2014, മേയ് 7, ബുധനാഴ്‌ച

3.11 കാലവിസ്താരപ്രമാണം.

ഓം
ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ധം  - 
അദ്ധ്യായം 11

മൈത്രേയന്‍ തുടര്‍ന്നു: "വിദുരരേ!, ഇക്കാണുന്ന ദൃശ്യപ്രപഞ്ചത്തിന്റെ അതിസൂക്ഷ്മമായ അംശത്തെ പരമാണു എന്നുപറയുന്നു. അത് അഭേദ്യവും അമൂര്‍ത്തവുമാണ്. സകല നാമരൂപങളും വിലയിക്കുമ്പോഴും അത് അണുരൂപത്തില്‍ നിലനില്‍ക്കുന്നു. യാതൊരു ഭൗതികശരീരവും അനേകകോടി പരമാണുക്കളുടെ കൂടിച്ചേര്‍ന്ന രൂപം മാത്രമാണ്. പക്ഷേ, മനുഷ്യന്‍ ഇതിനെ താനെന്ന് തെറ്റിദ്ധരിച്ച് അതിഘോരമായ അന്തകാരത്തില്‍ കഴിയുന്നു. പ്രപഞ്ചത്തിലെ അതിസൂക്ഷ്മങളായ ഈ പരമാണുക്കള്‍ ദൃശ്യരൂപം കൈക്കൊള്ളുന്നതിനുമുമ്പുള്ള സ്വരൂപത്തെ കൈവല്യം എന്നറിയപ്പെടുന്നു. പക്ഷേ, ഈ അതിസൂക്ഷ്മകണങള്‍ സ്വയമേവ കൂടിച്ചേരുമ്പോള്‍ മാത്രമാണ് പ്രപഞ്ചത്തില്‍ നാമീക്കാണുന്ന സകലസ്ഥൂലരൂപങളും സംജാതമാകുന്നതു. ഭൗതികശരീരങളിലെ അദൃശ്യവും അതിസൂക്ഷ്മവുമായ ഈ പരമാണുക്കളുടെ ഗതിയെ നിരീക്ഷിച്ചുകൊണ്ട് കാലവിസ്താരം നിര്‍ണ്ണയിക്കുവാന്‍ സാധിക്കും. കാലം ആ പരമപുരുഷന്റെ അന്തമായ ശക്തിവിശേഷമാണ്. അവ്യക്തസ്വരൂപനായ ഭഗവാന്‍ ഹരി ലോകത്തിലെ സകല ഗതിവിഗതികളും നിയന്ത്രിക്കുന്നത് കാലമാകുന്ന തന്റെ ഈ അനന്തവീര്യത്താലത്രേ!. ഒരു നിശ്ചിതപരമാണുവിനെ വലം വയ്ക്കുന്നതിലൂടെ കാലത്തിന്റെ അതിസൂക്ഷ്മമായ ഭാവത്തെ നാം അനുമാനിക്കുന്നു. അവ്യക്തമായി കൂടിച്ചേര്‍ന്നിരിക്കുന്ന അണുസര്‍‌വ്വത്തെ വലം ചെയ്യുവാനുള്ളത്ര സമയദൈര്‍ഘ്യത്തെ പരമകാലം എന്നറിയപ്പെടുന്നു.

