ഓം ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം 6 ( ഇക്ഷ്വാകുവിന്റെ വംശപരമ്പരാവർണ്ണനം .) ശ്രീശുകബ്രഹ്മർഷി പറഞ്ഞു : “ രാജാവേ !, അംബരീഷമഹാരാജാവിനു് വിരൂപൻ , കേതുമാൻ , ശംഭു എന്നിങ്ങനെ മൂന്നു് പുത്രന്മാരുണ്ടായിരുന്നു . അതിൽ വിരൂപന്റെ പുത്രനായിരുന്നു പൃഷദശ്വൻ . അവന്റെ പുത്രനായി രഥീതരനും ജനിച്ചു . സന്തതിയില്ലാതിരുന്ന രഥീതരന്റെ ഭാര്യയിൽ അംഗിരസ്സുമുനി പുത്രോത്പാദനം നടത്തി . അമ്മ രഥീതരപത്നിയായതിനാൽ രഥീതരവംശമായും , എന്നാൽ , അംഗിരസ്സുമുനിയുടെ രേതസ്സാലുണ്ടായതിനാൽ അംഗിരസ്ഥന്മാരായും അവ ർ ഗണിക്ക പ്പെടുന്നു . കൂടാതെ , ഒരേസമയം ക്ഷത്രിയരും ബ്രാഹ്മണരുമായ ഇക്കൂട്ടർ രഥീതരവംശത്തിലെ ശ്രേഷ്ഠന്മാരായാണറിയപ്പെടുന്നതു . രാജൻ !, വൈവസ്വതമനുവിന്റെ ഘ്രാണേന്ദ്രിയത്തിൽനിന്നും ജനിച്ച പുത്രനായിരുന്നു ഇക്ഷ്വാകു . ആ ഇക്ഷ്വാകുവിനു് നൂറു് പുത്രന്മാരുണ്ടായിരുന്നു . അവരിൽ പ്രധാനികൾ വികുക്ഷി , നിമി , ദണ്ഡകൻ മുതലായവരായിരിന്നു . ഈ നൂറുപേർ വിവിധ പ്രദേശങ്ങളിലെ അധിപതികളായി ഭവിച്ചു . രാജാവേ !, ഒരിക്കൽ വികുക്ഷി യെ വിളിച്ചുവരുത്തി , വൈകാതെ എവിടെനിന്നെങ്കിലും കുറച്ചു് ശുദ്ധമായ മാംസം കൊണ്ടുവരുവാൻ ഇക്ഷ്വാകു ആജ്ഞാപിച്ചു .
ശ്രീമദ്ഭാഗവതം ഗദ്യവിവർത്തനം