2013, സെപ്റ്റംബർ 23, തിങ്കളാഴ്‌ച

1.8 കുന്തിദേവിയുടെ പ്രര്‍ത്ഥനയും, പരീക്ഷിത്തിനെ സം‌രക്ഷണവും

ഓം

ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധം  അദ്ധ്യായം - 8

സൂതന്‍ പറഞു: അശ്വത്ഥാമാവിനെ ശിക്ഷിച്ചതിനുശേഷം, പാണ്ഡവര്‍ തങളുടെ മരിച്ച സ്വജനങള്‍ക്ക് ഉദകക്രിയ ചെയ്യാനായി ഗംഗയിലേക്ക് യാത്രയായി. ദ്രൗപതി സഹിതം സ്ത്രീകള്‍ മുന്നില്‍ നടകൊണ്ടു. അവരെല്ലാം വിലപിച്ചുകൊണ്ട് ഭഗവാന്‍ ഹരിയുടെ പാദാബ്ജധൂളി കലര്‍ന്ന ഗംഗാജലത്തില്‍ മുങിക്കുളിച്ചു. കുരുവംശത്തിന്റെ രാജാവയ യുധിഷ്ഠിരനും, അദ്ദേഹത്തിന്റെ അനുജന്മാരും, ധൃതരാഷ്ട്രരും, ഗാന്ധാരിയും, കുന്തിയും, ദ്രൗപതിയും, പുത്രദുഃഖത്താല്‍ ആര്‍ത്തരായി, ഭഗവാന്‍ ശ്രീകൃഷ്ണനോടൊപ്പം അവിടെ ഉപസ്ഥിതരായി. ജീവഭൂതങള്‍ക്ക് നേരേയുള്ള കാലത്തിന്റെ ഗതിയെ കുറിച്ച് പറഞുകൊണ്ട് ഭഗവാന്‍ മുനികളോടൊപ്പം ചേര്‍ന്ന് ബന്ധുക്കള്‍ നഷ്ടപ്പെട്ട അവരെ ആശ്വസിപ്പിച്ചു. ശത്രുക്കളില്ലാത്ത യുധിഷ്ഠിരനെ കബളിപ്പിച്ച് എന്തിനും പോന്ന ദുര്യോധനാദികള്‍ രാജ്യം തട്ടിയെടുത്തു. ആയതിനാല്‍ കൗരവര്‍ കൊല്ലപ്പെട്ടു. ദ്രൗപതിയുടെ കേശത്തെ ചൊല്ലിയുള്ള ആക്ഷേപത്താല്‍ അവരുടെ ആയുസ്സും കുറയാനിടയായി. 

യഥാവിധിയനുഷ്ഠിച്ച മൂന്ന് അശ്വമേധയാഗത്താല്‍ യുധിഷ്ഠിരന്‍ നാനാദിക്കിലും, ഇന്ദ്രനെപ്പോലെ കീര്‍ത്തിമാനായി. അമന്ത്രിതരായ പാണ്ഡുപുത്രന്മാരും, സാത്യകിയും, ഉദ്ധവരും, വേദവ്യാസന്‍ തുടങിയ മുനിമാരും ഭഗവാനെ വന്ദിച്ചു. ഭഗവാന്‍ അവര്‍ക്ക് പ്രതിവന്ദനം ചെയ്തു. ദ്വാരകയ്ക്ക് പുറപ്പെടാന്‍ തീരുമാനിച്ച് കൃഷ്ണന്‍ രഥത്തിലേക്ക് കയറാന്‍ ഭാവിക്കവേ, പെട്ടെന്നതാ ഉത്തര ഭയവിഹ്വലയായി തന്റടുക്കലേക്ക് ഓടികിതച്ചുവരുന്നതു ഭഗവാന്‍ കണ്ടു. 