രണ്ടുപരമാണുക്കള്‍ ചേര്‍ന്ന് അണുദ്വയമുണ്ടാകുന്നു. അതുപോലെ മൂന്ന് അണുദ്വയങള്‍ കൂടിച്ചേര്‍ന്ന് ഒരു ത്രസരേണുവുമുണ്ടാകുന്നു. ജാലാര്‍ക്കരശ്മിയില്‍ ഈ ത്രസരേണുക്കള്‍ കണ്ണുകള്‍ക്ക് ഗോചരമാകുകയും ചെയ്യുന്നു. ഇവ ആകാശമാഗ്ഗത്തിലൂടെ ഉയര്‍ന്നുണരുന്നത് മനുഷ്യനേത്രങള്‍ക്ക് സുവ്യക്തമായി കാണുവാന്‍ സാധ്യമാകുന്നു. ഇങനെയുള്ള മൂന്ന് ത്രസരേണുക്കള്‍ കൂടിച്ചേര്‍ന്നുള്ളത്ര സമയദൈര്‍ഘ്യത്തെ ഒരു ത്രുടി എന്നു വിശേഷിപ്പിക്കുന്നു. ഇത്തരം നൂറ് ത്രിടികള്‍ ചേരുന്ന കാലയളവിനെ ഒരു വേധയെന്നും, മൂന്ന് വേധകള്‍ ചേരുന്ന സമയത്തിന് ഒരു ലവയെന്നും പേര്‍ വിളിക്കുന്നു. ഈവിധം മൂന്ന് ലവം ചേര്‍ന്ന് ഒരു നിമേഷമായും, മൂന്ന് നിമേഷങള്‍ കൂടിച്ചേര്‍ന്ന് ഒരു ക്ഷണമായും, അഞ്ച് ക്ഷണങള്‍ ഇടകലര്‍ന്ന് ഒരു കാഷ്ഠയായും, അതുപോലെ പതിനഞ്ച് കാഷ്ഠകളൊത്ത് ഒരു ലഘുവായും കാലത്തിന്റെ ദൈര്‍ഘ്യത്തെ ഗണിക്കപ്പെട്ടിരിക്കുന്നു. ഈവിധം തുടര്‍ന്ന് പതിനഞ്ച് ലഘുക്കള്‍ കൂടിച്ചേര്‍ന്ന് ഒരു നാഴികനേരമാകുന്നു. ഇതിനെ ഒരു ദണ്ഡകാലം എന്നും വിശേഷിപ്പിക്കാറുണ്ടു. ഇങനെയുള്ള രണ്ട് ദണ്ഡകാലങളൊന്നാകുമ്പോള്‍ ഒരു മുഹൂര്‍ത്തമായി ഭവിക്കുന്നു. ഇങനെ മനുഷ്യനെ സംബന്ധിച്ചിടത്തോളം ആറോ, ഏഴോ ദണ്ഡകാലയളവുകള്‍ ചേര്‍ന്ന് ഒരു പകലിന്റേയോ, ഒരു രാത്രിയുടേയോ നാലിലൊരംശം സമയദൈര്‍ഘ്യത്തെ നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്നു.

ഇനി നാഴിക അഥവാ ദണ്ഡം അനുമാനിക്കുന്നതെങനെയെന്നുപറയാം. ആറ് പലഭാരം കൊള്ളുന്ന ഒരു ചെമ്പുപാത്രത്തില്‍ നാല് മാഷം ഭാരമുള്ളതും, നാല് അംഗുലം നീളമുള്ളതുമായ ഒരു സ്വര്‍ണ്ണക്കോല്‍കൊണ്ട് ഒരു സുഷിരമുണ്ടാക്കുന്നു. അനന്തരം ഈ പാത്രം ജലത്തിനുമുകളില്‍ സ്ഥാപിക്കുമ്പോള്‍ പ്രസ്തുതപാത്രം നിറഞുകവിയുന്നതിനുമുമ്പുള്ള കാലവിസ്താരത്തെ ഒരു ദണ്ഡം എന്ന് കണക്കാക്കുന്നു.

