ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധം - അദ്ധ്യായം 7
ശൗനകഋഷി സൂതരോട് ചോദിച്ചു: അല്ലയോ സൂതാ!, നാരദമുനിയില്‍ നിന്നും ഇതെല്ലാം
കേട്ടുകഴിഞ്, മഹര്‍ഷി പോയതിനുശേഷം, ഭഗവാന്‍
വ്യാസന്‍ എന്തൊക്കെയാണ് ചെയ്തത്?
സൂതന്‍ പറഞു: അവിടെ, ബ്രഹ്മനദിയായ സരസ്വതിയുടെ പടിഞാറേ തീരത്ത്, ഒരുപാട് സത്രങള്‍ നടക്കുന്ന, ശമ്യാപ്രാസം എന്ന ഒരു
ആശ്രമമുണ്ട്. കുളികഴിഞ്, വ്യാസദേവന്‍,
ബദരിമരങളാല്‍ ചുറ്റപ്പെട്ട തന്റെ ആശ്രമത്തിലിരുന്ന് ധ്യാനിക്കാന്‍ തുടങി. മനസ്സ്
മുഴുവന്‍ ഭഗവത് ഭക്തിയിലുറപ്പിച്ച്, വിഷയങളില്‍ നിന്നൊക്കെ
അകന്ന വ്യാസരുടെ ധ്യാനത്തില്‍, പൂര്‍ണ്ണനായ ആ പരമപുരുഷന്‍
തന്റെ സ്വാധീനവലയത്തിലുള്ള മായാശക്തിയോടൊപ്പം ഉണര്‍ന്നു. ആത്മവസ്തുവായ ഈ ജീവന്‍, ആ ഭഗവാന്റെ മായാശക്തിയാല്‍, താനൊരു
വിഷയവസ്തുവാണെന്ന് സ്വയം സങ്കല്പ്പിച്ച്, ത്രിഗുണങള്‍ക്ക്
വശപ്പെട്ട് വര്‍ത്തിക്കുന്നു. ഒരുവന്റെ അനര്‍ത്ഥങളായ സകല ദുഃഖങളും അധോക്ഷജനില്‍
ഭക്തി ചെയ്യവേ ഇല്ലാതാകുന്നു. പക്ഷേ, ലോകം ഇതറിയുന്നില്ല.
ആയതിനാല്‍, വ്യാസദേവന്‍ സാത്വതമായ വേദസംഹിതയാകുന്ന ഈ ശ്രീമദ്
ഭാഗവതം രചിച്ചു. ശ്രീമദ് ഭാഗവതം ജപം ചെയ്യുന്നതോടെ, ഈ
ജീവനില്‍ ശോകവും, മോഹവും, ഭയവും
ഇല്ലാതാക്കുന്ന, ശുദ്ധമായ ഭഗവത് പ്രേമം കുതിച്ചുപൊങുന്നു.
ശ്രീമദ് ഭാഗവതം എഴുതിയുണ്ടാക്കി വീണ്ടും, വീണ്ടും
പരിശോധിച്ച് സ്ഥിതീകരിച്ചതിനുശേഷം, അത് ജീവന്മുക്തനായ തന്റെ
മകന്‍ ശ്രീശുകനെ പഠിപ്പിച്ചു.
ശൗനകന്‍ സൂതമുനിയോട് ചോദിച്ചു: നിരന്തരം സ്വയമേവ
ആത്മാരാമനായ ശുകബ്രഹ്മമഹര്‍ഷി എന്തിനുവേണ്ടിയാണ് പിന്നീട് ഇത്രയും ബൃഹത്തായ ഒരു
ഗ്രന്ഥം പഠിച്ചത്?
സൂതന്‍ പറഞു: ആത്മാരാമന്മാര്‍, അവര്‍ ബന്ധമുക്തരായ ഋഷികളാണെങ്കില്‍
പോലും, സര്‍വ്വശക്തനില്‍ കറയറ്റ ഭക്തി വയ്ക്കുന്നു. അതാണ്
ആ ഭഗവാന്റെ മാഹാത്മ്യം എന്നത്. വിഷ്ണുഭക്തനും, ഭഗവത്
ഗുണഗണസമ്പന്നനുമായ ഭഗവാന്‍ ശ്രീശുകന്‍ നിത്യവും ആ അദ്ധ്യാത്മിക ഗ്രന്ഥം
പഠിച്ചുകൊണ്ടിരുന്നു. ഇനി ഞാന്‍ പറയാന്‍ പോകുന്നത്, രാജര്‍ഷിയായ
പരീക്ഷിത്തിന്റെ ജനനവും, അദ്ദേഹത്തിന്റെ കര്‍മ്മങളും,
വിനിര്‍മുക്തിയും, കൂടാതെ പാണ്ഡുപുത്രന്മാരെ
കുറിച്ചുമുള്ള ശ്രീകൃഷ്ണകഥാമൃതമാണ്.
