2019, നവംബർ 2, ശനിയാഴ്‌ച

8.20 മഹാബലി വാമനനു് മൂന്നടി ഭൂമി ദാനം ചെയ്യുന്നതും, ഭഗവാന്റെ വിശ്വരൂപകാഴ്ചയും.


ഓം

ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം അദ്ധ്യായം‌ 20
(മഹാബലി വാമനനു് മൂന്നടി ഭൂമി ദാനം ചെയ്യുന്നതും, ഭഗവാന്റെ വിശ്വരൂപകാഴ്ചയും.)


ശ്രീശുകബ്രഹ്മമഹർഷി പറഞ്ഞു: അല്ലയോ മഹാരാജൻ!, കുലഗുരുവായ ശുക്രാചാര്യരുടെ ഉപദേശത്തിനുശേഷം, മഹാബലി അല്പനേരം മൌനിയായി ഇരുന്നു. പിന്നീട്, എന്തോ മനസ്സിലുദ്ദേശിച്ചുകൊണ്ട് അദ്ദേഹം ഗുരുവിനോടു് പറഞ്ഞു: ഗുരോ!, അങ്ങു് പറഞ്ഞതു് വാസ്തവം തന്നെ. യാതൊന്നു് അർത്ഥത്തേയോ കാമത്തേയോ യശസ്സിനേയോ കർമ്മത്തേയോ ബാധിക്കുന്നില്ലയോ, അതുതന്നെയാണു് യഥാർത്ഥത്തിൽ ഗൃഹസ്ഥാശ്രമികൾ അനുഷ്ഠിക്കേണ്ട ധർമ്മം. പ്രഹ്ലാദന്റെ വംശത്തിൽ പിറന്ന ഞാൻ തന്നുകൊള്ളാം എന്നു് ഒരിക്കൽ വാക്കുകൊടുത്തതിനുശേഷം, ധനാർത്തിപൂണ്ടു്, ഒരു ചതിയനെപ്പോലെ, എങ്ങനെയാണു് ഒരു ബ്രാഹ്മണനോടു് പിന്നീടു് ഇല്ല എന്നു് മറിച്ചുപറയുന്നതു?. അസത്യമാണു് ലോകത്തിൽ പരമമായ അധർമ്മം. അസത്യവാന്മാരായ മനുഷ്യരുടെ ഭാരമൊഴിച്ചു് ഞാൻ മറ്റെന്തും സഹിക്കുവാൻ കഴിവുള്ളവളാണുഎന്നു് ഒരിക്കൽ ഭൂമീദേവി പറയുകയുണ്ടായി. ബ്രാഹ്മണരെ ചതിക്കുന്നതിൽനിന്നും ഭയപ്പെടുന്നതുപോലെ, നരകത്തിൽനിന്നോ, ദാരിദ്ര്യത്തിൽനിന്നോ, ദുഃഖക്കടലിൽനിന്നോ, സ്ഥാനഭ്രഷ്ടനാകുന്നതിൽനിന്നോ, എന്തിനുപറയാൻ മരണത്തിൽനിന്നുമോപോലും ഞാൻ ഭയപ്പെടുന്നില്ല. ധനം ആദിയായ സകല പദാർത്ഥങ്ങളും മരണത്തിൽ അതിന്റെ അവകാശിയെ വിട്ടുപിരിയുന്നു. ജീവിച്ചിരിക്കുമ്പോൾ ആ ധനംകൊണ്ട് ഒരു ബ്രാഹ്മണനെ സന്തോഷിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ, എന്നെങ്കിലുമൊരിക്കൽ നഷ്ടമായേക്കാവുന്ന ഈ സമ്പത്തിനാൽ എന്തു് പ്രയോജനമാണു് എനിക്കുള്ളതു?. ദധീചിമഹർഷി, ശിബി മുതലായ മഹാത്മാക്കൾ ആർക്കും ത്യജിക്കുവാൻ സാധിക്കാത്ത ജീവൻവരെ ത്യജിച്ചുകൊണ്ട് പ്രാണികളുടെ ക്ഷേമത്തെ ചെയ്തിരുന്നു. അപ്പോൾ പിന്നെ ഭൂമിയും മറ്റുമായ സമ്പത്തുകളുടെ കാര്യത്തിൽ എന്താണാലോചിക്കുവാനുള്ളതു?. യുദ്ധപ്രേമികളായ ധാരാളം അസുരന്മാർ ഇവിടെ ഈ ഭൂമിയെ വേണ്ടുവോളം അനുഭവിച്ചിരുന്നു. കാലത്താൽ അവരിൽനിന്നും സർവ്വവും ഗ്രസിക്കപ്പെട്ടു. എന്നാൽ, ഇവിടെനിന്നും അവർ നേടിയ കീർത്തിയെമാത്രം കാലത്തിനുപോലും ഗ്രസിക്കുവാൻ കഴിഞ്ഞില്ല.

