2021, ജനുവരി 31, ഞായറാഴ്‌ച

10.10 നളകൂബരമണിഗ്രീവമോക്ഷവും അവരുടെ സ്തുതിയും

ഓം

 

ശ്രീമദ്ഭാഗവതം ദശമസ്കന്ധം അദ്ധ്യായം‌ 10

(നളകൂബരമണിഗ്രീവമോക്ഷവും അവരുടെ സ്തുതിയും)

 

പരീക്ഷിത്ത് രാജാവ് ശ്രീശുകബ്രഹ്മർഷിയോട് ചോദിച്ചു: അല്ലയോ സർവ്വജ്ഞ!, നളകൂബരും മണിഗ്രീവനുമുണ്ടായ ശാപത്തിന് കാരണമെന്തായിരുന്നുവെന്നും, അത്തരത്തിൽ എന്ത് ഹീനപ്രവൃത്തിയായിരുന്ന് അവർ ചെയ്തതെന്നും, കൂടാതെ എന്തുകൊണ്ടായിരുന്ന് ദേവർഷി നാരദർക്കുപോലും കോപമുണ്ടായതെന്നും പറഞ്ഞുതരിക.

ശ്രീശുകൻ പറഞ്ഞു: രാജൻ!, രുദ്രാനുചാരികളായിരുന്നുവെങ്കിലും ഈ നളകൂബരമണിഗ്രീവന്മാർ മദം മുഴുത്തവരായിരുന്നു. വാരുണി എന്ന മദ്യം സേവിച്ച് ഇവർ ചുഴലുന്ന കണ്ണുകളോടുകൂടി മന്ദാകിനിയുടെ തീരത്തുള്ള കൈലാസപർവ്വതത്തിലെ പൂങ്കാവിൽ വനം പുഷ്പിച്ചിരുന്ന ഒരു സമയത്ത് കുറെ സ്ത്രീകൾക്കൊപ്പം പാട്ടും പാടി സഞ്ചരിച്ചിരുന്നു. താമരപ്പൂക്കൾ നിറഞ്ഞ ഗംഗയിലിറങ്ങി ഇവർ, പിടിയാനകൾക്കൊപ്പം കൊമ്പന്മാരെന്നതുപോലെ, ആ യുവതികൾക്കൊത്ത് ക്രീഡിച്ചു. ഹേ കൌരവ!, ആ സമയത്തായിരുന്നു ഭഗവാൻ ദേവർഷി നാരദർ യാദൃശ്ചികമായി അതുവഴി വരികയും മദോന്മത്തമാരായ ഈ ദേവന്മാരെ കാണുകയും ചെയ്തതു. നഗ്നരായിരുന്ന ആ അപ്സരസ്സുകൾ ദേവർഷിയെ കണ്ടതും ശാപത്തെ പേടിച്ചും ലജ്ജിതരായും തങ്ങളുടെ വസ്ത്രങ്ങൾ എടുത്തണിഞ്ഞു. എന്നാൽ അഹങ്കാരികളായ നളകൂബരനും മണിഗ്രീവനുമാകട്ടെ ആ മര്യാദ പാലിക്കാൻ മനസ്സില്ലാതെപോയി. ശ്രീമദത്താൽ കണ്ണുകാണാത്തവരും മദ്യപാനത്താൽ ലക്ക് കെട്ടവരും ആയ ആ യക്ഷന്മാരെ കണ്ട് അവരുടെ അനുഗ്രഹത്തിനായി നാരദമുനി അവരെ ഇങ്ങനെ ശപിച്ചു: ധനമദത്തെപോലെ, കുലീനത്വാഭിമാനം, പാണ്ഡിത്യം മുതലായ മറ്റൊരു ഗുണങ്ങളും വിഷയഭോഗിയായ ഒരുവന്റെ ബുദ്ധിയെ നശിപ്പിക്കുന്നില്ല. എന്നാൽ ധനമദമാകട്ടെ, അജ്ഞാനികളായ വിഷയഭോഗികളിൽ സ്ത്രീസേവ, ചൂതുകളി, മദ്യപാനം മുതലായ അധർമ്മങ്ങളെ സംഭവിപ്പിക്കുന്നു. ഇങ്ങനെ ഐശ്വര്യമദം ഉണ്ടാകുമ്പോൾ, ഇക്കൂട്ടർ നശ്വരമായ ഈ ശരീരത്തെ ജരാമരണങ്ങളില്ലാത്ത അനശ്വരവസ്തുവായി കണക്കാക്കുന്നു. കൂടാതെ, കരുണയറ്റവരായി ഇവർ മറ്റുള്ള പ്രാണികളെ ഹിംസിക്കുകയും ചെയ്യുന്നു. നരപതി എന്നോ ഭൂപതി എന്നോ എന്തുപേർ വിളിച്ചാലും ഒടുവിൽ ഈ ശരീരത്തെ ക്രിമിയെന്നോ മലമെന്നോ ചാമ്പലെന്നോ വിളിക്കേണ്ടിവരുന്നു. അതിന്റെ പരിപോഷണത്തിനായി ഇങ്ങനെ അന്യപ്രാണികളെ ഹിംസിക്കുന്നവർ സ്വാർത്ഥത്തെക്കുറിച്ചെന്തറിയാൻ?... പ്രാണിഹിംസ നിമിത്തം നരകം മാത്രമാണ് പിന്നീടുള്ള ഗതി. തുടക്കത്തിൽ ഈ ശരീരം അന്നം തന്ന് വളർത്തിയവന്റെ സ്വത്താകുമോ?... അതോ അച്ഛനമ്മമാരുടേതോ?... അതോ ഇനിയിത് മുത്തച്ഛന്റേതാകുമോ അതല്ലെങ്കിൽ രാജാവിന്റേതാകാം അതുമല്ലെങ്കിൽ പിന്നെ ഇത് വിലകൊടുത്ത് വാങ്ങിയ യജമാനന്റേതായിരിക്കാം എന്നാൽ, ഒടുവിൽ ഈ ദേഹം അഗ്നിക്ക് അവകാശപ്പെട്ടതായിത്തീരും അല്ലാത്തപക്ഷം അതിനെ ഭക്ഷിക്കുവാൻവേണ്ടി കാത്തിരിക്കുന്ന നായയുടേതായിരിക്കും.

