2020, ഡിസംബർ 23, ബുധനാഴ്‌ച

10.6 പൂതനാമോക്ഷം

ഓം

 

ശ്രീമദ്ഭാഗവതം ദശമസ്കന്ധം അദ്ധ്യായം‌ 6

(പൂതനാമോക്ഷം)

 

ശ്രീശുകൻ പറഞ്ഞു: അല്ലയോ പരീക്ഷിത്ത് രാജാവേ!, വസുദേവരുടെ വാക്ക് അസത്യമാകുകയില്ലെന്നും ഗോകുലത്തിൽ തന്റെ മകന് ആപത്തുകൾ സംഭവിക്കുവാനുള്ള സാധ്യത ചെറുതല്ലെന്നും മുന്നിൽകണ്ട നന്ദഗോപൻ ഭഗവാൻ ഹരിയിൽ മനസ്സാ ശരണം പ്രാപിച്ചു.

ഈ സമയം കംസൻ പൂതന എന്ന മഹാരാക്ഷസിയെ ആവിടേയ്ക്കയച്ചുകഴിഞ്ഞിരുന്നു. അവൾ കണ്ണിൽ കണ്ട ചെറുപൈതങ്ങളെയൊക്കെ കൊന്നുകൊണ്ട് നഗരം, ഗ്രാമം, ഗോകുലം തുടങ്ങിയ എല്ലാ സ്ഥലങ്ങളിലൂടെയും സഞ്ചരിച്ചുകൊണ്ടിരുന്നു. രാജൻ!, എവിടെയാണോ ഭക്തരക്ഷകനായ ശ്രീഹരിയുടെ പുണ്യനാമശ്രവണാദികളെ ചെയ്യാതെ മനുഷ്യൻ സ്വാർത്ഥരായി ജീവിക്കുന്നത്, അവിടെ മാത്രമേ ഇത്തരം രാക്ഷസവർഗ്ഗങ്ങൾക്ക് പ്രവർത്തിക്കുവാൻ സാധിക്കുകയുള്ളൂ. ആഗ്രഹിക്കുന്നതുപോലെ വേഷം മാറാൻ കഴിവുള്ള ആ പൂതന ഒരുനാൾ സുന്ദരിയായ ഒരു സ്ത്രീയുടെ രൂപത്തിൽ ആകാശമാർഗ്ഗേണ ഗോകുലത്തിൽ പ്രവേശിച്ചു. മുല്ലപൂവ് ചൂടി, സുന്ദരഗാത്രിയായ അവൾ വിശിഷ്ടവസ്ത്രങ്ങളണിഞ്ഞ് കാതിൽ ഇളകിയാടുന്ന കമ്മലണിഞ്ഞ് കുണുങ്ങിക്കുണുങ്ങി നടന്നുപോകുമ്പോൾ ഗോപികമാർക്കുതോന്നിയത് കൈയ്യിൽ താമരപ്പൂവേന്തി തന്റെ പ്രിയതമനായ ശ്രീഹരിയെ കാണാൻപോകുന്ന മഹാലക്ഷ്മിയെപ്പോലെയായിരുന്നു. കൊല്ലുവാനായി കുഞ്ഞുങ്ങളെ തിരഞ്ഞുകൊണ്ട് അവൾ ഗോകുലത്തിനുള്ളിൽ പ്രവേശിച്ചു. നന്ദഗോപരുടെ വീട്ടിൽ ചാമ്പൽ മൂടിക്കിടക്കുന്ന അഗ്നിയെന്നതുപോലെ മറയ്ക്കപ്പെട്ട തേജസ്സോടുകൂടിബാലമുകുന്ദൻ മെത്തയിൽ കിടക്കുന്നതായി അവൾ കണ്ടു. സകലചരാചരങ്ങൾക്കും സാക്ഷിയായി നിലകൊള്ളുന്ന ഭഗവാൻ അവളുടെ വരവിന്റെ ഉദ്ദേശം മനസ്സിലാക്കിക്കൊണ്ട് നാട്യത്തിൽ കണ്ണടച്ചുകിടന്നു. ഉറങ്ങിക്കിടക്കുന്ന പാമ്പിനെ എന്നതുപോലെ, അന്തകനും അനന്തനുമായ ഉണ്ണികൃഷ്ണനെ അവൾ തന്റെ മടിയിലെടുത്തുവച്ചു. മൃദുവായ ഉറയിൽ കിടക്കുന്ന മൂർച്ചയേറിയ വാൾ എന്നതുപോലെ, നിർമ്മലമായ പെരുമാറ്റത്തോടും എന്നാൽ ക്രൂരമായ മനസ്സോടും കൂടിയ പൂതന വീടിനുള്ളിൽ കടന്നു ഉണ്ണിയെ എടുത്ത് അവളുടെ മടിയിൽ വച്ചിട്ടും, അമ്മമാർ രണ്ടും അവളുടെ കാന്തിയിൽ മോഹിതരായി മിഴിച്ചുനോക്കിക്കൊണ്ടുതന്നെ നിന്നതേയുള്ളൂ. 