ഹേ വിപ്രഋഷേ!, യുദ്ധത്തിൽനിന്നും പിന്തിരിയാതെ ഒടുവിൽ പടക്കളത്തിൽ ശരീരത്യാഗം ചെയ്ത ധാരാളം ധീരന്മാർ ഇവിടെയുണ്ടു`. എന്നാൽ, ശ്രദ്ധയോടുകൂടി സ്വാർത്ഥത്തെ ദാനം ചെയ്യാൻ അധികം പേർക്കും സാധിച്ചിട്ടില്ല. യാചകന്മാർക്കു് ദാനം ചെയ്തതുകൊണ്ടുണ്ടാകുന്ന ദുർഗ്ഗതി ഉദാരനും കാരുണ്യവാനുമായ ഒരാളെ സംബന്ധിച്ചിടത്തോളം ശോഭനമാകുന്നു. അതും അങ്ങയെപ്പോലുള്ളവർക്കാകുമ്പോൾ അതിൽനിന്നും എത്രയോ ആനന്ദമാണുണ്ടാകുന്നതു!. അതുകൊണ്ട്, ഈ ബ്രഹ്മചാരിയുടെ വാഞ്ചിതം ഞാൻ നിറവേറ്റാൻ പോകുന്നു. അല്ലയോ മുനേ!, മ്നായകോവിദന്മാരായ അങ്ങയെപ്പോലുള്ളവർ ആദരവോടെ യജ്ഞങ്ങൾകൊണ്ടും ക്രതുക്കൾകൊണ്ടും ആരാദിക്കുന്നവനായ ആ വിഷ്ണുഭഗവാനാണീവന്നിരിക്കുന്നതെങ്കിൽ, ഈ വരവിന്റെ ഉദ്ദേശം എന്നെ അനുഗ്രഹിക്കുവാനാണെങ്കിലും ശിക്ഷിക്കുവാനാണെങ്കിലും, ഒരു ബ്രാഹ്മണവടു ആഗ്രഹിച്ച ഭൂമിയെ ഞാൻ ദാനം ചെയ്യുവാൻ പോകുകയാണു. ഒരുപക്ഷേ, ധർമ്മമല്ലാത്ത ഏതെങ്കിലും മാർഗ്ഗത്തിൽകൂടി ഇവൻ എന്നെ ബന്ധനസ്ഥനാക്കിയാലും, ഭീതനായി ഒരു ബ്രാഹ്മണവേഷം ധരിച്ചുവന്ന ഈ ശത്രുവിനെ ഞാൻ ഒരിക്കലും ഹിംസിക്കുകയില്ല. അഥവാ, കീർത്തിമാനായ വിഷ്ണുവാണു ഈ നിൽക്കുന്നതെങ്കിൽ, ഇവൻ ഒരിക്കലും തന്റെ കീർത്തിയെ നഷ്ടമാക്കുകയില്ല. ഒന്നുകിൽ ഇവൻ എന്നാൽ വധിക്കപ്പെടും, അല്ലാത്തപക്ഷം ഇവൻ എന്നെ യുദ്ധത്തിൽ വധിച്ചേക്കും.

