തിൽ ഇവിടെ ഉണ്ടായിരുന്നില്ല. പിന്നീടു് ഭഗവാന്റെ നാഭിയിൽനിന്നും സ്വർണ്ണമയമായ ഒരു താമരമൊട്ടു് വിരിയുകയും അതിൽ നാന്മുഖനായ ബ്രഹ്മദേവൻ സ്വയംഭൂവാകുകയും ചെയ്തു. ആ ബ്രഹ്മദേവന്റെ മാനസപുത്രനായി മരീചി ജനിച്ചു. മരീചീപുത്രനായി കശ്യപനുണ്ടായി. കശ്യപനിൽനിന്നും ദക്ഷപുത്രിയായ അദിതിയിൽ വിവസ്വാൻ ആവിർഭവിച്ചു. വിവസ്വാനിൽനിന്നും സംജ്ഞാദേവിയിൽ ശ്രാദ്ധദേവനെന്ന വൈവസ്വതമനുവുണ്ടായി. വൈവസ്വതമനു പിന്നീടു ശ്രദ്ധാദേവിയിൽ പത്തു് പുത്രന്മാരെ ജനിപ്പിച്ചു. അവർ ഇക്ഷ്വാകു, നൃഗൻ, ശര്യാതി, ദിഷ്ടൻ, ധൃഷ്ടൻ, കരൂഷകൻ, നരിഷ്യന്തൻ, പൃഷധ്രൻ, നഭഗൻ, കവി എന്നിവരായിരുന്നു.

രാജൻ!, വൈവസ്വതമനുവിനു് പുത്രന്മാരില്ലാതിരുന്ന സമയത്തു് വസിഷ്ഠമഹർഷി ഇഷ്ടിയാഗത്തെ ചെയ്തു് മിത്രവരുണാദികളെ പ്രസാദിപ്പിച്ചു് മനുവിനു് സന്താനസൌഭാഗ്യമുണ്ടാക്കിക്കൊടുത്തു, എന്നാണു് കേൾക്കുന്നതു. ആ സമയം, ഒരു പുത്രിയെ ആഗ്രഹിച്ചുകൊണ്ടു് മനുപത്നിയായ ശ്രദ്ധാദേവി ഹോതാവിനെ സമീപിച്ചു് നമസ്ക്കരിച്ചുകൊണ്ടു് തന്റെ ആഗ്രഹം പ്രകടിപ്പിച്ചു. ഹോതാവു് പുത്രാർത്ഥം ഹോമിക്കുവാനായി തന്റെ കൈയ്യിലെടുത്ത ഹോമദ്രവ്യത്തെ അവളുടെ അഭീഷ്ടസിദ്ധിയ്ക്കായി പ്രത്യേകമന്ത്രത്തോടുകൂടി ഹോമകുണ്ഡത്തിലേക്കു് ആഹൂതിചെയ്തു. തത്ഫലമായി അവൾക്കു് ഇള എന്നപേരിൽ ഒരു പെൺകുഞ്ഞു പിറന്നു. അതിൽ അസംതൃപ്തനായ മനു വസിഷ്ഠമഹർഷിയെ സമീപിച്ചു് പറഞ്ഞു: ഗുരോ!, വേദജ്ഞന്മാരായ ഭവാന്മാരുടെ ഈ കർമ്മം വിപരീതഫലമാണല്ലോ ഉണ്ടാക്കിയിരിക്കുന്നതു?. എന്താണിങ്ങനെ സംഭവിക്കുവാൻ കാരണം?. നിങ്ങൾ വേദജ്ഞരും തപഃശക്തിയുള്ളവരുമാണു. പിന്നെങ്ങനെയാണിത്തരത്തിൽ സങ്കൽ‌പ്പത്തിനു് വിപരീതമായ ഫലം സിദ്ധിക്കപ്പെട്ടതു?

