2020, ഡിസംബർ 23, ബുധനാഴ്‌ച

10.6 പൂതനാമോക്ഷം

ഓം

 

ശ്രീമദ്ഭാഗവതം ദശമസ്കന്ധം അദ്ധ്യായം‌ 6

(പൂതനാമോക്ഷം)

 

ശ്രീശുകൻ പറഞ്ഞു: അല്ലയോ പരീക്ഷിത്ത് രാജാവേ!, വസുദേവരുടെ വാക്ക് അസത്യമാകുകയില്ലെന്നും ഗോകുലത്തിൽ തന്റെ മകന് ആപത്തുകൾ സംഭവിക്കുവാനുള്ള സാധ്യത ചെറുതല്ലെന്നും മുന്നിൽകണ്ട നന്ദഗോപൻ ഭഗവാൻ ഹരിയിൽ മനസ്സാ ശരണം പ്രാപിച്ചു.

ഈ സമയം കംസൻ പൂതന എന്ന മഹാരാക്ഷസിയെ ആവിടേയ്ക്കയച്ചുകഴിഞ്ഞിരുന്നു. അവൾ കണ്ണിൽ കണ്ട ചെറുപൈതങ്ങളെയൊക്കെ കൊന്നുകൊണ്ട് നഗരം, ഗ്രാമം, ഗോകുലം തുടങ്ങിയ എല്ലാ സ്ഥലങ്ങളിലൂടെയും സഞ്ചരിച്ചുകൊണ്ടിരുന്നു. രാജൻ!, എവിടെയാണോ ഭക്തരക്ഷകനായ ശ്രീഹരിയുടെ പുണ്യനാമശ്രവണാദികളെ ചെയ്യാതെ മനുഷ്യൻ സ്വാർത്ഥരായി ജീവിക്കുന്നത്, അവിടെ മാത്രമേ ഇത്തരം രാക്ഷസവർഗ്ഗങ്ങൾക്ക് പ്രവർത്തിക്കുവാൻ സാധിക്കുകയുള്ളൂ. ആഗ്രഹിക്കുന്നതുപോലെ വേഷം മാറാൻ കഴിവുള്ള ആ പൂതന ഒരുനാൾ സുന്ദരിയായ ഒരു സ്ത്രീയുടെ രൂപത്തിൽ ആകാശമാർഗ്ഗേണ ഗോകുലത്തിൽ പ്രവേശിച്ചു. മുല്ലപൂവ് ചൂടി, സുന്ദരഗാത്രിയായ അവൾ വിശിഷ്ടവസ്ത്രങ്ങളണിഞ്ഞ് കാതിൽ ഇളകിയാടുന്ന കമ്മലണിഞ്ഞ് കുണുങ്ങിക്കുണുങ്ങി നടന്നുപോകുമ്പോൾ ഗോപികമാർക്കുതോന്നിയത് കൈയ്യിൽ താമരപ്പൂവേന്തി തന്റെ പ്രിയതമനായ ശ്രീഹരിയെ കാണാൻപോകുന്ന മഹാലക്ഷ്മിയെപ്പോലെയായിരുന്നു. കൊല്ലുവാനായി കുഞ്ഞുങ്ങളെ തിരഞ്ഞുകൊണ്ട് അവൾ ഗോകുലത്തിനുള്ളിൽ പ്രവേശിച്ചു. നന്ദഗോപരുടെ വീട്ടിൽ ചാമ്പൽ മൂടിക്കിടക്കുന്ന അഗ്നിയെന്നതുപോലെ മറയ്ക്കപ്പെട്ട തേജസ്സോടുകൂടിബാലമുകുന്ദൻ മെത്തയിൽ കിടക്കുന്നതായി അവൾ കണ്ടു. സകലചരാചരങ്ങൾക്കും സാക്ഷിയായി നിലകൊള്ളുന്ന ഭഗവാൻ അവളുടെ വരവിന്റെ ഉദ്ദേശം മനസ്സിലാക്കിക്കൊണ്ട് നാട്യത്തിൽ കണ്ണടച്ചുകിടന്നു. ഉറങ്ങിക്കിടക്കുന്ന പാമ്പിനെ എന്നതുപോലെ, അന്തകനും അനന്തനുമായ ഉണ്ണികൃഷ്ണനെ അവൾ തന്റെ മടിയിലെടുത്തുവച്ചു. മൃദുവായ ഉറയിൽ കിടക്കുന്ന മൂർച്ചയേറിയ വാൾ എന്നതുപോലെ, നിർമ്മലമായ പെരുമാറ്റത്തോടും എന്നാൽ ക്രൂരമായ മനസ്സോടും കൂടിയ പൂതന വീടിനുള്ളിൽ കടന്നു ഉണ്ണിയെ എടുത്ത് അവളുടെ മടിയിൽ വച്ചിട്ടും, അമ്മമാർ രണ്ടും അവളുടെ കാന്തിയിൽ മോഹിതരായി മിഴിച്ചുനോക്കിക്കൊണ്ടുതന്നെ നിന്നതേയുള്ളൂ. 

ക്രൂരയായ അവൾ കണ്ണനെയെടുത്ത് മടിയിൽ കിടത്തി അതിഘോരമായ വിഷം പുരട്ടിയ തന്റെ സ്തനം ഉണ്ണിക്ക് കൊടുത്തു. പെട്ടെന്നുതന്നെ അമർഷത്തോടെ ഭഗവാൻ രണ്ടുകൈകൾകൊണ്ടും അതിനെ പിടിച്ചമർത്തി അവളുടെ പ്രാണനോടൊപ്പം ആ വിഷപ്പാൽ കുടിച്ചുതുടങ്ങി. സകല മർമ്മങ്ങളും ഞെരിഞ്ഞമർന്ന് വേദനകൊണ്ടു പുളഞ്ഞ അവൾ വിടൂ.. വിടൂ.. മതി.. എന്നിങ്ങനെ പറഞ്ഞുകൊണ്ട് നിലവിളിക്കുവാൻ തുടങ്ങി. അവളുടെ കണ്ണുകൾ രണ്ടും പുറത്തേക്ക് തള്ളി. കൈകാലുകൾ നിലത്തടിച്ചുകൊണ്ട് വിയർത്തൊലിച്ച് അവൾ നിലവിളിച്ചു. അതിശക്തമായ അവളുടെ കരച്ചിലിന്റെ ശബ്ദത്താൽ മലകളോടുകൂടി ഭൂമിയും, ഗ്രഹങ്ങളോടൊപ്പം ആകാശവും കുലുങ്ങിവിറച്ചു. ആ ശബ്ദം നാനാദിക്കുകളിലും അധോലോകങ്ങളിലും മാറ്റൊലിയുണ്ടാക്കി. ഇടിവീഴ്ചയെന്നോണം ആ ശബ്ദം കേട്ട് പേടിച്ചരണ്ട ജനങ്ങൾ നിലത്തുവീണു. രാജാവേ!, ആ രാക്ഷസി വായും പിളർന്ന് ചേതനയറ്റ് തന്റെ യഥാർത്ഥരൂപം കൈക്കൊണ്ട് കൈകാലുകൾ വിടർത്തി, പണ്ട് വജ്രായുധത്താൽ പ്രഹരമേറ്റ വൃത്രാസുരനെപ്പോലെ നിലം പതിച്ചു. അവളുടെ ശരീരം വീഴുന്ന വീഴ്ചയിൽ മൂന്ന് കാതം അകലെനിന്നിരുന്ന വൃക്ഷങ്ങൾപോലും അത്യത്ഭുതകരമായി തകർന്നുവീണു. കലപ്പതണ്ടുകൾപോലുള്ള ദംഷ്ട്രകൾ, ഗുഹകൾ പോലുള്ള മൂക്കിലെ ദ്വാരങ്ങൾ, വലിയ ഉരുണ്ട പാറകൾപോലെ തോന്നിക്കുന്ന സ്തനങ്ങൾ, ചെമ്പ് കമ്പികൾ പോലുള്ള മുടി. പൊട്ടക്കിണർ പോലെ തോന്നിക്കുന്ന കുഴിഞ്ഞ കൺതടങ്ങൾ, നദീതീരങ്ങളെപ്പോലുള്ള ജഘനപ്രദേശം, അണക്കെട്ടുകൾപോലുള്ള കൈകളും തുടകളും, നീർ വറ്റിയ കയം പോലുള്ള വയർ, എല്ലാകൂടിച്ചേർന്ന് ആ ഭയങ്കര സ്വത്വത്തെ കണ്ട ഗോകുലവാസികൾ വല്ലാതെ പേടിച്ചരണ്ടു. മുന്നേതന്നെ അവളുടെ അലർച്ചയിൽ സ്വബോധം നഷ്ടപ്പെട്ടവരായിരുന്നു അവർ. ഭഗവാൻ അതാ ഒന്നുമറിയാത്ത മട്ടിൽ അവളുടെ മാറിൽ കയറിയിരുന്നു യാതൊരു പേടിയും കൂടാതെ കളിക്കുന്നു. അതുകൂടി കണ്ട് പരിഭ്രമത്താൽ ഗോപികമാർ ഓടിച്ചെന്ന് ഭഗവാനെ അവിടെനിന്നും എടുത്തുമാറ്റി

അവർ പശുവിന്റെ വാൽകൊണ്ട് ഭഗവദ്കളേബരം ഉഴിഞ്ഞ് തങ്ങളാലൊക്കുന്ന രക്ഷാവിധികൾ ചെയ്തു. കുട്ടിയെ അവർ ഗോമൂത്രംകൊണ്ട് കുളിപ്പിച്ചതിനുശേഷം ഗോധൂളിയാൽ വിലേപനം ചെയ്യിച്ചു. അവർ നാമങ്ങളുരുവിട്ടുകൊണ്ട് ഗോമയത്താൽ നെറ്റിത്തടം തുടങ്ങിയ പന്ത്രണ്ടംഗങ്ങളിലും രക്ഷയെ ചെയ്തു. അവർ സ്വയം ശുദ്ധമായി ഭഗവാനെയും ആചമനം ചെയ്തു. ആ മന്ത്രം ഇങ്ങനെയായിരുന്നു. ജന്മരഹിതനായ ഭഗവാൻ നിന്റെ കാൽകളെ രക്ഷിക്കട്ടെ. കൌസ്തുഭധരനായ ശ്രീഹരി നിന്റെ ജാനുദ്വയങ്ങളെ രക്ഷിക്കട്ടെ. യാഗസ്വരൂപി നിന്റെ തുടകളെ കാക്കട്ടെ. അച്യുതൻ നിന്റെ അരക്കെട്ടിനെ രക്ഷിക്കട്ടെ. ഹയഗ്രീവൻ നിന്റെ തുടകളെ തുണയ്ക്കട്ടെ. കേശവൻ വന്ന് നിന്റെ ഹൃദയത്തെ കാക്കട്ടെ. ഈശ്വരൻ നിന്റെ മാറിടത്തെ രക്ഷിക്കട്ടെ. ഇനൻ നിന്റെ കണ്ഠത്തെ കാക്കുമാറാകട്ടെ. വിഷ്ണു ഭുജങ്ങളെ രക്ഷിക്കട്ടെ. വാമനൻ ഈ തിരുമുഖത്തെ രക്ഷിക്കട്ടെ. ചക്രായുധൻ ശ്രീഹരി നിന്റെ മുൻഭാഗത്തിൽ രക്ഷകനാകട്ടെ. ഗദാധരൻ പിൻഭാഗത്ത് രക്ഷകനായിരിക്കട്ടെ. ധനുർദ്ധരനായ മധുസൂദനനും ഖൾഗപാണിയായ അജനദേവനുംകൂടി വന്ന് നിന്റെ ഇരുപുറങ്ങളിലും രക്ഷയരുളട്ടെ. ശംഖധരനായ ഭഗവാൻ നാലുകോണുകളിലും നിനക്ക് രക്ഷയാകട്ടെ. ഗരുഡാരൂഢനായ ഉപേന്ദ്രൻ നിന്നെ ആകാശത്തിലും ഹലായുധനായ സങ്കർഷണമൂർത്തി നിന്നെ ഭൂമിയിലും രക്ഷിക്കട്ടെ. സർവ്വാന്തര്യാമിയായ പുരുഷൻ നിന്നെ എല്ലായിടത്തുനിന്നും തുണച്ചുകൊള്ളട്ടെ. ഋഷീകേശൻ നിന്റെ ഇന്ദ്രിയങ്ങളേയും, നാരായണൻ നിന്റെ പഞ്ചപ്രാണനേയും, വാസുദേവൻ നിന്റെ ചിത്തത്തേയും, അനിരുദ്ധൻ നിന്റെ മനസ്സിനേയും രക്ഷിക്കട്ടെ. പ്രദ്യുമ്നൻ ബുദ്ധിയേയും, സങ്കർഷണൻ അഹങ്കരത്തേയും കാക്കട്ടെ. ഗോവിന്ദൻ നീ കളിച്ചുകൊണ്ടിരിക്കുമ്പോഴും, മാധവൻ നീ ഉറങ്ങുമ്പോഴും രക്ഷയ്ക്കെത്തട്ടെ. വൈകുണ്ഠൻ നിന്നെ നടന്നുപോകുമ്പോഴും, ശ്രീപതി നീ ഒരിടത്തിരിക്കുമ്പോഴും നിന്നെ രക്ഷിക്കട്ടെ. യജ്ഞഭുക്കായ ഭഗവാൻ ഭുജിക്കുമ്പോൾ നിന്നെ കാത്തുകൊള്ളട്ടെ. ബാലപീഢയെ ചെയ്യുന്ന ഡാകിനികൾ, യാതുധാനാദികൾ, കുഷ്മാണ്ഡങ്ങൾ തുടങ്ങിയവയ; ഭൂതപ്രേതപിശാചുക്കൾ, യക്ഷരക്ഷവിനായകന്മാർ, കോടര, രേവതി, ജ്യേഷ്ഠ, പൂതന, മാതൃക്കൾ മുതലായവ; ദേഹം, പ്രാണൻ, ഇന്ദ്രിയങ്ങൾ എന്നിവയെ ദ്രോഹിക്കാനെത്തുന്ന ഉന്മാദങ്ങൾ, അപസ്മാരങ്ങൾ എന്നിവകൾ; സ്വപ്നത്തിൽ കാണപ്പെടുന്ന ദുർന്നിമിത്തങ്ങൾ; വൃദ്ധരൂപത്തിലും ബാലരൂപത്തിലുമുള്ള ഗ്രഹങ്ങൾ; കുഞ്ഞുങ്ങളെ ദ്രോഹിക്കുന്ന മറ്റെന്ത് ദുഷ്ടശകതികളാണോ അവയെല്ലാം ഭഗവാൻ മഹാവിഷ്ണുവിന്റെ നാമജപത്താൽ ഭയന്ന് നശിച്ചുപോകട്ടെ.

ശ്രീശുകൻ പറഞ്ഞു: രാജാവേ!, ഇങ്ങനെ ഗോപികമാർ ഉണ്ണിക്കണ്ണന് രക്ഷ ചെയ്തു. തുടർന്ന് അമ്മ മകന് മുലപ്പാൽ കൊടുത്ത് പതുക്കെ കിടത്തി. അപ്പോഴേക്കും നന്ദഗോപരും കൂട്ടരും മധുരയിൽനിന്നും തിരിച്ചെത്തി. ചത്തുമലച്ചുകിടക്കുന്ന പൂതനയുടെ മൃതദേഹം കണ്ട അവർ അമ്പരന്നുപോയി. അവരോർത്തു: അത്യാശ്ചര്യം തന്നെ! വസുദേവർ മുജ്ജന്മത്തിൽ മഹാതപസ്സ്വിയാരിക്കണം. അഥവാ അദ്ദേഹം യോഗവിദ്യയിൽ അത്യന്തം നിപുണനായിരിക്കണം. അദ്ദേഹം പറഞ്ഞതുപോലെ, കണ്ടില്ലേ ഗോകുലത്തിൽ ദുർല്ലക്ഷണങ്ങൾ കാണപ്പെടുന്നതു!...

