2022, ഓഗസ്റ്റ് 25, വ്യാഴാഴ്‌ച

കണ്ണനുമുണ്ണിയും



താതന്റെ ആജ്ഞയാ പണ്ടൊരു ബാലകൻ 

വാതപുരേശന് പൂജ ചെയ്തു.

നന്നായ് കുളിപ്പിച്ചുടുപ്പിച്ചണിയിച്ച് 

നല്ലൊരു മാല കൊരുത്തുചാർത്തി. 


ദീപമുഴിഞ്ഞ് ദീപാരാധന ചെയ്ത് 

ധൂപം പുകച്ച് സുഗന്ധമേകി

തെച്ചി തുളസി ചെന്താമരപ്പൂക്കളാ-

ലർച്ചനം ചെയ്ത് നമസ്ക്കരിച്ചു.


പിന്നവൻ ചെന്നൊരു പൊന്നിൻ തളികയിൽ 

വന്നതാ പായസച്ചോറുമായി.

അഞ്ജനകണ്ണനാ പായസം കണ്ടതും 

കുഞ്ഞുവായ്ക്കുള്ളിലോ, വെള്ളമൂറി.


ഉണ്ണികൈ കൊണ്ടവൻ മെല്ലെയെടുത്തത് 

കണ്ണനെയൂട്ടാൻ തുനിഞ്ഞനേരം 

കണ്ണനതുണ്ണുന്നതില്ലെന്നു കണ്ടുടൻ 

ഉണ്ണി പരിഭ്രമിച്ചങ്ങിരുന്നു.


"കണ്ണാ!, നിനക്കറിയില്ലയോ ഞാനൊരു 

ഉണ്ണിയാണെന്നുള്ള കാര്യമിപ്പോൾ?.

എന്നാലുമിന്നെനിക്കാകുന്ന പോലിത് 

നിർമ്മിച്ചതങ്ങ് നിനക്കുവേണ്ടി.


കണ്ണനെപ്പോലെ മറിമായമൊന്നുമീ-

യുണ്ണിക്കറിവീല കാട്ടീടുവാൻ.

കള്ളത്തരം കാട്ടി വാ മുറുക്കീടാതെ 

എള്ളോളമെങ്കിലും നീ ഭുജിക്കു... 


തേനും പയസസും നറുനെയ്യ് ശർക്കര 

തേങ്ങ ഇടിച്ചുപിഴിഞ്ഞ പാലും...

...കൊണ്ട് ഞാനുണ്ടാക്കിവച്ചോരിതിൻ രസം 

ഉണ്ടുനോക്ക്യാലേ മനസ്സിലാകൂ.


കണ്ണനിതുണ്ടില്ലയെങ്കിലതിന്നുടെ 

ദണ്ഡമെനിക്ക് സഹിക്കവേണം.

അച്ഛൻ വരുന്നതിൻ മുന്നമിതിണ്ടു നീ 

ഇച്ചെറുബാലനെ കാത്തിടേണം."


എന്നുപറഞ്ഞുകരഞ്ഞുവിഷാദിച്ച് 

ഉണ്ണി തളർന്നങ്ങിരുന്നുടനെ, 

കണ്ണനപ്പായസമുണ്ടുമതിമറ-

ന്നുണ്ണിതന്നുള്ളവും പൂത്തുലഞ്ഞു.


ഭക്തന്റെ സങ്കടം കണ്ടോണ്ടിരിക്കുവാൻ 

ശക്തിയുള്ളോനോ മരുത്പുരേശൻ?

ഭക്തിയോടപ്പദം കൂപ്പുവോരെ സർവ്വ-

ശക്തൻ കനിഞ്ഞങ്ങ് കാത്തുകൊള്ളും.


കിണ്ണമൊഴിഞ്ഞങ്ങിരിക്കുന്ന കാണവേ 

ഉണ്ണിതന്നച്ഛൻ കയർത്തുചൊല്ലി 

"കുഞ്ഞേ! നിവേദ്യം പ്രസാദമായ് നൽകേണ്ട-

തല്ലേ? കഴിച്ചു നീ എന്തിനെല്ലാം?."


