2021, ജനുവരി 1, വെള്ളിയാഴ്‌ച

10.7 ശകടഭഞ്ജനം-തൃണാവർത്തവധം

ഓം

 

ശ്രീമദ്ഭാഗവതം ദശമസ്കന്ധം അദ്ധ്യായം‌ 7

(ശകടഭഞ്ജനം-തൃണാവർത്തവധം-ഉണ്ണിക്കണ്ണന്റെ വായിൽ യശോദ വിശ്വരൂപം ദർശിക്കുന്നു)

 

പരീക്ഷിത്ത് രാജാവ് പറഞ്ഞു: ഹേ പ്രഭോ!, ഭഗവാൻ ശ്രീഹരി വിവിധ അവതാരങ്ങളിലൂടെ ആടുന്ന ലീലകളുടെ ശ്രവണം ഞങ്ങളുടെ കാതുകൾക്ക് സുഖാവഹവും മനസ്സിനെ അത്യന്തം ആഹ്ലാദിപ്പിക്കുന്നവയുമാണു. ഏതൊരുവൻ അതിനെ കേൾക്കുന്നുവോ, അവന്റെ മനോവേദനയും ദുഃഖങ്ങളും അകന്ന് അന്തഃകരണം ശുദ്ധമായി അവന് ഭഗവാങ്കൽ ഭക്തിയും, അതുപോലെ ഭഗവദ്ഭക്തന്മാരിൽ മൈത്രിയും പെട്ടെന്നുതന്നെ ഉണ്ടാകുന്നു. ആ മഹിമകളെ പറഞ്ഞുതന്ന് അടിയനിൽ കനിയുമാറാകണം. മനുഷ്യരൂപത്തിൽ അവതരിച്ച് അതിഗൂഢമായി അവർക്കിടയിൽ അവൻ നടത്തിയ മറ്റ് ബാലലീലകളേയും അങ്ങ് പറഞ്ഞുതരിക.

ശ്രീശുകൻ പറഞ്ഞു: രാജാവേ!, ഉണ്ണിക്കണ്ണന്റെ ഔത്ഥാനികം എന്ന മംഗളസ്നാനകർമ്മത്തിന് സമയമായപ്പോൾ ദേവി യശോദ മറ്റ് ഗോപികമാരോടൊപ്പം ചേർന്ന് വാദ്യഗീതങ്ങളോടും ബ്രാഹ്മണരുടെ വേദമന്ത്രോച്ചാരണത്തോടുംകൂടി ആ കർമ്മം നിർവ്വഹിച്ചു. കുളിപ്പിച്ച് പുതിയ വേഷഭൂഷാദികളണിയിച്ച് ആഹാരം നൽകിയതിനുശേഷം ഉറക്കം വന്ന കണ്ണനെ ഉണർത്താതെ പതുക്കെ അവൾ കിടക്കയിലേക്ക് കിടത്തി. പിന്നീട്, ആഘോഷത്തിനായി ഗോകുലത്തിൽ വന്നുചേർന്നിരിക്കുന്നവരെ ശുശ്രൂഷിക്കുന്ന തിരക്കിനിടയിൽ ഉണ്ണിക്കണ്ണൻ വിശന്നുകരയുന്നത് അവൾക്ക് കേൾക്കാൻ കഴിഞ്ഞതേയില്ല. അവൻ എങ്ങനെയോ മുട്ടിലിഴഞ്ഞ് മുറ്റത്തെത്തി. അവിടെ കിടന്നുകൊണ്ട് അവൻ കാലുകൾ മേൽപ്പോട്ട് കുതറിച്ചു. അതിമൃദുലമായ ആ പിഞ്ചുപാദം അവിടെയുണ്ടായിരുന്ന ഒരുകൈവണ്ടിയിൽ തട്ടി. ചവിട്ടേറ്റതോടെ ആ വണ്ടി തകിടം മറിഞ്ഞുതകർന്നുപോയി. ചക്രങ്ങൾ അതിൽനിന്നും വേർപെട്ടുപോയി. വിവിധതരം ഗോരസങ്ങൾ നിറച്ച് വണ്ടിയിൽ വച്ചിരുന്ന പാത്രങ്ങളപ്പാടെ തകർന്നുടഞ്ഞു. യശോദയും നന്ദഗോപരും ഗോപസ്ത്രീകളടങ്ങുന്ന മറ്റ് ജനങ്ങളും ശബ്ദം കേട്ട് അവിടേയ്ക്കോടിയടുത്തു. തകർന്നടിഞ്ഞുകിടക്കുന്ന ശകടത്തെക്കണ്ട് അവർ പരിഭ്രാന്തരായി. അതെങ്ങനെ സംഭവിച്ചുവെന്ന് മനസ്സിലാകാതെ അവർ ആർത്തരായി കുട്ടിയുടെ ചുറ്റും വളഞ്ഞുകൂടി. ആ സമയം അവിടെയുണ്ടായിരുന്ന ഗോപന്മാരരോട് കളിച്ചുകൊണ്ടിരുന്ന കുട്ടികൾ പറഞ്ഞത് ഇവൻ കൈകാലിട്ടടിച്ച് തട്ടിമറിച്ചുകളഞ്ഞതാണ് എന്നായിരുന്നു. എന്നാൽ അവർക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ല. കാരണം, അത്ഭുതബാലനായ ഭഗവാന്റെ ശക്തിയെ അവക്കറിയില്ലായിരുന്നു.