അവർ കോടാലികൊണ്ട് പൂതനയുടെ ശവശരീരത്തെ കഷണങ്ങളാക്കി ദൂരെ കൊണ്ടുപോയി ചിതകൂട്ടി ദഹിപ്പിച്ചു. ഭഗവദ്സ്പർശനത്താൽ തക്ഷണംതന്നെ സകലപാപങ്ങളും വേരറ്റുപോയതിനാലാകണം, അവളുടെ മൃതദേഹം കത്തിയെരിയുമ്പോൾ ഉയർന്ന പുകയ്ക്ക് അകിലിന്റെ മണമായിരുന്നു. കണ്ണിൽ കണ്ട ശിശുക്കളെയെല്ലാം കൊന്നുനടന്നവളാണെങ്കിലും ചോരകുടിക്കുന്ന ഒരു രാക്ഷസസ്ത്രീയായിരുന്നുവെങ്കിലും ഭഗവാന് മുലയൂട്ടിയ അവൾ അതോടെ സത്ഗതി പ്രാപിച്ചു. അങ്ങനെയെങ്കിൽ, ശ്രദ്ധയോടും ഭക്തിയോടും കൂടി പരമാത്മാവായ കൃഷ്ണന് അവന്റെ അമ്മമാരെപ്പോലെ അവന് പ്രിയമുള്ളതിനെയൊക്കെ നൽകുന്ന മറ്റുള്ളവരുടെ ഗതിയെക്കുറിച്ച് എന്തുപറയാൻ!. ലോകം മുഴുവൻ വന്ദിക്കുന്നവരാൽ പൂജിക്കപ്പെടുന്നതാണ് ഭഗവദ്പാദം. ആ പാദങ്ങൾകൊണ്ട് പൂതനയുടെ ശരീരത്തിൽ ചവുട്ടിക്കയറിനിന്ന് അവളുടെ സ്തനത്തെ പാനം ചെയ്തു. രാക്ഷസിയായിരുന്നുവെങ്കിലും അതിലൂടെ അവൾക്ക് അമ്മയുടെ പ്രാപ്യസ്ഥാനമായ സ്വർഗ്ഗലോകം ലഭിച്ചു. ആ സ്ഥിതിയ്ക്ക് അവനുവേണ്ടി പാൽ ചുരത്തുന്ന അമ്മമാരുടേയും ഗോക്കളുടേയും കഥ എന്തായിരിക്കണം!. രാജാവേ!, സകലപുരുഷാർത്ഥങ്ങളേയും പ്രദാനം ചെയ്യുന്ന ദേവകീപുത്രൻ ഒരു മകനായിക്കൊണ്ട് ഗോകുലസ്തീകളുടെ സ്തനപാനം ചെയ്തിരുന്നു. ഭഗവാനിൽ എപ്പോഴും പുത്രദൃഷ്ടിയെ വച്ചുകൊണ്ടിരുന്ന ആ അമ്മമാർക്ക് അജ്ഞാനജമായ സംസാരദുഃഖം പിന്നീടുണ്ടാകുന്നില്ല.

വ്രജത്തിൽ പൂതനുയുടെ ശരീരം കത്തിയമരുമ്പോഴുണ്ടായ പുകയുടെ മണം ശ്വസ്സിച്ചുകൊണ്ട് ഗോപന്മാർ ആശ്ചര്യത്തോടെ പറഞ്ഞു: ഇതെന്ത്?... ഈ മണം ഇതെവിടെനിന്ന് വരുന്നു?... അവർ പൂതനയുടെ വരവും പ്രവൃത്തിയും അവളുടെ മരണവും കുഞ്ഞിന്റെ ക്ഷേമവുമൊക്കെ പരസ്പരം സംസാരിച്ചുകൊണ്ട് അന്തംവിട്ട് നിൽക്കുകയാണു. അല്ലയോ കുരുശ്രേഷ്ഠ!, നന്ദഗോപരാകട്ടെ, മരണത്തിൽനിന്നും രക്ഷപ്പെട്ടവനെന്ന് കരുതിക്കൊണ്ട്, തന്റെ മകനെ എടുത്ത് നെറുകയിൽ ചുംബിച്ചുകൊണ്ട് പരമാനന്ദത്തെ അനുഭവിച്ചു. രാജൻ!, അത്യാശ്ചര്യജനകമായ ഭഗവാന്റെ ബാലലീലയാകുന്ന ഈ പൂതനാമോക്ഷത്തെ കേൾക്കുന്നവൻ ഭഗവാനിൽ ഭക്തിയുള്ളവനായി ഭവിക്കുന്നു.

 

ശ്രീമദ്ഭാഗവതം ദശമസ്കന്ധം ആറാമദ്ധ്യായം സമാപിച്ചു.

 

ഓം തത് സത്.

 

 

Previous    Next

2020, ഡിസംബർ 9, ബുധനാഴ്‌ച

10.5 ഭഗവാന്റെ ജാതകർമ്മോത്സവം

ഓം

 

ശ്രീമദ്ഭാഗവതം ദശമസ്കന്ധം അദ്ധ്യായം‌ 5

(ഭഗവാന്റെ ജാതകർമ്മോത്സവം)

 

ശ്രീശുകൻ പറഞ്ഞു: രാ‍ജാവേ!, തനിക്ക് ഉണ്ണി പറന്ന സന്തോഷത്തിൽ നന്ദഗോപർ ജ്യോതിഷികളായ ബ്രാഹ്മണശ്രേഷ്ഠന്മാരെ വരുത്തി പുത്രന്റെ ജാതകർമ്മം എന്ന സംസ്കാരത്തെ വിധിയാംവണ്ണം നടത്തിച്ചു. ഒപ്പം പിതൃക്കൾക്ക് ശ്രാദ്ധവും ചെയ്യിപ്പിച്ചു. അദ്ദേഹം രണ്ടുലക്ഷം പശുക്കളേയും പൊൻപട്ടിൽ പൊതിഞ്ഞ് ഏഴ് തിലപർവ്വതങ്ങളേയും ബ്രാഹ്മണർക്കായി ദാനം ചെയ്തു. കാലത്താൽ മണ്ണും മറ്റു ദ്രവ്യങ്ങളും ശുദ്ധമാകുന്നു. ശൌചത്താൽ ശരീരം ശുദ്ധമാകുന്നു. ജാതകർമ്മത്താൽ ജനനം ശുദ്ധമാകുന്നു. തപസ്സുകൊണ്ട് ഇന്ദ്രിയങ്ങൾ ശുദ്ധമാകുന്നു. ദാനം കൊണ്ടും യാഗം കൊണ്ടും ദ്രവ്യങ്ങൾ ശുദ്ധമാകുന്നു. സംതൃപ്തിയാൽ മനസ്സ് ശുദ്ധമാകുന്നു. പരമാത്മജ്ഞാനത്താൽ ആത്മാവും ശുദ്ധമാകുന്നു. ബ്രാഹ്മണർ മംഗളവചനങ്ങളുരുവിട്ടു. ഗായകർ പാട്ടുപാടി. ദുന്ദുഭികളും ഭേരികളും തുടരെത്തുടരെ മുഴങ്ങിക്കൊണ്ടിരുന്നു.

ഗോകുലത്തിൽ മുറ്റങ്ങൾ ഭംഗിയായി അടിച്ചുതളിച്ച് വൃത്തിയാക്കി. പല നിറങ്ങളിലുള്ള കൊടിക്കൂറകളാലും തോരണങ്ങളാലും അവിടമാകെ അലങ്കരിക്കപ്പെട്ടു. പശുക്കളും പശുക്കുട്ടികളും കാളകളുമൊക്കെ ഭംഗിയായി മഞ്ഞൾപ്പൊടിതേച്ച് മയിൽ‌പ്പീലികൾ കെട്ടി അലങ്കരിക്കപ്പെട്ടു. അല്ലയോ രാജൻ!, ഗോപന്മാർ സർവ്വാഭരണവിഭൂഷിതരായി പലവിധ കാണിക്കകൾ കൈയ്യിലേന്തി അവിടെ എത്തിച്ചേർന്നു. യശോദാദേവിക്ക് പുത്രനുണ്ടായ വാർത്തയറിഞ്ഞ് സന്തോഷത്തോടെ ഗോപസ്ത്രീകൾ നല്ല വസ്ത്രങ്ങൾ കണ്മഷി മുതലായവയണിഞ്ഞ് സ്വയം അലംകൃതരായി. സുന്ദരിമാരായ ആ ഗോപികമാർ പെട്ടെന്നുതന്നെ നന്ദഗൃഹത്തിലേക്ക് പാഞ്ഞെത്തി. സർവ്വാഭരണവിഭൂഷിതരായി ഗോകുലത്തിലേക്ക് ഓടുന്ന അവരുടെ മുടിക്കെട്ടിൽനിന്നും പൂമാലകൾ ഉതിർന്നുവീണുകൊണ്ടേയിരുന്നു. കണ്ണനുണ്ണി നീണാൾ വാഴട്ടെ എന്ന് മംഗളവാചകം പറഞ്ഞുകൊണ്ട് അവർ ജനങ്ങൾക്കുമേൽ തീർത്ഥം ചൊരിഞ്ഞു. കാലദേശങ്ങൾക്കതീതനായ ഭഗവാൻ നന്ദഗോപന്റെ ഗൃഹത്തിൽ പിറന്നതിലുണ്ടായ ആനന്ദാതിരേകത്താൽ ഗോപന്മാർ പലവിധ വാദ്യങ്ങൾ മുഴിക്കി. അവർ തൈർ, പാൽ, നെയ്യ്, വെള്ളം, എന്നിവ പരസ്പരം കോരിത്തളിച്ചും പുതുവെണ്ണ മുഖത്ത് മെഴുകിയും പലവിധം ക്രീഡകളാടി. ഉദാരനും സന്തോഷവാനുമായ നന്ദഗോപർ ഭഗവദ്പ്രസാദത്തിനായും സ്വപുത്രന്റെ നന്മയ്ക്കുവേണ്ടിയും സൂതന്മാർ, മാഗധന്മാർ, വന്ദികൾ എന്നിവർക്ക് വസ്ത്രാഭരണങ്ങളും പശുക്കളേയുമൊക്കെ നൽകിക്കൊണ്ട് അവരുടെ അനുഗ്രഹാശ്ശിസ്സുകൾക്ക് പാത്രമായി. കലാശാസ്ത്രാദികൾകൊണ്ട് ജീവിക്കുന്നവർക്ക് അതാത് വിദ്യകൾക്കുതകുന്ന വിധത്തിലുള്ള വസ്തുക്കൾ യോഗ്യതയ്ക്കൊത്ത് ദാനം കൊടുത്തു. മഹാഭാഗ്യശാലിയായ രോഹിണിയെ നന്ദഗോപർ അഭിനന്ദിച്ചു. അവൾ സർവ്വാഭരണവിഭൂഷിതയായി ദുഃഖം മറന്ന് ഗൃഹകൃത്യങ്ങളിലേർപ്പെട്ടു. അല്ലയോ രാജാവേ!, അന്നുമുതൽ ഗോകുലത്തിൽ സകലവിധ ഐശ്വര്യങ്ങളും നടമാടി. ശ്രീഹരിയുടെ സാന്നിധ്യത്താൽ അവിടം മഹാലക്ഷ്മിയുടെ കേളീരംഗമായി ഭവിച്ചു.

രാജാവേ!, അങ്ങനെയിരിക്കെ ഒരുദിവസം ഗോകുലത്തിനെ സംരക്ഷിക്കേണ്ട ചുമതല ഗോപാലന്മാരെ ഏൽ‌പ്പിച്ചതിനുശേഷം കംസന് വർഷംതോറും കൊടുക്കാറുള്ള കപ്പം കൊടുക്കാനായി നന്ദഗോപർ മധുരാപുരിയിലേക്ക് പോയി. നന്ദഗോപർ വന്നിരിക്കുന്നതായും കംസന് കപ്പം കൊടുത്തതായും അറിഞ്ഞ് വസുദേവൻ അദ്ദേഹത്തെ കാണാനായി അദ്ദേഹത്തിന്റെ താവളത്തിലേക്ക് പോയി. തനിക്ക് ഏറ്റവും പ്രീയപ്പെട്ടവനായ വസുദേവൻ തന്നെ കാണാൻ വന്നതുകണ്ട് പ്രേമപരവശനായി, മൂർച്ഛിച്ചുവീണ ശരീരത്തിൽ പ്രാണൻ പുനഃപ്രാപിച്ചതുപോലെ, പെട്ടെന്നെഴുന്നേറ്റ് ഇരുകൈകൾകൊണ്ടും ആശ്ലേഷിച്ചു. രാജൻ!, സത്ക്കരിച്ചിരുത്തി നന്ദഗോപർ വസുദേവരോട് കുശലാന്വേഷണം ചെയ്തു. വസുദേവർ രാമകൃഷ്ണന്മാരായ തന്റെ പുത്രന്മാരെക്കുറിച്ചറിയുവാനായി ഇപ്രകാരം പറഞ്ഞു: സഹോദരാ!, ഏറെക്കാലത്തെ ആഗ്രഹത്തിനുശേഷം, ഒടുവിൽ പുത്രലാഭം മറന്നിരുന്ന ഈ വയസാംകാലത്തിൽ അങ്ങേയ്ക്കൊരു കുഞ്ഞു പിറന്നത് മഹാഭാഗ്യമായി. സംസാരിയായ അങ്ങേയ്ക്ക് ഒരു പുതുജന്മം കിട്ടിയതുപോലെ എനിക്ക് തോന്നുകയാണു. ഇഷ്ടജനങ്ങളെ കാണാൻ കഴിയുന്നതും പരമഭാഗ്യം തന്നെ. സ്നേഹിതാ!, പുഴയിൽകൂടി ഒഴുകിക്കൊണ്ടിരിക്കുന്ന തടിക്കഷണങ്ങൾക്ക് ഒരിടത്ത് ചേർന്നുനിൽക്കുവാൻ കഴിയാത്തതുപോലെ, പലവിധകർമ്മങ്ങൾക്കടിപ്പെട്ടതിനാൽ ചങ്ങാതിമാർക്ക് ഒരിടത്തിൽ കഴിയുവാൻ എങ്ങനെ സാധിക്കും?. അങ്ങ് ബന്ധുമിത്രാദികൾക്കൊപ്പം താമസിക്കുന്ന സ്ഥലം രോഗങ്ങൾ മുതലായ അനർത്ഥങ്ങളിൽനിന്ന് മുക്തവും, ധാരാളം കാടുകളുള്ളതും, അതുപോലെ കാലികളെ വളർത്തുവാൻ യോഗ്യമായതുമല്ലേ?. എന്റെ മകൻ ബലദേവൻ അങ്ങയെ അച്ഛൻ എന്നായിരിക്കുമല്ലോ വിളിക്കുന്നതു. അങ്ങയുടെ ലാളനയിൽ അവൻ അമ്മയുടെ കൂടെ സുഖമായിരിക്കുന്നുവോ?. ഭ്രാതൃപുത്രാദികൾ ഒരിടത്ത് ഒത്തുകൂടി സസുഖം വാഴുമ്പോൾ ധർമ്മാർത്ഥകാമമോക്ഷങ്ങൾ പ്രയോജനപ്പെടുന്നു. മറിച്ച്, അവർ ദുഃഖിതരായിക്കുന്ന അവസ്ഥയിൽ അവകൊണ്ട് അവർക്ക് യാതൊരു പ്രയോജനവും ലഭിക്കുന്നില്ല.

