2013, സെപ്റ്റംബർ 25, ബുധനാഴ്‌ച

1.9 ഭീഷ്മരുടെ ദേഹത്യാഗം

ഓം

ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധം  അദ്ധ്യായം - 9

സൂതന്‍ പറഞു: പ്രജാദ്രോഹം ചെയ്തവന്നെന്ന് സ്വയം വിശേഷിപ്പിച്ച് ദുഃഖിക്കുന്ന യുധിഷ്ഠിരന്‍ ഭാരതയുദ്ധം നടന്ന കുരുക്ഷേത്രഭൂമിയിലേക്ക് പോയി. അവിടെ ഭീഷ്മര്‍ വിദേഹമുക്തിയ്ക്കുവേണ്ടി ശരശയ്യയില്‍ കിടക്കുകയായിരുന്നു. അല്ലയോ ബ്രാഹ്മണരേ!, സ്വര്‍ണ്ണാഭരവിഭൂഷിതങളായ സുന്ദര അശ്വങളെ പൂട്ടിയ മനോഹരമായ തേരില്‍ യുധിഷ്ഠിരന്റെ സഹോദരങളും, വ്യാസമഹര്‍ഷിയും, ധൗമ്യമുനിയും അദ്ദേഹത്തെ അനുഗമിച്ചു. ബ്രഹ്മഋഷികളെ, ഭഗവാനും അര്‍ജ്ജുനനോടൊപ്പം ഒരു രഥത്തില്‍ അവിടേക്ക് യാത്രയായി. ധര്‍മ്മപുത്രന്‍ കുബേരനെപ്പോലെ ഒരു പ്രതാപിയായി കാണപ്പെട്ടു. ദേവലോകത്തുനിന്നും ഭൂമിയിലേക്ക് നിപതിച്ച ഒരു ദേവനെപ്പോലെ ശരശയ്യയില്‍ കിടക്കുന്ന ഭീഷ്മരെ യുധിഷ്ഠിരനും, സഹോദരങളും, അതുപോലെ ഭഗവാനും വന്ദിച്ചു. ബ്രഹ്മഋഷികളും, ദേവഋഷികളും, രാജഋഷികളും, എന്നുവേണ്ട ശ്രേഷ്ഠരായ സകലരും ആ ഭരതപുംഗവനെ കാണാന്‍ അവിടെ സമാഗതരായിക്കഴിഞിരുന്നു. പര്‍‌വ്വതന്‍, നാരദന്‍, ധൗമ്യന്‍, വ്യാസന്‍, ബൃഹദ്വശന്‍, ഭരധ്വാജന്‍ അദ്ദേഹത്തിന്റെ ശിഷ്യര്‍, പരശുരാമന്‍, വസിഷ്ഠന്‍, ഇന്ദ്രപ്രമദന്‍, ത്രിതന്‍, ഗൃത്സമദന്‍, അസിതന്‍, കക്ഷീവാന്‍, ഗൗതമന്‍, അത്രി, കൗശികന്‍, സുദര്‍ശനന്‍ തുടങിയ ഋഷികളെല്ലാം തന്നെ അവിടെ സന്നിഹിതരായിരുന്നു. കൂതാതെ,  ശുകദേവന്‍, കശ്യപന്‍, ആംഗിരസ്സ് തുടങിയ അമലാത്മാക്കളെല്ലാം തങളുടെ ശിഷ്യഗണങളോടൊപ്പം അവിടെയെത്തിയിരുന്നു. വസുക്കളില്‍ ഉത്തമനും, ധര്‍മ്മജ്ഞനുമായ ഭീഷ്മര്‍ അവിടെ സമാഗതരായ ഋഷികളെ സ്വാഗതം ചെയ്തു വന്ദിച്ചു. ജഗദീശ്വരനും, ഹൃദയേശ്വരനുമായ ഭഗവാന്‍ ശ്രീകൃഷ്ണന്റെ മഹിമയെ അങേയറ്റം അറിയാവുന്ന ഭീഷ്മര്‍ തന്റെ മുന്നിലുപസ്ഥിതമായ ആ മായാവിഗ്രഹത്തെ കണ്ട് വന്ദിച്ചു. 

സ്നേഹാദരങളോടെ ഭീഷ്മരുടടത്ത് പാണ്ഡുപുത്രന്മാരിരിക്കുന്നു. മുത്തച്ചന്‍ വാത്സല്യം നിറഞുതുളുമ്പുന്ന കണ്ണുകളോടെ അവരെ ആശീര്‍‌വദിച്ചു. അല്ലയോ ധര്‍മ്മാത്മജരേ!, അഹോ കഷ്ടം!... എന്തെല്ലാം അന്യായങളാണ് നിങള്‍ക്ക് സഹിക്കേണ്ടിവന്നത്!. ഈശ്വരനും, ബ്രാഹ്മണരും, ധര്‍മ്മവും ചേര്‍ന്ന് രക്ഷിക്കപ്പെട്ട നിങള്‍ ഇങനെയൊരു ജീവിതമായിരുന്നില്ല അര്‍ഹിച്ചിരുന്നത്. കുന്തിക്ക് എപ്പോഴും ദുഃഖം തന്നെയായിരുന്നു. നിങളെല്ലാവരും കുട്ടികളായിരിക്കെ അവള്‍ വിധവയായി. പിന്നീട് നിങള്‍ വളര്‍ന്നപ്പോഴും നിങളെയോര്‍ത്ത് അവള്‍ അതീവദുഃഖം സഹിച്ചു. എല്ലാം കാലത്തിന്റെ കളികളാണ്. നിങള്‍ക്ക് മാത്രമല്ല, സകലലോകങളിലും, ഘനമാര്‍ന്ന മേഘകൂട്ടങളെ ശക്തമായ കാറ്റ് ചുഴറ്റികൊണ്ടുപോകുന്നതുപോലെ, സകലതിനേയും കാലം വഹിച്ചുകൊണ്ടുപോകുന്നു. കാലം, അതിനെ എതിര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല. അല്ലെങ്കില്‍ പിന്നെ ധര്‍മ്മാത്മജനായ യുധിഷ്ഠിരനും, ഗദാപണിയായ ഭീമനും, ഖാണ്ഡീവം കൈയ്യിലേന്തിയ അര്‍ജ്ജുനനും, എല്ലാത്തിനുമുപരി ഭഗവാന്‍ സ്വയം കൂടെയുള്ളപ്പോള്‍ കൂടി ഇങനെയൊരവസ്ഥ ഉണ്ടാകേണ്ടതുണ്ടോ!. ലോകത്തില്‍ കവികള്‍ കിണഞു പരിശ്രമിക്കുന്നുണ്ടെങ്കിലും, ആ ഭഗവാന്റെ വിധി ആര്‍ക്കും അറിയാവുന്നതല്ല. അല്ലയോ ഭരതര്‍ഷഭാ!, ഇതെല്ലാം ആ ജഗദീശ്വരന്റെ വിധിമതമാണ്. അത് മനസ്സിലാക്കി അങ് അശരണരായ അങയുടെ പ്രജകളെ രക്ഷിച്ചുകൊണ്ടാലും. 

ഈ ശ്രീകൃഷ്ണന്‍ സാക്ഷാത് ആദിനാരായണനാണ്. ഈ പുമാന്‍ അതിഗൂഡമായി വൃഷ്ണിവംശത്തില്‍ നിറഞുനിന്ന് തന്റെ മായയാല്‍ നമ്മളെ മോഹിപ്പിക്കുകയാണ്. ഹേ മഹാരാജന്‍!, പരമശക്തനായ ഇവന്റെ ഗൂഢമായ മഹിമകള്‍ ശിവനും, ദേവര്‍ഷി നാരദരും, ഭഗവതവതാരമായ കപിലന്‍ മുതലായവരും നേരേ കണ്ടറിയുന്നു. ഈ ഭഗവാനെയാണ് നിങള്‍ പ്രിയമോടെ അളിയനായും, മിത്രമായും, സുഹൃത്തായും, ക്ഷേമാന്വേഷകനായും, ഉപദേഷ്ടാവായും, ദൂതനായും കരുതിയിരിക്കുന്നത്. സര്‍‌വ്വതിനും ആത്മാവായ; സര്‍‌വ്വതിലും സമഭാവദൃക്കായി നിലകൊള്ളുന്ന ഇവന്‍ ആര്‍ക്കും അന്യനല്ല. ഒന്നിനോടും രാഗമോ ദ്വേഷമോ ഇവനില്ല തന്നെ. എങ്കിലും, ഞാന്‍ മരിക്കാന്‍ പോകുന്ന ഈ വേളയില്‍ കാരുണ്യത്തോടെ, അനുകമ്പയോടെ കൃഷ്ണന്‍ എനിക്കിതാ ദര്‍ശനം തന്നിരിക്കുന്നു. യാതൊരുവന്‍ ഇവനില്‍ ഭക്തിവച്ചുകൊണ്ട്, ഇവനെ മനസ്സര്‍പ്പിച്ച് ധ്യാനിച്ചുകൊണ്ട്, ഇവന്റെ നാമം ഉച്ചരിച്ചുകൊണ്ട്, ശരീരം വെടിയുന്നുവോ, ആ ഭക്തന്‍ തന്റെ സകല കാമ്യകര്‍മ്മഫലങളുടേയും ബന്ധമറ്റ് മുക്തനാകുന്നു. അല്ലയോ ദേവദേവാ, നാലുകൈയുള്ള നാരയണാ!, താമരപ്പൂപോലെ വിടര്‍ന്ന സുസ്മിതമായ മുഖത്തോടുകൂടിയവനേ!, അരുണലോചനാ!, ഞാനീ ഭൗതികശരീരം ത്യജിക്കുന്നതുവരെ നീ എന്നെ കാത്തിരിക്കേണമേ!.

സൂതന്‍ പറഞു: ശരശയ്യയില്‍ കിടക്കുന്ന ഭീഷ്മരുടെ വാക്കുകള്‍ ശ്രദ്ധയോടെ കേട്ടതിനുശേഷം ധര്‍മ്മപുത്രര്‍ ഋഷിമധ്യത്തില്‍ വച്ച് തന്റെ പിതാമഹനോട് ഒരുവന്റെ ധാര്‍മ്മിക കര്‍ത്തവ്യങളെ കുറിച്ച് ചോദിച്ചു. യുധിഷ്ഠിരന്റെ ചോദ്യത്തിനു മറുപടിയായി ഭീഷ്മര്‍ ആദ്യം ഒരുവന്റെ ഗുണഗണങള്‍ക്കനുസരിച്ചുള്ള വര്‍ണ്ണാശ്രമധര്‍മ്മങളെക്കുറിച്ചും, പിന്നീട് വിഷയങളെ സംബന്ധിച്ച വൈരാഗ്യം, രാഗം എന്നീ രണ്ട് വസ്തുതകളുടെ ലക്ഷണങളെക്കുറിച്ചും അദ്ദേഹത്തെ പറഞുകേള്‍പ്പിച്ചു. തുടര്‍ന്ന് ഭീഷ്മര്‍, ധാനധര്‍മ്മത്തെക്കുറിച്ചും, രാജധര്‍മ്മത്തെക്കുറിച്ചും, മോക്ഷധര്‍മ്മത്തെക്കുറിച്ചും, സ്ത്രീധര്‍മ്മത്തെക്കുറിച്ചും, ഭഗവത്ധര്‍മ്മത്തെക്കുറിച്ചും, സംഗ്രഹിച്ചും, വിസ്തരിച്ചും യുധിഷ്ഠിരനെ ബോധവാനാക്കി. പിന്നീട്, തത്വജ്ഞാനിയായ ഭീഷ്മര്‍ ഇതിഹാസങളെ നിരത്തിവച്ച് ധര്‍മ്മാര്‍ത്ഥകാമമോക്ഷങളെ പറ്റി വര്‍ണ്ണിച്ചു. ഭീഷ്മര്‍ ഇങനെ ധര്‍മ്മങളെക്കുറിച്ച് പറഞുകൊണ്ടിരിക്കുമ്പോള്‍, സ്വേഛയാല്‍ ശരീരം ഉപേക്ഷിക്കാന്‍ കഴിവുള്ള യോഗികള്‍ ആഗ്രഹിക്കുന്നതുപോലെ, സൂര്യന്‍ ഉത്തരായണം ലക്ഷ്യമാക്കി പ്രയാണം ചെയ്തു.

പെട്ടെന്ന് ഭീഷ്മര്‍ സംസാരം നിറുത്തി; സകലബന്ധനങളില്‍ നിന്നും മനസ്സിനെ വിമുഖമാക്കി. മഞപട്ടണിഞ്, സ്വര്‍ണ്ണാഭരണവിഭൂഷിതനായി, നാല് തൃക്കൈകളോടെ തന്റെ മുന്നില്‍ നില്‍ക്കുന്ന ആദിനാരായണനായ ശ്രീകൃഷ്ണഭഗവാനിലേക്ക് ഭീഷ്മര്‍ തന്റെ വിശാലനേത്രം പതിപ്പിച്ചു.  ഭഗവത് ധ്യാനത്താല്‍ ഭീഷ്മര്‍ സകല അശുഭങളില്‍ നിന്നും ശുദ്ധനായി. ഭഗവത് ദര്‍ശനത്താല്‍ അസ്ത്രജന്യമായ വേദനകളും അകന്നു. ഇന്ദ്രിയവൃത്തികളെല്ലാം നിലച്ച് ഭൗതികശരീരത്യാഗം ചെയ്യാനൊരുങവേ ഭീഷ്മപിതാമഹന്‍ ഭഗവാനെ സ്തുതിച്ചു.

ഭീഷ്മര്‍ പറഞു: "ഇനി ഞാന്‍ എന്റെ സകല വ്യവഹാരകര്‍മ്മങളും സാത്വതപുംഗവനും സ്വയം ആനന്ദവാനുമായ ആ ഭഗവാങ്കലര്‍പ്പിക്കാന്‍ പോകുന്നു. സകല ഭൂതങളും ആരില്‍ നിന്നുത്ഭവിച്ച്, ആരിലേക്കുതന്നെ പ്രവഹിക്കുമോ, ആ വിഭു ചില സമയങളില്‍ തന്റെ മായാലീലകള്‍ കാട്ടുവാനായി ഇറങിവരുന്നു. മൂന്ന് ലോകങളും കാമിക്കുന്ന, തമാലവര്‍ണ്ണനായ, സ്വര്‍‌ണ്ണവര്‍‌ണ്ണാംബരം ചുറ്റി, ചന്ദനചര്‍ച്ചിതമായ കളേബരത്തോടുകൂടിയവനായ, താമരക്കണ്ണനായ, അര്‍ജ്ജുനസഖാവായ, ഈ ശ്രികൃഷ്ണനില്‍, വിഷയവാസനയകന്ന് ഞാന്‍ ശരണം പ്രാപിക്കുന്നു. കുരുക്ഷേത്രയുദ്ധഭൂമിയില്‍ കുതിരകുളമ്പടിയാല്‍ ഇളകിമറിഞ ധൂളീപടലങളില്‍ മുങി ഭഗവാന്റെ മുടി ചാരനിറത്തിലായി. വിയര്‍പ്പ് കണങളാല്‍ ആ തിരുമുഖം നനഞു. എന്റെ ശരങള്‍ കൃഷ്ണന്‍ ധരിച്ചിരുന്ന രക്ഷാകവചങള്‍ കടന്ന് ഭഗവാന്റെ ത്വക്കിലൂടെ തുളച്ചുകയറി. ഇതിലെല്ലാം ആനന്ദിച്ചിരുന്നരുളിയ ആ ഭഗവാനില്‍ എന്റെ മസ്സുറയ്ക്കട്ടെ!. അര്‍ജ്ജുനന്റെ ആജ്ഞയാല്‍ രഥം ഇരുസൈന്യങള്‍ക്കിടയില്‍ നിറുത്തി, അവിടെ നിന്നുകൊണ്ട് പാര്‍ത്ഥന്റെ എതിരാളികളുടെ ആയുസ്സ് തന്റെ കൃപാകടാക്ഷമെയ്ത് കുറച്ചു. ആ ഭഗവാനില്‍ എന്റെ ഹൃദയം രമിക്കുമാറാകട്ടെ!.

പോര്‍ക്കളത്തില്‍ യുദ്ധസന്നദ്ധരായി നില്‍ക്കുന്ന സ്വജനങളെ കണ്ട് അജ്ഞാനത്താല്‍ ആകുലപ്പെട്ട അര്‍ജ്ജുനന് അദ്ധ്യാത്മികജ്ഞാനം പ്രദാനം ചെയ്തു ചിത്തചാഞ്ചല്യം മാറ്റി അനുഗ്രഹിച്ച ആ ഭഗവാന്റെ പദകമലത്തില്‍ എന്റെ മനസ്സ് ചേരുമാറാകട്ടെ!. സ്വധര്‍മ്മം മറന്ന്, എന്റെ ജീവിതധര്‍മ്മത്തെ നിലനിറുത്തുവാന്‍ വേണ്ടി, എനിക്ക് നേരേ ചാടിയിറങി വന്ന കൃഷ്ണന്റെ ഉത്തരീയം അഴിഞുനിലത്തു വീണു. ആനയെ കൊല്ലാന്‍ പുറപ്പെടുന്ന ഒരു സിംഹത്തെപ്പോലെ എന്നിലേക്കടുക്കുന്ന ആ ഭഗവാനില്‍ ഞാന്‍ മനസ്സുറപ്പിക്കുന്നു. എന്റെ കൂര്‍ത്ത ശരങള്‍ ഭഗവാന്റെ കവചം കീറിമുറിച്ച് ആ ശരീരത്ത മുറിവേല്പ്പിച്ച് ചോരയൊഴുക്കി. അതില്‍ നിന്നുണ്ടായ ക്രോധത്താലെന്നോണം എന്നെ കൊല്ലാനായി ഓടിയടുക്കുന്ന മുകുന്ദന്‍ എന്റെ പരമഗതിയായി മാറട്ടെ!. ചമ്മട്ടി പൂണ്ട്, കടിഞാണും പിടിച്ച്, അര്‍ജ്ജുനനെ സകലവിധത്തിലും രക്ഷിച്ചുകൊണ്ട് പോര്‍ക്കളത്തില്‍ രഥത്തില്‍ നില്‍ക്കുന്ന ആ ഭഗവനില്‍ ഞാന്‍ രമിക്കുമാറാകട്ടെ!. എന്തെന്നാല്‍, ഭഗവാനെ ഈ രൂപത്തില്‍ കാണുന്നവന്‍ തന്റെ സ്വരൂപത്തെ വീണ്ടെടുക്കുന്നു. വ്രജത്തിലെ ഗോപകന്യകമാര്‍ ഈ ഭഗവാന്റെ ചലനഗതിയേയും വിലാസങളേയും അനുകരിച്ച് ഇവനില്‍ ഭക്തിവച്ചു. എന്റെ മനസ്സും കൃഷ്ണന്റെ ആ വിലാസങളില്‍ ലയിക്കുമാറാകട്ടെ!.