ക്രൂരയായ അവൾ കണ്ണനെയെടുത്ത് മടിയിൽ കിടത്തി അതിഘോരമായ വിഷം പുരട്ടിയ തന്റെ സ്തനം ഉണ്ണിക്ക് കൊടുത്തു. പെട്ടെന്നുതന്നെ അമർഷത്തോടെ ഭഗവാൻ രണ്ടുകൈകൾകൊണ്ടും അതിനെ പിടിച്ചമർത്തി അവളുടെ പ്രാണനോടൊപ്പം ആ വിഷപ്പാൽ കുടിച്ചുതുടങ്ങി. സകല മർമ്മങ്ങളും ഞെരിഞ്ഞമർന്ന് വേദനകൊണ്ടു പുളഞ്ഞ അവൾ വിടൂ.. വിടൂ.. മതി.. എന്നിങ്ങനെ പറഞ്ഞുകൊണ്ട് നിലവിളിക്കുവാൻ തുടങ്ങി. അവളുടെ കണ്ണുകൾ രണ്ടും പുറത്തേക്ക് തള്ളി. കൈകാലുകൾ നിലത്തടിച്ചുകൊണ്ട് വിയർത്തൊലിച്ച് അവൾ നിലവിളിച്ചു. അതിശക്തമായ അവളുടെ കരച്ചിലിന്റെ ശബ്ദത്താൽ മലകളോടുകൂടി ഭൂമിയും, ഗ്രഹങ്ങളോടൊപ്പം ആകാശവും കുലുങ്ങിവിറച്ചു. ആ ശബ്ദം നാനാദിക്കുകളിലും അധോലോകങ്ങളിലും മാറ്റൊലിയുണ്ടാക്കി. ഇടിവീഴ്ചയെന്നോണം ആ ശബ്ദം കേട്ട് പേടിച്ചരണ്ട ജനങ്ങൾ നിലത്തുവീണു. രാജാവേ!, ആ രാക്ഷസി വായും പിളർന്ന് ചേതനയറ്റ് തന്റെ യഥാർത്ഥരൂപം കൈക്കൊണ്ട് കൈകാലുകൾ വിടർത്തി, പണ്ട് വജ്രായുധത്താൽ പ്രഹരമേറ്റ വൃത്രാസുരനെപ്പോലെ നിലം പതിച്ചു. അവളുടെ ശരീരം വീഴുന്ന വീഴ്ചയിൽ മൂന്ന് കാതം അകലെനിന്നിരുന്ന വൃക്ഷങ്ങൾപോലും അത്യത്ഭുതകരമായി തകർന്നുവീണു. കലപ്പതണ്ടുകൾപോലുള്ള ദംഷ്ട്രകൾ, ഗുഹകൾ പോലുള്ള മൂക്കിലെ ദ്വാരങ്ങൾ, വലിയ ഉരുണ്ട പാറകൾപോലെ തോന്നിക്കുന്ന സ്തനങ്ങൾ, ചെമ്പ് കമ്പികൾ പോലുള്ള മുടി. പൊട്ടക്കിണർ പോലെ തോന്നിക്കുന്ന കുഴിഞ്ഞ കൺതടങ്ങൾ, നദീതീരങ്ങളെപ്പോലുള്ള ജഘനപ്രദേശം, അണക്കെട്ടുകൾപോലുള്ള കൈകളും തുടകളും, നീർ വറ്റിയ കയം പോലുള്ള വയർ, എല്ലാകൂടിച്ചേർന്ന് ആ ഭയങ്കര സ്വത്വത്തെ കണ്ട ഗോകുലവാസികൾ വല്ലാതെ പേടിച്ചരണ്ടു. മുന്നേതന്നെ അവളുടെ അലർച്ചയിൽ സ്വബോധം നഷ്ടപ്പെട്ടവരായിരുന്നു അവർ. ഭഗവാൻ അതാ ഒന്നുമറിയാത്ത മട്ടിൽ അവളുടെ മാറിൽ കയറിയിരുന്നു യാതൊരു പേടിയും കൂടാതെ കളിക്കുന്നു. അതുകൂടി കണ്ട് പരിഭ്രമത്താൽ ഗോപികമാർ ഓടിച്ചെന്ന് ഭഗവാനെ അവിടെനിന്നും എടുത്തുമാറ്റി

