ഓം
ശ്രീമദ് ഭാഗവതം ദ്വിതീയസ്കന്ധം അദ്ധ്യായം - 5
സൂതന്‍ പറഞു: ഹേ മഹര്‍ഷിമാരേ!, അങനെ നാരദമുനി ബ്രഹ്മാവിനോട് ചോദിച്ചു. "ഹേ ദേവദേവാ, പൂര്‍വ്വജാ!, അങേയ്ക്കെന്റെ നമസ്ക്കാരം!. ജീവനെ ആ പരമാത്മത്വത്തിലേക്ക് നയിക്കുന്ന ആ അദ്ധ്യാത്മികജ്ഞാനത്തെ ഉള്ളവണ്ണം എനിക്ക് തന്നരുളിയാലും. പ്രഭോ!, ഇക്കണ്ട ജഗത്തിന്റെ അടിസ്ഥാനതത്വമെന്തെന്നും, , ഇത് എങനെ സൃഷ്ടിക്കപ്പെട്ടെന്നും, ഏതുവിധം പരിപാലിക്കപ്പെടുന്നുവെന്നും, ആരാല്‍ ഇതെല്ലാം നിയന്ത്രിക്കപ്പെടുന്നുവെന്നും അങ് അരുളിചെയ്താലും.
ഹേ വിധാതാവേ!, ഈ കാണുന്ന സൃഷ്ടിയുടെ ഭൂതവും, ഭവ്യവും, ഭവത്തുമായ സകലതും കരാമലകം പോലെ അങയില്‍ നിക്ഷിപ്തമാണ്. സര്‍വ്വവും അങേയ്ക്കറിയാവുന്നതുമാണ്. പിതാവേ!, എന്താണങയുടെ ഈ ജഗത്തിന്റെ ഉറവിടം?. ആരാണങേയ്ക്ക് ആധാരമായിട്ടുള്ളത്?. എന്താണങേയ്ക്ക് തുണയായും കരുത്തായും വര്‍ത്തിക്കുന്നത്?. ചിലന്തി വലകെട്ടുന്നതുപോലെ പരപ്രേരണകൂടാതെ അവിടുന്ന് സ്വന്തം ശക്തികൊണ്ടാണോ ഈ സൃഷ്ടിയുടെ രചനചെയ്യുന്നത്?. ഹേ പ്രഭോ!, നാമരൂപങളാള്‍ ഈ പ്രപഞ്ചമായി കാണപ്പെടുന്നതെന്തും, അത് ചെറുതായാലും, വലുതായാലാലും, സമമായാലും, സത്തായാലും, അസത്തായാലും, സര്‍വ്വം അങയില്‍ നിന്നല്ലാതെ മറ്റൊരുശക്തിയാല്‍ സൃഷ്ടമായതായി ഞാന്‍ കരുതിന്നില്ല. അങ് പണ്ട് സുസമാഹിതമായി ഘോരതപം ചെയ്തതോര്‍ക്കുമ്പോള്‍ സൃഷ്ടികര്‍മ്മങള്‍ക്കായി അങയെക്കാള്‍ പരമമായി മറ്റൊരുശക്തിയുണ്ടെന്ന് വിശ്വസിക്കാന്‍ ഞങള്‍ക്ക് പ്രയാസമാണ്. ഹേ പ്രഭോ!, സര്‍വ്വജ്ഞനും സര്‍വ്വേശ്വരനുമായ അങയോട് എന്റെ സകല സംശയങളും തീര്‍ക്കുവാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു."
