2013, നവംബർ 20, ബുധനാഴ്‌ച

2.6 വിശ്വരൂപവര്‍ണ്ണന

ഓം
ശ്രീമദ് ഭാഗവതം ദ്വിതീയസ്കന്ധം  അദ്ധ്യായം - 6

ബ്രഹ്മദേവന്‍ പറഞു: "കുഞേ!, ആ വിരാട്പുമാന്റെ വക്ത്രം ശബ്ദത്തിന്റെ ഉറവിടമാണ്. അതിന്നധിദേവത അഗ്നിയും. ആ സപ്തധാതുക്കളില്‍ നിന്നും വേദങളുത്ഭവിക്കുന്നു. നാവില്‍ നിന്നോ, പിതൃക്കള്‍ക്കും ദേവതകള്‍ക്കുമുള്ള ഹവ്യം ഉത്പന്നമാകുന്നു. അവന്റെ നാസാരന്ധ്രങളില്‍ നിന്നുതിരുന്നതത്രേ ശ്വാസവായു. ഘ്രാണത്തില്‍ നിന്ന് അശ്വിനികുമാരന്‍‌മാരും അതുപോലെ നാനാ തരത്തിലുള്ള ഔഷധികളും സുഗന്ധവും ഭവിക്കുന്നു. അവന്റെ നയനങളില്‍ നിന്ന് ഇക്കണ്ട തിളക്കമാര്‍ന്ന ദൃശ്യങളുണ്ടാകുന്നു. കൃഷ്ണമണികള്‍ സൂര്യനും അന്യഗ്രഹങളുമാകുന്നു. അവന്റെ ചെവികള്‍ നാനാദിശകളില്‍നിന്നും ശബ്ദങളെ സ്വീകരിക്കുമ്പോള്‍, ശ്രോത്രാവബോധമാകട്ടെ, ആകാശത്തേയും ശബ്ദത്തേയും സൃഷ്ടിക്കുന്നു. ആ നിര്‍മ്മല ശരീരം വസ്തുസാരങളുടെ സൗഭാഗ്യത്തെ ഉണ്ടാക്കുന്നു. അത് പിന്നീട് മഹായാഗങള്‍ക്കുള്ള സ്ഥലമായി മാറുകയും ചെയ്യുന്നു. ത്വക്ക് അനിലനെപ്പോലെ വ്യത്യസ്ഥശബ്ദസ്പര്‍ശങളെ ഉത്പാദിപ്പിക്കുന്നു. അവന്റെ തനുരുഹങള്‍ യജ്ഞസാമഗ്രികളായി ഉപയോഗിക്കപ്പെടുന്ന ഉദ്ഭിജങളാണ്. കേശവും, മുഖത്തുള്ള രോമങളും മേഘങളുടെ ഉത്ഭവസ്ഥാനമായി നിലകൊള്ളുന്നു. അവന്റെ നഖങളില്‍ നിന്ന് ശില, ലോഹം, വൈദ്യുതി എന്നിവയുണ്ടാകുന്നു. ഭഗവാന്റെ ബാഹുദ്വയങളില്‍ നിന്നത്രേ ലോകപാലകന്‍‌മാരുണ്ടായിരിക്കുന്നത്. അവരാകട്ടെ ലോകത്തിന്റെ ക്ഷേമം വേണ്ടവിധത്തില്‍ ഉറപ്പുവരുത്തുന്നു. ആ പാദപത്മമാണ് അധമവും, മധ്യമവും, ഊര്‍ദ്ധ്വവുമായ പതിനാലുലോകങളുടേയും അഭയസ്ഥാനം. കാരണം, സകലൈശ്വര്യങളും, വേണ്ടുന്ന വരവും തരുന്നതോടോപ്പം ആ നിര്‍മ്മലപത്മം ആശ്രിതരെ സകലഭയങളില്‍ നിന്നും മുക്തമാക്കുന്നു. അവന്റെ ജനനേന്ദ്രിയത്തില്‍ നിന്നും ജലം, പുനരുത്പാദനാര്‍ത്ഥമായുള്ള വീര്യം, മഴ, പ്രജാപതികള്‍ എന്നിവയുണ്ടാക്കുന്നു. കൂടാതെ ഈ ഭഗവതംശത്തില്‍ന്നിന്നും ഒരാനന്ദമുത്ഭവിച്ച് അത് പ്രജാവര്‍ദ്ധനകര്‍മ്മത്തിലുണ്ടാകുന്ന തടസ്സങളെ നീക്കുകയും ചെയ്യുന്നു. ഹേ നാരദരേ!, ആ കരുണാമയന്റെ പായുവില്‍ നിന്നുമാണ് യമരാജനും, മിത്രനും, ജന്‍‌മം കൊള്ളുന്നത്. അവന്റെ വിസര്‍ജ്ജനസുഷിരത്തില്‍ നിന്നും മാത്സര്യം, ദൗര്‍ഭാഗ്യം, മൃത്യു മുതലായവ ഉടലെടുക്കുന്നു. പൃഷ്ഠഭാഗത്തുനിന്നും അജ്ഞാനം, നിരാശ അധര്‍മ്മം തുടങിയവയുണ്ടാകുന്നു. മഹാനദികളും, ചെറുതോടുകളും ചേര്‍ന്ന് അവന്റെ നാഢീവ്യൂഹമുണ്ടായിരിക്കുന്നു. അവന്റെ അസ്ഥികളാകട്ടെ, മഹാപര്‍‌വ്വതങളായി രൂപം കൊണ്ടിരിക്കുന്നു. കാലം എന്നത് പ്രലയപയോധിയാകുമ്പോള്‍, ആ ഉദരത്തില്‍ സകലചരാചരങളും ലയിച്ചുചേരുന്നു. 

ആ നിര്‍മ്മലഹൃദയം സകലഭൂതങളുടേയും മനസ്സിന്റെ ഉറവിടമാകുന്നു. ഹേ കുഞേ!, ഈ സത്യത്തെ ജ്ഞാനികള്‍ മാത്രം മനസ്സിലാക്കുന്നു. മകനേ!, നിന്റേയും, എന്റേയും, എന്റെ കുമാരന്‍‌മാരുടേയും, ശ്രീപരമേശ്വരന്റേയും, ധാര്‍മ്മികതത്വങളെല്ലാം ആ പരമാത്മബോധത്തില്‍ അടങിയിരിക്കുന്നു. മാത്രമല്ല, ആ നിത്യബോധം സത്യത്തിനും, ആത്മജ്ഞാനത്തിനുമൊക്കെ ആസ്ഥാനമത്രേ!. ഞാനും, നീയും, ശങ്കരനും, നിനക്ക് മുന്‍പുണ്ടായ ഋഷീശ്വരന്‍‌മാരും, ദേവന്‍‌മാരും, അസുരരും, മനുഷ്യരും, നാഗന്‍‌മാരും, പക്ഷിമൃഗാദികളും, ഉരഗങളും, ഗന്ധര്‍‌വ്വ-യക്ഷ-രക്ഷസ്സ് ഇത്യാദി സ്വര്‍ഗ്ഗവാസികളും, ഭൂതലത്തിലുള്ള അന്യജന്തുക്കളും, ജലജീവികളും, ആകാശത്തിലെ നക്ഷത്ര-കേതു-ഗ്രഹാദികളും, ചന്ദ്രന്‍‌മാരും, ഇടിയും മിന്നലും, എന്നുവേണ്ടാ, ഭൂതവും, ഭവ്യവും, ഭവത്തുമായ സകലമാന പ്രാപഞ്ചിക വസ്തുക്കളും; ഒമ്പത് ഇഞ്ചില്‍ കവിയാത്ത ആ പരമാത്മരൂപത്തില്‍ അധിഷ്ഠിതമായിരിക്കുന്നു. സൂര്യന്‍ തന്റെ പ്രകാശത്താല്‍ സകലവസ്തുക്കളുടേയും അകവും പുറവും നിറഞുനില്‍ക്കുന്നതുപോലെ ഈശ്വരന്‍ തന്റെ വിരാട്രൂപം കൈക്കൊണ്ട് സകലജഗത്തിനും ആധാരമായി, സാക്ഷിയായി പ്രകാശിക്കുന്നു. അതുകൊണ്ട്, മകനേ!, ജനിമരണത്തിനും, കര്‍മ്മഫലത്തിനുമൊക്കെ അധീതനായ അവന്‍ അമൃതത്വത്തിന്റേയും അഭയത്വത്തിന്റേയും നായകനാക്കുന്നു. ആങനെയുള്ള അവന്റെ മഹിമകള്‍ അഗണിതമാണ്. 

സര്‍‌വ്വഭൂതനിധിയായ അവന്റെ നാലിലൊന്നു ശക്തിയില്‍ ജഗത്തിലെ സര്‍‌വ്വഭൂതങളും നിലകൊള്ളുന്നു. അവിടെ മരണമോ, ഭയമോ, ജരാനരകളോ ഒന്നും തന്നെയില്ല. അവിടം ഭൗതികവും, ലൗകികവുമായ ആവരണങള്‍ക്കുമപ്പുറമാണ്. ജനിമൃതിയറ്റ മഹാത്മാക്കള്‍ ഭൗതികത്തിനപ്പുറമുള്ള മൂന്നുലോകങളിലായി വര്‍ത്തിക്കുമ്പോള്‍, ബ്രഹ്മചര്യത്തെ അനുഷ്ഠിക്കാതെ കുടുംബത്തില ആസക്തരായിക്കഴിയുന്നവര്‍ ഭൗതികലോകങളില്‍ ജീവിക്കുന്നു. ചുരുക്കത്തില്‍, ജ്ഞാനികളാകട്ടെ, അജ്ഞാനികളാകട്ടെ, സകലരുടേയും ഐശ്വര്യം അവന്‍ തന്നെ കാത്തുസൂക്ഷിക്കുന്നു. കാരണം അവന്‍ തന്നെയാണ് സലതിനും ഈശ്വരന്‍. സൂര്യന്‍ തന്നില്‍ നിന്ന് നിര്‍ഗ്ഗമിച്ച കിരണങളില്‍ നിന്നും ചൂടില്‍ നിന്നും വേറിട്ടുനില്‍ക്കുന്നതുപോലെ, ഈ കാണായ ജഗത്തും, സകലലോകങളും, ഇതിലെ സര്‍‌വ്വഭൂതങളും, ഇന്ദ്രിയങളും, ത്രിഗുണങളും, ഒക്കെ ആ പരബ്രഹ്മത്തില്‍ നിന്നുണ്ടായതാണെങ്കിലും, അവന്‍ ഇതില്‍ നിന്നൊക്കെ തികച്ചും നിര്‍സ്പൃഹനായി നിലകൊള്ളുന്നു. 