മഹാഭാരതയുദ്ധത്തില്‍ പാണ്ഡവസേനയും കൗരവസേനയും വീരഗതി
പ്രാപിച്ചതിനുശേഷം, ഭീമസേനന്റെ
ഗദയാല്‍ അടികൊണ്ട് കുരുക്ഷേത്രഭൂമിയില്‍ തുട പൊട്ടി കരയുന്ന ദുര്യോധനനെ കണ്ട്,
ദ്രോണാചാര്യരുടെ പുത്രനായ അശ്വത്ഥാമാവ്, തന്റെ
യജമാനന് പ്രീയം ചെയ്യാനായി ദ്രൗപദിയുടെ ഉറങിക്കിടന്ന അഞ്ചു മക്കളുടേയും തലയറുത്തു
കാഴ്ചവച്ചു. ഇത്ര ഹീനമായ ഒരു പ്രവൃത്തി ദുര്യോധനനും ശരി വച്ചില്ല. തന്റെ മക്കളുടെ
കൂട്ടക്കൊലയുടെ വാര്‍ത്ത കേട്ട് ദ്രൗപതി ആര്‍ത്തയായി അതിഘോരം കരഞു. ഇരുകണ്ണുകളും
നിറഞൊഴുകുന്ന അവളെ സ്വാന്തനിപ്പിക്കാനായി അര്‍ജ്ജുനന്‍ ഇങനെ പറഞു: അല്ലയോ ഭദ്രേ!,
നിന്റെ കുട്ടികളെ ദഹിപ്പിച്ചതിനുശേഷം, ആ
ബ്രഹ്മബന്ധുവിന്റെ (അശ്വത്ഥാമാവിന്റെ) തല എന്റെയീ ഗാണ്ഡീവത്താല്‍ കൊയ്ത് നിന്റെ
മുന്നിലിട്ടതിനുശേഷമേ ഞാന്‍ ഈ കണ്ണീര്‍ തുടയ്ക്കൂ. ആ തലയില്‍ കയറിനിന്നുവേണം നീ
സ്നാനം ചെയ്യുവാന്‍. ഇത്തരം വാക്കുകളാല്‍ ദ്രൗപതിയെ സംതൃപ്തയാക്കി, സര്‍വ്വജ്ഞനായ ഭഗവാന്‍ ശ്രീകൃഷ്ണനാല്‍ രക്ഷിക്കപ്പെട്ട അര്‍ജ്ജുനന്‍
തേരിലേറി തന്റെ ഗുരുപുത്രനായ അശ്വത്ഥാമാവിന്റെ പിന്നാലെ പാഞു. കുമാരന്മാരെ വധിച്ച
അശ്വത്ഥാമാവിനുനേരേ അതിവേഗം പാഞടുക്കുന്ന അര്‍ജ്ജുനനെ കണ്ട്, അശ്വത്ഥാമാവ് തന്റെ രഥത്തില്‍ കയറി പലായനം ചെയ്തു. എങെനെയെന്നാല്‍; പണ്ട് ശിവനില്‍ ഭീതിതനായി ബ്രഹ്മാവ് ഓടിയകന്നതുപോലെ. തന്റെ കുതിരകള്‍
ബന്ധിതമാകുന്നതുകണ്ട് തനിക്കിനി ശരണമില്ലെന്ന് മനസ്സിലാക്കിയ അശ്വത്ഥാമാവ്
പ്രാണരക്ഷാര്‍ത്ഥം അറ്റകൈപ്രയോഗമായ ബ്രഹ്മാസത്രം പ്രയോഗിച്ചു. തന്റെ ജീവന്‍
അപായപ്പെടുമെന്നു മനസ്സിലായ അശ്വത്ഥാമാവ് ജലം തൊട്ട് ശുദ്ധനായി ശ്രദ്ധയോടെ
സ്മരിച്ചുകൊണ്ട്, സംഹരിക്കാന്‍ അറിയില്ലെങ്കിലും, ബ്രഹ്മാസ്ത്രത്തെ ഉപയോഗിക്കാന്‍ വേണ്ടി ഉപസ്ഥിതനായി. പെട്ടെന്ന്
നാലുദിക്കിലും പരന്ന് ഒരു ഉജ്ജ്വലപ്രകാശം തനിക്കുനേരേ പാഞടുക്കുന്നതു കണ്ട് അര്‍ജ്ജുനന്‍
പ്രാണഭയത്തോടെ ഭഗവാന്‍ ശ്രീകൃഷ്ണനോട് പറഞു.
