2013, സെപ്റ്റംബർ 20, വെള്ളിയാഴ്‌ച

1.4 നാരദമുനിയുടെ വരവ്

ഓം

ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധംഅദ്ധ്യായം 4


ഇത്രയും പറഞതോടെ ദീര്‍ഘസത്രത്തിനായി അവിടെ കൂടിയിരുന്ന മുനികളില്‍ മുഖ്യനായ ശൌനകന്‍ സൂതനെ വന്ദിച്ചുകൊന്ട് ഇപ്രകാരം പറഞു.

 

"ജപിക്കാനും പറയാനും കഴിവുള്ളവരില്‍ വച്ച് അത്യന്തം ഭാഗ്യശാലിയും ബഹുമാനിക്കപെട്ടവനുമായ അല്ലയോ സൂതമഹര്‍ഷേ!, എത്രയും പുണ്യമായ ഈ ശ്രീമദ് ഭാഗവതം ഭഗവാന്‍ ശുകദേവൻ  പറഞതുപോലെ ദയവായി ഞങള്ക്കും അങ് പറഞുതരിക. ആദ്യമായി ഈ ശ്രീമദ് ഭാഗവതം  ഏത് കാലത്തുന്ടായി? ഏത് സ്ഥലത്തുണ്ടായി? എന്തിനുന്ടായി? എന്തില്‍ നിന്നാണ്‌ മഹാഋഷിയായ ശ്രീ വേദവ്യാസന്‌ ശ്രീമദ്ഭാഗവതം ചമച്ചുന്ടാക്കുവാന്‍ പ്രചോദനം കിട്ടിയത്?

 

അദ്ദേഹത്തിന്റെ മകന്‍ സമദര്‍ശിയും നിര്‍വ്വികല്പനുമായ ഒരു ഒരു മഹായോഗിയായിരുന്നു. ഏകാന്തമതിയായ ശുകന്‍ യഥാസ്തിതിക വിശ്വാസങളെയൊക്കെ തച്ചുടച്ച് ഒരു മൂഢനെപ്പോലെ ഗൂഢമായി കാണപ്പെട്ടു. തന്റെ മകനെ അന്വേഷിച്ച് പോകുന്ന വേദവ്യാസനെ കന്ടപ്പോള്‍ വിവസ്ത്രരായി നദിയില്‍ കുളിച്ചുകൊന്ട് നിന്ന സുന്ദരിയായ കന്യകമാര്‍ വസ്ത്രം കൊന്ട് തങളുടെ ശരീരം മറച്ചു. എന്നാല്‍ തന്റെ മകനായ ശ്രീശുകബ്രഹ്മമഹര്‍ഷി അതുവഴി പോയപ്പോള്‍ അവര്‍ അതു ചെയ്തില്ല. ഇതിന്റെ കാരണം തിരക്കിയ വ്യാസനോട് അവര്‍ പറഞ മറുപടി, ശ്രീശുകന്‍ നിര്‍മ്മലച്ചിത്തനാണെന്നും, ശുകന്‍ അവരെ നോക്കിയത് സ്ത്രീപുരുഷഭേദം കൂടാതെയാണെന്നും നേരേ മറിച്ച് വ്യാസന്‍ അങനെ അല്ലായിരുന്നുവെന്നുമാണ്‌."

 