"ഉണ്ടത് ഞാനല്ല, കണ്ണനാണെന്ന"വൻ 

ഇണ്ടലിയന്നങ്ങ്  ചൊന്നനേരം 

"കള്ളം പറഞ്ഞു നീ കേമനാകേണ്ട, ഞാൻ 

ചൊല്ലുന്ന ശിക്ഷയതേറ്റീടേണം."


എന്നുപറഞ്ഞു തന്നുണ്ണിയ്ക്ക് തൽക്ഷണം 

ദണ്ഡം വിധിച്ചു നമ്പൂരിയപ്പോൾ.

നാലമ്പലത്തിനുചുറ്റും വലം വച്ച് 

നാലഞ്ചുവട്ടമോടേണമെന്നായ്.


താതന്റെ കല്പന കേട്ടു തത് ബാലകൻ 

ഓടാൻ തുടങ്ങിയ നേരമപ്പോൾ 

കാണായവന്നോടുകൂടെയോടുന്നൊരു  

കായാമ്പൂവർണ്ണനാമാന്യബാലൻ,


കൂന്തലിൽ പീലിയും കുത്തി, കുറിതൊട്ട് 

തൂമഞ്ഞയാമൊരു പട്ടുടുത്ത്,

പാദങ്ങൾ രണ്ടിലും പൊന്നിൻ ചിലമ്പിട്ട് 

പായുന്നൊരാളവൻ കോമളാഗൻ  


കണ്ഠേ തിളങ്ങുന്നു കൗസ്തുഭപൊന്മണി 

കുണ്ഡലം കാതിലിളകിടുന്നു.

മാറതിൽ തട്ടിയുലയുന്നു ഹാ!  വന-

മാലയും മറ്റുള്ള മാല്യങ്ങളും.


കോലക്കുഴലൊന്നു കൈയ്യിലുണ്ടപ്പടി

കാലിയെ മേയ്ക്കുന്ന കോലുമുണ്ടേ!

നാലമ്പലം ചുറ്റിയോടുന്ന ശ്രീഹരേ!

നീലത്തിരുവുടൽ കൈതൊഴുന്നേൻ. 


മുന്നമദ്ദ്വാപരേ കൂട്ടുകാരൊത്തവൻ 

മന്നിതിലോടിക്കളിച്ചപോലോ?

കൊണ്ടൽനേർവർണ്ണനപ്പായസമുണ്ടതു-

കൊണ്ടോ? ഇതിൻ പൊരുളാരറിയാൻ!...


Witten by SURESH C KURUP



കുന്തീസ്തുതി...


ആദ്യാ! പുരാണപുരഷ നമോസ്തുതേ

നാഥാ പ്രപഞ്ചത്തിനാധാരഹേതുവേ

നീതാൻ ഗുണങ്ങൾക്കധീതനാം ദൈവവും

ഭൂതങ്ങൾക്കെല്ലാം അകംപുറം കൊണ്ടതും.


മായായവനികയ്ക്കപ്പുറമുള്ളൊരു

മൂഢദൃശന്മാർക്കദൃശ്യനായുള്ള നീ

ചായമിട്ടോരു നടനെന്നപോലങ്ങ്

മായയ്ക്കധീതം മറഞ്ഞങ്ങിരിക്കുന്നു.


നിന്നുടെ കാരുണ്യമൊന്നുകൊണ്ടല്ലാതെ

നിന്നെയറിവതിനാരാലുമൊത്തിടാ.

എന്നത് പാർക്കുകിൽ ഞങ്ങളീ സ്ത്രീകൾക്കി

ന്നെങ്ങനെ നിന്നെയറിവതിനാകുന്നു?


വാസുദേവാ ഹരേ കൃഷ്ണാ തൊഴുന്നു ഞാൻ

ദേവകീനന്ദനാ നിന്നെ തൊഴുന്നു ഞാൻ

നന്ദഗോപർക്ക് മകനായ ശ്രീഹരേ

ഗോവിന്ദാ നിന്നെ നമിക്കുന്നു ഞാനിതാ.