രാജൻ!, ഇത്രയും കേട്ട് വസുദേവരോട് നന്ദഗോപർ പറഞ്ഞു: അങ്ങയുടെ കാര്യമോർത്ത് ഞാൻ വല്ലാതെ ദുഃഖിക്കുന്നു. അങ്ങേയ്ക്ക് ദേവകിയിലുണ്ടായ എത്രയോ പുത്രന്മാരെയാണ് കംസൻ കൊന്നുകളഞ്ഞതു!. ഒടുവിലുണ്ടായ ഒരു പെൺകുഞ്ഞ് കൂടി സ്വർഗ്ഗത്തെ പ്രാപിച്ചു. എല്ലാവരും പ്രാരബ്ദവിധിക്ക് അധീനരാണു. മക്കളുണ്ടാകുന്നതും നഷ്ടപ്പെടുന്നതുമെല്ലാം ആ വിധിക്കനുസരിച്ചാണു. വിധിതന്നെ എല്ലാം തീരുമാനിക്കുന്നു. ഈ സത്യം മനസ്സിലാക്കുന്നവർ ഒരിക്കലും വിധിയിൽ ദുഃഖിക്കുകയില്ല.

രാജാവേ!, അതുകേട്ട് വസുദേവർ പറഞ്ഞു: കംസന്ന് കപ്പം കൊടുത്തു; എന്നെ കാണുകയും ചെയ്തു. നന്ദഗോപരേ!, ഇനി കൂടുതൽ സമയം അങ്ങ് ഇവിടെ കഴിയാൻ പാടില്ല. അങ്ങ് തിരിച്ചുപൊയ്ക്കൊള്ളുക. ഗോകുലത്തിൽ ഞാൻ അനേകം അനർത്ഥങ്ങൾ കാണുന്നു.

ശ്രീശുകൻ പറഞ്ഞു: അല്ലയോ മഹാരാജൻ!, ഇങ്ങനെ വസുദേവർ പറഞ്ഞതനുസരിച്ച് കൂടെ വന്ന മറ്റ് ഗോപന്മാർക്കൊപ്പം നന്ദഗോപൻ തങ്ങൾ വന്ന വണ്ടികളിൽ കയറി ഗോകുലത്തിലേക്ക് യാത്രതിരിച്ചു.


ശ്രീമദ്ഭാഗവതം ദശമസ്കന്ധം അഞ്ചാമദ്ധ്യായം സമാപിച്ചു.

 

ഓം തത് സത്.

 

 

Previous    Next

2020, സെപ്റ്റംബർ 27, ഞായറാഴ്‌ച

10.4 ഭയാകുലനായ കംസൻ ഗോപന്മാരെ ദ്രോഹിക്കുന്നതു.

ഓം

 

ശ്രീമദ്ഭാഗവതം ദശമസ്കന്ധം അദ്ധ്യായം‌ 4

(ഭയാകുലനായ കംസൻ ഗോപന്മാരെ ദ്രോഹിക്കുന്നതു.)

 

ശ്രീശുകൻ പറഞ്ഞു: മഹാരാജൻ!, വസുദേവൻ ഭഗവാനെ ഗോകുലത്തിലാക്കി യശോദ പെറ്റുണ്ടായ ബാലികയുമായി കംസഗൃഹത്തിലെത്തിയതും എല്ലാം പഴയതുപോലെയായി. സകല കോട്ടവാതിലുകളും മുന്നേപോലെ അടഞ്ഞു. ശേഷം കുട്ടിയുടെ കരച്ചിൽ കേട്ട് കാവൽക്കാർ ഞെട്ടിയുണർന്നു. ആ സമയം ദേവകീദേവിയുടെ എട്ടാമത്തെ കുഞ്ഞിനെ വകവരുത്തുവാനായി ഭയത്തോടെ ഉറക്കമില്ലാതെ തന്റെ മരണവും മുന്നിൽ കണ്ടുകൊണ്ടിരിക്കുകയായിരുന്നു കംസൻ. കാവൽക്കാർ ആ വാർത്ത എത്രയും വേഗം കംസനെ അറിയിച്ചു. കേട്ടപാടെ അവൻ കിടക്കയിൽനിന്നും ചാടിയെഴുന്നേറ്റു. തന്റെ അന്തകൻ പിറന്നിരിക്കുന്ന സമയത്തെ തിരിച്ചറിഞ്ഞ് ഇടറുന്ന പാദങ്ങളോടെ അഴിഞ്ഞുലഞ്ഞ് മുടിക്കെട്ടുകളോടെ അവൻ പ്രസവഗൃഹത്തിലേക്ക് പോയി. അന്തകന്റെ രൂപത്തിൽ തന്റെ മുന്നിൽ നിൽക്കുന്ന കംസനെ കണ്ട് ദീനയായ ദേവകി ഇങ്ങനെ പറഞ്ഞു: അല്ലയോ സത്ഗുണശീലാ!, ഈ കുഞ്ഞ് അങ്ങയുടെ പുത്രന്റെ ഭാര്യയാകേണ്ടവളാണു. സ്ത്രീകളെ വധിക്കുന്നത് അങ്ങേയ്ക്ക് കരണീയമല്ല. സഹോദരാ!, ഞങ്ങളുടെ കർമ്മഫലമായി അഗ്നിക്കുസമമായ ഞങ്ങളുടെ എത്രയോ കുഞ്ഞുങ്ങളാണു അങ്ങയാൽ കൊല്ലപ്പെട്ടിരിക്കുന്നതു?. ഇവളെ അവിടുത്തെ സമ്മാനമായി ഞങ്ങൾക്ക് വളർത്താൻ തന്നാലും. പ്രഭോ!, അങ്ങയുടെ ഈ അനുജത്തി തന്റെ മക്കളെല്ലാം കൊല്ലപ്പെട്ടതിൽ ദുഃഖിച്ചുകഴിയുകയാണു. ജ്യേഷ്ഠാ! ഇവളെയെങ്കിലും അങ്ങ് ഞങ്ങൾക്ക് വിട്ടുതരുവാൻ ദയ കാണിക്കണം.

പരീക്ഷിത്ത് രാജൻ!, ഇങ്ങനെ ദീനദീനം വിലപിച്ചുകൊണ്ട് ദേവകി ആ കുഞ്ഞിനെ തന്റെ മാറോടുചേർത്ത് മറച്ചുപിടിച്ചു. എന്നാൽ, വീണ്ടും അധിക്ഷേപിച്ചുകൊണ്ട് ദുഷ്ടനായ കംസൻ ആ കുട്ടിയെ അവളിൽനിന്നും പിടിച്ചുപറിച്ചെടുത്തു. സ്വാർത്ഥതയിൽ സർവ്വവും മറന്ന അവൻ ആ കുഞ്ഞിനെ ഇരുകാലുകളും കൂട്ടിപ്പിടിച്ച് കരിങ്കല്ലിന്മേൽ ഊക്കോടെയടിക്കുന്നതിനിടയിൽ ശ്രീമഹാവിഷ്ണുവിന്റെ സോദരിയായ അവൾ ആ ദുഷ്ടന്റെ കൈയ്യിൽനിന്നും വഴുതി മോൽ‌പ്പോട്ടുയർന്ന് ആകാശത്തിലെത്തി. ദേവി അവിടെ ആയുധങ്ങളുയർത്തിപ്പിടിച്ച എട്ടു തൃക്കരങ്ങളോടെ പ്രശോഭിച്ചു. ദിവ്യമാലകളും പട്ടുവസ്ത്രങ്ങളും കുറിക്കൂട്ടുകളും രത്നാഭരണങ്ങളുമണിഞ്ഞ്, വില്ല്, ശൂലം, ശരം, പരിച, വാൾ, ശംഖം, ചക്രം, ഗദ എന്നിവ ധരിച്ച് പൂജിതയായി നിൽക്കുന്ന ദേവിയെ സിദ്ധചാരണകിന്നരനാഗഗന്ധർവ്വാപ്സരസ്സുകൾ വാഴ്ത്തിസ്തുതിച്ചു. ആ മായാദേവി ഇങ്ങനെ അരുളിച്ചെയ്തു: ഹേ മൂഢാ!, എന്നെ കൊല്ലുന്നതുകൊണ്ട് നിനക്കെന്ത് നേട്ടം?. നിന്റെ അന്തകനും മുജ്ജന്മശത്രുവുമായ ഒരുവൻ എങ്ങോ ജനിച്ചുകഴിഞ്ഞിരിക്കുന്നു. പാവം കുഞ്ഞുങ്ങളെ വെറുതേ വധിക്കുന്നതുകൊണ്ട് യാതൊരു പ്രയോജനവും നിനക്കുണ്ടാകാൻ പോകുന്നില്ല.

രാജൻ! ആ മായാദേവി ഇങ്ങനെ പറഞ്ഞുകൊണ്ട് ഉടൻ‌തന്നെ മറഞ്ഞരുളി. അവൾ ഇന്നും ഭൂമിയിൽ പലയിടങ്ങളിൽ പലപേരുകളിലായി വാണരുളുന്നു. ദേവിയുടെ അരുളപ്പാട് കംസനെ സ്തബ്ദനാക്കി. ദേവകീവസുദേവന്മാരെ തടവറയിൽനിന്ന് മോചിപ്പിച്ചതിനുശേഷം വളരെ വിനീതനായി അവരോട് പറഞ്ഞു: അല്ലയോ സഹോദരീ!, ഹേ വസുദേവരേ!, പാപിയായ ഞാൻ രാക്ഷന്മാർ സ്വന്തം സന്താനങ്ങളെ ഭക്ഷിക്കുന്നതുപോലെ നിങ്ങളുടെ എത്രയോ കുഞ്ഞുങ്ങളെയാണു കൊന്നുകളഞ്ഞതു!. കഷ്ടം തന്നെ!. അല്പം പോലും കരുണയില്ലാതെ ഞാൻ സകല ബന്ധുക്കളേയും തള്ളിക്കളഞ്ഞവനാണു. ശ്വസിക്കുന്നുണ്ടുവെങ്കിലും ഞാൻ മരിക്കപ്പെട്ടവനാണു. ബ്രഹ്മഹന്താവിനെപ്പോലെ ഞാൻ ഏത് നരകത്തിൽ പതിക്കുമെന്നെനിക്കറിയില്ല. മനുഷ്യർ മാത്രമല്ല, ദൈവങ്ങൾ പോലും നുണ പറയുന്നു. ആ അശരീരി വാക്യത്തിൽ വിശ്വസിച്ച് പാപിയായ ഞാൻ സ്വസഹോദരിയുടെ മക്കളെയെല്ലാം കൊന്നുകളഞ്ഞിരിക്കുകയാണു. അല്ലയോ സൌഭാഗ്യശാലികളേ!, സ്വകർമ്മങ്ങളാൽ നിങ്ങളുടെ മക്കൾക്ക് സംഭവിച്ചതോർത്ത് നിങ്ങൾ ദുഃഖിക്കരുതു. പ്രാണികൾ സദാ പ്രാരബ്ദകർമ്മങ്ങൾക്കധീനരാണു. അവർ എപ്പോഴും ഒരിടത്തുതന്നെ ചേർന്നിരിക്കുകയുമില്ല. മണ്ണാൽ കുടങ്ങൾ മുതലായ പാത്രങ്ങളുണ്ടായി പിന്നീട് പൊട്ടിത്തകർന്ന് നശിച്ചുപോകുന്നു. അതുപോലെ, ഭൌതികശരീരങ്ങൾ ഉണ്ടാകുകയും നശിക്കുകയും ചെയ്യുന്നു. എന്നാൽ മണ്ണിന് നാശമുണ്ടാകാത്തതുപോലെ ആത്മാക്കൾക്കും നാശം സംഭവിക്കുന്നില്ല. ഈ തത്വം അറിയാത്തവനു ദേഹാദികളിൽ ആത്മബുദ്ധി ജനിക്കുന്നു. അതിനാൽ അവന് താനെന്നും പരനെന്നുമുള്ള ഭേദവിചാരവും ഉണ്ടാകുന്നു. ആയതിനാലാണു ആത്മാക്കൾ പുത്രാദി ദേഹങ്ങളോട് ചേരുന്നതും പിന്നീട് വിട്ടുപിരിയുന്നതും. അങ്ങനെയുള്ളവർക്ക് സംസാരദുഃഖം ഒരിക്കലും ഒഴിയുന്നില്ല. ഹേ ശോഭനേ!, അതുകൊണ്ട് എന്നാൽ മൃതരായ നിന്റെ കുഞ്ഞുങ്ങളെയോർത്ത് ഇനി നീ ദുഃഖിക്കരുതു. അവരെല്ലാവരും മറുഗതിയില്ലാതെ സ്വന്തം പ്രാരബ്ദകർമ്മഫലങ്ങൾ അനുഭവിക്കുകയാണു. ഒരുവൻ എത്രകാലമാണോ താൻ വധിക്കുന്നവനും വധിക്കപ്പെടുന്നവനുമാണെന്ന് വിചാരിക്കുന്നതു, അത്രയും കാലം അവൻ ദേഹത്തെ ആത്മാവെന്ന് കരുതിയിരിക്കുന്നു. ആത്മദൃഷ്ടിയില്ലാത്തവനും അജ്ഞാനിയുമായ അവൻ ഹന്താവും ഹന്തവ്യനുമാണെന്ന മിഥ്യാവിചാരത്തെ അവലംബിച്ചുകൊണ്ട് ജീവിതം വൃഥാവിലാക്കുന്നു. ആയതിനാൽ എന്റെ ഈ ദുഷ്ടതകളെ നിങ്ങൾ പൊറുക്കണം. നിങ്ങളെപ്പോലുള്ള സജ്ജനങ്ങൾ എപ്പോഴും ദീനാനുകമ്പയുള്ളവരാണല്ലോ!.

രാജൻ!, ഇങ്ങനെ പറഞ്ഞുകൊണ്ടും കണ്ണീരൊഴുക്കിക്കൊണ്ടും കംസൻ ദേവകീവസുദേവന്മാരുടെ പാദങ്ങളിൽ വീണുനമസ്കരിച്ചു. മായാദേവിയുടെ വാക്കുകളാൽ ദേവകിയും വസുദേവരും നിരപരാ‍ധികളാണെന്ന് ബോധ്യം വന്ന കംസൻ സ്നേഹത്തോടെ അവരെ തടവിൽനിന്നും മോചിതരാക്കി. ദേവകി പശ്ചാത്താപത്താൽ നിർമ്മലനായ സഹോദരനോട് അവന്റെ കുറ്റം പൊറുത്തു മാപ്പാക്കി. വസുദേവൻ ചിരിച്ചുകൊണ്ട് കംസനോട് പറഞ്ഞു: അല്ലയോ മഹാഭാഗാ!, അങ്ങ് പറഞ്ഞത് തീർത്തും സത്യമാണു. മനുഷ്യർക്കുണ്ടാകുന്ന ഈ ദേഹാദികളിലുള്ള അഹംബുദ്ധി അജ്ഞാനത്താലുളവാകുന്നതാണു. അതിലൂടെ താനെന്നും പരനെന്നുമുള്ള ഭേദചിന്തയും മനുഷ്യനിൽ ഉടലെടുക്കുന്നു. ഭേദഭാവനയുള്ളവരിൽ വ്യസനം, സന്തോഷം, ഭയം, ദ്വേഷം, അത്യാശ, മോഹം, മദം എന്നിവ പ്രതിഫലിക്കുന്നു. അവരാകട്ടെ, ജഡവസ്തുക്കളിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്ന കാലസ്വരൂപനായ ഈശ്വരനെ അറിയാതെപോകുന്നു.