ആ മഹാപുരുഷന്റെ നാഭീപങ്കജത്തില്‍ നിന്നും ഞാനുണ്ടായ സമയം ഭഗവതംശമായ ഈ ശരീരമല്ലാതെ മറ്റൊന്നും ഇവിടെ ഉണ്ടായിരുന്നില്ല. യജ്ഞത്തിനാകട്ടെ, ഇലകളും, പൂക്കളും, ദര്‍ഭയും, യജ്ഞമണ്ഡപവുമൊക്കെ സാമഗ്രികളായി ആവശ്യമുണ്ടായിരുന്നു. കൂടാതെ, പാത്രങള്‍, ധാന്യം, വെണ്ണ, തേന്‍, സ്വര്‍ണ്ണം, ഭൂമി, ജലം, ഋക്‌-യജുര്‍-സാമവേദങള്‍, കര്‍മ്മത്തിനായി നാലു പൂജാരികള്‍, മുതലായവയും ആവശ്യമുണ്ട്. വിവിധ ദേവതകളുടെ പേരും മന്ത്രവും ഉരുവിട്ട്, അവരെ ആവാഹിച്ചിരുത്തി, പ്രതിജ്ഞചൊല്ലേണ്ടതുണ്ട്. ആയതിന് പ്രത്യേകം പ്രത്യേകം ഗ്രന്ഥങളും ആവശ്യമുണ്ടായിരുന്നു. പക്ഷേ വേണ്ടതെല്ലാം ഞാന്‍ ആ ഭഗവാന്റെ വ്യത്യസ്ഥശരീരഭാഗങളില്‍ നിന്നും ശേഖരിച്ചുണ്ടാക്കി ആ പ്രഭുവിനെ സന്തുഷ്ടനാക്കാന്‍ വേണ്ടി യാഗം അനുഷ്ഠിച്ചു. ഹേ കുമാരാ!, നിന്റെ ജ്യേഷ്ഠസഹോദരങളായ ഒമ്പത് പ്രജാപതിമാര്‍ യഥാവിധി യജിച്ചുകൊണ്ട് വ്യക്താവ്യക്തസ്വരൂപനായ ആ നാരായണനെ സംതൃപ്തനാക്കി. പിന്നീട് അവനെ മനുവും, മഹാഋഷികളും, മറ്റുപ്രജാപതിമാരും, ജ്ഞാനികളും, മനുഷ്യരും, ദൈത്യരുമൊക്കെ യജിച്ച് സന്തുഷ്ടനാക്കി. 

ആത്മമായയെ സ്വീകരിച്ചുകൊണ്ട് അവന്‍ ഇക്കാണുന്ന വിശ്വം മുഴുവന്‍ തന്നില്‍ തന്നെ അധിഷ്ഠിതമാക്കിയിരിക്കുന്നു. അവന്റെ നിയോഗത്താല്‍ ഞാന്‍ സൃഷ്ടി നടത്തുന്നു, പുരുഷരൂപത്തിലിരുന്നുകൊണ്ട് അവന്‍ തന്നെ ഇതിനെ പരിപാലിക്കുന്നു, അവന്റെ സഹായത്താല്‍ ശ്രീപരമേശ്വരന്‍ ഈ ജഗത്തിനെ സംഹരിക്കുകയും ചെയ്യുന്നു. അങനെ അവന്‍ തന്നെ ഈ മൂന്ന് കര്‍മ്മങള്‍ക്കും ഈശ്വരനായി വിളങുന്നു. ഹേ കുമാരാ!, നിന്റെ ചോദ്യങള്‍ക്കെല്ലാം ഞാന്‍ ഉത്തരം തന്നുകഴിഞു. എപ്പോഴും ഒന്നോര്‍മ്മിക്കുക, ഇവിടെ കാര്യമായിട്ടും, കാരണമായിട്ടും, ആ പരമപുരുഷനല്ലാതെ മറ്റൊന്നിനേക്കുറിച്ചും ചിന്തിക്കേണ്ടതില്ല. നാരദരേ!, എന്റെയീ അവസ്ഥക്ക് ഒരിക്കലും ഒരിളക്കവും സംഭവിക്കുകയില്ല, കാരണം, എന്റെ ഹൃദയം അത്യുത്സാഹത്തോടെ ആ പരമാത്മാവില്‍ രമിച്ചിരിക്കുന്നു. എന്റെ മനസ്സാകട്ടെ, ഒരിക്കലും അസത്തിനുപുറകേ പായുന്നില്ല. എന്റെ ഇന്ദ്രിയങളും ഞാന്‍ നശ്വരവസ്തുക്കളില്‍ നിന്നൊക്കെ പിന്‍‌വലിച്ചിരിക്കുന്നു. 

എന്റെ വേദാധ്യായനത്തിലും, ബ്രഹ്മചര്യാനുഷ്ഠാനത്തിലും, യോഗാഭ്യാസത്തിലുമൊക്കെ ശ്രേഷ്ഠത ദര്‍ശിച്ച് പ്രജാപതികള്‍ എന്നെ ബഹുമാനിക്കുന്നു. പക്ഷേ, എനിക്ക് ജന്‍‌മം നല്‍കിയ ആ ഈശ്വരനെ ഞാന്‍ ഇപ്പോഴും അറിയുന്നില്ല. ജനനമരണചക്രത്തില്‍ നിന്നു രക്ഷനേടാനുള്ള ഏകവഴി അവനെ ശരണം പ്രാപിക്കുക എന്നുള്ളതാണ്. കാരണം, ആകാശം തന്റെ അനന്തതയെ അറിയുന്നില്ല എന്നതുപോലെ, അവന്റെ ആദ്യന്തരഹിതമായ വൈഭവത്തെ അവന്‍ പോലും പൂര്‍ണ്ണമായി അറിയുന്നില്ല, പിന്നെയാണോ മറ്റുള്ളവര്‍!. എനിക്കോ, നിനക്കോ, ശിവനോ പോലും അറിയാത്ത അവന്റെ ഗതിയെ മറ്റാരറിയാന്‍!. നാമെല്ലാം അവന്റെ മായയില്‍ മോഹിതരാണ്. നമുക്കേറിയാല്‍ അവന്റെ ഈ സൃഷ്ടിയെമാത്രമാണ് ഗ്രഹിക്കാന്‍ കഴിയുക എന്നറിയുക. അതുകൊണ്ട് അവന്റെ അവതാരമഹിമകള്‍ വാഴ്ത്തിക്കൊണ്ട് നമുക്കവനില്‍ തന്നെ ശരണം പ്രാപിക്കാം. ആ ആദ്യപുരുഷന്‍ പലേ രൂപത്തില്‍ യുഗങള്‍ തോറും സ്വയം അവതരിക്കുന്നു, സ്വയം നിലനില്‍ക്കുന്നു, ഒടുവില്‍ സ്വയം ലീനനാകുകയും ചെയ്യുന്നു. ഹേ നാരദരേ!, അവന്‍ നിര്‍മ്മലനും, സര്‍‌വ്വവും നിറഞുനില്‍ക്കുന്നവനും, സര്‍‌വ്വജ്ഞനും, ആദ്യന്തരഹിതനുമാണ്. ഗുണത്രങളെ മറികടന്ന് അവനില്‍ ശരണം പ്രാപിക്കുന്ന മുനികള്‍ക്കുമാത്രമേ അവനെ അറിയാനാകൂ. അല്ലാത്തവര്‍ അനാവശ്യതര്‍ക്കങളില്‍ കുടുങി അവനെ നഷ്ടമാക്കുന്നു. ഞാനും, വിഷ്ണുവും, ഹരനും, ദക്ഷന്‍ തുടങിയ പ്രജാപതിമാരും, നീയും, ഇന്ദ്രാദിദേവതകളും, സ്വര്‍ല്ലോകപതികളും, നരലോകപതികളും, അധോലോകപതികളും, ഗന്ധര്‍‌വ്വ-വിദ്ധ്യാധര-ചാരണ-യക്ഷ-രക്ഷസ്സുകളും, ഉരഗങളും, ഋഷീശ്വരന്‍‌മാരും, നിശാചരരും, ദൈത്യേന്ദ്രന്‍‌മാരും, സിദ്ധേശ്വരന്‍‌മാരും, പ്രേതപിശാചുക്കളും, സാത്താന്‍, ജിന്ന്, കുശ്മാണ്ഡം തുടങിയ ഭീകരജീവന്‍‌മാരും, ജലജീവികളും, പക്ഷിമൃഗാദികളും, ചുരുക്കിപ്പറഞാല്‍ സകലഭൂതങളും ഉള്ളതായിതോന്നുന്നുവെങ്കിലും യഥാര്‍ത്ഥത്തില്‍ അവ ഇല്ലാത്തതത്രേ.  അവയെല്ലാം ഉണ്ടായി നിലനിന്ന് ഇല്ലാതെയാകുന്ന കേവലം നാമരൂപമാത്രമായ അവന്റെ ഭൗതികാംഗങളുടെ അംശങളാണ്.  

മകനേ!, ആ പരമപുരുഷന്റെ ലീലാവതാരങള്‍ ഒന്നൊന്നായി ഞാന്‍ നിനക്ക് പറഞുതരാം. അവയുടെ ശ്രവണം കൊണ്ടുതന്നെ ഒരുവന്റെ സകല അശുഭവാസനകളും അകന്നുപോകുന്നു. അത്രകണ്ട് പവിത്രവും അതുപോലെതന്നെ ശ്രോതവ്യവുമായ ആ അദ്ധ്യാത്മലീലകള്‍ എന്റെ ഹൃദയത്തില്‍ സദാ കുടികൊള്ളുന്നു. 

ഇങനെ ശ്രീമദ് ഭാഗവതം ദ്വിതീയസ്കന്ധം  ആറാമധ്യായം സമാപിച്ചു.

ഓം തത് സത്

2013, നവംബർ 11, തിങ്കളാഴ്‌ച

2.5 സകലകാരണങള്‍ക്കും കാരണനായ ഭഗവാന്‍ ഹരി

ഓം

ശ്രീമദ് ഭാഗവതം ദ്വിതീയസ്കന്ധം  അദ്ധ്യായം - 5

സൂതന്‍ പറഞു: ഹേ മഹര്‍ഷിമാരേ!, അങനെ നാരദമുനി ബ്രഹ്മാവിനോട് ചോദിച്ചു. "ഹേ ദേവദേവാ, പൂര്‍‌വ്വജാ!, അങേയ്ക്കെന്റെ നമസ്ക്കാരം!. ജീവനെ ആ പരമാത്മത്വത്തിലേക്ക് നയിക്കുന്ന ആ അദ്ധ്യാത്മികജ്ഞാനത്തെ ഉള്ളവണ്ണം എനിക്ക് തന്നരുളിയാലും. പ്രഭോ!, ഇക്കണ്ട ജഗത്തിന്റെ അടിസ്ഥാനതത്വമെന്തെന്നും, , ഇത് എങനെ സൃഷ്ടിക്കപ്പെട്ടെന്നും, ഏതുവിധം പരിപാലിക്കപ്പെടുന്നുവെന്നും, ആരാല്‍ ഇതെല്ലാം നിയന്ത്രിക്കപ്പെടുന്നുവെന്നും അങ് അരുളിചെയ്താലും.