ഉത്തര പ്രാര്‍ത്ഥിച്ചു: "അല്ലയോ ദേവദേവാ!, മഹായോഗിന്‍!, ജഗത്പതേ!, എന്നെ രക്ഷിച്ചാലും........ ഈ ജനനമരണചക്രത്തില്‍ നിന്നും അഭയം നല്‍കാല്‍ നീയല്ലാതെ മറ്റാരേയും ഞാന്‍ കാണുന്നില്ല. ഭഗവാനേ!, ജ്വലിക്കുന്ന ഒരു ഉരുക്കുശരം എന്റടുത്തേക്ക് പാഞുവരുന്നു. വിഭോ!, അങ് ആഗ്രഹിക്കുന്നെങ്കില്‍ എന്നെ അത് നശിപ്പിച്ചോട്ടെ!, പക്ഷേ, രക്ഷകനായ നീ എന്റെ ഗര്‍ഭത്തെ ചിദ്രമാകാതെ അതില്‍നിന്നും രക്ഷിച്ചാലും...."

സൂതന്‍ പറഞു: ഉത്തരയുടെ രോധനം കേട്ടതും ഭക്തവത്സലനായ ഭഗവാനു മനസ്സില്‍ലായി, പാണ്ഡവരുടെ അവസാന കണ്ണിയാകാന്‍ പോകുന്ന അവളുടെ ഗര്‍ഭത്തെ നശിപ്പിക്കനായ അടുത്തുവരുന്ന ഈ പ്രകാശം ദ്രോണപുത്രനായ അശ്വത്ഥാമാവിന്റെ ബ്രഹമാസ്ത്രത്തിന്റേതാണെന്ന്. അല്ലയോ മുനിശ്രേഷ്ഠന്മാരേ!, തങളുടെ അടുത്തേക്ക് വരുന്ന ആ അസ്ത്രത്തെകണ്ട് പാണ്ഡവന്മാര്‍ ഓരോരുത്തരും അവരവരുടെ ആയുധങള്‍ കൈയ്യിലെടുത്തു. പാഞടുക്കുന്ന അപകടത്തെ മനസ്സിലാക്കി അന്യാശ്രയമില്ലാത്ത തന്റെ ഭക്തരെ രക്ഷിക്കാന്‍ വേണ്ടി ഭഗവാനും സുദര്‍ശനം എടുത്തണിഞു. സകല ഹൃദയങളിലും ജീവാത്മഭാവത്തില്‍ ഇരുന്നരുളുന്ന യോഗേശ്വരനായ ഭഗവാന്‍ ഹരി തന്റെ മായയാല്‍ കുരുവംശത്തിന്റെ സന്തതിയായാകാന്‍ പോകുന്ന ഉത്തരയുടെ ഗര്‍ഭസ്ഥശിശുവിനെ ആവരണം ചെയ്തു.

അല്ലയോ ഭൃഗൂദ്വഹാ!, വൈഷ്ണവതേജസ്സുമായി ഏറ്റുമുട്ടിയതും ഉപസംഹരിക്കാതെ തന്നെ ആ ബ്രഹ്മശിരസ്സ് നിര്‍‌വീര്യമായി. ഹേ ബ്രാഹ്മണന്മാരേ!, ഇത് കേട്ട് നിങള്‍ക്കൊട്ടും തന്നെ ആശ്ചര്യമുണ്ടാകേണ്ടതില്ല, കാരണം അജനായ ആ അച്യുതന്‍ തന്നെയാണ് ഇവിടെ തന്റെ ദിവ്യമായയാല്‍ സകലതിനേയും സൃഷ്ടിച്ച് പാലിച്ച് സംഹരിച്ചുപോരുന്നതു. തുടര്‍ന്ന് ഭഗവാന്‍ ദ്വാരകയ്ക്ക് പുറപ്പെടാന്‍ തുടങുമ്പോള്‍ കുന്തി തന്റെ അഞ്ചുമക്കളോടും ദ്രൗപതിയോടും ചേര്‍ന്നുകൊണ്ട് ആ പരം പൊരുളിനോട് ഇപ്രകാരം പറഞു.