നാല് യാമങള്‍ ചേര്‍ന്ന് ഒരു മനുഷ്യദിവസവും ഒരു രാത്രിയുമുണ്ടാകുന്നു. അങനെ പതിനഞ്ച് ദിനരാത്രങള്‍ ചേരുമ്പോള്‍ ഒരു പക്ഷവുമുണ്ടാകുന്നു. ചന്ദ്രന്റെ ആകൃതിയെകണക്കാക്കി നാം ഈ പക്ഷത്തെ കൃഷ്ണപക്ഷമെന്നോ, ശുക്ലപക്ഷമെന്നോ വിശേഷിപ്പിക്കുന്നു. രണ്ട് പക്ഷങള്‍ ചേര്‍ന്ന് പൈതൃകമായ ഒരു മാസമുണ്ടാകുന്നു. ഇങനെയുള്ള ഈരണ്ടുമാസങള്‍ കൂടി യഥാക്രമം ഹേമന്തം, ശിശിരം, വസന്തം, ഗ്രീഷ്മം, വര്‍ഷം, ശരത് എന്നിങനെ ആറ് കാലങളായി കാലവിസ്താരമുണ്ടായിരിക്കുന്നു. ഈ കാലയളവില്‍ സൂര്യന്‍ പൂര്‍ണ്ണമായും തെക്കുനിന്ന് വടക്ക് ദിശയിലേക്ക് സഞ്ചരിച്ചെത്തുന്നു. ഇങനെ സൂര്യന്‍ രണ്ടുപ്രാവശ്യം സഞ്ചരിച്ചുകഴിയുമ്പോള്‍ ദേവതകളുടെ ഒരു ദിനരാത്രം സമ്പൂര്‍ണ്ണമാകുന്നു. ഈ ഒരു ദേവദിനം നാം മനുഷ്യര്‍ക്ക് ഒരു വര്‍ഷക്കാലമാകുന്നു. ഇങനെയുള്ള നൂറ് വര്‍ഷമാണ് ഒരു മനുഷ്യായുസ്സ് എന്ന് കണക്കാക്കപ്പെട്ടിരിക്കുന്നത്. പ്രപഞ്ചത്തിലെ ഗ്രഹങളും, നക്ഷത്രങളും, മറ്റുള്ള തേജഃപുജ്ഞങളും, പരമാണുക്കളും തങളുടേതായ അച്ചുതണ്ടില്‍ നിരന്തരം സ്വയമേവ ഭ്രമണം ചെയ്തുകൊണ്ടേയിരിക്കുന്നു. നഭോമണ്ഡലത്തില്‍ സൂര്യനും, ചന്ദ്രനും, നക്ഷത്രങള്‍ക്കും, അന്യതേജോഗോളങള്‍ക്കും, പ്രത്യേകം പ്രത്യേകം നാല് ഭ്രമണപഥങളുണ്ട്. അവയ്ക്കെല്ലാം തനതായ സ്വന്തം സംവത്സരങളും.

അല്ലയോ പ്രിയവിദുരരേ!, സൂര്യഭഗവാന്‍ പ്രപഞ്ചത്തിലെ സകലമാനജീവികളേയും തന്റെ അനഘവും, അനന്തവുമായ ചൂടും പ്രകാശവും കൊണ്ട് ചൈതന്യവത്താക്കുന്നു. അതുപോലെതന്നെ അവന്‍ സകലജീവികളുടേയും ആയുസ്സിനെ നിമിഷം‌പ്രതി നിരന്തരം കുറച്ചുകൊകൊണ്ടുമിരിക്കുന്നു. ക്രമേണ അവയെ വിഷയാസക്തിയില്‍ നിന്നും മോചിതരാക്കുകയും, അതുവഴി അവരെ വൈകുണ്ഠപ്രാപ്തിക്ക് യോഗ്യരാക്കുകയും ചെയ്യുന്നു. ഇങനെ അവര്‍ വായൂമണ്ഡലത്തിലൂടെ അതിവേഗം സഞ്ചരിക്കുന്നു. ആയതിനാല്‍ സര്‍‌വ്വരും ആ ആദിത്യനെ അഞ്ചുവര്‍ഷത്തിലൊരിക്കലെങ്കിലും യജ്ഞവിഹിതം നല്‍കി പൂജിക്കേണ്ടതുണ്ടു."