വല്ല ഗ്രഹബാധയും ഉണ്ടായാതാകുമോ എന്ന് ശങ്കിച്ച ദേവി യശോദ ബ്രാഹ്മണന്മാരെക്കൊണ്ട് സൂക്തങ്ങളാൽ രക്ഷാബന്ധനാദികൾ ചെയ്യിപ്പിച്ചതിനുശേഷം അവനെ മുലകുടിപ്പിച്ചു. ഗോപന്മാർ ആ കൈവണ്ടിയെ മുന്നേപോലെ ഉറപ്പിച്ചുവച്ചു. തുടർന്ന്, കുട്ടിക്കുണ്ടായ ഗ്രഹദോഷം തീരുവാനായി ബ്രാഹ്മണർ ഹോമം യജിച്ച് ഭഗവാനെ ആരാധിച്ചു. രാജൻ!, ധർമ്മശീലരായ ബ്രാഹ്മണോത്തമന്മാരാൽ അനുഷ്ഠിക്കപ്പെടുന്ന ഇത്തരം കർമ്മങ്ങളിലൂടെയുണ്ടാകുന്ന അനുഗ്രഹങ്ങൾ അമൂല്യമാണെന്നറിഞ്ഞ നന്ദഗോപർ കുഞ്ഞിനെയെടുത്ത് വേദമന്ത്രങ്ങളാൽ പരിശുദ്ധമാക്കപ്പെട്ടെ ജലത്താൽ അഭിഷേകം ചെയ്യിപ്പിച്ചു. ആ ബ്രാഹ്മണർക്ക് നന്ദൻ ബഹുവിധവിഭങ്ങളോടുകൂടിയ അന്നത്തെ ദാനം ചെയ്തു. പുത്രന്റെ നന്മയ്ക്കായി അദ്ദേഹം ആ ബ്രാഹ്മണർക്ക് സർവ്വഗുണസമ്പന്നമായതും അണിയിച്ചൊരുക്കിയതുമായ പശുക്കളേയും ദാനമായി നൽകി അവരിൽനിന്നും ആശീർവചനങ്ങളേറ്റുവാങ്ങി.

രാജൻ!, അങ്ങനെയുള്ള മഹാത്മാക്കളുടെ അനുഗ്രഹാശിസ്സുകൾ ഒരിക്കലും പാഴാകുകയില്ല. ഒരിക്കൽ യശോദ ഉണ്ണിക്കണ്ണനെ മടിയിൽവച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് അവന്റെ ഭാരം ഒരു പർവതശിഖത്തോളം കൂടിവരുന്നതായി അവൾക്കനുഭവപ്പെട്ടു. ആ ഭാരം താങ്ങുവാൻ അവൾക്ക് കഴിഞ്ഞില്ല. അവൾ പെട്ടെന്ന് അവനെ താഴത്തിറക്കിവച്ച് വീട്ടുകാര്യങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു.