ഹേ വിധാതാവേ!, ഈ കാണുന്ന സൃഷ്ടിയുടെ ഭൂതവും, ഭവ്യവും, ഭവത്തുമായ സകലതും കരാമലകം പോലെ അങയില്‍ നിക്ഷിപ്തമാണ്. സര്‍‌വ്വവും അങേയ്ക്കറിയാവുന്നതുമാണ്. പിതാവേ!, എന്താണങയുടെ ഈ ജഗത്തിന്റെ ഉറവിടം?. ആരാണങേയ്ക്ക് ആധാരമായിട്ടുള്ളത്?. എന്താണങേയ്ക്ക് തുണയായും കരുത്തായും വര്‍ത്തിക്കുന്നത്?. ചിലന്തി വലകെട്ടുന്നതുപോലെ പരപ്രേരണകൂടാതെ അവിടുന്ന് സ്വന്തം ശക്തികൊണ്ടാണോ ഈ സൃഷ്ടിയുടെ രചനചെയ്യുന്നത്?. ഹേ പ്രഭോ!, നാമരൂപങളാള്‍ ഈ പ്രപഞ്ചമായി കാണപ്പെടുന്നതെന്തും, അത് ചെറുതായാലും, വലുതായാലാലും, സമമായാലും, സത്തായാലും, അസത്തായാലും, സര്‍‌വ്വം അങയില്‍ നിന്നല്ലാതെ മറ്റൊരുശക്തിയാല്‍ സൃഷ്ടമായതായി ഞാന്‍ കരുതിന്നില്ല. അങ് പണ്ട് സുസമാഹിതമായി ഘോരതപം ചെയ്തതോര്‍ക്കുമ്പോള്‍ സൃഷ്ടികര്‍മ്മങള്‍ക്കായി അങയെക്കാള്‍ പരമമായി മറ്റൊരുശക്തിയുണ്ടെന്ന് വിശ്വസിക്കാന്‍ ഞങള്‍ക്ക് പ്രയാസമാണ്. ഹേ പ്രഭോ!, സര്‍‌വ്വജ്ഞനും സര്‍‌വ്വേശ്വരനുമായ അങയോട് എന്റെ സകല സംശയങളും തീര്‍ക്കുവാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു."

ബ്രഹ്മാവ് പറഞു: "മകനേ!, നീ ചോദിച്ചതെല്ലം സര്‍‌വ്വഭൂതങള്‍ക്കും കാരുണ്യപ്രദായകമായ തരത്തില്‍ അത്യന്തം ഉചിതമായ ചോദ്യങളാണ്. ഭഗവാന്റെ അനന്തമായ ശക്തിയെക്കുറിച്ചറിയാനുള്ള നിന്റെ ഇംഗിതത്തില്‍ ഞാന്‍ അതീവസന്തുഷ്ടനാണ്. ഹേ കുമാരാ!, എന്നെക്കുറിച്ച് നീ കേട്ടതൊന്നും അസത്യമല്ല. പക്ഷേ എനിക്കും പരമമായി വര്‍ത്തിക്കുന്ന ആ മഹാപുരുഷനെ അറിയാതെ എന്റെ കര്‍മ്മങളെ വീക്ഷിക്കുന്നവര്‍ സ്വാഭാവികമായും ഭ്രമിച്ചുപോകുന്നു. ആ നാരായണന്‍ തന്റെ ബ്രഹ്മജ്യോതിസ്സാല്‍ ഈ വിശ്വത്തെ മുഴുവന്‍ മുന്നേ തന്നെ സൃഷ്ടിച്ചിരിക്കുന്നു. അതിനുശേഷമാണ് ഈ പ്രപഞ്ചത്തില്‍ ഞാന്‍ നാമരൂപങളെ സൃഷ്ടിക്കുന്നത്. സൂര്യന്‍ പ്രകാശിക്കുന്നതോടെ, തത്പ്രഭാകിരണത്താല്‍ ചന്ദ്രനും, നഭോമണ്ഡലവും, ഉപഗ്രഹങളും, നക്ഷത്രങളുമൊക്കെ പ്രകാശിക്കുന്നതുപോലെ അവന്റെ സൃഷ്ടിയുടെ പ്രഭയില്‍ ഞാനും ഇക്കണ്ടവയൊക്കെ നിര്‍മ്മിക്കുന്നു. ആ നാരായണന്റെ തന്നെ അജയ്യമായ മായാശക്തിയുടെ പ്രഭാവത്താല്‍ അജ്ഞാനികള്‍ എന്നെ ഈ ജഗത്തിന്റെ ഗുരുവായി കണക്കാക്കുന്നു. ആ ഭഗവാനെ ഞാന്‍ നിരന്തരം ധ്യാനിക്കുമ്പോള്‍, അവരാകട്ടെ, അവന്റെ മായയില്‍ മുങികിടന്നുകൊണ്ട് മോഹിതരായി ഞാനെന്നും, എന്റേതെന്നും മറ്റും, പുലഭ്യം പറഞുകൊണ്ട് നാണംകെട്ടുനടക്കുന്നു. അതേകാരണത്താല്‍ തന്നെ എന്നേയും അജ്ഞാനികള്‍ തെറ്റിദ്ധരിക്കുന്നു. പഞ്ചഭൂതങളും, കാലവും, കര്‍മ്മവും ചേര്‍ന്ന്, പ്രകൃതിയുടെ സ്വഭാവത്തിനനുസരിച്ച്, വ്യത്യസ്ഥനാമരൂപങളായ ഭൂതങള്‍ ഈ പ്രപഞ്ചത്തില്‍ കാണപ്പെടുന്നു. അവയെല്ലാം വാസുദേവനായ ആ ഭഗവാന്റെ അംശാംഗങളാണ്. അതല്ലാതെ ഈ പ്രപഞ്ചത്തിന് മറ്റൊരസ്ഥിത്വം ഇല്ലേയില്ല. 

സകലവേദങളും അവന്റെ തത്വത്തെയാണ് ഉദ്ഘോഷിക്കുന്നത്. ദേവതകള്‍ ഭഗവതംഗങളായിപിരിഞ് അവനെ സേവിക്കുന്നു. ഈരേഴുപതിനാല് ലോകങളും അവന്റെ സ്ഥൂലശരീരമത്രേ!. സര്‍‌വ്വയജ്ഞങളും അവനെ പ്രീതിപ്പെടുത്താന്‍വേണ്ടി മാത്രം. യോഗാഭ്യാസങള്‍ അവനെയറിയുവാനുള്ള മാര്‍ഗ്ഗങളിലൊന്നുമാത്രം. തപസ്സുകൊണ്ട് അവനെ പ്രാപിക്കാന്‍ കഴിയുമ്പോള്‍, ജ്ഞാനം അവനെക്കുറിച്ചുള്ള അറിവാണ്. കാരണം, അവന്‍ മാത്രമാണ് പരമമായ ഗതി. 

സകലതിനും ദ്രഷ്ടാവായും, സകലഹൃദയനിവാസിയായും, കൂടസ്ഥനായുമിരിക്കുന്ന അവന്‍ ചെയ്ത ഞാനടക്കമുള്ള സൃഷ്ടിവൈഭവത്തില്‍ പ്രചോദിതനായിക്കൊണ്ട് ഞാനും ഇവിടെ സൃഷ്ടിനടത്തുന്നു. നിര്‍ഗ്ഗുണസ്വരൂപനായ അവന്‍ പ്രപഞ്ചത്തിന്റെ ഉല്പ്പത്തിക്കും, പരിപാലനത്തിനും, സംഹാരത്തിനും വേണ്ടി, സത്വം, രജസ്സ്, തമസ്സ് ഇന്നിത്യാദി മൂന്ന് പ്രകൃതിഗുണങളെ സ്വീകരിക്കുന്നു. തുടര്‍ന്ന്, ഈ ത്രിഗുണങള്‍ പരിണമിച്ച് ജ്ഞാനമായും, കര്‍മ്മമായും, ദ്രവ്യമായും ഭവിച്ചുകൊണ്ട് നിത്യമുക്തമായ ജീവന്‍‌മാരെ മായയുടെ കാര്യകാരണങള്‍ക്ക് വിധേയരാക്കുകയും ചെയ്യുന്നു. ഇങനെ അടിപ്പെട്ട ജീവന്‍‌മാര്‍ തത് കാരണാല്‍ ത്രിഗുണാധീതനായ ഭഗവാനെ കാണുന്നില്ല. പക്ഷേ ഞാനടക്കമുള്ള സകലഭൂതങളുടേയും ഈശ്വരന്‍ അവന്‍ തന്നെയാണ്. കാലത്തിനും, കര്‍മ്മത്തിനും, സ്വഭാവത്തിനുമനുസരിച്ച് ഈ ജീവന്‍‌മാരെ ആ നാരായണന്‍ യദൃച്ഛയാ ജനിപ്പിക്കുകയും, സ്വേച്ഛയാ ലയിപ്പിക്കുകയും ചെയ്യുന്നു. 

ഭഗവാന്‍ ആദിപുരുഷനായി അവതരിച്ച് ആദ്യം മഹത് തത്വമുണ്ടായി. പിന്നീട് കാലം ഉടലെടുത്ത്, തുടര്‍ന്ന് കാലാന്തരത്തില്‍ സത്വരജസ്തമോഗുണങള്‍ ഉണ്ടാകുകയും ഇവകള്‍ പരിണമിച്ച് കര്‍മ്മമുണ്ടാകുകയും ചെയ്തു. അങനെ ആദ്യമുണ്ടായ മഹത് തത്വം പരിണമിച്ച് തത്ഫലമായി ത്രിഗുണങളില്‍ തമോഗുണത്തെയപേക്ഷിച്ച് സത്വരജസ്സുക്കള്‍ ശക്തിപ്രാപിച്ചു. ക്രമേണ തുടര്‍ന്നുണ്ടായ പരിവര്‍ത്തനത്തില്‍ ദ്രവ്യ-ജ്ഞാന-ക്രിയാത്മകമായ തമോഗുണം പുഷ്ടിപ്പെട്ടു. അങനെ അതില്‍നിന്നും അഹങ്കാരതത്വമുണ്ടാവുകയും, അത് സത്വരജസ്തമോഭേദങളോടെ യഥാക്രമം ദ്രവ്യശക്തിയും, ക്രിയാശക്തിയും, ജ്ഞാനശക്തിയുമായി മാറുകയും ചെയ്തു. തത്ജന്യമായി പഞ്ചഭൂതങളുണ്ടായി. ദൃക്കും അതിന്റെ സൂക്ഷ്മരൂപവുമെന്നതുപോലെ, ഈ പഞ്ചഭൂതങളുടെ സൂക്ഷ്മരൂപങളായ ശബ്ദം, ഗന്ധം, രൂപം, രസം, സ്പര്‍ശം മുതലായവ രൂപം കൊണ്ടു. 