ഇത്രയും കേട്ടപ്പോള്‍ വിദുരന്‍ പറഞു: "ഹേ മഹാമുനേ!, പിതൃലോകത്തിലേയും, നരലോകത്തിലേയും, സ്വര്‍ഗ്ഗലോകത്തിലേയും, നിവാസികളുടെ ജീവിതകാലദൈര്‍ഘ്യത്തെക്കുറിച്ച് ഞാന്‍ മനസ്സിലാക്കിക്കഴിഞു. ഇനി അടിയനറിയാനിച്ഛിക്കുന്നത് കല്പത്തിനുമധീതരായ മഹത്തുക്കളുടെ ജീവിതകാലയളവിനെക്കുറിച്ചാണ്. ഹേ ഭഗവന്‍!, ആ സര്‍‌വ്വശക്തന്റെ കൈകളിലെ ആയുധമായ കാലത്തിന്റെ ഗതി യഥാവിധി മനസ്സിലാക്കുന്നവനാണ് അങ്. എന്തുകൊണ്ടെന്നാല്‍ അങ് യോഗശക്തികൊണ്ട് എന്തും കണ്ടറിയാന്‍ കഴിയുന്ന ആത്മജ്ഞാനിയാണ്."

മൈത്രേയമുനി പറഞു: "ഹേ വിദുരരേ!, യുഗങളെക്കുറിച്ച് പറയുമ്പോള്‍ അവ സതിയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിങനെ നാലായി അറിയപ്പെടുന്നു. ഈ നാല് യുഗങളും കൂടിച്ചേര്‍ന്ന കാലവിസ്താരം പന്ത്രണ്ടായിരം ദേവവര്‍ഷങളാണ്. ഇതില്‍ സത്യയുഗത്തില്‍ നാലായിരത്തി എണ്ണൂറ് ദേവവര്‍ഷങളും, ത്രേതയില്‍ മൂവായിരത്തിയറുനൂറ് ദേവവര്‍ഷങളും, ദ്വാപരത്തില്‍ രണ്ടായിരത്തിനാനൂറ് ദേവവര്‍ഷങളും, യഥാക്രമം കലിയുഗത്തില്‍ ആയിരത്തിയിരുനൂറ് ദേവവര്‍ഷങളുമുണ്ട്. വ്യത്യസഥ യുഗങള്‍ വരുമ്പോഴും പോകുമ്പോഴും അതിനിടയിലുള്ള ഇടവേളകള്‍ക്ക് ജ്യോതിശാസ്ത്രവിദഗ്ധര്‍ യുഗസന്ധ്യകള്‍ എന്ന് പേര്‍ പറയുന്നു. ഈ കാലാന്തരങളില്‍ എല്ലാവിധത്തിലുള്ള ധാര്‍മ്മികകര്‍മ്മാചരണങളും ആചരിക്കപ്പെടുന്നു. അല്ലയോ വിദുരരേ!, ഇവിടെ സത്യയുഗത്തില്‍ ധര്‍മ്മം പൂര്‍ണ്ണമായി ആചരിച്ചിരുന്നു. എന്നാല്‍ മറ്റുള്ള യുഗങള്‍ ഓരോന്നായി ആവിര്‍ഭവിച്ചപ്പോള്‍ ഇവിടെ അധര്‍മ്മം കുറേശ്ശയായി സ്ഥാനം പിടിക്കുകയും, ധര്‍മ്മത്തിന് ച്യുതി സംഭവിക്കുകയും ചെയ്തു.