ശ്രീശുകൻ പറഞ്ഞു: രാജൻ!, മഹാബലിയുടെ ഈ വാക്കുകൾ കേട്ടു്, ശുക്രാചാര്യരാകട്ടെ, തന്റെ ഉപദേശത്തെ കേൾക്കാത്തവനും, ആദേശത്തെ മാനിക്കാത്തവനും, എന്നാൽ സത്യസന്ധനും ഉദാരമനസ്ക്കനുമായ തന്റെ ശിഷ്യനെ ദൈവഹിതമെന്നോണം ശപിച്ചു. അദ്ദേഹം പറഞ്ഞു: അജ്ഞാനത്താൽ നമ്മെ അവഗണിച്ച നീ ശരിക്കും അഹങ്കാരിയായി മാറിയിരിക്കുന്നു. എന്റെ ശാസനയെ മറികടന്നതിനാൽ നീ പെട്ടെന്നുതന്നെ ഐശ്വര്യത്തിൽനിന്നും നിലംപൊത്തുന്നതാണു. രജാവേ!, ഇപ്രകാരം ആചാര്യനാൽ ശപിക്കപ്പെട്ടിട്ടുകൂടി മഹാബലി സത്യപാലനത്തിൽനിന്നും പിന്മാറിയില്ല. വാമനമൂർത്തിയെ അർച്ചിച്ചുകൊണ്ടു് ദാനവാരിയെ തളിച്ചു്, അദ്ദേഹം ഭൂമിയെ ദാനം ചെയ്തു. ആ സമയം, വെണ്മുത്തുകോർത്ത മാലയണിഞ്ഞുകൊണ്ട് മഹാബലിയുടെ ധർമ്മപത്നി ഒരു സ്വർണ്ണകലശത്തിൽ ഭഗവദ്പാദങ്ങളെ പ്രക്ഷാളനം ചെയ്യുവാനുള്ള ജലവുമായി വന്നു. ബലിമഹാരാജാവു് സ്വയം വാമനഭഗവാന്റെ ശ്രീമത്തായ കഴലിണയെ കഴുകി സർവ്വലോകങ്ങളേയും ശുദ്ധമാക്കുന്ന ആ തീർത്ഥം തന്റെ മൂർദ്ധാവിൽ ധരിച്ചു. അന്നേരം, അകാശത്തുനിന്നും ഗന്ധർവ്വവിദ്യാധരസിദ്ധചാരണാദികളായ ദേവസമൂഹം സന്തോഷത്തോടെ അസുരേന്ദ്രനായ മഹാബലിയേയും അദ്ദേഹത്തിന്റെ ഉത്കൃഷ്ടമായ ആ കർമ്മത്തേയും പ്രശംസിച്ചുകൊണ്ടു് പുഷ്പവൃഷ്ടി ചൊരിഞ്ഞു. ആയിരക്കണക്കിനു് ദുന്ദുഭികൾ മുഴങ്ങി. ഗന്ധർവ്വന്മാരും കിമ്പുരുഷന്മാരും കിന്നരന്മാരും, ബലിയെ പുകഴ്ത്തിപ്പാടി. അവർ പറഞ്ഞു: അഹോ! ആശ്ചര്യം! അത്യാശ്ചര്യം!. ഇവന്റെ ഈ പ്രവൃത്തി ആചരിക്കുവാൻ അത്യന്തം പ്രയാസമേറിയതത്രേ!.. എന്തെന്നാൽ, അറിഞ്ഞുകൊണ്ടും തന്റെ ശത്രുവിനു് മൂലോകങ്ങളും ഇവൻ പ്രദാനം ചെയ്തിരിക്കുന്നു.

