2019, ഒക്‌ടോബർ 19, ശനിയാഴ്‌ച

8.11 ദേവാസുരയുദ്ധം അവസാനിക്കുന്നു.


ഓം

ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം അദ്ധ്യായം‌ 11
(ദേവാസുരയുദ്ധം അവസാനിക്കുന്നു.)


ശ്രീശുകൻ പറഞ്ഞു: രാജൻ!, പരമപുരുഷനായ ഭഗവാന്റെ കാരുണ്യത്താൽ ഇന്ദ്രാദിദേവന്മാർ അസുരന്മാരെ യുദ്ധത്തിൽ വകവരുത്തിക്കൊണ്ടിരുന്നു. മഹാബലിക്കുനേരേ ഇന്ദ്രൻ തന്റെ വജ്രായുധം ഓങ്ങിത്തുടങ്ങിയപ്പോൾ ജനങ്ങൾ ഹാ!ഹാ! എന്ന് മുറവിളി കൂട്ടാൻ തുടങ്ങി. ആയുധങ്ങളേന്തി മുന്നിൽ തലയുയർത്തിനിൽക്കുന്ന മഹാബലിയെ കണ്ട് അദ്ദേഹത്തെ അവഹേളിച്ചുകൊണ്ട് ദേവേന്ദ്രൻ പറഞ്ഞു: ഹേ മൂഢാ!, ഇന്ദ്രജാലക്കാരൻ കൺകെട്ടുവിദ്യകൾ കാട്ടി ജനങ്ങളെ കബളിപ്പിച്ച് അവരുടെ ധനം കൈക്കലാക്കുന്നതൂപോലെ, മായാജാലത്തിലൂടെ നമ്മെ ജയിക്കാൻ ഭാവിക്കുകയാണോ നീ?. മായാജാലം കാട്ടി സ്വർഗ്ഗത്തിലെത്തുവാനും, സ്വർഗ്ഗത്തേയും മറികടന്ന് മോക്ഷപദത്തിലേക്കുയരുവാനും യത്നിക്കുന്നവരെ അവരുടെ പൂർവ്വസ്ഥാനത്തിനിന്നുപോലും തള്ളിതാഴെയിടുന്നവനാണു ഞാൻ. ഇന്നിതാ നൂറു് മുനകളുള്ള എന്റെയീ വജ്രായുധത്താൽ നിന്റെ ഉടലിൽനിന്നും ശിരസ്സറുത്ത് താഴെയിടാൻ പോകുന്നു. ഹേ മൂഢാത്മാവേ!, രക്ഷപെടാമെങ്കിൽ ഉറ്റവരുടേയും ഉടയവരുടേയും സഹായം തേടിക്കൊള്ളുക.

ബലി പറഞ്ഞു: ഹേ ഇന്ദ്രാ!, യുദ്ധത്തിൽ പങ്കെടുക്കുന്ന സർവ്വർക്കും കാലശക്തിക്കനുസൃതമായി യശസ്സും വിജയവും അപജയവും മരണവുമൊക്കെ ക്രമാനുസൃതമായി സംഭവിക്കാവുന്നതാണു. അതുകൊണ്ട്, ബോധവാന്മാർ ഇതിനെ കാലത്തിന്റെ നിയന്ത്രണമായിമാത്രം കാണുന്നു. അവർ വിജയത്തിൽ ആഹ്ലാദിക്കുകയോ, അപജയത്തിൽ ദുഃഖിക്കുകയോ ചെയ്യുന്നില്ല. എന്നാൽ, നിങ്ങൾ ദേവന്മാർ അക്കാര്യത്തിൽ അറിവില്ലാത്തവരാണു. കാലാനുസൃതമായി സംഭവിക്കുന്ന ജയാപജയങ്ങളെ സ്വന്തം മഹിമകളായും മറ്റുള്ളവരുടെ കുറവുകളായും കരുതുന്ന നിങ്ങൾ ജ്ഞാനികളുടെ കണ്ണിൽ ശോചനീയന്മാരാണു. അതുകൊണ്ട് നിങ്ങൾ പറയുന്ന ഈ ദുരുക്തികൾ ഞങ്ങൾ കാര്യമാക്കുന്നില്ല.