"ഭ്രാന്തനെപ്പോലെയും, മൂകനെപ്പോലെയും, മന്ദമതിയെപ്പോലെയും, തോന്നിക്കുന്ന ശ്രീശുകബ്രഹ്മമഹര്‍ഷി, കുരു, ജംഗളം ഇത്യാദി രാജ്യങളില്‍ ചുറ്റിത്തിരിഞ് പിന്നെ ഹസ്തിനപുരിയിലെത്തിയപ്പോള്‍ എപ്രകാരമായിരുന്നു അവിടുത്തെ ജനങള്‍ അദ്ദേഹത്തെ തിരിച്ചറിഞതു? എങനെയായിരുന്നു ശുകദേവനും പാണ്ഡവസന്തതിയായ പരീക്ഷിത്ത് മഹാരാജനും തമ്മില്‍ ശ്രുതിസാരവും അദ്ധ്യാത്മികവുമായ ഈ ശ്രീമദ് ഭാഗവതം ചര്‍ച്ച ചെയ്തത്? ഒരു പശു പാല്‍ ചുരത്തുന്നത്ര നിമിഷങള്‍ മാത്രമാണ്‌ ശ്രീശുകന്‍ ഒരു ഗൃഹസ്ഥാശ്രമിയുടെ വാതില്ക്കല്‍ നില്ക്കുന്നതും, ആ ഗൃഹത്തെ ശുദ്ധീകരിക്കുന്നതും. അഭിമന്യുവിന്റെ പുത്രനായ പരീക്ഷിത്ത് മഹാരാജന്‍ ഭാഗവതോത്തമനാണ്‌ ആയതിനാല്‍ അദ്ദേഹത്തിന്റെ ജന്മവും കര്‍മ്മങളുമെല്ലാം മഹാശ്ചര്യജനകം തന്നെ.  അവ അവിടുന്ന് ഞങള്‍ക്ക് പറഞുതന്നാലും."

 

"എന്ത് കാരണത്താലാണ്‌ പാണ്ഡവവംശത്തിന്റെ മേല്‍ക്കോയ്മ ഉയര്‍ത്തിയ ഈ മഹാരജാവ് രാജ്യം മുതലായ തന്റെ സകല ഐശ്വര്യങളും വിട്ട് ഗംഗാതീരത്തിരുന്നു പ്രായോപവിഷ്ടനായി ശരീരം ഉപേക്ഷിച്ചത്? പരീക്ഷിത്ത് രാജന്‍ ഒരു ഉത്തമഭരണാധികാരിയായിരുന്നതിനാല്‍, ശത്രുക്കളും തങളുടെ സ്വന്തം നന്മയ്ക്കുവേന്ടി സര്‍വ്വസ്വവും ആ കാല്ക്കല്‍ വച്ച് നമസ്ക്കരിച്ചിരുന്നു. യുവാവും ശക്തിമാനുമായിരുന്ന അദ്ദേഹത്തിന്‌ ത്യാഗഗയോഗ്യമല്ലാത്ത സകല ഐശ്വര്യങളും ഉണ്ടായിരുന്നിട്ടും, അവയെല്ലാം തന്റെ ജീവിതത്തോടൊപ്പം എന്തുകൊന്ടാണ്‌ വേന്ടെന്ന് വച്ചത്? ഭഗവാങ്കല്‍ തല്പ്പരരായുള്ളവര്‍ സ്വാര്‍ത്ഥത വെടിഞ് അന്യരുടെ ക്ഷേമത്തിനും സന്തോഷത്തിനുമായ്ക്കൊന്ട് മാത്രം വര്‍ത്തിക്കുന്നു. അദ്ദേഹം ഭൌതികവിഷായാനുഭവങളില്‍ നിന്നും അകന്നുനിന്നിരുന്നുവെങ്കിലും, തന്റെ പ്രജകള്‍ക്കുകൂടി ഉപകാരപ്രദമായ ആ ഭൌതികശരീരം എന്തിനായി ഉപേക്ഷിച്ചു?"

 

"ഞങള്‍ ചോദിച്ച സകല ചോദ്യങള്‍ക്കും ഉത്തരം നല്‍കാന്‍ അങ് കഴിവുള്ളവനാണെന്നും, വേദങ്ങളുടെ ചില പ്രത്യേക ഭാഗങ്ങളൊഴിച്ചാൽ ബാക്കി സകലവിഷങളും അവയുടെ അര്‍ത്ഥങളും അവിടുന്ന് പൂര്‍ണ്ണമായും അറിയുന്നവനാണെന്നും ഞങള്‍ മനസ്സിലാക്കുന്നു."