അവർ പശുവിന്റെ വാൽകൊണ്ട് ഭഗവദ്കളേബരം ഉഴിഞ്ഞ് തങ്ങളാലൊക്കുന്ന രക്ഷാവിധികൾ ചെയ്തു. കുട്ടിയെ അവർ ഗോമൂത്രംകൊണ്ട് കുളിപ്പിച്ചതിനുശേഷം ഗോധൂളിയാൽ വിലേപനം ചെയ്യിച്ചു. അവർ നാമങ്ങളുരുവിട്ടുകൊണ്ട് ഗോമയത്താൽ നെറ്റിത്തടം തുടങ്ങിയ പന്ത്രണ്ടംഗങ്ങളിലും രക്ഷയെ ചെയ്തു. അവർ സ്വയം ശുദ്ധമായി ഭഗവാനെയും ആചമനം ചെയ്തു. ആ മന്ത്രം ഇങ്ങനെയായിരുന്നു. ജന്മരഹിതനായ ഭഗവാൻ നിന്റെ കാൽകളെ രക്ഷിക്കട്ടെ. കൌസ്തുഭധരനായ ശ്രീഹരി നിന്റെ ജാനുദ്വയങ്ങളെ രക്ഷിക്കട്ടെ. യാഗസ്വരൂപി നിന്റെ തുടകളെ കാക്കട്ടെ. അച്യുതൻ നിന്റെ അരക്കെട്ടിനെ രക്ഷിക്കട്ടെ. ഹയഗ്രീവൻ നിന്റെ തുടകളെ തുണയ്ക്കട്ടെ. കേശവൻ വന്ന് നിന്റെ ഹൃദയത്തെ കാക്കട്ടെ. ഈശ്വരൻ നിന്റെ മാറിടത്തെ രക്ഷിക്കട്ടെ. ഇനൻ നിന്റെ കണ്ഠത്തെ കാക്കുമാറാകട്ടെ. വിഷ്ണു ഭുജങ്ങളെ രക്ഷിക്കട്ടെ. വാമനൻ ഈ തിരുമുഖത്തെ രക്ഷിക്കട്ടെ. ചക്രായുധൻ ശ്രീഹരി നിന്റെ മുൻഭാഗത്തിൽ രക്ഷകനാകട്ടെ. ഗദാധരൻ പിൻഭാഗത്ത് രക്ഷകനായിരിക്കട്ടെ. ധനുർദ്ധരനായ മധുസൂദനനും ഖൾഗപാണിയായ അജനദേവനുംകൂടി വന്ന് നിന്റെ ഇരുപുറങ്ങളിലും രക്ഷയരുളട്ടെ. ശംഖധരനായ ഭഗവാൻ നാലുകോണുകളിലും നിനക്ക് രക്ഷയാകട്ടെ. ഗരുഡാരൂഢനായ ഉപേന്ദ്രൻ നിന്നെ ആകാശത്തിലും ഹലായുധനായ സങ്കർഷണമൂർത്തി നിന്നെ ഭൂമിയിലും രക്ഷിക്കട്ടെ. സർവ്വാന്തര്യാമിയായ പുരുഷൻ നിന്നെ എല്ലായിടത്തുനിന്നും തുണച്ചുകൊള്ളട്ടെ. ഋഷീകേശൻ നിന്റെ ഇന്ദ്രിയങ്ങളേയും, നാരായണൻ നിന്റെ പഞ്ചപ്രാണനേയും, വാസുദേവൻ നിന്റെ ചിത്തത്തേയും, അനിരുദ്ധൻ നിന്റെ മനസ്സിനേയും രക്ഷിക്കട്ടെ. പ്രദ്യുമ്നൻ ബുദ്ധിയേയും, സങ്കർഷണൻ അഹങ്കരത്തേയും കാക്കട്ടെ. ഗോവിന്ദൻ നീ കളിച്ചുകൊണ്ടിരിക്കുമ്പോഴും, മാധവൻ നീ ഉറങ്ങുമ്പോഴും രക്ഷയ്ക്കെത്തട്ടെ. വൈകുണ്ഠൻ നിന്നെ നടന്നുപോകുമ്പോഴും, ശ്രീപതി നീ ഒരിടത്തിരിക്കുമ്പോഴും നിന്നെ രക്ഷിക്കട്ടെ. യജ്ഞഭുക്കായ ഭഗവാൻ ഭുജിക്കുമ്പോൾ നിന്നെ കാത്തുകൊള്ളട്ടെ. ബാലപീഢയെ ചെയ്യുന്ന ഡാകിനികൾ, യാതുധാനാദികൾ, കുഷ്മാണ്ഡങ്ങൾ തുടങ്ങിയവയ; ഭൂതപ്രേതപിശാചുക്കൾ, യക്ഷരക്ഷവിനായകന്മാർ, കോടര, രേവതി, ജ്യേഷ്ഠ, പൂതന, മാതൃക്കൾ മുതലായവ; ദേഹം, പ്രാണൻ, ഇന്ദ്രിയങ്ങൾ എന്നിവയെ ദ്രോഹിക്കാനെത്തുന്ന ഉന്മാദങ്ങൾ, അപസ്മാരങ്ങൾ എന്നിവകൾ; സ്വപ്നത്തിൽ കാണപ്പെടുന്ന ദുർന്നിമിത്തങ്ങൾ; വൃദ്ധരൂപത്തിലും ബാലരൂപത്തിലുമുള്ള ഗ്രഹങ്ങൾ; കുഞ്ഞുങ്ങളെ ദ്രോഹിക്കുന്ന മറ്റെന്ത് ദുഷ്ടശകതികളാണോ അവയെല്ലാം ഭഗവാൻ മഹാവിഷ്ണുവിന്റെ നാമജപത്താൽ ഭയന്ന് നശിച്ചുപോകട്ടെ.