കൃഷ്ണാ!, മഹാബാഹോ!, ഭക്തരുടെ ഭയം തീര്‍ക്കുന്നവനേ!, സംസൃതിയില്‍ ഉഴറി ദഹിക്കുന്നവര്‍ക്ക് നീ മാത്രമാണ് പരമഗതി. നീയാണ്
ആദ്യപുരുഷന്‍; അവിടുത്തെ ചിത്ശക്തിയാല്‍, അവിടുത്തെ കാരുണ്യത്താല്‍ മായയുടെ മറ ഇല്ലാതെയാക്കുന്നതും നീ ഒരുവന്‍
മാത്രമാണ്. നീ, മായാമോഹിതനായ ഒരുവനില്‍ കുടികൊണ്ട്, അവിടുത്തെ മായാശക്തിയാല്‍ ധര്‍മ്മാര്‍ത്ഥകാമമോക്ഷങളിലൂടെ അവനില്‍ നന്മ
ചൊരിയുന്നു. നീ ഇങനെ, നിന്നെ അനുസ്യൂതം സ്മരിക്കുന്ന
ഉടയവരുടേയും, മറ്റന്ന്യജനങളുടേയും രക്ഷയ്ക്കായി അവതാരം
കൈക്കൊണ്ട്, അവരുടെ ഭാരം തീര്‍ത്ത്, അവരെ
അനുഗ്രഹിക്കുന്നു.
ഹേ! ദേവാദിദേവാ!,
എന്താണിങനെ ഉജ്ജ്വലമായി ജ്വലിച്ചുകൊണ്ട് നാലുവശങളില്‍ നിന്നും
എന്നോടടുക്കുന്നത്? അത്യന്തം അപകടകരമായ ഈ പരമതേജസ്സ്
എവിടെനിന്നാണ് വരുന്നത്? എനിക്കറിയാല്‍ കഴിയുന്നില്ല.
ഭഗവാന്‍ ശ്രീകൃഷ്ണന്‍ പറഞു: അര്‍ജ്ജുനാ, ഇത് ദ്രോണപുത്രനായ അശ്വത്ഥാമാവിനാല്‍
അയയ്ക്കപ്പെട്ട ബ്രഹ്മാസ്ത്രത്തിന്റെ പ്രകാശമാണ്. ഇതിനെ ഉപസംഹരിക്കാന്‍
അറിയില്ലെങ്കിലും അവന്‍ ഇത് തൊടുത്തുവിട്ടത് നിന്നില്‍ നിന്നുമുള്ള ഭയത്താല്‍
പ്രാണബദ്ധനായിട്ടാണ്. മറ്റൊരു ബ്രഹ്മാസ്ത്രത്തിനല്ലാതെ ഈ തേജസ്സിനെ അണയ്ക്കുവാന്‍
സാധ്യമല്ല. നീ യുദ്ധനിപുണനാണ്. നിന്റെ സ്വന്തം ബ്രഹ്മാസ്ത്രം കൊണ്ട് നീ ഈ പ്രകാശത്തോട്
പ്രതികരിക്കുക.
സൂതന്‍ പറഞു: കൃഷ്ണന്റെ ഉപദേശം ശിരസ്സാവഹിച്ച്, ജലം തൊട്ട് ശുദ്ധനായി, ഭഗവാനെ പ്രദക്ഷിണം ചെയ്ത്, അര്‍ജ്ജുനന്‍ തന്റെ
ബ്രഹ്മാസ്ത്രമെടുത്ത് ആ തേജസ്സിനെതിരെ വിട്ടു. ഇരുശരങളുടേയും പ്രകാശം അന്യോന്യം,
ചേര്‍ന്നതും സൂര്യനെപോലെ ജ്വലിക്കുന്ന ഒരു തീഗോളം ബാഹ്യാകാശത്തേയും
നഭോമണ്ഡലത്തേയും ആവരണം ചെയ്തുകൊണ്ട് കാണപ്പെട്ടു. ആ ചൂടില്‍ മൂന്ന് ലോകങളിലുമുള്ള
ജനങള്‍ ചുട്ടുപൊള്ളി. ആ താപം പ്രലയകാലത്തുണ്ടാകുന്ന സംവര്‍ത്തകാഗ്നിയുടേതെന്നപോലെ
അവര്‍ക്കനുഭവപ്പെട്ടു. മൂന്ന് ലോകങള്‍ക്കും അതിലുള്ള ജനങള്‍ക്കുമുണ്ടാകുന്ന സര്‍വ്വനാശത്തെ
കണ്ടുകൊണ്ട്, ഭഗവാന്റെ ഉപദേശം സ്വീകരിച്ചുകൊണ്ട്, അര്‍ജ്ജുനന്‍ ആ രണ്ട് ബ്രഹ്മാസ്ത്രങളേയും തിരിച്ചെടുത്തു. പെട്ടെന്ന്,
അടങാത്ത കോപത്തില്‍, ചുവന്ന് ജ്വലിക്കുന്ന
കണ്ണുകളോടെ, ഗൗതമീസുതനായ അശ്വത്ഥാമാവിനെ, ഒരു മൃഗത്തെയെന്നപോലെ കയറുകൊണ്ട് പിടിച്ചുകെട്ടി.
ശത്രുവിനെ കയറാല്‍ വരിഞുകെട്ടി സൈനികസ്ഥലത്തേക്ക്
കൊണ്ടുപോകുമ്പോള്‍ അത്യന്തം കുപിതനായ അര്‍ജ്ജുനനെ നോക്കി താമരക്കണ്ണനായ ഭഗവാന്‍
ശ്രീകൃഷ്ണന്‍ പറഞു. ഹേ അര്‍ജ്ജുനാ!, ഉറങിക്കിടന്ന നിരപരാധികളായ കുഞുങളെ കൊന്ന ഈ ബ്രഹ്മബന്ധുവിനെ നീ കരുണകാട്ടി
വിട്ടയയ്ക്കരുത്. ധാര്‍മ്മികനായ ഒരു യോദ്ധാവ്, മത്തനോ,
പ്രമാദിയോ, ഉന്മത്തനോ, ഉറങിക്കിടക്കുന്നവനോ,
ബാലനോ, സ്ത്രീയോ, മടയനോ,
ശരണം പ്രാപിച്ചവനോ, രഥം നഷ്ടപ്പെട്ടവനോ,
പേടിച്ചവനോ ആയ ഒരു ശത്രുവിനെ കൊല്ലുകയില്ല. മറ്റുള്ളവരുടെ ജീവിതത്തെ
നശിപ്പിച്ച്, സ്വന്തം ജീവിതം നയിക്കുന്ന അധര്‍മ്മിയും നാണംകെട്ടവനുമായ
ഒരുവനെ കൊല്ലുന്നതാണ് അവനും തന്നെ ക്ഷേമമായിട്ടുള്ളത്. അല്ലാത്തപക്ഷം, അവന്‍ വീണ്ടും തെറ്റിലേക്ക് തന്നെ നിപതിക്കുന്നു. മാത്രമല്ല,
"നിന്റെ പുത്രന്മാരെ വധിച്ചവന്റെ തല ഞാന്‍ കൊയ്തു
കൊണ്ടുവരും" എന്ന് പാഞ്ചാലിയോട് നീ സത്യം ചെയ്യുന്നതും ഞാന്‍ കേട്ടു. ഇവന്‍
തന്റെ യജമാനന് അപ്രിയം ചെയ്തവനും, സ്വന്തം കുലത്തില്‍
നിന്നും പുറംതള്ളപ്പെട്ടവനും, പാപിയും, ആതതായിയുമാണ്. ആയതിനാല്‍ ഇവന്‍ വധിക്കപ്പെടേണ്ടവനാണ്.