 

സൂതന്‍ പറഞു: "കൃതയുഗത്തിനുമേല്‍ ദ്വാപരയുഗം ആവിര്‍ഭവിച്ചപ്പോള്‍ വസുവിന്റെ മകളായ സത്യവതിയില്‍ പരാശരമുനിക്ക് മകനായി ശ്രീ വേദവ്യാസഋഷി പിറന്നു. ഒരിക്കല്‍, സൂര്യനുണര്‍ന്നപ്പോള്‍, വ്യാസദേവന്‍ സരസ്വതീനദിയില്‍ മുങി തന്റെ വ്രതസ്നാനം കഴിഞ് ശുദ്ധനായി ഏകാന്തത്തില്‍ ധ്യാനത്തിനിരുന്നു.

 

യുഗം തോറും അവ്യക്തശക്തികളുടെ പ്രഭാവത്താല്‍ കാലാകാലങളില്‍ ഭൂമിയില്‍ സംഭവിക്കുന്ന ധര്‍മ്മച്യുതികള്‍ ശ്രീ വേദവ്യാസമുനി മുന്‍കൂട്ടി കണ്ടിരുന്നു. കാലത്തിന്റെ ഒഴുക്കില്‍ സര്‍വ്വഭൂതങള്‍ക്കുമുണ്ടാകുന്ന നാശത്തെ മഹാജ്ഞാനിയായ ആ ഋഷി തന്റെ ജ്ഞാനചക്ഷുസ്സുകൊണ്ട് കണ്ടറിഞു. അതുപോലെ, സത്യദ്വേഷികളായ മനുഷ്യര്‍ കാലാന്തരത്തില്‍ കുറയുന്നതും, അവര്‍ തിന്മകൊണ്ട് അക്ഷമരായി ജീവിക്കുന്നതും അദ്ദേഹം യഥാവിധി കണ്ടറിഞു. ആയതിനാല്‍ വ്യാസദേവന്‍ ജനനന്മയ്ക്കുവേണ്ടി എല്ലാ ആശ്രമധര്‍മ്മങളിലൂടെയും ചിന്തിക്കാന്‍ തുടങി.

 

വേദോക്തങളായ യാഗചര്യകള്‍ മനുഷ്യന്റെ കര്‍മ്മങളെ ശുദ്ധീകരിക്കുന്ന ഉപാധികളാണെന്നുമനസ്സിലാക്കിയ വ്യാസന്‍ ഒന്നായിരുന്ന വേദത്തെ നാലായി വിഭജിച്ച് അതിനെ ലഘൂകരിച്ച് ജനങള്‍ക്കിടയില്‍ പ്രചരിപ്പിച്ചു. ഋക്, യജുര്‍, സാമം, അഥര്‍വ്വം എന്നിങനെ വേദങള്‍ നാലു നാമങളില്‍ വിഖ്യാതമായപ്പോള്‍, ഇതിഹാസങളും പുരാണങളും ചേര്‍ന്ന് അഞ്ചാം വേദമായി അറിയപ്പെട്ടു.

 

അതിനുശേഷം പൈലന്‍ ഋഗ്വേദവും, ജൈമിനി സാമവേദവും, വൈശമ്പായനന്‍ യജുര്‍വേദവും, അംഗിരസ്സ് മുനി അഥര്‍വ്വവേദവും പ്രചരിപ്പിച്ചു. തുടര്‍ന്ന് എന്റെ അച്ചന്‍ രോമഹര്‍ഷണന്‍ പുരാണങളും ഇതിഹാസങളും പ്രചരിപ്പിച്ചു. ഈ ഋഷികള്‍ തങളില്‍ നിയോഗിക്കപ്പെട്ട അതാത് വേദഭാഗങളെ സ്വന്തം ശിഷ്യന്മാര്‍ക്ക് പറഞുകൊടുക്കുകയും തുടര്‍ന്ന് അവര്‍ അത് തങളുടെ ശിശ്യഗണങള്‍ക്കുപദേശിക്കുകയും ചെയ്തു. അങനെ ഈ നാലുവേദങളുടേയും പിന്‍തുടര്‍ച്ചാപ്രചാരകര്‍ നിലവില്‍ വന്നു.