"അല്ലയോ ഭഗവാനേ!, അവിടുത്തേക്ക് നമസ്ക്കാരം. അങ് ആദ്യനാണ്. ത്രിഗുണാതീതനാണ്. അവിടുന്ന് അദൃശ്യനായിരിന്നുകൊണ്ടുതന്നെ സകല ഭൂതങളുടേയും അകവും പുറവും നിറഞു നിലകൊള്ളുന്നു. അവ്യയനും അധോക്ഷജനുമായ നീ അജ്ഞന്മാര്‍ക്ക് നിന്റെ മായയുടെ മറയാല്‍ കാണപ്പെടുന്നില്ല.  നാടകത്തില്‍ വേഷം കെട്ടി വരുന്ന ഒരു നടനെ കാണികള്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്തതുപോലെ നീ മൂഡന്മാര്‍ക്ക് അവ്യക്തനായിരിക്കുന്നു. പരമഹംസന്മാര്‍ക്കും, മുനികള്‍ക്കും, അമലമാനസന്മാര്‍ക്കും ഭക്തിയോഗത്തെ പ്രദാനം ചെയ്യാനായി നീ അവതാരം ചെയ്യുന്നു. പക്ഷേ, ഞങള്‍ സ്ത്രീകള്‍ക്കെങനെ നിന്നെ കാണാനാകും?.

കൃഷ്ണാ!, വാസുദേവാ!, ദേവകീനന്ദനാ!, നന്ദഗോപകുമാരാ!, ഗോവിന്ദാ!, നിനക്കു നമസ്ക്കാരം!. പങ്കജനാഭാ!, പങ്കജമാലിനേ!, പങ്കജനേത്രാ!, ആ പാദപങ്കജത്തില്‍ ഞങളുടെ നമസ്ക്കാരം!. ഹേ!, ഋഷീകേശാ!, കംസന്‍ ഏറെ നാള്‍ ജയിലിലടച്ച ദുഃഖിതയായ നിന്റെ അമ്മയെ നീ മുക്തയാക്കി. എന്നെയും എന്റെ മക്കളേയും എന്നെന്നും നീ പല പല ആപത്തുകളില്‍ നിന്നും രക്ഷിച്ചു. വിഷത്തില്‍നിന്നും, ഘോരമായ അഗ്നിയില്‍ നിന്നും, നരഭോജികളില്‍ നിന്നും, അസത് സംഗത്തില്‍ നിന്നും, വനവാസകാലത്തിലുള്ള ദുഃഖങളില്‍ നിന്നൊക്കെ, എന്തിനുപറയാന്‍, വീരന്മാരായ യോദ്ധാക്കള്‍ ഏറ്റുമുട്ടിയ ഘോരയുദ്ധത്തില്‍ നിന്നും, ഒടുവിലിതാ!, അശ്വത്ഥാമാവിന്റെ ബ്രഹ്മാസ്ത്രത്തില്‍നിന്നുവരെ നീ ഞങളെ രക്ഷിച്ചിരിക്കുന്നു. ആപത്തുകള്‍ എത്രവേണെമെങ്കിലും ഉണ്ടായിക്കൊള്ളെട്ടെ ഭഗവാനേ!, കാരണം, എവിടെവിടെ ദുഃഖങളുണ്ടാകുന്നോ, അവിടവിടെയൊക്കെ ഞങള്‍ക്ക് നിന്നെ കാണാനാകുമല്ലോ!. ജഗദ്ഗുരോ!, അവിടുത്തെ ദര്‍ശനം കൊണ്ട് ജനനമരണമാകുന്ന ഭവദര്‍ശനം പീന്നീടുണ്ടാകുന്നില്ല. ഭഗവാനേ!, അകിഞ്ചനന്മാര്‍ക്ക് സുലഭമായ ഭവത് ദര്‍ശനം ഭൗതികമായ ഐശ്വര്യവും, കീര്‍ത്തിയും, ശ്രീയുമൊക്കെ കാംക്ഷിക്കുന്നവര്‍ക്ക് ഒരിക്കലും കിട്ടുന്നില്ല. അകിഞ്ചനന്മാരുടെ ധനമായ നിനക്ക് നമസ്ക്കാരം. ത്രിഗുണാതീതനായ നിനക്ക് എന്റെ നമസക്കാരം!. ആത്മാരാമനും, ശാന്തനും, കൈവല്യപതിയുമായ അങേയ്ക്ക് ഞങളുടെ നമോവാകം!.