പിന്നീട്, പഞ്ചഭൂതങളിലൊന്നായ ആകാശം പരിണമിച്ചതോടെ വായൂ ഉടലെടുത്തു. സ്പര്‍ശം, ശബ്ദം, പ്രാണന്‍, ഓജസ്സ്, ബലം തുടങിയ ഗുണഗണങളോടുകൂടി ഭവിച്ച വായൂ, കാലാന്തരത്തില്‍ പരിവര്‍ത്തനങള്‍ക്ക് വിധേയമായി അഗ്നിയുണ്ടായി. അതും ശബ്ദസ്പര്‍ശാത്മകമായിരുന്നു. തുടര്‍ന്ന് അഗിനി രൂപാന്തരപ്പെട്ട് ശബ്ദരസാദിസമന്വിതമായ ജലമുണ്ടായി. പിന്നീട് ജലത്തിനുണ്ടായ സവിശേഷപരിവര്‍ത്തനത്തിലൂടെ ഗന്ധം രൂപം കൊണ്ടു. ശബ്ദം, സ്പര്‍ശം, രസം തുടങിയവയുടെ ഗുണങള്‍ ഗന്ധത്തിനുമുണ്ടായിരുന്നു. 

പിന്നീട് സത്വഗുണത്തില്‍ നിന്ന് മനസ്സും, കൂടാതെ സത്വാത്മകമായ ദേവതകളുമുണ്ടായി. അവരാണ് ദിക്ദേവത, വായൂദേവന്‍, സൂര്യഭഗവാന്‍, പ്രചേതസ്സ്, അശ്വിനിദേവകള്‍, വഹ്നിദേവന്‍, ഇന്ദ്രന്‍, ഉപേന്ദ്രന്‍, മിത്രന്‍, ബ്രഹ്മാവ്, തുടങിയ പത്തുദേവതകള്‍. അതിനുശേഷം രജോഗുണത്തില്‍ നിന്നും പത്തിന്ദ്രിയങളായ ചെവിയും, ത്വക്കും, മൂക്കും, കണ്ണും, ജിഹ്വയും, വാക്കും, കൈകളും, മേധ്രവും, പാദവും, വിസര്‍ജ്ജനേന്ദ്രിയങളുമുണ്ടായി. ഹേ ബ്രഹ്മവിത്തമാ!, മേല്പ്പറഞ ഘടകങളായ ഇന്ദ്രിയങളും, മനസ്സും ഒരുമിക്കാത്തിടത്തോളം കാലം ശരീരത്തിന്റെ സൃഷ്ടി സാധ്യമല്ല. അങനെ സത്തും അസത്തും ഉപാധിയാക്കി ഭഗവാന്‍ ആത്മമായകൊണ്ട് മേല്പ്പറഞ ഘടകങളെല്ലാം ചേത്ത് ഈ പ്രപഞ്ചമുണ്ടാക്കി. 

ഈ വിശ്വാണ്ഡം അനേകായിരം യുഗങളോളം കാരണസമുദ്രത്തില്‍ നിമഗ്നമായിക്കിടന്നു. പിന്നീടൊരിക്കല്‍ ജീവേശ്വരന്‍ അതിലേക്ക് വ്യാപരിച്ച് സര്‍‌വ്വഭൂതങള്‍ക്കും ജീവനായിക്കൊണ്ടു സകല അചരങളേയും ചരങളാക്കി മാറ്റി. ഒടുവില്‍ ഭഗവാന്‍ ഹരി ആ വിശ്വാണ്ഡം ഭേദിച്ച് പുറത്തുവന്നു. ആയിരക്കണക്കിന് തുടകളും, പാദങളും, കൈകളും, കണ്ണുകളും, മുഖങളും, തലകളുമുള്ള വിരാട് രൂപനായി ആ നാരായണന്‍ ഈരേഴുപതിനാല് ലോകങളും നിറഞുനിന്നു. ജ്ഞാനികള്‍ ആ വിശ്വരൂപന്റെ കടിപ്രദേശം മുതല്‍ താഴേക്കുള്ള ഏഴുലോകങളെ അധോലോകങളെന്നും, മുകളിലേക്കുള്ള ഏഴുലോകങള്‍ ഊദ്ധ്വമെന്നും കല്പ്പിച്ചിരിക്കുന്നു. ആ പരമപുരുഷന്റെ തിരുമുഖത്തുനിന്നു ബ്രാഹ്മണരും, തൃക്കൈകളില്‍ നിന്ന് ക്ഷത്രിയരും, തൃത്തുടകളില്‍ നിന്ന് വൈശ്യരും, അതുപോലെ തൃപ്പാദങളില്‍ നിന്ന് ശൂദ്രരുമുണ്ടായി. തിരുവടികളില്‍ നിന്നും ഭൂലോകം വരെയുള്ളവ അവന്റെ പാദങളില്‍ സ്ഥിതിചെയ്യുന്നു. ഭുവര്‍ലോകവും തുടര്‍ന്ന് മുകളിലേക്കുള്ള മദ്ധ്യലോകങള്‍ അവന്റെ നാഭിപ്രദേശം വരെയും, സ്വര്‍ല്ലോകം, മഹര്‍ലോകം തുടങിയ ഊര്‍ദ്ധ്വലോകങള്‍ അവന്റെ ഹൃദയഭാഗം വരെയും നിലകൊള്ളുന്നു. നെഞ്ചിന്റെ അഗ്രിമസ്ഥാനത്തുനിന്നും കഴുത്തോളം വരുന്നത് ജനലോകവും തപോലോകവുമാണ്. അവന്റെ മൂര്‍ദ്ധാവില്‍ സത്യലോകവും, അതിന്‍‌മേല്‍ സനാതനമായ ബ്രഹ്മലോകവും വിളങുന്നു. 

അധോലോകങളാകുന്ന ഏഴില്‍ അതലം അവന്റെ അരക്കെട്ടും, വിതലം തുടകളും, സുതലം കാല്‍മുട്ടുകളും, തലാതലം കണങ്കാലും, മഹാതലം നെരിയാണിയും, രസാതലം പാദവും, പാതാളം ഉള്ളംകാലുമാണ്. ഹേ നാരദരേ!, ഈരേഴുപതിനാലുലോകങള്‍ ഇങനെ മൂന്നായി പിരിഞ് പാതാളം മുതല്‍ ഭൂമി വരെയുള്ളവ ആ ഭഗവാന്റെ പാദത്തില്‍ അധോലോകമായും, ഭുവര്‍ലോകം അവന്റെ നാഭിയില്‍ മദ്ധ്യമമായും, സ്വര്‍ല്ലോകം അവന്റെ മൂര്‍ദ്ധാവില്‍ ഊര്‍ദ്ധ്വലോകമായും നിലകൊള്ളുന്നു. 

ഇങനെ ശ്രീമദ് ഭാഗവതം ദ്വിതീയസ്കന്ധം  അഞ്ചാമധ്യായം സമാപിച്ചു. 

ഓം തത് സത്2013, നവംബർ 7, വ്യാഴാഴ്‌ച

2.4 ശ്രീശുകന്റെ സ്തുതി

ഓം

ശ്രീമദ് ഭാഗവതം ദ്വിതീയസ്കന്ധം  അദ്ധ്യായം - 4

സൂതന്‍ പറഞു: മുനിമാരേ!, ശുകദേവന്റെ വാക്കുകള്‍ കേട്ട് ആത്മജ്ഞാനം നേടിയ ഉത്തരേയനായ പരീക്ഷിത്ത് ഭഗവാനില്‍ പൂര്‍ണ്ണമായും മനസ്സുറപ്പിച്ചു. അതോടെ അദ്ദേഹത്തിന് തന്റെ പുത്രരിലും, പത്നിയിലും, കൊട്ടാരത്തിലും, കുടുംബത്തിലും, കുതിരകളും ആനകളുമടക്കമുള്ള തന്റെ പ്രീയമൃഗങളിലും, എന്തിനുപറയാന്‍ സ്വന്തം ശരീരത്തില്‍ പോലുമുള്ള അത്യന്തമായ ആസക്തി ഇല്ലാതായി. അങനെ മഹാനായ പരീക്ഷിത്ത് കൃഷ്ണാനുവര്‍ത്തിയായി സകലഭൗതികധര്‍മ്മങളും ഉപേക്ഷിച്ച് ഭഗവാന്‍ വാസുദേവനില്‍ അഭയം പ്രാപിച്ചു. ഇപ്പോള്‍ നിങളെന്നോട് ചോദിച്ചറിയുന്നതുപോലെ അദ്ദേഹം ശ്രീശുകനോട് വീണ്ടും വീണ്ടും ആ അദ്ധ്യാത്മവിദ്യയെക്കുറിച്ച് ചോദിച്ചു മനസ്സിലാക്കി. 

രാജാവ് പറഞു: "ഹേ ബ്രാഹ്മണാ!, അങ് സര്‍‌വ്വജ്ഞനും അനഘനുമായ ദിവ്യപുരുഷനാണ്. അവിടുന്നരുളിചെയ്ത ഹരിയുടെ മഹിമകള്‍ കേട്ട് എന്നിലെ അന്തകാരം പതുക്കെ പതുക്കെ അപ്രത്യക്ഷമാകുന്നു. ദേവന്‍‌‌മാര്‍ക്കുപോലും ഗ്രാഹ്യമല്ലാത്ത തരത്തില്‍ ഭഗവാന്‍ തന്റെ മായയാല്‍ ഈ അത്ഭുതജഗത്തിനെ എങനെ സൃഷ്ടിച്ചുവെന്നറിയാന്‍ ആഗ്രഹമുണ്ട്. കൂടാതെ ഭഗവാന്‍ തന്റെ ശക്തിയാല്‍ ഈ പ്രപഞ്ചത്തെ ഏതുവിധം പരിപാലിക്കുന്നുവെന്നും, ഒടുവില്‍ എങെനെ സംഹരിക്കുന്നുവെന്നുമുള്ള അവന്റെ സകലകേളികളും അങ് എനിക്ക് പറഞുതരണം. അല്ലയോ മഹാജ്ഞാനിയായ ബ്രാഹ്മണശ്രേഷ്ഠാ!, അവന്റെ ദുര്‍‌വിഭാവ്യമായ ഈ അദ്ധ്യാത്മലീലകള്‍ പരമമായ അത്ഭുതം തന്നെ. ജ്ഞാനികള്‍പോലും ഇതിനുനേരേ വിസ്മയഭരിതരായി നില്‍ക്കുകയാണ്. യുഗങള്‍ തോറും നിരവധി അവതാരങളെടുത്ത് പ്രവര്‍ത്തിക്കുന്നതോരോന്നും അവന്‍ തന്നെയാണ്. ഇനി പ്രകൃതിയുടെ ഗുണങള്‍ക്കൊത്ത് വര്‍ത്തിക്കുമ്പോഴും അവിടേയും മായാശക്തിയായി നിലകൊള്ളുന്നതും ആ പരമാത്മാവ് തന്നെ. അതുകൊണ്ട് ഭാഗവതോത്തമനും മഹാപണ്ഡിതനുമായ അങ് എനിക്കുണ്ടായ ഈ സംശയങളെല്ലാം തീര്‍ത്ത് അനുഗ്രഹിക്കുമാറാകണം."  

സൂതന്‍ പറഞു: ഇങനെ പരീക്ഷിത്ത് ശുകദേവനോട് ഭഗവാന്റെ ലീലകളെക്കുറിച്ച് പറയാന്‍ അപേക്ഷിച്ചതുകാരണം, ശുകദേവന്‍ ഭഗവാനെ സ്മരിച്ചുകൊണ്ട് പരീക്ഷിത്തിന്റെ ചോദ്യങള്‍ക്ക് മറുപടി പറയാല്‍ തുടങി. 

