ഓം
ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം അദ്ധ്യായം 19
(വാമനൻ മഹാബലിയോടു് മൂന്നടി മണ്ണു് യാചിക്കുന്നതു.)
ശ്രീശുകബ്രഹ്മമഹർഷി പറഞ്ഞു: “രാജൻ!, മഹാബലിയുടെ
ദാനശീലത്തിൽ സന്തുഷ്ടനായ വാമനമൂർത്തി ധർമ്മയുക്തവും സത്യസന്ധവുമായ ആ വാക്കുകൾ കേട്ട്
അദ്ദേഹത്തെ പ്രതിനന്ദിച്ചുകൊണ്ട് ഈങ്ങനെ അരുൾചെയ്തു: “അല്ലയോ മഹാരാജൻ!, അങ്ങയുടെ വാക്കുകൾ പ്രിയം ഉളവാക്കുന്നതും സത്യവും കുലമഹിയ്ക്കുചേർന്നതും
ധർമ്മയുക്തവും യശസ്കരവുമാണു. അതിൽ സംശയിക്കുവാനൊന്നുംതന്നെയില്ല.
കാരണം. ആ ധർമ്മാചരണത്തിൽ ശുക്രാദികളും,
അങ്ങയുടെ മുത്തച്ഛൻ പ്രഹ്ലാദരും അങ്ങേയ്ക്ക് മാതൃകയാണല്ലോ!. ബ്രാഹ്മണർക്ക് ഭിക്ഷ കൊടുക്കാത്തവരായും, ഒരിക്കൽ കൊടുക്കാമെന്നു്
പറഞ്ഞിട്ടു് പിന്നീടൊഴിഞ്ഞുമാറിയവരായും ആരുംതന്നെ
അങ്ങയുടെ കുലത്തിൽ പിറന്നിട്ടില്ല. ദാനത്തിനായോ യുദ്ധത്തിനായോ
ആഗ്രഹിച്ചെത്തുന്നവരെ മടക്കിയയയ്ക്കുന്ന ഒരു പാരമ്പര്യവും അങ്ങയുടെ
കുടുംബത്തിൽ ഇന്നുവരെ ഉണ്ടായിട്ടില്ല. മാത്രമല്ല. ആകാശത്തിൽ പൂർണ്ണചന്ദ്രനെന്നതുപോലെയല്ലേ, ശുദ്ധനും കീർത്തിമാനുമായ
പ്രഹ്ലാദൻ അങ്ങയുടെ വംശത്തിൽ തിലകക്കുറിയായി വർത്തിക്കുന്നതു?.
ഹിരണ്യാക്ഷൻ എന്ന വീരൻ ഗദയുമേന്തി ദിഗ്വിജയത്തിനായി
ഈ ലോകമെമ്പാടും ഒറ്റയ്ക്ക് സഞ്ചരിച്ചിട്ടും തനിക്കുപോന്ന ഒരെതിരാളിയെ അവനു്
കാണാൻ കഴിഞ്ഞില്ല. പണ്ട്, വരാഹരൂപം പൂണ്ട് ഭഗവാൻ ശ്രീഹരി ഭൂമിയെ ഉദ്ധരിച്ചുകൊണ്ടുവരുമ്പോൾ എതിരിട്ടുവന്ന
ആ ഹിരണ്യാക്ഷനെ വളരെ പ്രയാസത്തോടെ ജയിച്ചുവെങ്കിലും അവന്റെ പരാക്രമത്തെ കണക്കിലെടുത്തുനോക്കുമ്പോൾ അതൊരു വിജയമായി ഭഗവാൻ കണക്കാക്കിയില്ല. അതിനുശേഷം,
അവൻ വധിക്കപ്പെട്ടുവെന്നുകേട്ടപ്പോൾ സഹോദരനായ ഹിരണ്യകശിപു കോപിച്ചുകൊണ്ട്
ഹരിയെ കൊല്ലുവാനൊരുമ്പെട്ട് അവന്റെ ധാമത്തിലേക്ക് പോകുകയുണ്ടായി. അന്ന് ശൂലവുമേന്തി കാലനെപ്പോലെ തനിക്കുനേരേ വരുന്ന ആ ഹിരണ്യകശിപുവിനെ കണ്ടിട്ട്
കാലജ്ഞനും മായാവികളിൽ ശ്രേഷ്ഠനുമായ ഭഗവാൻ ചിന്തിക്കുകയുണ്ടായി:
‘ജീവഭൂതങ്ങൾക്കുപിറകേ കാലമെന്നോണം, എവിടെയൊക്കെ ഞാൻ പോയാലും ഇവൻ എന്റെ പിന്നാലെയുണ്ടു.