സൂതന്‍ പറഞു: ഭഗവാന്‍ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനന്റെ ധര്‍മ്മബോധത്തെ
പരീക്ഷിച്ചുകൊണ്ട് അശ്വത്ഥാമാവിനെ വധിക്കാന്‍ പ്രേരിപ്പിച്ചെങ്കിലും, മഹാനായ അര്‍ജ്ജുനന്‍, പുത്രന്മാരെ കൊന്നവനെങ്കിലും, തന്റെ ഗുരുപുത്രനെ
വധിക്കാന്‍ ഇഷ്ടപെട്ടിരുന്നില്ല. ഭഗവാന്‍ ഗോവിന്ദനാകുന്ന സാരഥിയോടൊപ്പം സ്വന്തം
ശിബിരത്തില്‍ എത്തിയ അര്‍ജ്ജുനന്‍ അശ്വത്ഥാമാവിനെ കൊല്ലപ്പെട്ട തന്റെ മക്കളെയോര്‍ത്ത്
വിലപിക്കുന്ന പ്രിയപത്നിക്ക് സമര്‍പ്പിച്ചു.
ഒരു മൃഗത്തെയെന്നപോലെ കയറില്‍ കെട്ടിവരിഞ് കൊണ്ടുവന്ന
നിശബ്ദനായ അശ്വത്ഥാമാവിനെ ദ്രൗപതി കണ്ടു. അത്യന്തം ഹീനമായ പ്രവൃത്തി
ചെയ്തവനെങ്കിലും ഗുരുപുത്രനായ അയാളെ സത്‌സ്വഭാവിയായ ദ്രൗപതി കൃപയോടെ ആദരിച്ചു.
അശ്വത്ഥാമാവിനെ ഇങനെ പിടിച്ചുകെട്ടികൊണ്ടുവരുന്നതു കണ്ട്, അതിഷ്ടമാകാതെ കാരുണ്യവതിയായ ദ്രൗപതി
പറഞു.
"ഇദ്ദേഹം ഒരു ബ്രാഹ്മണനും
ഗുരുപുത്രനുമാണ്, വിട്ടയയ്ക്കുക. ആ ഗുരുവിന്റെ
അനുഗ്രഹത്താലാണ് നിങള്‍ നാനാതരത്തിലുള്ള ശസ്ത്രങള്‍ അയയ്ക്കാനും, നിയന്ത്രിക്കാനും, അതിനെ ഉപസംഹരിക്കാനും മറ്റുമുള്ള
അത്യന്തം രഹസ്യമായ ഈ ധനുര്‍വിദ്യ പഠിച്ചത്. ഭഗവാന്‍ ദ്രോണര്‍ ഇവനിലൂടെ ഇപ്പോഴും
ജീവിക്കുന്നു. ഇദ്ദേഹം ജീവിച്ചിരിക്കുന്നതിനാല്‍ ആ ഗുരുവിന്റെ അര്‍ദ്ധാംഗിനി കൃപി
അദ്ദേഹത്തോടൊപ്പം ജീവനൊടുക്കിയിട്ടില്ല. അതുകൊണ്ട്, അല്ലയോ
ശ്രേഷ്ഠന്മാരേ!, നിങളാല്‍ ഇവരുടെ കുടുംബത്തിന് ഒരു
ദുഃഖമുണ്ടാകരുത്. കാരണം ഇവരുടെ കുലം എന്നെന്നും പൂജ്യവും, വന്ദ്യവുമാണ്. മക്കള്‍ നഷ്ടമായ
ദുഃഖത്തില്‍ കണ്ണുനീര്‍ വാര്‍ത്ത് കരയുന്ന എന്നെപ്പോലെ നിങള്‍ പതിവ്രതയായ
ദ്രോണപത്നി ഗൗതമിയേയും പുത്രദുഃഖത്താല്‍ എന്നെന്നും കരയിക്കരുത്. ഭരണാധികാരികള്‍
കോധാഗ്നിയാല്‍ ഒരു ബ്രാഹ്മണകുടുംബത്തെ ദ്രോഹിച്ചാല്‍, ആ കുലം
മുച്ചൂടും കത്തിനശിച്ച്, ഒടുവില്‍ അത്യന്തം ദുഃഖം ഫലമായി
വരുന്നു".