ശ്രീശുകന്‍ പറഞു: "പരമപുരുഷന് എനെ നമസ്കാരം. പ്രകൃതിയുടെ ത്രിഗുണങളെ വഹിച്ചുകൊണ്ട് അവന്‍ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച്, പരിപാലിച്ച്, സംഹരിച്ചുപോരുന്നു. അനുപലക്‌ഷ്യമായി അവന്‍ സര്‍‌വ്വഭൂതങളിലും സര്‍‌വ്വസ്വമായി കുടികൊള്ളുന്നു. ധാര്‍മ്മികരായ യഥുവശത്തിന്റെ ബന്ധുവും, കുയോഗികള്‍ക്ക് അപ്രാപ്യവുമായ ഭഗവാനെ ഞാന്‍ വീണ്ടും വീണ്ടും നമസ്കരിക്കുന്നു. അതുല്യനായി, അതിശയനായി, സര്‍‌വ്വൈശ്വര്യങളോടെ, സ്വധാമത്തില്‍ പ്രബ്രഹ്മമായി രമിക്കുന്ന ആ ഭഗവാന് എന്റെ നമോവാകം. ഏതൊരു ഭഗവാന്റെ കീര്‍ത്തനം കൊണ്ടും, സ്മരണം കൊണ്ടും, ദര്‍ശനം കൊണ്ടും, വന്ദനം കൊണ്ടും, ശ്രവണം കൊണ്ടും, അര്‍ഹണം കൊണ്ടും, ലോകത്തിന്റെ സകല കല്‍മഷങളുമകന്ന് പവിത്രമാകുമോ, ആ സുഭദ്രശ്രവസ്സായ ഭഗവാന് എന്റെ നമസ്ക്കാരം. ഏതൊരു ഭഗവാന്റെ ചരണോപാസനകൊണ്ട് ഭവത്തും, ഭവ്യവുമായ സകല ബന്ധനങളില്‍ നിന്നും മുക്തമാക്കി അന്തരാത്മാവിനെ ഒരു തടസ്സവും കൂടാതെ ബ്രഹ്മഗതിയിലേക്ക് നയിക്കുന്നുവോ, സുഭദ്രശ്രവസ്സായ ആ ഭഗവാന് പിന്നെയും പിന്നെയും എന്റെ പ്രണാമം. തപസ്സ്വികളായുള്ളവര്‍ക്കും, ദാനതല്പ്പരരായുള്ളവര്‍ക്കും, യശസ്സ്വിനികള്‍ക്കും, മനസ്സ്വിനികള്‍ക്കും, മന്ത്രവിദുക്കള്‍ക്കും, സുമംഗളന്‍‌മാര്‍ക്കും പോലും തങളുടെ ക്ഷേമം ഏതൊരു ഭഗവാനിലേക്കുള്ള അര്‍പ്പണം കൊണ്ടല്ലാതെ നേടാല്‍ സാധ്യമല്ലയോ, പുണ്യശ്രവസ്സായ ആ നാരായണന് വീണ്ടും വീണ്ടും എന്റെ വന്ദനം. കിരാതന്‍, ഹൂണന്‍, ആന്ധ്രന്‍, പുലിന്ദന്‍, പുല്‍ക്കശന്‍, ആഭീരന്‍, ശുംഭന്‍, യവനന്‍, തുടങിയ മഹാപാപികള്‍ക്കുപോലും ഭഗവത് ദാസന്‍‌മാരുടെ ചരണാശ്രിതരായി ജ്ഞാനം നേടി പരമഗതിയെ പ്രാപിച്ചിരിക്കുന്നു. അങനെയുള്ള മഹാവിഷ്ണുവിന് എന്റെ പ്രണാമം. 

വേദരൂപനും, ധര്‍മ്മരൂപനും, തപോമയനുമായ ഭഗവാന്‍ ഹരി ആത്മജ്ഞാനികളുടെ അന്തരാത്മാവും ഈശ്വരനുമാണ്. ചതുര്‍‌മുഖനും ചന്ദ്രശേഖരനും പോലും ഭയഭക്തിബഹുമാനത്തോടെ ആരാധിക്കുന്ന ആ പരമാത്മാവ് എന്നില്‍ കനിയുമാറാകണം. സാത്വതാപതിയും, ശ്രീപതിയും, യജ്ഞപതിയും, ധരാപതിയും, പരമഗതിയെ പ്രാദാനം ചെയ്യുന്നവനും, അന്ധകന്‍ വൃഷ്ണി മുതലായവരുടെ പരിരക്ഷകനുമായ ഭഗവാന്‍ എന്നില്‍ പ്രസാദിക്കുമാറാകണം. മഹാത്മാക്കളുടെ പാതയെ പിന്‍‌തുടരുന്ന് മുകുന്ദനെ ധ്യാനിക്കുന്നതോടെ അവന്‍ നമുക്ക് പ്രാപ്തമാകുന്നു. ജ്ഞാനികള്‍ അവരവരുടെ അറിവിനൊത്ത് വാഴ്ത്തുന്ന ആ ഭഗവാന്‍ എന്നില്‍ കനിയുമാറകട്ടെ!.

പണ്ട്, സൃഷ്ടിക്കുമുന്‍പ്, തന്നെക്കുറിച്ചും, സര്‍ഗ്ഗത്തെക്കുറിച്ചും ബ്രഹ്മദേവന് അദ്ദേഹത്തിന്റെ ഹൃദയത്തില്‍ മറഞുകിടന്ന സ്മൃതികളെ തട്ടിയുണര്‍ത്തി  ഭഗവാന്‍ അനുഗ്രഹം ചൊരിഞു. ബ്രഹ്മമുഖത്തുനിന്നും ഉത്ഭവിച്ച സരസ്വതീദേവിക്കും പ്രചോദനമായ; അഖിലഋഷിവൃന്ദങള്‍ക്കും ഗുരുവുമായ ആ ഭഗവാന്‍ എന്നില്‍ പ്രസാദിക്കുമാറാകണം. പ്രപഞ്ചത്തില്‍ പഞ്ചഭൂതാത്മകമായ സകലതിലും കുടികൊള്ളുന്നവനും, പരമപുരുഷനായിരിക്കെ സകലതിനേയും പ്രകൃതിയുടെ ഗുണങള്‍ക്കടിപ്പെടുത്തുന്നവനുമായ ആ ഭഗവാന്‍ എന്റെ വാക്കുകള്‍ക്ക് അലങ്കാരമാകാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ആരുടെ തിരുമുഖത്തുനിന്നൊഴുകുന്ന അമൃതമാണോ തന്റെ ശിഷ്യഗണങള്‍ സദാ സേവിച്ചുകൊണ്ടിരിക്കുന്നത്, വാസുദേവാംശമായ ആ വ്യാസദേവന് എന്റെ നമസ്ക്കാരം. 

ഹേ രാജന്‍!,  ഏതുവിധം ഭഗവാന്‍ നാരായണന്‍ ബ്രഹ്മാവിന്റെ ഹൃദയത്തിലേക്ക് ഈ അദ്ധ്യാത്മദീപം കൊളുത്തിയോ, അതേവിധം തന്നെ വിധാതാവ് തന്റെ മാനസപുത്രനായ ശ്രീനാരദന്റെ ആവശ്യപ്രകാരം, ആ മഹാഋഷിയുടെ ഹൃദയത്തിലും ഈ ദീപം തുടര്‍ന്ന് തെളിയിച്ചു. 

ഇങനെ, ശ്രീമദ് ഭാഗവതം ദ്വിതീയസ്കന്ധം  നാലമധ്യായം സമാപിച്ചു.

ഓം തത് സത്2.3 അചലമായ ഭഗവത് ഭക്തി

ഓം

ശ്രീമദ് ഭാഗവതം ദ്വിതീയസ്കന്ധം  അദ്ധ്യായം - 3

ശുകദേവന്‍ പറഞു: "ഹേ രാജന്‍!, അവിടുന്ന് ചോദിച്ചതനുസരിച്ച്, ബുദ്ധിമാനായ മനുഷ്യര്‍ മരണാഗമസമയത്ത് എന്തൊക്കെ കര്‍മ്മങളാണ് അനുഷ്ഠിക്കേണ്ടതെന്ന് ഞാനിതാ പറഞുകഴിഞു. ഇനി വ്യത്യസ്ഥ കാമങള്‍ വച്ചുപുലര്‍ത്തുന്നവര്‍ ഏതൊക്കെ ദേവതകളെ യജിക്കണമെന്ന് പറയാം. ഉജ്ജ്വലമായ ബ്രഹ്മദീപതിയില്‍ ചേരാന്‍ കൊതിക്കുന്നവര്‍ വേദാധിപതിയായ ബ്രഹ്മാവിനേയോ ബൃഹസ്പതിയേയോ പൂജിക്കുന്നു. ഇന്ദ്രിയകാമികള്‍ ഇന്ദ്രനെ ആരാധിക്കുന്നു. പുത്രാര്‍ത്ഥികളാണെങ്കില്‍ പ്രജാപതിയെ ധ്യാനിക്കുന്നു. ഇനി ഐശ്വര്യത്തെ കൊതിക്കുന്നവരാണെങ്കില്‍ അവര്‍ പരാശക്തിയായ ദുര്‍ഗ്ഗാദേവിയെ പൂജിക്കുന്നു. ശക്തിയെ വേണ്ടുന്നവര്‍ അഗ്നിയേയും, ധനാര്‍ത്ഥികള്‍ വസുക്കളേയും പൂജിക്കുന്നു. വീരപുരുഷനാകാന്‍ ഇച്ഛിക്കുന്ന നൃപന്‍ രുദ്രനെ പൂജിക്കുമ്പോള്‍, അന്നത്തെ കൊതിക്കുന്നവര്‍ അദിതിയേയും, സ്വര്‍ഗ്ഗകാമികള്‍ അവളുടെ പുത്രന്‍‌മാരേയും യജിക്കുന്നു. രാജ്യലാഭത്തെ ആഗ്രഹിക്കുന്ന പുമാന്‍ വിശ്വദേവനെ ആരാധിക്കുന്നു. മറ്റുചിലര്‍ ദീര്‍ഘായുസ്സിനായി അശ്വിനിദേവകളെ പൂജിക്കുന്നു. ചിലര്‍ പുഷ്ടിയൊത്ത ശരീരത്തിനായിക്കൊണ്ട് ഭൂമീപൂജനം ചെയ്യുന്നു. ഇനി ചിലര്‍ സ്ഥാനപ്രതിഷ്ഠയെ കൊതിച്ചുകൊണ്ട് ദിഗ്മണ്ഡലത്തേയും ലോകമാതാവായ ഭൂമീദേവിയേയും ഒന്നിച്ചാരാധിക്കുന്നു. തനുകാന്തിയെ അഭിലഷിക്കുന്നവര്‍ ഗന്ധര്‍‌വ്വനെ ആരാധിക്കുന്നു. എന്നാല്‍ സ്ത്രീകളെ ധര്‍മ്മപത്നിയായി കിട്ടാനായി ചിലര്‍ ഉര്‍‌വ്വശി തുടങിയ അപ്സരസ്സുകളോട് പ്രാത്ഥിക്കുന്നു. ചിലര്‍ ബ്രഹ്മാവിനെ ധ്യാനിച്ച് ആധിപത്യം അലങ്കരിക്കുന്നു. യശ്ശസ്സാഗ്രഹിക്കുന്നവരാകട്ടെ, യജ്ഞനായ ഭഗവാനെ നമിക്കുന്നു. സമ്പാദനാര്‍ത്ഥം മനുഷ്യര്‍ പ്രചേതസ്സുകളെ പൂജിക്കുന്നു. വിദ്ധ്യാര്‍ത്ഥികള്‍ ഗിരീശനേയും, സുഖദാമ്പത്യകാമികള്‍ പാര്‍‌വ്വതീദേവിയേയും പൂജിക്കുന്നു.