അതുകൊണ്ട് പുറത്തേക്കുമാത്രം നോക്കുവാൻ കഴിയുന്ന ഇവന്റെ ഹൃദയത്തിലേക്ക്
കടക്കുന്നതാണു് ബുദ്ധി.’ അല്ലയോ അസുരേന്ദ്രാ!, അങ്ങനെ ചിന്തിച്ചുകൊണ്ട്
ഭഗവാൻ അന്ന് അവന്റെ നാസാരന്ധ്രത്തിലൂടെ ശ്വാസവായുവാൽ മറഞ്ഞുകൊണ്ട് അകത്തേയ്ക്ക് കടന്നു.
വിഷ്ണുലോകത്തിലെത്തി അവിടെയൊക്കെ ചുറ്റിത്തിരിഞ്ഞിട്ടും ഭഗവാനെ കാണാഞ്ഞതിൽ
ഹിരണ്യകശിപു ക്രോധം കൊണ്ടലറി. പിന്നെ ഭൂമിയിലും,
സ്വർഗ്ഗത്തും, സകലദിക്കുകളിലും, ആകാശത്തിലും, അധോലോകങ്ങളിലും, സമുദ്രങ്ങളിലുമെല്ലാം
തിരഞ്ഞിട്ടും വിഷ്ണുവിനെ കണ്ടുപിടിക്കുവാൻ അവനു് കഴിഞ്ഞില്ല.
ഒടുവിൽ എങ്ങും കാണാതെയായപ്പോൾ
അവൻ ഇങ്ങനെ പറയുകയുണ്ടായി: ‘ഞാൻ ആ വിഷ്ണുവിനെ ഈ ലോകം മുഴുവൻ അന്വേഷിച്ചുകഴിഞ്ഞു. ഒരിക്കൽ എത്തപ്പെട്ടാൽ തിരിച്ചുവരവില്ലാത്ത
ആ ദിക്കിലേക്ക് എന്റെ സഹോദരനെ കൊന്നവൻ തീർച്ചയായും പോയിട്ടുണ്ടാകും.’
വാമനൻ പറഞ്ഞു: “ഹേ രാജൻ!, ഈ ലോകത്തിൽ ശത്രുതയ്ക്കുള്ള കാലദൈർഘ്യം
ശത്രുവിന്റെ മരണംവരെ മാത്രമേ നീണ്ടുനിൽക്കുകയുള്ളൂ. കോപമെന്നത്
അജ്ഞാനത്തിൽനിന്നുണ്ടാകുന്നതും അഹങ്കാരത്താൽ വളർത്തപ്പെടുന്നതുമാണു. രാജൻ!, അങ്ങയുടെ പിതാവു് പ്രഹ്ലാദപുത്രനായ വിരോചനനാണു.
അദ്ദേഹം ഒരിക്കൽ ബ്രാഹ്മണവേഷം ധരിച്ചുവന്ന ദേവന്മാർക്ക്, അവർ ദേവന്മാരാണെന്നറിഞ്ഞുകൊണ്ടുതന്നെ, തന്റെ ആയുസ്സിനെ
ദാനം ചെയ്തവനായിരുന്നു. ഗൃഹസ്ഥബ്രാഹ്മണരെപ്പോലെ, ശൂരന്മാരായ അങ്ങയുടെ പൂർവ്വികന്മാരെപ്പോലെ, ഉദ്ദാമമായ
കീർത്തിയോടുകൂടിയ മറ്റുള്ളവരെപ്പോലെ, അങ്ങും ധർമ്മങ്ങളെ അനുഷ്ഠിച്ചിട്ടുള്ളവനാണു.