അന്ന്, യുധിഷ്ഠിരന്‍ രാജസൂയയാഗം നടത്തിയപ്പോള്‍ നാനാദിക്കില്‍ നിന്നും അവിടെ സന്നിഹിതരായിരുന്ന സകല മുനികളും മറ്റ് രാജാക്കന്മാരും കൃഷ്ണനെ പൂജിച്ചാരാധിച്ചു. ആ ഭഗവാനില്‍ എന്റെ മനസ്സുറയ്ക്കുമാറാകട്ടെ!. ഇപ്പോള്‍ എന്റെ മുന്നില്‍ നില്‍ക്കുന്ന അജനായ ഈ ശ്രീകൃഷ്ണനെ എനിക്ക് ധ്യാനിക്കനാകും. കാരണം, ഭേദചിന്തയകന്ന് ഞാന്‍ സത്യത്തെ തിരിച്ചറിഞിരിക്കുന്നു. സകലദിക്കുകളിലും പ്രകാശം ചൊരിയുന്ന സൂര്യന്‍ ഒന്നേയുള്ളൂ എന്നതുപോലെ, സകലഹൃദയങളിലും കുടികൊള്ളുന്ന ആ പരമാത്മാവ് ഇവന്‍ മാത്രമാണെന്ന് ഞാന്‍ അറിയുന്നു."

സൂതന്‍ പറഞു: അങനെ മനസ്സുകൊണ്ടും, വാക്കുകൊണ്ടും, നോട്ടം കൊണ്ടും, കര്‍മ്മം കൊണ്ടും, ഭീഷ്മപിതാമഹന്‍ ഭഗവാന്‍ ശ്രീകൃഷ്ണനില്‍ ലയിച്ചു. അദ്ദേഹം ശ്വാസം ഉള്ളിലേക്ക് വലിച്ചു. പിന്നീട് നിശബ്ദനായി. ഭീഷ്മരുടെ വിദേഹമുക്തിയെ കണ്ട് അവിടെയുണ്ടായിരുന്ന സകലരും, കിളികള്‍ ദിനാന്ത്യത്തില്‍ നിശബ്ദമാകുന്നതുപോലെ, മൗനം പാലിച്ചു, തുടര്‍ന്ന് ദേവന്മാരും, മനുഷ്യരും ദുന്ധുഭികൊട്ടി ജയജയഘോഷം മുഴക്കി. സ്വര്‍ഗ്ഗത്തില്‍ നിന്നും പുഷ്പവൃഷ്ടിയുണ്ടായി. ഒടുവില്‍ ഭീഷ്മരുടെ സംസ്കാരകര്‍മ്മങളെല്ലാം യഥോചിതം കഴിച്ച് ധര്‍മ്മപുത്രന്‍ കുറെ സമയം ദുഃഖിതനായി കാണപ്പെട്ടു. ഋഷികള്‍ ഗൂഡമന്ത്രങളാല്‍ ഭഗവാനെ വാഴ്ത്തിസ്തുതിച്ചു. കൃഷ്ണപ്രേമം ഉള്ളില്‍ വച്ചുകൊണ്ട് സന്തുഷ്ടരായി ഏവരും തങള്‍ക്കുള്ള ആശ്രമങളിലേക്ക് യാത്രയായി. അതിനുശേഷം, യുധിഷ്ഠിരന്‍ ഭഗവാനോടൊപ്പം ഹസ്തിനപുരത്തെത്തി ധൃതരാഷ്ട്രരേയും, തപസ്വിനിയായ അദ്ദേഹത്തിന്റെ പത്നി ഗാന്ധാരിയേയും സമാശ്വസിപ്പിച്ചു. പിന്നീട് ധൃതരാഷ്ട്രരുടെ അനുമതിയോടെ, ഭഗവാന്റെ അനുഗ്രഹത്തോടെ, പിതൃക്കളെ സ്മരിച്ച്കൊണ്ട് ധര്‍മ്മപുത്രര്‍ തന്റെ രാജ്യം ധര്‍മ്മാധിഷ്ഠിതമായി പാലനം ചെയ്തു.

ഇങനെ ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധം  ഒമ്പതാം അധ്യായം സമാപിച്ചു.

ഓം തത് സത്

<<<<<   >>>>>



2013, സെപ്റ്റംബർ 23, തിങ്കളാഴ്‌ച

1.8 കുന്തിദേവിയുടെ പ്രര്‍ത്ഥനയും, പരീക്ഷിത്തിനെ സം‌രക്ഷണവും

ഓം

ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധം  അദ്ധ്യായം - 8

സൂതന്‍ പറഞു: അശ്വത്ഥാമാവിനെ ശിക്ഷിച്ചതിനുശേഷം, പാണ്ഡവര്‍ തങളുടെ മരിച്ച സ്വജനങള്‍ക്ക് ഉദകക്രിയ ചെയ്യാനായി ഗംഗയിലേക്ക് യാത്രയായി. ദ്രൗപതി സഹിതം സ്ത്രീകള്‍ മുന്നില്‍ നടകൊണ്ടു. അവരെല്ലാം വിലപിച്ചുകൊണ്ട് ഭഗവാന്‍ ഹരിയുടെ പാദാബ്ജധൂളി കലര്‍ന്ന ഗംഗാജലത്തില്‍ മുങിക്കുളിച്ചു. കുരുവംശത്തിന്റെ രാജാവയ യുധിഷ്ഠിരനും, അദ്ദേഹത്തിന്റെ അനുജന്മാരും, ധൃതരാഷ്ട്രരും, ഗാന്ധാരിയും, കുന്തിയും, ദ്രൗപതിയും, പുത്രദുഃഖത്താല്‍ ആര്‍ത്തരായി, ഭഗവാന്‍ ശ്രീകൃഷ്ണനോടൊപ്പം അവിടെ ഉപസ്ഥിതരായി. ജീവഭൂതങള്‍ക്ക് നേരേയുള്ള കാലത്തിന്റെ ഗതിയെ കുറിച്ച് പറഞുകൊണ്ട് ഭഗവാന്‍ മുനികളോടൊപ്പം ചേര്‍ന്ന് ബന്ധുക്കള്‍ നഷ്ടപ്പെട്ട അവരെ ആശ്വസിപ്പിച്ചു. ശത്രുക്കളില്ലാത്ത യുധിഷ്ഠിരനെ കബളിപ്പിച്ച് എന്തിനും പോന്ന ദുര്യോധനാദികള്‍ രാജ്യം തട്ടിയെടുത്തു. ആയതിനാല്‍ കൗരവര്‍ കൊല്ലപ്പെട്ടു. ദ്രൗപതിയുടെ കേശത്തെ ചൊല്ലിയുള്ള ആക്ഷേപത്താല്‍ അവരുടെ ആയുസ്സും കുറയാനിടയായി. 

യഥാവിധിയനുഷ്ഠിച്ച മൂന്ന് അശ്വമേധയാഗത്താല്‍ യുധിഷ്ഠിരന്‍ നാനാദിക്കിലും, ഇന്ദ്രനെപ്പോലെ കീര്‍ത്തിമാനായി. അമന്ത്രിതരായ പാണ്ഡുപുത്രന്മാരും, സാത്യകിയും, ഉദ്ധവരും, വേദവ്യാസന്‍ തുടങിയ മുനിമാരും ഭഗവാനെ വന്ദിച്ചു. ഭഗവാന്‍ അവര്‍ക്ക് പ്രതിവന്ദനം ചെയ്തു. ദ്വാരകയ്ക്ക് പുറപ്പെടാന്‍ തീരുമാനിച്ച് കൃഷ്ണന്‍ രഥത്തിലേക്ക് കയറാന്‍ ഭാവിക്കവേ, പെട്ടെന്നതാ ഉത്തര ഭയവിഹ്വലയായി തന്റടുക്കലേക്ക് ഓടികിതച്ചുവരുന്നതു ഭഗവാന്‍ കണ്ടു. 

ഉത്തര പ്രാര്‍ത്ഥിച്ചു: "അല്ലയോ ദേവദേവാ!, മഹായോഗിന്‍!, ജഗത്പതേ!, എന്നെ രക്ഷിച്ചാലും........ ഈ ജനനമരണചക്രത്തില്‍ നിന്നും അഭയം നല്‍കാല്‍ നീയല്ലാതെ മറ്റാരേയും ഞാന്‍ കാണുന്നില്ല. ഭഗവാനേ!, ജ്വലിക്കുന്ന ഒരു ഉരുക്കുശരം എന്റടുത്തേക്ക് പാഞുവരുന്നു. വിഭോ!, അങ് ആഗ്രഹിക്കുന്നെങ്കില്‍ എന്നെ അത് നശിപ്പിച്ചോട്ടെ!, പക്ഷേ, രക്ഷകനായ നീ എന്റെ ഗര്‍ഭത്തെ ചിദ്രമാകാതെ അതില്‍നിന്നും രക്ഷിച്ചാലും...."

സൂതന്‍ പറഞു: ഉത്തരയുടെ രോധനം കേട്ടതും ഭക്തവത്സലനായ ഭഗവാനു മനസ്സില്‍ലായി, പാണ്ഡവരുടെ അവസാന കണ്ണിയാകാന്‍ പോകുന്ന അവളുടെ ഗര്‍ഭത്തെ നശിപ്പിക്കനായ അടുത്തുവരുന്ന ഈ പ്രകാശം ദ്രോണപുത്രനായ അശ്വത്ഥാമാവിന്റെ ബ്രഹമാസ്ത്രത്തിന്റേതാണെന്ന്. അല്ലയോ മുനിശ്രേഷ്ഠന്മാരേ!, തങളുടെ അടുത്തേക്ക് വരുന്ന ആ അസ്ത്രത്തെകണ്ട് പാണ്ഡവന്മാര്‍ ഓരോരുത്തരും അവരവരുടെ ആയുധങള്‍ കൈയ്യിലെടുത്തു. പാഞടുക്കുന്ന അപകടത്തെ മനസ്സിലാക്കി അന്യാശ്രയമില്ലാത്ത തന്റെ ഭക്തരെ രക്ഷിക്കാന്‍ വേണ്ടി ഭഗവാനും സുദര്‍ശനം എടുത്തണിഞു. സകല ഹൃദയങളിലും ജീവാത്മഭാവത്തില്‍ ഇരുന്നരുളുന്ന യോഗേശ്വരനായ ഭഗവാന്‍ ഹരി തന്റെ മായയാല്‍ കുരുവംശത്തിന്റെ സന്തതിയായാകാന്‍ പോകുന്ന ഉത്തരയുടെ ഗര്‍ഭസ്ഥശിശുവിനെ ആവരണം ചെയ്തു.

അല്ലയോ ഭൃഗൂദ്വഹാ!, വൈഷ്ണവതേജസ്സുമായി ഏറ്റുമുട്ടിയതും ഉപസംഹരിക്കാതെ തന്നെ ആ ബ്രഹ്മശിരസ്സ് നിര്‍‌വീര്യമായി. ഹേ ബ്രാഹ്മണന്മാരേ!, ഇത് കേട്ട് നിങള്‍ക്കൊട്ടും തന്നെ ആശ്ചര്യമുണ്ടാകേണ്ടതില്ല, കാരണം അജനായ ആ അച്യുതന്‍ തന്നെയാണ് ഇവിടെ തന്റെ ദിവ്യമായയാല്‍ സകലതിനേയും സൃഷ്ടിച്ച് പാലിച്ച് സംഹരിച്ചുപോരുന്നതു. തുടര്‍ന്ന് ഭഗവാന്‍ ദ്വാരകയ്ക്ക് പുറപ്പെടാന്‍ തുടങുമ്പോള്‍ കുന്തി തന്റെ അഞ്ചുമക്കളോടും ദ്രൗപതിയോടും ചേര്‍ന്നുകൊണ്ട് ആ പരം പൊരുളിനോട് ഇപ്രകാരം പറഞു.

"അല്ലയോ ഭഗവാനേ!, അവിടുത്തേക്ക് നമസ്ക്കാരം. അങ് ആദ്യനാണ്. ത്രിഗുണാതീതനാണ്. അവിടുന്ന് അദൃശ്യനായിരിന്നുകൊണ്ടുതന്നെ സകല ഭൂതങളുടേയും അകവും പുറവും നിറഞു നിലകൊള്ളുന്നു. അവ്യയനും അധോക്ഷജനുമായ നീ അജ്ഞന്മാര്‍ക്ക് നിന്റെ മായയുടെ മറയാല്‍ കാണപ്പെടുന്നില്ല.  നാടകത്തില്‍ വേഷം കെട്ടി വരുന്ന ഒരു നടനെ കാണികള്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്തതുപോലെ നീ മൂഡന്മാര്‍ക്ക് അവ്യക്തനായിരിക്കുന്നു. പരമഹംസന്മാര്‍ക്കും, മുനികള്‍ക്കും, അമലമാനസന്മാര്‍ക്കും ഭക്തിയോഗത്തെ പ്രദാനം ചെയ്യാനായി നീ അവതാരം ചെയ്യുന്നു. പക്ഷേ, ഞങള്‍ സ്ത്രീകള്‍ക്കെങനെ നിന്നെ കാണാനാകും?.

കൃഷ്ണാ!, വാസുദേവാ!, ദേവകീനന്ദനാ!, നന്ദഗോപകുമാരാ!, ഗോവിന്ദാ!, നിനക്കു നമസ്ക്കാരം!. പങ്കജനാഭാ!, പങ്കജമാലിനേ!, പങ്കജനേത്രാ!, ആ പാദപങ്കജത്തില്‍ ഞങളുടെ നമസ്ക്കാരം!. ഹേ!, ഋഷീകേശാ!, കംസന്‍ ഏറെ നാള്‍ ജയിലിലടച്ച ദുഃഖിതയായ നിന്റെ അമ്മയെ നീ മുക്തയാക്കി. എന്നെയും എന്റെ മക്കളേയും എന്നെന്നും നീ പല പല ആപത്തുകളില്‍ നിന്നും രക്ഷിച്ചു. വിഷത്തില്‍നിന്നും, ഘോരമായ അഗ്നിയില്‍ നിന്നും, നരഭോജികളില്‍ നിന്നും, അസത് സംഗത്തില്‍ നിന്നും, വനവാസകാലത്തിലുള്ള ദുഃഖങളില്‍ നിന്നൊക്കെ, എന്തിനുപറയാന്‍, വീരന്മാരായ യോദ്ധാക്കള്‍ ഏറ്റുമുട്ടിയ ഘോരയുദ്ധത്തില്‍ നിന്നും, ഒടുവിലിതാ!, അശ്വത്ഥാമാവിന്റെ ബ്രഹ്മാസ്ത്രത്തില്‍നിന്നുവരെ നീ ഞങളെ രക്ഷിച്ചിരിക്കുന്നു. ആപത്തുകള്‍ എത്രവേണെമെങ്കിലും ഉണ്ടായിക്കൊള്ളെട്ടെ ഭഗവാനേ!, കാരണം, എവിടെവിടെ ദുഃഖങളുണ്ടാകുന്നോ, അവിടവിടെയൊക്കെ ഞങള്‍ക്ക് നിന്നെ കാണാനാകുമല്ലോ!. ജഗദ്ഗുരോ!, അവിടുത്തെ ദര്‍ശനം കൊണ്ട് ജനനമരണമാകുന്ന ഭവദര്‍ശനം പീന്നീടുണ്ടാകുന്നില്ല. ഭഗവാനേ!, അകിഞ്ചനന്മാര്‍ക്ക് സുലഭമായ ഭവത് ദര്‍ശനം ഭൗതികമായ ഐശ്വര്യവും, കീര്‍ത്തിയും, ശ്രീയുമൊക്കെ കാംക്ഷിക്കുന്നവര്‍ക്ക് ഒരിക്കലും കിട്ടുന്നില്ല. അകിഞ്ചനന്മാരുടെ ധനമായ നിനക്ക് നമസ്ക്കാരം. ത്രിഗുണാതീതനായ നിനക്ക് എന്റെ നമസക്കാരം!. ആത്മാരാമനും, ശാന്തനും, കൈവല്യപതിയുമായ അങേയ്ക്ക് ഞങളുടെ നമോവാകം!.

നീ കാലമാണ്, ആദ്യന്തരഹിതനായ ഈശ്വരനാണ്, നിനക്ക് സമസ്തഭൂതങളും ഒരുപോലെയാണ്. കൃഷ്ണാ!, മാനുഷവേഷം കെട്ടിനടക്കുന്ന നിന്റെ ലീലകള്‍ ആരറിയുന്നു?. നിനക്ക് ശത്രുക്കളും, മിത്രങളുമായി ആരും തന്നെയില്ല. എങ്കിലും, മനുഷ്യര്‍ നിന്നെ പക്ഷപാതം ചേര്‍ന്നവനായി കണക്കാക്കുന്നു. ഹേ വിശ്വാത്മാവേ!, നിന്റെ ചെയ്തികള്‍ അത്യന്തം അത്ഭുതം തന്നെ. നീ കര്‍മ്മം ചെയ്തുകൊണ്ട് അകര്‍മ്മിയായിരിക്കുന്നു. അജനായിരുന്നുകൊണ്ട് മൃഗമായും, മനുഷ്യനായും, മുനികളായും, ജലജീവികളായും നീ ജന്മമെടുക്കുന്നു.