ശ്രീശുകൻ പറഞ്ഞു: രാജാവേ!, ഇങ്ങനെ ഗോപികമാർ ഉണ്ണിക്കണ്ണന് രക്ഷ ചെയ്തു. തുടർന്ന് അമ്മ മകന് മുലപ്പാൽ കൊടുത്ത് പതുക്കെ കിടത്തി. അപ്പോഴേക്കും നന്ദഗോപരും കൂട്ടരും മധുരയിൽനിന്നും തിരിച്ചെത്തി. ചത്തുമലച്ചുകിടക്കുന്ന പൂതനയുടെ മൃതദേഹം കണ്ട അവർ അമ്പരന്നുപോയി. അവരോർത്തു: അത്യാശ്ചര്യം തന്നെ! വസുദേവർ മുജ്ജന്മത്തിൽ മഹാതപസ്സ്വിയാരിക്കണം. അഥവാ അദ്ദേഹം യോഗവിദ്യയിൽ അത്യന്തം നിപുണനായിരിക്കണം. അദ്ദേഹം പറഞ്ഞതുപോലെ, കണ്ടില്ലേ ഗോകുലത്തിൽ ദുർല്ലക്ഷണങ്ങൾ കാണപ്പെടുന്നതു!...

അവർ കോടാലികൊണ്ട് പൂതനയുടെ ശവശരീരത്തെ കഷണങ്ങളാക്കി ദൂരെ കൊണ്ടുപോയി ചിതകൂട്ടി ദഹിപ്പിച്ചു. ഭഗവദ്സ്പർശനത്താൽ തക്ഷണംതന്നെ സകലപാപങ്ങളും വേരറ്റുപോയതിനാലാകണം, അവളുടെ മൃതദേഹം കത്തിയെരിയുമ്പോൾ ഉയർന്ന പുകയ്ക്ക് അകിലിന്റെ മണമായിരുന്നു. കണ്ണിൽ കണ്ട ശിശുക്കളെയെല്ലാം കൊന്നുനടന്നവളാണെങ്കിലും ചോരകുടിക്കുന്ന ഒരു രാക്ഷസസ്ത്രീയായിരുന്നുവെങ്കിലും ഭഗവാന് മുലയൂട്ടിയ അവൾ അതോടെ സത്ഗതി പ്രാപിച്ചു. അങ്ങനെയെങ്കിൽ, ശ്രദ്ധയോടും ഭക്തിയോടും കൂടി പരമാത്മാവായ കൃഷ്ണന് അവന്റെ അമ്മമാരെപ്പോലെ അവന് പ്രിയമുള്ളതിനെയൊക്കെ നൽകുന്ന മറ്റുള്ളവരുടെ ഗതിയെക്കുറിച്ച് എന്തുപറയാൻ!. ലോകം മുഴുവൻ വന്ദിക്കുന്നവരാൽ പൂജിക്കപ്പെടുന്നതാണ് ഭഗവദ്പാദം. ആ പാദങ്ങൾകൊണ്ട് പൂതനയുടെ ശരീരത്തിൽ ചവുട്ടിക്കയറിനിന്ന് അവളുടെ സ്തനത്തെ പാനം ചെയ്തു. രാക്ഷസിയായിരുന്നുവെങ്കിലും അതിലൂടെ അവൾക്ക് അമ്മയുടെ പ്രാപ്യസ്ഥാനമായ സ്വർഗ്ഗലോകം ലഭിച്ചു. ആ സ്ഥിതിയ്ക്ക് അവനുവേണ്ടി പാൽ ചുരത്തുന്ന അമ്മമാരുടേയും ഗോക്കളുടേയും കഥ എന്തായിരിക്കണം!. രാജാവേ!, സകലപുരുഷാർത്ഥങ്ങളേയും പ്രദാനം ചെയ്യുന്ന ദേവകീപുത്രൻ ഒരു മകനായിക്കൊണ്ട് ഗോകുലസ്തീകളുടെ സ്തനപാനം ചെയ്തിരുന്നു. ഭഗവാനിൽ എപ്പോഴും പുത്രദൃഷ്ടിയെ വച്ചുകൊണ്ടിരുന്ന ആ അമ്മമാർക്ക് അജ്ഞാനജമായ സംസാരദുഃഖം പിന്നീടുണ്ടാകുന്നില്ല.

വ്രജത്തിൽ പൂതനുയുടെ ശരീരം കത്തിയമരുമ്പോഴുണ്ടായ പുകയുടെ മണം ശ്വസ്സിച്ചുകൊണ്ട് ഗോപന്മാർ ആശ്ചര്യത്തോടെ പറഞ്ഞു: ഇതെന്ത്?... ഈ മണം ഇതെവിടെനിന്ന് വരുന്നു?... അവർ പൂതനയുടെ വരവും പ്രവൃത്തിയും അവളുടെ മരണവും കുഞ്ഞിന്റെ ക്ഷേമവുമൊക്കെ പരസ്പരം സംസാരിച്ചുകൊണ്ട് അന്തംവിട്ട് നിൽക്കുകയാണു. അല്ലയോ കുരുശ്രേഷ്ഠ!, നന്ദഗോപരാകട്ടെ, മരണത്തിൽനിന്നും രക്ഷപ്പെട്ടവനെന്ന് കരുതിക്കൊണ്ട്, തന്റെ മകനെ എടുത്ത് നെറുകയിൽ ചുംബിച്ചുകൊണ്ട് പരമാനന്ദത്തെ അനുഭവിച്ചു. രാജൻ!, അത്യാശ്ചര്യജനകമായ ഭഗവാന്റെ ബാലലീലയാകുന്ന ഈ പൂതനാമോക്ഷത്തെ കേൾക്കുന്നവൻ ഭഗവാനിൽ ഭക്തിയുള്ളവനായി ഭവിക്കുന്നു.

 

ശ്രീമദ്ഭാഗവതം ദശമസ്കന്ധം ആറാമദ്ധ്യായം സമാപിച്ചു.

 

ഓം തത് സത്.