അതുകൊണ്ട്, അല്ലയോ അസുരാധിപതേ!, വരദർഷഭനായ അങ്ങിൽനിന്നും എന്റെ കാലുകൊണ്ടു് ഞാൻതന്നെ അളെന്നുടുക്കുന്ന മൂന്നടി ഭൂമിയെ മാത്രം ഞാൻ വരിച്ചുകൊള്ളാം.
ഈ ലോകങ്ങളുടെയെല്ലാം ഈശ്വരനും അത്യുദാരനുമായ അങ്ങയിൽനിന്നും മറ്റൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല. മാത്രമല്ല,
വേണ്ടുന്നതുമാത്രം സ്വീകരിക്കുന്ന വിവേകിയായവൻ ഒരിക്കലും പാപം നേടുകയില്ല.”
അതുകേട്ട് മഹാബലി ചക്രവർത്തി പറഞ്ഞു: “അല്ലയോ ബ്രാഹ്മണകുമാരാ!, അതിശയമായിരിക്കുന്നു!. അങ്ങയെ മുതിർന്നവർ
പോലും അംഗീകരിച്ചുവെന്നുള്ളതു സത്യമാണു. എങ്കിലും, അങ്ങ് ബുദ്ധി വളർന്നിട്ടില്ലാത്ത ഒരു കുട്ടിയായതിനാൽ തൻകാര്യത്തെക്കുറിച്ച് വേണ്ടവണ്ണം അറിയുന്നവനല്ല. ഇക്കണ്ട ലോകങ്ങൾക്കെല്ലാം ഈശ്വരനും, ഒരു ദ്വീപിനെതന്നെ ദാനം ചെയ്യുവാൻ
കഴിവുള്ളവനുമായ എന്നെ വേണ്ടത്ര മനസ്സിലാക്കിക്കഴിഞ്ഞിട്ടും മൂന്നടി ഭൂമി മാത്രം യാചിക്കുന്നവൻ ബുദ്ധിയില്ലാത്തവനാണു. ഹേ കുമാരാ!,
എന്നെ സമീപിച്ചതിനുശേഷം യാതൊരുത്തരും മറ്റുള്ളവരോടു് യാചിക്കുവാനുള്ള
ഇടയുണ്ടാകാൻ പാടില്ല. ആയതിനാൽ, ജീവിക്കുവാൻ
വേണ്ടുന്നത്ര ഭൂമിയെ ഇഷ്ടമനുസരിച്ച് എന്നിൽനിന്നും വരിച്ചുകൊള്ളുക.”