ഇങ്ങനെ ജീവിച്ചിരിക്കുമ്പോൾ ആരുടേതുമായിരിക്കാവുന്നതും, എന്നാൽ ഒരിക്കൽ മൂലപ്രകൃതിയിൽ നിന്നുണ്ടായി പിന്നീടൊരിക്കം അതിൽത്തന്നെ ലയിച്ചുചേരുന്നതുമായ ഈ ശരീരം തന്റേതാണെന്ന് അഭിമാനിച്ചുകൊണ്ട് അതിനെ പരിപോഷിപ്പിക്കാൻവേണ്ടി മൂഢന്മാരല്ലാതെ വിവേകമുള്ളവരാരെങ്കിലും ജന്തുക്കളെ കൊല്ലുമോ?... ഐശ്വര്യമദത്താൽ കണ്ണുനഷ്ടപ്പെട്ട മൂഢനായ ഒരുവന് ദാരിദ്ര്യമെന്നത് ആ കണ്ണിനെ തിരികെ നേടാനുള്ള സിദ്ധൌഷധമാണു. കാരണം, ദരിദ്രനായ ഒരുവന്ന് മാത്രമേ അന്യപ്രാണികളെ തന്നെപ്പോലെ കാണാൻ കഴിയുകയുള്ളൂ. ശരീരത്തിൽ മുള്ള് തറച്ച് അതിന്റെ വേദനയറിഞ്ഞിട്ടുള്ളവർ ആ ഗതി മറ്റൊരു പ്രാണിക്കും ഉണ്ടായിക്കാണുവാൻ ആഗ്രഹിക്കുകയില്ല. മാത്രമല്ല, അവർക്ക് മറ്റുള്ള ജന്തുക്കളിൽ സഹാനുഭൂതിയും ഉണ്ടാകുന്നു. അപ്രകാരം ആ ദുഃഖം അനുഭവിച്ചിട്ടില്ലാത്തവർക്ക് തോന്നുകയില്ല. ഈ ലോകത്തിൽ ദരിദ്രനായ മനുഷ്യൻ എല്ലാ മദങ്ങളിൽനിന്നും മുക്തനായി നിരരഹങ്കാരിയായി തന്റെ കർമ്മവശാൽ പലവിധ കഷ്ടങ്ങളും ജീവിതത്തിൽ അനുഭവിക്കുന്നു. അതുതന്നെ അവന് ഒരിക്കൽ വിശുദ്ധനാകാനുള്ള ഉത്തമമായ തപസ്സാകുന്നു. വിശപ്പിന്റെ വിലയറിഞ്ഞ് അന്നത്തെ കൊതിക്കുന്ന ദരിദ്രന്റെ ഇന്ദ്രിയങ്ങൾ അത്യാവശ്യം വേണ്ടതൊഴിച്ച് മറ്റ് വിഷങ്ങൾക്ക് പിറകേ പായാതെ അനുദിനം വരണ്ടുപോകുന്നു. ആയതിനാൽത്തന്നെ അവനിൽ പരദ്രോഹകാംക്ഷയും അകന്നുപോകുന്നു. സമഭാവനയുള്ള സജ്ജനങ്ങൾ എപ്പോഴും ദരിദ്രനോടുകൂടിമാത്രമേ ചങ്ങാത്തം കൂടുകയുള്ളൂ. ഇങ്ങനെ സജ്ജനങ്ങളോടുള്ള സംഗം കൊണ്ട് അവന്റെ അന്നാദിയോടുള്ള തൃഷ്ണയും ഒഴിഞ്ഞു കാലക്രമത്തിൽ വിശുദ്ധനായിത്തീരുകയും ചെയ്യുന്നു. സമചിത്തരായവർ മുകുന്ദചരണത്തെ മാത്രം ആശ്രയിക്കുന്നവരാണു. അങ്ങനെയുള്ളവർക്ക് ധനമദത്താൽ അഹങ്കരിക്കുന്നവരും അസത്വിഷയങ്ങളെ ആശ്രയിക്കുന്നവരും തീർത്തും ഉപേക്ഷിക്കപ്പെടേണ്ടവരുമായ ദുർജ്ജനങ്ങളിൽനിന്ന് എന്താണ് സാധിപ്പാനുള്ളത്?. അതുകൊണ്ട്, ഞാനിതാ ശ്രീമദത്താൽ വിവേകം നഷ്ടപ്പെട്ടവരും വാരുണീമദ്യം സേവിച്ച് സ്ത്രീജിതന്മാരായവരും ആത്മനിയന്ത്രണം നഷ്ടപ്പെട്ടവരുമായ ഇവരുടെ അജ്ഞാനജമായ അഹങ്കാരത്തെ നശിപ്പിക്കാൻ പോകുന്നു.