മൂലോകങളുക്കുമപ്പുറം ബ്രഹ്മലോകത്തിന്റെ കാലവിസ്താരം കേട്ടുകൊള്ളുക. സതി, ത്രേത, ദ്വാപരം, കലി എന്നീ നാല് യുഗങള്‍ ചേര്‍ന്ന കാലദൈര്‍ഘ്യത്തിന്റെ ആയിരം മടങ് സമയം ബ്രഹ്മലോകത്തിലെ ഒരു ദിനവും, അത്രയുംതന്നെ അവിടുത്തെ രാത്രിയുമായി കണക്കാക്കപ്പെട്ടിരിക്കുന്നു. ഈ രത്രിസമയം പ്രപഞ്ചകര്‍ത്താവായ ബ്രഹ്മദേവന്‍ ഗാഡനിദ്രയിലാണ്ടുപോകുന്നു. പിന്നീട് രാവവസാനിച്ച് വിരിഞ്ചന്‍ ഉറക്കമുണരുമ്പോള്‍ ഭഗവത് നിര്‍ദ്ദേശങളനുസരിച്ച് തുടര്‍ന്നുണ്ടാകുന്ന പകല്‍സമയത്ത് അദ്ദേഹം പ്രപഞ്ചത്തിന്റെ പുനര്‍രചന ചെയ്യുന്നു. ഈ പുതുസൃഷ്ടി പിന്നീട് തുടര്‍ച്ചയായി വരുന്ന പതിനാല് മനുക്കളുടെ മന്വന്തരങളിലുടനീളം നിലനില്‍ക്കുകയും ചെയ്യുന്നു. ഇവയില്‍ ഓരോ മനുക്കളും തങളുടെ ജീവിതകാലമാകുന്ന, നന്നാല് യുഗങള്‍ ചേര്‍ന്ന എഴുപത്തിയൊന്ന് മഹായുഗങളെ അനുഭവിക്കുന്നു. ഓരോ മന്വന്തരങളുടേയും വിലയനം സംഭവിക്കുന്നതോടുകൂടി അടുത്ത മന്വന്തരം തുടങുകയും, അതിന്റെ മനു, തന്റെ കുലപരമ്പരയോടും, സപ്തഋഷികളോടും, ഇന്ദ്രനോടും, അതുപോലെ തങളുടെ അനുഭാവികളായ ഗന്ധര്‍‌വ്വദികളോടുമൊപ്പം പ്രത്യക്ഷനാകുകയും ചെയ്യുന്നു. ഇത് ബ്രഹ്മദേവന്റെ ദിനം തോറുമുള്ള ജഗത്ത്സൃഷ്ടിയാണ്. ഇതില്‍ മൃഗങളും, മനുഷ്യരും, പിതൃക്കളും, നിര്‍ജ്ജരന്മാരുമൊക്കെ തങളുടെ കര്‍മ്മഫലദായകമായ ഭാണ്ഡക്കെട്ടുകളുമായി വന്നുഭവിച്ച് അലഞുതിരിയിന്നു. ഈപറഞ ഓരോ മന്വന്തരങളിലും, ഭഗവാന്‍ മനുക്കളായും മറ്റുള്ള ശക്തിമത്തായ അവതാരങളായും പ്രത്യേകം പ്രത്യേകം രൂപങള്‍ കൈക്കൊണ്ട് പ്രത്യക്ഷനായി, തന്റെ ആത്മമായയാല്‍ ഈ പ്രപഞ്ചത്തെ പരിപാലിക്കുന്നു.