ബ്രഹ്മാവ് പറഞു: "മകനേ!, നീ ചോദിച്ചതെല്ലം സര്‍വ്വഭൂതങള്‍ക്കും കാരുണ്യപ്രദായകമായ തരത്തില്‍ അത്യന്തം ഉചിതമായ ചോദ്യങളാണ്. ഭഗവാന്റെ അനന്തമായ ശക്തിയെക്കുറിച്ചറിയാനുള്ള നിന്റെ ഇംഗിതത്തില്‍ ഞാന്‍ അതീവസന്തുഷ്ടനാണ്. ഹേ കുമാരാ!, എന്നെക്കുറിച്ച് നീ കേട്ടതൊന്നും അസത്യമല്ല. പക്ഷേ എനിക്കും പരമമായി വര്‍ത്തിക്കുന്ന ആ മഹാപുരുഷനെ അറിയാതെ എന്റെ കര്‍മ്മങളെ വീക്ഷിക്കുന്നവര്‍ സ്വാഭാവികമായും ഭ്രമിച്ചുപോകുന്നു. ആ നാരായണന്‍ തന്റെ ബ്രഹ്മജ്യോതിസ്സാല്‍ ഈ വിശ്വത്തെ മുഴുവന്‍ മുന്നേ തന്നെ സൃഷ്ടിച്ചിരിക്കുന്നു. അതിനുശേഷമാണ് ഈ പ്രപഞ്ചത്തില്‍ ഞാന്‍ നാമരൂപങളെ സൃഷ്ടിക്കുന്നത്. സൂര്യന്‍ പ്രകാശിക്കുന്നതോടെ, തത്പ്രഭാകിരണത്താല്‍ ചന്ദ്രനും, നഭോമണ്ഡലവും, ഉപഗ്രഹങളും, നക്ഷത്രങളുമൊക്കെ പ്രകാശിക്കുന്നതുപോലെ അവന്റെ സൃഷ്ടിയുടെ പ്രഭയില്‍ ഞാനും ഇക്കണ്ടവയൊക്കെ നിര്‍മ്മിക്കുന്നു. ആ നാരായണന്റെ തന്നെ അജയ്യമായ മായാശക്തിയുടെ പ്രഭാവത്താല്‍ അജ്ഞാനികള്‍ എന്നെ ഈ ജഗത്തിന്റെ ഗുരുവായി കണക്കാക്കുന്നു. ആ ഭഗവാനെ ഞാന്‍ നിരന്തരം ധ്യാനിക്കുമ്പോള്‍, അവരാകട്ടെ, അവന്റെ മായയില്‍ മുങികിടന്നുകൊണ്ട് മോഹിതരായി ഞാനെന്നും, എന്റേതെന്നും മറ്റും, പുലഭ്യം പറഞുകൊണ്ട് നാണംകെട്ടുനടക്കുന്നു. അതേകാരണത്താല്‍ തന്നെ എന്നേയും അജ്ഞാനികള്‍ തെറ്റിദ്ധരിക്കുന്നു. പഞ്ചഭൂതങളും, കാലവും, കര്‍മ്മവും ചേര്‍ന്ന്, പ്രകൃതിയുടെ സ്വഭാവത്തിനനുസരിച്ച്, വ്യത്യസ്ഥനാമരൂപങളായ ഭൂതങള്‍ ഈ പ്രപഞ്ചത്തില്‍ കാണപ്പെടുന്നു. അവയെല്ലാം വാസുദേവനായ ആ ഭഗവാന്റെ അംശാംഗങളാണ്. അതല്ലാതെ ഈ പ്രപഞ്ചത്തിന് മറ്റൊരസ്ഥിത്വം ഇല്ലേയില്ല.
സകലവേദങളും അവന്റെ തത്വത്തെയാണ് ഉദ്ഘോഷിക്കുന്നത്. ദേവതകള്‍ ഭഗവതംഗങളായിപിരിഞ് അവനെ സേവിക്കുന്നു. ഈരേഴുപതിനാല് ലോകങളും അവന്റെ സ്ഥൂലശരീരമത്രേ!. സര്‍വ്വയജ്ഞങളും അവനെ പ്രീതിപ്പെടുത്താന്‍വേണ്ടി മാത്രം. യോഗാഭ്യാസങള്‍ അവനെയറിയുവാനുള്ള മാര്‍ഗ്ഗങളിലൊന്നുമാത്രം. തപസ്സുകൊണ്ട് അവനെ പ്രാപിക്കാന്‍ കഴിയുമ്പോള്‍, ജ്ഞാനം അവനെക്കുറിച്ചുള്ള അറിവാണ്. കാരണം, അവന്‍ മാത്രമാണ് പരമമായ ഗതി.
സകലതിനും ദ്രഷ്ടാവായും, സകലഹൃദയനിവാസിയായും, കൂടസ്ഥനായുമിരിക്കുന്ന അവന്‍ ചെയ്ത ഞാനടക്കമുള്ള സൃഷ്ടിവൈഭവത്തില്‍ പ്രചോദിതനായിക്കൊണ്ട് ഞാനും ഇവിടെ സൃഷ്ടിനടത്തുന്നു. നിര്‍ഗ്ഗുണസ്വരൂപനായ അവന്‍ പ്രപഞ്ചത്തിന്റെ ഉല്പ്പത്തിക്കും, പരിപാലനത്തിനും, സംഹാരത്തിനും വേണ്ടി, സത്വം, രജസ്സ്, തമസ്സ് ഇന്നിത്യാദി മൂന്ന് പ്രകൃതിഗുണങളെ സ്വീകരിക്കുന്നു. തുടര്‍ന്ന്, ഈ ത്രിഗുണങള്‍ പരിണമിച്ച് ജ്ഞാനമായും, കര്‍മ്മമായും, ദ്രവ്യമായും ഭവിച്ചുകൊണ്ട് നിത്യമുക്തമായ ജീവന്‍മാരെ മായയുടെ കാര്യകാരണങള്‍ക്ക് വിധേയരാക്കുകയും ചെയ്യുന്നു. ഇങനെ അടിപ്പെട്ട ജീവന്‍മാര്‍ തത് കാരണാല്‍ ത്രിഗുണാധീതനായ ഭഗവാനെ കാണുന്നില്ല. പക്ഷേ ഞാനടക്കമുള്ള സകലഭൂതങളുടേയും ഈശ്വരന്‍ അവന്‍ തന്നെയാണ്. കാലത്തിനും, കര്‍മ്മത്തിനും, സ്വഭാവത്തിനുമനുസരിച്ച് ഈ ജീവന്‍മാരെ ആ നാരായണന്‍ യദൃച്ഛയാ ജനിപ്പിക്കുകയും, സ്വേച്ഛയാ ലയിപ്പിക്കുകയും ചെയ്യുന്നു.
