ഓം
ശ്രീമദ്ഭാഗവതം ദശമസ്കന്ധം അദ്ധ്യായം 1
(ശ്രീകൃഷ്ണാവതാരഹേതു)
സൂതൻ പറഞ്ഞു: “അല്ലയോ ശൌനകാ!, ഇങ്ങനെ ഉത്തമമായ ചോദ്യങ്ങൾ
കേട്ട് സർവ്വജ്ഞനായ ശ്രീശുകൻ ശ്രീപരീക്ഷിത്തിനെ അഭിനന്ദിച്ചുകൊണ്ട് അദ്ദേഹത്തോട് കലികൽമഷം
തീർക്കുന്ന കൃഷ്ണകഥയെ പറയുവാൻ തുടങ്ങി.”
ശ്രീശുകൻ പറഞ്ഞു: “ഹേ രാജർഷിശ്രേഷ്ഠാ!, അങ്ങയുടെ ബുദ്ധി സത്വാധിഷ്ഠിതമാണു.
കാരണം, അങ്ങ് ശ്രീകൃഷ്ണസൽകഥ കേൾക്കുവാൻ ഉത്സുഹിതനായിരിക്കുന്നു. ഗംഗ മൂന്നുലോകങ്ങളേയും
എന്നതുപോലെ, അങ്ങയുടെ ചോദ്യങ്ങളിലൂടെ ശ്രീകൃഷ്ണകഥാമൃതം ചോദ്യകർത്താവിനേയും, പ്രാസാംഗികനേയും
ശ്രോതാക്കളേയും ഒരു പോലെ ശുദ്ധീകരിക്കുന്നു.
രാജൻ!, അഹങ്കാരികളായ രാജാക്കന്മാരുടെ
വേഷത്തിൽ കുറെ അസുരന്മാർ വന്നുപിറന്നപ്പോൾ ഭൂമീദേവി ദുഃഖിതയായി. വർദ്ധിച്ച ഭാരത്തോടെ
അവൾ വന്നു ബ്രഹ്മദേവനെ ശരണം പ്രാപിച്ചു. അവൾ ഒരു ഗോരൂപം പൂണ്ട് ദുഃഖിതയായി വിലപിച്ചുകൊണ്ട്
കണ്ണീരുമൊലിപ്പിച്ച് ബ്രഹ്മദേവന്റെ മുന്നിൽ ചെന്ന് കൂപ്പുകൈകളോടെ തന്റെ വേദനയറിയിച്ചു.
വിധാതാവ് അവളുടെ സങ്കടം കേട്ടുകഴിഞ്ഞപ്പോൾ അവളെയും കൂട്ടി കൈലാസത്തിലെത്തി മഹാദേവനുമായി
പാൽക്കടൽതീരത്തേക്ക് പോയി. അവിടെയെത്തിയ ബ്രഹ്മദേവൻ സർവ്വലോകനായകനും ഭക്തവത്സലനുമായ
ഭഗവാൻ ശ്രീഹരിയെ പുരുഷസൂക്തം കൊണ്ട് വാഴ്ത്തിസ്തുതിച്ചു. സമാധിയിലായപ്പോൾ ഭഗവാന്റെ
വചനങ്ങൾ ബ്രഹ്മദേവൻ കേട്ടു. ആ വാക്കുകൾ കേട്ടയുടൻ അദ്ദേഹം ദേവഗണങ്ങളോടു പറഞ്ഞു: “അല്ലയോ ദേവന്മാരേ!, എന്റെ വാക്കുകൾ നിങ്ങൾ
ശ്രദ്ധിച്ചുകേൾക്കുക!. ഒട്ടും താമസിക്കാതെ ഞാൻ പറയുന്നവിധം പ്രവർത്തിക്കുക!. ഭഗവാൻ
നാരായണൻ ഭൂമിയുടെ ദുഃഖം മുൻകൂട്ടി അറിഞ്ഞിരിക്കുന്നു. അവളുടെ ദുഃഖം തീർക്കാൻ അവൻ ഭൂമിയിൽ
അവതരിക്കാൻ പോകുകയാണു. എത്രനാൾ അവൻ അവിടെയുണ്ടോ, അത്രയുംകാലം നിങ്ങളും അവിടെ യാദവന്മാർക്കിടയിൽ
ജനിക്കേണ്ടിയിരിക്കുന്നു. ആ പരമപുരുഷൻ അവിടെ വസുദേവരുടെ ഭവനത്തിൽ വന്നവതരിക്കും. അവിടുത്തെ
പ്രീതിക്കായി ദേവസ്ത്രീകൾ ജനിക്കുകൊള്ളട്ടെ!. ആ ശ്രീഹരിക്ക് പ്രിയം ചെയ്യുവാനായി ആയിരം
മുഖങ്ങളോടുകൂടിയ ആദിശേഷൻ മുന്നേതന്നെ അവിടെ അവതരിക്കുന്നതാണു. ഈ ലോകം മുഴുവൻ മോഹിക്കുന്ന
ഭഗവന്മായയും അവനാൽ നിയോഗിതയായി ഉദ്ദിഷ്ടകാര്യത്തിനായി അവതരിക്കും.”