പങ്കജനാഭാ നമസ്തേ നമോസ്തുതേ

പങ്കജമാലിനേ നിത്യം നമോസ്തുതേ

പങ്കജനേത്രാ നമസ്തേ നമോസ്തുതേ

പങ്കജപാദാ നമസ്തേ നമോസ്തുതേ


കംസന്റെ കാരാഗൃഹത്തിങ്കൽ നിന്ന് നീ

നിന്റെ മാതാവിനെ രക്ഷിച്ചതില്ലയോ?

എന്നെയും എന്റെ സുതന്മാരെയൊക്കെയും

എന്തെല്ലാം ആപത്തിൽനിന്ന് നീ കാത്തിതു.


ഉഗ്രവിഷത്തിൽനിന്നഗ്നിയിൽനിന്നഥ

രക്ഷോഗണങ്ങളിൽ ദുഃസഭാമധ്യത്തിൽ

പണ്ട് വനവാസകാലത്തിൽനിന്നുമാ

ഭാരതയുദ്ധമത്തിങ്കലും കാത്തു നീ.


ഇന്നിതാ നീതന്നെ അശ്വത്ഥാമാവിന്റെ

ബ്രഹ്‌മാസ്‌ത്രതേജസ്സിൽനിന്ന് രക്ഷിച്ചിതു.

ഞങ്ങൾക്ക് നീയൊഴിഞ്ഞില്ല മറ്റാശ്രയം

കൃഷ്ണാ മുകുന്ദാ മുരാരേ ഹരേ ജയ


എത്രമേലിങ്ങനെ ദുഃഖമുണ്ടാകുന്നു

അത്രമേൽ നിന്നുടെ ദർശനം നേടുന്നു.

നിന്നുടെ ദർശനംകൊണ്ടിഹ സംസാര

വൻകര താണ്ടി മറുകര പോകുന്നു.


ആശയൊഴിഞ്ഞ മനപങ്കജങ്ങളിൽ

ആശ്രിതവത്സലാ നീ വന്നുവാഴുന്നു.

നിർദ്ധനൻമാർക്ക് ധനമായ ശ്രീപതേ

നിത്യവും നിന്നെ നമിച്ചിടുന്നാദരാൽ.


സർവ്വഭൂതങ്ങൾക്കും നീ സമൻ ദൈവമേ

ആദ്യന്തഹീനാ ദയാലോ ജനാർദ്ദനാ  

നിന്നുടെ ലീലകൾ കണ്ടറിഞ്ഞീടുവാൻ

ബ്രഹ്‌മാവിനാലുമെളുതല്ല നിർണ്ണയം.


സർവ്വവും നിന്നിൽനിന്നുണ്ടായിടുമ്പോഴും

സർവ്വവും നിന്നിൽ ലയിച്ചങ്ങിടുമ്പൊഴും

നീവന്ന് നാനാതരങ്ങളാം യോനിയിൽ

നീരാജനേത്രാ പിറന്നരുളുന്നിതു.


പണ്ട് യശോദയാം മാതാവ് നിന്നുടൽ

ബന്ധിച്ചുറലോട് ചേർത്തുകെട്ടീടവേ

പേടിയും പേടിച്ചകലുന്ന നിന്നുടെ

പേടിയാൽ സംഭ്രമിച്ചോരു നേത്രങ്ങളിൽ

നിന്നുതിർന്നോരു കണ്ണീരിൽ കുതിർന്നതാം

അഞ്ജനം വാർന്നൊഴുകുന്ന കവിൾത്തടം

കണ്ടുഭ്രമിച്ചങ്ങുഴറുന്നൊരെന്നെ നീ

കുണ്ഡത തീത്തങ്ങനുഗ്രഹിച്ചീടണം.


നാരായണാ നിന്നവതാരലീലകൾ

നാനാതരങ്ങളിൽ വർണ്ണിച്ചിടുന്നിഹ.

യാദവവംശതിലകമെന്നു ചിലർ,

ധാതാവ് പ്രാർത്ഥിക്കയാലെന്നിതു ചിലർ,


ദേവകിക്കോമനയായെന്നിതു ചിലർ,

ദേവഗണങ്ങളെ കാപ്പാണെന്നും ചിലർ,

ബദ്ധരെ സംസാരസാഗരംതന്നിൽനി

ന്നുദ്ധരിപ്പിച്ചീടുവാണെന്നിതു ചിലർ.


