ഓം
ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം അദ്ധ്യായം 17
(അദിതിയ്ക്ക് ഭഗവാൻ വരം നൽകുന്നതു.)
ശ്രീശുകബ്രഹ്മമഹർഷി പറഞ്ഞു: “അല്ലയോ രാജാവേ!, തന്റെ ഭർത്താവായ കശ്യപന്റെ ഉപദേശപ്രകാരം അദിതീദേവി
പയോവ്രതത്തെ പന്ത്രണ്ടു് ദിവസം ശ്രദ്ധയോടും ഭക്തിയോടും അനുഷ്ഠിക്കുകയുണ്ടായി. ഈശ്വരനും
മഹാപുരുഷനുമായ ശ്രീഹരിയെ ഏകാഗ്രമായ മനസ്സോടെ ധ്യാനിച്ചുകൊണ്ടും, ബുദ്ധിയെ സാരഥിയാക്കിയും,
ഇന്ദ്രിയങ്ങളാകുന്ന കുതിരകളെ മാനസപാശത്താൽ നിയന്ത്രിച്ചുകൊണ്ടും, സർവ്വാത്മാവായ ഭഗവാൻ
ശ്രീവാസുദേവനിൽ ചിത്തത്തെയുറപ്പിച്ചുകൊണ്ടും ആ മഹാവ്രതത്തെ അവൾ അനുഷ്ഠിച്ചു.
കുഞ്ഞേ!, പരീക്ഷിത്തേ!, വ്രതാവസാനത്തിൽ ആദിപുരുഷനായ മഹാവിഷ്ണു മഞ്ഞപ്പട്ടുടുത്ത്
നാലു് തൃക്കരങ്ങളിൽ ശംഖം, ചക്രം, ഗദ, പത്മം എന്നിവ ധരിച്ചു് അദിതിയുടെ മുന്നിൽ പ്രത്യക്ഷനായി.
മുന്നിൽ സാക്ഷാത്തായി കാണപ്പെട്ട ഭഗവാനെ ദർശിച്ച് ആദരവോടെ ചാടിയെഴുന്നേറ്റ് അവൾ ഭക്തിയാൽ
വിവശയായി ഭൂമിയിൽ ദണ്ഡുപോലെ വീണുനമസക്കരിച്ചു. പിന്നിടെഴുന്നേറ്റ് ഭഗവാനെ സ്തുതിക്കുവാനായി
തൊഴുകൈകളോടെ ആ തിരുമുമ്പിൽ നിന്നു. അവളുടെ കണ്ണുകൾ സന്തോഷാശ്രുക്കളെക്കൊണ്ടുനിറഞ്ഞിരുന്നു.
തന്തിരുവടിയെ മുന്നിൽക്കണ്ട അവളുടെ ശരീരം രോമാഞ്ചമുതിർന്നു് വിറക്കുവാൻ തുടങ്ങി. ആയതിനാൽ
അവൾക്കൊന്നുംതന്നെ ഉരിയാടാൻ കഴിഞ്ഞില്ല. അല്ലയോ കൂരൂത്തമാ!, അല്പസമയത്തിനുശേഷം, ഭക്തിപാരവശ്യത്താൽ
ഇടറുന്ന വാക്കുകൾകൊണ്ട് അവൾ ഭഗവാനെ കീർത്തിച്ചു. രമാപതിയും ജഗദ്പതിയും യജ്ഞപതിയുമായ
ഭഗവാനെ അവൾ നോക്കുന്നതുകണ്ടാൽ, നേത്രത്താൽ ആ കാരുണ്യമൂർത്തിയെ പാനം ചെയ്യുകയാണോ എന്ന്
തോന്നിപ്പോകുമായിരുന്നു.”
അദിതി സ്തുതിച്ചു: “അല്ലയോ യജ്ഞേശാ!, യജ്ഞസ്വരൂപാ!, ഹേ അച്യുതാ!, ഹേ തീർത്ഥപാദാ!, കേൾവിയിൽത്തന്നെ
മംഗളമരുളുന്ന നാമങ്ങളുള്ളവനേ!, ശരണാഗതന്മാരായ ഭക്തന്മാരുടെ ദുരിതത്തെ ഇല്ലാതാക്കുവനായി
അവതാരം കൊള്ളുന്നവനേ!, അല്ലയോ ഈശ്വരാ!, ആദ്യാ!, ഭഗവാനേ!, അനാഥബന്ധുവായ അവിടുന്ന് ഞങ്ങൾക്ക്
നന്മയരുളേണമേ!. വിശ്വമൂർത്തിയായവനും, സൃഷ്ടിസ്ഥിതിലയങ്ങൾക്ക് കാരണഭൂതനായവനും, സ്വയം
തന്റെ മായാഗുണങ്ങളെ സ്വീകരിച്ചവതരിക്കുന്നവനായവനും, സ്വസ്ഥനായവനും, ആനന്ദസ്വരൂപനായവനും,
എന്നെന്നും ശക്തിമത്തായവനും, പൂർണ്ണബോധത്താൽ അജ്ഞാനാന്തകാരത്തെ അകറ്റുന്നവനും, സംസാരദുഃഖത്തെ
ഇല്ലാതാക്കുന്നവനുമായ തന്തിരുവടിയ്ക്ക് നമസ്ക്കാരം!. ഹേ അനന്തമൂർത്തേ!, അങ്ങയുടെ പ്രീതിയാൽ,
ആയുസ്സും, ശരീരവും, സർവ്വൈശ്വര്യങ്ങളും, സ്വർഗ്ഗവും, ഭൂമിയും, പാതാളവും, യോഗസിദ്ധികളും,
ധർമ്മാർത്ഥകാമങ്ങളും കേവലജ്ഞാനവും ഭക്തിയോടെ അർത്ഥിക്കുന്നവർക്ക് വന്നുഭവിക്കുന്നു.