രാജൻ!, ബ്രഹ്മദേവൻ ദേവന്മാരോട്
ഇങ്ങനെ ആജ്ഞാപിച്ചതിനുശേഷം, ഭൂമീദേവിയെ സമാധാനിപ്പിച്ച്, തന്റെ ലോകത്തിലേക്ക് യാത്രയായി.
യാദവരാജാവായ ശൂരസേനൻ പണ്ട് മഥുരയിലുണ്ടായിരുന്നപ്പോൾ ശൂരസേനം മുതലായ പ്രദേശങ്ങൾ മഥുരയോടുചേർത്ത്
ഭരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അങ്ങനെ മഥുരാപുരി എല്ലാ യദുവംശരാജാക്കന്മാരുടേയും
രാജാധാനിയായിമാറി. അവിടെ ഭഗവാൻ ശ്രീഹരി എന്നെന്നും സന്നിഹിതനാണു.
രാജാവേ!, ഒരിക്കൽ ശൂരൻ എന്ന
ഒരു യാദവരാജാവിന്റെ മകനായ വസുദേവൻ മഥുരാപുരിയിൽ ദേവകീദേവിയെ വിവാഹം ചെയ്ത് പത്നിയോടൊപ്പം
സ്വഗൃഹത്തിലേക്ക് പോകുവാനായി രഥത്തിൽ കയറി. അവളുടെ സഹോദരനായിരുന്ന കംസൻ സഹോദരിക്ക്
സന്തോഷമാകുവാനായി സ്വയം രഥം തെളിക്കുവാൻ തീരുമാനിച്ചു. ആ സമയത്ത് അവളുടെ പിതാവായ ദേവകൻ
തന്റെ പുത്രിക്ക് പൊന്നിൻചങ്ങലയിട്ട നാനൂറ് ആനകളേയും പതിനായിരം കുതിരകളേയും ആയിരത്തിയെണ്ണൂറ്
തേരുകളേയും ഇരുനൂറ് തോഴിമാരേയും സ്ത്രീധനമായി നൽകി. യാത്ര തുടങ്ങാനൊരുങ്ങുമ്പോൾ മംഗളസൂചകമായി
ശംഖം, പെരുമ്പറ മുതലായ ഭേരികൾ മുഴങ്ങി. രാജൻ! പെട്ടെന്നായിരുന്നു, കടിഞ്ഞാൺ പിടിച്ചുകൊണ്ടിരിന്ന
കംസനെ സംബോധന ചെയ്തുകൊണ്ട് ആകാശത്തിൽ ഒരശ്ശരീരിയുണ്ടായതു. അത് ഇപ്രകാരമായിന്നു: “മൂഢാ!, നീ ആരെയാണോ ഈ തേരിലേറ്റിക്കൊണ്ട് പോകുന്നത്,
അവളുടെ എട്ടാമത്തെ പുത്രൻ നിന്നെ കൊല്ലുന്നതാണു.” രാജൻ!, ദുഷ്ടനും പാപിയും ഭോജവംശത്തിന് കളങ്കവുമായ അവൻ സ്വസഹോദരിയെ
വധിക്കുവാനായി കൈയ്യിൽ വാളുമെടുത്ത് അവളുടെ തലമുടിക്ക് ചുറ്റിപ്പിടിച്ചു. ആ സമയം, വസുദേവനാകട്ടെ,
നിർല്ലജ്ജനായ കംസനെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു: “ഹേ രാജൻ!, അങ്ങ് ഭോജവംശത്തിന്റെ കീർത്തി വളർത്തേണ്ടവനാണു. ഒരു
സ്ത്രീയെ, വിശേഷിച്ച് സ്വന്തം സഹോദരിയായാവളെ, അതും അവളുടെ വിവാഹദിവസംതന്നെ ഇങ്ങനെ വെട്ടിക്കൊല്ലുന്നത്
ഉചിതമാണോ?. അല്ലയോ വീരാ!, ജനിച്ചവർക്ക് മരണം ശരീരത്തോടൊപ്പംതന്നെ നിശ്ചയിക്കപ്പെട്ടിട്ടുള്ളതാണു.