നിന്റെ മഹിമയിലെന്നും രമിപ്പവർ

വന്ന് നിൻ ചേവടി പോകുന്നു മാധവാ

പിന്നവർ വന്ന് ഭാവാബ്ദിയിൽ വീഴാതെ

നിന്നോടുചേർന്ന് സുഖിക്കുന്നു കേശവാ


ശത്രുക്കളിങ്ങനെ ചുറ്റിനിൽക്കുമ്പൊഴു

തൊട്ടും കരുണയില്ലാതെ നീ പോകയോ?

നീയെന്നി ഇന്ന് മറ്റാരുള്ളൂ കേശവാ

ഈ ഞങ്ങളെ അങ്ങ് കാത്തുകൊണ്ടീടുവാൻ?


ദേഹി ശരീരം വെടിഞ്ഞുപോയീടവേ

ദേഹത്തിൻ നാമരൂപങ്ങൾ നശിപ്പള

വിന്നു നീ ഞങ്ങളെ വിട്ടുപോയീടുകിൽ

ജീവച്ഛവങ്ങളായ് മാറും വയം ദൃഡം.


നിൻ പാദസ്പർശനമൊന്നുകൊണ്ടീ ഗൃഹം

സങ്കടം മാറി പ്രശോഭിച്ചിടുന്നിതു.

ഇന്ന് നീ ഞങ്ങൾക്ക് നഷ്ടമായീടുകിൽ

നന്നല്ലത് ഗദാധാരേ ജനാർദ്ദനാ


ഇക്ഷിതിയിന്ന് സമൃദ്ധമായ് കാണ്മത്

രക്ഷകനായി നീയുണ്ടാക കാരണം

രക്ഷ രക്ഷ പ്രഭോ മാധവാ ഞങ്ങളെ

രക്ഷിച്ചുകൊൾക ജഗദീശ്വരാ ഹരേ 


പദ്യവിവർത്തനം  : SURESH C KURUP

ഉത്തരയുടെ സ്തുതി...

 


ദേവന്മാർക്കെല്ലാർക്കും ദേവനായുള്ളോരു 

ദേവദേവാ! നിന്നെ കൈതൊഴുന്നേൻ 

ലോകങ്ങൾ സൃഷ്ടിച്ച് കാത്ത് ഹരിച്ചീടും 

ഏകനാഥാ! നിന്നെ കൈതൊഴുന്നേൻ... 


യോഗികൾക്കെല്ലാം ഗുരുവായിടുന്നൊരു 

യോഗേശ്വരാ! നിന്നെ കൈതൊഴുന്നേൻ 

വേദങ്ങൾ പാടിപ്പുകഴ്ത്തുന്ന നിന്നുടെ

പാദാരവിന്ദം ഞാൻ കൈതൊഴുന്നേൻ 


രക്ഷ! രക്ഷ! ജഗദീശ്വരാ! ദൈവമേ!

ഇക്ഷിതി വന്നു പിറന്ന ദേവാ!

മൃത്യുവിൽനിന്നെന്നെ രക്ഷിച്ചുകൊള്ളുവാൻ 

ഇത്രിലോകങ്ങളിൽ മാറ്റാരുള്ളൂ?


ദേവാ! നിൻ ശക്തിതൻ വൈഭവം ചൊല്ലുവാൻ 

ആവില്ലനന്തനും മൂലോകത്തിൽ 

നീയല്ലാതാരറിയുന്നു നിൻ ലീലകൾ 

നീലക്കടലൊളിവർണ്ണാ ഹരേ!


തീഗോളമേതോ പറന്നടുക്കുന്നിതാ 

നീരജലോചനാ!, നീയല്ലാതെ 

ആരാലുമിന്നെളുതല്ലിതു കേശവാ!

പാരിതിൽ സംഹരിച്ചീടുവാനായ് 


എന്നെയെരിച്ചുകളഞ്ഞീടിലുമെനി 

ക്കില്ല ദുഃഖം മധുകൈടഭാരേ!