ഭഗവാൻ പറഞ്ഞു: “അല്ലയോ രാജൻ!, മൂന്നുലോകങ്ങളിലും എന്തെല്ലാംതന്നെ വിഷയങ്ങളുണ്ടായാലും ഇന്ദ്രിയനിഗ്രഹം ചെയ്യാത്തവനെ അവയ്ക്കൊന്നിനും സംതൃപ്തനാക്കുവാൻ
കഴിയുകയില്ല. മൂന്നടികൊണ്ടു് തൃപ്തനാകാത്തവൻ ഒമ്പതു് ഭൂഖണ്ഡങ്ങൾ
ചേർന്ന ഒരു ദ്വീപു് കിട്ടിയാൽത്തന്നെയും എഴു് ഭൂഖണ്ഡങ്ങളേയും
നേടുവാനുള്ള ഇച്ഛയാൽ ഒരിക്കലും തൃപ്തനാകുകയില്ല. സപ്തദ്വീപുകളേയും സ്വന്തമാക്കിയിട്ടും പൃഥു,
ഗയൻ തുടങ്ങിയ രാജാക്കന്മാരുടെ അർത്ഥകാമങ്ങൾക്ക് അറുതിവന്നിട്ടില്ലെന്നാണു കേട്ടിട്ടുള്ളതു. യാദൃശ്ചികമായി കിട്ടുന്നതിൽ സന്തോഷിക്കുന്നവൻ
എന്നും സുഖമായി ഇരിക്കുന്നു. എന്നാൽ, കിട്ടിയതിലൊന്നിലും
സന്തോഷം കണ്ടെത്താത്ത അജിതേന്ദ്രിയനാകട്ടെ, മൂലോകങ്ങളും ലഭിച്ചാലും
അതൃപ്തനായിത്തന്നെയിരിക്കുന്നു. അർത്ഥകാമങ്ങളെ അപേക്ഷിച്ചുനിൽക്കുന്ന ഈ അസംതൃപ്തിയാണു് ജീവനെ സംസാരത്തിൽ തളച്ചിടുന്നതു. ദൈവവിധിയാൽ ലഭ്യമാകുന്നതിൽ സന്തുഷ്ടിയടയുന്നവൻ സംസാരത്തിൽനിന്നും മുക്തനാകുന്നുവെന്നാണു്
പറയപ്പെടുന്നതു. യദൃശ്ചയാ കിട്ടുന്നതിൽ തൃപ്തനാകുന്ന ബ്രാഹ്മണന്റെ
തേജസ്സ് എന്നെന്നും വർദ്ധിക്കുന്നു. എന്നാൽ, അസന്തുഷ്ടിമൂലം അത്, അഗ്നി ജലത്താൽ കെട്ടുപോകുന്നതുപോലെ,
നശിക്കുകയും ചെയ്യുന്നു. അതുകൊണ്ട്, അല്ലയോ രാജൻ!, ഉദാരനായ അങ്ങയിൽനിന്ന് മൂന്നടി മണ്ണമാത്രം ഞാൻ വരിക്കുന്നു. അത്രമാത്രംകൊണ്ട് ഞാൻ സിദ്ധനാണു.
കാരണം, സമ്പത്ത് എപ്പോഴും ആവശ്യത്തിനുമാത്രമാകുന്നതാണു
ശ്രേയസ്കരം.”
ശ്രീശുകൻ പറഞ്ഞു: “അല്ലയോ പരീക്ഷിത്തേ!, ഭഗവദ്വചനം കേട്ട് ചിരിച്ചുകൊണ്ട്
‘ഇച്ഛിച്ചതുപോലെ പ്രതിഗ്രഹിച്ചുകൊണ്ടാലും’ എന്നുപറഞ്ഞു് വാമനന് മൂന്നടി
ഭൂമിയെ ദാനം ചെയ്യുവാനായി മഹാബലി ജലഭാജനത്തെ കൈയ്യിലെടുത്തു.
ആ സമയം, ജ്ഞാനികളിൽ അഗ്രഗണ്യനായ ശുക്രാചാര്യർ ഭഗവാന്റെ
ഉദ്ദേശത്ത മനസ്സിലാക്കിക്കൊണ്ട് വിഷ്ണുഭഗവാനായി ഭൂമിയെ ദാനം ചെയ്യാനൊരുങ്ങിനിൽക്കുന്ന
തന്റെ ശിഷ്യനായ മഹാബലിയോടു് പറഞ്ഞു: “ഹേ അസുരരാജാവേ!, ഈ വന്നിരിക്കുന്നതു് അവ്യയനായ സാക്ഷാത് മഹാവിഷ്ണുതന്നെയാണു. ദേവകാര്യത്തെ സാധിപ്പിക്കുവാനായി
അദിതിയുടെ ഗർഭത്തിൽ കശ്യപനു് പുത്രനായി അവതാരം കൊണ്ടവനാണിവൻ. സംഭവിക്കാൻ പോകുന്ന വിപത്തിനെക്കുറിച്ച് ബോധവാനാല്ലാത്ത നീ ഈ വിഷ്ണുവിന് മൂന്നടി
ഭൂമി ദാനം ചെയ്യാമെന്ന് വാക്കുകൊടുത്തത് ഒട്ടും നന്നായില്ല. അസുരന്മാരെ
സംബന്ധിച്ചിടത്തോളം വലിയ അന്യായമാണു് ഇപ്പോൾ സംഭവിച്ചിരിക്കുന്നതു.