രാജൻ!, ആ സമയം, കംസന്റെ ഭൃത്യനായ തൃണാവർത്തൻ എന്ന ഒരസുരൻ ചുഴലിക്കാറ്റായി വന്ന് പൊടിപടലങ്ങളാൽ ഗോകുലം മുഴുവൻ മറച്ചുകൊണ്ടും സകലദിക്കുകളേയും അതിഘോരമായ ശബ്ദത്താൽ വിറപ്പിച്ചുകൊണ്ടും നിലത്തിരിക്കുകയായിരുന്ന ഉണ്ണിക്കണ്ണനെ എടുത്തുകൊണ്ടുപോയി. ഗോകുലം പൊടിപടലത്താൽ മൂടപ്പെട്ടതുകാരണം എല്ലായിടവും കൂരിരുട്ടായി. യശോദാദേവി കുട്ടിയെ തിരഞ്ഞുവന്നുവെങ്കിലും അവൻ ഇരുന്നിടത്ത് അവൾക്കവനെ കാണാൻ കഴിഞ്ഞില്ല. ആർക്കും പരസ്പം കാണാൻ കഴിയാത്തവിധത്തിൽ പൊടിപടലത്താൽ അവിടമാകെ മറഞ്ഞു. കുറെ സമയത്തേക്ക് അവിടെ പൂഴിമഴ വർഷിച്ചുകൊണ്ടേയിരുന്നു. കുഞ്ഞിനെ കാണാതെ യശോദ ദീനദീനം വിലപിച്ചുകൊണ്ട്, കിടാവ് നഷ്ടമായ പശു എന്നതുപോലെ, നിലത്തുവീണു. മണ്ണുമഴ അപമൊന്ന് ശമിച്ചപ്പോൾ മറ്റുള്ള ഗോപികൾ യശോദയുടെ കരച്ചിൽ കേട്ട് പാഞ്ഞെത്തി. ഉണ്ണിയെ കാണാത്തതിൽ അവരും വിഷമിച്ചുകരഞ്ഞു.

ആ സമയം കൃഷ്ണനേയും അപഹരിച്ചുകൊണ്ട് ആകാശത്തിലേക്കുകുയരുകയായിരുന്ന തൃണാവർത്തന് നിമിഷങ്ങൾതോറും ഏറിയേറി വരുന്ന ഭഗവാന്റെ ഭാരം വഹിക്കുവാനോ, തുടർന്നുസഞ്ചരിക്കാനോ കഴിയാതെയായി. ഒരു കൂറ്റൻ പാറപോലെ ഭാരമേറിയ ഭഗവാനെ നിലത്തേക്കിടാൻ ശ്രമിച്ചുവെങ്കിലും ഭഗവാൻ അവന്റെ കഴുത്തിൽ മുറുകെ പിടിച്ചിരുന്നതിനാൽ അവന് അതും സാധിക്കാതെയായി. ആ പിടിയിൽ അനങ്ങാൻപോലും കഴിയാതെ നിശ്ചേഷ്ടനായി അവൻ തുറിച്ച കണ്ണുകളോടെയും വ്യക്തമല്ലാത്ത ശബ്ദത്തിൽ എന്തൊക്കെയോ പുലമ്പിക്കൊണ്ടും കുട്ടിയോടുകൂടിത്തന്നെ ഗോകുലമുറ്റത്ത് ജീവനറ്റ് മലച്ചുവീണു. രാജാവേ!, പരമശിവന്റെ ശരത്താൽ മുറിക്കപ്പെട്ടുവീണ ത്രിപുരന്മാരുടെ പുരം പോലെ, ആ അസുരന്റെ അതികരാളമായ ആ ശരീരം ഒരു പാറയിൽ ഊക്കോടെ വന്നുപതിച്ച് ചിന്നിച്ചിതറി. അതിനെ കണ്ട് ഗോപികൾ ഭയന്ന് നിലവിളിച്ചു. തൃണാവർത്തന്റെ മാറിൽ തൂങ്ങിക്കിടക്കുകയായിരുന്ന ഉണ്ണിയെ അവർ എടുത്ത് അമ്മയ്ക്ക് നൽകി.