കൃഷ്ണാ!, കുറുമ്പ് കാട്ടിയതിന് യശോദാമ്മ നിന്റെ കെട്ടിയിടാനായി കയറുമായിവന്നു. ഭയം ഭാവിച്ച് നിന്റെ നയനങളില്‍ കൂടിയൊഴുകിയ കണ്ണുനീരില്‍ അന്നെഴുതിയ അഞ്ജനമെല്ലാം ഒലിച്ചിറങി. സ്വയം ഭയം പോലും പേടിച്ചകലുന്ന നിന്റെ കണ്ണിലെ ഭയം കണ്ട് ഞാന്‍ ഭ്രമിച്ചുപോകുന്നു.

ജന്മരഹിതനായ നീ മഹാരാജാവിന്റെ ഐശ്വര്യനിധിയായി പിറന്നുവെന്ന് ചിലര്‍ പറയുന്നു. ചിലരാകട്ടെ, യഥുരാജന് പ്രിയമാകാനാണത്രേ!. മലയാചലത്തില്‍ ചന്ദനമരം എന്നപോലെ നീ അദ്ദേഹത്തിന്റെ കുലത്തില്‍ പിറന്നു. മറ്റുചിലര്‍ പറയുന്നു, വസുദേവരുടേയും ദേവകീദേവിയുടെയും പ്രാര്‍ത്ഥനാഫലമായി നീ അവര്‍ക്ക് മകനായിപിറന്നുവെന്ന്. അജനായ നീ പിറന്നതോ, അവരുടെ ക്ഷേമത്തിനും, ദേവാരാധികളെ കൊന്നൊടുക്കുന്നതിനും വേണ്ടി. കടലില്‍ ഭാരമേറിയകപ്പെട്ടുപോയ ഒരു തോണി എന്നതുപോലെയുള്ള ലോകത്തിന്റെ ഭാരം കൂടിയതോടെ ബ്രഹ്മാവ് അര്‍ത്ഥിക്കയാല്‍ ഭൂഭാരം തീര്‍ക്കാനായി നീ അവതാരം കൈകൊണ്ടുവെന്ന് മറ്റ് ചിലര്‍. ഇനി മറ്റുചിലര്‍ പറയുന്നു, ഇഹത്തില്‍ കാമകര്‍മ്മബദ്ധരായി അലയുന്ന ജീവന്മാര്‍ക്ക് ശ്രവണവും, സ്മരണവും, പൂജനവുമായ വിധികളിലൂടെ ഭക്തിയോഗത്തെ പ്രദാനം ചെയാനായി നീ വന്നുവെന്ന്. കൃഷ്ണാ!, അനുസ്യൂതം നിന്നെ കേള്‍ക്കുകയും, സ്മരിക്കുകയും, പൂജിക്കുകയും ചെയ്യുന്നവരും, മറ്റുള്ളവരാല്‍ നീ പൂജിക്കപ്പെടുന്നതില്‍ ആനന്ദിക്കുന്നവരും, ജനന മരണ ചക്രത്തിന്റെ പിടിയില്‍ നിന്നും രക്ഷനേടി, നിന്റെ ചരണകമലം പ്രാപിക്കുന്നു.

ഭഗവാനേ!, നീ ചെയ്യേണ്ടതൊക്കെ ചെയ്തുകഴിഞു. സകലരും ഞങളോട് അമര്‍ഷത്തില്‍ കഴിയുന്ന ഈ അവസരത്തില്‍, മറ്റൊരു ശരണമില്ലാത്ത ഞങളെ ഉപേക്ഷിച്ച് നീ പോകുകയാണോ?. ജീവനില്ലാത്ത മനുഷ്യശരീരത്തിന്റെ ചൈതന്യം പൊയ്പോകുന്നതുപോലെ, നീ ഇല്ലാത്ത പാണ്ഡവരുടേയും, യഥുക്കളുടേയും പേരും പെരുമയും ഇവിടെയവസാനിക്കുന്നു. അല്ലയോ ഗദാധരനായ ഭഗവാനേ, നിന്റെ പാദസ്പര്‍ശത്താല്‍ ശോഭിതമായ ഞങളുടെ രാജ്യത്തിന്റെ ഈ ഐശ്വര്യം നീ പോയാല്‍ പിന്നെയുണ്ടാകില്ല. ഇക്കാണുന്ന പട്ടണങളും നഗരങളുമെല്ലാം സമൃദ്ധമായിരിക്കുന്നു. ഔഷധികളും, പച്ചക്കറികളും, വനങളും, നദികളും, സമുദ്രങളും, മലകളും എല്ലാം യഥോചിതം സമ്പുഷ്ടമായിരിക്കുന്നു. എല്ലാം നീ കാരണമാണ്.

ഹേ വിശ്വേശ്വരാ!, വിശ്വാത്മനേ!, വിശ്വമൂര്‍ത്തേ!, വൃഷ്ണിവംശത്തോടും പാണ്ഡവന്മാരോടുമുള്ള എന്റെ ഈ സ്നേഹപാശത്തെ നീ പൊട്ടിച്ചെറിഞാലും. മധുപതേ!, എപ്പോഴും ഗംഗ സമുദ്രത്തെ ലക്ഷ്യമാക്കി ഒഴുകുന്നതുപോലെ, യാതൊരു വിഷയങളിലും ചെന്ന് പറ്റാതെ എന്നെന്നും നിന്നില്‍ മാത്രം മനസ്സുവയ്ക്കുവാന്‍ അനുഗ്രഹിക്കേണമേ!. ഹേ കൃഷ്ണാ!, കൃഷ്ണസഖേ!, വൃഷ്ണികുലോത്ഭവാ!, അവനീപതേ!, അധാര്‍മ്മിക രാജവംശത്തെ ഇല്ലാതാക്കുന്നവനും അനപവര്‍ഗ്ഗമായ വീര്യമുള്ളവനുമായ ഗോവിന്ദാ!, ഗോബ്രാഹ്മണസുരാര്‍ത്തിഹരാര്‍ത്ഥം അവതാരമെടുത്ത യോഗേശ്വരാ!, അഖിലഗുരോ!, ഭഗവനേ!, അങേയ്ക്ക് നമോവാകം."

സൂതന്‍ പറഞു: ഹൃദയസ്പര്‍ശിയായി ഒഴുകിയ കുന്തിയുടെ പ്രാര്‍ത്ഥനകേട്ട് ഭഗവാന്‍ മായാമോഹിതമായി പുഞ്ചിരി ചൊരിഞു. ഹസ്തിനപുരത്തെത്തി, അവിടെയുണ്ടായിരുന്നവരോട് യാത്രപറഞ് ദ്വാരകയിലേക്ക് മടങാന്‍ തുനിയവേ, പ്രേമഭാവത്തോടെ യുധിഷ്ഠിരന്‍ ഭഗവാങ്കലേക്ക് ഓടിയടുത്തു. വേദവ്യാസന്‍ തുടങിയ മുനിശ്രേഷ്ടന്മാരാലും, ഭഗവാന്‍ സ്വയമേവയും യുധിഷ്ടിരനെ ഇതിഹാസങളെ മുന്‍‌നിറുത്തി പലതും പറഞുബോധിപ്പിച്ചെങ്കിലും, അദ്ദേഹം അസംതൃപതനായി തന്നെ കാണപ്പെട്ടു. ഹേ ബ്രാഹ്മണരേ!, അര്‍ത്ഥകാമിയായി തന്റെ സുഹൃത്തുക്കളെ കൊലചെയ്തുവെന്നു ചിന്തിച്ചതിലുണ്ടായ കുറ്റബോധത്താല്‍ ധര്‍മ്മപുത്രര്‍ സ്നേഹമോഹങള്‍ക്ക് വശംഗതനായി ഇപ്രകാരം പറഞു:

"അഹോ കഷ്ടം!, ഞാന്‍ എത്ര മഹാപാപി!., അജ്ഞാനത്താല്‍ ആവൃതമായ എന്റെ ഹൃദയം നിങള്‍ കണ്ടാലും. പരോപകാരമായിരിക്കേണ്ട ഈ ശരീരം കൊണ്ട് എത്രയെത്ര അക്ഷൗഹിണികളെ ഞാന്‍ കൊന്നുതള്ളി!. എത്രയോ ബാലന്മാര്‍, ബ്രാഹ്മണന്മാര്‍, സുഹൃത്തുക്കള്‍, മിത്രങള്‍, പിതൃക്കള്‍, സഹോദരങള്‍, ഗുരുക്കന്മാര്‍, എന്നാല്‍ ഈ മഹായുദ്ധത്തില്‍ വധിക്കപ്പെട്ടിരിക്കുന്നു!. ആയിരമായിരം വര്‍ഷങള്‍ ജീവിച്ചിരുന്നാലും, ഞാന്‍ ഈ പാപത്തില്‍ നിന്നും മുക്തനാകാന്‍ പോകുന്നില്ല. ധര്‍മ്മയുദ്ധത്തില്‍ ശത്രുക്കളെ ഹനിക്കുന്നത് ഒരു രാജാവിന് കല്പ്പിക്കപ്പെട്ടിരിക്കുന്ന കര്‍മ്മമാണ്, അതു പാപമല്ല. എന്നാല്‍ ആ ശാസനം ഇവിടെ എന്നെ തുണയ്ക്കുന്നില്ല. സ്ത്രീകള്‍ക്ക് തുണയായിരുന്ന എത്രയോ മിത്രങളെ ഞാന്‍ കൊന്നു!. ഭൗതികക്ഷേമമാചരിച്ചുകൊണ്ട് ഒരിക്കലും എനിക്കീ തെറ്റ് തിരുത്താന്‍ കഴിയുകയില്ല. ചെളിവെള്ളത്തില്‍ നിന്നും ശുദ്ധജലത്തെ തരം തിരിക്കാന്‍ കഴിയില്ലായെന്നതുപോലെ, വീഞിന്റെ കറയില്‍ നിന്നും വീഞുപാത്രം ശുദ്ധമാകില്ല എന്നതുപോലെ, മൃഗബലികൊണ്ടൊന്നും ഈ പാപത്തിന് ഒരു പരിഹാരവുമുണ്ടാകാന്‍ പോകുന്നില്ല.

ഇങനെ, ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധം എട്ടാം അധ്യായം സമാപിച്ചു.



ഓം തത് സത്




2013, സെപ്റ്റംബർ 20, വെള്ളിയാഴ്‌ച

1.7 ദ്രോണപുത്രനായ അശ്വത്ഥാമാവിന് ശിക്ഷ നല്‍ക്കുന്നത്.

ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധം  - അദ്ധ്യായം 7

ശൗനകഋഷി സൂതരോട് ചോദിച്ചു: അല്ലയോ സൂതാ!, നാരദമുനിയില്‍ നിന്നും ഇതെല്ലാം കേട്ടുകഴിഞ്, മഹര്‍ഷി പോയതിനുശേഷം, ഭഗവാന്‍ വ്യാസന്‍ എന്തൊക്കെയാണ് ചെയ്തത്?

സൂതന്‍ പറഞു: അവിടെ, ബ്രഹ്മനദിയായ സരസ്വതിയുടെ പടിഞാറേ തീരത്ത്, ഒരുപാട് സത്രങള്‍ നടക്കുന്ന, ശമ്യാപ്രാസം എന്ന ഒരു ആശ്രമമുണ്ട്. കുളികഴിഞ്, വ്യാസദേവന്‍, ബദരിമരങളാല്‍ ചുറ്റപ്പെട്ട തന്റെ ആശ്രമത്തിലിരുന്ന് ധ്യാനിക്കാന്‍ തുടങി. മനസ്സ് മുഴുവന്‍ ഭഗവത് ഭക്തിയിലുറപ്പിച്ച്, വിഷയങളില്‍ നിന്നൊക്കെ അകന്ന വ്യാസരുടെ ധ്യാനത്തില്‍, പൂര്‍ണ്ണനായ ആ പരമപുരുഷന്‍ തന്റെ സ്വാധീനവലയത്തിലുള്ള മായാശക്തിയോടൊപ്പം ഉണര്‍ന്നു. ആത്മവസ്തുവായ ഈ ജീവന്‍, ആ ഭഗവാന്റെ മായാശക്തിയാല്‍, താനൊരു വിഷയവസ്തുവാണെന്ന് സ്വയം സങ്കല്പ്പിച്ച്, ത്രിഗുണങള്‍ക്ക് വശപ്പെട്ട് വര്‍ത്തിക്കുന്നു. ഒരുവന്റെ അനര്‍ത്ഥങളായ സകല ദുഃഖങളും അധോക്ഷജനില്‍ ഭക്തി ചെയ്യവേ ഇല്ലാതാകുന്നു. പക്ഷേ, ലോകം ഇതറിയുന്നില്ല. ആയതിനാല്‍, വ്യാസദേവന്‍ സാത്വതമായ വേദസംഹിതയാകുന്ന ഈ ശ്രീമദ് ഭാഗവതം രചിച്ചു. ശ്രീമദ് ഭാഗവതം ജപം ചെയ്യുന്നതോടെ, ഈ ജീവനില്‍ ശോകവും, മോഹവും, ഭയവും ഇല്ലാതാക്കുന്ന, ശുദ്ധമായ ഭഗവത് പ്രേമം കുതിച്ചുപൊങുന്നു. ശ്രീമദ് ഭാഗവതം എഴുതിയുണ്ടാക്കി വീണ്ടും, വീണ്ടും പരിശോധിച്ച് സ്ഥിതീകരിച്ചതിനുശേഷം, അത് ജീവന്മുക്തനായ തന്റെ മകന്‍ ശ്രീശുകനെ പഠിപ്പിച്ചു.

ശൗനകന്‍ സൂതമുനിയോട് ചോദിച്ചു: നിരന്തരം സ്വയമേവ ആത്മാരാമനായ ശുകബ്രഹ്മമഹര്‍ഷി എന്തിനുവേണ്ടിയാണ് പിന്നീട് ഇത്രയും ബൃഹത്തായ ഒരു ഗ്രന്ഥം പഠിച്ചത്?

സൂതന്‍ പറഞു: ആത്മാരാമന്മാര്‍, അവര്‍ ബന്ധമുക്തരായ ഋഷികളാണെങ്കില്‍ പോലും, സര്‍‌വ്വശക്തനില്‍ കറയറ്റ ഭക്തി വയ്ക്കുന്നു. അതാണ്‌ ആ ഭഗവാന്റെ മാഹാത്മ്യം എന്നത്. വിഷ്ണുഭക്തനും, ഭഗവത് ഗുണഗണസമ്പന്നനുമായ ഭഗവാന്‍ ശ്രീശുകന്‍ നിത്യവും ആ അദ്ധ്യാത്മിക ഗ്രന്ഥം പഠിച്ചുകൊണ്ടിരുന്നു. ഇനി ഞാന്‍ പറയാന്‍ പോകുന്നത്, രാജര്‍ഷിയായ പരീക്ഷിത്തിന്റെ ജനനവും, അദ്ദേഹത്തിന്റെ കര്‍‌മ്മങളും, വിനിര്‍മുക്തിയും, കൂടാതെ പാണ്ഡുപുത്രന്മാരെ കുറിച്ചുമുള്ള ശ്രീകൃഷ്ണകഥാമൃതമാണ്‌.

മഹാഭാരതയുദ്ധത്തില്‍ പാണ്ഡവസേനയും കൗരവസേനയും വീരഗതി പ്രാപിച്ചതിനുശേഷം, ഭീമസേനന്റെ ഗദയാല്‍ അടികൊണ്ട് കുരുക്ഷേത്രഭൂമിയില്‍ തുട പൊട്ടി കരയുന്ന ദുര്യോധനനെ കണ്ട്, ദ്രോണാചാര്യരുടെ പുത്രനായ അശ്വത്ഥാമാവ്, തന്റെ യജമാനന്‌ പ്രീയം ചെയ്യാനായി ദ്രൗപദിയുടെ ഉറങിക്കിടന്ന അഞ്ചു മക്കളുടേയും തലയറുത്തു കാഴ്ചവച്ചു. ഇത്ര ഹീനമായ ഒരു പ്രവൃത്തി ദുര്യോധനനും ശരി വച്ചില്ല. തന്റെ മക്കളുടെ കൂട്ടക്കൊലയുടെ വാര്‍ത്ത കേട്ട് ദ്രൗപതി ആര്‍ത്തയായി അതിഘോരം കരഞു. ഇരുകണ്ണുകളും നിറഞൊഴുകുന്ന അവളെ സ്വാന്തനിപ്പിക്കാനായി അര്‍ജ്ജുനന്‍ ഇങനെ പറഞു: അല്ലയോ ഭദ്രേ!, നിന്റെ കുട്ടികളെ ദഹിപ്പിച്ചതിനുശേഷം, ആ ബ്രഹ്മബന്ധുവിന്റെ (അശ്വത്ഥാമാവിന്റെ) തല എന്റെയീ ഗാണ്ഡീവത്താല്‍ കൊയ്ത് നിന്റെ മുന്നിലിട്ടതിനുശേഷമേ ഞാന്‍ ഈ കണ്ണീര്‍ തുടയ്ക്കൂ. ആ തലയില്‍ കയറിനിന്നുവേണം നീ സ്നാനം ചെയ്യുവാന്‍. ഇത്തരം വാക്കുകളാല്‍ ദ്രൗപതിയെ സംതൃപ്തയാക്കി, സര്‍‌വ്വജ്ഞനായ ഭഗവാന്‍ ശ്രീകൃഷ്ണനാല്‍ രക്ഷിക്കപ്പെട്ട അര്‍ജ്ജുനന്‍ തേരിലേറി തന്റെ ഗുരുപുത്രനായ അശ്വത്ഥാമാവിന്റെ പിന്നാലെ പാഞു. കുമാരന്മാരെ വധിച്ച അശ്വത്ഥാമാവിനുനേരേ അതിവേഗം പാഞടുക്കുന്ന അര്‍ജ്ജുനനെ കണ്ട്, അശ്വത്ഥാമാവ് തന്റെ രഥത്തില്‍ കയറി പലായനം ചെയ്തു. എങെനെയെന്നാല്‍; പണ്ട് ശിവനില്‍ ഭീതിതനായി ബ്രഹ്മാവ് ഓടിയകന്നതുപോലെ. തന്റെ കുതിരകള്‍ ബന്ധിതമാകുന്നതുകണ്ട് തനിക്കിനി ശരണമില്ലെന്ന് മനസ്സിലാക്കിയ അശ്വത്ഥാമാവ് പ്രാണരക്ഷാര്‍ത്ഥം അറ്റകൈപ്രയോഗമായ ബ്രഹ്മാസത്രം പ്രയോഗിച്ചു. തന്റെ ജീവന്‍ അപായപ്പെടുമെന്നു മനസ്സിലായ അശ്വത്ഥാമാവ് ജലം തൊട്ട് ശുദ്ധനായി ശ്രദ്ധയോടെ സ്മരിച്ചുകൊണ്ട്, സംഹരിക്കാന്‍ അറിയില്ലെങ്കിലും, ബ്രഹ്മാസ്ത്രത്തെ ഉപയോഗിക്കാന്‍ വേണ്ടി ഉപസ്ഥിതനായി. പെട്ടെന്ന് നാലുദിക്കിലും പരന്ന് ഒരു ഉജ്ജ്വലപ്രകാശം തനിക്കുനേരേ പാഞടുക്കുന്നതു കണ്ട് അര്‍ജ്ജുനന്‍ പ്രാണഭയത്തോടെ ഭഗവാന്‍ ശ്രീകൃഷ്ണനോട് പറഞു.