കുബേരന്റെ മക്കളായിട്ടുംകൂടി അജ്ഞാനത്തിൽ മുഴുകി വിവേകം നഷ്ടപ്പെട്ട് ദുഷിച്ച ഗർവ്വോടുകൂടി തങ്ങൾ വിവസ്ത്രരാണെന്ന സത്യംപോലും തിരിച്ചറിയാൻ സാധിക്കാതെ വന്ന ഇവർക്ക് വൃക്ഷഭാവമാണ് അർഹമായത്. ആയതിനാൽ ജ്ഞാനം വീണ്ടെടുക്കുന്നതിനായി വൃക്ഷഭാവത്തിലും എന്റെ അനുഗ്രഹത്താൽ ഇവർക്ക് പൂർവ്വസ്മരണയുണ്ടാകുന്നതാണു. പിന്നീട്, ഒരു നൂറ് ദേവവർഷം പിന്നിട്ടതിനുശേഷം ഒരിക്കൽ ശ്രീവാസുദേവന്റെ സാന്നിധ്യത്തെ നേടി വീണ്ടും ഇവർ സ്വർല്ലോകത്തെ പ്രപിച്ച് ഭഗവദ്ഭക്തി സിദ്ധിച്ചവരായി ഭവിക്കട്ടെ!.