ഭഗവാന്‍ ആദിപുരുഷനായി അവതരിച്ച് ആദ്യം മഹത് തത്വമുണ്ടായി. പിന്നീട് കാലം ഉടലെടുത്ത്, തുടര്‍ന്ന് കാലാന്തരത്തില്‍ സത്വരജസ്തമോഗുണങള്‍ ഉണ്ടാകുകയും ഇവകള്‍ പരിണമിച്ച് കര്‍മ്മമുണ്ടാകുകയും ചെയ്തു. അങനെ ആദ്യമുണ്ടായ മഹത് തത്വം പരിണമിച്ച് തത്ഫലമായി ത്രിഗുണങളില്‍ തമോഗുണത്തെയപേക്ഷിച്ച് സത്വരജസ്സുക്കള്‍ ശക്തിപ്രാപിച്ചു. ക്രമേണ തുടര്‍ന്നുണ്ടായ പരിവര്‍ത്തനത്തില്‍ ദ്രവ്യ-ജ്ഞാന-ക്രിയാത്മകമായ തമോഗുണം പുഷ്ടിപ്പെട്ടു. അങനെ അതില്‍നിന്നും അഹങ്കാരതത്വമുണ്ടാവുകയും, അത് സത്വരജസ്തമോഭേദങളോടെ യഥാക്രമം ദ്രവ്യശക്തിയും, ക്രിയാശക്തിയും, ജ്ഞാനശക്തിയുമായി മാറുകയും ചെയ്തു. തത്ജന്യമായി പഞ്ചഭൂതങളുണ്ടായി. ദൃക്കും അതിന്റെ സൂക്ഷ്മരൂപവുമെന്നതുപോലെ, ഈ പഞ്ചഭൂതങളുടെ സൂക്ഷ്മരൂപങളായ ശബ്ദം, ഗന്ധം, രൂപം, രസം, സ്പര്‍ശം മുതലായവ രൂപം കൊണ്ടു.
പിന്നീട്, പഞ്ചഭൂതങളിലൊന്നായ ആകാശം പരിണമിച്ചതോടെ വായൂ ഉടലെടുത്തു. സ്പര്‍ശം, ശബ്ദം, പ്രാണന്‍, ഓജസ്സ്, ബലം തുടങിയ ഗുണഗണങളോടുകൂടി ഭവിച്ച വായൂ, കാലാന്തരത്തില്‍ പരിവര്‍ത്തനങള്‍ക്ക് വിധേയമായി അഗ്നിയുണ്ടായി. അതും ശബ്ദസ്പര്‍ശാത്മകമായിരുന്നു. തുടര്‍ന്ന് അഗിനി രൂപാന്തരപ്പെട്ട് ശബ്ദരസാദിസമന്വിതമായ ജലമുണ്ടായി. പിന്നീട് ജലത്തിനുണ്ടായ സവിശേഷപരിവര്‍ത്തനത്തിലൂടെ ഗന്ധം രൂപം കൊണ്ടു. ശബ്ദം, സ്പര്‍ശം, രസം തുടങിയവയുടെ ഗുണങള്‍ ഗന്ധത്തിനുമുണ്ടായിരുന്നു.
പിന്നീട് സത്വഗുണത്തില്‍ നിന്ന് മനസ്സും, കൂടാതെ സത്വാത്മകമായ ദേവതകളുമുണ്ടായി. അവരാണ് ദിക്ദേവത, വായൂദേവന്‍, സൂര്യഭഗവാന്‍, പ്രചേതസ്സ്, അശ്വിനിദേവകള്‍, വഹ്നിദേവന്‍, ഇന്ദ്രന്‍, ഉപേന്ദ്രന്‍, മിത്രന്‍, ബ്രഹ്മാവ്, തുടങിയ പത്തുദേവതകള്‍. അതിനുശേഷം രജോഗുണത്തില്‍ നിന്നും പത്തിന്ദ്രിയങളായ ചെവിയും, ത്വക്കും, മൂക്കും, കണ്ണും, ജിഹ്വയും, വാക്കും, കൈകളും, മേധ്രവും, പാദവും, വിസര്‍ജ്ജനേന്ദ്രിയങളുമുണ്ടായി. ഹേ ബ്രഹ്മവിത്തമാ!, മേല്പ്പറഞ ഘടകങളായ ഇന്ദ്രിയങളും, മനസ്സും ഒരുമിക്കാത്തിടത്തോളം കാലം ശരീരത്തിന്റെ സൃഷ്ടി സാധ്യമല്ല. അങനെ സത്തും അസത്തും ഉപാധിയാക്കി ഭഗവാന്‍ ആത്മമായകൊണ്ട് മേല്പ്പറഞ ഘടകങളെല്ലാം ചേത്ത് ഈ പ്രപഞ്ചമുണ്ടാക്കി.