സൂതന്‍ പറഞു: തികച്ചും ധാര്‍മ്മികവും, ന്യായവും, കരുണാത്മകവും,
നിര്‍വ്യളീകവും, നിര്‍ഭേദവും, മഹത്വമേറിയതുമായ രാജ്ഞിയുടെ ഈ വാചകങളോട് ധര്‍മ്മപുത്രര്‍ അനുകൂലിച്ചു.
നകുലനും, സഹദേവനും, സാത്യകിയും,
അര്‍ജ്ജുനനും, ദേവകീപുത്രനായ ഭഗവാന്‍
ശ്രികൃഷ്ണനും, അവിടെയുണ്ടായിരുന്ന സ്ത്രീകളും, മറ്റുള്ളവരും, ഇതിനെ ശരിവച്ചു. പക്ഷേ, ഭീമസേനനാകട്ടെ!, തനിക്കോ, തന്റെ
ഗുരുവിനോ ശ്രേയസ്ക്കരമല്ലാതെ, ഉറങിക്കിടന്ന ശിശുക്കളെ ഒരു കാര്യവുമില്ലാതെ
വധിച്ച അശ്വത്ഥാമാവിനെ കൊല്ലണം എന്നുതന്നെ അഭിപ്രായപ്പെട്ടു. ഭീമസേനന്റേയും
ദ്രൗപതിയുടേയും വാക്കുകള്‍ കേട്ട്, ഭഗവാന്‍ ശ്രീകൃഷ്ണന്‍
തന്റെ സുഹൃത്തായ അര്‍ജ്ജുനനെ നോക്കി ചിരിച്ചുകൊണ്ട് ഇങനെ പറഞു:
"ഒരു ബ്രഹ്മബന്ധുവിനെ കൊല്ലാന്‍
പാടില്ല. എന്നാല്‍ ഒരു ആതതായി തീര്‍ച്ചയായും മരിക്കേണ്ടവനാണ്. ദ്രൗപതിക്ക് കൊടുത്ത
വാക്കും, എന്നെയും, ഭീമസേനനേയും
മാനിച്ചുകൊണ്ട്, ശാസ്ത്രോക്തങളായ ഈ നിയമത്തെ നീ
അനുസരിക്കുക".
സൂതന്‍ പറഞു: ഇത് കേട്ട് അര്‍ജ്ജുനന്‍ ഭഗവാന്റെ
ഉദ്ദേശ്യം മനസ്സിലാക്കി തന്റെ വാള്‍ കൊണ്ട് അശ്വത്ഥാമാവിന്റെ മുടി മുറിച്ച് മൂര്‍ദ്ധാവിലുണ്ടായിരുന്ന
രത്നം എടുത്തുമാറ്റി. ബാലഹത്യയാല്‍ സകല ഐശ്വര്യങളും, തലയിലെ രത്നം നഷ്ടപ്പെട്ടതിനാല്‍ സര്‍വ്വ ശക്തികളും
ഇല്ലാതായ അശ്വത്ഥാമാവിനെ അവര്‍ ശിബിരത്തില്‍ നിന്നും മോചിതനാക്കി. തല മുണ്ഡനം
ചെയ്കലും, ധനം തിരിച്ചുപിടിക്കലും, വീട്ടില്‍
നിന്നു പുറം തള്ളുകയുമൊക്കെയാണ് ഒരു ബ്രഹ്മബന്ധുവിന്റെ ശരിക്കുമുള്ള മരണം എന്നത്.
അല്ലാതെ ഭൗതിക ശരീരത്തെ ഇല്ലാതാക്കുകയെന്നതല്ല. പിന്നീട്, പുത്രദുഃഖത്താല്‍
ആതുരരായ പാണ്ഡുപുത്രന്മാരും ദ്രൗപതിയും മറ്റ് ബന്ധുക്കളും മരിച്ച പുത്രന്മാര്‍ക്കുവേണ്ടി
ചെയ്യേണ്ട കര്‍മ്മങളൊക്കെ ചെയ്തുതീര്‍ത്തു.
ഇങനെ, ശ്രീമദ് ഭാഗവതം, പ്രഥമസ്കന്ധത്തിലെ
ഏഴാം അധ്യായം സമാപിച്ചു.
ഓം തത് സത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