അല്ലയോ പരീക്ഷിത്തേ!, ഇങ്ങനെ ദേവകീവസുദേവന്മാരുടെ മറുപടിയിൽ സന്തുഷ്ടനായ കംസൻ അവരുടെ അനുജ്ഞയും വാങ്ങി സ്വഗൃഗത്തിലേക്ക് യാത്രയായി. പിറ്റേദിവസം മന്ത്രിമാരെ വിളിച്ചുവരുത്തി തലേന്ന് സംഭവിച്ചതായ സംഭവവും യോഗമായാദേവിയാൽ അരുളപ്പെട്ടതുമെല്ലാം അവരെ പറഞ്ഞുധരിപ്പിച്ചു. എന്നാൽ ദേവശത്രുക്കളും അജ്ഞാനികളുമായ ആ അസുരന്മാർ ദേവന്മാരിൽ കോപിതരായിക്കൊണ്ട് കംസനോട് ഇങ്ങനെ പറഞ്ഞു: അല്ലയോ ഭോജേന്ദ്രാ!, അങ്ങനെയെങ്കിൽ നഗരങ്ങളിലും ഗ്രാമങ്ങളിലും വ്രജങ്ങളിലും മറ്റും പ്രസവിച്ച് അധികം ദിവസമായിട്ടില്ലാത്ത സകല കുട്ടികളേയും ഞങ്ങൾ വധിക്കുവാൻ പോകുകയാണു. യുദ്ധത്തിൽ പേടിയുള്ളവരും അങ്ങയുടെ വില്ലിന്റെ ഒച്ച കേട്ടാൽ ഹൃദയം നടുങ്ങുന്നവരുമായ ദേവന്മാർ എന്ത് ചെയ്യാൻ പോകുന്നുവെന്ന് നമുക്ക് കാണാമല്ലോ!. നാലുപാടുംനിന്ന് പ്രവഹിക്കുന്ന അങ്ങയുടെ ശരങ്ങളാൽ മുറിവേറ്റ അവർ ഇനി ഓടുകയേ നിവർത്തിയുള്ളൂ എന്ന് കരുതി പലായനം ചെയ്തവരാണു. ചില ദേവന്മാർ ദീനരായി ആയുധം നിലത്തുവച്ച് തൊഴുകൈയ്യോടെ നിന്നു. മറ്റുചിലരാകട്ടെ, പോർക്കച്ചയും തലക്കെട്ടും അഴിച്ചുവച്ച് ഭീതിയോടെ നിലകൊണ്ടു. ആയുധപ്രയോഗം മറന്നവനേയോ തേർ നഷ്ടപ്പെട്ടവനേയോ ഭീതനായി അഭയം പ്രാപിച്ചവനേയോ മറ്റൊരുത്തനോട് യുദ്ധം ചെയ്തുകൊണ്ടിരിക്കുന്നവനേയോ യുദ്ധത്തിൽനിന്നും ഒരിക്കൽ പിന്തിരിഞ്ഞോടിയവനേയോ വില്ല് ഒടിഞ്ഞവനേയോ യുദ്ധം ചെയ്യാതെ നിൽക്കുന്നവനേയോ അങ്ങ് ഒരിക്കലും കൊല്ലാറില്ല.

ദേവന്മാർ പേടിയില്ലാത്ത ദിക്കിൽ ശൂരത്വം കാട്ടുന്നവരും യുദ്ധമില്ലാത്തപ്പോൾ വലിയ വായിൽ വീരവാദം നടത്തുന്നവരുമാണു. അവരെക്കൊണ്ടെന്ത് ചെയ്യാൻ?. എവിടെയോ ഒളിഞ്ഞുകുത്തിയിരിക്കുന്ന മഹാവിഷ്ണു എന്ത് കാട്ടാൻ?. കാട്ടിലിരിക്കുന്ന ശിവനോ ശക്തി ക്ഷയിച്ച ഇന്ദ്രനോ അഥവാ തപസ്സനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന ബ്രഹ്മാവിനോ എന്ത് സാധ്യമാകാൻ?. എങ്കിലും അവർ ശത്രുക്കളാണു. അവരെ വിലകുറച്ചുകാണുന്നതുചിതമല്ല. ആയതിനാൽ അവരെ ഉന്മൂലനാശം വരുത്തുന്നതിനായി ഞാങ്ങളെ നിയോഗിച്ചാലും. എപ്രകാരമാണൊ മനുഷ്യരുടെ ശരീരത്തിലുണ്ടാകുന്ന മുറിവുകൾ ആദ്യം വകവയ്ക്കാതെ പിന്നീട് ചികിത്സിച്ചുഭേദമാക്കാൻ കഴിയാതെയാകുന്നതു?, അഥവാ എപ്രകാരമാണോ തുടക്കത്തിൽ അനിയന്ത്രിതമായ ഇന്ദ്രിയങ്ങളെ പിന്നീട് അടക്കി നിർത്താൽ പറ്റാത്തതായിമാറുന്നതു, അപ്രകാരം നമ്മൾ നിസ്സാരനെന്നുകരുതി തള്ളിക്കളയുന്ന ശത്രുക്കൾ ക്രമേണ ശക്തി പ്രാപിച്ച് പിന്നീട് ഇളക്കാൻ പറ്റാത്തവിധമായിത്തീരുന്നു. വിഷ്ണുതന്നെയാണു ദേവന്മാരുടെ മഹാബലം. എവിടെയാണോ സനാതനവേദോക്തമായ ധർമ്മം സ്ഥിതിചെയ്യുന്നതു, അവിടെ വിഷ്ണു കുടികൊള്ളുന്നു. ആ ധർമ്മത്തിന്റെ വേരുകൾ ഉറച്ചിരിക്കുന്നതു വേദം, ഗോക്കൾ, ബ്രാഹ്മണർ, തപസ്സ്, ദക്ഷിണയോടുചേർന്ന യാഗാദികർമ്മങ്ങഓൾ എന്നിവയിലാണു. ആയതിനാൽ അല്ലയോ രാജൻ!, ബ്രാഹ്മണരേയും താപസ്സന്മാരേയും യാജ്ഞികരേയും പശുക്കളേയുമൊക്കെ ഞങ്ങളുടെ സകല ശക്തികളുമുപയോഗിച്ച് ഞങ്ങൾ കൊന്നുതള്ളിക്കൊള്ളാം. ബ്രാഹ്മണർ, പശുക്കൾ, വേദങ്ങൾ, തപസ്സ്, സത്യം, ഇന്ദ്രിയസംയമനം, മനോനിയന്ത്രണം, ശ്രദ്ധ, ദയ, തിതിക്ഷ, യാഗങ്ങൾ തുടങ്ങിയവ ആ വിഷ്ണുവിന്റെ ശരീരമാകുന്നു. അവൻ അസുരവിദ്വേഷിയായി സകലഭൂതങ്ങളുടേയും അന്തഃകരണങ്ങളിൽ ഒളിഞ്ഞുകിടക്കുന്നു. ബ്രഹ്മാവാദിയായ സകലദേവന്മാരുടേയും ആദികാരണൻ അവനാണു. ആയതിനാൽ മഹർഷിമാരടങ്ങുന്ന സർവ്വത്തിനേയും കൊല്ലുകയെന്നുള്ളതാണു അവനെ വകവരുത്തുവാനുള്ള ഏകോപായം.

പരീക്ഷിത്തേ!, ഇങ്ങനെ ആ ദുർമന്ത്രികളാൽ ഭ്രമിക്കപ്പെട്ട ദുർമ്മതിയായ കംസൻ ബ്രാഹ്മണരെ ഹിംസിക്കുന്നതുതന്നെയാണു തനിക്കഭികാമ്യമെന്ന് കരുതി. തുടർന്ന്, ദുഷ്ടന്മാരായ ആ അസുരന്മാരോട് സജ്ജനങ്ങളെ ഉപദ്രവിക്കുവാനുള്ള ആദേശവും നൽകി കംസൻ തിരിച്ചുപോയി. തമോഗുണത്താൽ ബുദ്ധി നഷ്ടപ്പെട്ടവരായ ആ അസുരന്മാർ തങ്ങളുടെ നാശം അടുത്തിരിക്കുന്നതറിയാതെ സജ്ജനദ്രോഹം ആരംഭിച്ചുതുടങ്ങി. മഹാജനങ്ങളെ ഉപദ്രവിക്കുന്നതിലൂടെ ഒരുവൻ തന്റെ ആയുസ്സും ഐശ്വര്യവും കീർത്തിയും പുണ്യവും പരലോകപ്രാപ്തിയുമടങ്ങുന്ന സകലശ്രേയസ്സുകളേയും ഇല്ലാതെയാക്കുന്നു.

 

 

 

ശ്രീമദ്ഭാഗവതം ദശമസ്കന്ധം നാലാമദ്ധ്യായം സമാപിച്ചു.

 

ഓം തത് സത്.

 

 

Previous    Next

2020, സെപ്റ്റംബർ 19, ശനിയാഴ്‌ച

10.3 ശ്രീകൃഷ്ണാവതാരം.

 ഓം

 

ശ്രീമദ്ഭാഗവതം ദശമസ്കന്ധം അദ്ധ്യായം‌ 3

(ശ്രീകൃഷ്ണാവതാരം.)

 

ശ്രീശുകൻ പറഞ്ഞു: രാജൻ!, ഒടുവിൽ ആ മംഗളകരമായ ദിവസം വന്നടുത്തു. അന്ന് രോഹിണീനക്ഷത്രമായിരുന്നു. മറ്റു ഗ്രഹങ്ങളും നക്ഷത്രങ്ങളും സൂര്യാദിജ്യോതിർഗ്ഗോളങ്ങളുമൊക്കെ ശാന്തരായി നോക്കിനിന്നു. ദിക്കുകൾ തെളിഞ്ഞു. തെളിവാർന്ന ആകാശത്തിൽ നക്ഷത്രങ്ങൾ മിന്നിത്തിളങ്ങി. ഭൂമി മംഗളവസ്തുക്കൾ കൊണ്ടുനിറഞ്ഞു. നദികൾ തെളിഞ്ഞൊഴുകാൻ തുടങ്ങി. തടാകങ്ങൾ താമരപ്പൂക്കളെക്കൊണ്ട് നിറഞ്ഞു. വനങ്ങൾ പക്ഷികളുടേയും വണ്ടുകളുടേയും കൂജനങ്ങളാൽ മുഖരിതമായി. സുഗന്ധം കലർന്ന് കാറ്റുവീശി. ബ്രാഹ്മണരുടെ അണഞ്ഞുകിടന്നിരുന്ന ഹോമകുണ്ഡങ്ങൾ ചുഴന്നെരിഞ്ഞു. ജനങ്ങൾ സന്തുഷ്ടരായി. അജനായ ഭഗവാൻ ജനിക്കാൻ തുടങ്ങുമ്പോൾ ആകാ‍ശത്തിൽ പെരുമ്പറ മുഴങ്ങി. കിന്നരന്മാരും ഗന്ധർവ്വന്മാരും ഗീതങ്ങളാലപിച്ചുതുടങ്ങി. സിദ്ധചാരണാദികൾ ഭഗവദ്സ്തുതികളുരുവിട്ടു. അപ്സരസ്ത്രീകളും വിദ്യാധരസ്ത്രീകളും നൃത്തം ചെയ്തു. മുനികളും ദേവകളും പുഷ്പവൃഷ്ടി ചൊരിഞ്ഞു. മേഘങ്ങൾ ഗർജ്ജിച്ചു. എങ്ങും ഘോരാന്ധകാരം പടർന്നുപിടിച്ചു. ആ അർദ്ധരാത്രിയിൽ ഭക്തന്മാർ ഭഗവാന്റെ അവതാരത്തിനായി പ്രാർത്ഥിച്ചു. ആ സമയം, എപ്രകാരമാണോ കിഴക്ക് ദിക്കിൽ ചന്ദ്രനുദിക്കുന്നതു, അതുപോലെ സർവ്വഗുഹാശയനായ ഭഗവാ‍ൻ മഹാവിഷ്ണു ദേവരൂപിണിയായ ദേവകീദേവിയിൽ സമസ്തൈശ്വര്യങ്ങളോടുകൂടി ആവിർഭവിച്ചു.

തമത്ഭുതം ബാലകമംബുജേക്ഷണം

ചതുഭുജം ശംഖഗദാര്യുദായുധം

ശ്രീവത്സലക്ഷ്മം ഗളശോഭികൌസ്തുഭം

പീതാംബരം സാന്ദ്രപയോദസൌഭഗം

മഹാർഹവൈഡൂര്യകിരീടകുണ്ഡല-

ത്വിഷാ പരിഷ്വക്തസഹസ്രകുന്തളം

ഉദ്ദാമകാഞ്ച്യംഗദകങ്കണാദിഭിർ-

വിരോചമാനം വസുദേവ ഐക്ഷത

താമരയിതൾപോലുള്ള കണ്ണുകളുള്ളവനും നാലു തൃക്കൈകളോടുകൂടിയവനും അവയിൽ ശംഖം, ഗദ, ചക്രം, പത്മം എന്നിവ ധരിച്ചവനും ശ്രീവത്സചിഹ്നത്തോടുകൂടിയവനും കഴുത്തിൽ മിന്നിത്തിളങ്ങുന്ന കൌസ്തുഭമണിഞ്ഞവനും മഞ്ഞപ്പട്ടുടുത്തവനും കാർമേഘനിറത്തിന്റെ ഭംഗി കലർന്നവനും രത്നങ്ങൾ പതിച്ച കുണ്ഡലങ്ങളും കീരീടവുമണിഞ്ഞവനും അവയുടെ കാന്തിയിൽ തെളിയുന്ന കേശഭാരത്തോടുകൂടിയവനും അരഞ്ഞാണം, തോൾവള, കടകം തുടങ്ങിയവയാൽ അലങ്കൃതനുമായി അങ്ങനെ വിശേഷേണ ശോഭിച്ചുകിടക്കുന്ന ആ അത്ഭുതബാലകനെ വസുദേവൻ കണ്ടു.