 

ഇങനെ അജ്ഞാനികളില്‍ കരുണയുള്ള ശ്രീ വേദവ്യാസമുനി, അവര്‍ക്കും കൂടി ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ വേദത്തെ ലഘൂകരിച്ചു. മനുഷ്യജന്മത്തിന്റെ പരമമായ ലക്ഷ്‌യപ്രാപ്തിക്ക് ഈ ജ്ഞാനം ഉതകുമെന്ന പ്രതീക്ഷയില്‍ കാരുണ്യവാനായ അദ്ദേഹം ചരിത്ര ഇതിഹാസങളെ കോര്‍ത്തിണക്കി മഹാഭാരതം ചമച്ച് സ്ത്രീകള്‍ക്കും, ശൂദ്രര്‍ക്കും, മറ്റു ബ്രാഹ്മണബന്ധുക്കള്‍ക്കും നല്കി.

 

അല്ലയോ ബ്രാഹ്മണശ്രേഷ്ഠന്മാരെ, ജനങളുടെ സര്‍വ്വക്ഷേമത്തിനും വേന്ടി നിരന്തരം പ്രവര്‍ത്തിച്ചിട്ടും വ്യാസന്‍ തൃപ്തനായില്ല. തന്റെ കര്‍മ്മങളില്‍ അസംതൃപ്തനായ മുനി ഓര്‍ത്തു. - വേദങളേയും ഗുരുക്കന്‍മാരേയും ഞാന്‍ ഉള്ളവണ്ണം തന്നെ പൂജിച്ചാരാധിച്ചു. സ്ത്രീകളുടേയും, ശൂദ്രന്‍മാരുടേയും, മറ്റുള്ള ബ്രാഹ്മണസഖന്‍മാരുടേയും മോക്ഷകാര്യാര്‍ത്ഥം ഇതിഹാസകഥയായ മഹാഭാരതത്തിലൂടെ അനുശാസന സന്ദേശങളും അവര്‍ക്ക് കാണിച്ചുകൊടുത്തു. എങ്കിലും, വേദോക്തങളായ സര്‍വ്വവും അറിയുന്ന ഞാന്‍ ഇപ്പോഴും അപൂര്‍ണ്ണനാണ്.  ഒരുപക്ഷേ ഭഗവാനും ഭക്തന്‍മാര്‍ക്കും ഒന്നുപോലെ പ്രീയമുള്ള ഭഗവത് ഭക്തിയെക്കുറിച്ച് പ്രത്യേകമായൊന്നും തന്നെ പ്രതിപാദിക്കാത്തതിനാലാകണം ഈ ദുഃസ്ഥിതി എനിക്ക് സംഭവിച്ചത്.-

 

വ്യാസന്‍ ഇങനെ പശ്ചാത്തപിക്കുന്ന സമയം, സരസ്വതീതീരത്തുള്ള അദ്ദേഹത്തിന്റെ ആശ്രമത്തില്‍ ശ്രീ നാരദമുനി പ്രത്യക്ഷനായി. പെട്ടെന്ന് വ്യാസദേവന്‍ എഴുന്നേറ്റ് നമസ്ക്കരിച്ച്, മുനിയെ ബ്രഹ്മാദിദേവകള്‍ക്ക് സമമായി പൂജിച്ചാരാധിച്ചു.

 

ഇങനെ, ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധത്തിലെ നാലാം അധ്യായം സമാപിച്ചു.

 

ഓം തത് സത്

<<<<<   >>>>>


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