ഇപ്പോഴല്ലെങ്കിൽ ഒരു നൂറ് വർഷം കഴിഞ്ഞെങ്കിലും അതുറപ്പാണു. മരണാവസ്ഥയിൽ ജീവൻ കർമ്മാധീനനായി
അസ്വന്തന്ത്രനായി മറ്റൊരു ശരീരത്തെ പിടികൂടി പഴയതിനെ സ്വയം ഉപേക്സിക്കുന്നു. എപ്രകാരമാണോ
നടന്നുപോകുന്നവൻ ഒരുകാൽ നിലത്തൂന്നി മറ്റേക്കാൽ ഉയർത്തി നടന്നുപോകുന്നതു, ഏതുവിധമാണോ
അട്ടകൾ മറ്റൊരു പുല്ലിൽ എത്തിപ്പിടിച്ചതിനുശേഷം ഇരിക്കുന്ന പുല്ലിനെ എപ്രകാരം ഉപേക്ഷിക്കുന്നുവോ,
അതേവിധം ജീവൻ നവശരീരത്തെ കണ്ടെത്തിയ ശേഷം പൂർവ്വശരീരം വിട്ടുകളയുന്നു. ഒരു മഹാപ്രതിഭയെ
കണ്ട് അയാളിൽ മനസ്സിണങ്ങിയാൽ, കാണുന്നവൻ ആ പ്രതിഭയെകുറിച്ച് നിത്യനിരന്തരമായി ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ,
അത്തരത്തിലുള്ള മനോരഥത്തിനടിമപ്പെട്ട് സ്വയത്തെ അയാളായി കണ്ടറിയുന്നതുപോലെ, ജീവനും
തനിക്കുണ്ടായിരുന്ന പൂർവ്വദേഹത്തെ മറന്നുകളയുന്നു. വികാരത്തിനടിപ്പെട്ടതും കർമ്മപ്രേരിതവുമായ മനസ്സ്, ഈശ്വരനാൽ പൃഥിവ്യാദി
പഞ്ചഭൂതങ്ങളാൽ
നിർമ്മിതമായ യാതൊരു ശരീരത്തിലേക്ക് പാഞ്ഞുപോകുന്നുവോ, ജീവന്മാർ അതിനെ പ്രാപിച്ചുകൊണ്ട്
വീണ്ടും ജനിക്കുന്നു. എപ്രകാരമാണോ ആകാശത്തിലെ ഒരു തേജോഗോളം ഭൂമിയിലെ ഒരു ജലാശയത്തിൽ
പ്രതിബിംബിച്ചുകൊണ്ട് കാറ്റിനൊത്ത് ഇളകുന്നതു, അതുപോലെ ജീവനും തന്റെ അജ്ഞാനത്താലുണ്ടായ
ഈ ശരീരത്തിൽ പ്രതിബിംബിച്ചുകൊണ്ട് മോഹിക്കുന്നു. അങ്ങനെയുള്ള അവൻ തന്റെ നന്മയെ ഓർത്തുകൊണ്ട്
ഒരിക്കലും മറ്റൊരാൾക്ക് ദ്രോഹം ചെയ്തുകൂടാ. അങ്ങനെ ചെയ്യുന്നവനെ ഭയം പിന്തുടരുന്നു.
അങ്ങയുടെ അനുജത്തിയായ ഈ പാവം ചെറു പെൺകിടാവ് പാവകളെപ്പോലെ കാട്ടിയതു കാണുന്നവൾ മാത്രമാണു.
ദീനാനുകമ്പയുള്ള അങ്ങ് നിർദ്ദോഷിയായ ഇവളെ കൊല്ലരുതു.”