ധാര്‍മ്മികവും അദ്ധ്യാത്മികവുമായ നേട്ടങള്‍ക്ക് ഒരുവന്‍ ഉത്തമശ്ലോകനെ ആരാധിക്കുന്നു. എന്നാല്‍ സന്തതിപരമ്പരകളെ കാത്തുസൂക്ഷിക്കുന്നതിനുവേണ്ടി പിതൃക്കളേയും, രക്ഷയ്ക്കും, ഓജസ്സിനും, മറ്റുഗുണഗണങള്‍ക്കും വേണ്ടി മനുഷ്യര്‍ ഇതര ദേവതകളേയും പൂജിക്കുന്നു. രാജ്യകാമികള്‍ മനുവിനെ പൂജിക്കുന്നു. ശത്രുവിനെ സംഹരിക്കാന്‍ ചിലര്‍ രാക്ഷസവര്‍ഗ്ഗത്തെ ആരാധിക്കുന്നു. വിഷയികള്‍ ചന്ദ്രനെ യജിക്കുമ്പോള്‍, വിഷയാസക്തിയകന്നവരാകട്ടെ!, ആ പരമപുരുഷനെ മാത്രം സേവിക്കുന്നു.

അകാമികളായാലും, സര്‍‌വ്വകാമികളായാലും, മോക്ഷകാമികളായാലും, ഉദാരമതികളായുള്ള സത്ജനങള്‍ തീവ്രമായ ഭക്തിയോടെ ആ പരമപുരുഷനെ യജിക്കുന്നു.

അല്പമാത്രമായ ഇതരകാമങള്‍ക്കുവേണ്ടി വിവിധ ദേവതകളെ പൂജിക്കുമ്പോള്‍, മറിച്ച് പരമമായ ശ്രേയസ്സിനുവേണ്ടി ഒരുവന്‍ ഹൃദയത്തില്‍ അചലമായ ഭക്തിനിറച്ച് ഭഗവാന്‍ നാരായണനേയും അവന്റെ ഭക്തോത്തമന്‍‌മാരേയും നിശ്ചയമായും ആശ്രയിക്കണം. ഹരികഥാമൃതമാകുന്ന ആ കൈവല്യജ്ഞാനം കൊണ്ട് മനുഷ്യന്‍ ത്രിഗുണങളുടെ അലകളില്‍ നിന്നും ചുഴിയില്‍ നിന്നും പൂര്‍ണ്ണമായും മുക്തനാകുന്നു. കാരണം ഈ ജ്ഞാനം ഭൗതികനിസ്സംഗതയെ കുറിക്കുന്നു.  ഇത് ജ്ഞാനികളാല്‍ സമ്മതവുമാണ്."

അപ്പോള്‍ ശൗനകന്‍ പറഞു: ഹേ സൂതാ!, ഇതെല്ലാം കേട്ടുകഴിഞ് പരീക്ഷിത്ത് രാജന്‍ മഹാജ്ഞാനിയായ ശ്രീശുകനോട് പിന്നീടെന്തെല്ലാമാണ് ചോദിച്ചത്?. ഭഗവാന്‍ ഹരിയെക്കുറിച്ച് ആ നിറഞസദസ്സില്‍ മറ്റെത്രയോ കാര്യങള്‍ ചര്‍ച്ചചെയ്തിട്ടുണ്ടാകണം!. ഭഗവത് കഥാമൃതതല്പ്പരരായ ഞങള്‍ക്ക് അത് കേള്‍ക്കാന്‍ അതിയായ ആഗ്രഹമുണ്ട്. അതുകൊണ്ട് അതെല്ലാം ഒന്നൊഴിയാതെ ഞങള്‍ക്ക് പറഞുതന്നാലും. പാണ്ഡവേയനും, മഹാരഥിയും, പരമഭക്തനുമായ പരീക്ഷിത്ത് രാജാവ് കുട്ടിക്കാലത്തില്‍ പാവകളുമായി കളിക്കുമ്പോള്‍ അദ്ദേഹം ഭഗവാന്‍ ശ്രീകൃഷ്ണനെ അനുകരിച്ചതായി കേട്ടിട്ടുണ്ട്. അതുമാത്രമാണോ, ബ്രഹ്മജ്ഞനായ ശ്രീശുകന്‍ വാസുദേവപരായണനാണ്. അദ്ദേഹം അവിടെയുണ്ടായിരുന്ന മഹാപണ്ഡിതന്‍‌മാരുമായി അവന്റെ എന്തൊക്കൊ മഹിമകളായിരിക്കണം പറഞിട്ടുണ്ടാവുക!.

ഓരോദിവസവും, സൂര്യഭഗവാന്‍ ഉദിക്കുന്തോറും അസ്തമിക്കുന്തോറും ഒരുവന്റെ ആയുസ്സ് കുറഞുകുറഞ് വരുന്നു. എന്നാലാകട്ടെ ജ്ഞാനികള്‍ മാത്രം തങളുടെ ജീവിതകാലത്തെ ഭഗവത് മഹിമകള്‍ വാഴ്ത്തി വിനിയോഗിക്കുന്നു. തരുക്കളും ജീവിക്കുന്നില്ലേ?... കൊല്ലന്റെ ആലയും ശ്വസ്സിക്കുന്നുണ്ട്. മനുഷ്യരെപ്പോലെ അന്യജീവികളും ഭക്ഷിക്കുകയും പ്രത്യുല്പ്പാദനം നടത്തുകയും ചെയ്യുന്നുണ്ടല്ലോ!... ചിലമനുഷ്യരാകട്ടെ! നായ്ക്കളെപ്പോലെയും, ഒട്ടകത്തെപ്പോലെയും, പന്നിയെപ്പോലെയും, കഴുതകളെപ്പോലെയുമൊക്കെ അധഃപതിച്ച് ഭഗവത് ദ്വേഷികളായ മനുഷ്യരെ സ്തുതിച്ച് അവരുടെ ഗുണഗാനം ചെയ്യുന്നു.

ഹേ സൂതാ!, അങേയ്ക്കറിയാവുന്ന ഒരു സത്യം ഞാന്‍ പറയാം. ഉരുക്രമനായ ഭഗവാന്റെ മഹിമകളെ ഒരിക്കലെങ്കിലും കേട്ടിട്ടില്ലാത്ത മനുഷ്യരുടെ കര്‍ണ്ണപുടം പാമ്പിന്‍‌പുറ്റിന് തുല്യമാണ്. ഒരിക്കെലെങ്കിലും വിക്രമനായ അവന്റെ കഥകളെ പാടിയിട്ടില്ലാത്തവന്റെ ജിഹ്വ തവളയുടെ നാക്കുപോലെയാകുന്നു. പട്ടുകിരീടമണിഞതാണെങ്കില്‍ കൂടി ഒരുവന്റെ ശിരസ്സ് മുകുന്ദനുമുന്നില്‍ കുനിയാത്തതാണെങ്കില്‍ അത് ആ കഴുത്തിനുമുകളില്‍ ഒരു ഭാരം തന്നെയാണ്. അതുപോലെതന്നെ ഹരിയെ പൂജിക്കാത്ത കരങളുണ്ടെല്ലോ, അത് കാഞ്ചന കങ്കണങള്‍ ധരിച്ചതഅണെങ്കിലും ശവത്തിനുതുല്യം തന്നെ. ഹരിയുടെ അംഗങളെ കാണാത്ത കണ്ണുകള്‍ മയിലിന്റെ അലങ്കാരത്തൂവലിനുസമമത്രേ!. പുണ്യഭൂമിയില്‍ പതിക്കാത്ത പാദങളോ, മരത്തിനുതുല്യവും.

ഹേ സൂതാ!, ഭാഗവതാംഘ്രിരേണുക്കളെ ശിരസ്സില്‍ ധരിക്കാത്തവനും, ആ പാദത്തിലര്‍ച്ചിക്കപ്പെട്ട തുളസിക്കതിരിന്റെ ഗന്ധത്തെയറിയാത്തവനും കേവലം ജീവച്ചവങളായി ജീവിതം പോക്കുന്നു. ഹരിനാമകീര്‍ത്തനം കേട്ടിട്ടും ഒരിളക്കവും ഹൃദയത്തിനുണ്ടാകാതെ, ഹര്‍ഷപുളകിതനാകാതെ, കണ്ണില്‍ ഒരിറ്റ് ജലം നിറയാതെ, രോമാഞ്ചനിര്‍‌വൃതനാകാതെ ചിലരുണ്ട്. അവരുടെ ഹൃദയം ഉരുക്കുകൊണ്ടുണ്ടാക്കിയതാണ്.

അല്ലയോ സൂതമഹര്‍ഷേ!, തീര്‍ത്തും മനസ്സിനിണങുന്ന വാക്കുകളാണ് അങ് സംസാരിക്കുന്നത്. പരീക്ഷിത്തിന്റെ പിന്നീടുണ്ടായ ചോദ്യങള്‍ക്ക് ആത്മജ്ഞാനവിശാരദനായ ശ്രീശുകന്റെ മറുപടി അങയില്‍ നിന്നു കേള്‍ക്കാന്‍ ഞങളാഗ്രഹിക്കുന്നു. ദയവായി അവകള്‍ ഒന്നൊഴിയാതെ ഞങള്‍ക്ക് പറഞുതന്നാലും.

ഇങനെ, ശ്രീമദ് ഭാഗവതം ദ്വിതീയസ്കന്ധം  മൂന്നാമധ്യായം സമാപിച്ചു.