കൃഷ്ണാ!, മഹാബാഹോ!, ഭക്തരുടെ ഭയം തീര്‍ക്കുന്നവനേ!, സംസൃതിയില്‍ ഉഴറി ദഹിക്കുന്നവര്‍ക്ക് നീ മാത്രമാണ് പരമഗതി. നീയാണ്‌ ആദ്യപുരുഷന്‍; അവിടുത്തെ ചിത്ശക്തിയാല്‍, അവിടുത്തെ കാരുണ്യത്താല്‍ മായയുടെ മറ ഇല്ലാതെയാക്കുന്നതും നീ ഒരുവന്‍ മാത്രമാണ്. നീ, മായാമോഹിതനായ ഒരുവനില്‍ കുടികൊണ്ട്, അവിടുത്തെ മായാശക്തിയാല്‍ ധര്‍മ്മാര്‍ത്ഥകാമമോക്ഷങളിലൂടെ അവനില്‍ നന്മ ചൊരിയുന്നു. നീ ഇങനെ, നിന്നെ അനുസ്യൂതം സ്മരിക്കുന്ന ഉടയവരുടേയും, മറ്റന്ന്യജനങളുടേയും രക്ഷയ്ക്കായി അവതാരം കൈക്കൊണ്ട്, അവരുടെ ഭാരം തീര്‍ത്ത്, അവരെ അനുഗ്രഹിക്കുന്നു.

ഹേ! ദേവാദിദേവാ!, എന്താണിങനെ ഉജ്ജ്വലമായി ജ്വലിച്ചുകൊണ്ട് നാലുവശങളില്‍ നിന്നും എന്നോടടുക്കുന്നത്? അത്യന്തം അപകടകരമായ ഈ പരമതേജസ്സ് എവിടെനിന്നാണ് വരുന്നത്? എനിക്കറിയാല്‍ കഴിയുന്നില്ല.

ഭഗവാന്‍ ശ്രീകൃഷ്ണന്‍ പറഞു: അര്‍ജ്ജുനാ, ഇത് ദ്രോണപുത്രനായ അശ്വത്ഥാമാവിനാല്‍ അയയ്ക്കപ്പെട്ട ബ്രഹ്മാസ്ത്രത്തിന്റെ പ്രകാശമാണ്‌. ഇതിനെ ഉപസംഹരിക്കാന്‍ അറിയില്ലെങ്കിലും അവന്‍ ഇത് തൊടുത്തുവിട്ടത് നിന്നില്‍ നിന്നുമുള്ള ഭയത്താല്‍ പ്രാണബദ്ധനായിട്ടാണ്. മറ്റൊരു ബ്രഹ്മാസ്ത്രത്തിനല്ലാതെ ഈ തേജസ്സിനെ അണയ്ക്കുവാന്‍ സാധ്യമല്ല. നീ യുദ്ധനിപുണനാണ്. നിന്റെ സ്വന്തം ബ്രഹ്മാസ്ത്രം കൊണ്ട് നീ ഈ പ്രകാശത്തോട് പ്രതികരിക്കുക.

സൂതന്‍ പറഞു: കൃഷ്ണന്റെ ഉപദേശം ശിരസ്സാവഹിച്ച്, ജലം തൊട്ട് ശുദ്ധനായി, ഭഗവാനെ പ്രദക്ഷിണം ചെയ്ത്, അര്‍ജ്ജുനന്‍ തന്റെ ബ്രഹ്മാസ്ത്രമെടുത്ത് ആ തേജസ്സിനെതിരെ വിട്ടു. ഇരുശരങളുടേയും പ്രകാശം അന്യോന്യം, ചേര്‍ന്നതും സൂര്യനെപോലെ ജ്വലിക്കുന്ന ഒരു തീഗോളം ബാഹ്യാകാശത്തേയും നഭോമണ്ഡലത്തേയും ആവരണം ചെയ്തുകൊണ്ട് കാണപ്പെട്ടു. ആ ചൂടില്‍ മൂന്ന് ലോകങളിലുമുള്ള ജനങള്‍ ചുട്ടുപൊള്ളി. ആ താപം പ്രലയകാലത്തുണ്ടാകുന്ന സംവര്‍ത്തകാഗ്നിയുടേതെന്നപോലെ അവര്‍ക്കനുഭവപ്പെട്ടു. മൂന്ന് ലോകങള്‍ക്കും അതിലുള്ള ജനങള്‍ക്കുമുണ്ടാകുന്ന സര്‍‌വ്വനാശത്തെ കണ്ടുകൊണ്ട്, ഭഗവാന്റെ ഉപദേശം സ്വീകരിച്ചുകൊണ്ട്, അര്‍ജ്ജുനന്‍ ആ രണ്ട് ബ്രഹ്മാസ്ത്രങളേയും തിരിച്ചെടുത്തു. പെട്ടെന്ന്, അടങാത്ത കോപത്തില്‍, ചുവന്ന് ജ്വലിക്കുന്ന കണ്ണുകളോടെ, ഗൗതമീസുതനായ അശ്വത്ഥാമാവിനെ, ഒരു മൃഗത്തെയെന്നപോലെ കയറുകൊണ്ട് പിടിച്ചുകെട്ടി.

ശത്രുവിനെ കയറാല്‍ വരിഞുകെട്ടി സൈനികസ്ഥലത്തേക്ക് കൊണ്ടുപോകുമ്പോള്‍ അത്യന്തം കുപിതനായ അര്‍ജ്ജുനനെ നോക്കി താമരക്കണ്ണനായ ഭഗവാന്‍ ശ്രീകൃഷ്ണന്‍ പറഞു. ഹേ അര്‍ജ്ജുനാ!, ഉറങിക്കിടന്ന നിരപരാധികളായ കുഞുങളെ കൊന്ന ഈ ബ്രഹ്മബന്ധുവിനെ നീ കരുണകാട്ടി വിട്ടയയ്ക്കരുത്. ധാര്‍മ്മികനായ ഒരു യോദ്ധാവ്, മത്തനോ, പ്രമാദിയോ, ഉന്മത്തനോ, ഉറങിക്കിടക്കുന്നവനോ, ബാലനോ, സ്ത്രീയോ, മടയനോ, ശരണം പ്രാപിച്ചവനോ, രഥം നഷ്ടപ്പെട്ടവനോ, പേടിച്ചവനോ ആയ ഒരു ശത്രുവിനെ കൊല്ലുകയില്ല. മറ്റുള്ളവരുടെ ജീവിതത്തെ നശിപ്പിച്ച്, സ്വന്തം ജീവിതം നയിക്കുന്ന അധര്‍മ്മിയും നാണംകെട്ടവനുമായ ഒരുവനെ കൊല്ലുന്നതാണ് അവനും തന്നെ ക്ഷേമമായിട്ടുള്ളത്. അല്ലാത്തപക്ഷം, അവന്‍ വീണ്ടും തെറ്റിലേക്ക് തന്നെ നിപതിക്കുന്നു. മാത്രമല്ല, "നിന്റെ പുത്രന്മാരെ വധിച്ചവന്റെ തല ഞാന്‍ കൊയ്തു കൊണ്ടുവരും" എന്ന് പാഞ്ചാലിയോട് നീ സത്യം ചെയ്യുന്നതും ഞാന്‍ കേട്ടു. ഇവന്‍ തന്റെ യജമാനന് അപ്രിയം ചെയ്തവനും, സ്വന്തം കുലത്തില്‍ നിന്നും പുറംതള്ളപ്പെട്ടവനും, പാപിയും, ആതതായിയുമാണ്. ആയതിനാല്‍ ഇവന്‍ വധിക്കപ്പെടേണ്ടവനാണ്.

സൂതന്‍ പറഞു: ഭഗവാന്‍ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനന്റെ ധര്‍മ്മബോധത്തെ പരീക്ഷിച്ചുകൊണ്ട് അശ്വത്ഥാമാവിനെ വധിക്കാന്‍ പ്രേരിപ്പിച്ചെങ്കിലും, മഹാനായ അര്‍ജ്ജുനന്‍, പുത്രന്മാരെ കൊന്നവനെങ്കിലും, തന്റെ ഗുരുപുത്രനെ വധിക്കാന്‍ ഇഷ്ടപെട്ടിരുന്നില്ല. ഭഗവാന്‍ ഗോവിന്ദനാകുന്ന സാരഥിയോടൊപ്പം സ്വന്തം ശിബിരത്തില്‍ എത്തിയ അര്‍ജ്ജുനന്‍ അശ്വത്ഥാമാവിനെ കൊല്ലപ്പെട്ട തന്റെ മക്കളെയോര്‍ത്ത് വിലപിക്കുന്ന പ്രിയപത്നിക്ക് സമര്‍പ്പിച്ചു.

ഒരു മൃഗത്തെയെന്നപോലെ കയറില്‍ കെട്ടിവരിഞ് കൊണ്ടുവന്ന നിശബ്ദനായ അശ്വത്ഥാമാവിനെ ദ്രൗപതി കണ്ടു. അത്യന്തം ഹീനമായ പ്രവൃത്തി ചെയ്തവനെങ്കിലും ഗുരുപുത്രനായ അയാളെ സത്‌സ്വഭാവിയായ ദ്രൗപതി കൃപയോടെ ആദരിച്ചു. അശ്വത്ഥാമാവിനെ ഇങനെ പിടിച്ചുകെട്ടികൊണ്ടുവരുന്നതു കണ്ട്, അതിഷ്ടമാകാതെ കാരുണ്യവതിയായ ദ്രൗപതി പറഞു.

"ഇദ്ദേഹം ഒരു ബ്രാഹ്മണനും ഗുരുപുത്രനുമാണ്, വിട്ടയയ്ക്കുക. ആ ഗുരുവിന്റെ അനുഗ്രഹത്താലാണ് നിങള്‍ നാനാതരത്തിലുള്ള ശസ്ത്രങള്‍ അയയ്ക്കാനും, നിയന്ത്രിക്കാനും, അതിനെ ഉപസംഹരിക്കാനും മറ്റുമുള്ള അത്യന്തം രഹസ്യമായ ഈ ധനുര്‍‌വിദ്യ പഠിച്ചത്. ഭഗവാന്‍ ദ്രോണര്‍ ഇവനിലൂടെ ഇപ്പോഴും ജീവിക്കുന്നു. ഇദ്ദേഹം ജീവിച്ചിരിക്കുന്നതിനാല്‍ ആ ഗുരുവിന്റെ അര്‍ദ്ധാംഗിനി കൃപി അദ്ദേഹത്തോടൊപ്പം ജീവനൊടുക്കിയിട്ടില്ല. അതുകൊണ്ട്, അല്ലയോ ശ്രേഷ്ഠന്മാരേ!, നിങളാല്‍ ഇവരുടെ കുടുംബത്തിന് ഒരു ദുഃഖമുണ്ടാകരുത്.  കാരണം ഇവരുടെ കുലം എന്നെന്നും പൂജ്യവും, വന്ദ്യവുമാണ്. മക്കള്‍ നഷ്ടമായ ദുഃഖത്തില്‍ കണ്ണുനീര്‍ വാര്‍ത്ത് കരയുന്ന എന്നെപ്പോലെ നിങള്‍ പതിവ്രതയായ ദ്രോണപത്നി ഗൗതമിയേയും പുത്രദുഃഖത്താല്‍ എന്നെന്നും കരയിക്കരുത്. ഭരണാധികാരികള്‍ കോധാഗ്നിയാല്‍ ഒരു ബ്രാഹ്മണകുടുംബത്തെ ദ്രോഹിച്ചാല്‍, ആ കുലം മുച്ചൂടും കത്തിനശിച്ച്, ഒടുവില്‍ അത്യന്തം ദുഃഖം ഫലമായി വരുന്നു".

സൂതന്‍ പറഞു: തികച്ചും ധാര്‍മ്മികവും, ന്യായവും, കരുണാത്മകവും, നിര്‍‌വ്യളീകവും, നിര്‍ഭേദവും, മഹത്വമേറിയതുമായ രാജ്ഞിയുടെ ഈ വാചകങളോട് ധര്‍മ്മപുത്രര്‍ അനുകൂലിച്ചു. നകുലനും, സഹദേവനും, സാത്യകിയും, അര്‍ജ്ജുനനും, ദേവകീപുത്രനായ ഭഗവാന്‍ ശ്രികൃഷ്ണനും, അവിടെയുണ്ടായിരുന്ന സ്ത്രീകളും, മറ്റുള്ളവരും, ഇതിനെ ശരിവച്ചു. പക്ഷേ, ഭീമസേനനാകട്ടെ!, തനിക്കോ, തന്റെ ഗുരുവിനോ ശ്രേയസ്ക്കരമല്ലാതെ, ഉറങിക്കിടന്ന ശിശുക്കളെ ഒരു കാര്യവുമില്ലാതെ വധിച്ച അശ്വത്ഥാമാവിനെ കൊല്ലണം എന്നുതന്നെ അഭിപ്രായപ്പെട്ടു. ഭീമസേനന്റേയും ദ്രൗപതിയുടേയും വാക്കുകള്‍ കേട്ട്, ഭഗവാന്‍ ശ്രീകൃഷ്ണന്‍ തന്റെ സുഹൃത്തായ അര്‍ജ്ജുനനെ നോക്കി ചിരിച്ചുകൊണ്ട് ഇങനെ പറഞു:

"ഒരു ബ്രഹ്മബന്ധുവിനെ കൊല്ലാന്‍ പാടില്ല. എന്നാല്‍ ഒരു ആതതായി തീര്‍ച്ചയായും മരിക്കേണ്ടവനാണ്. ദ്രൗപതിക്ക് കൊടുത്ത വാക്കും, എന്നെയും, ഭീമസേനനേയും മാനിച്ചുകൊണ്ട്, ശാസ്ത്രോക്തങളായ ഈ നിയമത്തെ നീ അനുസരിക്കുക".

സൂതന്‍ പറഞു: ഇത് കേട്ട് അര്‍ജ്ജുനന്‍ ഭഗവാന്റെ ഉദ്ദേശ്യം മനസ്സിലാക്കി തന്റെ വാള്‍ കൊണ്ട് അശ്വത്ഥാമാവിന്റെ മുടി മുറിച്ച് മൂര്‍ദ്ധാവിലുണ്ടായിരുന്ന രത്നം എടുത്തുമാറ്റി. ബാലഹത്യയാല്‍ സകല ഐശ്വര്യങളും, തലയിലെ രത്നം നഷ്ടപ്പെട്ടതിനാല്‍ സര്‍‌വ്വ ശക്തികളും ഇല്ലാതായ അശ്വത്ഥാമാവിനെ അവര്‍ ശിബിരത്തില്‍ നിന്നും മോചിതനാക്കി. തല മുണ്ഡനം ചെയ്കലും, ധനം തിരിച്ചുപിടിക്കലും, വീട്ടില്‍ നിന്നു പുറം തള്ളുകയുമൊക്കെയാണ് ഒരു ബ്രഹ്മബന്ധുവിന്റെ ശരിക്കുമുള്ള മരണം എന്നത്. അല്ലാതെ ഭൗതിക ശരീരത്തെ ഇല്ലാതാക്കുകയെന്നതല്ല. പിന്നീട്, പുത്രദുഃഖത്താല്‍ ആതുരരായ പാണ്ഡുപുത്രന്മാരും ദ്രൗപതിയും മറ്റ് ബന്ധുക്കളും മരിച്ച പുത്രന്മാര്‍ക്കുവേണ്ടി ചെയ്യേണ്ട കര്‍മ്മങളൊക്കെ ചെയ്തുതീര്‍ത്തു.

ഇങനെ, ശ്രീമദ് ഭാഗവതം, പ്രഥമസ്കന്ധത്തിലെ ഏഴാം അധ്യായം സമാപിച്ചു.

ഓം തത് സത്.


1.6 നാരദ-വ്യാസ സം‌വാദം

ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധം - അദ്ധ്യായം 6

നാരദ-വ്യാസ സം‌വാദം
സൂതന്‍ ശൗനകാദി മുനികളോട് പറഞു: അല്ലയോ ബ്രാഹ്മണശ്രേഷ്ഠന്മാരേ!, അങനെ നാരദമഹര്‍ഷിയുടെ പൂര്‍‌വ്വജന്മവൃത്താന്തം കേട്ടതിനുശേഷം സത്യവതിയുടെ പുത്രനും ഭഗവതവതാരവുമായ ശ്രീ വേദവ്യാസന്‍ വീണ്ടും നാരദരോട് ചോദിച്ചു. 