രാജൻ!, ശ്രീഹരി തന്റെ പുത്രനായി വന്നവതരിച്ചതുകണ്ട് സംഭ്രമത്തോടെയും സന്തോഷത്തോടെയും വസുദേവൻ ആശ്ചര്യഭരിതനായി പതിനായിരം പശുക്കളെ ബ്രാഹ്മണർക്കായി സങ്കല്പിച്ചു. സ്വപ്രകാശത്താൽ ആ പ്രസവമുറിയെ അത്യുജ്ജ്വലമായി പ്രകാശിപ്പിച്ചുകൊണ്ടിരിക്കുന്ന ആ ബാലൻ സാക്ഷാത് പരമപുരുഷനാണെന്ന് വസുദേവർ മനസ്സിലാക്കി. പേടിയകന്ന്, വിശുദ്ധമായ അന്തഃകരണത്തോടുകൂടി അദ്ദേഹം വീണുനമസ്കരിച്ചുകൊണ്ട് ഇങ്ങനെ സ്തുതിച്ചു: പ്രകൃതിയ്ക്കതീതനായ അല്ലയോ ചിദാനന്ദസ്വരൂപാ!, സർവ്വസാക്ഷിയായ നിന്തിരുവടിയെ അടിയൻ ഇതാ കണ്ണിനുനേരായി കാണുകയാണു. അങ്ങ് തുടക്കത്തിൽ ത്രിഗുണാത്മകമായ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച് അതിൽ നിസ്പൃഹനായി, എന്നാൽ അതിനെല്ലാം അകം‌പുറം കൊണ്ടുനിൽക്കുന്നു. വികാരമില്ലത്ത അഹങ്കാരാദി മഹത് തത്വങ്ങൾ എപ്രകാരമാണോ ഈ പ്രപഞ്ചത്തിൽ പ്രവേശിക്കാതെതന്നെ അവയിൽ കാണപ്പെടുന്നതു, അതേപ്രകാരംതന്നെ നിന്തിരുവടിയും കാണപ്പെടുന്നു. ബ്രഹ്മാണ്ഡത്തിനുമുന്നേയുള്ള ആ മഹത് തത്വം പീന്നീട് അതിൽ പ്രവേശിക്കുന്നില്ല. അതുപോലെ, അങ്ങും ബുദ്ധിക്കും ഇന്ദ്രയങ്ങൾക്കും ഗ്രഹിക്കുവാൻ കഴിയുന്ന ഈ വിഷയങ്ങളോടൊപ്പം നിലകൊള്ളുന്നുവെങ്കിലും ആ വിഷയങ്ങളോടൊപ്പം അങ്ങയെ അറിയാൻ കഴിയുന്നില്ല. സർത്രവ്യാപ്തമായ അങ്ങേയ്ക്ക് എങ്ങനെ അകവും പുറവും ഉണ്ടാകാൻ?. ദേഹം ആത്മാവിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് അറിയാത്തവൻ അജ്ഞാനിയാകുന്നു. കാരണം മിഥ്യയെ അവർ പരമാർത്ഥമായി നിനയ്ക്കുന്നു. ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതിലയങ്ങൾക്ക് കാരണം നിർവ്വികാരനും വ്യാപാരരഹിതനുമായ അങ്ങാണെന്നാണു പറയപ്പെടുന്നതു. എന്നാൽ പരബ്രഹ്മമായ അങ്ങയിൽ യാതൊരു വിരോധവുമില്ല. അങ്ങയാൽ നിയന്ത്രിതമായ ത്രിഗുണങ്ങളാൽ എല്ലാം താനേ സംഭവിക്കുന്നു. അങ്ങനെയുള്ള നിന്തിരുവടി മൂന്നുലോകത്തിന്റേയും രക്ഷയ്ക്കായി സ്വമായയാ സത്വഗുണത്താൽ വിഷ്ണുരൂപത്തേയും, അതിന്റെ സൃഷ്ടിക്കുവേണ്ടി രജോഗുണത്താൽ ബ്രഹ്മാവിന്റെ രൂപത്തേയും, അതുപോലെ അവയുടെ സംഹാരത്തിനായി തമോഗുണത്താൽ രുദ്രരൂപത്തേയും ധരിക്കുന്നു. വിഭോ!, അങ്ങിപ്പോൾ ഭൂമിയെ രക്ഷിപ്പാനായി എന്റെ ഗൃഗത്തിൽ വന്നുപിറന്നിരിക്കുന്നു. ക്ഷത്രിയനാമത്തിൽ ഇവിടെ കൂത്താടുന്ന അസംഖ്യം അസുരസേനകളെ കൊന്നൊടുക്കാൻ പോകുന്നു. ദേവാ!, അങ്ങയുടെ ജനനം ഞങ്ങളുടെ ഗൃത്തിൽ സംഭവിക്കുമെന്ന് കരുതി ദുഷ്ടനായ കംസൻ അങ്ങയുടെ ജ്യേഷ്ഠസഹോദരന്മാരെയൊക്കെ വധിച്ചുകഴിഞ്ഞു. അങ്ങയുടെ ഈ അവതാരവാർത്തയറിഞ്ഞ് അവൻ ആയുധവും ഉയർത്തിപിടിച്ച് ഇപ്പോൾത്തന്നെ ഇങ്ങെത്തും.

രാജൻ!, ശ്രീമഹാവിഷ്ണുവിന്റെ ലക്ഷണങ്ങളോടൊത്ത് തനിക്കു പിറന്ന ആ പുത്രനെ കണ്ട് പുഞ്ചിരിച്ചുകൊണ്ട് ദേവകീദേവിയും ഭഗവനെ സ്തുതിച്ചു. അവൾ പറഞ്ഞു: ഭഗവാനേ!, അവ്യക്തനും ആദ്യനും ബ്രഹ്മനും ജ്യോതിസ്വരൂപനും നിർഗ്ഗുണനും നിർവ്വികാരനും നാശരഹിതനും നിഷ്ക്രിയനും അപ്രമേയനുമായ ആ മഹാവിഷ്ണുതന്നെയാണ് അങ്ങെന്ന് ഞാനറിയുന്നു. കാലഗതിയിൽ ബ്രഹ്മാവിന്റെ ആയുസ്സ് അവസാനിക്കുമ്പോൾ ഇപ്രപഞ്ചമെല്ലാം മൂലപ്രകൃതിയിൽ ലയിക്കുന്നു. എന്നാൽ ആ സമയം അനന്തശേഷനായി അങ്ങ് മാത്രം അവശേഷിക്കുന്നു. നിമിഷത്തിൽ തുടങ്ങി സംവത്സരത്തിൽ അവസാനിക്കുന്ന കാലം എന്ന ഈ പ്രതിഭാസം അങ്ങയുടെ ശക്തിവിശേഷം ഒന്നുമാത്രമാണെന്ന് പറയപ്പെടുന്നു. ഈവിധം പ്രകൃതിക്കും കാലത്തിനും നിയന്താവായ അങ്ങയെ ഞാനിതാ ശരണം പ്രാപിക്കുന്നു. മനുഷ്യൻ മരണമാകുന്ന സർപ്പത്തെ ഭയന്ന് എവിടെയൊക്കെ ചുറ്റിത്തിരിഞ്ഞാലും അവർക്കൊരിക്കലും ഒരഭയസ്ഥാനം കിട്ടുന്നില്ല. എന്നാൽ, ഒരുവന് അങ്ങയുടെ പാദസേവ ചെയ്യാൻ അവസരം ലഭിച്ചാൽ അവൻ അനുഗ്രഹീതനാകുന്നു. അങ്ങനെ വന്നാൽ മനുഷ്യൻ നിർഭയനാകുകയും മരണം അവനെ ഭയന്നൊളിക്കുകയും ചെയ്യുന്നു. ഭഗവാനേ!, അങ്ങനെ സർവ്വഭയങ്ങളും നീക്കുന്ന നീ ഞങ്ങളെ കംസനിൽനിന്ന് രക്ഷിക്കേണമേ!. ധ്യാനയോഗ്യമായ അവിടുത്തെ ഈ തിരുവുടൽ അജ്ഞന്മാർക്കൊരിക്കലും കാട്ടികൊടുക്കരുതു. ഭഗവാനേ! അങ്ങ് നിമിത്തം ഞാൻ കംസനെ ഭയന്നുജീവിക്കുകയാണു. അങ്ങ് എന്നിൽ വന്നുത്ഭവിച്ച വിവരം ഒരിക്കലും കംസൻ അറിയാനിടവരികയുമരുതു. ദേവാ!, ചതുർഭുജങ്ങളിൽ ശംഖചക്രഗദാപത്മങ്ങൾ ധരിച്ച ഈ ദിവ്യരൂപം അങ്ങ് മറച്ചരുളിയാലും. പ്രളയസമയത്ത് സകലചരാചരങ്ങളേയും നിന്തിരുവടി ആ തിരുവുടലിൽ ധരിക്കുന്നു. അങ്ങനെയുള്ള അങ്ങിപ്പോൾ എന്റെ ഗർഭത്തിൽ വന്നുഭവിച്ചതു ലോകത്തിനുമുന്നിൽ ഒരു വിഡംബനമാണു.

രാജൻ!, ദേവകിയുടെ ഈ പ്രാർത്ഥനകേട്ട് ഭഗവാൻ പറഞ്ഞു: അമ്മേ!, കഴിഞ്ഞ ജന്മത്തിൽ സ്വായംഭുവമന്വന്തരത്തിൽ ഭവതി പൃശ്നി എന്നു പേരുള്ളവളും പിതാവ് സുതപസ്സ് എന്നു പേരുള്ള ഒരു പ്രജാപതിയുമായിരുന്നു. അന്ന് നിങ്ങൾക്ക് പ്രജകളുണ്ടാകാതെ വന്നപ്പോൾ ഇന്ദ്രിയങ്ങളെ അടക്കി ഉഗ്രമായ തപസ്സ് അനുഷ്ഠിച്ചിരുന്നു. കാറ്റും മഴയും വെയിലും ചൂടുമെല്ലാം സഹിച്ചുകൊണ്ടു പ്രാണായാമത്തെ ചെയ്തും ഇലകളേയും വായുവിനേയും മാത്രം ആഹരിച്ചുകൊണ്ടും എന്നിൽനിന്നും അഭീഷ്ടങ്ങളെ സ്വീകരിക്കുവാനായി രാഗദ്വേഷങ്ങളെയടക്കി സുമനസ്സോടെ എന്നെ ആരാധിച്ചു. അങ്ങനെ ദുഷ്കരമായ ആ തപസ്സിലൂടെ പന്തീരായിരം വർഷങ്ങൾ കടന്നുപോയി. ആ തപസ്സിൽ സന്തുഷ്ടനായ ഞാൻ ഇതേരൂപത്തിൽ നിങ്ങളുടെ മുന്നിൽ പ്രത്യക്ഷനായി വരം ആവശ്യപ്പെട്ടുകൊള്ളാൻ പറഞ്ഞു. അപ്പോൾ നിങ്ങളുടെ ആഗ്രഹം എന്നെപ്പോലൊരു പുത്രൻ നിങ്ങൾക്കുണ്ടാകുക എന്നതായിരുന്നു. അന്ന് ലൌകികനിവൃത്തി വരാത്തവരും സന്താനങ്ങളില്ലാത്തവരുമായ നിങ്ങൾക്ക് എന്റെ മായയാൽ മോഹിതരായി മോക്ഷത്തെ വരിക്കാൻ തോന്നിയില്ല. അന്ന് നിങ്ങളാഗ്രഹിച്ച വരം തന്ന് ഞാൻ മറഞ്ഞതിൽ‌പിന്നെ മനോരഥം സാധിച്ചവരായി നിങ്ങൾ ലൌകികസുഖങ്ങളെ അനുഭവിച്ചുകൊണ്ട് ജീവിച്ചു. എനിക്കുതുല്യനായി ഞാൻ മാത്രമേയുള്ളൂ എന്നതിനാൽ ഞാൻ‌തന്നെ നിങ്ങൾക്ക് മകനായി പൃശ്നിഗർഭൻ എന്ന നാമത്തിൽ അവതരിച്ചു. മാതാവേ!, വീണ്ടും അടുത്ത മന്വന്തരത്തിൽ നിങ്ങൾ അദിതികശ്യപദമ്പതിമാരായി പിറക്കുകയും ഞാൻ വാമനനായി നിങ്ങൾക്ക് ജനിക്കുകയും ചെയ്തു. ഇന്നിതാ മൂന്നമത് വീണ്ടും നിങ്ങൾക്ക് പുത്രനായി ഞാൻ പിറന്നിരിക്കുന്നു. അമ്മേ!, എന്റെ വാക്കുകൾ സത്യമത്രേ!. ഈ പൂർവ്വസ്മൃതി നിങ്ങളിലുണ്ടാക്കുവാനാണു ഞാൻ ഇപ്പോൾ ഈ രൂപത്തിൽ നിങ്ങളുടെ മുന്നിൽ പ്രത്യക്ഷനായിരിക്കുന്നതു. അല്ലാത്തപക്ഷം എന്നെ മനുഷ്യകുഞ്ഞായി നിങ്ങൾ തെറ്റിദ്ധരിക്കും. നിങ്ങൾ രണ്ടുപേരും എന്നെ ഒരു പുത്രനെയെന്നപോലെ സ്നേഹിച്ചുകൊണ്ടും പരബ്രഹ്മമെന്ന ഭാവത്തിൽ അനുസ്മരിച്ചുകൊണ്ടും എന്റെ സായൂജ്യത്തെ പ്രാപിക്കുന്നതാണു.

രാജൻ!, ഭഗവാൻ ഇങ്ങനെ പറഞ്ഞുകൊണ്ട് അല്പനിമിഷം മൌനം അവലംബിക്കുകയും പിന്നീട് ദേവകീവസുദേവന്മാർ നോക്കിനിൽക്കെ അവരുടെ കണ്മുന്നിൽ കൈകാലിളക്കി കളിക്കുന്ന ഒരു സാധാരണ ശിശുവായി മാറുകയും ചെയ്തു. ഭഗവദ്പ്രേരിതമായി ആ കുഞ്ഞിനെ എടുത്ത് പ്രസവഗൃഹത്തിനുവെളിയിലിറങ്ങുന്ന സമയം യോഗമായാദേവി നന്ദപത്നിയായ യശോദയിൽനിന്നും സംജാതയായി. ആ നേരം ആ യോഗമായാശക്തിയാൽ ദ്വാരപാലകന്മാരും മറ്റ് പൌരജനങ്ങളും പ്രജ്ഞയറ്റ് നിദ്രയിലായിരുന്നു. ഇരുമ്പുചങ്ങലകളാലും സാക്ഷാകളാലും കൊട്ടിയടയ്ക്കപ്പെട്ടിരുന്ന വലിയ വാതിലുകൾ ഭഗവാനേയും കൈലെടുത്തുവരുന്ന വസുദേവർക്കുമുന്നിൽ ഒന്നൊന്നായി താനേ തുറന്നു. കാർമേഘങ്ങൾ ഇടിമുഴക്കത്തോടുകൂടി വർഷിക്കുവാൻ തുടങ്ങി. അനന്തൻ തന്റെ പത്തികൾ അവർക്കുമേൽ കുടപോലെയാക്കി മഴവെള്ളം തടഞ്ഞുകൊണ്ട് പിന്നാലെ ഇഴഞ്ഞനുഗമിച്ചു. ഇന്ദ്രൻ തുടരെത്തുടരെ മഴ ചൊരിഞ്ഞുകൊണ്ടിരുന്നു. യമുനാനദിയിൽ വെള്ളം കുത്തിയൊഴുകി. അനേകം ചുഴികളാൽ ഉലഞ്ഞുകൊണ്ടിരുന്ന യമുന, ശ്രീരാമനുമുന്നിൽ സമുദ്രം എന്നതുപോലെ, വഴിമാറിക്കൊടുത്തു. ആ രാത്രിയിൽ വസുദേവൻ ഭഗവാനേയും കൊണ്ട് ഗോകുലത്തിലെത്തി. ഗോപന്മാരെല്ലാം യോഗമായാവൈഭവത്താൽ ഘോരനിദ്രയിലായിരുന്നു. പുത്രനെ യശോദയുടെ കിടക്കയിലുപേക്ഷിച്ച് പകരം അവൾ പെറ്റുണ്ടായ ബാലികയേയുമെടുത്ത് അദ്ദേഹം തിരികെ വീട്ടിലെത്തി. കുഞ്ഞിനെ ദേവകിക്കരികിൽ കിടത്തി സ്വയം ചങ്ങലകൾ കാലിൽ ബന്ധിച്ച് മുന്നേപോലെ വാതിലുകളടച്ചിരിപ്പായി. യശോദയും പ്രസവപീഡയാൽ തനിക്ക് പിറന്ന കുഞ്ഞ് ആണോ പെണ്ണോ എന്നറിയാതെ മായയിൽ പെട്ടുറങ്ങുകയായിരുന്നു.