ശ്രീശുകൻ തുടർന്നു: രാജൻ!, ഹോതാക്കളുടെ സങ്കൽ‌പ്പത്തിൽ വന്ന മാറ്റത്തിന്റെ കാരണം മനസ്സിലാക്കിയ വസിഷ്ഠൻ ദുഃഖിതനായ മനുവിനോടു പറഞ്ഞു: കുഞ്ഞേ!, യാഗത്തിൽ സങ്കല്പവൈഷമ്യയമുണ്ടായതു് ഹോതാക്കളുടെ നെറികേടു് കാരണമാണു. എന്നാലും, ഞാൻ സ്വന്തം തപോബലത്താൽ പുത്രനുണ്ടാകുക എന്ന നിന്റെ ആഗ്രഹം സാധിക്കുന്നതാണു. എന്നുപറഞ്ഞുകൊണ്ടു് വസിഷ്ഠമുനി ഇള എന്ന ആ പെൺകുഞ്ഞിനു് പുരുഷത്വമുണ്ടാകണമെന്ന സങ്കല്പത്തോടെ ശ്രീഹരിയെ ധ്യാനിച്ചു സ്തോത്രം ചെയ്തു. ഭഗവാൻ പ്രസാദിക്കുകയും, ഇളയാകട്ടെ, സുദ്യു‌മ്നനെന്ന പുരുഷശ്രേഷ്ഠനായി ഭവിക്കുകയും ചെയ്തു.

മഹാരാജാവേ!, ഒരിക്കൽ സുദ്യു‌മ്നൻ ചില മന്ത്രിമാരേയും കൂട്ടി സിന്ധുദേശത്തിനിന്നും കൊണ്ടുവന്ന ഒരു കുതിരമേലേറി അമ്പും വില്ലും ധരിച്ചു് പടച്ചട്ടയണിഞ്ഞു് കാട്ടിൽ മൃഗങ്ങളെ വേട്ടയാടിക്കൊണ്ടു് ഉത്തരദിക്കിലേക്കു് യാത്രയായി. അദ്ദേഹം മേരുപർവ്വതത്തിന്റെ അടിവാരത്തിലുള്ള ഒരു കാട്ടിലെത്തി. ആ സമയം, അവിടെ മഹാദേവൻ ഉമയുമായി സ്വകാര്യതയിൽ വസിക്കുന്നസമയമായിരുന്നു അതു. രാജൻ!, ദൌഭ്യാഗ്യമെന്നു് പറയട്ടെ, ആ വനത്തിനുള്ളിലേക്കു് കടന്നപ്പോൾത്തന്നെ സുദ്യു‌മ്നനും അദ്ദേഹത്തിന്റെ കുതിരയും പെണ്ണായി ഭവിച്ചു. പെട്ടെന്നാണു് കൂടെ വന്നവരും തങ്ങൾക്കുണ്ടായ ലിംഗപരിവർത്തനത്തെ മനസ്സിലാക്കിയതു. അവർ ദുഃഖിതരായി പരസ്പരം നോക്കി.

ഇത്രയും കേട്ടുകഴിഞ്ഞപ്പോൾ പരീക്ഷിത്തു് ചോദിച്ചു: ഹേ ബ്രഹ്മജ്ഞാ!, പുരുഷൻ സ്ത്രീയായി മാറുന്ന ഈ സ്ഥലം എങ്ങനെയാണുണ്ടായതു?. അതറിയുവാൻ ഞങ്ങളുടെയുള്ളിൽ അത്യന്തം കൌതുകം തോന്നുകയാണു.

ശ്രീശുകൻ പറഞ്ഞു: രാജൻ!, ഒരിക്കൽ കൂരിരിട്ടിനെപ്പോലും സ്വകാന്തിയാൽ ഇല്ലാതാക്കാൻ കഴിവുള്ള കുറെ ഋഷികൾ മഹാദേവനെ കാണുവാനായി അവിടെ വന്നിരുന്നു. ആ സമയം, ഭഗവാന്റെ മടിത്തട്ടിലിരിക്കുകയായിരുന്ന പാർവ്വതീദേവി അപ്രതീക്ഷിതമായി അവരെ കണ്ടു് ലജ്ജിതയായി പെട്ടെന്നുതന്നെ തന്റെ വസ്ത്രം വാരിയുടുത്തു. സ്വകാര്യാവസ്ഥയിൽ പാർവ്വതീപരമേശ്വരന്മാരെ കണ്ട ഋഷികളാകട്ടെ, അവിടെനിന്നും നരനാരായണന്മാരുടെ ആശ്രമത്തിലേക്കു് യാത്രയായി. എങ്കിലും, പാർവ്വതീദേവിയുടെ പ്രീയം നേടുവാ‍നായി മഹാദേവൻ പറഞ്ഞു: ദേവീ!, ഇന്നുമുതൽ ഈ സ്ഥലത്തേക്കു് കടന്നുവരുന്നവർ സ്ത്രീകളായി ഭവിക്കുന്നതാണു. രാജൻ!, ആ സംഭവത്തിനുശേഷം പുരുഷന്മാർ ആ സ്ഥലത്തേക്കു് പ്രവേശിക്കാതെയായി. സ്ത്രീയായി മാറിയ സുദ്യു‌മ്നൻ സഹചാരികളുമൊത്തു് കാടുകൾതോറും ചുറ്റിക്കറങ്ങിക്കൊണ്ടിരുന്നു.