ഓം തത് സത്


<<<<<<  >>>>>>

2013, നവംബർ 6, ബുധനാഴ്‌ച

2.2 ഭഗവാന്‍ ഹൃദ്പത്മത്തില്‍

ഓം
ശ്രീമദ് ഭാഗവതം ദ്വിതീയസ്കന്ധം  അദ്ധ്യായം - 2

ശ്രീശുകന്‍ പറഞു: "സൃഷ്ടിക്കുമുമ്പ്, വിധാതാവ് ഭഗവാന്റെ വിരാട് രൂപത്തെ ധ്യാനിച്ച് തനിക്ക് മുമ്പെങോ നഷ്ടമായ സ്മൃതിയെ പുനരാര്‍ജ്ജിച്ചു. വേദമന്ത്രങള്‍ ഒരുവന്റെ ബുദ്ധിയെ ആത്മീയമെന്നതുപോലെ, സ്വര്‍ഗ്ഗീയസുഖങള്‍ക്ക് പിന്നാലെ പായിക്കുവാനും വളരെ സമര്‍ത്ഥമാണ്. കോവിദരായ ജീവന്‍‌മാര്‍ പോലും ആ അല്പസൗഭാഗ്യം തേടിയലഞുതിരിയുന്നു. പക്ഷേ വാസ്തവികമായ യാതൊരു സുഖവും അവര്‍ക്കതുകൊണ്ട് ലഭിക്കുന്നില്ല. അതുകൊണ്ടുതന്നെ സത്ഗുണസമ്പന്നരായുള്ളവര്‍ നാമരൂപങളായുള്ള ഈ പ്രപഞ്ചത്തില്‍ അവശ്യം വേണ്ട കാര്യങള്‍ക്കൊഴിച്ച് മറ്റൊന്നിനും വേണ്ടി പ്രയത്നിക്കേണ്ടതില്ല. അനാവശ്യമായുള്ളതിന്റെ പിന്നാലെയുള്ള ഓട്ടം തികച്ചും നിഷ്ഫലമായ കര്‍മ്മമാണെന്ന് ബുദ്ധികൊണ്ടറിഞ് ഈ നാമരൂപങളില്‍ നിന്ന് അവര്‍ അകന്ന് കഴിയണം.

കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന ഭൂമിയുള്ളപ്പോള്‍ കിടക്കാന്‍ കട്ടിലെന്തിന്? സ്വന്തം കൈതണ്ടയുള്ളപ്പോള്‍ തലയിണയുടെ ആവശ്യമെന്ത്?. അവനവന്റെ ഉള്ളംകൈ വെറുതെയിരിക്കുമ്പോള്‍ മറ്റ് ഭോജനപാത്രം എന്ത് സുഖം തരാനാണ്!. ദിക്കുകളും മരവുരിയുമുള്ളപ്പോളിവിടെ വസ്ത്രത്തിന്റെ പ്രയോജനമെന്ത്?. വഴിയില്‍ കീറത്തുണികളൊന്നും കാണാനില്ലേ?. അന്യര്‍ക്കുവേണ്ടി നിലകൊള്ളുന്ന തരുക്കള്‍ ഭിക്ഷനല്‍കുന്ന വ്യവസ്ഥിതി ഇപ്പോള്‍ നിര്‍ത്തിയോ?. നദികളൊക്കെ വറ്റിവരണ്ടുപോയോ?. ഗുഹകളൊക്കെ അടച്ചുപൂട്ടിയോ?. അതോ, ഭഗവാന്‍ ഈയിടെയായി തന്റെ ആശ്രിതവത്സലരെ മറന്നുതുടങിയോ?. പിന്നെയെന്തിനാണ് ജ്ഞാനികള്‍ ഈ ധനദുര്‍മ്മതാന്ധന്‍‌മാരെ വാഴ്ത്തുന്നത്?.

ഈ സത്യത്തെ മനസ്സിലാക്കി ഏവരും സ്വന്തം ഹൃദയത്തിലിരിക്കുന്ന സര്‍‌വ്വശക്തനായ ഭഗവാനില്‍ ഭക്തി വയ്ക്കണം. കാരണം, അനന്തനായ അവനെയാണ് പൂജിക്കേണ്ടത്. മാത്രമല്ല, അവനെ ആരാധിക്കുന്നതുവഴി ഒരുവന്റെ സംസാരബന്ധനഹേതു ഉപരമിക്കപ്പെടുന്നു.

കര്‍മ്മബന്ധകാരകമായ വൈതരണിയില്‍ പെട്ടുഴലുന്ന ജനകോടികളുടെ ദുഃഖത്തെ കണ്ടിട്ടും, മൃഗതുല്യരായി ചിലര്‍ വിരക്തിയെക്കുറിച്ചും മുക്തിയെക്കുറിച്ചും ചിന്തിക്കാതെ നാമരൂപമായ ലൗകികവിഷയങളില്‍ മാത്രം തല്പ്പരരാകുന്നു. എന്നാല്‍ വിവേകികളാകട്ടെ!, നാലു തൃക്കൈകളില്‍ യഥാക്രമം ശംഖ്, ചക്രം, ഗദ, പത്മം എന്നിവ ധരിച്ച ഭഗവാന്റെ സംക്ഷിപ്തരൂപത്തെ സ്വന്തം ഹൃദയത്തില്‍ വച്ചാരാധിച്ച് എപ്പോഴും ധ്യാനിക്കുന്നു. അവിടെ പ്രസന്നവദനനായി, താമരക്കണ്ണനായി, മഞപ്പട്ടുടുത്ത്, സ്ഫുരിക്കുന്ന മഹാരത്നങള്‍ ധരിച്ച്, സ്വര്‍ണ്ണാഭരണവിഭൂഷിതനായി, കിരീടകുണ്ഡലങളണിഞ്, അവന്‍ കുടികൊള്ളുന്നു. യോഗികള്‍ പോലും അവന്റെ പാദപല്ലവം ഹൃദ്പത്മകര്‍ണ്ണികാലയത്തില്‍ ചേര്‍ത്തുവച്ചിരിക്കുന്നു. അവന്റെ വക്ഷസ്സില്‍ സദാ കൗസ്തുഭശ്രീ വിളങുന്നു. ആ തോളില്‍ മറ്റ് രത്നങളും തിളങുന്നു. കഴുത്തില്‍ വനമാലയും ചാര്‍ത്തി, അരകെട്ടില്‍ മുത്തരഞാണമണിഞ്, വിരലില്‍ രത്നമോതിരമിട്ട്, കാലില്‍ മുത്ത് നൂപുരം കിലുക്കി, കൈയ്യില്‍ കാഞ്ചനകങ്കണങളും ധരിച്ച്, നെറ്റിയിലൂടെ ഊര്‍ന്നിറങുന്ന നീലകുന്തളശോഭയോടും, മൃദുഹാസത്തോടും, അവന്‍ വദനമനോഹരനായി ഹൃദയത്തില്‍ നിറഞുനില്‍ക്കുന്നു.

അത്ഭുത മഹിമകളും, ചിത്തം മയക്കുന്ന ആ മന്ദഹാസവുമൊക്കെ നിരന്തരം അവന്റെ ഐശ്വര്യത്തെ വിളിച്ചുകൂകികൊണ്ടിരിക്കുന്നു. മനസ്സില്‍ മറ്റൊന്നും കടന്നുകൂടാതെ ആവുന്നത്രനേരം ഒരുവന്‍ അവനെ ധ്യാനിക്കണം. മനസ്സിനെ നിയന്ത്രിച്ച്, ആ കാലടികളില്‍ നിന്ന് തുടങി ക്രമേണ ഓരോരോ അംഗങളായി മുകളിലേക്കുയര്‍ന്ന്, കണങ്കാലും, തുടയും, അരക്കെട്ടും, വക്ഷസ്സും കടന്ന് തിരുമുഖത്തെത്തി ആ അധരത്തിലൂടെയൊഴുകുന്ന മന്ദസ്മിതാമൃതവും നുകര്‍ന്ന് ഒരുവന്‍ ആ ഭഗവാന്റെ പാദാദികേശത്തെ ധ്യാനിക്കണം. ഇഹത്തിന്റേയും പരത്തിന്റേയും ദൃഷ്ടാവായി മരുവുന്ന ഭഗവാനില്‍ അചലമായ ഭക്തിയുണ്ടാകുന്നതുവരെ വിഷയി തന്റെ സ്വധര്‍മ്മാനുഷ്ഠാനത്തിനുശേഷം ദിനാന്ത്യത്തില്‍ ഹരിയുടെ ഈ രൂപത്തെ ഭക്തിയോടെ സ്മരിക്കണം. 

ഹേ രാജന്‍!, ശരീരമുപേക്ഷിക്കുന്ന വേളയില്‍ ഒരുവന്‍ കാലത്തേയോ, ദേശത്തേയോ പറ്റി ഉത്കണ്ഠയുണ്ടാകാതെ സുഖമായി ഒരിടത്തിരുന്ന് പ്രാണായാമം ചെയ്ത് ഇന്ദ്രിയങളെ മനസ്സുകൊണ്ട് നിയന്ത്രിക്കണം. പിന്നീട് യോഗി തന്റെ മനസ്സിനെ അമലമായ ബുദ്ധികൊണ്ട് ക്ഷേത്രജ്ഞനിലുറപ്പിക്കണം. അതിനുശേഷം, ക്ഷേത്രജ്ഞനായ ഈ ജീവനെ പരമാത്മാവില്‍ ലയിപ്പിക്കണം. അങനെ ജീവന്‍ സകലകര്‍മ്മങളും ഉപേക്ഷിച്ച് പരമാനന്ദത്തിലലിഞുചേരുന്നു. 'ലബ്ദോപശാന്തി' എന്ന ഈ അദ്ധ്യാത്മനിര്‍‌വൃതി നേടിക്കഴിഞാല്‍ പിന്നെ അവിടെ ജഗത്പാലകരായ ദേവതകളെപ്പോലും നിയന്ത്രിക്കുന്ന കാലത്തിന് പ്രവേശനമില്ല. അവിടെ സത്വരജസ്സ്തമോഭേദങളില്ല. അഹങ്കാരമില്ല. മഹത്തുമില്ല. പ്രകൃതിയുമില്ല.