ശ്രീശുകൻ തുടർന്നു: അല്ലയോ മഹാരാജാവേ!, അനന്തമൂർത്തിയായ ഭഗവാൻ ഹരിയുടെ ത്രിഗുണാത്മകമായ ആ വാമനരൂപം പെട്ടെന്നു് അത്ഭുതാകരമായി വളർന്നുവന്നു. അതിൽ ഭൂമിയും ആകാശവും സകലദിശകളും സ്വഗ്ഗലോകവും അധോലോകങ്ങളും സമുദ്രങ്ങളും പക്ഷിമൃഗാദികളും മനുഷ്യരും ദേവന്മാരും ഋഷികളും ഉൾക്കൊണ്ടിരുന്നു. രാജൻ!, അവിടെ ആ സമയമുണ്ടായിരുന്ന ഋത്വിക്കുകൾ, ഗുരുക്കന്മാർ, സദസ്യർ എന്നിവർ വിശ്വാകാരമാകുന്ന ആ ഭഗവദ്ശരീരത്തിൽ പഞ്ചഭൂതാദി സകലതത്വങ്ങളുമടങ്ങിയ സർവ്വലോകങ്ങളേയും ദർശിക്കുകയുണ്ടായി. അതിനുശേഷം, മഹാബലി ആ വിശ്വരൂപന്റെ പാദതലത്തിൽ പാതാളത്തേയും, പാദങ്ങളിൽ ഭൂലോകത്തേയും, കണങ്കാലുകളിൽ പർവ്വതങ്ങളേയും, കാൽമുട്ടിൽ പക്ഷികളേയും, തുടകളിൽ വിവിധയിനം വായുക്കൂട്ടങ്ങളേയും, വസ്ത്രത്തിൽ സന്ധ്യയേയും, ഗുഹ്യദേശത്തിൽ പ്രജാപതിമാരേയും, അരക്കെട്ടിന്റെ മുൻഭാഗത്തിൽ സ്വയം തന്നേയും അതുപോലെ മറ്റസുരന്മാരേയും, നാഭിയിൽ ആകാശത്തേയും, ഉദരഭാഗത്തിൽ ഏഴു് സാഗരങ്ങളേയും, മാറിടത്തിൽ ഋക്ഷമാലയേയും, ഹൃദയത്തിൽ ധർമ്മത്തേയും, സ്തനങ്ങളിൽ ഋതസത്യങ്ങൾ രണ്ടിനേയും, മനസ്സിൽ ചന്ദ്രനേയും, വക്ഷസ്സിൽ താമരപ്പൂവേന്തിയ ശ്രീമഹാലക്ഷ്മിയേയും, കണ്ഠത്തിൽ സാമഗാനങ്ങളേയും അതുപോലെ സമസ്തശബ്ദസഞ്ചയങ്ങളേയും, ഭുജങ്ങളിൽ ഇന്ദ്രാദിപ്രമുഖന്മാരേയും, കർണ്ണത്തിൽ ദിക്കുകളേയും, മൂർദ്ധാവിൽ സ്വർഗ്ഗത്തേയും, കേശങ്ങളിൽ മേഘങ്ങളേയും, നാസികയിൽ വായുവിനേയും, കണ്ണുകളിൽ സൂര്യനേയും, വൿത്രത്തിൽ അഗ്നിയേയും, വാണിയിൽ വേദങ്ങളേയും, രസനേന്ദ്രിയത്തിൽ വരുണനേയും, പുരികങ്ങൾ രണ്ടിലുമായി യഥാക്രമം വിധി, നിഷേധം എന്നീ ശാസ്ത്രങ്ങളേയും, ഇമകളിൽ അഹോരാത്രങ്ങളേയും, ലലാടത്തിൽ കോപത്തേയും, അധരത്തിൽ ലോഭത്തേയും, സ്പർശനേന്ദ്രിയത്തിൽ കാമത്തേയും, രേതസ്സിൽ ജലത്തേയും, പൃഷ്ഠഭാഗത്തിൽ അധർമ്മത്തേയും, പദവിന്യാസങ്ങളിൽ യജ്ഞത്തേയും, ഛായയിൽ മൃത്യുവിനേയും, പുഞ്ചിരിയിൽ മായയേയും, രോമങ്ങളിൽ സസ്യവൃക്ഷലതാതികളേയും, നാഡീവ്യൂഹത്തിൽ നദികളേയും, നഖങ്ങളിൽ ശിലകളേയും, ബുദ്ധിയിൽ അജനായ ബ്രഹ്മദേവനേയും, ഇന്ദ്രിയങ്ങളിൽ ദേവന്മാരേയും അതുപോലെ ഋഷിഗണങ്ങളേയും, മറ്റുള്ള ശരീരഭാഗങ്ങളിലായി സ്ഥാവരജംഗമായി സകലഭൂതങ്ങളേയും കണ്ടു.