നീ കാലമാണ്, ആദ്യന്തരഹിതനായ ഈശ്വരനാണ്, നിനക്ക് സമസ്തഭൂതങളും ഒരുപോലെയാണ്. കൃഷ്ണാ!, മാനുഷവേഷം കെട്ടിനടക്കുന്ന നിന്റെ ലീലകള്‍ ആരറിയുന്നു?. നിനക്ക് ശത്രുക്കളും, മിത്രങളുമായി ആരും തന്നെയില്ല. എങ്കിലും, മനുഷ്യര്‍ നിന്നെ പക്ഷപാതം ചേര്‍ന്നവനായി കണക്കാക്കുന്നു. ഹേ വിശ്വാത്മാവേ!, നിന്റെ ചെയ്തികള്‍ അത്യന്തം അത്ഭുതം തന്നെ. നീ കര്‍മ്മം ചെയ്തുകൊണ്ട് അകര്‍മ്മിയായിരിക്കുന്നു. അജനായിരുന്നുകൊണ്ട് മൃഗമായും, മനുഷ്യനായും, മുനികളായും, ജലജീവികളായും നീ ജന്മമെടുക്കുന്നു.

കൃഷ്ണാ!, കുറുമ്പ് കാട്ടിയതിന് യശോദാമ്മ നിന്റെ കെട്ടിയിടാനായി കയറുമായിവന്നു. ഭയം ഭാവിച്ച് നിന്റെ നയനങളില്‍ കൂടിയൊഴുകിയ കണ്ണുനീരില്‍ അന്നെഴുതിയ അഞ്ജനമെല്ലാം ഒലിച്ചിറങി. സ്വയം ഭയം പോലും പേടിച്ചകലുന്ന നിന്റെ കണ്ണിലെ ഭയം കണ്ട് ഞാന്‍ ഭ്രമിച്ചുപോകുന്നു.

ജന്മരഹിതനായ നീ മഹാരാജാവിന്റെ ഐശ്വര്യനിധിയായി പിറന്നുവെന്ന് ചിലര്‍ പറയുന്നു. ചിലരാകട്ടെ, യഥുരാജന് പ്രിയമാകാനാണത്രേ!. മലയാചലത്തില്‍ ചന്ദനമരം എന്നപോലെ നീ അദ്ദേഹത്തിന്റെ കുലത്തില്‍ പിറന്നു. മറ്റുചിലര്‍ പറയുന്നു, വസുദേവരുടേയും ദേവകീദേവിയുടെയും പ്രാര്‍ത്ഥനാഫലമായി നീ അവര്‍ക്ക് മകനായിപിറന്നുവെന്ന്. അജനായ നീ പിറന്നതോ, അവരുടെ ക്ഷേമത്തിനും, ദേവാരാധികളെ കൊന്നൊടുക്കുന്നതിനും വേണ്ടി. കടലില്‍ ഭാരമേറിയകപ്പെട്ടുപോയ ഒരു തോണി എന്നതുപോലെയുള്ള ലോകത്തിന്റെ ഭാരം കൂടിയതോടെ ബ്രഹ്മാവ് അര്‍ത്ഥിക്കയാല്‍ ഭൂഭാരം തീര്‍ക്കാനായി നീ അവതാരം കൈകൊണ്ടുവെന്ന് മറ്റ് ചിലര്‍. ഇനി മറ്റുചിലര്‍ പറയുന്നു, ഇഹത്തില്‍ കാമകര്‍മ്മബദ്ധരായി അലയുന്ന ജീവന്മാര്‍ക്ക് ശ്രവണവും, സ്മരണവും, പൂജനവുമായ വിധികളിലൂടെ ഭക്തിയോഗത്തെ പ്രദാനം ചെയാനായി നീ വന്നുവെന്ന്. കൃഷ്ണാ!, അനുസ്യൂതം നിന്നെ കേള്‍ക്കുകയും, സ്മരിക്കുകയും, പൂജിക്കുകയും ചെയ്യുന്നവരും, മറ്റുള്ളവരാല്‍ നീ പൂജിക്കപ്പെടുന്നതില്‍ ആനന്ദിക്കുന്നവരും, ജനന മരണ ചക്രത്തിന്റെ പിടിയില്‍ നിന്നും രക്ഷനേടി, നിന്റെ ചരണകമലം പ്രാപിക്കുന്നു.