വ്യാസന്‍ പറഞു: അല്ലയോ ബ്രഹ്മപുത്രാ!, അദ്ധ്യാത്മജ്ഞാനം തന്ന് അങയെ അനുഗ്രഹിച്ച് ആ മഹാഋഷികള്‍ പുറപ്പെട്ടുപോയതിനുശേഷം, അങയുടെ ഈ ജന്മം ആരംഭിക്കുന്നതിനുമുമ്പ് അങയുടെ ജീവിതം എങനെയായിരുന്നു?. ദീക്ഷ നേടിയതില്‍ പിന്നെ ശേഷകാലം അങ് എങനെ വര്‍‌ത്തിച്ചിരുന്നു?. ആ പഴയ ശരീരത്തെ ഉപേക്ഷിച്ച് ഈ പുതിയ ദേഹം കാലാന്തരത്തില്‍ അങ് എങനെ സ്വീകരിച്ചു?. മഹാമുനേ!, കാലം സകലതിനേയും ഇല്ലാതാക്കുമെന്നിരിക്കെ, കഴിഞ കല്പത്തില്‍ നടന്ന ഈ വസ്തുതകളെല്ലാം ഒരു മാറ്റവും കൂടാതെ അങ് എങനെ ഓര്‍ത്തുവയ്ക്കുന്നു?. 

നാരദന്‍ പറഞു: അദ്ധ്യാത്മജ്ഞാനം നല്‍കി ആ മഹാഋഷികള്‍ മറ്റെങോട്ടേയ്ക്കോ പുറപ്പെട്ടുപോയതിനുശേഷം, കഴിഞ ജന്മത്തില്‍ എന്റെ ബാക്കി ജീവിതം ഇപ്രകാരമായിരുന്നു. ഞാന്‍ ഒരു വീട്ട്‌വേലക്കാരിയുടെ ഏകമകനായിരിക്കെ, എന്റെ അമ്മയ്ക്ക് മറ്റൊരാശ്രയം ഉണ്ടായിരുന്നില്ല. അവരുടെ സ്നേഹവാത്സല്യങളില്‍ ഞാന്‍ ബന്ധിതനായി. അസ്വതന്ത്രയായ എന്റെ അമ്മയ്ക്ക്, ആഗ്രഹിച്ചവിധം എന്നെ വളര്‍ത്തുവാനുള്ള കഴിവുണ്ടായിരുന്നില്ല. എല്ലാവരും ഈശ്വരന്റെ കൈവശമുള്ള മരപ്പാവകളെപ്പോലെയാണല്ലോ!. എനിക്ക് ഏകദേശം അഞ്ചുവയസ്സുള്ള സമയം. അമ്മയെ ആശ്രയിച്ച്, ദിക്കോ, ദേശമോ, കാലമോ അറിയാതെ അവിടെയുള്ള ബ്രാഹ്മണരുടെയിടയില്‍ ജീവിച്ചു. 

അങനെയിരിക്കെ ഒരുദിവസം, ഈശ്വരനിയോഗമായിരിക്കാം, രാത്രിയില്‍ ഒരു പശുവിന്റെ പാല്‍ കറക്കാന്‍ പോയ എന്റെ അമ്മയെ വഴിയില്‍ വച്ച് ഒരു പാമ്പ് ദംശിച്ചു. അതും ഭക്തനോടുള്ള ഈശ്വരന്റെ പ്രത്യേക അനുഗ്രഹമായി കരുതി ഞാന്‍ ഉത്തരദിക്കിലേക്ക് പുറപ്പെട്ടു. അവിടെ സമ്പുഷ്ടമായ പുരങളും, ഗ്രാമങളും, വ്രജങളും, ഖനനപാടങളും, കൃഷിസ്ഥലങളും, താഴ്വരകളും, പൂന്തോട്ടങളും, വനങളും, ഉപവനങളും ഞാന്‍ കണ്ടു. മലകളും, കൊടുമുടികളും, സ്വര്‍‌ണ്ണം, വെള്ളി, ചെമ്പ് തുടങിയ ഖനികളുള്ള സ്ഥലങളും, ദേവന്മാര്‍ പോലും മോഹിക്കുന്ന തരത്തില്‍ താമരകള്‍ വിടര്‍ന്ന് നില്‍ക്കുന്ന ജലാശയങളുള്ള ഭൂപ്രദേശങളും, മനം മയക്കുന്ന വണ്ടുകളേയും, പക്ഷികളേയും ഞാനവിടെ കണ്ടുനടന്നു. ദീര്‍ഘസഞ്ചാരത്താല്‍ ശരീരം കൊണ്ടും, മനസ്സുകൊണ്ടും തളര്‍ന്ന എന്നില്‍ വിശപ്പും ദാഹവുമേറിവന്നു. അടുത്തുകണ്ട നദിയില്‍ ന്നിന്നും അല്പം വെള്ളം കുടിച്ച്. പിന്നീടതിലൊന്ന് മുങിക്കുളിച്ചു. ആ നദീജലത്തിന്റെ കുളിര്‍മ്മയില്‍ എന്റെ തളര്‍ച്ച ശമിച്ചു. മനുഷ്യവാസമില്ലാത്ത ആ കാട്ടില്‍ ഒരു ആല്‍‌വൃക്ഷത്തിന്റെ ചുവട്ടിലിരുന്നുകൊണ്ട് ഉള്ളിലുള്ള ഈശ്വരനെ മുമ്പ് പഠിച്ചതുപോലെ ധ്യാനിക്കാന്‍ തുടങി. ഭാവം ഭഗവാങ്കലേക്ക് തിരിച്ച് ആ പദമലരില്‍ ധ്യാനിക്കാന്‍ തുടങിയതും എന്റെ കണ്ണുകള്‍ നിറഞൊഴുകി. പെട്ടെന്ന് ഭഗവാന്‍ ഹരി എന്റെ ഹൃദയകമലത്തില്‍ പ്രത്യക്ഷനായി. അല്ലയോ വ്യാസദേവാ!, ആ സമയം ആനന്ദാതിരേകത്താല്‍ നിര്‍‌വൃതനായ ഞാന്‍ പരമാനന്ദമാകുന്ന സമുദ്രത്തില്‍ ആണ്ടുപോയി. അവിടെ ഞാന്‍ ആ ഭഗവാനേയോ, എന്നെതന്നെയോ കണ്ടില്ല.

മനസ്താപം ഇല്ലാതാക്കുന്ന ആ ഭഗവാന്റെ രൂപം പെട്ടെന്ന് ഉള്ളില്‍ നിന്നും മറഞു. അതിയായി ആഗ്രഹിച്ചതെന്തോ നഷ്ടപെട്ടവനെപോലെ ഞാന്‍ തിടുക്കത്തില്‍ ശാന്തിയറ്റ് ചാടിയെഴുന്നേറ്റു. വീണ്ടും ആ ഭഗവദ് ദര്‍ശനത്തിനായി ഞാന്‍ ഒരുപാട് ശ്രമിച്ചു. കുതൂഹലത്തോടെ ഞാന്‍ ഹൃദയത്തിലേക്ക് ഉറ്റുനോക്കി. ഒടുവില്‍ എവിടെയും ആ രൂപം കാണാതെ ഞാന്‍ അസംതൃപ്തനായി ദുഃഖിച്ചിരുന്നു. വിജനമായ ആ പ്രദേശത്ത് ഭഗവത് ദര്‍ശനത്തിനായി വീണ്ടും വീണ്ടും യത്നിക്കുന്ന എന്നില്‍ അതീവതരം സന്തോഷമുളവാക്കുന്നതും, ദുഖഃഹരവുമായ ആ അഗോചരവാക്യങള്‍ ഉയര്‍ന്നു. ആ വചനങള്‍ ഇങനെയായിരുന്നു. - അല്ലയോ നാരദരേ!, ഈ ജന്മത്തില്‍ നിനക്കെന്റെ ദര്‍ശനം ഉണ്ടാകില്ല. അപക്വമതികള്‍ക്കും, വിഷയങളില്‍ പൂര്‍ണ്ണവിരക്തി വന്നിട്ടില്ലാത്തവര്‍ക്കും ഇവിടെ എന്നെ കാണാന്‍ കഴിയുകയില്ല.

അല്ലയോ പാപമറ്റവനേ!, ഒരിക്കല്‍ മാത്രം ഞാന്‍ നിനക്കെന്റെ ദര്‍ശനം തന്നതത് എന്നിലേക്കടുക്കുവാനുള്ള നിന്റെ ആഗ്രഹത്തെ കൂട്ടുവാനാണ്‌. കാരണം ആ ആഗ്രഹം നിന്നെ എല്ലാ വിഷയങളില്‍നിന്നും മുക്തനാക്കുന്നു. കുറച്ചുകാലത്തെ സാധനയാല്‍ തന്നെ ഒരുവനില്‍ എന്നിലുള്ള ഭക്തി അചഞ്ചലമാകുന്നു. അങനെ കാലാന്തരത്തില്‍ അവന്‍ ലൗകികലോകത്തെ ഉപേക്ഷിച്ച് എന്നില്‍ തന്നെ എത്തിച്ചേരുന്നു. സൃഷ്ടിയുടെ സമയത്തും പ്രലയകാലത്തില്‍ തന്നെയും എന്നില്‍ അര്‍പ്പിക്കപ്പെട്ട വിശ്വാസം നഷ്ടപ്പെടുന്നില്ല. എന്നില്‍ നിനക്കുള്ള സ്മൃതി എക്കാലവും നിലനില്‍ക്കുന്നു.

ഇത്രയും കൊണ്ട് ഈശ്വരന്റെ മനോഹരമായതും, കണ്ണുകള്‍ക്കഗോചരമായതുമായ ആ ആകശവാണികള്‍ നിലച്ചു. അങനെ അനുഗ്രഹീതനായ ഞാന്‍ ആ ഭഗവാനെ ശിരസ്സാ നമിച്ചു. ലൗകിക വിഷയങളൊക്കെ അപ്പാടെ അവഗണിച്ച്, ഇടവിടാതെ പവിത്രവും പരിപാവനവുമായ ഭഗവത് നാമം ഉച്ചരിച്ചുകൊണ്ട്, അനുസ്യൂതം ഭഗവത് സ്മൃതിയില്‍ മുങി, ഭൂമിയിലുടനീളം സം‌തൃപ്തനായി, അലൗകികനായി, മദമത്സരാദികളൊഴിഞ് ഞാന്‍ സഞ്ചരിച്ചു. അങനെ, ഹേ! വ്യാസരേ!, നിസ്സംഗനായി, സകല വിഷയാനുഭവങളിന്‍ നിന്നും മോചിതനായി, ഭഗവാന്‍ ശ്രീകൃഷ്ണനില്‍ ലീനനായിരിക്കെ, കുറെ കാലം കഴിഞ് ഒരു മിന്നല്‍‌പിണര്‍ പോലെ എനിക്ക് മരണം സംഭവിച്ചു. സദാ ഭഗവതഭിമുഖമായ ഒരു സംശുദ്ധശരീരം സ്വീകരിച്ച്, സര്‍‌വ്വകര്‍‌മ്മവിമുക്തനായി ഞാന്‍ പഞ്ചഭൂതാത്മകമായ ആ ഭൗതികശരീരം ഉപേക്ഷിച്ചു. പിന്നീട് കല്പാന്തത്തില്‍ ഭഗവാന്‍ നാരായണന്‍ പ്രലയജലത്തില്‍ ശയിച്ചു. ബ്രഹ്മദേവന്‍ ആ ഭഗവാനിലുണര്‍ന്നു. വിധാതാവിന്റെ ശ്വസനത്തിലൂടെ ഞാനും ആ വിഭുവിനുള്ളില്‍ പ്രവേശിച്ചു. ആയിരം യുഗങള്‍ കഴിഞു. അതായത്, 4,300,000 വര്‍‌ഷങള്‍ കഴിഞു, സൃഷ്ടികര്‍ത്തവ്യത്തിനായി ബ്രഹ്മദേവന്‍ വീണ്ടും ഉണര്‍ന്ന് മരീചി, അംഗിരസ്സ്, അത്രി തുടങിയ മുനികളെ സൃഷ്ടിച്ചു. അവരോടൊപ്പം ഞാനും ഉണ്ടായി.

അങനെ, ഭഗവാന്‍ വിഷ്ണുവിന്റെ കരുണയാല്‍, യാതൊരു തടസ്സവും കൂടാതെ, അഖണ്ഡിതമായ ഭക്തിയോടെ, മൂന്ന് ലോകങളും ഞാന്‍ ചുറ്റിക്കറങി. ഭഗവാന്‍ തന്നെ തന്നതും, പ്രണവാകാരത്താല്‍ അലങ്കരിക്കപ്പെട്ടതുമായ ഈ വീണയും മീട്ടി ഹരികഥാമൃതം ആലാപനം ചെയ്തുകൊണ്ട് ഞാന്‍ അങനെ സഞ്ചരിച്ചുകൊണ്ടേയിരുന്നു. തീര്‍ത്ഥപാദന്റെ ശ്രവണമധുരമായ മഹിമകള്‍ പാടാന്‍ തുടങുമ്പോഴേക്കും, ക്ഷണിച്ചുവരുത്തിയതുപോലെ, ആ ഭഗവാന്‍ എന്റെ ഹൃദയകമലത്തില്‍ എനിക്ക് ദര്‍ശനം തരുന്നു. ഭഗവാന്‍ ഹരിയുടെ കഥാകഥനശ്രവണങളാകുന്ന നൗക, വിഷയജന്യങളായ സുഖദുഖഃങളില്‍ അകപെട്ടുപോയ ആതുരചിത്തന്മാരെ ഈ ഭവസാഗരത്തില്‍ നിന്നും മറുകരയണയ്ക്കുന്നത് ഞാന്‍ അറിഞിരിക്കുന്നു. യമനിയമാദികള്‍ തുടങിയ യോഗമാര്‍ഗ്ഗങളിലൂടെ കാമലോഭങള്‍ അടക്കാന്‍ സാധ്യമാണെങ്കിലും, ഈ ജീവന്‌ ആത്മസാക്ഷാത്ക്കാരം കിട്ടണമെങ്കില്‍, അത് മുകുന്ദനിലുള്ള അനന്യമായ ഭക്തിയിലൂടെയല്ലാതെ സാധ്യമല്ല. അല്ലയോ പാപരഹിതനായ വ്യാസദേവാ!, അങു ചോദിച്ചതുപോലെ എന്റെ ജന്മങളെ കുറിച്ചും, കര്‍മ്മങളെ കുറിച്ചും ഞാന്‍ വിസ്തരിച്ച് പറഞുകഴിഞു. ഇതെല്ലാം അങയുടെ സന്തുഷ്ടിക്കുതകുന്നതാണ്‌.

സൂതന്‍ പറഞു: ഇങനെ നാരദമുനി വ്യാസരെ ഉപദേശിച്ച് അനുഗ്രഹിച്ച് തന്റെ വീണയും മീട്ടി എങോട്ടെന്നില്ലാതെ പ്രയാണം ചെറയ്തു. അഹോ ദേവര്‍ഷേ!, ഭഗവാന്റെ മഹിമകള്‍ വര്‍ണ്ണിച്ച് പരമാനന്ദം അനുഭവിക്കുന്ന; അത് തന്റെ വീണാതന്ത്രിയില്‍ മീട്ടി ലോകത്തെ രമിപ്പിക്കുന്ന അങ് ധന്യനാണ്‌.

ഇങനെ, ശ്രീമദ് ഭാഗവതം  പ്രഥമസ്കന്ധം രണ്ടാം അധ്യായം സമാപിച്ചു.

ഓം തത് സത്



1.5 നാരദമുനി വേദവ്യാസന്‌ ശ്രീമദ് ഭാഗവതമെഴുതാന്‍ പ്രേരണ നല്‍‌കുന്നു.


ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധംഅദ്ധ്യായം 5

നാരദമുനി വേദവ്യാസന്‌ ശ്രീമദ് ഭാഗവതമെഴുതാന്‍ പ്രേരണ നല്‍‌കുന്നു.


സൂതന്‍ പറഞു: അപ്പോള്‍ ദേവര്‍ഷിയായ നാരദര്‍ യഥോചിതം ഉപവിഷ്ടനായതിനുശേഷം ബ്രാഹ്മണ ഋഷിയായ വ്യാസരെ അധിസംബോധന ചെയ്തുകൊണ്ട് ചോദിച്ചു.: അല്ലയോ പരാശരപുത്രാ, ശരീരത്തേയോ മനസ്സിനേയോ ആത്മസാക്ഷാത്കാരത്തിന്റെ ഉപാധിയായി അറിയുന്നതില്‍ അങ് സംതൃപ്തനാണോ? തെല്ലുപോലും സന്ദേഹം അങേയ്ക്കുണ്ടാകേണ്ടതില്ല. കാരണം വേദങളുടെ വിപുലീകരിച്ച വസ്തുതകള്‍ക്കൊപ്പമാണ്‌ അങ് മഹാഭാരതമാകുന്ന മഹാപുരാണം നിര്‍മ്മിച്ചത്. അങയുടെ അന്വേഷണം തികച്ചും പൂര്‍ണ്ണമാണ്. പരമാത്മതത്ത്വത്തെ കുറിച്ചും, അതിന്റെ അറിവിനെ കുറിച്ചും അങ് ഉള്ളവണ്ണം തന്നെ പ്രതിപാദനം ചെയ്തിരിക്കുന്നു. എന്നിട്ടും, നിര്‍വ്വഹിക്കപ്പെടാത്ത എന്തിനുവേന്ടിയാണ്‌ അങ് ഇങനെ പരിവേദനം ചെയ്യുന്നത്?.

വ്യാസര്‍ പറഞു: അവിടുന്ന് പറഞതെല്ലാം പരമാര്‍ത്ഥം തന്നെയാണ്‌ എന്നിരുന്നാലും ഞാന്‍ സന്തുഷ്ടനല്ല. എന്റെ ഈ ദുഃഖത്തിന്റെ അവ്യക്തമായ മൂല കാരണം അങ് എനിക്ക് പറഞുതന്നാലും. എല്ലാ രഹസ്യങളും അവിടുന്നറിയുന്നവനാണ്‌. കാരണം, അങ് സൃഷ്ടിസ്ഥിതിസംഹാരങളുടെ പരമകാരണനും, ത്രിഗുണാധീതനുമായ ആ ഭഗവാന്റെ പരമഭക്തനാണ്‌. അവിടുന്ന് സൂര്യനെപോലെ എങെങും സഞ്ചരിക്കുന്നു. അങ് വായുവിനെപോലെ സകല ഹൃദയങളിലും തുളച്ചുകയറാന്‍ കഴിവുള്ള അന്തര്യാമിയാണ്‌. കാര്യകാരണത്തെകുറിക്കുന്ന ആ അദ്ധ്യാത്മികവിദ്യയില്‍ മുങിയിട്ടും എന്റെയുള്ളില്‍ ഇപ്പോഴുമുള്ള ആ ന്യൂനത അങ് വ്യക്തമാക്കിയാലും.