ഹേ പരീക്ഷിത്തുരാജൻ!, സർവ്വം തന്നുള്ളിൽ വഹിച്ചുനിൽക്കുന്ന ആ വിരാട്രൂപത്തെക്കണ്ടിട്ടു് അസുരന്മാരൊന്നടങ്കം വിവശരായി. അസഹ്യമായ തേജസ്സോടുകൂടിയ സുദർശനചക്രവും, ഇടിമുഴക്കത്തിന്റെ നാദമുതിർക്കുന്ന ശാർങ്ഗമെന്ന വില്ലും, മേഘത്തെപ്പോലെ ഗർജ്ജിക്കുന്ന പാഞ്ചജന്യമെന്ന ശംഖും, വേഗതയേറിയ കൌമോദകീഗദയും, വിദ്യാധരം എന്ന പേരുള്ള വാളും, നൂറു് ചന്ദ്രന്മാരുടെ ആകാരങ്ങളൊത്ത പരിചയും, ഒരിക്കലും ശൂന്യമാകാത്ത രണ്ടാവനാഴികളും, ഇന്ദ്രാദിദേവതകൾക്കൊപ്പം ചേർന്ന സുനന്ദാദികളായ പാർഷ്വദപ്രമുഖന്മാരും ഭഗവാനെ അകമ്പടിസേവിച്ചുകൊണ്ടുനിന്നു. രാജൻ!, ത്രിവിക്രമമൂർത്തിയായ ഭഗവാൻ മിന്നിത്തിളങ്ങുന്ന കിരീടം, തോൾവള, കുണ്ഡലം, ശ്രീവത്സം, കൌസ്തുഭം, ഉദരബന്ധം, പീതാംബരം, വണ്ടുകൾ മൂളിക്കൊണ്ടു് വട്ടമിട്ടു് പറക്കുന്ന വനമാല മുതലായ ആഭൂഷണങ്ങളാൽ പ്രശോഭിച്ചു. രാജാവേ!, ഭഗവാൻ ഒരു കാലടിയാൽ മഹാബലിയുടെ ഭൂമിയേയും, തന്റെ ബൃഹത്തായ ശരീരവ്യാപ്തിയാൽ ആകാശത്തേയും, കൈകൾ വിടർത്തി ദിക്കുകളേയും അളന്നെടുത്തു. രണ്ടാമത്തെ അടിയാൽ ബലിയുടേതായുണ്ടായിരുന്ന സ്വർഗ്ഗവും ഭഗവാൻ അളന്നു. ആ പരമപുരുഷന്റെ മൂന്നാം കാലടിയ്ക്കായി ഇവിടെ ബലിയുടേതായി യാതൊന്നുംതന്നെ അവശേഷിച്ചിരുന്നില്ല. കാരണം, മൂന്നാമത്തേതായ ആ അടിവയ്പ്പിൽ ഭഗവാൻ വീണ്ടും വീണ്ടും മേലോട്ടുയർന്നുകൊണ്ടു് മഹർലോകത്തേയും ജനലോകത്തേയും കടന്നു്, തപോലോകത്തിനും അപ്പുറമുള്ള സത്യലോകത്തിലേക്കു് പ്രവേശിച്ചുകഴിഞ്ഞിരുന്നു.



ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം ഇരുപതാമദ്ധ്യായം സമാപിച്ചു.



ഓം തത് സത്.


Previous    Next






King Mahabali offers three feet land to Lord Vamanamurthy, and Vamanamurthy shows His Universal Form. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