ഭഗവാനേ!, നീ ചെയ്യേണ്ടതൊക്കെ ചെയ്തുകഴിഞു. സകലരും ഞങളോട് അമര്‍ഷത്തില്‍ കഴിയുന്ന ഈ അവസരത്തില്‍, മറ്റൊരു ശരണമില്ലാത്ത ഞങളെ ഉപേക്ഷിച്ച് നീ പോകുകയാണോ?. ജീവനില്ലാത്ത മനുഷ്യശരീരത്തിന്റെ ചൈതന്യം പൊയ്പോകുന്നതുപോലെ, നീ ഇല്ലാത്ത പാണ്ഡവരുടേയും, യഥുക്കളുടേയും പേരും പെരുമയും ഇവിടെയവസാനിക്കുന്നു. അല്ലയോ ഗദാധരനായ ഭഗവാനേ, നിന്റെ പാദസ്പര്‍ശത്താല്‍ ശോഭിതമായ ഞങളുടെ രാജ്യത്തിന്റെ ഈ ഐശ്വര്യം നീ പോയാല്‍ പിന്നെയുണ്ടാകില്ല. ഇക്കാണുന്ന പട്ടണങളും നഗരങളുമെല്ലാം സമൃദ്ധമായിരിക്കുന്നു. ഔഷധികളും, പച്ചക്കറികളും, വനങളും, നദികളും, സമുദ്രങളും, മലകളും എല്ലാം യഥോചിതം സമ്പുഷ്ടമായിരിക്കുന്നു. എല്ലാം നീ കാരണമാണ്.

ഹേ വിശ്വേശ്വരാ!, വിശ്വാത്മനേ!, വിശ്വമൂര്‍ത്തേ!, വൃഷ്ണിവംശത്തോടും പാണ്ഡവന്മാരോടുമുള്ള എന്റെ ഈ സ്നേഹപാശത്തെ നീ പൊട്ടിച്ചെറിഞാലും. മധുപതേ!, എപ്പോഴും ഗംഗ സമുദ്രത്തെ ലക്ഷ്യമാക്കി ഒഴുകുന്നതുപോലെ, യാതൊരു വിഷയങളിലും ചെന്ന് പറ്റാതെ എന്നെന്നും നിന്നില്‍ മാത്രം മനസ്സുവയ്ക്കുവാന്‍ അനുഗ്രഹിക്കേണമേ!. ഹേ കൃഷ്ണാ!, കൃഷ്ണസഖേ!, വൃഷ്ണികുലോത്ഭവാ!, അവനീപതേ!, അധാര്‍മ്മിക രാജവംശത്തെ ഇല്ലാതാക്കുന്നവനും അനപവര്‍ഗ്ഗമായ വീര്യമുള്ളവനുമായ ഗോവിന്ദാ!, ഗോബ്രാഹ്മണസുരാര്‍ത്തിഹരാര്‍ത്ഥം അവതാരമെടുത്ത യോഗേശ്വരാ!, അഖിലഗുരോ!, ഭഗവനേ!, അങേയ്ക്ക് നമോവാകം."