സ്വമായയാൽ വടുരൂപം പൂണ്ടുവന്നിരിക്കുന്ന ഈ വിഷ്ണു
നിന്റെ സ്ഥാനത്തേയും ഐശ്വര്യത്തേയും ശ്രീത്വത്തേയും, തേജസ്സിനേയും,
കീർത്തിയേയും പിടിച്ചടക്കി ദേവേന്ദ്രനു് സമ്മാനിക്കുവാൻ പോകുകയാണു.
വിശ്വാകാരനായ ഈ വിഷ്ണു മൂന്നടികൊണ്ടുതന്നെ ഈ ലോകങ്ങളെല്ലാം അളന്നെടുക്കും.
ഹേ മൂഢാ!, സർവ്വസ്വവും ഈ വിഷ്ണുവിനു് നൽകിയതിനുശേഷം
നീയെങ്ങെനെയാണു് ജീവിക്കുവാൻ പോകുന്നതു?. ആദ്യത്തെ ചുവടാൽ
ഭൂമിയും, രണ്ടാമത്തേതിൽ സ്വർഗ്ഗവും അന്തരീക്ഷവും
അളന്നെടുത്താൽ പിന്നെ മൂന്നാമത്തെ അടി വയ്ക്കാൻ എന്തായിരിക്കും ഇവിടെ ബാക്കിയുള്ളതു?.
നിനക്കീ വാഗ്ദാനത്തെ നിറവേറ്റാൻ കഴിയുമെന്ന് എനിക്കുതോന്നുന്നില്ല.
അങ്ങനെയെങ്കിൽ, ചെയ്യപ്പെട്ട വാഗ്ദാനത്തെ നിറവേറ്റാൻ
കഴിയാത്ത അങ്ങയുടെ ഗതി ഇനി നരകത്തിൽതന്നെയാണെന്നാണു് എനിക്ക് തോന്നുന്നതു.
സ്വന്തം നിലനില്പിനു് അപകടം വരുത്തുന്ന ദാനത്തെ ആരുംതന്നെ പ്രശംസിക്കുകയില്ല. കാരണം, ലോകത്തിൽ സ്വദേഹരക്ഷ ചെയ്യാൻ കഴിവുള്ളവനുമാത്രമാണു്
ദാനവും യജ്ഞവും തപസ്സും കർമ്മവുമൊക്കെ സാധ്യമാകുന്നതു. ധർമ്മത്തെ
ചെയ്യുവാനും, യശസ്സ് നേടുന്നതിനും, സമ്പാദിക്കുന്നതിനും,
സുഖഭോഗങ്ങളെ അനുഭവിക്കുന്നതിനും, സ്വജനങ്ങൾക്കായും
സമ്പത്തിനെ അഞ്ചുവിധമായി മറ്റിവയ്ക്കുന്നവൻ
ഈ ലോകത്തിലും അടുത്തലോകത്തിലും സുഖിക്കുന്നവനാകുന്നു. ഹേ അസുരശ്രേഷ്ഠാ!,
ഇക്കാര്യത്തിൽ ‘ബഹ്വൃചങ്ങൾ’ എന്ന
ശ്രുതിസംഹിതകൾ പറയുന്നതിനെ എന്നിൽനിന്നും കേട്ടറിഞ്ഞാലും. ‘ഓം’ [ഓ, ശരി] എന്ന വാക്കിനാൽ അംഗീകരിക്കപ്പെടുന്നത്
സത്യവും ‘ന’ [ഇല്ല] എന്നുച്ചരിച്ച് നിഷേധിക്കപ്പെടുന്നത്
അസത്യമായും ഗണിക്കേണ്ടതാണു. ശ്രുതി പറയുന്നത് സത്യമെന്നത് ദേഹമാകുന്ന
വൃക്ഷത്തിലുണ്ടാകുന്ന പൂക്കളും ഫലങ്ങളുമാണെന്നാണു. സ്വയമേവ അസത്യത്തിൽ