ഒരിക്കൻ തോഴിമാരുമൊത്തു് വനാന്തരങ്ങളിൽ ചുറ്റിത്തിരിയുകയായിരുന്ന സ്ത്രീരൂപിയായ സുദ്യു‌മ്നനെ സോമപുത്രനായ ബുധൻ കാണുകയും അവളിൽ ആകൃഷ്ടനാകുകയും ചെയ്തു. സുന്ദരിയായ അവളും ബുധനിൽ ആകൃഷ്ടയായി അദ്ദേഹത്തെ ഭർത്താവയി സ്വീകരിച്ചു. താമസിയാതെ അവർക്കു് പുരൂരവസ്സെന്ന ഒരു പുത്രൻ ജനിക്കുകയും ചെയ്തു. രാജൻ!, വീണ്ടും ഇളയായി മാറിയ സുദ്യു‌മ്നൻ തന്റെ കുലഗുരുവായ വസിഷ്ഠനെ സ്മരിച്ചു. സുദ്യു‌മ്നന്റെ ഇപ്പോഴത്തെ അവസ്ഥയെ കണ്ട വസിഷ്ഠമഹർഷി വ്യാകുലനായി വീണ്ടും അവനിൽ പുരുഷത്വം ഉണ്ടാകാനായി മഹാദേവനെ ശരണം പ്രാപിച്ചു. അല്ലയോ മഹാരാജൻ!, വസിഷ്ഠരിൽ സന്തുഷ്ടനായ മഹേശ്വരൻ ഭക്തന്റെ അഭിലാഷത്തെ നിറവേറ്റുന്നതിനും പാർവ്വതീദേവിയ്ക്കു് കൊടുത്ത വാക്കിനെ സത്യമാക്കുന്നതിനുമായി ഇങ്ങനെ പറഞ്ഞു: മഹർഷേ!, അങ്ങയുടെ ശിഷ്യനായ സുദ്യു‌മ്നൻ ഒരുമാസക്കാലം പുരുഷനായും, പിന്നീടൊരുമാസക്കാലം സ്ത്രീയായും ജീവിച്ചുകൊള്ളട്ടെ. അതുവഴി അദ്ദേഹം ഇച്ഛിച്ചതുപോലെ ഈ ഭൂമിയെ ഭരിച്ചുകൊള്ളുകയും ചെയ്യട്ടെ.

രാജൻ!, മേൽ‌പ്പറഞ്ഞ ചട്ടമനുസരിച്ചു് ഗുരുകാരുണ്യത്താൽ സുദ്യു‌മ്നൻ ഒന്നിടവിട്ട മാസങ്ങളിൽ പുരുഷത്വത്തെ സ്വീകരിച്ചു് ഭൂമിയുടെ രാജാവായി വാണു. എന്നാൽ, പ്രജകൾ ഈ വ്യവസ്ഥയെ അത്രകണ്ടു് ഇഷ്ടപ്പെട്ടിരുന്നില്ല. രാജൻ!, പിന്നീടവനു് ഉത്കലൻ, ഗയൻ, വിമലൻ എന്നിങ്ങനെ മൂന്നു് പുത്രന്മാർ ജനിച്ചു. ധർമ്മതല്പരരായ അവർ തെക്കൻ‌ദേശങ്ങളിലെ രാജാക്കന്മാരായി ഭൂമിയെ പരിപാലിച്ചു. ഒടുവിൽ വാർദ്ധക്യമെത്തിയതോടെ സുദ്യു‌മ്നൻ പുരൂരവസ്സെന്ന തന്റെ പുത്രനെ രാജ്യഭാരമേൽ‌പ്പിച്ചു് തപസ്സിനായി കാട്ടിലേക്കു് പുറപ്പെട്ടു.


ശ്രീമദ്ഭാഗവതം നവമസ്കന്ധം ഒന്നാമദ്ധ്യായം സമാപിച്ചു.


ഓം തത് സത്.


Previous    Next






Dynasty of Manus

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