രാജാവേ!, ഇങ്ങനെ സാമഭേദങ്ങളിലൂടെ
ഉപദേശിച്ചിട്ടും ദാരുണനായ കംസൻ തന്റെ സഹോദരിയുടെ വധത്തിൽനിന്നും പിന്മാറിയില്ല. വസുദേവൻ
അവന്റെ നിർബന്ധത്തെ മനസ്സിലാക്കി തൽക്കാലം വന്നടുത്ത ആപത്തിൽനിന്ന് രക്ഷപെടുവാനായി
ഇങ്ങനെ ചിന്തിച്ചു. ‘ഒരുവൻ തന്റെ ബുദ്ധിശക്തിക്കനുസരിച്ച് മരണം തടയേണ്ടതാണു. എന്നിട്ടും പറ്റിയില്ലെങ്കിൽ
പിന്നെ അവൻ നിർദ്ദോഷിയാകുന്നു. തനിക്ക് മക്കളുണ്ടാകുന്ന കാലത്തിനുള്ളിൽ ഇവൻ മരണപ്പെട്ടുപോയില്ലെങ്കിൽ
ഇവന് തന്റെ മക്കളെ കൊടുത്തിട്ട് ദീനയായ ഇവളെ രക്ഷപെടുത്താം. ഇനി തന്റെ മകൻ കംസന്റെ
അന്തകനാകാതിരിക്കുമെന്ന് ആരു കണ്ടു?. ദൈവഹിതം ആർക്ക് തടുക്കുവാൻ കഴിയും?. അടുത്തുവന്നിരിക്കുന്ന
ഈ അപകടം തൽക്കാലം മാറിപ്പോകട്ടെ. മാറിപ്പോകുന്നത് വീണ്ടും വന്നുചേരുമെന്നുള്ളതും ശരിതന്നെ.
കാട്ടുതീയിൽ ചിലമരങ്ങൾ രക്ഷപെടുകയും മറ്റു ചിലവ കത്തി നശിക്കുകയും ചെയ്യുന്നതിനു കാരണം
വിധി ഒന്നുമാത്രമാണു. അതുപോലെ ജീവന്ന് ശരീരത്തോടുള്ള ചേർച്ചയും വിയോഗവും ആർക്കും ഊഹിക്കാൻ
തരമുള്ളതല്ല.’ രാജാവേ!, വസുദേവൻ
തന്റെ ബുദ്ധിശക്തിക്കനുസരിച്ച് ഈവിധം ചിന്തിച്ചുറപ്പിച്ച് പാപിയായ കംസനെ ആരാധിക്കുവാൻ
തുടങ്ങി. ഉള്ളിലെ വേദന കടിച്ചമർത്തി പുറമേ ചിരിച്ചുകൊണ്ട് അദ്ദേഹം നിർല്ലജ്ജനായ കംസനോട്
ഇങ്ങനെ പറഞ്ഞു: “ഹേ സൌമ്യശീലാ!, അങ്ങ് കേട്ട ആ അശരീരിയെ ഓർത്ത് അങ്ങേയ്ക്ക് ഇവളിൽ ഭയം തോന്നേണ്ട
ആവശ്യമില്ല. കാരണം, ഇവൾക്കുണ്ടാകുന്ന പുത്രന്മാരെ ഒന്നൊഴിയാതെ ഞാൻ അങ്ങേയ്ക്ക് തന്നുകൊള്ളാം.”
അല്ലയോ പരീക്ഷിത്ത് രാജൻ!,
വസുദേവരുടെ വാക്കുകൾ കേട്ട് ശാന്തനായ കംസൻ തൽക്കാലം സഹോദരിയുടെ വധശ്രമം ഉപേക്ഷിച്ചു.
വസുദേവൻ കംസനെ പ്രശംസിച്ചുകൊണ്ട് ഭാര്യയോടൊത്ത് സ്വഗൃഹത്തിലേക്ക് യാത്രയായി. രാജൻ!,
അനുവത്സരം ദേവകി പ്രസവിച്ചു. അവക്ക് എട്ടു പുത്രന്മാരും ഒരു പുത്രിയും പിറന്നു. അസത്യത്തെ
അങ്ങേയറ്റം ഭയന്നിരുന്ന വസുദേവൻ അദ്ദേഹത്തിന്റെ ആദ്യപുത്രനായ കീർത്തിമാനെ അതീവദുഃഖത്തോടെ
പറഞ്ഞുറപ്പിച്ച പ്രകാരം കംസന്ന് കാഴ്ചവച്ചു. സത്യസന്ധന്മാർക്ക് എന്താണിവിടെ അസഹനീയമായുള്ളതു?.