തുടര്‍ന്ന് കല്പാന്തത്തില്‍ അല്പമാത്രമാകുന്ന തമസ്സില്‍ അതീവശക്തിമത്തായ ഈ പ്രപഞ്ചസര്‍ഗ്ഗം വിധാതാവിന്റെ രാത്രിയില്‍ ആ പരമപുരുഷനില്‍ ലയിച്ചുചേരുന്നു. കാലത്തിന്റെ പ്രഭാവത്തില്‍ എണ്ണമറ്റ അനന്തകോടിജീവരാശികള്‍ പ്രളയജലത്തില്‍ നിമഗ്നമാകുന്നു. അതോടെ സര്‍‌വ്വവും പൂര്‍ണ്ണമായ നിശബ്ദതകൈവരിക്കുന്നു. ബ്രഹ്മാവിന്റെ ദിനത്തില്‍ ത്രൈലോക്യവര്‍ത്തനത്താല്‍ അതാത് ലോകങളിലെ നിവാസികളായ ദേവന്മാര്‍, പിതൃക്കള്‍, മനുഷ്യര്‍, മൃഗങള്‍, തുടങിയ സകലതും, തങള്‍ തങള്‍ ആര്‍ജ്ജിച്ചെടുത്ത കര്‍മ്മഫലഹേതുവൊന്നുകൊണ്ടുമാത്രം നിശ്ചിത ലോകങളില്‍ വന്നും പോയുമിരിക്കുന്നു.  അനന്തരം, ബ്രഹ്മദേവന്റെ രാത്രിയുടെ ആരംഭത്തില്‍ മൂലോകങളും അദൃശ്യമാകുന്നു. മാത്രമല്ല, മറ്റേത് രാത്രികളിലെന്നപോലെ സൂര്യദേവന്‍ പോലും ചേതനയറ്റുപോകുന്നു. പൊടുന്നനെ സങ്കര്‍ഷണമൂര്‍ത്തിയുടെ തിരുവക്ത്രത്തില്‍നിന്നുമുതിര്‍ക്കുന്ന അത്യുജ്ജ്വലമായ ജീജ്വാലയില്‍ പെട്ട് ഉലകങള്‍ വെന്തുവെണ്ണീറാകുന്നു. തുടര്‍ന്ന് കത്തിജ്ജ്വലിക്കുന്ന അത്യുഗ്രതീജ്വാലകളുടെ അഴല്‍ മൂലോകങളും വ്യാപൃതമാകുമ്പോള്‍ തത്ജന്യമായ ഉഷ്ണം സഹിക്കവയ്യാതെ ഭൃഗു മുതലായ ഋഷീശ്വരന്മാര്‍ തങളുടെ താവളമായ മഹര്‍ലോകം വിട്ട് ജനലോകം ലക്ഷ്യമാക്കി പായുന്നു. പ്രളയാരംഭത്തില്‍തന്നെ സമുദ്രങള്‍ നിറഞുകവിയുന്നു. ചുഴലിയുടെ കൊടും‌വിക്ഷേപമുണ്ടാകുന്നു. നിമിഷങള്‍ക്കകം മൂന്നുലോകങളും സമുദ്രത്തിന്റെ നിര്‍ദ്ദയമായ കൊടുംതിരകളില്‍ ഇളകിമറിഞ് പ്രളയവാരിയില്‍ ലയിക്കുന്നു. ആ സമയം ഭഗവാന്‍ ഹരി അനന്തനാഗതല്പത്തിന്മേല്‍ ഇരുനയനങളും പൂട്ടി ശയിക്കുന്നു. ജനലോകനിവാസികള്‍ ഹസ്താഞ്ജലിയോടെ ആ പരമപുരുഷന്റെ മഹിമകളെ വാഴ്ത്തുവാന്‍ തുടങുന്നു.