രാജാവേ!, അങ്ങനെ ഇപ്രകാരം പറഞ്ഞതിനുശേഷം ദേവർഷി നാരദർ നാരായണാശ്രമത്തിലേക്ക് പോയി. ഉടൻതന്നെ നളകൂബരമണിഗ്രീവന്മാർ രണ്ട് മരുതുമരങ്ങളായി ഭവിക്കുകയും ചെയ്തു. ഭക്തോത്തമനായ ശ്രീനാരദരുടെ വാക്കുകളെ സത്യമാക്കുന്നതിനായി ഭഗവാൻ ശ്രീകൃഷ്ണൻ ആ ഇരട്ടമരുതുകൾ നിൽക്കുന്നിടത്തേക്ക് താനുമായി ബദ്ധപ്പെട്ടുകിടക്കുന്ന ആ ഉരലും വലിച്ചുകൊണ്ട് പതുക്കെ യാത്രയായി. ദേവർഷി തനിക്ക് പ്രീയപ്പെട്ടവനും അതുപോലെ ഇവർ കുബേരപുത്രന്മാരുമാണു. ആയതിനാൽ ആ മഹാത്മാവിനാൽ ഉച്ചരിക്കപ്പെട്ട വചനത്തെ അപ്രകാരംതന്നെ സാധിപ്പിച്ചേക്കാം എന്ന് മനസ്സിൽ വിചാരിച്ചുകൊണ്ട് ഭഗവാനാകട്ടെ ഉരലും വലിച്ചുകൊണ്ട് ആ അർജ്ജുനമരങ്ങളുടെ അല്പവിടവിലൂടെ അപ്പുറം ചാടിക്കടക്കുകയും ഉരൽ അതിനുപിന്നിൽ വിലങ്ങടിച്ചുനിൽക്കുകയും ചെയ്തു. ആ സമയം ദാമോദരനായ ഭഗവാൻ ശക്തിയോടെ ആ ഉലൂഖലത്തെ ആഞ്ഞുവലിച്ചു. ഭഗവദ്ശക്തിയാൽ ഉലഞ്ഞ് ആ മരം വേർപിഴുത് അതിഭയങ്കരശബ്ദത്തോടുകൂടി ഇളകിവീണു. ഉടൻ ആ മരങ്ങൾ നിന്നിടത്ത് പരമമായ കാന്തിയെഴുന്ന മദമടങ്ങിയ രണ്ടു സിദ്ധദേവന്മാർ ദിക്കുകൾ മുഴുവൻ പ്രകാശിപ്പിച്ചുകൊണ്ട് അഖിലലോകനാഥനായ ഭഗവാന്റെയടുക്കൽ വന്ന് ശിരസ്സാനമിച്ച് ഇപ്രകാരം പറഞ്ഞു: ഹേ കൃഷ്ണ!, ഹേ യോഗേശ്വര!, നിന്തിരുവടി ആദ്യനും പരമപുരുഷനുമാണു. സ്ഥൂലസൂക്ഷ്മരൂപങ്ങളിൽ വർത്തിക്കുന്ന ഈ വിശ്വം അവിടുത്തെ സ്വരൂപം തന്നയാകുന്നുവെന്ന് ബ്രഹ്മജ്ഞർ പറയുന്നു. സർവ്വഭൂതങ്ങളുടേയും ദേഹവും പ്രാണനും ഇന്ദ്രിയങ്ങളും അഹങ്കാരവുമെല്ലാം അങ്ങയാൽ നിയന്ത്രിതമാകുന്നു. കാലസ്വരൂപനായതും വിശ്വവ്യാപിയായിരിക്കുന്നതും വിശ്വനിയന്താവായിരിക്കുന്നതും അവ്യയനായ അങ്ങ് മാത്രമാണു. ത്രിഗുണസ്വരൂപമായ പ്രകൃതിയും അതുപോലെ മഹത്തത്വവുമെല്ലാം നിന്തിരുവടിതന്നെയാകുന്നു. സർവ്വചരാചരങ്ങളിൽ കുടികൊള്ളുന്ന പുരുഷനും സർവ്വചരാചരങ്ങളിലെ വികാരങ്ങളെ അറിയുന്നവനും അങ്ങുതന്നെ. അങ്ങ് സൃഷ്ടിക്ക് മുൻപേയുള്ളവനാണു. അങ്ങനെയുള്ള അങ്ങയെ ത്രിഗുണാത്മകമായ ഈ ശരീരത്തിൽ പെട്ടുകിടക്കുന്ന അജ്ഞാനികൾക്ക് എങ്ങനെയറിയാൻ കഴിയും? അവിടുത്തെ മായയാൽതന്നെ മറയ്ക്കപ്പെട്ട മഹിമകളോടുകൂടിയവനും ബ്രഹ്മസ്വരൂപിയും സൃഷ്ടികർത്താവും സർവ്വൈശ്വര്യസമ്പൂർണ്ണനും വസുദേവപുത്രനുമായ നിന്തിരുവടിക്ക് ഞങ്ങളുടെ പ്രണാമം. വ്യത്യസ്ഥമായ ഓരോരോ ശരീരങ്ങളിലവതരിച്ച് അത്തരം സൃഷ്ടികൾക്ക് കഴിയാത്തതായ അത്ഭുതകർമ്മങ്ങൾ അങ്ങ് ചെയ്യുന്നു. അവയൊക്കെ അവിടുത്തെ അനുപമവും അത്ഭുതാവഹവുമായ ലീലകളാകുന്നു. ആയതിനാൽ അങ്ങയുടെ ആ ശരീരങ്ങളെല്ലാം തികച്ചും ആദ്ധ്യാത്മികങ്ങളാകുന്നു. അതെല്ലാം ആ ശരീരങ്ങളിലൂടെയുള്ള അങ്ങയുടെ അവതാരങ്ങളാണു. ഇന്ന് അങ്ങ് അതുല്യവും അനന്തവുമായ ശക്തിയോടെ ഇവിടെ അവതരിച്ചിരിക്കുന്നത് ഇവിടുത്തെ സകലചരാചരങ്ങൾക്കും മോക്ഷമരുളുന്നതിനുവേണ്ടിയാണു. ഹേ പരമകല്യാണമൂർത്തേ!, ഹേ പൂർണ്ണമംഗളസ്വരൂപ!, ശാന്തനായും യാദവന്മാരുടെ നാഥനായും വസുദേവകുമാരനായുമിരിക്കുന്ന നിന്തിരുവടിക്ക് നമസ്ക്കാരം. അല്ലയോ സർവ്വവ്യാപിയായ ഭഗവാനേ!, അങ്ങയുടെ അനുചരദാസരായി വർത്തിക്കുന്ന ഞങ്ങളെ പോകാനനുവദിച്ചാലും. നാരദമഹർഷിയുടെ അനുഗ്രഹത്താൽ ഞങ്ങൾക്ക് നിന്തിരുവടിയുടെ ദർശനം ലഭ്യമായിരിക്കുന്നു. ഞങ്ങളുടെ വാക്കുകൾ അങ്ങയുടെ നാമസങ്കീർത്തനങ്ങളെ പാടുന്നതിനായും, കാതുകൾ അവിടുത്തെ സത്കഥാശ്രവണത്തിന്നായും, കൈകൾ അങ്ങേയ്ക്കുവേണ്ടി ദാസ്യവൃത്തികൾ ചെയ്യുന്നതിനായും, മനസ്സ് അവിടുത്തെ തൃപ്പാദസ്മരണത്തിനായും, ശിരസ്സ് അങ്ങയുടെ ആവാസസ്ഥലങ്ങളെ നമസ്ക്കരിക്കുന്നതിനായും, കണ്ണുകൾ നിന്തിരുവടിയുടെ ഭക്തന്മാരെ ദർശിക്കുന്നതിനായും പ്രയോജനപ്പെടട്ടെ.