അധിഷ്ഠിതമായിരിക്കുന്ന ഈ ദേഹം നിർജ്ജീവമായിരിക്കുമ്പോൾ ആ പുഷ്പഫലങ്ങൾ ഈ ദേഹവൃക്ഷത്തിൽ
ഉണ്ടാകുന്നില്ല. വേരറ്റുപോകുന്ന
വൃക്ഷം ഉണങ്ങിപ്പോകുകയും പെട്ടെന്നുതന്നെ നിലംപൊത്തുകയും ചെയ്യുന്നു. അതുപോലെ, അസത്യത്തിൽ അധിഷ്ഠിമാകുന്ന ഈ ശരീരവും താമസിയാതെ ശോഷിക്കുന്നുവെന്നുള്ളതിൽ ഒട്ടുംതന്നെ
സന്ദേഹമില്ല. ‘ഓം’ [ഓ തരാം] എന്ന അംഗീകാരവാക്ക് ഉച്ചരിക്കുന്നതോടെ അത് പറയുന്നവന്റെ പക്കലുള്ളത് അവനെ വിട്ടുപോകുകയോ,
ആ വസ്തുവിൽനിന്നും അവന്റെ ആസക്തി അകലുകയോ ചെയ്യുന്നു. അങ്ങനെ പറയുന്ന നിമിഷംതന്നെ ആ വസ്തു അവന്റേതല്ലാതായിത്തീരുന്നു. ഇങ്ങനെ, സർവ്വസ്വവും ചോദിക്കുന്നവനു് കൊടുക്കാമെന്ന പറയുന്നവന്റെ
പക്കൽ തനിക്കുവേണ്ടുന്നതായ വസ്തുക്കൾ പര്യാപ്തഭാവത്തിലുണ്ടാകുകയില്ല. എന്നാൽ, ‘ന’ [ഇല്ല] എന്ന അനൃതവചനം ചെയ്യുന്നവനു് ഒരിക്കലും അർത്ഥനാശം സംഭവിക്കുന്നില്ലെന്നുമാത്രമല്ല,
പരന്റെ സ്വത്തുക്കൾ കൂടി തന്നിലേക്കു് വന്നുചേരുകയും ചെയ്യുന്നു.
എങ്കിലും, എപ്പോഴും ‘ഇല്ല’ എന്നുമാത്രം പറയുന്നവൻ ദുഷ്കീർത്തിമാനായി ഭവിക്കുകയും,
കേവലം ഒരു ജീവച്ഛവമായി ജീവിക്കുകയും ചെയ്യുന്നവനാണെന്നറിയുക.
അതുകൊണ്ട്, സ്ത്രീകളെ വശീകരിക്കുവാൻ ശ്രമിക്കുമ്പോഴും,
തമാശ പറയുമ്പോഴും, വിവാഹാവസരങ്ങളിലും, ജീവിതവൃത്തിക്കുവേണ്ടിയും, ജീവനു് അപായം സംഭവിക്കുന്ന
സമയത്തും, പശുക്കളേയും ബ്രാഹ്മണരേയും രക്ഷിക്കുവാൻ ശ്രമിക്കുന്ന
വേളയിലും, മറ്റാർക്കെങ്കിലും പ്രാണഹാനി സംഭവിക്കുമ്പോഴും അസത്യഭാഷണം
നിന്ദിക്കപ്പെട്ടതായി കണക്കാക്കുന്നില്ല.”
ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം പത്തൊമ്പതാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.
Vamanamoorthi begs piece of three feet of land from King Mahabali
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