2022, ഓഗസ്റ്റ് 25, വ്യാഴാഴ്‌ച

കണ്ണനുമുണ്ണിയും



താതന്റെ ആജ്ഞയാ പണ്ടൊരു ബാലകൻ 

വാതപുരേശന് പൂജ ചെയ്തു.

നന്നായ് കുളിപ്പിച്ചുടുപ്പിച്ചണിയിച്ച് 

നല്ലൊരു മാല കൊരുത്തുചാർത്തി. 


ദീപമുഴിഞ്ഞ് ദീപാരാധന ചെയ്ത് 

ധൂപം പുകച്ച് സുഗന്ധമേകി

തെച്ചി തുളസി ചെന്താമരപ്പൂക്കളാ-

ലർച്ചനം ചെയ്ത് നമസ്ക്കരിച്ചു.


പിന്നവൻ ചെന്നൊരു പൊന്നിൻ തളികയിൽ 

വന്നതാ പായസച്ചോറുമായി.

അഞ്ജനകണ്ണനാ പായസം കണ്ടതും 

കുഞ്ഞുവായ്ക്കുള്ളിലോ, വെള്ളമൂറി.


ഉണ്ണികൈ കൊണ്ടവൻ മെല്ലെയെടുത്തത് 

കണ്ണനെയൂട്ടാൻ തുനിഞ്ഞനേരം 

കണ്ണനതുണ്ണുന്നതില്ലെന്നു കണ്ടുടൻ 

ഉണ്ണി പരിഭ്രമിച്ചങ്ങിരുന്നു.


"കണ്ണാ!, നിനക്കറിയില്ലയോ ഞാനൊരു 

ഉണ്ണിയാണെന്നുള്ള കാര്യമിപ്പോൾ?.

എന്നാലുമിന്നെനിക്കാകുന്ന പോലിത് 

നിർമ്മിച്ചതങ്ങ് നിനക്കുവേണ്ടി.


കണ്ണനെപ്പോലെ മറിമായമൊന്നുമീ-

യുണ്ണിക്കറിവീല കാട്ടീടുവാൻ.

കള്ളത്തരം കാട്ടി വാ മുറുക്കീടാതെ 

എള്ളോളമെങ്കിലും നീ ഭുജിക്കു... 


തേനും പയസസും നറുനെയ്യ് ശർക്കര 

തേങ്ങ ഇടിച്ചുപിഴിഞ്ഞ പാലും...

...കൊണ്ട് ഞാനുണ്ടാക്കിവച്ചോരിതിൻ രസം 

ഉണ്ടുനോക്ക്യാലേ മനസ്സിലാകൂ.


കണ്ണനിതുണ്ടില്ലയെങ്കിലതിന്നുടെ 

ദണ്ഡമെനിക്ക് സഹിക്കവേണം.

അച്ഛൻ വരുന്നതിൻ മുന്നമിതിണ്ടു നീ 

ഇച്ചെറുബാലനെ കാത്തിടേണം."


എന്നുപറഞ്ഞുകരഞ്ഞുവിഷാദിച്ച് 

ഉണ്ണി തളർന്നങ്ങിരുന്നുടനെ, 

കണ്ണനപ്പായസമുണ്ടുമതിമറ-

ന്നുണ്ണിതന്നുള്ളവും പൂത്തുലഞ്ഞു.


ഭക്തന്റെ സങ്കടം കണ്ടോണ്ടിരിക്കുവാൻ 

ശക്തിയുള്ളോനോ മരുത്പുരേശൻ?

ഭക്തിയോടപ്പദം കൂപ്പുവോരെ സർവ്വ-

ശക്തൻ കനിഞ്ഞങ്ങ് കാത്തുകൊള്ളും.


കിണ്ണമൊഴിഞ്ഞങ്ങിരിക്കുന്ന കാണവേ 

ഉണ്ണിതന്നച്ഛൻ കയർത്തുചൊല്ലി 

"കുഞ്ഞേ! നിവേദ്യം പ്രസാദമായ് നൽകേണ്ട-

തല്ലേ? കഴിച്ചു നീ എന്തിനെല്ലാം?."


"ഉണ്ടത് ഞാനല്ല, കണ്ണനാണെന്ന"വൻ 

ഇണ്ടലിയന്നങ്ങ്  ചൊന്നനേരം 

"കള്ളം പറഞ്ഞു നീ കേമനാകേണ്ട, ഞാൻ 

ചൊല്ലുന്ന ശിക്ഷയതേറ്റീടേണം."


എന്നുപറഞ്ഞു തന്നുണ്ണിയ്ക്ക് തൽക്ഷണം 

ദണ്ഡം വിധിച്ചു നമ്പൂരിയപ്പോൾ.

നാലമ്പലത്തിനുചുറ്റും വലം വച്ച് 

നാലഞ്ചുവട്ടമോടേണമെന്നായ്.


താതന്റെ കല്പന കേട്ടു തത് ബാലകൻ 

ഓടാൻ തുടങ്ങിയ നേരമപ്പോൾ 

കാണായവന്നോടുകൂടെയോടുന്നൊരു  

കായാമ്പൂവർണ്ണനാമാന്യബാലൻ,


കൂന്തലിൽ പീലിയും കുത്തി, കുറിതൊട്ട് 

തൂമഞ്ഞയാമൊരു പട്ടുടുത്ത്,

പാദങ്ങൾ രണ്ടിലും പൊന്നിൻ ചിലമ്പിട്ട് 

പായുന്നൊരാളവൻ കോമളാഗൻ  


കണ്ഠേ തിളങ്ങുന്നു കൗസ്തുഭപൊന്മണി 

കുണ്ഡലം കാതിലിളകിടുന്നു.

മാറതിൽ തട്ടിയുലയുന്നു ഹാ!  വന-

മാലയും മറ്റുള്ള മാല്യങ്ങളും.


കോലക്കുഴലൊന്നു കൈയ്യിലുണ്ടപ്പടി

കാലിയെ മേയ്ക്കുന്ന കോലുമുണ്ടേ!

നാലമ്പലം ചുറ്റിയോടുന്ന ശ്രീഹരേ!

നീലത്തിരുവുടൽ കൈതൊഴുന്നേൻ. 


മുന്നമദ്ദ്വാപരേ കൂട്ടുകാരൊത്തവൻ 

മന്നിതിലോടിക്കളിച്ചപോലോ?

കൊണ്ടൽനേർവർണ്ണനപ്പായസമുണ്ടതു-

കൊണ്ടോ? ഇതിൻ പൊരുളാരറിയാൻ!...


Witten by SURESH C KURUP



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