ഓം
ശ്രീമദ്ഭാഗവതം ദശമസ്കന്ധം അദ്ധ്യായം 9
(ഉലൂഖലബന്ധനം)
രാജൻ!, പുത്രസ്നേഹവതിയായ അവൾ അവന്റെ ശക്തിയെ തിരിച്ചറിയാതെ തന്റെ പുത്രൻ
തന്നിൽ ഭയപ്പെട്ടിരിക്കുന്നതായി മനസ്സിലാക്കി കൈയ്യിലുണ്ടായിരുന്ന വടി ദൂരേയ്ക്ക് വലിച്ചെറിഞ്ഞ്
അവനെ കയറുകൊണ്ട് ബന്ധിക്കാൻ ഭാവിച്ചു. യാതൊരുവനാണോ അകവും പുറവുമില്ലാത്തത്,
യാതൊരുവനാണോ മുമ്പും പിൻപുമില്ലാത്തത്, യാതൊരുവനാണോ
ഈ ലോകത്തിന്റെ മുമ്പായും പിൻപായും അകമായും പുറമായും വർത്തിക്കുന്നത്, യാതൊരുവനാണോ ഈ ലോകംതന്നെയായിരിക്കുന്നത്, യാതൊരുവനാണോ
ഇന്ദ്രിയങ്ങൾക്ക് വിഷയമല്ലാത്തവനായി അവ്യക്തനായി നിലകൊള്ളുന്നത്, അങ്ങനെയുള്ള മാനുഷരൂപം ധരിച്ച ആ സത്ചിദാനന്തമൂർത്തിയെ തന്റെ മകനെന്ന് കരുതി
ദേവി യശോദ കയറുകൊണ്ട് ഉരലിൽ കെട്ടിയിടാൻ ശ്രമിച്ചു. കുറ്റക്കാരനായ
തന്റെ പുത്രനെ കെട്ടിയിടുവാനായി ബദ്ധപ്പെട്ടുകൊണ്ടിരിക്കെ ആ കയറിന് രണ്ടുവിരൽനീളം പോരാതെയായി. അത് കണ്ട് അവൾ മറ്റൊരു കയറെടുത്ത് ആദ്യത്തേതുമായി
കൂട്ടിക്കെട്ടി. അപ്പോഴും തികയാതെവന്ന ആ കയറിന്റെ അറ്റത്ത് മറ്റൊരു
കഷണം കൂടി വീണ്ടും ഏച്ചുകെട്ടി. പിന്നെയും രണ്ടംഗുലം നീളത്തിൽ
കയറ് തികയാതെവന്നു. ഇങ്ങനെ എത്ര തവണ ശ്രമിച്ചിട്ടും ഉള്ള കയറിന്
രണ്ടുവിരൽനീളം പോരാതെ അവശേഷിച്ചു. ഇപ്രകാരം
വീട്ടിലുള്ള കയറുകളെല്ലാം ചേർത്തുകെട്ടിയിട്ടും അതിന് ഭഗവാനെ പിടിച്ചുകെട്ടുവാൻതക്ക നീളം തികയാതെവരുന്നതുകണ്ട് ചുറ്റും കൂടിനിന്ന ഗോപികമാർ വാപൊത്തി ചിരിക്കാൻ
തുടങ്ങി. സങ്കടവും ദേഷ്യവും അതോടൊപ്പം ഉള്ളിലൂറുന്ന സന്തോഷവും
എല്ലാം കൂടിച്ചേർന്ന ഒരു ഭാവം യശോദയുടെ മുഖത്ത് പ്രത്യക്ഷമായി. ഗോപിമാർക്കൊപ്പം ചിരിച്ചുകൊണ്ട് അവളും വിസ്മയത്തോടെ അവനെ നോക്കിനിന്നു.
എന്നിട്ടും തന്റെ ഉദ്യമത്തിനായി കിണഞ്ഞ് പരിശ്രമിക്കുന്ന അവളുടെ വാർമുടിക്കെട്ടിൽനിന്നും
പൂക്കൾ കൊഴിഞ്ഞുവീണുകൊണ്ടേയിരുന്നു. അവൾ വല്ലാതെ വിയർത്തു.
അങ്ങനെ കഷ്ടപ്പെടുന്ന സ്വമാതാവിനെ കണ്ട് ഭഗവാൻ കാരുണ്യത്തോടെ സ്വയം ബന്ധനത്തിന്
വഴങ്ങിക്കൊടുത്തു.
ഹേ പരീക്ഷിത്തേ!, ബ്രഹ്മാവാദിയായ ദേവന്മാരോടുകൂടിയ ഈ ലോകം ആരുടെ അധീനതയിലാണോ ഇരിക്കുന്നത്,
അങ്ങനെയുള്ള സർവ്വസ്വതന്ത്രനായ ഭഗവാൻ കൃഷ്ണനായി അവതരിച്ച് ഇങ്ങനെ താൻ
സ്വയം ഭക്തർക്ക് അധീനനാണെന്നുള്ള തത്വം ലോകത്തിന് കാട്ടിക്കൊടുത്തു. വെറും ഒരു ഗോപസ്ത്രീയായ യശോദയ്ക്ക് കിട്ടിയ ഈ പ്രസാദം മോക്ഷദാതാവായ ശ്രീഹരിയിൽനിന്നും
ബ്രഹ്മാവിനോ മഹാദേവനോ എന്തിനുപറയാൻ, സ്വന്തം തിരുമാറിടത്തിൽ സദാ
ഇടം പിടിച്ചിരിക്കുന്ന ശ്രീ ലക്ഷ്മീഭഗവതിക്കുപോലുമോ ഇന്നോളം ലഭ്യമായിട്ടില്ലതന്നെ.
രാജൻ!, ഗോപികാപുത്രനായ ഈ ഭഗവാൻ ശ്രീകൃഷ്ണൻ ഈ ലോകത്തിൽ
എത്രത്തോളം എളുപ്പത്തിൽ ഭക്തന്മാർക്ക് ലഭിക്കുന്നുവോ, അത്രത്തോളം
എളുപ്പത്തിൽ താപസ്സന്മാർക്കോ യോഗിക്കൾക്കോ പോലും പ്രാപ്യനാകുന്നില്ലെന്നറിയുക.
അങ്ങനെ കണ്ണനെ ബന്ധിച്ച്
അമ്മ ഗൃഹകൃത്യങ്ങൾക്കായി മടങ്ങി. ആ സമയം, സർവ്വേശ്വരനായ കൃഷ്ണന് തന്റെ ഒരു ദൌത്യം ഓർമ്മവന്നു. പണ്ട് വൈശ്രവണന്റെ പുത്രന്മാരായിരുന്ന രണ്ട് യക്ഷന്മാർ മരുത് വൃക്ഷങ്ങളായി
അവിടെ നിൽക്കുന്നത് ഭഗവാൻ കണ്ടറിഞ്ഞു. ശ്രീമദത്താൽ അഹങ്കാരികളായിമാറിയ
നളകൂബരൻ, മണിഗ്രീവൻ എന്നീ പേരുകളിൽ വിഖ്യാതരായിരുന്ന ഇവർ ശ്രീനാരദരുടെ
ശാപത്താലായിരുന്നു ഇങ്ങനെ വൃക്ഷങ്ങളായി ഭവിച്ചതു.”
ശ്രീമദ്ഭാഗവതം ദശമസ്കന്ധം ഒമ്പതാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