ഇങനെ നൂറ് മനുഷ്യവര്‍ഷങള്‍കൊണ്ട് മനുഷ്യന്റെ ജീവിതം അവസാനിക്കുന്നതുപോലെ നൂറ് ബ്രഹ്മവര്‍ഷങള്‍കൊണ്ട് വിധാതാവിന്റെ ജീവിതത്തിനും വിരാമമുണ്ടാകുന്നു. ബ്രഹ്മദേവന്റെ ആയുസ്സാകുന്ന ഈ നൂറ് ബ്രഹ്മവര്‍ഷങള്‍ നേര്‍പകുതികളായി വിഭജിക്കപ്പെട്ടിരിക്കുന്നു. പ്രിയവിദുരരേ!, ആദ്യപകുതി ഇതിനകം പൊയ്പ്പോയിരിക്കുന്നു. വര്‍ത്തമാനകാലം അതിന്റെ രണ്ടാം‌പകുതിയത്രേ!. ബ്രഹ്മായുസ്സിന്റെ പൂര്‍‌വ്വപകുതിയില്‍ ബ്രഹ്മകല്പമെന്ന ഒരു യുഗമുണ്ടായിരുന്നു. അതിലായിരുന്നു ബ്രഹ്മദേവന്റെ ജനനവും വേദങളുടെ ഉല്പത്തിയുമുണ്ടായത്. ബ്രഹ്മകല്പത്തിനെതുടര്‍ന്നുണ്ടായ കല്പത്തിന് പാത്മകല്പം എന്നു പറയുന്നു. ഈ കല്പത്തിലായിരുന്നു ഭഗവാന്‍ ഹരിയുടെ നാഭീസരസ്സില്‍നിന്നും ബ്രഹ്മകമലം വിടര്‍ന്നുയര്‍ന്നത്. അല്ലയോ ഭാരതാ!, ബ്രഹ്മായുസ്സിന്റെ രണ്ടാം‌പകുതിയിലെ ആദ്യകല്പത്തില്‍ ഭഗവാന്‍ വരാഹമൂര്‍ത്തിയായി തിരുവവതാരം കൈക്കൊണ്ടതിനാല്‍ ഈ കല്പത്തിനെ വാരാഹകല്പമെന്നുവിളിക്കുന്നു. വിരിഞ്ചായുസ്സാകുന്ന ഈ പറഞ രണ്ടു പരാര്‍ത്ഥങള്‍ ചേര്‍ന്ന കാലദൈര്‍ഘ്യം അവ്യാകൃതനും, അനന്തനും, അനാദിയും, ജഗദാത്മനുമായ ഭഗവാന്‍ ഹരിക്ക് കേവലം ഒരു നിമിഷം മാത്രമാണ്. പരമാണു മുതല്‍ ബ്രഹ്മായുസ്സുവരെയുള്ള പരിമാണങളുടെ നാഥന്‍ കാലമാണെന്നിരിക്കിലും, കാലത്തിന്റേയും ഈശ്വരന്‍ ഭഗവാന്‍ ഹരിതന്നെയാണ്. പക്ഷേ വിദുരരേ!, ഒന്നങറിയേണ്ടതുണ്ടു. സത്യലോകത്തിലായാലും, ഇനി മറ്റേത് ലോകങളിലായാലും, കാലശക്തിക്കുവിധേയമാകുന്നത് ദേഹത്തില്‍ അഭിമാനം വച്ചുപുലര്‍ത്തുന്നവര്‍ മാത്രമാണ്.

അഷ്ടഭൂതങള്‍ പിരിഞ് പതിനാറ് ഉപഭൂതങള്‍ ചേര്‍ന്നുണ്ടായ അത്യന്തം വിചിത്രമായ ഈ പ്രപഞ്ചം അനേകകോടി യോജനകള്‍ അകവും പുറവും നിറഞ് അതീവതരം വിസ്തൃതമായിരിക്കുന്നു. വിശ്വത്തെ പൊതിഞുനില്‍ക്കുന്ന പാളികള്‍ തമ്മിലോരോന്നും മുന്നേതിനേക്കാള്‍ പതിന്മടങ് സാന്ദ്രമാണ്. പ്രപഞ്ചസര്‍‌വ്വമൊരുമിച്ചുചേര്‍ന്ന് അണ്ഡരാശിയില്‍ അവ പരമാണുക്കള്‍ പോലെ കാണപ്പെടുന്നു. അല്ലയോ വിദുരരേ!, ഭഗവാന്‍ ഹരി സര്‍‌വ്വകാരണനാണ്. അക്ഷരനായ അവന്റെ ആത്മീയധാമമായ സാക്ഷാല്‍ വൈകുണ്ഡം തന്നെയാണ് തന്റെ അംശാവതാരമായ ശ്രീമഹാവിഷ്ണുവിനും സ്വധാമമായത്.

ഇങനെ ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ധം  പതിനൊന്നാമധ്യായം സമാപിച്ചു.

ഓം തത് സത് 

<<<<<<<  >>>>>>>