ജ്ഞാനികൾക്ക് എന്താണിവിടെ നേടാനുള്ളതു?. എന്താണ് നീചന്മാർക്ക് ചെയ്യാൻ കഴിയാത്തതു?.
അതുപോലെ ധീരന്മാർക്ക് ത്യജിക്കാൻ കഴിയാത്തതായി എന്താണിവിടെയുള്ളതു?. രാജാവേ!, വസുദേവരുടെ
സത്യത്തിലുള്ള സ്ഥിരതയെ കണ്ട് കംസൻ ചിരിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: “ഇവനെ നിങ്ങൾ കൊണ്ടുപൊയ്ക്കൊള്ളൂ!. നിങ്ങളുടെ
എട്ടാമത്തെ പുത്രനിൽനിന്നാണല്ലോ എനിക്ക് മരണം സംഭവിക്കുമെന്ന് വന്നതു. ആയതിനാൽ ഇവനെ
ഞാൻ പേടിക്കുന്നില്ല.” “അങ്ങനെയാകട്ടെ!”, എന്നുപറഞ്ഞു വസുദേവൻ കുഞ്ഞിനെ എടുത്ത് യാത്രയായി.
മനോനിയന്ത്രണമില്ലാത്ത അവന്റെ ആ വാക്കുകളെ അദ്ദേഹം അത്രകാര്യമായി എടുത്തിരുന്നില്ല.
രാജൻ!, ആ സമയം, ഭഗവാൻ ശ്രീനാരദൻ
കംസന്റെ കൊട്ടാരത്തിലെത്തി നന്ദാദി ഗോപന്മാരെക്കുറിച്ചും വൃഷ്ണികളെക്കുറിച്ചും കംസന്റെ
അനുവർത്തികളെപ്പറ്റിയും അല്ലാത്തവരെപറ്റിയും അസുരന്മാർക്ക് സംഭവിച്ചേക്കാവുന്ന വധശ്രമത്തെക്കുറിച്ചുമൊക്കെ
അയാളെ ബോധവാനാക്കി. അന്നുമുതൽ യാദവന്മാർ ദേവന്മാരാണെന്നും ദേവകിയുടെ ഗർഭത്തിൽ ജനിച്ച്
തന്നെ കൊല്ലാൻ പോകുന്നത് വിഷ്ണുവാണെന്നും കരുതിത്തുടങ്ങി. അവൻ ദേവകീവസുദേവന്മാരെ തടവറയിൽ
ചങ്ങലയ്ക്കിട്ടു. അവർക്കുണ്ടാകുന്ന കുട്ടികളെയെല്ലാം ഒന്നൊന്നായി കൊന്നുതുടങ്ങി. ഭൂമിയിലെ
സ്വാർത്ഥരും ലോഭികളുമായ രാജാക്കന്മാർ മാതാവിനേയും പിതാവിനേയും മറ്റ് ബന്ധുമിത്രാദികളേയും
കൊല്ലുന്നത് പതിവാണല്ലോ!. നാരദർ പറഞ്ഞറിയിച്ച പ്രകാരം, താൻ പണ്ട് മഹാവിഷ്ണുവാൽ കൊല്ലപ്പെട്ട
കാലനേമിയാണെന്നറിഞ്ഞുകൊണ്ട് അവൻ യാദവന്മാരെ വിദ്വേഷിച്ചുതുടങ്ങി. കംസൻ യദുക്കളുടേയും
ഭോജന്മാരുടേയും അന്ധകന്മാരുടേയുമെല്ലാം രാജാവായിരുന്ന തന്റെ പിതാവ് ഉഗ്രസേനനെ പോലും
പിടിച്ച് തടവിലിട്ടുകൊണ്ട് ശൂരസേനരാജ്യത്തെ സ്വയം ഭരിച്ചുകൊണ്ടിരുന്നു.”
ശ്രീമദ്ഭാഗവതം ദശമസ്കന്ധം ഒന്നാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.