അത് കേട്ട് നാരദമുനി പറഞു: താങ്കള്‍ ഇതുവരെ ഭഗവാന്‍ ഹരിയുടെ അമലമായ മഹിമയെകുറിച്ചൊന്നും തന്നെ പറഞിട്ടില്ല. അതില്‍ അവന്‍ സന്തുഷ്ടനല്ല. കാരണം, അവിടത്തെകുറിച്ച് പ്രതിപാദിക്കാത്ത ഈ ദര്‍ശനങളെല്ലാം തുച്ചമായതത്രേ!. ധര്‍മ്മാര്‍ത്ഥകാമമോക്ഷത്തെ കുറിച്ചും, അവയുടെ ഉദ്ദ്യേശലക്ഷ്‌യങളെകുറിച്ചും, അങ് വീണ്ടും, വീണ്ടും ഉദ്ഘോഷിച്ചു. അതുപോലെതന്നെ ഭഗവാന്‍ വാസുദേവന്റെ മഹിമയെ അനുവേലം വര്‍ണ്ണിക്കേണ്ടതുണ്ടു. പ്രപഞ്ചം മുഴുവന്‍ പവിത്രമാക്കുന്ന ആ ഭഗവാന്റെ മഹിമയെ കുറിച്ച് വര്‍ണ്ണിക്കാത്ത വാക്കുകളെല്ലാം തന്നെ പശുക്കളുടെ തീര്‍ത്ഥാടനകേന്ദ്രം പോലെയാണ്‌. അദ്ധ്യാത്മികലോകത്തില്‍ ജീവിക്കുന്ന സാധുജനങള്‍ അവയില്‍ ഒരാനന്ദവും കാണുന്നില്ല. അനന്തനായ ആ ഭഗവാനെ വര്‍ണ്ണിക്കുന്ന ഓരോ ശ്ളോകവും വ്യത്യസ്ഥമാണ്‌. ആ വാക്കുകള്‍ ഭക്തന്‍മാരില്‍ ഒരു വിപ്ളവം തന്നെ സൃഷ്ടിക്കുന്നു. അങനെയുള്ള അദ്ധ്യാത്മിക സാഹിത്യങള്‍ ഒരുപക്ഷേ അനിയതമാണെങ്കില്‍ പോലും, അവര്‍ അത് കേള്‍ക്കുകയും, പാടുകയും, സ്വീകരിക്കുകയും ചെയ്യുന്നു. ഭക്തിഭാവഹീനമായ അദ്ധ്യാത്മിക ജ്ഞാനം പോലും ശോഭനമല്ല. അങനെയിരിക്കെ, ഭഗവതര്‍പ്പണമല്ലാത്ത ഏതൊരു കര്‍മ്മത്തിനും പിന്നെ എന്തു പ്രസക്തിയാണുള്ളത്?

അല്ലയോ വ്യാസദേവാ!, അങ് പരമഭാഗ്യവാനും, ശുദ്ധനും, കീര്‍ത്തിമാനും, സത്യധര്‍മ്മങളില്‍ അധിഷ്ഠിതനുമാണ്‌. ലോകാനുഗ്രഹത്തിനുവേണ്ടി, അങ് ലോകാതീതനായ ഭഗവാനെ കുറിച്ച് പറയുക. ആ ഭഗവാനെ കുറിച്ചല്ലാതെ മറ്റെന്തു പറയാന്‍ അങ് ആഗ്രഹിച്ചാലും, അത് കാറ്റില്‍ അകപ്പെട്ട തോണി എന്നപോലെ, നാമരൂപങളില്‍ മഗ്നമായ ഈ മനസ്സിനെ ഇളക്കിമറിച്ചുകൊണ്ടിരിക്കുന്നു. സ്വാഭാവികമായും അര്‍ത്ഥകാമന്‍മാരായ സാധാരണ ജങളെ ധര്‍മ്മപരിപാലനാര്‍ത്ഥം അങ് പഠിപ്പിച്ച ഈ അനുശാസനങളെല്ലാം ജുഗുപ്സിതവും ഉല്ലംഘിതവുമാണ്‌. അത് താങ്കളാല്‍ പറയപ്പെട്ടതിനാല്‍  അതിനെ ഉപേക്ഷിച്ച് അവരാരും നിര്‍വാണപദത്തിനായി യ്ത്നിക്കുന്നില്ല. ലൌകികവിഷങളില്‍ നിന്നകന്നുനില്‍ക്കുന്ന വിരാഗികള്‍ക്കുമാത്രമേ അനന്തനായ ആ ഭഗവാന്റെ മഹിമയെ വര്‍ണ്ണിക്കാനാകൂ. അതുകൊണ്ട് അല്ലയോ വ്യാസരേ!, വിഷയങളില്‍ ബന്ധപ്പെട്ട അജ്ഞാനിജനങള്‍ക്ക് ഭഗവാന്റെ മഹിമയെ വര്‍ണ്ണിച്ച് അവര്‍ക്ക് മോക്ഷപദത്തെ കാട്ടികൊടുക്കുക.

എന്നാല്‍ ഭക്തിഹീനനായ ഒരുവന്‍ എത്രകണ്ട് സ്വധര്‍മ്മം ആചരിച്ചാലും അവന്‍ ഇഹത്തിലും പരത്തിലും യാതൊന്നും തന്നെ നേടുന്നില്ല. കോവിദന്‍മാര്‍ തൈലോക്യത്തിലും ലഭ്യമല്ലാത്ത പരമമായ ഗതിയ്ക്കുവേണ്ടിയാണ്‌ യത്നിക്കേണ്ടത്. കാരണം, ഭൌതികസുഖങളാകട്ടെ, ഭൌതികദുഃഖങളെന്നതുപോലെ കാലാകാലങളില്‍ വന്നുകൊണ്ടേയിരിക്കുന്നു.

പ്രീയമുള്ള വ്യാസരേ!, മുകുന്ദനെ പൂജിക്കുന്നവര്‍ ഒരിക്കലും വിഷങളില്‍ ആസക്തരാകുന്നില്ല. കാരണം, ഭഗവത് ഭക്തിരസം നുകര്‍ന്നിട്ടുള്ള ഒരു ഭഗവത് പ്രേമി ആ ഭക്തിയുടെ ആനന്ദം തന്നില്‍ നിന്ന് അന്യമാക്കാന്‍ ആഗ്രഹിക്കുന്നില്ല.

വ്യത്യസ്ഥനായി തോന്നുന്നുവെങ്കിലും ആ ഭഗവാന്‍ തന്നെയാണ്‌ ഈ വിശ്വം. ഇതിന്റെ ഉത്ഭവവും പ്രലയവും അവന്‍ തന്നെ നിയോഗിക്കുന്നു. അങ് ഇതെല്ലാം ഉള്ളവണ്ണം തന്നെ അറിയുന്നവനാണ്‌. ഞാന്‍ ആ പരമമായ സത്യത്തെ ഒന്ന് സംക്ഷേപിച്ചു പറഞുവെന്നുമാത്രം. ജഗദീശ്വരനായ ശ്രീകൃഷ്ണപരമാത്മാവിന്റെ ലീലക്കളെ കുറിച്ച് ആരും പറയാതെ തന്നെ അങ് അറിയുന്നു. കാരണം താങ്കള്‍ ജന്മരഹിതനാണെങ്കിലും ആ ഭഗവാന്റെ അംശാവതാരമായി ഈ ജഗത്തിന്റെ ക്ഷേമത്തിനുവേണ്ടി ഭൂവില്‍ പ്രത്യക്ഷനായിരിക്കുകയാണ്. അതുകൊണ്ട്, അവിടത്തെ അദ്ധ്യാത്മലീലകള്‍ അങ് വേണ്ടവിധം വര്‍ണ്ണിച്ചുപറയുക.  ബ്രഹ്മചര്യയും, വേദാധ്യായനവും, മന്ത്രോച്ചാരണങളും, യാഗവും, ധാനവുമൊക്കെ ആ ഉത്തമശ്ളോകന്റെ അദ്ധ്യാത്മിക ചേഷ്ടാവര്‍ണ്ണനങളില്‍ ജ്ഞാനികള്‍ നിരൂപിച്ചുറപ്പിച്ചിരിക്കുന്നു.

അല്ലയോ മുനേ!, കഴിഞ ജന്മത്തില്‍ ഞാന്‍ വേദവിത്തുക്കളായ കുറെ പണ്ഡിതഋഷികളെ സേവിച്ചു ജീവിച്ചിരുന്ന ഒരു വീട്ടുജോലിക്കാരിയുടെ മകനായിരുന്നു. അങനെ കുറെകാലം ഞാന്‍ ആ ഋഷികളെ സഹായിച്ച് ജീവിച്ചു. സര്‍വ്വഭൂതങളിലും സമചിത്തരായിരുന്ന ആ വേദാന്തികള്‍ എന്നില്‍ കഠാക്ഷിച്ചു. ഞനോ!, ആത്മസംയമനം ചെയ്തുകൊണ്ട്, കുട്ടിയായിരുന്നുവെങ്കിലും കളികളിലൊന്നും ഏര്‍പ്പെടാതെ, വികൃതികളൊന്നും കാട്ടാതെ, അല്പഭാഷിയായി അവരോടൊപ്പം കൂടി.

ഒരിക്കല്‍ മാത്രം ഞാന്‍ അനുവാദത്തോടെ ആ ഋഷികളുടെ ഉച്ചിഷ്ടം കഴിച്ചു. അതോടെ ഞാന്‍ സകലപാപങളില്‍ നിന്നു മുക്തനായി. അങനെ നിഷ്ടയോടുകൂടി കൊച്ചുകൊച്ചു സഹായങള്‍ ചെയ്ത എന്നില്‍ അവരുടെ കൃപാകടാക്ഷം പൊഴിഞു.

അല്ലയോ വ്യാസരേ!, അങനെ അവരോടൊപ്പം കൂടിയതും എനിക്ക് ഭഗവാന്‍ ശ്രീകൃഷ്ണന്റെ കഥകള്‍ കേള്‍ക്കാന്‍ അവസരങള്‍ ലഭിച്ചു. ദിവസങള്‍ കടന്നുപോകുംതോറും എന്നില്‍ ആ ഭഗവത് മഹിമാശ്രവണം ഭഗവാനിലേക്കുള്ള അഭിരുചിയുണ്ടാക്കി. ഭഗവാനില്‍ എന്റെ ആസക്തി കൂടി കൂടി വന്നതോടെ ഒരു സത്യത്തെ ഞാന്‍ മനസ്സിലാക്കി. എന്തെന്നാല്‍, മനുഷ്യജീവിതത്തിലെ സകല ഏറ്റക്കുറച്ചിലുകളുള്‍ക്കും കാരണം ആ ജഗദീശ്വരനോടുള്ള അജ്ഞാനം കലര്‍ന്ന സമീപനമാണ്‌.

ശരത്ക്കാലവും മഴക്കാലവും കഴിയുവോളം ആ ഋഷിവര്യന്‍മാരില്‍ നിന്നും ഞാന്‍ ഭഗവാന്റെ ശുദ്ധമായ മഹിമകള്‍ കേട്ടു. തുടര്‍ന്നെന്നിലുണ്ടായ ഭക്തിസ്രാവത്തില്‍ എന്നിലെ രജോഗുണങളുടേയും തമോഗുണങളുടേയും ആവരണം നീങി കിട്ടി. ആ ഋഷികളില്‍ ഭക്തിചെയ്തു എന്റെ കര്‍മ്മബന്ധങള്‍ ഒന്നൊഴിയാതെ ഇല്ലാതായി. മനസ്സും ശരീരവും അര്‍പ്പിച്ച് അവരെ അനുഗമിച്ചത് വഴി എനിക്ക് ഇന്ദ്രിയസംയമനം ചെയ്യാന്‍ സാധിച്ചു. ഒടുവില്‍, അജ്ഞാനികളില്‍ കാരുണ്യവാന്മാരായ ആ വേദാന്തികള്‍ പോകാനൊരുങവേ ഭഗവാന്‍ സ്വയമേവ പ്രഖ്യാപനം ചെയ്തിട്ടുള്ള ആ പരമാത്മരഹ്യസ്യത്തെ അവര്‍ എനിക്കുപദേശം ചെയ്തു.

ആ പരമ ജ്ഞാനത്തിലൂടെ സൃഷ്ടിസ്തിഥിസംഹാരകനായ ഭഗവാന്‍ ശ്രീകൃഷ്ണന്റെ മായാ ശക്തിവിശേഷത്തെ ഞാന്‍ മനസ്സിലാക്കി. ആ ജ്ഞാനം ഒരുവനെ തിരിച്ച് അവങ്കലേക്ക് തന്നെ എത്തിക്കുന്നു. അല്ലയോ ബ്രാഹ്മണനായ വ്യാസരേ!, ഒരുവന്റെ സകലകര്‍മ്മങളും ആ പരമാത്മപാദങളില്‍ സമര്‍പ്പിക്കുന്നതോടെ താപത്രയജന്യമായ സകല ദുഃഖങളില്‍ നിന്നും അവന്‍ വിമുക്തനാകുന്നുവെന്ന് ജ്ഞാനികള്‍ ഉദ്ഘോഷിക്കുന്നു. ഹേ! ധന്യാത്മാവേ!, യാതൊന്നിനാല്‍ ഉണ്ടായ ഒരു രോഗം അതിനാല്‍ തന്നെ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയാറുണ്ടോ?. ഇവിടെ, ഒരുവന്റെ സകല കര്‍മ്മങളും ഭഗവാങ്കല്‍ സമര്‍പ്പിക്കപ്പെടുമ്പോള്‍ ആ സമര്‍പ്പിതകര്‍മ്മങളാല്‍ തന്നെ അവന്റെ താപത്രയങള്‍ ഇല്ലാതാകുന്നു. അല്ലാത്തപക്ഷം അതേ കര്‍മ്മങള്‍ തന്നെ അവനെ ബന്ധനസ്ഥനാക്കുന്നു.

ഭഗവതിഛയ്ക്കനുസരിച്ചുചെയ്യുന്ന യാതൊരു കര്‍മ്മാചരണത്തേയും ഭക്തിയോഗം എന്നുപറയുന്നു. ജ്ഞാനം ഇതിനനുബന്ധഘടകമായി നിലകൊള്ളുകയും ചെയ്യുന്നു. അതിനാല്‍ ഭഗവാന്‍ ശ്രീകൃഷ്ണന്റെ നാമത്തേയും, ആ നാരായണന്റെ മഹിമകളേയും അനുസ്മരിച്ചുകൊണ്ട് വേണം അവനില്‍ അര്‍പ്പിക്കപ്പെടുന്ന ഏതൊരു കര്‍മ്മവും ആചരിക്കാന്‍. ആ ഭഗവാന്റെ മഹിമകളേയും, അവന്റെ വിജൃംഭിതമൂര്‍ത്തികളായ വാസുദേവനേയും, പ്രദ്യും‌നനേയും, അനിരുദ്ധനേയും, സങ്കര്‍ഷണനേയും ഞാനിതാ വാഴ്ത്തുന്നു. ഇങനെ രൂപരഹിതനായ ആ വിഷ്ണുഭഗവാനെ "ഓം" എന്ന ശബ്ദബ്രഹ്മത്താല്‍ പൂജിക്കുന്നവനാണ്‌ യഥാര്‍ത്ഥ ജ്ഞാനി.

അല്ലയോ ബ്രാഹ്മണനായ വ്യാസദേവാ!, ആ ഭഗവാന്‍ ആദ്യം എനിക്ക് സര്‍‌വ്വവേദസാരമായ അദ്ധ്യാത്മികജ്ഞാനത്തെ ഉപദേശിച്ചുതന്നു. പിന്നീട്, അലൗകികമായ ഐശ്വര്യത്തേയും തുടര്‍ന്ന്, പരമമായ സ്നേഹവാത്സല്യത്തേയും വാരിക്കോരി തന്നു.

അതുകൊണ്ട്, അങയുടെ ഈ നീണ്ട വേദാധ്യയനത്തിലൂടെ അങ് ആര്‍ജ്ജിച്ച ആ ഭഗവാന്റെ സകല തത്വങളും പറയുക. എന്തെന്നാല്‍, ആ ജ്ഞാനം മുമുക്ഷുക്കളെ കൂടുതല്‍ സംതൃപ്തരാക്കുകയും, ജനിമൃതികളില്‍ പെട്ട് ദുഃഖിതരായ ജനകോടികള്‍ക്ക് അതിലൂടെ നിര്‍‌വ്വാണം ലഭിക്കുകയും ചെയ്യുന്നു. അതിനായി മറ്റൊരു വഴി ഇല്ലതന്നെ.

ഇങനെ, ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധത്തിലെ അഞ്ചാം അധ്യായം സമാപിച്ചു.

ഓം തത് സത്









1.4 നാരദമുനിയുടെ വരവ്

ഓം

ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധംഅദ്ധ്യായം 4


ഇത്രയും പറഞതോടെ ദീര്‍ഘസത്രത്തിനായി അവിടെ കൂടിയിരുന്ന മുനികളില്‍ മുഖ്യനായ ശൌനകന്‍ സൂതനെ വന്ദിച്ചുകൊന്ട് ഇപ്രകാരം പറഞു.