ശ്രീശുകൻ പറഞ്ഞു: രാജാവേ!, വീരനായ മഹാബലി ഇത്തരം കടുത്തവാക്കുകളാൽ അധിക്ഷേപിച്ചതിനുശേഷം, വില്ലിൽ തൊടുത്ത കൂരമ്പുകളെ തന്റെ കാതോളം വലിച്ചുവിട്ട് ഇന്ദ്രനെ പ്രഹരിച്ചു. ശത്രുവിൽനിന്നും ആ അപ്രിയസത്യത്തെ കേട്ട ഇന്ദ്രൻ, തോട്ടികൊണ്ട് കുത്തുകൊണ്ട ആനയെപ്പോലെ, ക്രോധാകുലനായി. ആ നിന്ദാവചനത്തെ സഹിക്കുവാൻ ഇന്ദ്രന് കഴിഞ്ഞില്ല. ഒരിക്കലും പാഴാകാത്ത തന്റെ വജ്രായുധത്തെ ഇന്ദ്രൻ മഹാബലിക്കുനേരേ പ്രയോഗിച്ചൂ. പ്രഹരമേറ്റ ബലി വിമാനോത്തോടൊപ്പം, ചിറകറ്റ ഒരു പർവ്വതം പോലെ, നിലംപതിച്ചു. മഹാബലി മരിച്ചുവീഴുന്നതുകണ്ട ജംഭാസുരൻ ഒരു സുഹൃത്തെന്ന നിലയിലുള്ള തന്റെ ധർമ്മം നിറവേറ്റുവാൻ‌വേണ്ടി ഇന്ദ്രനോട് യുദ്ധത്തിനായി ഓടിയടുത്തു. കരുത്തനായ ജംഭൻ സിംഹാരൂഢനായി അതിവേഗം പാഞ്ഞെത്തി ഇന്ദ്രന്റെ പൂണെല്ലിൽ ആഞ്ഞടിച്ചു. പിന്നീടവൻ ആനയേയും പ്രഹരിച്ചു. അടിയേറ്റ് വിവശനായ ഐരാവതം മോഹാലസ്യപ്പെട്ട് ഭൂമിയിൽ മുട്ടുകുത്തിവീണു. പെട്ടെന്നുതന്നെ ഇന്ദ്രന്റെ സാരഥിയായ മാതലി ആയിരം ആനകളെപൂട്ടിയ ഒരു മഹാരഥം അവിടേയ്ക്ക് കൊണ്ടുവന്നു. ദേവേന്ദ്രൻ ഐരാവതത്തിൽനിന്നിറങ്ങി ആ രഥത്തിലേക്ക് കയറി. മാതലിയുടെ ആ മിടുക്കിനെ അഭിനന്ദിച്ചതിനുശേഷം ജംഭൻ ശൂലത്താൽ അവനേയും പ്രഹരിച്ചു. എന്നാൽ, മാതലി ആ വേയെ സധൈര്യം കടിച്ചമർത്തി. പെട്ടെന്നുതന്നെ കോപിഷ്ടനായ ഇന്ദ്രൻ വജ്രായുധത്താൽ ജംഭന്റെ കഴുത്തറുത്തു.