 

 

 

ശ്രീമദ്ഭാഗവതം ദശമസ്കന്ധം മൂന്നാമദ്ധ്യായം സമാപിച്ചു.

 

ഓം തത് സത്.

 

 

Previous    Next

10.2 ഗർഭസ്ഥനായ ഭഗവാനെ ബ്രഹ്മാദിദേവതകൾ സ്തുതിക്കുന്നു.

 ഓം

 

ശ്രീമദ്ഭാഗവതം ദശമസ്കന്ധം അദ്ധ്യായം‌ 2

(ഗർഭസ്ഥനായ ഭഗവാനെ ബ്രഹ്മാദിദേവതകൾ സ്തുതിക്കുന്നു.)

 

ശ്രീശുകൻ പറഞ്ഞു: പരീക്ഷിത്ത് രാജൻ!, പ്രലംബൻ, ബകൻ, ചാണൂരൻ, തൃണാവർത്തൻ, മഹാശനൻ, മുഷ്ടികൻ, അരിഷ്ടൻ, ദ്വിവിദൻ, പൂതന, കേശി, ധേനുകൻ, ബാണൻ, നരകൻ തുടങ്ങിയ അസുരന്മാരും മറ്റ് അസുരരാജാക്കന്മാരും ചേർന്ന് ജരാസന്ധന്റെ സഹായത്താൽ കംസൻ യാദവന്മാരെ ഉപദ്രവിച്ചുതുടങ്ങി. അവന്റെ ആക്രണമത്തെ ഭയന്ന് യാദവന്മാർ കുരുദേശം, പാഞ്ചാലദേശം, കേകയം, ശ്വാലം, വിദർഭം, വിദേഹം, നിഷധം, കോസലം മുതലായ രാജ്യങ്ങളിലേക്ക് പലായാനം ആരംഭിച്ചു. എന്നാൽ ചിലർ കംസനെ അനുസരിച്ചുകൊണ്ട് അവനെ സേവിക്കുവാനും തുടങ്ങി. ദേവകീദേവിയുടെ ആറ് കുഞ്ഞുങ്ങൾ ഇതിനകം അവിടെ കൊല്ലപ്പെട്ടിരുന്നു. പിന്നീട് ഏഴാമയായി ആദിശേഷൻ അവളുടെ ഉദരത്തിൽ വന്നുഭവിച്ചു. കംസനിൽനിന്ന് യാദവന്മാർക്ക് നേരിടേണ്ടിവന്ന ദുരിതത്തെ കണ്ടറിഞ്ഞ ഭഗവാൻ യോഗമായാദേവിയോട് പറഞ്ഞു: അല്ലയോ ദേവീ!, ഭവതി ഗോപാലന്മാരുടെ ഗോകുലത്തിലേക്ക് പോകുക. അവിടെ നന്ദകുലത്തിൽ വസുദേവരുടെ പത്നി രോഹിണി വസിക്കുന്നുണ്ടു. കൂടാതെ, വേറെ ചില സ്ത്രീകളും കംസനാൽ പൊറുതിമുട്ടി അവിടെ ഒളിച്ചുകഴിയുകയാണു. ദേവകിയുടെ ഗർഭത്തിൽ ഇപ്പോഴുള്ള ആദിശേഷനെന്ന എന്റെ തേജസ്സിനെ ആകർഷിച്ചെടുത്ത് രോഹിണിയുടെ ജഠരത്തിൽ സന്നിവേശിപ്പിക്കുക. അല്ലയോ ദേവീ!, അതിനുശേഷം ഞാൻ ദേവകിയുടെ പുത്രനായി പൂർണ്ണാവതാരം കൊക്കൊള്ളുന്നതാണു. അതേസമയംതന്നെ നീയും നന്ദഗോപരുടെ പ്രിയപത്നിയായ യശോദയുടെ ഗർഭത്തിൽ ഉത്ഭവിക്കുക.  അവിടെ ജനങ്ങൾ സർവ്വവും പ്രദാനം ചെയ്യുന്നവളായ നിന്നെ പലവിധത്തിൽ ആരാധിക്കും. അവർ ദേവിയെ ദുർഗ്ഗയെന്നും ഭദ്രകാളിയെന്നും വിജയയെന്നും വൈഷ്ണവിയെന്നും കുമുദയെന്നും ചണ്ഡികയെന്നും കൃഷ്ണയെന്നും മാധവിയെന്നും കന്യകയെന്നും മായയെന്നും നാരായണിയെന്നും ഈശാനിയെന്നും ശാരദയെന്നും അംബികയെന്നുമൊക്കെയുള്ള വിവിധ നാമങ്ങളിൽ സ്തുതിച്ചാരാധിക്കും. അതുപോലെ ആദിശേഷാവതാരത്തെ സങ്കർഷണനെന്നും രാമനെന്നും ബലനെന്നുമൊക്കെ നാമം വിളിച്ചുതുടങ്ങും.

രാജൻ!, ഭഗവദാദേശത്തെ കേട്ട ദേവി! അങ്ങനെയാകട്ടെ! എന്നുപറഞ്ഞ് ഭൂലോകത്തിലെത്തി ഭഗവാന്റെ നിർദ്ദേശങ്ങളെ അതേവിധം നടപ്പിലാക്കി. യോഗമായാദേവി ദേവകിയുടെ ഗർഭത്തെ രോഹിണിയിലേക്ക് മാറ്റിയപ്പോൾ ജനങ്ങൾ അത് അലസിപ്പോയതാണെന്ന് കരുതി വിലപിച്ചു. സർവ്വാത്മാവായ ഭഗവാൻ തന്റെ സർവ്വാംഗങ്ങളോടുംകൂടി വസുദേവന്റെ മനസ്സിലേക്ക് പ്രവേശിച്ചു. വൈഷ്ണവതേജസ്സുൾക്കൊണ്ടിരിക്കുന്ന വസുദേവൻ സൂര്യനെപ്പോലെ ജ്വലിച്ചു. ആ സമയംമുതൽ അവൻ യാതൊരു ജീവഭൂതങ്ങളാലും ആക്രമിക്കപ്പെടുവാൻ സാധിക്കാത്തവനായിമാറി. അനന്തരം, വസുദേവരുടെ ഹൃദയത്തിൽ സമാഹിതമായിട്ടുള്ള സർവ്വാത്മാവായ അച്യുതാംശം ദേവകിയുടെ മനസ്സിലേക്ക് മാറപ്പെട്ടു. അങ്ങനെ സർവ്വലോകങ്ങൾക്കും ഇരിപ്പിടമായവനു ദേവകീദേവിയുടെ ഹൃദയം ഇരിപ്പിടമായി. അവിടെ കംസഗൃഹത്തിൽ മറയ്ക്കപ്പെട്ട അഗ്നിഗോളംപോലെയും ഒരുവനിൽ അന്യർക്കുപകാരപ്പെടാതെ ഒളിപ്പിച്ചുവയ്ക്കപ്പെട്ട ജ്ഞാനം പോലെയും ദേവികിദേവി അധികം ശോഭിക്കാതെ നിലകൊണ്ടു. എങ്കിലും, ഭഗവാൻ ഉള്ളിരിക്കുമ്പോൾ എങ്ങനെ പ്രകാശിക്കാതിരിക്കും. അവളെ കണ്ട കംസൻ മനസ്സിൽ കരുതി: എന്റെ ജീവനെ കൊണ്ടുപോകാൻ വന്ന വിഷ്ണുവാകുന്ന സിംഹം ഇവളുടെ ഗർഭമാകുന്ന ഗുഹയ്ക്കുള്ളിൽ പ്രവേശിച്ചിരിക്കുന്നുവെന്നതു നിശ്ചയം തന്നെ. കാരണം ഇവൾ മുൻപ് ഒരിക്കലും ഈവിധം തേജസ്സ്വിനിയായിരുന്നില്ല. എന്താണിപ്പോൾ കരണീയമായുള്ളതു? ഭഗവദ്പരാക്രമം ഒരിക്കലും വൃഥാവിലാകില്ല. എങ്കിലും, സ്ത്രീയും, പ്രത്യേകിച്ച് സഹോദരിയും, അതിലും വിശേഷിച്ച് ഗർഭവതിയുമായവളെ കൊല്ലുന്നതുകൊണ്ട് എന്റെ കീർത്തി മാത്രമല്ലാ, ഐശ്വര്യുവും ആയുസ്സുംകൂടി നഷ്ടമാകും. അതിക്രൂനായ ഒരുവൻ മൃതതുല്യനാണു. ജീവിച്ചിരിക്കുമ്പോൾ അവന്റെ ജനങ്ങൾ പഴിക്കുന്നു. മാത്രമല്ലാ, മരിച്ചാലോ, അവൻ നരകത്തിൽത്തന്നെ എത്തിപ്പെടുകയും ചെയ്യുന്നു.

രാജൻ!, ഇങ്ങനെ വിചാരിച്ചുകൊണ്ട് അവൻ ആ ക്രൂരകൃത്യത്തിൽനിന്നും തൽക്കാലം പിന്മാറി. എങ്കിലും, കംസൻ ഭഗവാനോടുള്ള വിരോധവും അവന്റെ അവതാരവും കാത്ത് ഇരിപ്പായി. ഇരിക്കുമ്പോഴും കിടക്കുമ്പോഴും നിൽക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും അങ്ങിങ്ങ് ചുറ്റിനടക്കുമ്പോഴും സകലയിടത്തും അവൻ ഭഗവാനെത്തന്നെ നിനച്ച് ലോകത്തെ മുഴുവൻ വിഷ്ണുമയമായി കണ്ടു.

രാജാവേ!, ആ സമയം, ബ്രഹ്മാവും മഹാദേവനും നാരദരോടും മറ്റ് മഹർഷിമാരോടുമൊന്നിച്ച് കംസഗൃഹത്തിൽ ദേവകി കിടക്കുന്നിടത്തെത്തി ഭഗവാനെ സ്തുതിച്ചുതുടങ്ങി. ഭഗവാനേ!, അങ്ങ് അവിടുത്തെ വാക്കിന് വിപരീതമായി ഒരിക്കലും പ്രവർത്തിക്കാത്തവനാകുന്നു. അവിടുത്തെ തീരുമാനത്തെ ആർക്കുംതന്നെ മാറ്റിമറിക്കുവാൻ സാധ്യമല്ല. സൃഷ്ടിസ്ഥിതിസംഹാരങ്ങൾക്ക് സർവ്വസാക്ഷിയായി വർത്തിക്കുന്ന അങ്ങുതന്നെയാണിവിടെ പരമസത്യം. സത്യത്തിൽ അധിഷ്ഠിതനായവനുമാത്രമേ അവിടുത്തെ അനുഗ്രഹം സിദ്ധിക്കുകയുള്ളൂ. ആയതിനാൽ കുടിലബുദ്ധിക്ക് ഒരിക്കലും അങ്ങയെ നേടാൻ സാധിക്കുന്നില്ല. അങ്ങ് സർവ്വഭൂതങ്ങളിലും അന്തര്യാമിയാണു. അങ്ങനെയുള്ള സത്യസ്വരൂപനായ അങ്ങയെ ഞങ്ങളിതാ ശരണം പ്രാപിക്കുന്നു. ഈ പ്രപഞ്ചമാകുന്ന ആദിവൃക്ഷത്തിനു ഒരേയൊരാധാരം അവിടുത്തെ പ്രകൃതിയാണു. അവയിൽ സുഖദുഃഖങ്ങളാകുന്ന രണ്ട് ഫലങ്ങൾ കായ്ക്കുന്നു. തൃഗുണങ്ങളാകുന്ന മൂന്ന് വേരുകൾ അവയ്ക്കുണ്ടു. ധർമ്മാർത്ഥകാമമോക്ഷങ്ങൾ അവയിലെ നാലു രസങ്ങളാണു. ആ വൃക്ഷത്തിനു അഞ്ചു ജ്ഞാനേന്ദ്രിയങ്ങളും ആറ് വികാരങ്ങളും സപ്തധാതുക്കളും എട്ട് പ്രകൃതികളായ ശാഖകളുമുണ്ടു. രണ്ട് ചെവി, രണ്ട് കണ്ണ്, രണ്ട് നാസാദ്വാരം, വായ, മൂത്രദ്വാരം, മലദ്വാരം, എന്നീ ഒമ്പത് പൊത്തുകളുമുണ്ടു. പ്രാണൻ മുതലായ പത്ത് വായുക്കളാകുന്ന ഇലകൾ അതിനുണ്ടു. അതിൽ ജീവാത്മപരമാത്മാക്കളാകുന്ന രണ്ടു പക്ഷികളും വസിക്കുന്നുണ്ടു. ഈ മരത്തിന്റെ ഉല്പത്തിക്ക് കാരണം അങ്ങുമാത്രമാണു. അതിന്റെ ലയനവും അങ്ങയിൽ തന്നെ. അങ്ങുതന്നെ അതിനെ പരിപാലിക്കുകയും ചെയ്യുന്നു. അജ്ഞാനികൾ അങ്ങയെ പലതായി കാണുന്നു. എന്നാൽ, മായയിൽ മോഹിക്കാത്തവരുടെ കാര്യം അങ്ങനെയല്ല. ങ്ങീ പ്രപഞ്ചത്തിന്റെ ക്ഷേമത്തിന്നായി പലേ രൂപങ്ങൾ കൈക്കൊള്ളൂന്നു. അല്ലയോ അംബുജാക്ഷാ!, അങ്ങയിൽ മനസ്സുറപ്പിച്ച് ജ്ഞാനികൾ അവിടുത്തെ പദതാരടിയാൽ കാലിക്കുളമ്പുചാൽ കണക്കെ സംസാരത്തെ മറികടക്കുന്നു. അങ്ങനെ സ്വയം ദുസ്തരമായ ഈ സംസാരസാഗരത്തെ മറികടന്നവർ അങ്ങയുടെ പാദാരവിന്ദമാകുന്ന ആ കപ്പലിനെ മറ്റുള്ളവർക്കായി കരുണയോടെ ഇവിടെ വച്ചുപോയിരിക്കുന്നു. അല്ലയോ അരവിന്ദാക്ഷനായ ഭഗവാനേ!, ഭക്തിഹീനരായ ചിലർ ചില പഴുതുകളിലൂടെ അങ്ങയെ പ്രാപിക്കുവാൻ ശ്രമിക്കുന്നുവെങ്കിലും അവർ പലസ്ഥാനങ്ങളിൽനിന്നും വഴുതിവീഴുന്നു. മാധവാ!, എന്നാൽ അങ്ങയുടെ ഭക്തന്മാർക്ക് ഒരിക്കലും അധഃപതനം സംഭവിക്കുന്നില്ല. പ്രഭോ!, അവർ അങ്ങയുടെ പരിരക്ഷണയിൽ സർവ്വവിഘ്നങ്ങളേയും മറികടക്കുന്നു. വിശ്വസംരക്ഷണത്തിന്നായി അങ്ങ് പലേ അവതാരങ്ങൾ എടുക്കുന്നു. ആയതിനാൽ മനുഷ്യർ അങ്ങയെ പലവിധത്തിൽ ആരാധിക്കുകയും ചെയ്യുന്നു. ആ രൂപത്തിലൂടെയും അവരുടെ ഉപാസനകളിലൂടെയും മാത്രമാണു അവർക്ക് വിജ്ഞാനമുണ്ടാകുന്നതു. ആശ്രയിക്കുന്നവരെ അങ്ങ് നിരന്തരം അനുഗ്രഹിക്കുകയും ചെയ്യുന്നു. ഭഗവാനേ!, അവിടുത്തെ മഹിമകൾ ആർക്കും കണ്ടറിയാവുന്നതല്ല. എങ്കിലും ഉപാസനയിലൂടെ അവിടുത്തെ ഭക്തന്മാർ മാത്രം അങ്ങയെ അറിയുന്നു. അവിടുത്തെ ലീലകളെ കേൾക്കുകയോ ഓർക്കുകയോ അന്യരെ ഓർമ്മിപ്പിക്കുകയോ ചെയ്തുകൊണ്ട് സർവ്വകർമ്മങ്ങളും അങ്ങയുടെ പാദത്തിലർപ്പിച്ചുകൊണ്ടു അവയെ ചെയ്യുന്നവനു സാംസാരത്തിൽ പുനർജനിക്കേണ്ടിവരുന്നില്ല. ഭഗവാനേ!, അങ്ങയുടെ അവതാരം കൊണ്ട് ഈ ഭൂമിയുടെ ദുഃഖം അവസാനിക്കാൻ പോകുന്നു. ഈ ഭൂമിയിൽ അവിടുത്തെ പിഞ്ചുകാലടികൾ പതിയുന്നതായി ഞങ്ങൾ കാണാൻ പോകുന്നു. മഹാഭാഗ്യംതന്നെ. ഈശ്വരാ!, ജന്മരഹിതനായ അങ്ങ് ജന്മമെടുക്കുന്നത് അവിടുത്തെ ലീലയെന്നുമാത്രമേ ഞങ്ങൾക്കറിയാൻ സാധിക്കുന്നുള്ളൂ. ഭഗവാനേ!, ജീവാത്മാക്കളിൽ ഉണ്ടെന്നുതോന്നുന്ന ആ സൃഷ്ടിസ്ഥിത്യന്തങ്ങൾ അങ്ങയിൽ അവിടുത്തെ മായയാൽ അരോപിക്കപ്പെട്ടതുമാത്രമാണു. മത്സ്യം, ഹയഗ്രീവൻ, കൂർമ്മം, നരസിംഹം, വരാഹം, ഹംസം, ശ്രീരാമൻ, പരശുരാമൻ, വാമനൻ എന്നീ രൂപങ്ങളിൽ അവതാരം കൊണ്ട് ഞങ്ങളെ ഈ ലോകത്തേയും അങ്ങ് പാലിച്ച പ്രകാരം ഭൂമിയുടേയും ഭാരം തീർത്തനുഗ്രഹിച്ചുകൊണ്ടാലും. അവിടുത്തേയ്ക്ക് നമസ്കാരം.