ഉണ്ണിയെ തിരിച്ചുകിട്ടിയതിൽ നന്ദഗോപരും കൂട്ടരും ഏറ്റവും സന്തോഷിച്ചു. അവർ പറഞ്ഞു: അഹോ! ആശ്ചര്യം തന്നെ!. ഈ രാക്ഷസ്സനാൽ മരണപ്പെടാതെയും ഒരു കേടും കൂടാതെയും ഉണ്ണി തിരിച്ചെത്തിയിരിക്കുന്നു. വല്ലാത്ത അത്ഭുതം തന്നെ!. ദുഷ്ടന്മാർ പരഹിംസാതല്പരരായി നിശ്ശേഷം നശിച്ചുപോക്കുന്നു. എന്നാൽ ശിഷ്ടൻ തന്നെപ്പോലെ മറ്റുള്ളവരേയും കാണുകയാൽ സർവ്വാപത്തുകളിൽനിന്നും വിമുക്തനായി ഭവിക്കുകയും ചെയ്യുന്നു. എന്തോ ഭാഗ്യത്താൽ മരണപ്പെട്ടുപോകാതെ ഈ ബാലൻ സ്വജനങ്ങളോടൊപ്പംതന്നെയിരിക്കുന്നു. എന്ത് തപസ്സാണോ ഭഗവദർച്ചനമാണോ സർവ്വഭൂതങ്ങളിലും സമബുദ്ധിയോടുകൂടി നമ്മൾ ചെയ്തതെന്നറിയില്ല.

രാജൻ!, ഇങ്ങനെ ഓരോരോ മഹാത്ഭുതങ്ങൾക്ക് സാക്ഷ്യം വഹിച്ചുകൊണ്ട് നന്ദഗോപർ വസുദേവരുടെ വാക്കുകൾ വീണ്ടും വീണ്ടും ഓർത്തു.  പിന്നീടൊരിക്കൽ ഉണ്ണികൃഷ്ണനെ തന്റെ മടിയിലിരുത്തി യശോദാമ്മ മുലകുടിപ്പിക്കുകയായിരുന്നു. പാൽ കുടിച്ചുകഴിഞ്ഞ ഉണ്ണിയുടെ തിരുമുഖം ലാളിച്ചുകൊണ്ടിരുന്ന സമയം കോട്ടുവായിടുന്ന ഉണ്ണിയുടെ വായിൽ അവൾ ആകാശത്തേയും ഭൂമിയേയും അന്തരീക്ഷത്തേയും നക്ഷത്രമണ്ഡലങ്ങളേയും ദിക്കുകളേയും സൂര്യചന്ദ്രാഗ്നിവായൂസമുദ്രങ്ങൾ എന്നിവയേയും പർവ്വതങ്ങളേയും നദികളേയും വനങ്ങളേയും മറ്റ് സ്ഥാവരജംഗമങ്ങളായ വസ്തുക്കളെന്തെല്ലാമുണ്ടോ അതെല്ലാം കണ്ടു. അല്ലയോ രാജാവേ!, പെട്ടെന്നു അവൾ ഒരു മാൻകുട്ടിയെപ്പോലെ തന്റെ കണ്ണുകൾ ഇറുക്കിയടച്ചു. ആശ്ചര്യഭരിതമായ ആ ദൃശ്യങ്ങൾ കണ്ട് അവൾ അത്ഭുതം കൂറി.

 

 

ശ്രീമദ്ഭാഗവതം ദശമസ്കന്ധം ഏഴാമദ്ധ്യായം സമാപിച്ചു.

 

ഓം തത് സത്..

 

 

Previous    Next

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