രാജൻ!, നാരദമുനിയിൽനിന്നും ജംഭന്റെ മരണവാർത്ത കേട്ടറിഞ്ഞ ബന്ധുക്കളായ നമുചിയും വലനും പാകനുമൊക്കെ പെട്ടെന്നവിടേയ്ക്കോടിയടുത്തു. പരുഷമായ വാക്കുകളാൽ അവർ ദേവേന്ദ്രനെ പ്രകോപിപ്പിച്ചു. മേഘങ്ങൾ മഴ ചൊരിഞ്ഞുകൊണ്ട് പർവ്വതങ്ങളെ എന്നതുപോലെ, ഇന്ദ്രനെ ശരങ്ങളാൽ മൂടി. യുദ്ധനിപുണനായ വലൻ ദേവേന്ദ്രന്റെ ആയിരം കുതിരകളെ, ആയിരം ശരങ്ങളാൽ ഒരേ സമയംതന്നെ എയ്തുനശിപ്പിച്ചു. പാകൻ എന്ന ഒരസുരൻ ഇരുനൂറ് ശരങ്ങൾ ഒരേ സമയം പ്രയോഗിച്ചുകൊണ്ട് ഇന്ദ്രസാരഥിയേയും രഥത്തേയും പ്രത്യേകം പ്രത്യേകം എയ്തറുത്തു. അത് ആ യുദ്ധക്കളത്തിലെ അത്ഭുതകരമായ കാഴ്ചകളിലൊന്നായിരുന്നു. നമുചിയെന്ന മറ്റൊരസുരൻ പൊന്തൂവലുകൾ പതിപ്പിച്ച പതിനഞ്ചു് ഉഗ്രശരങ്ങളാ‍ൽ ഇന്ദ്രനെ ആക്രമിച്ചു. ആ ശരങ്ങൾ ജലമയങ്ങളായ കാർമേഘങ്ങളെപ്പോലെ ഗർജ്ജിച്ചു. രാജാവേ!, മഴക്കാലത്ത് മേഘങ്ങൾ സൂര്യനെ മറയ്ക്കുന്നതുപോലെ, മറ്റസുരന്മാർ ചേർന്ന് ദേവേന്ദ്രനെ രഥത്തോടും സാരഥിയോടുമൊപ്പം ശരങ്ങൾകൊണ്ട് മൂടിമറച്ചു. ശരങ്ങളാൽ മൂടപ്പെട്ട ഇന്ദ്രനെ കാണാതായപ്പോൾ ദേവഗണങ്ങൾ എത്രയും വിവശരായി. തങ്ങളുടെ നേതാവ് നഷ്ടപ്പെട്ടതറിഞ്ഞ അവർ, നടുക്കടലിൽ കപ്പൽ തകർന്നുപോയ കച്ചവടക്കാരെപ്പോലെ, നിലവിളിക്കുവാൻ തുടങ്ങി. എന്നാൽ, പെട്ടെന്നുതന്നെ ശരക്കൂട്ടിലകപ്പെട്ട ഇന്ദ്രൻ കുതിരകളും തേരും സാരഥിയുമടക്കം, ദിക്കുകളേയും ആകാശത്തേയും ഭൂമിയേയും സ്വതേജസ്സിനാൽ തെളിയിച്ചുകൊണ്ട്, രാതിയുടെ അന്ത്യത്തിൽ ഉദിച്ചുയരുന്ന സൂര്യനെപ്പോലെ, പ്രകാശിച്ചു. തകർന്നടിഞ്ഞ തന്റെ സൈന്യത്തെകണ്ട് കോപത്താൽ ജ്വലിച്ചുകൊണ്ട് ഇന്ദ്രൻ ശത്രുവിനുനേരേ വജ്രായുധം ഓങ്ങി. അല്ലയോ രാജൻ!, എട്ടുവശങ്ങളിലും മൂർച്ചയുള്ള അവന്റെ വജ്രായുധം വലന്റേയും പാകന്റേയും ശിരസ്സുകൾ, അവരുടെ ബന്ധുക്കൾ നോക്കിനിൽക്കെ, അവർക്ക് ഭയമുളവാക്കുന്നവിധം അറുത്തെറിഞ്ഞു. അവരുടെ നാശം കണ്ട് ദുഃഖവും ക്രോധവും രോഷവും കലർന്ന നമുചി ഇന്ദ്രനെ വധിക്കുവാനുള്ള പ്രയത്നം ആരംഭിച്ചു. ക്രുദ്ധനായ നമുചി കാരിരുമ്പുകൊണ്ടുണ്ടാക്കിയ സ്വർണ്ണമയമായ ഒരു ശൂലം കൈയ്യിലെടുത്തുകൊണ്ട്, ഇതാ നിന്ന കൊന്നുകഴിഞ്ഞു! എന്നാക്രോശിച്ചുകൊണ്ട് ഇന്ദ്രന്റെ സമീപത്തേക്കു് പാഞ്ഞടുക്കുകയും, ഒരു സിംഹത്തെപ്പോലെ അലറിക്കൊണ്ട്  ആ ശൂലത്തെ ഇന്ദ്രന്റെ നേർക്കയയ്ക്കുകയും ചെയ്തു. രാജാവേ!, അന്തരീക്ഷത്തിലൂടെ അതിവേഗം പാഞ്ഞുവരുന്ന ആ ശൂലത്തെ ഇന്ദ്രൻ തന്റെ വജ്രായുധത്താൽ തുണ്ടം തുണ്ടമാക്കി മുറിച്ചു. തുടർന്ന്, അവന്റെ തല കൊയ്യുവാനെന്ന ഉദ്ദേശത്തോടെ വജ്രായുധത്തെ നമുചിയുടെ കണ്ഠദേശം ലക്ഷ്യമാക്കി പ്രയോഗിച്ചു. രാജൻ!, അതിശക്തിയോടെ ഇന്ദ്രൻ വിട്ടയച്ച ആ വജ്രായുധം നമുചിയുടെ ത്വക്കിനെപോലും മുറിയ്ക്കാൻ സാധിക്കാതെ തിരിഞ്ഞുമടങ്ങി. കരുത്തുറ്റ വൃത്രാസുരനെ തുണ്ടമാക്കിയ വജ്രായുധത്തിന് നമുചിയുടെ ശരീരത്തിൽ ഒരു പോറൽ പോലും ഏൽ‌പ്പിക്കുവാൻ കഴിഞ്ഞില്ലെന്നുള്ളത് ആശ്ചര്യകരമായ ഒരു കാര്യമായി. ആ സംഭവം ഇന്ദ്രനിൽ ഭീതിയുളവാക്കി. എന്തോ മറിമായം സംഭവിച്ചിരിക്കുന്നതായി തിരിച്ചറിഞ്ഞ ഇന്ദ്രനിൽ ഉത്കണ്ഠ നിറഞ്ഞു. വ്യാകുലതയോടെ അദ്ദേഹം ചിന്തിച്ചു: പണ്ടൊരിക്കൽ ചില പർവ്വതങ്ങൾ ആകാശത്തുകൂടി പറക്കുകയും, ഇടയ്ക്ക് ഭാരം സഹിക്കുവാനാകാതെ തളർന്ന് ഭൂമിയിൽ പതിച്ച് അനേകം ജങ്ങളെ കൊന്നൊടുക്കുകയും ചെയ്തിരുന്നു. ആ സമയം അവയുടെ ചിറകുകളറുത്ത് ഞാൻ ജനങ്ങളെ ആപത്തിൽനിന്നും രക്ഷിച്ചത് ഈ വജ്രായുധം കൊണ്ടായിരുന്നു. ഉഗ്രതപസ്സിന്റെ മൂർത്തീഭാവമായിരുന്ന വൃത്രാസുരനെ കീറിപ്പിളർന്നതും ഇതേ വജ്രത്താൽ തന്നെ. മാത്രമല്ല, യാതൊരസ്ത്രത്താലും ഒരു പോറൽ പോലുമേൽക്കാത്ത ശക്തിശാലികളായ അനേകം യോദ്ധാക്കളെ കൊന്നൊടുക്കിയതും ഈ വജ്രായുധം തന്നെയായിരുന്നു. എന്നാൽ, ഇന്നിതാ ഈ അസുരനെ സ്പർശിക്കുവാൻപോലും കഴിയാതെ കേവലം ഒരു സാധാരണ ദണ്ഡുപോലെ ഇത് തിരികെ വന്നിരിക്കുന്നു. ആയതിനാൽ ഇനിമേൽ ഈ വജ്രായുധത്തെ നാം ഉപയോഗിക്കുകയില്ല. ദധീചിമഹർഷിയുടെ ബ്രഹ്മതേജസ്സുപോലും ഇവനുമുന്നിൽ നിഷ്‌പ്രഭമായിരിക്കുന്നു.

ശ്രീശുകൻ പറഞ്ഞു: രാജൻ!, ഇങ്ങനെ ചിന്തിച്ചുകൊണ്ട് വിഷണ്ണനായി നിൽക്കുന്ന ദേവേന്ദ്രൻ പെട്ടെന്നൊരശരീരിവാക്യത്തെ കേട്ടു. ആ വാക്യം ഇപ്രകാരമായിരുന്നു: ഹേ ഇന്ദ്രാ!, ഉണങ്ങിയ വസ്തുക്കളാലോ, നനഞ്ഞ വസ്തുക്കളാലോ ഈ അസുരന് മരണമില്ലെന്നറിയുക. ഈ വരം ഇവൻ എന്നിൽനിന്നും നേടിയെടുത്തതാണു. ആയതിനാൽ അല്ലയോ ദേവേന്ദ്രാ!, ഇവനെ വധിക്കുവാനായി മറ്റേതെങ്കിലും മാർഗ്ഗത്തെക്കുറിച്ച് ചിന്തിക്കുക.

ശ്രീശുകൻ തുടർന്നു: രാജാവേ!, ദൈവഗിരമായ ആ അശരീരിയെ കേട്ടറിഞ്ഞതിനുശേഷം, ഇന്ദ്രൻ നമുചിയെ കൊല്ലുവാനുള്ള ഉപായത്തെക്കുറിച്ച് ചിന്തിച്ചു. ശേഷം ഉണങ്ങിയതോ, നനഞ്ഞതോ അല്ലാതുള്ള കടൽനുരയെ ഇന്ദ്രൻ ശ്രത്രുവധത്തിനുള്ള ഉപായമായി കണ്ടറിഞ്ഞു. പെട്ടെന്നുതന്നെ അതുപയോഗിച്ച് ഇന്ദ്രൻ നമുചിയെ വധിക്കുകയും ചെയ്തു. അതുകണ്ട ഋഷിസംഘങ്ങൾ അദ്ദേഹത്തെ വാഴ്ത്തുകയും പൂമാലയണിയിച്ചാ‍ദരിക്കുകയും ചെയ്തു. ഗന്ധർവ്വപ്രമുഖന്മാരായ വിശ്വാവസുവും പരാവസുവും ഇന്ദ്രന്റെ ഗുണഗാനങ്ങൾ പാടി. ദേവഗണങ്ങൾ ദുന്ദുഭി കൊട്ടി. ദേവനർത്തകികൾ നൃത്തം ചെയ്തു.

രാജൻ!, അതേസമയംതന്നെ വായു, അഗ്നി, വരുണൻ മുതലായ ദേവന്മാരും എതിരാളികളെ അസ്ത്രങ്ങളാൽ, സിംഹങ്ങൾ മാനുകളെയെന്നതുപോലെ, കൊന്നൊടുക്കിക്കൊണ്ടിരുന്നു. രാജാവേ!, ഇങ്ങനെ, അസുരന്മാർ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതുകണ്ട ബ്രഹ്മദേവൻ ശ്രീനാരദരെ അവിടേക്കയയ്ക്കുകയും, ദേവർഷി ദേവന്മാരെ വിലക്കുകയും ചെയ്തു. ശ്രീനാരദൻ പറഞ്ഞു: അല്ലയോ ദേവന്മാരേ!, ഭഗവദനുഗ്രഹത്താൽ നിങ്ങൾക്ക് അമൃതം നേടുവാൻ കഴിഞ്ഞു. ശ്രീമഹാലക്ഷ്മിയാൽ സർവ്വരും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്തു. അതുകൊണ്ട്, ഇനിയീ യുദ്ധം മതിയാക്കുക.

ശ്രീശുകൻ പറഞ്ഞു: അല്ലയോ രാജൻ!, ദേവർഷിയുടെ ആ വാക്കുകളെ മാനിച്ചുകൊണ്ട് ദേവന്മാർ കോപത്തെയടക്കുകയും യുദ്ധം അവസാനിപ്പിക്കുകയും ചെയ്തു. തുടർന്ന്, പുകഴ് പാടുന്ന അനുചരന്മാരോടൊപ്പം അവർ ദേവലോകത്തേക്ക് യാത്രയായി. നാരദമുനിയുടെ ഉപദേശപ്രകാരം അവശേഷിച്ച അസുരന്മാർ ചേതനയറ്റ മഹാബലിയുടെ ശരീരത്തെ വഹിച്ചുകൊണ്ട് അസ്തമയപർവ്വതത്തിലേക്കുപോയി. അവയവങ്ങൾ നഷ്ടപ്പെടാത്തവരും ശിരസ്സറ്റുപോകാത്തവരുമായ എല്ലാ അസുരന്മാരേയും ശുക്രമഹർഷി സ്വവിദ്യയായ സഞ്ജീവിനിയാൽ പുനർജീവിപ്പിച്ചു. ശുക്രന്റെ സ്പർശനത്താൽ മഹാബലിയും പുനർജ്ജീവിച്ച് തന്റെ ഇന്ദ്രിയശക്തിയും ഓർമ്മശക്തിയും വീണ്ടെടുത്തു. ജ്ഞാനിയായിരുന്ന അദ്ദേഹം തന്റെ തോൽ‌വിയിൽ ഒരിക്കലും ദുഃഖിക്കുകയുണ്ടായില്ല.


ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം പതിനൊന്നാമദ്ധ്യായം സമാപിച്ചു.



ഓം തത് സത്.



Previous    Next






 Indra kills namuchi and war between gods and demons ends

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