 

 

Previous    Next

2020, ഡിസംബർ 9, ബുധനാഴ്‌ച

10.5 ഭഗവാന്റെ ജാതകർമ്മോത്സവം

ഓം

 

ശ്രീമദ്ഭാഗവതം ദശമസ്കന്ധം അദ്ധ്യായം‌ 5

(ഭഗവാന്റെ ജാതകർമ്മോത്സവം)

 

ശ്രീശുകൻ പറഞ്ഞു: രാ‍ജാവേ!, തനിക്ക് ഉണ്ണി പറന്ന സന്തോഷത്തിൽ നന്ദഗോപർ ജ്യോതിഷികളായ ബ്രാഹ്മണശ്രേഷ്ഠന്മാരെ വരുത്തി പുത്രന്റെ ജാതകർമ്മം എന്ന സംസ്കാരത്തെ വിധിയാംവണ്ണം നടത്തിച്ചു. ഒപ്പം പിതൃക്കൾക്ക് ശ്രാദ്ധവും ചെയ്യിപ്പിച്ചു. അദ്ദേഹം രണ്ടുലക്ഷം പശുക്കളേയും പൊൻപട്ടിൽ പൊതിഞ്ഞ് ഏഴ് തിലപർവ്വതങ്ങളേയും ബ്രാഹ്മണർക്കായി ദാനം ചെയ്തു. കാലത്താൽ മണ്ണും മറ്റു ദ്രവ്യങ്ങളും ശുദ്ധമാകുന്നു. ശൌചത്താൽ ശരീരം ശുദ്ധമാകുന്നു. ജാതകർമ്മത്താൽ ജനനം ശുദ്ധമാകുന്നു. തപസ്സുകൊണ്ട് ഇന്ദ്രിയങ്ങൾ ശുദ്ധമാകുന്നു. ദാനം കൊണ്ടും യാഗം കൊണ്ടും ദ്രവ്യങ്ങൾ ശുദ്ധമാകുന്നു. സംതൃപ്തിയാൽ മനസ്സ് ശുദ്ധമാകുന്നു. പരമാത്മജ്ഞാനത്താൽ ആത്മാവും ശുദ്ധമാകുന്നു. ബ്രാഹ്മണർ മംഗളവചനങ്ങളുരുവിട്ടു. ഗായകർ പാട്ടുപാടി. ദുന്ദുഭികളും ഭേരികളും തുടരെത്തുടരെ മുഴങ്ങിക്കൊണ്ടിരുന്നു.

ഗോകുലത്തിൽ മുറ്റങ്ങൾ ഭംഗിയായി അടിച്ചുതളിച്ച് വൃത്തിയാക്കി. പല നിറങ്ങളിലുള്ള കൊടിക്കൂറകളാലും തോരണങ്ങളാലും അവിടമാകെ അലങ്കരിക്കപ്പെട്ടു. പശുക്കളും പശുക്കുട്ടികളും കാളകളുമൊക്കെ ഭംഗിയായി മഞ്ഞൾപ്പൊടിതേച്ച് മയിൽ‌പ്പീലികൾ കെട്ടി അലങ്കരിക്കപ്പെട്ടു. അല്ലയോ രാജൻ!, ഗോപന്മാർ സർവ്വാഭരണവിഭൂഷിതരായി പലവിധ കാണിക്കകൾ കൈയ്യിലേന്തി അവിടെ എത്തിച്ചേർന്നു. യശോദാദേവിക്ക് പുത്രനുണ്ടായ വാർത്തയറിഞ്ഞ് സന്തോഷത്തോടെ ഗോപസ്ത്രീകൾ നല്ല വസ്ത്രങ്ങൾ കണ്മഷി മുതലായവയണിഞ്ഞ് സ്വയം അലംകൃതരായി. സുന്ദരിമാരായ ആ ഗോപികമാർ പെട്ടെന്നുതന്നെ നന്ദഗൃഹത്തിലേക്ക് പാഞ്ഞെത്തി. സർവ്വാഭരണവിഭൂഷിതരായി ഗോകുലത്തിലേക്ക് ഓടുന്ന അവരുടെ മുടിക്കെട്ടിൽനിന്നും പൂമാലകൾ ഉതിർന്നുവീണുകൊണ്ടേയിരുന്നു. കണ്ണനുണ്ണി നീണാൾ വാഴട്ടെ എന്ന് മംഗളവാചകം പറഞ്ഞുകൊണ്ട് അവർ ജനങ്ങൾക്കുമേൽ തീർത്ഥം ചൊരിഞ്ഞു. കാലദേശങ്ങൾക്കതീതനായ ഭഗവാൻ നന്ദഗോപന്റെ ഗൃഹത്തിൽ പിറന്നതിലുണ്ടായ ആനന്ദാതിരേകത്താൽ ഗോപന്മാർ പലവിധ വാദ്യങ്ങൾ മുഴിക്കി. അവർ തൈർ, പാൽ, നെയ്യ്, വെള്ളം, എന്നിവ പരസ്പരം കോരിത്തളിച്ചും പുതുവെണ്ണ മുഖത്ത് മെഴുകിയും പലവിധം ക്രീഡകളാടി. ഉദാരനും സന്തോഷവാനുമായ നന്ദഗോപർ ഭഗവദ്പ്രസാദത്തിനായും സ്വപുത്രന്റെ നന്മയ്ക്കുവേണ്ടിയും സൂതന്മാർ, മാഗധന്മാർ, വന്ദികൾ എന്നിവർക്ക് വസ്ത്രാഭരണങ്ങളും പശുക്കളേയുമൊക്കെ നൽകിക്കൊണ്ട് അവരുടെ അനുഗ്രഹാശ്ശിസ്സുകൾക്ക് പാത്രമായി. കലാശാസ്ത്രാദികൾകൊണ്ട് ജീവിക്കുന്നവർക്ക് അതാത് വിദ്യകൾക്കുതകുന്ന വിധത്തിലുള്ള വസ്തുക്കൾ യോഗ്യതയ്ക്കൊത്ത് ദാനം കൊടുത്തു. മഹാഭാഗ്യശാലിയായ രോഹിണിയെ നന്ദഗോപർ അഭിനന്ദിച്ചു. അവൾ സർവ്വാഭരണവിഭൂഷിതയായി ദുഃഖം മറന്ന് ഗൃഹകൃത്യങ്ങളിലേർപ്പെട്ടു. അല്ലയോ രാജാവേ!, അന്നുമുതൽ ഗോകുലത്തിൽ സകലവിധ ഐശ്വര്യങ്ങളും നടമാടി. ശ്രീഹരിയുടെ സാന്നിധ്യത്താൽ അവിടം മഹാലക്ഷ്മിയുടെ കേളീരംഗമായി ഭവിച്ചു.