രാജൻ!, തുടർന്ന് ബ്രഹ്മാദികൾ ദേവകീദേവിയോടു പറഞ്ഞു: മാതാവേ!, പരമപുരുഷനായ ഭഗവാൻ ഞങ്ങൾക്ക് സർവ്വമംഗളങ്ങളും നേരുന്നതിനായി അവിടുത്തെ ഗർഭത്തിൽ എത്തിക്കഴിഞ്ഞു. അക്കാരണത്താൽ കംസൻ സദാസമയവും മരണത്തെ ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണു. ആയതിനാൽ ഇനി അവനിൽനിന്നുള്ള ഭയം അമ്മയ്ക്ക് വേണ്ടാ. ഭഗവാൻ യാദവന്മാരുടെ രക്ഷിതാവായിക്കൊള്ളും.

അല്ലയോ പരീക്ഷിത്ത് രാജാവേ!, ഈ പ്രപഞ്ചത്തിനെല്ലാം ആധാരഭൂതനായി അതിനകം‌പുറം കൊണ്ടുനിൽക്കുന്നവനും, എന്നാൽ അവയിൽനിന്നന്യമായി പുരുഷാകാരം കൊണ്ടുനിൽക്കുന്നവനുമായ ശ്രീഹരിയെ ദേവന്മാർ ബ്രഹ്മാദികളെ മുൻ‌നിർത്തിക്കൊണ്ട് സ്തുതിച്ചതിനുശേഷം തിരിച്ച് ദേവലോകത്തിലേക്ക് പോയി.

 

ശ്രീമദ്ഭാഗവതം ദശമസ്കന്ധം രണ്ടാമദ്ധ്യായം സമാപിച്ചു.

 

ഓം തത് സത്.

 

 

Previous    Next

2020, സെപ്റ്റംബർ 16, ബുധനാഴ്‌ച

10.1 ശ്രീകൃഷ്ണാവതാരഹേതു.

 ഓം

 

ശ്രീമദ്ഭാഗവതം ദശമസ്കന്ധം അദ്ധ്യായം‌ 1

(ശ്രീകൃഷ്ണാവതാരഹേതു)

 

പരീക്ഷിത്ത് രാജാവ് ശ്രീശുകബ്രഹ്മർഷിയോട് ചോദിച്ചു: അല്ലയോ മുനിസത്തമാ!, അങ്ങിതുവരെ ഞങ്ങൾക്ക് ചന്ദ്രവംശത്തിന്റേയും സൂര്യവംശത്തിന്റേയും പരമ്പരകളെക്കുറിച്ചും, അതിൽ വന്നുപിറന്ന രാജാക്കന്മാരുടെ അതിശയകരമായ ചരിത്രത്തെക്കുറിച്ചും, അതുപോലെ ധർമ്മശീലനായ യദുരാജാവിന്റെ ചരിത്രവും വിശദീകരിച്ചുപറഞ്ഞുതന്നു. ഇനി ആ യദുവംശത്തിൽ അവതരിച്ച ശ്രീമഹാവിഷ്ണുവിന്റെ ലീലകളെ ഞങ്ങൾക്ക് പറഞ്ഞുതന്നാലും. ഭൂതഭാവനനും വിശ്വാത്മാവുമായ ഭഗവാൻ യദുവംശത്തിൽ പിറന്നതിനുശേഷം എന്തെല്ലം പരാക്രമങ്ങൾ ചെയ്തുവോ, അവയെല്ലാം ഞങ്ങൾക്ക് വിസ്തരിച്ച് പറഞ്ഞുതരിക. ആ മഹിമകളെ ലൌകികനിവൃത്തി വന്നവരായ സത്തുക്കൾ സദാ പാടിപ്പുകഴ്ത്തുന്നു. സംസാരമാകുന്ന രോഗത്തിന് അത് സിദ്ധൌഷധമാണു. കാതും കരളും കവരുന്ന ആ മഹിമകളെ കീർത്തനം ചെയ്യുവാൻ ഗോഹത്യ ചെയ്യുന്ന ചണ്ഡാളനൊഴികെ മറ്റാരും മടി കാണിക്കുന്നില്ല. അല്ലയോ ആത്മജ്ഞാനിയായ മുനിശ്രേഷ്ഠാ!, എന്റെ മുത്തച്ഛന്മാരായ പാണ്ഡവന്മാർ ആ ഭഗവാനാകുന്ന കപ്പലിലായിരുന്നു ദേവന്മാരെപോലും ജയിക്കാൻ കരുത്തുള്ള ഭീഷ്മരെപ്പോലുള്ള മഹാരഥന്മാരടങ്ങുന്ന കൌരവസേനയാകുന്ന മഹാസമുദ്രത്തെ കാലികുളമ്പുചാൽ‌പോലെ വളരെ നിസ്സാരമായി അക്കര കടന്നതു. ആ പരമപുരുഷനായിരുന്നു അന്ന് അശ്വത്ഥാമാവിന്റെ ബ്രഹ്മാസ്ത്രത്താൽ വെന്തുകരിയാൻ തുടങ്ങിയവനും കൌരവപാണ്ഡവന്മാരുടെ സന്താനബീജവുമായ എന്നെ എന്റെ അമ്മയുടെ പ്രാർത്ഥന കേട്ടപ്പോൾ തൃക്കരത്തിൽ ചക്രായുധമേന്തി അവളുടെ ജഠരത്തിൽ കടന്നു കാത്തുരക്ഷിച്ചതും. സകലഭൂതങ്ങൾക്കും ഉള്ളിൽ ആത്മസ്വരൂപനായും പുറമേ കാലസ്വരൂപനായും നിന്നുകൊണ്ട് അവയ്ക്ക് സംസാരബന്ധത്തേയും മോക്ഷത്തേയും കൊടുത്തുകൊണ്ട് വിളയാടുന്ന ആ മായാമനുഷന്റെ വീര്യകർമ്മങ്ങളെ ഞങ്ങൾക്ക് പറഞ്ഞുതന്നാലും. ഗുരോ!, സങ്കർഷണമൂർത്തിയായ ബലരാമൻ രോഹിണിയുടെ പുത്രനാണെന്ന് അങ്ങ് പറഞ്ഞുവല്ലോ. എന്നാൽ എന്ത് നിമിത്തമായാണു അദ്ദേഹത്തിന് ദേവകീദേവിയുമായുള്ള ഗർഭസംബന്ധമുണ്ടായതു?. എന്തിനുവേണ്ടിയായിരുന്നു ഭഗവാൻ പിതാവിന്റെ ഗൃഹത്തിൽനിന്നും പുറപ്പെട്ട് ഗോകുലത്തിലേക്ക് പോയതു?. അവൻ സ്വജനങ്ങളോടെപ്പം എവിടെയായിരുന്നു വസിച്ചിരുന്നതു?. ഗോകുലത്തിലും മഥുരാപുരിയിലുമൊക്കെ താമസിച്ചുകൊണ്ട് അവൻ എന്തൊക്കെ ലീലകളാണാടിയിരുന്നതു?. അമ്മാവനായ കംസനെ എന്തിനുവേണ്ടിയായിരുന്നു ഭഗവാൻ വധിച്ചതു?. മനുഷ്യാകൃതിയിൽ അവൻ വൃഷ്ണികളോടൊത്ത് എത്രകാലം യദുപുരിയിൽ താമസിച്ചു?. അവന്ന് എത്ര പത്നിമാരുണ്ടായിരുന്നു? ഇവയുൾപ്പെടുന്ന അവന്റെ എല്ലാ വീര്യകർമ്മങ്ങളും എല്ലാമറിയുന്ന അങ്ങ് ശ്രദ്ധാലുവായ എനിക്ക് വിസ്തരിച്ച് പറഞ്ഞുതരണം. അങ്ങയുടെ മുഖമാകുന്ന ഈ ചന്ദ്രബിംബത്തിൽനിന്നൊഴുകിവരുന്ന ഭഗവദ്‌ലീലാമൃതത്തെ പാനം ചെയ്യുന്നതുകൊണ്ടാവാം വിശപ്പും ദാഹവും എന്നെ ഒട്ടുംതന്നെ ബാധിക്കുന്നില്ല.

സൂതൻ പറഞ്ഞു: അല്ലയോ ശൌനകാ!, ഇങ്ങനെ ഉത്തമമായ ചോദ്യങ്ങൾ കേട്ട് സർവ്വജ്ഞനായ ശ്രീശുകൻ ശ്രീപരീക്ഷിത്തിനെ അഭിനന്ദിച്ചുകൊണ്ട് അദ്ദേഹത്തോട് കലികൽമഷം തീർക്കുന്ന കൃഷ്ണകഥയെ പറയുവാൻ തുടങ്ങി.

ശ്രീശുകൻ പറഞ്ഞു: ഹേ രാജർഷിശ്രേഷ്ഠാ!, അങ്ങയുടെ ബുദ്ധി സത്വാധിഷ്ഠിതമാണു. കാരണം, അങ്ങ് ശ്രീകൃഷ്ണസൽകഥ കേൾക്കുവാൻ ഉത്സുഹിതനായിരിക്കുന്നു. ഗംഗ മൂന്നുലോകങ്ങളേയും എന്നതുപോലെ, അങ്ങയുടെ ചോദ്യങ്ങളിലൂടെ ശ്രീകൃഷ്ണകഥാമൃതം ചോദ്യകർത്താവിനേയും, പ്രാസാംഗികനേയും ശ്രോതാക്കളേയും ഒരു പോലെ ശുദ്ധീകരിക്കുന്നു.

രാജൻ!, അഹങ്കാരികളായ രാജാക്കന്മാരുടെ വേഷത്തിൽ കുറെ അസുരന്മാർ വന്നുപിറന്നപ്പോൾ ഭൂമീദേവി ദുഃഖിതയായി. വർദ്ധിച്ച ഭാരത്തോടെ അവൾ വന്നു ബ്രഹ്മദേവനെ ശരണം പ്രാപിച്ചു. അവൾ ഒരു ഗോരൂപം പൂണ്ട് ദുഃഖിതയായി വിലപിച്ചുകൊണ്ട് കണ്ണീരുമൊലിപ്പിച്ച് ബ്രഹ്മദേവന്റെ മുന്നിൽ ചെന്ന് കൂപ്പുകൈകളോടെ തന്റെ വേദനയറിയിച്ചു. വിധാതാവ് അവളുടെ സങ്കടം കേട്ടുകഴിഞ്ഞപ്പോൾ അവളെയും കൂട്ടി കൈലാസത്തിലെത്തി മഹാദേവനുമായി പാൽക്കടൽ‌തീരത്തേക്ക് പോയി. അവിടെയെത്തിയ ബ്രഹ്മദേവൻ സർവ്വലോകനായകനും ഭക്തവത്സലനുമായ ഭഗവാൻ ശ്രീഹരിയെ പുരുഷസൂക്തം കൊണ്ട് വാഴ്ത്തിസ്തുതിച്ചു. സമാധിയിലായപ്പോൾ ഭഗവാന്റെ വചനങ്ങൾ ബ്രഹ്മദേവൻ കേട്ടു. ആ വാക്കുകൾ കേട്ടയുടൻ അദ്ദേഹം ദേവഗണങ്ങളോടു പറഞ്ഞു: അല്ലയോ ദേവന്മാരേ!, എന്റെ വാക്കുകൾ നിങ്ങൾ ശ്രദ്ധിച്ചുകേൾക്കുക!. ഒട്ടും താമസിക്കാതെ ഞാൻ പറയുന്നവിധം പ്രവർത്തിക്കുക!. ഭഗവാൻ നാരായണൻ ഭൂമിയുടെ ദുഃഖം മുൻ‌കൂട്ടി അറിഞ്ഞിരിക്കുന്നു. അവളുടെ ദുഃഖം തീർക്കാൻ അവൻ ഭൂമിയിൽ അവതരിക്കാൻ പോകുകയാണു. എത്രനാൾ അവൻ അവിടെയുണ്ടോ, അത്രയുംകാലം നിങ്ങളും അവിടെ യാദവന്മാർക്കിടയിൽ ജനിക്കേണ്ടിയിരിക്കുന്നു. ആ പരമപുരുഷൻ അവിടെ വസുദേവരുടെ ഭവനത്തിൽ വന്നവതരിക്കും. അവിടുത്തെ പ്രീതിക്കായി ദേവസ്ത്രീകൾ ജനിക്കുകൊള്ളട്ടെ!. ആ ശ്രീഹരിക്ക് പ്രിയം ചെയ്യുവാനായി ആയിരം മുഖങ്ങളോടുകൂടിയ ആദിശേഷൻ മുന്നേതന്നെ അവിടെ അവതരിക്കുന്നതാണു. ഈ ലോകം മുഴുവൻ മോഹിക്കുന്ന ഭഗവന്മായയും അവനാൽ നിയോഗിതയായി ഉദ്ദിഷ്ടകാര്യത്തിനായി അവതരിക്കും.