അങ്ങനെയെങ്കിൽ, ശത്രുവിജയം പോലുള്ള മറ്റുള്ള ആഗ്രഹങ്ങളേക്കുറിച്ച് പറയുവാനുണ്ടോ?.”
ശ്രീശുകൻ പറഞ്ഞു: “രാജൻ!, ഇങ്ങനെ അദിതിയാൽ സ്തുതിക്കപ്പെട്ടപ്പോൾ ഭഗവാൻ അവളോട് ഇപ്രകാരം അരുളിച്ചെയ്തു:
“അല്ലയോ ദേവമാതാവേ!, ദീർഘകാലമായി ഭവതി മനസ്സിൽ
കൊണ്ടുനടക്കുന്ന, ആ ആഗ്രഹത്തെ ഞാനറിയുന്നുണ്ടു. ശത്രുക്കൾ ദേവിയുടെ സർവ്വൈശ്വര്യങ്ങളേയും
അപഹരിച്ചതും, പുത്രന്മാരെ സ്വസ്ഥാനത്തുനിന്നും ഭ്രഷ്ടരാക്കിയതുമായുള്ള സകല വൃത്താന്തങ്ങളും
എനിക്കറിവുള്ളതാണു. ദുർമ്മതികളായ ആ അസുരന്മാരെ യുദ്ധത്തിൽ തോല്പിച്ച് നഷ്ടപ്പെട്ട ഐശ്വര്യങ്ങളോടും
പുത്രന്മാരോടുമൊത്ത് സൌഖ്യമായി കഴിയുവാൻ ഭവതി ആഗ്രഹിക്കുന്നു. ഇന്ദ്രാദിദേവകളാൽ യുദ്ധത്തിൽ
മരണമടഞ്ഞ അസുരന്മാരുടെ ഭാര്യമാർ കരഞ്ഞുനെഞ്ചത്തടിക്കുന്ന കാഴ്ച ഭവതിയ്ക്ക് അടുത്തിനിന്നു
കാണണമെന്നുണ്ടല്ലേ?. നഷ്ടപ്പെട്ട ഐശ്വര്യത്തേയും
സമ്പദ്സമൃദ്ധിയേയും തിരിച്ചുപിടിച്ച് സ്വപുത്രന്മാർ സ്വർഗ്ഗലോകത്തെ അനുഭവിക്കുന്നതു
കാണുവാൻ ഭവതി വല്ലാതെ ഇച്ഛിക്കുന്നു.
അല്ലയോ ദേവമാതാവേ!, ഇപ്പോൾ ആ അസുരന്മാരെ വകവരുത്തുവാൻ സാധ്യമല്ല. കാരണം, അവർ കാലത്താലും
ബ്രാഹ്മണരാലും സുരക്ഷിതരാണു. ആയതിനാൽ അവരോടിപ്പോൾ യുദ്ധത്തിനൊരുങ്ങുന്നത് ഉചിതമല്ല.
എങ്കിലും, ദേവീ!, ഭവതി അനുഷ്ഠിച്ച ഈ വ്രതത്താൽ സന്തുഷ്ടനായ എനിക്ക് അവിടുത്തെ ആഗ്രഹപൂർത്തിക്കുള്ള
ഒരു വഴി കണ്ടേ മതിയാകൂ. ശ്രദ്ധയോടും ഭക്തിയോടും ഭവതി എന്നെ പൂജിച്ചത് ഒരിക്കലും വൃഥാവിലായിക്കൂടാ.
പുത്രരക്ഷാർത്ഥം ഭവതിയനുഷ്ഠിച്ച ഈ പയോവ്രതത്താൽ ഞാൻ പ്രാസാദിച്ചിരിക്കുന്നു. കശ്യപന്റെ
തപസ്സിന്റെ വീര്യത്താൽ സ്വാംശേന ഞാൻ അവിടുത്തെ പുത്രനായി ഭവിച്ച് ഭവതിയുടെ എല്ലാ പുത്രന്മാരേയും
രക്ഷിച്ചുകൊള്ളാം. ഭദ്രേ!, ഞാൻ കശ്യപനിൽ കുടികൊള്ളുന്നതായി ഭാവിച്ച് അവിടുത്തെ ഭർത്താവായ
അദ്ദേഹത്തെ സേവിച്ചുകൊള്ളുക. ദേവീ!, ഈ വൃത്താന്തത്തെ മറ്റൊരാൾ, ചോദിച്ചാൽ കൂടിയും,
പറഞ്ഞറിയിക്കരുതു. കാരണം, ദൈവീകരഹസ്യം നിഗൂഢമായിരുന്നാലേ ഫലം സിദ്ധിക്കുകയുള്ളൂ.”