 

"ജപിക്കാനും പറയാനും കഴിവുള്ളവരില്‍ വച്ച് അത്യന്തം ഭാഗ്യശാലിയും ബഹുമാനിക്കപെട്ടവനുമായ അല്ലയോ സൂതമഹര്‍ഷേ!, എത്രയും പുണ്യമായ ഈ ശ്രീമദ് ഭാഗവതം ഭഗവാന്‍ ശുകദേവൻ  പറഞതുപോലെ ദയവായി ഞങള്ക്കും അങ് പറഞുതരിക. ആദ്യമായി ഈ ശ്രീമദ് ഭാഗവതം  ഏത് കാലത്തുന്ടായി? ഏത് സ്ഥലത്തുണ്ടായി? എന്തിനുന്ടായി? എന്തില്‍ നിന്നാണ്‌ മഹാഋഷിയായ ശ്രീ വേദവ്യാസന്‌ ശ്രീമദ്ഭാഗവതം ചമച്ചുന്ടാക്കുവാന്‍ പ്രചോദനം കിട്ടിയത്?

 

അദ്ദേഹത്തിന്റെ മകന്‍ സമദര്‍ശിയും നിര്‍വ്വികല്പനുമായ ഒരു ഒരു മഹായോഗിയായിരുന്നു. ഏകാന്തമതിയായ ശുകന്‍ യഥാസ്തിതിക വിശ്വാസങളെയൊക്കെ തച്ചുടച്ച് ഒരു മൂഢനെപ്പോലെ ഗൂഢമായി കാണപ്പെട്ടു. തന്റെ മകനെ അന്വേഷിച്ച് പോകുന്ന വേദവ്യാസനെ കന്ടപ്പോള്‍ വിവസ്ത്രരായി നദിയില്‍ കുളിച്ചുകൊന്ട് നിന്ന സുന്ദരിയായ കന്യകമാര്‍ വസ്ത്രം കൊന്ട് തങളുടെ ശരീരം മറച്ചു. എന്നാല്‍ തന്റെ മകനായ ശ്രീശുകബ്രഹ്മമഹര്‍ഷി അതുവഴി പോയപ്പോള്‍ അവര്‍ അതു ചെയ്തില്ല. ഇതിന്റെ കാരണം തിരക്കിയ വ്യാസനോട് അവര്‍ പറഞ മറുപടി, ശ്രീശുകന്‍ നിര്‍മ്മലച്ചിത്തനാണെന്നും, ശുകന്‍ അവരെ നോക്കിയത് സ്ത്രീപുരുഷഭേദം കൂടാതെയാണെന്നും നേരേ മറിച്ച് വ്യാസന്‍ അങനെ അല്ലായിരുന്നുവെന്നുമാണ്‌."

 

"ഭ്രാന്തനെപ്പോലെയും, മൂകനെപ്പോലെയും, മന്ദമതിയെപ്പോലെയും, തോന്നിക്കുന്ന ശ്രീശുകബ്രഹ്മമഹര്‍ഷി, കുരു, ജംഗളം ഇത്യാദി രാജ്യങളില്‍ ചുറ്റിത്തിരിഞ് പിന്നെ ഹസ്തിനപുരിയിലെത്തിയപ്പോള്‍ എപ്രകാരമായിരുന്നു അവിടുത്തെ ജനങള്‍ അദ്ദേഹത്തെ തിരിച്ചറിഞതു? എങനെയായിരുന്നു ശുകദേവനും പാണ്ഡവസന്തതിയായ പരീക്ഷിത്ത് മഹാരാജനും തമ്മില്‍ ശ്രുതിസാരവും അദ്ധ്യാത്മികവുമായ ഈ ശ്രീമദ് ഭാഗവതം ചര്‍ച്ച ചെയ്തത്? ഒരു പശു പാല്‍ ചുരത്തുന്നത്ര നിമിഷങള്‍ മാത്രമാണ്‌ ശ്രീശുകന്‍ ഒരു ഗൃഹസ്ഥാശ്രമിയുടെ വാതില്ക്കല്‍ നില്ക്കുന്നതും, ആ ഗൃഹത്തെ ശുദ്ധീകരിക്കുന്നതും. അഭിമന്യുവിന്റെ പുത്രനായ പരീക്ഷിത്ത് മഹാരാജന്‍ ഭാഗവതോത്തമനാണ്‌ ആയതിനാല്‍ അദ്ദേഹത്തിന്റെ ജന്മവും കര്‍മ്മങളുമെല്ലാം മഹാശ്ചര്യജനകം തന്നെ.  അവ അവിടുന്ന് ഞങള്‍ക്ക് പറഞുതന്നാലും."

 

"എന്ത് കാരണത്താലാണ്‌ പാണ്ഡവവംശത്തിന്റെ മേല്‍ക്കോയ്മ ഉയര്‍ത്തിയ ഈ മഹാരജാവ് രാജ്യം മുതലായ തന്റെ സകല ഐശ്വര്യങളും വിട്ട് ഗംഗാതീരത്തിരുന്നു പ്രായോപവിഷ്ടനായി ശരീരം ഉപേക്ഷിച്ചത്? പരീക്ഷിത്ത് രാജന്‍ ഒരു ഉത്തമഭരണാധികാരിയായിരുന്നതിനാല്‍, ശത്രുക്കളും തങളുടെ സ്വന്തം നന്മയ്ക്കുവേന്ടി സര്‍വ്വസ്വവും ആ കാല്ക്കല്‍ വച്ച് നമസ്ക്കരിച്ചിരുന്നു. യുവാവും ശക്തിമാനുമായിരുന്ന അദ്ദേഹത്തിന്‌ ത്യാഗഗയോഗ്യമല്ലാത്ത സകല ഐശ്വര്യങളും ഉണ്ടായിരുന്നിട്ടും, അവയെല്ലാം തന്റെ ജീവിതത്തോടൊപ്പം എന്തുകൊന്ടാണ്‌ വേന്ടെന്ന് വച്ചത്? ഭഗവാങ്കല്‍ തല്പ്പരരായുള്ളവര്‍ സ്വാര്‍ത്ഥത വെടിഞ് അന്യരുടെ ക്ഷേമത്തിനും സന്തോഷത്തിനുമായ്ക്കൊന്ട് മാത്രം വര്‍ത്തിക്കുന്നു. അദ്ദേഹം ഭൌതികവിഷായാനുഭവങളില്‍ നിന്നും അകന്നുനിന്നിരുന്നുവെങ്കിലും, തന്റെ പ്രജകള്‍ക്കുകൂടി ഉപകാരപ്രദമായ ആ ഭൌതികശരീരം എന്തിനായി ഉപേക്ഷിച്ചു?"

 

"ഞങള്‍ ചോദിച്ച സകല ചോദ്യങള്‍ക്കും ഉത്തരം നല്‍കാന്‍ അങ് കഴിവുള്ളവനാണെന്നും, വേദങ്ങളുടെ ചില പ്രത്യേക ഭാഗങ്ങളൊഴിച്ചാൽ ബാക്കി സകലവിഷങളും അവയുടെ അര്‍ത്ഥങളും അവിടുന്ന് പൂര്‍ണ്ണമായും അറിയുന്നവനാണെന്നും ഞങള്‍ മനസ്സിലാക്കുന്നു."

 

സൂതന്‍ പറഞു: "കൃതയുഗത്തിനുമേല്‍ ദ്വാപരയുഗം ആവിര്‍ഭവിച്ചപ്പോള്‍ വസുവിന്റെ മകളായ സത്യവതിയില്‍ പരാശരമുനിക്ക് മകനായി ശ്രീ വേദവ്യാസഋഷി പിറന്നു. ഒരിക്കല്‍, സൂര്യനുണര്‍ന്നപ്പോള്‍, വ്യാസദേവന്‍ സരസ്വതീനദിയില്‍ മുങി തന്റെ വ്രതസ്നാനം കഴിഞ് ശുദ്ധനായി ഏകാന്തത്തില്‍ ധ്യാനത്തിനിരുന്നു.

 

യുഗം തോറും അവ്യക്തശക്തികളുടെ പ്രഭാവത്താല്‍ കാലാകാലങളില്‍ ഭൂമിയില്‍ സംഭവിക്കുന്ന ധര്‍മ്മച്യുതികള്‍ ശ്രീ വേദവ്യാസമുനി മുന്‍കൂട്ടി കണ്ടിരുന്നു. കാലത്തിന്റെ ഒഴുക്കില്‍ സര്‍വ്വഭൂതങള്‍ക്കുമുണ്ടാകുന്ന നാശത്തെ മഹാജ്ഞാനിയായ ആ ഋഷി തന്റെ ജ്ഞാനചക്ഷുസ്സുകൊണ്ട് കണ്ടറിഞു. അതുപോലെ, സത്യദ്വേഷികളായ മനുഷ്യര്‍ കാലാന്തരത്തില്‍ കുറയുന്നതും, അവര്‍ തിന്മകൊണ്ട് അക്ഷമരായി ജീവിക്കുന്നതും അദ്ദേഹം യഥാവിധി കണ്ടറിഞു. ആയതിനാല്‍ വ്യാസദേവന്‍ ജനനന്മയ്ക്കുവേണ്ടി എല്ലാ ആശ്രമധര്‍മ്മങളിലൂടെയും ചിന്തിക്കാന്‍ തുടങി.

 

വേദോക്തങളായ യാഗചര്യകള്‍ മനുഷ്യന്റെ കര്‍മ്മങളെ ശുദ്ധീകരിക്കുന്ന ഉപാധികളാണെന്നുമനസ്സിലാക്കിയ വ്യാസന്‍ ഒന്നായിരുന്ന വേദത്തെ നാലായി വിഭജിച്ച് അതിനെ ലഘൂകരിച്ച് ജനങള്‍ക്കിടയില്‍ പ്രചരിപ്പിച്ചു. ഋക്, യജുര്‍, സാമം, അഥര്‍വ്വം എന്നിങനെ വേദങള്‍ നാലു നാമങളില്‍ വിഖ്യാതമായപ്പോള്‍, ഇതിഹാസങളും പുരാണങളും ചേര്‍ന്ന് അഞ്ചാം വേദമായി അറിയപ്പെട്ടു.

 

അതിനുശേഷം പൈലന്‍ ഋഗ്വേദവും, ജൈമിനി സാമവേദവും, വൈശമ്പായനന്‍ യജുര്‍വേദവും, അംഗിരസ്സ് മുനി അഥര്‍വ്വവേദവും പ്രചരിപ്പിച്ചു. തുടര്‍ന്ന് എന്റെ അച്ചന്‍ രോമഹര്‍ഷണന്‍ പുരാണങളും ഇതിഹാസങളും പ്രചരിപ്പിച്ചു. ഈ ഋഷികള്‍ തങളില്‍ നിയോഗിക്കപ്പെട്ട അതാത് വേദഭാഗങളെ സ്വന്തം ശിഷ്യന്മാര്‍ക്ക് പറഞുകൊടുക്കുകയും തുടര്‍ന്ന് അവര്‍ അത് തങളുടെ ശിശ്യഗണങള്‍ക്കുപദേശിക്കുകയും ചെയ്തു. അങനെ ഈ നാലുവേദങളുടേയും പിന്‍തുടര്‍ച്ചാപ്രചാരകര്‍ നിലവില്‍ വന്നു.

 

ഇങനെ അജ്ഞാനികളില്‍ കരുണയുള്ള ശ്രീ വേദവ്യാസമുനി, അവര്‍ക്കും കൂടി ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ വേദത്തെ ലഘൂകരിച്ചു. മനുഷ്യജന്മത്തിന്റെ പരമമായ ലക്ഷ്‌യപ്രാപ്തിക്ക് ഈ ജ്ഞാനം ഉതകുമെന്ന പ്രതീക്ഷയില്‍ കാരുണ്യവാനായ അദ്ദേഹം ചരിത്ര ഇതിഹാസങളെ കോര്‍ത്തിണക്കി മഹാഭാരതം ചമച്ച് സ്ത്രീകള്‍ക്കും, ശൂദ്രര്‍ക്കും, മറ്റു ബ്രാഹ്മണബന്ധുക്കള്‍ക്കും നല്കി.

 

അല്ലയോ ബ്രാഹ്മണശ്രേഷ്ഠന്മാരെ, ജനങളുടെ സര്‍വ്വക്ഷേമത്തിനും വേന്ടി നിരന്തരം പ്രവര്‍ത്തിച്ചിട്ടും വ്യാസന്‍ തൃപ്തനായില്ല. തന്റെ കര്‍മ്മങളില്‍ അസംതൃപ്തനായ മുനി ഓര്‍ത്തു. - വേദങളേയും ഗുരുക്കന്‍മാരേയും ഞാന്‍ ഉള്ളവണ്ണം തന്നെ പൂജിച്ചാരാധിച്ചു. സ്ത്രീകളുടേയും, ശൂദ്രന്‍മാരുടേയും, മറ്റുള്ള ബ്രാഹ്മണസഖന്‍മാരുടേയും മോക്ഷകാര്യാര്‍ത്ഥം ഇതിഹാസകഥയായ മഹാഭാരതത്തിലൂടെ അനുശാസന സന്ദേശങളും അവര്‍ക്ക് കാണിച്ചുകൊടുത്തു. എങ്കിലും, വേദോക്തങളായ സര്‍വ്വവും അറിയുന്ന ഞാന്‍ ഇപ്പോഴും അപൂര്‍ണ്ണനാണ്.  ഒരുപക്ഷേ ഭഗവാനും ഭക്തന്‍മാര്‍ക്കും ഒന്നുപോലെ പ്രീയമുള്ള ഭഗവത് ഭക്തിയെക്കുറിച്ച് പ്രത്യേകമായൊന്നും തന്നെ പ്രതിപാദിക്കാത്തതിനാലാകണം ഈ ദുഃസ്ഥിതി എനിക്ക് സംഭവിച്ചത്.-

 

വ്യാസന്‍ ഇങനെ പശ്ചാത്തപിക്കുന്ന സമയം, സരസ്വതീതീരത്തുള്ള അദ്ദേഹത്തിന്റെ ആശ്രമത്തില്‍ ശ്രീ നാരദമുനി പ്രത്യക്ഷനായി. പെട്ടെന്ന് വ്യാസദേവന്‍ എഴുന്നേറ്റ് നമസ്ക്കരിച്ച്, മുനിയെ ബ്രഹ്മാദിദേവകള്‍ക്ക് സമമായി പൂജിച്ചാരാധിച്ചു.

 

ഇങനെ, ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധത്തിലെ നാലാം അധ്യായം സമാപിച്ചു.

 

ഓം തത് സത്

<<<<<   >>>>>


1.3 സകലതിനും വീര്യവാനായ ഭഗവാന്റെ മഹിമകള്‍

ശ്രീമദ്ഭാഗവതം പ്രഥമസ്കന്ധം – അദ്ധ്യായം 3

സൂതന്‍ പറഞ്ഞു: ആദ്യം ഭഗവാന്‍ തന്റെ പരം പുരുഷാവതാരം കൈകൊണ്ടുണര്‍ന്ന്, ലോകസൃഷ്ടിക്കുവേണ്ടി മഹത് മുതലായവയാല്‍, മൂലപ്രകൃതിയുടെ  പതിനാറ് തത്വങ്ങളെ സംഭൂതമാക്കി. യോഗനിദ്രയില്‍ മുഴുകി ക്ഷീരസാഗരത്തില്‍ ശയിക്കുന്ന ആ നാരായണന്റെ നാഭിയില്‍ നിന്നും നദിപോലെയുതിര്‍ന്ന താമരയില്‍ വിശ്വസൃഷ്ടാക്കളുടെയെല്ലാം അധിപനായ ബ്രഹ്മാവ് ജനിച്ചു. ആരുടെ ശരീരത്തിലാണോ വ്യത്യസ്തങ്ങളായ ഈ പ്രപഞ്ചം മുഴുവനും കുടികൊള്ളുന്നുവെന്ന് കല്‍പ്പിച്ചിട്ടുള്ളത്, ഊര്‍ജ്ജിതവും, സത്വവും, വിശുദ്ധവുമായ അത് ആ ഭഗവാന്റെ വിരാട് രൂപമാണ്. ആയിരക്കണക്കിന് പാദങ്ങളും, തുടകളും, കൈകളും, മുഖങ്ങളുമുള്ള; അനേകായിരം ശിരസ്സുകളോടും, ചെവികളോടും, കണ്ണുകളോടും, മൂക്കുകളോടും കൂടിയ; ആയിരകണക്കിന് വനമാലകളും, ഉടുചേലകളും, കുണ്ഡലങ്ങളും തിളങ്ങുന്ന അത്ഭുതവും അനന്തവുമായ ഭഗവാന്റെ ആ ദിവ്യരൂപത്തെ ഭക്തന്മാര്‍ തങ്ങളുടെ കണ്ണുകള്‍ കൊണ്ട് കാണുന്നു.

യാതൊരു ഈശ്വരന്റെ അംശങ്ങളുടെ അംശങ്ങള്‍ കൊണ്ടാണോ ദേവന്മാരും, മനുഷ്യരും, മൃഗജാതികള്‍ തുടങ്ങിയ മറ്റ് ജീവജാലങ്ങളും ജനിക്കുന്നത്, ആ ഭഗവാനാണ് ഇക്കണ്ട സകല അവതാരങ്ങള്‍ക്കും നിധാനവും, അനശ്വരമായ ബീജവും. സൃഷ്ടിയില്‍ ബ്രഹ്മാവിന്റെ പുത്രന്മാരായ സനകാദി കുമാരന്മാരാണ് അഖണ്ഡിതവും, അതീവദുഃഷ്കരവുമായ ബ്രഹ്മചര്യം അനുഷ്ഠിച്ച ആദ്യദേവന്മാര്‍. രണ്ടാമതാകട്ടെ, രസാതലത്തിലേക്ക് താഴ്ന്നുപോയ ഭൂമിയുടെ ക്ഷേമാര്‍ത്ഥം അവളെ അവിടെനിന്നും ഉയര്‍ത്തി പുനഃസ്ഥാപിക്കാന്‍ വേണ്ടി ആ ഈശ്വരന്‍ സൂകരവേഷമോടെ അവതാരം ചെയ്തു. മൂന്നാമത്, ഋഷികളില്‍ പ്രമുഖനായ ദേവര്‍ഷി നാരദനായി ഭവിച്ചുകൊണ്ട് നിഷ്കാമകര്‍മ്മപ്രേരണയുളവാക്കുന്ന ഭക്തിപ്രാമുഖ്യമുള്ള വേദഭാഗങ്ങളുടെ വ്യാഖ്യാനങ്ങളെ സംഹിതയാക്കി. നാലാമതായി, ധര്‍മ്മരാജന് തന്റെ പത്നിയില്‍ ആ ഭഗവാന്‍ നരനാരായണനായി അവതാരം കൈകൊണ്ട്, ഇന്ദ്രിയസംയമനാര്‍ത്ഥം അത്യന്തം കഠിനമായ തപം അനുഷ്ഠിച്ചു. അഞ്ചാമത്, സിദ്ധേശ്വരനായ കപിലമുനിയുടെ നാമത്തില്‍ അവതരിച്ചുകൊണ്ട് ആ ഭഗവാന്‍, കാലപ്പഴക്കത്താല്‍ നഷ്ടം വന്നുപോയ സാംഖ്യതത്വങ്ങളുടെ വ്യാഖ്യാനം ആസുരി എന്ന ബ്രാഹ്മണന് പറഞ്ഞുകൊടുത്തു. ആറാമത്, ആ പരമപുരുഷന്‍ അനസൂയയില്‍ അത്രിമുനിയുടെ മകനായി, ദത്താതേയനെന്ന പേരില്‍ അവര്‍ക്ക് പ്രാര്‍ത്ഥനാലബ്ദമായി അവതരിച്ചുകൊണ്ട്, അലര്‍ക്കന്‍, പ്രഹ്ലാദന്‍ തുടങ്ങിയ സാധുക്കള്‍ക്ക് അദ്ധ്യാത്മതത്വത്തെ പറഞ്ഞുകൊടുത്തു. 