രാജാവേ!, അങ്ങനെയിരിക്കെ ഒരുദിവസം ഗോകുലത്തിനെ സംരക്ഷിക്കേണ്ട ചുമതല ഗോപാലന്മാരെ ഏൽ‌പ്പിച്ചതിനുശേഷം കംസന് വർഷംതോറും കൊടുക്കാറുള്ള കപ്പം കൊടുക്കാനായി നന്ദഗോപർ മധുരാപുരിയിലേക്ക് പോയി. നന്ദഗോപർ വന്നിരിക്കുന്നതായും കംസന് കപ്പം കൊടുത്തതായും അറിഞ്ഞ് വസുദേവൻ അദ്ദേഹത്തെ കാണാനായി അദ്ദേഹത്തിന്റെ താവളത്തിലേക്ക് പോയി. തനിക്ക് ഏറ്റവും പ്രീയപ്പെട്ടവനായ വസുദേവൻ തന്നെ കാണാൻ വന്നതുകണ്ട് പ്രേമപരവശനായി, മൂർച്ഛിച്ചുവീണ ശരീരത്തിൽ പ്രാണൻ പുനഃപ്രാപിച്ചതുപോലെ, പെട്ടെന്നെഴുന്നേറ്റ് ഇരുകൈകൾകൊണ്ടും ആശ്ലേഷിച്ചു. രാജൻ!, സത്ക്കരിച്ചിരുത്തി നന്ദഗോപർ വസുദേവരോട് കുശലാന്വേഷണം ചെയ്തു. വസുദേവർ രാമകൃഷ്ണന്മാരായ തന്റെ പുത്രന്മാരെക്കുറിച്ചറിയുവാനായി ഇപ്രകാരം പറഞ്ഞു: സഹോദരാ!, ഏറെക്കാലത്തെ ആഗ്രഹത്തിനുശേഷം, ഒടുവിൽ പുത്രലാഭം മറന്നിരുന്ന ഈ വയസാംകാലത്തിൽ അങ്ങേയ്ക്കൊരു കുഞ്ഞു പിറന്നത് മഹാഭാഗ്യമായി. സംസാരിയായ അങ്ങേയ്ക്ക് ഒരു പുതുജന്മം കിട്ടിയതുപോലെ എനിക്ക് തോന്നുകയാണു. ഇഷ്ടജനങ്ങളെ കാണാൻ കഴിയുന്നതും പരമഭാഗ്യം തന്നെ. സ്നേഹിതാ!, പുഴയിൽകൂടി ഒഴുകിക്കൊണ്ടിരിക്കുന്ന തടിക്കഷണങ്ങൾക്ക് ഒരിടത്ത് ചേർന്നുനിൽക്കുവാൻ കഴിയാത്തതുപോലെ, പലവിധകർമ്മങ്ങൾക്കടിപ്പെട്ടതിനാൽ ചങ്ങാതിമാർക്ക് ഒരിടത്തിൽ കഴിയുവാൻ എങ്ങനെ സാധിക്കും?. അങ്ങ് ബന്ധുമിത്രാദികൾക്കൊപ്പം താമസിക്കുന്ന സ്ഥലം രോഗങ്ങൾ മുതലായ അനർത്ഥങ്ങളിൽനിന്ന് മുക്തവും, ധാരാളം കാടുകളുള്ളതും, അതുപോലെ കാലികളെ വളർത്തുവാൻ യോഗ്യമായതുമല്ലേ?. എന്റെ മകൻ ബലദേവൻ അങ്ങയെ അച്ഛൻ എന്നായിരിക്കുമല്ലോ വിളിക്കുന്നതു. അങ്ങയുടെ ലാളനയിൽ അവൻ അമ്മയുടെ കൂടെ സുഖമായിരിക്കുന്നുവോ?. ഭ്രാതൃപുത്രാദികൾ ഒരിടത്ത് ഒത്തുകൂടി സസുഖം വാഴുമ്പോൾ ധർമ്മാർത്ഥകാമമോക്ഷങ്ങൾ പ്രയോജനപ്പെടുന്നു. മറിച്ച്, അവർ ദുഃഖിതരായിക്കുന്ന അവസ്ഥയിൽ അവകൊണ്ട് അവർക്ക് യാതൊരു പ്രയോജനവും ലഭിക്കുന്നില്ല.