സൂതന്‍ പറഞു: ഹൃദയസ്പര്‍ശിയായി ഒഴുകിയ കുന്തിയുടെ പ്രാര്‍ത്ഥനകേട്ട് ഭഗവാന്‍ മായാമോഹിതമായി പുഞ്ചിരി ചൊരിഞു. ഹസ്തിനപുരത്തെത്തി, അവിടെയുണ്ടായിരുന്നവരോട് യാത്രപറഞ് ദ്വാരകയിലേക്ക് മടങാന്‍ തുനിയവേ, പ്രേമഭാവത്തോടെ യുധിഷ്ഠിരന്‍ ഭഗവാങ്കലേക്ക് ഓടിയടുത്തു. വേദവ്യാസന്‍ തുടങിയ മുനിശ്രേഷ്ടന്മാരാലും, ഭഗവാന്‍ സ്വയമേവയും യുധിഷ്ടിരനെ ഇതിഹാസങളെ മുന്‍‌നിറുത്തി പലതും പറഞുബോധിപ്പിച്ചെങ്കിലും, അദ്ദേഹം അസംതൃപതനായി തന്നെ കാണപ്പെട്ടു. ഹേ ബ്രാഹ്മണരേ!, അര്‍ത്ഥകാമിയായി തന്റെ സുഹൃത്തുക്കളെ കൊലചെയ്തുവെന്നു ചിന്തിച്ചതിലുണ്ടായ കുറ്റബോധത്താല്‍ ധര്‍മ്മപുത്രര്‍ സ്നേഹമോഹങള്‍ക്ക് വശംഗതനായി ഇപ്രകാരം പറഞു:

"അഹോ കഷ്ടം!, ഞാന്‍ എത്ര മഹാപാപി!., അജ്ഞാനത്താല്‍ ആവൃതമായ എന്റെ ഹൃദയം നിങള്‍ കണ്ടാലും. പരോപകാരമായിരിക്കേണ്ട ഈ ശരീരം കൊണ്ട് എത്രയെത്ര അക്ഷൗഹിണികളെ ഞാന്‍ കൊന്നുതള്ളി!. എത്രയോ ബാലന്മാര്‍, ബ്രാഹ്മണന്മാര്‍, സുഹൃത്തുക്കള്‍, മിത്രങള്‍, പിതൃക്കള്‍, സഹോദരങള്‍, ഗുരുക്കന്മാര്‍, എന്നാല്‍ ഈ മഹായുദ്ധത്തില്‍ വധിക്കപ്പെട്ടിരിക്കുന്നു!. ആയിരമായിരം വര്‍ഷങള്‍ ജീവിച്ചിരുന്നാലും, ഞാന്‍ ഈ പാപത്തില്‍ നിന്നും മുക്തനാകാന്‍ പോകുന്നില്ല. ധര്‍മ്മയുദ്ധത്തില്‍ ശത്രുക്കളെ ഹനിക്കുന്നത് ഒരു രാജാവിന് കല്പ്പിക്കപ്പെട്ടിരിക്കുന്ന കര്‍മ്മമാണ്, അതു പാപമല്ല. എന്നാല്‍ ആ ശാസനം ഇവിടെ എന്നെ തുണയ്ക്കുന്നില്ല. സ്ത്രീകള്‍ക്ക് തുണയായിരുന്ന എത്രയോ മിത്രങളെ ഞാന്‍ കൊന്നു!. ഭൗതികക്ഷേമമാചരിച്ചുകൊണ്ട് ഒരിക്കലും എനിക്കീ തെറ്റ് തിരുത്താന്‍ കഴിയുകയില്ല. ചെളിവെള്ളത്തില്‍ നിന്നും ശുദ്ധജലത്തെ തരം തിരിക്കാന്‍ കഴിയില്ലായെന്നതുപോലെ, വീഞിന്റെ കറയില്‍ നിന്നും വീഞുപാത്രം ശുദ്ധമാകില്ല എന്നതുപോലെ, മൃഗബലികൊണ്ടൊന്നും ഈ പാപത്തിന് ഒരു പരിഹാരവുമുണ്ടാകാന്‍ പോകുന്നില്ല.

ഇങനെ, ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധം എട്ടാം അധ്യായം സമാപിച്ചു.



ഓം തത് സത്




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