അതിനുശേഷം ഏഴാമത്, ആ ജഗദീശ്വരന്‍ ആകൂതിയുടെ ജഠരത്തില്‍ പ്രജാപതി രുചിയ്ക്ക് യജ്ഞന്‍ എന്ന മകനായി അവതരിച്ച്, യമന്‍ മുതലായ ദേവഗണങ്ങളോടൊപ്പം സ്വായംഭുവമനുവിന്റെ കാലാന്തരത്തില്‍ ഭരണം കൈകൊണ്ടു. എട്ടാമതാകട്ടെ, ആ സര്‍വ്വശക്തന്‍ മേരുദേവിയില്‍ നാഭിയുടെ മകനായ ഋഷഭദേവനായി അവതരിച്ചുകൊണ്ട്, ഉത്തമപുരുഷന്മാര്‍ക്ക് സര്‍വ്വാശ്രമങ്ങളും അംഗീകരിക്കുന്ന മുക്തിയുടെ വഴി കാട്ടികൊടുത്തു.  

അല്ലയോ ബ്രഹ്മണശ്രേഷ്ഠന്മാരേ!, ഋഷികളുടെ പ്രാര്‍ത്ഥന കേട്ടറിഞ്ഞ്, ഒന്‍പതാമതായി ആ പരം പുരുഷന്‍ രാജാവിന്റെ വേഷം പൂണ്ട് പൃഥു എന്ന നാമത്തിലവതരിച്ച്, ഇക്കണ്ട ഭൂ ഔഷധികളെല്ലാം കറന്നെടുത്തുകൊണ്ട് ഭൂമിയെ കൂടുതല്‍ സമ്പുഷ്ടയാക്കി. ക്ഷുഷമനുവിനുശേഷം ഭൂമി വെള്ളത്തില്‍ മുങ്ങിപ്പോയ സമയം വിവസ്വതമനുവിനെ തോണിയിലേറ്റി രക്ഷിച്ചുകൊണ്ട് ആ ഭഗവാന്‍ മത്സ്യരൂപം സ്വീകരിച്ച് അവതാരം കൊണ്ടു. പതിനൊന്നാമതായി ആ വിഭു, കൂര്‍മ്മരൂപത്തില്‍ അവതരിച്ച്, ദേവന്മാര്‍ക്കും അസുരന്മാര്‍ക്കും പാലാഴികടയുവാന്‍ വേണ്ടി മന്ദരാചലം തന്റെ മുതുകില്‍ ധരിച്ചുകൊണ്ടനുഗ്രഹിച്ചു. ആ നാരായണന്‍ പന്ത്രണ്ടാമത്, ധന്വന്തരിമൂര്‍ത്തിയായി; അതുപോലെ, പതിമൂന്നാമത്, സ്ത്രീവേഷം പൂണ്ട് അസുരന്മാരെ ഭ്രമിപ്പിച്ച്, ദേവന്മാരെ അമൃതപാനം ചെയ്യിപ്പിക്കുന്നതിനായി മോഹിനീരൂപത്തില്ലും അവതാരമെടുത്തു. പതിനാലാമത്, ഭഗവാന്‍ നരസിംഹമൂര്‍ത്തിയായവതരിച്ച്, ശക്തനായ ദൈത്യേന്ദ്രന്‍ ഹിരണ്യകശിപുവിനെ, മരപ്പണിക്കാരന്‍ തടിയെ എന്നപോലെ, കൈനഖങ്ങള്‍ ഉപയോഗിച്ച് തന്റെ മടിയില്‍ കിടത്തി കീറിമുറിച്ച്. പതിനഞ്ചാമത്, ഭഗവാന്‍ വടുബ്രാഹ്മണനായി, വാമനരൂപം കൈകൊണ്ട്, ലോകത്രയങ്ങളെ തിരിച്ചുപിടിയ്ക്കാന്‍ മനസ്സുവച്ചുകൊണ്ട് മൂവടി പ്രദേശം യാചിക്കുന്ന വ്യാചേന മഹാബലിയുടെ യാഗശാലയില്‍ ചെന്ന് ബലിയെ അനുഗ്രഹിച്ചരുളി. പതിനാറാം അവതാരത്തില്‍ ഭഗവാന്‍, പരശുരാമനായി അവതരിച്ച്, ബ്രാഹ്മണദ്രോഹികളായ നൃപന്മാരെ കുപിതനായി മൂവേഴ് ഇരുപത്തൊന്ന് പ്രാവശ്യം ഭൂമിയില്‍ ഇല്ലായ്മ ചെയ്തു.

അതിന്‌ ശേഷം, പതിനേഴാമതായി ഭഗവാന്‍ നാരായണന്‍ സത്യവതിയില്‍ പരാശരപുത്രനായ വ്യാസഭാഗവാനായി അവതാരം കൈക്കൊണ്ട് അല്പബുദ്ധികളായ മനുഷ്യര്‍ക്കുവേന്ടി വേദമാകുന്ന വൃക്ഷത്തിന്‌ ശാഖകളുണ്ടാക്കിചമച്ചു. (വേദത്തെ പലതായി ഭാഗിച്ചു. തുടര്‍ന്ന്, ദേവതാപ്രീതിക്കുവേണ്ടി, മാനുഷവേഷം ധരിച്ച് ആ ഭഗവാന്‍ പുരുഷോത്തമനായ ശ്രീരാമനായി പതിനെട്ടാം വട്ടം അവതാരമെടുത്ത് സമുദ്രത്തെ തന്റെ അധീനതയിലാക്കി കര്‍മ്മത്തെ അനുഷ്ഠിച്ചു. വീണ്ടും പത്തൊന്പതാമതും ഇരുപതാമതും ഭഗവാന്‍ വൃഷ്ണിവംശത്തില്‍ ബലരാമനായും ശ്രീകൃഷ്ണനായും അവതാരങള്‍ എടുത്തു ഇവിടെ ഭൂഭാരം തീര്ത്തു. പിന്നീട്, കലികാലം തുടര്‍ന്നുവരുമ്പോഴേക്കും, ഈശ്വരവിശ്വാസികളെ ദ്രോഹിക്കുന്നവരെ ഭ്രമിപ്പിക്കുന്നതിനായി അഞ്ജനാതനയനായ ശ്രീബുദ്ധനായി കീകഠദേശത്ത് (ഗയ) അവതരിക്കും. അതില്‍ പരം, ജഗത്പതിയായ ആ നാരായണന്‍ തന്നെ കലിയുഗത്തിന്റേയും, സത്യയുഗത്തിന്റേയും, സംഗമവേളയില്‍, ഭരണാധികാരികളെല്ലാം ഹര്‍ത്താക്കളായിരിക്കവേ വിഷ്ണുയശന്റെ പുത്രനായ കല്ക്കിവേഷത്തില്‍ അവതാരം സ്വീകരിക്കും.

അല്ലയോ ബ്രാഹ്മണശ്രേഷ്ഠന്‍മാരേ!, സത്ഗുണനിധിയായ ആ ഹരിയുടെ അവതാരങള്‍ അക്ഷയമായി ഒഴുകുന്ന ആയിരമായിരം നദികള്‍ കണക്ക് എണ്ണമറ്റതാണ്. ശക്തിമാന്‍മാരായ സകല ഋഷികളും, മനുക്കളും, മനുപുത്രന്‍മാരും, ദേവന്‍മാരും, പ്രജാപതികളടക്കം ആ ഭഗവാന്‍ ഹരിയുടെ അവതാരങളത്രേ!. ഈ പറഞവയെല്ലാം തന്നെ ജഗദീശ്വരന്റെ അംശാവതാരങളാണ്. എന്നാല്‍ ഭഗവാന്‍ ശ്രീകൃഷ്ണനാകട്ടെ, ഇന്ദ്രശത്രുക്കളാല്‍ വ്യാകുലമായ (സാത്വികദ്വേഷികളാല്‍ പീഡിതമായ) ഈ ലോകത്തെ രക്ഷിച്ച് പാലിച്ചുപോരുന്ന ആ പരമാത്മാവ് തന്നെയാണ്. ഭഗവാന്റെ അത്യത്ഭുതകരമായ ഈ അവതാരങളെ നിത്യവും, സന്ധ്യയിലും, പ്രഭാതത്തിലും, ശ്രദ്ധയോടും, ഭക്തിയോടും കൂടി ജപിക്കുന്നവന്‍ (പഠിക്കുന്നവന്‍) സകല ദുഃഖങളില്‍ നിന്നും മുക്തനാകുന്നു.

അരൂപനായ, പരമാത്മാവായ ആ ഭഗവാന്റെ ഈ കണ്ട രൂപങളെല്ലാം തീര്‍ച്ചയായും മഹത് തുടങിയ മായാഗുണങളാല്‍ ആത്മാവില്‍ വിരചിതമാണ്. എങനെയാണോ ആകാശത്തില്‍ മേഘങളും, വായുവില്‍ ചേറും പൊടികളും ദ്രഷ്ടാവ് കാണുന്നത്, അതേവിധം അല്പബുദ്ധികള്‍ ബ്രഹ്മത്തില്‍ ആരോപിതമായ പ്രപഞ്ചത്തെ അറിയുന്നു. പ്രകടമായിക്കാണുന്ന ഇക്കണ്ടതിനൊക്കെയും പരമമായി ഒന്നുണ്ട്.  വാസ്തവത്തില്‍ അത് അവ്യക്തവും, രൂപമില്ലാത്തതും, ത്രിഗുണരഹിതവും, അദൃഷ്ടവും, കാതിന്നഗോചരവുമാണ്. ആ ജീവന്‍ വീണ്ടും വീണ്ടും ഭവിക്കുന്നു. (ശരീരം സ്വീകരിക്കുന്നു). എപ്പോഴാണോ ഒരുവന്‍ സത്തും അസത്തുമായ ഈ പ്രപഞ്ചം അജ്ഞാനത്താല്‍ ബ്രഹ്മത്തില്‍ ആരോപിതമാണെന്ന് ആത്മജ്ഞാനത്താല്‍ നിശ്ചയിച്ചുറപ്പിക്കുന്നത്, അപ്പോള്‍ അവന്‌ ബ്രഹ്മദര്‍ശനമുണ്ടാകുന്നു. മൂലപ്രകൃതിയുടെ മായാശക്തിയില്‍ നിന്നും സ്വതന്ത്രനായി സമ്പൂര്‍ണ്ണജ്ഞാനം കൊണ്ട് യാതൊരാള്‍ സമ്പന്നനാകുകയാണെങ്കില്‍, അവന്‍ പരമമായ നിത്യാനന്ദഗതിയിലിരുന്നുകൊണ്ടുതന്നെ ഭഗവത് മാഹാത്മ്യത്തെ അറിയുന്നു. ഇങനെ വേദങള്‍ക്ക് പോലും കണ്ടറിയാന്‍ കഴിയാത്ത, അജനും, നിഷ്ക്കര്‍മ്മിയുമായ ആ ഹൃദയേശ്വരന്റെ അവതാരങളും ലീലകളും ജ്ഞാനസ്ഥര്‍ പുരാണങളിലൂടെ വര്‍ണ്ണിക്കുന്നു. 

ആറു ഇന്ദ്രിയങളുടെ അധിപനും, ഷട്ഗുണങളാല്‍ സര്‍വ്വശക്തനുമായ ആ ഭഗവാന്റെ ലീലകള്‍ തികച്ചും കറയറ്റതാണ്‌. സര്‍വ്വഭൂതങളിലും സര്‍വ്വസ്വതന്ത്രനായി കുടികൊണ്ട് യാതൊന്നിനോടും സംഗമില്ലാതെ അവന്‍ ഈ ജഗത്തിനെ സൃഷ്ടിച്ച് പരിപാലിച്ച് സംഹരിച്ചുപോരുന്നു. അപക്വമതികളായ അജ്ഞന്മാര്‍, ഒരു നാടകനടനെപ്പോലെ വര്‍ത്തിക്കുന്ന ആ ജഗദീശ്വരന്റെ നാമങളുടേയും, രൂപങളുടേയും, ലീലകളുടേയും ആദ്ധ്യാത്മികതയെപറ്റി മനസാവാചാ അറിയുന്നില്ല. രഥാംഗപാണിയായ ഭഗവാന്‍ ശ്രീകൃഷ്ണന്റെ തൃപ്പാദ കമലത്തില്‍ ഭക്തിയോടും, നിത്യനിരന്തരമായും, തുറന്ന ഹൃദയത്തോടും പൂജ ചെയ്യുന്ന ഭക്തനുമാത്രമേ ആ സൃഷ്ടാവിന്റെ മഹിമയേയും, അദ്ധ്യാത്മികതയേയും കുറിച്ചറിയാനാകൂ. ഇങനെ ഈ ലോകത്തില്‍ ആ പരമാത്മാവിനെ അന്വേഷിച്ച്, അവനെ ഉള്ളവണ്ണം അറിയുന്നവനു മാത്രമേ സത്ഗതിയുന്ടാവൂ.  എന്തെന്നാല്‍, സര്‍വ്വലോകനാഥനായ ആ ഭഗവാനില്‍ അദ്ധ്യാത്മികനിര്‍വൃതിയുളവാക്കുകയും തുടര്‍ന്ന് ജനനമരണമാകുന്ന ഭീകരമായ സംസാരചക്രത്തില്‍ നിന്ന് മുക്തനാവുകയും ചെയ്യുന്നു. ലോകത്തിന്റെ പരമമായ ശ്രേയസ്സിനുവേണ്ടി ശ്രീ വേദവ്യാസഭഗവാന്‍ രചിച്ച ഉത്തമശ്ളോകന്‍ ഭഗവാന്‍ ശ്രീകൃഷ്ണന്റെ ചരിതമായ ഈ ശ്രീമദ് ഭാഗവതം എന്ന മഹാപുരാണം ധന്യവും, പരമഗതിപ്രദായകവും, മഹത്തരവുമാണ്. കാരണം, ഇത് ബ്രഹ്മസമമാണ്. അതുകൊണ്ട്, സകലവേദങളുടേയും, ഇതിഹാസങളുടേയും, സാരമായ ഈ ശ്രീമദ്ഭാഗവതം കടഞെടുത്ത്, മുക്തന്മാരില്‍ പ്രമുഖനായ തന്റെ മകന്‍ ശ്രീശുകബ്രഹ്മ മഹര്‍ഷിയെ പഠിപ്പിച്ചു. പിന്നീട് ഈ ശ്രീമദ് ഭാഗവതം, ശ്രീശുകബ്രഹ്മമഹര്‍ഷി ഗംഗാതീരത്തുവച്ച് മഹാഋഷികളാല്‍ ചുറ്റപ്പെട്ട് പ്രായോപവിഷ്ടനായിരിക്കുന്ന (മരണം വരെ നിരാഹാരിയായിരിക്കുന്ന) പരീക്ഷിത്ത് മഹാരാജാവിനെ കേള്‍പ്പിച്ചു.

ഭഗവാന്‍ ശ്രീകൃഷ്ണന്‍ തന്റെ സ്വധാമത്തിലേക്ക് തിരിച്ച ഉടന്‍ തന്നെ ധര്മ്മവും, ജ്ഞാനവും ഒന്നോടെ ഇവിടെ അപ്രത്യക്ഷമായി. എന്നാല്‍ ഇപ്പോഴിതാ കലിയുഗത്തില്‍ കലിയുടെ ആദിക്യത്തില്‍ സത്കാഴ്ച നഷ്ടപ്പെട്ട് അജ്ഞാനാന്ധകാരത്തില്‍ ഉഴറുന്നവര്‍ക്കായി ശ്രീമദ് ഭാഗവതമഹാപുരാണമാകുന്ന ആ ഉജ്ജ്വലിത സൂര്യന്‍ ഉദിച്ചിരിക്കുന്നു. അല്ലയോ ബ്രാഹ്മണശ്രേഷ്ഠന്മാരേ!, അന്ന് പരീക്ഷിത്ത് രാജാനായിക്കൊണ്ട്, മഹാതേജസ്വിയായ ശ്രീശുകബ്രഹ്മ മഹര്‍ഷി ശ്രീമദ് ഭാഗവതം കീര്‍ത്തിച്ചിപ്പോള്‍ നിഷ്ഠയോടെയിരുന്ന് ആ മഹാത്മാവിന്റെ അനുഗ്രഹത്താല്‍ അത് എനിക്കും മനസ്സിലാക്കാന്‍ കഴിഞു. മഹാത്തായ അത് എത്രകന്ട് ഞാന്‍ മനസ്സിലാക്കിയോ, അത്രകന്ട് ഞാന്‍ നിങളേയും കേള്‍പ്പിക്കാം.

ഇങനെ ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധത്തിലെ മൂന്നാം അധ്യായം സമാപിച്ചു.

ഓം തത് സത്




<<<<<   >>>>>