രാജൻ!, ഇത്രയും കേട്ട് വസുദേവരോട് നന്ദഗോപർ പറഞ്ഞു: അങ്ങയുടെ കാര്യമോർത്ത് ഞാൻ വല്ലാതെ ദുഃഖിക്കുന്നു. അങ്ങേയ്ക്ക് ദേവകിയിലുണ്ടായ എത്രയോ പുത്രന്മാരെയാണ് കംസൻ കൊന്നുകളഞ്ഞതു!. ഒടുവിലുണ്ടായ ഒരു പെൺകുഞ്ഞ് കൂടി സ്വർഗ്ഗത്തെ പ്രാപിച്ചു. എല്ലാവരും പ്രാരബ്ദവിധിക്ക് അധീനരാണു. മക്കളുണ്ടാകുന്നതും നഷ്ടപ്പെടുന്നതുമെല്ലാം ആ വിധിക്കനുസരിച്ചാണു. വിധിതന്നെ എല്ലാം തീരുമാനിക്കുന്നു. ഈ സത്യം മനസ്സിലാക്കുന്നവർ ഒരിക്കലും വിധിയിൽ ദുഃഖിക്കുകയില്ല.

രാജാവേ!, അതുകേട്ട് വസുദേവർ പറഞ്ഞു: കംസന്ന് കപ്പം കൊടുത്തു; എന്നെ കാണുകയും ചെയ്തു. നന്ദഗോപരേ!, ഇനി കൂടുതൽ സമയം അങ്ങ് ഇവിടെ കഴിയാൻ പാടില്ല. അങ്ങ് തിരിച്ചുപൊയ്ക്കൊള്ളുക. ഗോകുലത്തിൽ ഞാൻ അനേകം അനർത്ഥങ്ങൾ കാണുന്നു.

ശ്രീശുകൻ പറഞ്ഞു: അല്ലയോ മഹാരാജൻ!, ഇങ്ങനെ വസുദേവർ പറഞ്ഞതനുസരിച്ച് കൂടെ വന്ന മറ്റ് ഗോപന്മാർക്കൊപ്പം നന്ദഗോപൻ തങ്ങൾ വന്ന വണ്ടികളിൽ കയറി ഗോകുലത്തിലേക്ക് യാത്രതിരിച്ചു.


ശ്രീമദ്ഭാഗവതം ദശമസ്കന്ധം അഞ്ചാമദ്ധ്യായം സമാപിച്ചു.

 

ഓം തത് സത്.

 

 

Previous    Next