രാജൻ!, ബ്രഹ്മദേവൻ ദേവന്മാരോട് ഇങ്ങനെ ആജ്ഞാപിച്ചതിനുശേഷം, ഭൂമീദേവിയെ സമാധാനിപ്പിച്ച്, തന്റെ ലോകത്തിലേക്ക് യാത്രയായി. യാദവരാജാവായ ശൂരസേനൻ പണ്ട് മഥുരയിലുണ്ടായിരുന്നപ്പോൾ ശൂരസേനം മുതലായ പ്രദേശങ്ങൾ മഥുരയോടുചേർത്ത് ഭരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അങ്ങനെ മഥുരാപുരി എല്ലാ യദുവംശരാജാക്കന്മാരുടേയും രാജാധാനിയായിമാറി. അവിടെ ഭഗവാൻ ശ്രീഹരി എന്നെന്നും സന്നിഹിതനാണു.

രാജാവേ!, ഒരിക്കൽ ശൂരൻ എന്ന ഒരു യാദവരാജാവിന്റെ മകനായ വസുദേവൻ മഥുരാപുരിയിൽ ദേവകീദേവിയെ വിവാഹം ചെയ്ത് പത്നിയോടൊപ്പം സ്വഗൃഹത്തിലേക്ക് പോകുവാനായി രഥത്തിൽ കയറി. അവളുടെ സഹോദരനായിരുന്ന കംസൻ സഹോദരിക്ക് സന്തോഷമാകുവാനായി സ്വയം രഥം തെളിക്കുവാൻ തീരുമാനിച്ചു. ആ സമയത്ത് അവളുടെ പിതാവായ ദേവകൻ തന്റെ പുത്രിക്ക് പൊന്നിൻ‌ചങ്ങലയിട്ട നാനൂറ് ആനകളേയും പതിനായിരം കുതിരകളേയും ആയിരത്തിയെണ്ണൂറ് തേരുകളേയും ഇരുനൂറ് തോഴിമാരേയും സ്ത്രീധനമായി നൽകി. യാത്ര തുടങ്ങാനൊരുങ്ങുമ്പോൾ മംഗളസൂചകമായി ശംഖം, പെരുമ്പറ മുതലായ ഭേരികൾ മുഴങ്ങി. രാജൻ! പെട്ടെന്നായിരുന്നു, കടിഞ്ഞാൺ പിടിച്ചുകൊണ്ടിരിന്ന കംസനെ സംബോധന ചെയ്തുകൊണ്ട് ആകാശത്തിൽ ഒരശ്ശരീരിയുണ്ടായതു. അത് ഇപ്രകാരമായിന്നു: മൂഢാ!, നീ ആരെയാണോ ഈ തേരിലേറ്റിക്കൊണ്ട് പോകുന്നത്, അവളുടെ എട്ടാമത്തെ പുത്രൻ നിന്നെ കൊല്ലുന്നതാണു. രാജൻ!, ദുഷ്ടനും പാപിയും ഭോജവംശത്തിന് കളങ്കവുമായ അവൻ സ്വസഹോദരിയെ വധിക്കുവാനായി കൈയ്യിൽ വാളുമെടുത്ത് അവളുടെ തലമുടിക്ക് ചുറ്റിപ്പിടിച്ചു. ആ സമയം, വസുദേവനാകട്ടെ, നിർല്ലജ്ജനായ കംസനെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു: ഹേ രാജൻ!, അങ്ങ് ഭോജവംശത്തിന്റെ കീർത്തി വളർത്തേണ്ടവനാണു. ഒരു സ്ത്രീയെ, വിശേഷിച്ച് സ്വന്തം സഹോദരിയായാവളെ, അതും അവളുടെ വിവാഹദിവസംതന്നെ ഇങ്ങനെ വെട്ടിക്കൊല്ലുന്നത് ഉചിതമാണോ?. അല്ലയോ വീരാ!, ജനിച്ചവർക്ക് മരണം ശരീരത്തോടൊപ്പംതന്നെ നിശ്ചയിക്കപ്പെട്ടിട്ടുള്ളതാണു. ഇപ്പോഴല്ലെങ്കിൽ ഒരു നൂറ് വർഷം കഴിഞ്ഞെങ്കിലും അതുറപ്പാണു. മരണാവസ്ഥയിൽ ജീവൻ കർമ്മാധീനനായി അസ്വന്തന്ത്രനായി മറ്റൊരു ശരീരത്തെ പിടികൂടി പഴയതിനെ സ്വയം ഉപേക്സിക്കുന്നു. എപ്രകാരമാണോ നടന്നുപോകുന്നവൻ ഒരുകാൽ നിലത്തൂന്നി മറ്റേക്കാൽ ഉയർത്തി നടന്നുപോകുന്നതു, ഏതുവിധമാണോ അട്ടകൾ മറ്റൊരു പുല്ലിൽ എത്തിപ്പിടിച്ചതിനുശേഷം ഇരിക്കുന്ന പുല്ലിനെ എപ്രകാരം ഉപേക്ഷിക്കുന്നുവോ, അതേവിധം ജീവൻ നവശരീരത്തെ കണ്ടെത്തിയ ശേഷം പൂർവ്വശരീരം വിട്ടുകളയുന്നു. ഒരു മഹാപ്രതിഭയെ കണ്ട് അയാളിൽ മനസ്സിണങ്ങിയാൽ, കാണുന്നവൻ ആ പ്രതിഭയെകുറിച്ച് നിത്യനിരന്തരമായി ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ, അത്തരത്തിലുള്ള മനോരഥത്തിനടിമപ്പെട്ട് സ്വയത്തെ അയാളായി കണ്ടറിയുന്നതുപോലെ, ജീവനും തനിക്കുണ്ടായിരുന്ന പൂർവ്വദേഹത്തെ മറന്നുകളയുന്നു. വികാരത്തിനടിപ്പെട്ടതും കർമ്മപ്രേരിതവുമായ മനസ്സ്, ഈശ്വരനാൽ പൃഥിവ്യാദി                                  പഞ്ചഭൂതങ്ങളാൽ നിർമ്മിതമായ യാതൊരു ശരീരത്തിലേക്ക് പാഞ്ഞുപോകുന്നുവോ, ജീവന്മാർ അതിനെ പ്രാപിച്ചുകൊണ്ട് വീണ്ടും ജനിക്കുന്നു. എപ്രകാരമാണോ ആകാശത്തിലെ ഒരു തേജോഗോളം ഭൂമിയിലെ ഒരു ജലാശയത്തിൽ പ്രതിബിംബിച്ചുകൊണ്ട് കാറ്റിനൊത്ത് ഇളകുന്നതു, അതുപോലെ ജീവനും തന്റെ അജ്ഞാനത്താലുണ്ടായ ഈ ശരീരത്തിൽ പ്രതിബിംബിച്ചുകൊണ്ട് മോഹിക്കുന്നു. അങ്ങനെയുള്ള അവൻ തന്റെ നന്മയെ ഓർത്തുകൊണ്ട് ഒരിക്കലും മറ്റൊരാൾക്ക് ദ്രോഹം ചെയ്തുകൂടാ. അങ്ങനെ ചെയ്യുന്നവനെ ഭയം പിന്തുടരുന്നു. അങ്ങയുടെ അനുജത്തിയായ ഈ പാവം ചെറു പെൺകിടാവ് പാവകളെപ്പോലെ കാട്ടിയതു കാണുന്നവൾ മാത്രമാണു. ദീനാനുകമ്പയുള്ള അങ്ങ് നിർദ്ദോഷിയായ ഇവളെ കൊല്ലരുതു.

രാജാവേ!, ഇങ്ങനെ സാമഭേദങ്ങളിലൂടെ ഉപദേശിച്ചിട്ടും ദാരുണനായ കംസൻ തന്റെ സഹോദരിയുടെ വധത്തിൽനിന്നും പിന്മാറിയില്ല. വസുദേവൻ അവന്റെ നിർബന്ധത്തെ മനസ്സിലാക്കി തൽക്കാലം വന്നടുത്ത ആപത്തിൽനിന്ന് രക്ഷപെടുവാനായി ഇങ്ങനെ ചിന്തിച്ചു. ഒരുവൻ തന്റെ ബുദ്ധിശക്തിക്കനുസരിച്ച് മരണം തടയേണ്ടതാണു. എന്നിട്ടും പറ്റിയില്ലെങ്കിൽ പിന്നെ അവൻ നിർദ്ദോഷിയാകുന്നു. തനിക്ക് മക്കളുണ്ടാകുന്ന കാലത്തിനുള്ളിൽ ഇവൻ മരണപ്പെട്ടുപോയില്ലെങ്കിൽ ഇവന് തന്റെ മക്കളെ കൊടുത്തിട്ട് ദീനയായ ഇവളെ രക്ഷപെടുത്താം. ഇനി തന്റെ മകൻ കംസന്റെ അന്തകനാകാതിരിക്കുമെന്ന് ആരു കണ്ടു?. ദൈവഹിതം ആർക്ക് തടുക്കുവാൻ കഴിയും?. അടുത്തുവന്നിരിക്കുന്ന ഈ അപകടം തൽക്കാലം മാറിപ്പോകട്ടെ. മാറിപ്പോകുന്നത് വീണ്ടും വന്നുചേരുമെന്നുള്ളതും ശരിതന്നെ. കാട്ടുതീയിൽ ചിലമരങ്ങൾ രക്ഷപെടുകയും മറ്റു ചിലവ കത്തി നശിക്കുകയും ചെയ്യുന്നതിനു കാരണം വിധി ഒന്നുമാത്രമാണു. അതുപോലെ ജീവന്ന് ശരീരത്തോടുള്ള ചേർച്ചയും വിയോഗവും ആർക്കും ഊഹിക്കാൻ തരമുള്ളതല്ല. രാജാവേ!, വസുദേവൻ തന്റെ ബുദ്ധിശക്തിക്കനുസരിച്ച് ഈവിധം ചിന്തിച്ചുറപ്പിച്ച് പാപിയായ കംസനെ ആരാധിക്കുവാൻ തുടങ്ങി. ഉള്ളിലെ വേദന കടിച്ചമർത്തി പുറമേ ചിരിച്ചുകൊണ്ട് അദ്ദേഹം നിർല്ലജ്ജനായ കംസനോട് ഇങ്ങനെ പറഞ്ഞു: ഹേ സൌ‌മ്യശീലാ!, അങ്ങ് കേട്ട ആ അശരീരിയെ ഓർത്ത് അങ്ങേയ്ക്ക് ഇവളിൽ ഭയം തോന്നേണ്ട ആവശ്യമില്ല. കാരണം, ഇവൾക്കുണ്ടാകുന്ന പുത്രന്മാരെ ഒന്നൊഴിയാതെ ഞാൻ അങ്ങേയ്ക്ക് തന്നുകൊള്ളാം.                                          

അല്ലയോ പരീക്ഷിത്ത് രാജൻ!, വസുദേവരുടെ വാക്കുകൾ കേട്ട് ശാന്തനായ കംസൻ തൽക്കാലം സഹോദരിയുടെ വധശ്രമം ഉപേക്ഷിച്ചു. വസുദേവൻ കംസനെ പ്രശംസിച്ചുകൊണ്ട് ഭാര്യയോടൊത്ത് സ്വഗൃഹത്തിലേക്ക് യാത്രയായി. രാജൻ!, അനുവത്സരം ദേവകി പ്രസവിച്ചു. അവക്ക് എട്ടു പുത്രന്മാരും ഒരു പുത്രിയും പിറന്നു. അസത്യത്തെ അങ്ങേയറ്റം ഭയന്നിരുന്ന വസുദേവൻ അദ്ദേഹത്തിന്റെ ആദ്യപുത്രനായ കീർത്തിമാനെ അതീവദുഃഖത്തോടെ പറഞ്ഞുറപ്പിച്ച പ്രകാരം കംസന്ന് കാഴ്ചവച്ചു. സത്യസന്ധന്മാർക്ക് എന്താണിവിടെ അസഹനീയമായുള്ളതു?. ജ്ഞാനികൾക്ക് എന്താണിവിടെ നേടാനുള്ളതു?. എന്താണ് നീചന്മാർക്ക് ചെയ്യാൻ കഴിയാത്തതു?. അതുപോലെ ധീരന്മാർക്ക് ത്യജിക്കാൻ കഴിയാത്തതായി എന്താണിവിടെയുള്ളതു?. രാജാവേ!, വസുദേവരുടെ സത്യത്തിലുള്ള സ്ഥിരതയെ കണ്ട് കംസൻ ചിരിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: ഇവനെ നിങ്ങൾ കൊണ്ടുപൊയ്ക്കൊള്ളൂ!. നിങ്ങളുടെ എട്ടാമത്തെ പുത്രനിൽനിന്നാണല്ലോ എനിക്ക് മരണം സംഭവിക്കുമെന്ന് വന്നതു. ആയതിനാൽ ഇവനെ ഞാൻ പേടിക്കുന്നില്ല. അങ്ങനെയാകട്ടെ!, എന്നുപറഞ്ഞു വസുദേവൻ കുഞ്ഞിനെ എടുത്ത് യാത്രയായി. മനോനിയന്ത്രണമില്ലാത്ത അവന്റെ ആ വാക്കുകളെ അദ്ദേഹം അത്രകാര്യമായി എടുത്തിരുന്നില്ല.

രാജൻ!, ആ സമയം, ഭഗവാൻ ശ്രീനാരദൻ കംസന്റെ കൊട്ടാരത്തിലെത്തി നന്ദാദി ഗോപന്മാരെക്കുറിച്ചും വൃഷ്ണികളെക്കുറിച്ചും കംസന്റെ അനുവർത്തികളെപ്പറ്റിയും അല്ലാത്തവരെപറ്റിയും അസുരന്മാർക്ക് സംഭവിച്ചേക്കാവുന്ന വധശ്രമത്തെക്കുറിച്ചുമൊക്കെ അയാളെ ബോധവാനാക്കി. അന്നുമുതൽ യാദവന്മാർ ദേവന്മാരാണെന്നും ദേവകിയുടെ ഗർഭത്തിൽ ജനിച്ച് തന്നെ കൊല്ലാൻ പോകുന്നത് വിഷ്ണുവാണെന്നും കരുതിത്തുടങ്ങി. അവൻ ദേവകീവസുദേവന്മാരെ തടവറയിൽ ചങ്ങലയ്ക്കിട്ടു. അവർക്കുണ്ടാകുന്ന കുട്ടികളെയെല്ലാം ഒന്നൊന്നായി കൊന്നുതുടങ്ങി. ഭൂമിയിലെ സ്വാർത്ഥരും ലോഭികളുമായ രാജാക്കന്മാർ മാതാവിനേയും പിതാവിനേയും മറ്റ് ബന്ധുമിത്രാദികളേയും കൊല്ലുന്നത് പതിവാണല്ലോ!. നാരദർ പറഞ്ഞറിയിച്ച പ്രകാരം, താൻ പണ്ട് മഹാവിഷ്ണുവാൽ കൊല്ലപ്പെട്ട കാലനേമിയാണെന്നറിഞ്ഞുകൊണ്ട് അവൻ യാദവന്മാരെ വിദ്വേഷിച്ചുതുടങ്ങി. കംസൻ യദുക്കളുടേയും ഭോജന്മാരുടേയും അന്ധകന്മാരുടേയുമെല്ലാം രാജാവായിരുന്ന തന്റെ പിതാവ് ഉഗ്രസേനനെ പോലും പിടിച്ച് തടവിലിട്ടുകൊണ്ട് ശൂരസേനരാജ്യത്തെ സ്വയം ഭരിച്ചുകൊണ്ടിരുന്നു.

 

 

ശ്രീമദ്ഭാഗവതം ദശമസ്കന്ധം ഒന്നാമദ്ധ്യായം സമാപിച്ചു.

 

ഓം തത് സത്.

 

 

Previous    Next