നിന്നുടെയിച്ഛയതെങ്കിലിന്നാർക്കത് 

വന്നു തടുക്കുവാനൊത്തിടുന്നു...


ഇന്നെൻ ജഠരത്തിൽ വന്നു ശയിച്ചൊരു 

കുഞ്ഞിനെ കാത്തുരക്ഷിക്ക ശൗരേ!

ഇന്നിതല്ലാതെനിക്കില്ല തെല്ലാഗ്രഹം 

വന്നു നീ പാലിച്ചുകൊൾക ചാരേ...


ഇങ്ങനെ സ്തുതി ചെയ്തതിനുശേഷം ഉത്തര ഭഗവാനോട് തന്റെ ഗർഭത്തിൽ കിടക്കുന്ന ശിശുവായ പരീക്ഷിത്തിനെ രക്ഷിക്കുവാനായി പ്രാർത്ഥിക്കുന്നു. പാണ്ഡവവംശത്തിന്റെ അവസാനകണ്ണിയായ പരീക്ഷിത്തിനെ ഉത്തരയുടെ ഗർഭത്തിൽ വച്ചുതന്നെ വധിക്കുവാനായി അശ്വത്ഥാമാവയച്ച ബ്രഹ്‌മാസ്‌ത്രമാണതെന്ന് തിരിച്ചറിഞ്ഞ ഉടൻ ഭക്തവത്സലനായ ഭഗവാൻ അതിനെ സംഹരിച്ച് ഉത്തരയേയും പരീക്ഷിത്തിനേയും രക്ഷിക്കുന്നു.

അർജ്ജുനന്റെ സ്തുതി.


മഹാഭാരതയുദ്ധത്തിനിടയിൽ അശ്വത്ഥാമാവയച്ച ബ്രഹ്‌മാസ്‌ത്രത്തിന്റെ അഴലിൽനിന്നും രക്ഷയ്ക്കായി ഭഗവാനോടുള്ള അർജ്ജുനന്റെ സ്തുതി.


മാധവാ! സർവ്വശക്താ! ഭഗവാനേ!

നിസ്സീമമായ ശക്തിയുള്ള ദേവാ!

നീയല്ലാതില്ലിഹ മറ്റൊരാശ്രയം

ഭക്തരുടെ ഭയമകറ്റീടുവാൻ...


ഈ പ്രപഞ്ചത്തിനാധാരഹേതുവായ് 

വർത്തിച്ചീടുന്നൊരാദ്യാ! ജനാർദ്ദനാ!

ഈ ഭവാബ്ധിയിൽനിന്നങ്ങ് ഞങ്ങളെ

രക്ഷിച്ചീടുവാൻ നീയൊഴിഞ്ഞാരുള്ളൂ?


മായാധീതാനാം നീ തന്നെയല്ലയോ 

മായായാൽ ജഗത് നിർമ്മിച്ച ശില്പിയും 

നിന്റെ ചിത്ശക്തി കൊണ്ട് നീയെപ്പോഴും 

മായയെ ദൂരെ മാറ്റി നിർത്തീടുന്നു...


എപ്പോഴും നിത്യകൈവല്യമൂർത്തിയായ് 

നില്പവനായ ബ്രഹ്മനും നീ തന്നെ 

ആശ്രയിപ്പവർക്കുള്ള ഭയം നീക്കി 

കാത്തുരക്ഷിച്ചുകൊൾവതും നീതന്നെ...


മായാശക്തിക്കുമേലെ വിളങ്ങുന്ന 

മാധവാ! നീയൊഴിഞ്ഞിവിടാർക്കിഹ 

മായാമോഹിതർക്കെങ്കിലും ധർമ്മാർത്ഥ-

കാമമോക്ഷങ്ങൾ നല്കുവാനാകുന്നു?...


അങ്ങനെ നീയവതരിച്ചിട്ടിഹ

വന്ന് ഭൂഭാരം തീർത്തുരക്ഷിക്കുന്നു

നിന്റെ ഭക്തരായുള്ളോരെ നിത്യവും 

നിർമ്മലാ! നീ കനിഞ്ഞു കാത്തീടുന്നു.


പദ്യവിവർത്തനം : By Suresh C. Kurup