ഈ വിശ്വാണ്ഡം അനേകായിരം യുഗങളോളം കാരണസമുദ്രത്തില്‍ നിമഗ്നമായിക്കിടന്നു. പിന്നീടൊരിക്കല്‍ ജീവേശ്വരന്‍ അതിലേക്ക് വ്യാപരിച്ച് സര്‍വ്വഭൂതങള്‍ക്കും ജീവനായിക്കൊണ്ടു സകല അചരങളേയും ചരങളാക്കി മാറ്റി. ഒടുവില്‍ ഭഗവാന്‍ ഹരി ആ വിശ്വാണ്ഡം ഭേദിച്ച് പുറത്തുവന്നു. ആയിരക്കണക്കിന് തുടകളും, പാദങളും, കൈകളും, കണ്ണുകളും, മുഖങളും, തലകളുമുള്ള വിരാട് രൂപനായി ആ നാരായണന്‍ ഈരേഴുപതിനാല് ലോകങളും നിറഞുനിന്നു. ജ്ഞാനികള്‍ ആ വിശ്വരൂപന്റെ കടിപ്രദേശം മുതല്‍ താഴേക്കുള്ള ഏഴുലോകങളെ അധോലോകങളെന്നും, മുകളിലേക്കുള്ള ഏഴുലോകങള്‍ ഊദ്ധ്വമെന്നും കല്പ്പിച്ചിരിക്കുന്നു. ആ പരമപുരുഷന്റെ തിരുമുഖത്തുനിന്നു ബ്രാഹ്മണരും, തൃക്കൈകളില്‍ നിന്ന് ക്ഷത്രിയരും, തൃത്തുടകളില്‍ നിന്ന് വൈശ്യരും, അതുപോലെ തൃപ്പാദങളില്‍ നിന്ന് ശൂദ്രരുമുണ്ടായി. തിരുവടികളില്‍ നിന്നും ഭൂലോകം വരെയുള്ളവ അവന്റെ പാദങളില്‍ സ്ഥിതിചെയ്യുന്നു. ഭുവര്‍ലോകവും തുടര്‍ന്ന് മുകളിലേക്കുള്ള മദ്ധ്യലോകങള്‍ അവന്റെ നാഭിപ്രദേശം വരെയും, സ്വര്‍ല്ലോകം, മഹര്‍ലോകം തുടങിയ ഊര്‍ദ്ധ്വലോകങള്‍ അവന്റെ ഹൃദയഭാഗം വരെയും നിലകൊള്ളുന്നു. നെഞ്ചിന്റെ അഗ്രിമസ്ഥാനത്തുനിന്നും കഴുത്തോളം വരുന്നത് ജനലോകവും തപോലോകവുമാണ്. അവന്റെ മൂര്‍ദ്ധാവില്‍ സത്യലോകവും, അതിന്‍മേല്‍ സനാതനമായ ബ്രഹ്മലോകവും വിളങുന്നു.
അധോലോകങളാകുന്ന ഏഴില്‍ അതലം അവന്റെ അരക്കെട്ടും, വിതലം തുടകളും, സുതലം കാല്‍മുട്ടുകളും, തലാതലം കണങ്കാലും, മഹാതലം നെരിയാണിയും, രസാതലം പാദവും, പാതാളം ഉള്ളംകാലുമാണ്. ഹേ നാരദരേ!, ഈരേഴുപതിനാലുലോകങള്‍ ഇങനെ മൂന്നായി പിരിഞ് പാതാളം മുതല്‍ ഭൂമി വരെയുള്ളവ ആ ഭഗവാന്റെ പാദത്തില്‍ അധോലോകമായും, ഭുവര്‍ലോകം അവന്റെ നാഭിയില്‍ മദ്ധ്യമമായും, സ്വര്‍ല്ലോകം അവന്റെ മൂര്‍ദ്ധാവില്‍ ഊര്‍ദ്ധ്വലോകമായും നിലകൊള്ളുന്നു.
ഇങനെ ശ്രീമദ് ഭാഗവതം ദ്വിതീയസ്കന്ധം അഞ്ചാമധ്യായം സമാപിച്ചു.