ശ്രീശുകൻ പറഞ്ഞു: “രാജാവേ!, ഇത്രയും പറഞ്ഞ് ഭഗവാൻ അവിടെനിന്നും മറഞ്ഞരുളി. അദിതിയാകട്ടെ, അത്യന്തം
ദുർല്ലഭമായ ഭഗവദവതാരം തന്നിൽ ഭവിച്ചുവെന്ന ചാരിതാർത്ഥ്യത്തിൽ സന്തുഷ്ടയായി ഭർത്താവായ
കശ്യപനെ സേവിക്കുവാൻ തുടങ്ങി. ശ്രീഹരിയുടെ അംശം തന്റെയുള്ളിൽ പ്രവിഷ്ടമായതിനെ കശ്യപപ്രജാപതിയ്ക്ക്
തന്റെ ഉൾക്കണ്ണാലറിയാൻ കഴിഞ്ഞു. അല്ലയോ രാജൻ!, ഏറെ കാലത്തെ തപോനിഷ്ഠയാൽ തന്നുള്ളിൽ
സംഭരിച്ചുവച്ചിരുന്ന വീര്യത്തെ കശ്യപൻ, വായു മരത്തടിയിൽ അഗ്നിയെ എന്നതുപോലെ, അദിതീദേവിയിൽ
ആധാനം ചെയ്തു. അദിതിയുടെ ഗർഭത്തിൽ ഭഗവദംശം പ്രവേശിച്ചതിനെ കണ്ടറിഞ്ഞ ബ്രഹ്മദേവൻ നിഗൂഢമായ
തിരുനാമങ്ങൾകൊണ്ട് ഭഗവാനെ പ്രകീർത്തിച്ചു.”
ബ്രഹ്മസ്തുതി: “കീർത്തനീയനായ ഭഗവാനേ!, ഉരുക്രമനായ അവിടുത്തേയ്ക്ക് നമസ്ക്കാരം!. വേദങ്ങൾക്കും വേദജ്ഞന്മാർക്കും
നാഥനായ ദേവാ!, സത്വം ആദിയായ ത്രിഗുണങ്ങൾക്കീശ്വരനായ അങ്ങേയ്ക്ക് നമസ്ക്കാരം!. പൃശ്നിയുടെ
പുത്രനായി പിറന്നവനും, വേദങ്ങളെ ഉള്ളിൽ ധരിച്ചിരിക്കുന്നവനും, ജ്ഞാനസ്വരൂപനും, മൂന്നുലോകങ്ങളേയും
തന്റെ നാഭിയിൽ ധരിച്ചിരിക്കുന്നവനും, ത്രിലോകങ്ങൾക്കും അതീതനായവനും, സർവ്വഭൂതങ്ങൾക്കുള്ളിലും
അന്തര്യാമിയായി കുടികൊള്ളുന്നവനും, വിശ്വവ്യാപിയായി വർത്തിക്കുന്നവനുമായ നിന്തിരുവടിയ്ക്ക്
നമോവാകം!. ഈ പ്രപഞ്ചത്തിന്റെ ആദിമധ്യാന്തങ്ങളായി വർത്തിക്കയാൽ അങ്ങയെ അനന്തശക്തിയോടുകൂടിയ
മഹാപുരുഷനായി കണക്കാക്കപ്പെട്ടിരിക്കുന്നു. ഈശ്വരാ!, ഊക്കോടെയുള്ള ജലപ്രവാഹത്തിൽ പെട്ടുപോകുന്ന
പുൽക്കൊടികളെ എന്നതുപോലെ, കാലസ്വരൂപനായ അങ്ങ് ഈ വിശ്വത്തെ എങ്ങോട്ടേയ്ക്കൊക്കെയോ ചലിപ്പിച്ചുകൊണ്ടിരിക്കുന്നു.
അല്ലയോ ദേവാ!, സ്ഥാവരജംഗമങ്ങൾക്കും ജീവഭൂതങ്ങൾക്കും പ്രജാപതിമാർക്കുംതന്നെ പരമകാരണനായ
അങ്ങുന്നുതന്നെയാണു്, വെള്ളത്തിലാണ്ടുപോകുന്നവന് വഞ്ചിയെന്നതുപോലെ, സ്വർഗ്ഗത്തിൽനിന്നും
ഭ്രഷ്ടരായ ഈ ദേവന്മാർക്ക് ഏകാശ്രയം.”
ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം പതിനേഴാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.
Lord Hari appears in front of Aditi
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