ശ്രീശുകൻ തുടർന്നു: രാജാവേ!, ഇങ്ങനെ നളകൂബരമണിഗ്രീവന്മാർ ഭഗവാനെ സ്തുതിച്ചു. ഭഗവാനാകട്ടെ എല്ലാം കേട്ടുകൊണ്ട് ഉരലിൽ ബദ്ധപ്പെട്ടവനെന്ന് നടിച്ചുകൊണ്ട് പുഞ്ചിരിതൂകി ഇപ്രകാരം അവരോടരുളിച്ചെയ്തു. മദാന്ധതയാകുന്ന തിമിരം ബാധിച്ചിരുന്ന നിങ്ങളെ കരുണാമയനായ ഋഷി ശാപവചനങ്ങളാൽ അനുഗ്രഹം ചെയ്തു എന്നുള്ളത് എനിക്ക് മുമ്പേ അറിവുള്ളതാണു. തീർത്തും എന്നിൽ ആത്മാർപ്പണം ചെയ്തിട്ടുള്ളവരും സമചിത്തന്മാരുമായ സജ്ജനങ്ങളുടെ ദർശനത്താൽ മനുഷ്യന്ന് മായയോടുള്ള ബന്ധം, ആദിത്യന്റെ ദർശനത്താൽ കണ്ണുകൾക്ക് ഇരുട്ട് എന്നതുപോലെ, അകന്നുപോകുന്നു. അല്ലയോ നളകൂബരമണിഗ്രീവന്മാരേ!, നിങ്ങൾ ആഗ്രഹിച്ചതുപോലെ, നിങ്ങൾക്ക് പരമവും സംസാരദുഃഖകന്നതുമായ ഭക്തി എന്നിൽ വേണ്ടവണ്ണം ഉണ്ടായിരിക്കുന്നു. ഇനി നിങ്ങൾ സ്വസ്ഥാനത്തേക്ക് പൊയ്ക്കൊള്ളുക.

രാജൻ!, അങ്ങനെ ഭഗവാനാൽ അനുഗ്രഹീതരായ ആ രണ്ടുപേരും ഉരലിൽ ബദ്ധനായിരിക്കുന്ന ഭഗവാനെ പലവട്ടം പ്രദക്ഷിണം ചെയ്ത് നമസ്കരിച്ച് യാത്രയും ചോദിച്ചുകൊണ്ട് അനുമതിവാങ്ങി ഉത്തരദിക്കിലേക്ക് യാത്രയായി.

 

 

ശ്രീമദ്ഭാഗവതം ദശമസ്കന്ധം പത്താമദ്ധ്യായം സമാപിച്ചു.

 

ഓം തത് സത്.

 

 

Previous    Next

 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