ജ്ഞാനികള്‍ വൈഷ്ണവസമ്പത്തിനെ അറിയുന്നവരാണ്. ആയതിനാല്‍ അവര്‍ക്ക് മറ്റുള്ളതിനോട് നിസംഗത പുലര്‍ത്താല്‍ കഴിയുന്നു. ആത്മാനന്ദിതരായ ഭാഗവതോത്തമന്‍‌മാര്‍ യാതൊന്നിലും ഉത്കണ്ഠയുള്ളവരല്ല. പകരം അവര്‍ സദാ ഭഗവത് പാദയുഗളത്തെ ഹൃദയത്തില്‍ വച്ചാരാധിക്കുന്നു. ജ്ഞാനം നേടി ജീവന്‍‌മുക്തരായ ഇവര്‍ക്ക് ഭൗതികകാമങളില്‍ നിന്ന് നിഷ്പ്രയാസം ഉപരമിക്കാന്‍ സാധിക്കുന്നു. ഇങനെയുള്ള യോഗികള്‍ പിന്നീട് ഗുദദ്വാരത്തെ ഉപ്പൂറ്റികൊണ്ടടച്ച് പ്രാണനെ ഒന്നില്‍ നിന്നും ആറ് സ്ഥാനങളിലൂടെ ചലിപ്പിച്ച് ഈ ശരീരത്തില്‍ നിന്നും വിമുക്തമാക്കുന്നു. യോഗി, യോഗാഭ്യാസത്തിലൂടെ, ജീവനെ നാഭിയില്‍ നിന്നും പതുക്കെ പതുക്കെ ഹൃദയത്തിലേക്ക് ഉയര്‍ത്തുന്നു. അവിടെനിന്നും നെഞ്ചിലേക്കും, പിന്നീട് താലുവിലേക്കും കുതിപ്പിക്കുന്നു. അനന്തരം താലുവില്‍ നിന്ന് ഭ്രൂമദ്ധ്യത്തിലെത്തി മറ്റുള്ള ഏഴ് നിര്‍ഗ്ഗമനമാര്‍ഗ്ഗങളില്‍ നിന്നും തടയപ്പെട്ട് ഈ ജീവന്‍ മൂര്‍ദ്ധാവില്‍ കുറച്ച് നിമിഷം അന്ത്യമായി വിശ്രമിക്കുന്നു. ഇത് സ്വധാമഗമനത്തിനുള്ള പുറപ്പാടാണ്. ലൗകികാസക്തി പൂര്‍ണ്ണമായും അകന്ന ജീവന്‍‌മാര്‍ ഈ ശരീരം വിട്ട് ആ പരമാത്മാവില്‍ ലയിക്കാന്‍ പക്വമാകുന്നു. ഹേ രാജന്‍!, മറിച്ച് ഒരു ജീവന്‍ ബ്രഹ്മലോകപ്രാപ്തിക്കായോ, അഷ്ടാംഗയോഗസിദ്ധികള്‍ക്കായോ മറ്റോ കാംക്ഷിച്ചുകൊണ്ടാണീ യോഗമാര്‍ഗ്ഗത്തെ അവലംബിക്കുന്നതെങ്കില്‍ ആ യോഗി തന്റെ ആഗ്രഹനിവര്‍ത്തിക്കായി മനസ്സും ഇന്ദ്രിയങളും ഈ യാത്രയില്‍ തന്റെയൊപ്പം കൂട്ടുന്നു. യോഗി താന്‍ ആര്‍ജ്ജിച്ച വിദ്യയുടേയും, തപസ്സിന്റേയും, യോഗത്തിന്റേയും ശക്തിയില്‍ വായുവിലൂടെ ത്രൈലോക്യങളിലകത്തും പുറത്തും ഒരുപോലെ സഞ്ചരിക്കുന്നു. എന്നാല്‍ ഭൗതികവാദികളുടെ ഗതി ഭൗതികലോകത്തിനപ്പുറത്തേക്ക് നിയന്ത്രിതമാണ്. 

അല്ലയോ രാജന്‍!, സുഷുംനയില്‍ നിന്ന് പുറപ്പെടുന്ന ഈ ജീവന്‍ ബ്രഹ്മലോകം പ്രാപിക്കുന്നതിനായി വിഹായസ്സിലൂടെ ആദ്യം അഗ്നിദേവസ്ഥാനമായ വൈശാനരയില്‍ എത്തുന്നു. അവിടെ അഗ്നിയില്‍ പൂര്‍ണ്ണമായും ശുദ്ധമായി വീണ്ടും മുകളിലേക്ക് കുതിച്ച് ഹരിയെ പ്രാപിക്കാനായി ശിശുമാരമണ്ഡലത്തിലെത്തുന്നു. ഭഗവാന്‍ വിഷ്ണുവിന്റെ നാഭിപ്രദേശമായ ഈ ശിശുമാരലോകവും കടന്ന് വീണ്ടും മുകളിലേക്കുയരുന്ന യോഗി മാത്രമാണ് മഹര്‍ലോകത്തെത്തുന്നത്. ഋഷിവന്ദ്യമായ അവിടെ വിബുധന്‍‌മാരായുള്ള യോഗികള്‍ ഒരു കല്പം മുഴുവന്‍ ആനന്ദിച്ചരുളുന്നു. കല്പ്പാന്തത്തില്‍ അനന്തമുഖത്തുനിന്നും നിര്‍ഗ്ഗമിക്കുന്ന അഗ്നിയില്‍ സകലലോകങളും ചുട്ടെരിഞ് ചാമ്പലാകുന്ന ദൃശ്യം ഈ യോഗികള്‍ കണ്ടാനന്ദിക്കുന്നു. പിന്നീടവിടെനിന്നും അവര്‍ സിദ്ധേശ്വര്‍ന്‍‌മാര്‍ മാത്രം സഞ്ചരിക്കുന്ന ദിവ്യമായ വ്യോമയാനത്തില്‍ സത്യലോകത്തെ പ്രാപിക്കുന്നു. അവിടെ അവര്‍ അത്യന്തം ദീര്‍ഘമായ ദ്വൈപരാര്‍ത്ഥ്യകാലത്തോളം അഖണ്ടാനന്ദത്തിലാറാടുന്നു. അവിടെ, സത്യലോകത്ത് ശോകവുമില്ല, ജരയുമില്ല, മരണവുമില്ല. അവിടെ വേദനകളില്ല, ഉത്കണ്ഠയുമില്ല. ആകെയുള്ളത് സംസാരസാഗരത്തില്‍ കിടന്ന് ജന്മജന്മാന്തരങളായി ഉഴറുന്ന ജീവന്‍‌മാരെ പ്രതി ചിലപ്പോള്‍ തോന്നുന്ന കൃപയും, കാരുണ്യവും മാത്രം.

ഈ യോഗി സത്യലോകത്തെത്തിയതിനുശേഷം വീണ്ടും തന്റെ പ്രയാണം തുടരുന്നു. വിശേഷിച്ച് ജലവും, അഗ്നിയും, ഭൂമിയും മറികടന്ന്, ജാജ്വല്യമാനമായ വായൂമണ്ഡലത്തിലെത്തി, അവിടെ നിന്നും കാലാന്തരത്തില്‍ ബ്രഹ്മപ്രാപ്ത്തിക്ക് കൂടുതല്‍ യോഗ്യമാകുന്നു. അതിനുമുന്‍പ്, യോഗി, വിവിധ ഇന്ദ്രിയങളുടെ വ്യത്യസ്ഥ വിഷങളെ മറികടക്കുന്നു. മണത്തുകൊണ്ട് ഗന്ധവും, രുചിച്ചുകൊണ്ട് രസവും, കണ്ടുകൊണ്ട് ദൃശ്യങളും, തൊട്ടുകൊണ്ട് സ്പര്‍ശനവും, കേട്ടുകൊണ്ട് ശബ്ദവും, കര്‍മ്മം ചെയ്തുകൊണ്ട് ഇന്ദ്രിയങളേയും പരിത്യജിച്ച് ഈ ഭക്തന്‍ വൈകുണ്ഠപ്രാപ്തിയുടെ അടുത്തപടിയിലെത്തിച്ചേരുന്നു. അവിടെ നിന്ന് യോഗി സ്ഥൂലവും സൂക്ഷ്മവുമായ ആവരണങളെ പൊട്ടിച്ചെറിഞുകൊണ്ട് അഹങ്കാരതത്വത്തിലേക്ക് കടക്കുന്നു. അവിടെ വച്ച് പ്രകൃതിജങളായ തമോഗുണവും രജോഗുണവും സമതുലിതമായ അവസ്ഥയില്‍ ചേര്‍ത്ത്, ഈ ഭക്തന്‍ സാത്വികാഹങ്കാരത്തിലേക്ക് വരുന്നു. തുടര്‍ന്ന്, ഈ സാത്വികാഹങ്കാരം മഹത് തത്വത്തില്‍ ചേരുന്നു. അങനെ യോഗി ആത്മസാക്ഷാത്കാരത്തില്‍ന്റെ അവസാനപടിയിലെത്തിച്ചേരുന്നു. തീര്‍ത്തും പരിശുദ്ധമായ ഒരു ജീവനുമാത്രമേ അനന്താനന്ദമയമായ ആ പരമാത്മബിന്ദുവിലെത്തിച്ചേരാന്‍ സാധിക്കുകയുള്ളൂ. ഹേ രാജന്‍!, അവിടെയെത്തപ്പെടുന്ന ആരും പിന്നീട് ഭൗതികലോകത്തേക്ക് ആകര്‍ഷിക്കപ്പെടുന്നില്ല. അവര്‍ വൈകുണ്ഡത്തില്‍ ബ്രഹ്മഭൂതനായി, നിത്യാനന്ദം നുകര്‍ന്നുകൊണ്ട് നിലകൊള്ളുന്നു. 

ഹേ മഹാരാജാവേ!, അങയുടെ ഉചിതമായ ചോദ്യങള്‍ക്ക് ഞാന്‍ തന്ന ഈ മറുപടികളെല്ലാം വേദോക്തങളാണ്. ഇത് വിധാതാവില്‍ സന്തുഷ്ടനായി പണ്ട് ഭഗവാന്‍ വാസുദേവന്‍ ആ സൃഷ്ടികര്‍ത്താവിനരുളിചെയ്ത ബ്രഹ്മവിദ്യയാണ്. ഭഗവാന്‍ വാസുദേവനിലുള്ള അചഞ്ചലമായ ഭക്തിയൊന്നാല്ലാതെ, തീരാത്ത സംസൃതിയില്‍ അലഞുതിരിയുന്ന ജീവന്‍‌മാര്‍ക്ക് മുക്തിലഭിക്കുവാന്‍ ഇതില്‍പരം യാതൊന്നും തന്നെ ഇവിടെയില്ല. ഭഗവാന്‍ ശ്രീകൃഷ്ണനോളം നൈപുണ്യമായി ഇവിടെ യാതൊന്നും തന്നെയില്ല എന്നുള്ള നിഗമനം, സാക്ഷാല്‍ ബ്രഹ്മാവ് വേദങളെ മൂന്ന് പ്രാവശ്യം പഠിച്ച്, അതിവ്യാപ്തമായി നിരൂപണം ചെയ്തതിനുശേഷം അദ്ദേഹത്തിന്റെ ഹൃദയത്തില്‍ ധ്യാനഗമ്യമായി ഉടലെടുത്ത പരമസത്യമാണ്. ഭഗവാന്‍ ശ്രീകൃഷ്ണന്‍ സകലഭൂതങളിലും സ്വാത്മനാ കുടികൊള്ളുന്നുണ്ട്. ഈ മഹാസത്യത്തെ ബുദ്ധികൊണ്ട് പരികല്പനചെയ്ത് മനസ്സിലാക്കികൊള്ളുക. 

അതുകൊണ്ട്, അല്ലയോ രാജന്‍!, ഓരോ മനുഷ്യരും എവിടെയും, എപ്പോഴും, ആ ഹരിയെക്കുറിച്ച് കേള്‍ക്കുകയും, കീര്‍ത്തിക്കുകയും, അവനെ സ്മരിക്കുകയും വേണം. ശ്രവണപുടം കൊണ്ട് അവന്റെ കഥാമൃതത്തെ നിറയെ കുടിക്കുന്ന പരമഭാഗവതന് തന്റെ വഴിപിഴച്ച ജീവിതത്തെ ശുദ്ധീകരിച്ച് ഹരിയുടെ ചരണസരോരുഹാന്തികത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്നു. 

അങനെ ശ്രീമദ് ഭാഗവതം ദ്വിതീയസ്കന്ധം  രണ്ടാമധ്യായം സമാപിച്ചു. 

ഓം തത് സത്

<<<<<  >>>>>