bhagavatham 1-chapter-6 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
bhagavatham 1-chapter-6 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013, സെപ്റ്റംബർ 20, വെള്ളിയാഴ്‌ച

1.6 നാരദ-വ്യാസ സം‌വാദം

ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധം - അദ്ധ്യായം 6

നാരദ-വ്യാസ സം‌വാദം
സൂതന്‍ ശൗനകാദി മുനികളോട് പറഞു: അല്ലയോ ബ്രാഹ്മണശ്രേഷ്ഠന്മാരേ!, അങനെ നാരദമഹര്‍ഷിയുടെ പൂര്‍‌വ്വജന്മവൃത്താന്തം കേട്ടതിനുശേഷം സത്യവതിയുടെ പുത്രനും ഭഗവതവതാരവുമായ ശ്രീ വേദവ്യാസന്‍ വീണ്ടും നാരദരോട് ചോദിച്ചു. 

വ്യാസന്‍ പറഞു: അല്ലയോ ബ്രഹ്മപുത്രാ!, അദ്ധ്യാത്മജ്ഞാനം തന്ന് അങയെ അനുഗ്രഹിച്ച് ആ മഹാഋഷികള്‍ പുറപ്പെട്ടുപോയതിനുശേഷം, അങയുടെ ഈ ജന്മം ആരംഭിക്കുന്നതിനുമുമ്പ് അങയുടെ ജീവിതം എങനെയായിരുന്നു?. ദീക്ഷ നേടിയതില്‍ പിന്നെ ശേഷകാലം അങ് എങനെ വര്‍‌ത്തിച്ചിരുന്നു?. ആ പഴയ ശരീരത്തെ ഉപേക്ഷിച്ച് ഈ പുതിയ ദേഹം കാലാന്തരത്തില്‍ അങ് എങനെ സ്വീകരിച്ചു?. മഹാമുനേ!, കാലം സകലതിനേയും ഇല്ലാതാക്കുമെന്നിരിക്കെ, കഴിഞ കല്പത്തില്‍ നടന്ന ഈ വസ്തുതകളെല്ലാം ഒരു മാറ്റവും കൂടാതെ അങ് എങനെ ഓര്‍ത്തുവയ്ക്കുന്നു?. 

നാരദന്‍ പറഞു: അദ്ധ്യാത്മജ്ഞാനം നല്‍കി ആ മഹാഋഷികള്‍ മറ്റെങോട്ടേയ്ക്കോ പുറപ്പെട്ടുപോയതിനുശേഷം, കഴിഞ ജന്മത്തില്‍ എന്റെ ബാക്കി ജീവിതം ഇപ്രകാരമായിരുന്നു. ഞാന്‍ ഒരു വീട്ട്‌വേലക്കാരിയുടെ ഏകമകനായിരിക്കെ, എന്റെ അമ്മയ്ക്ക് മറ്റൊരാശ്രയം ഉണ്ടായിരുന്നില്ല. അവരുടെ സ്നേഹവാത്സല്യങളില്‍ ഞാന്‍ ബന്ധിതനായി. അസ്വതന്ത്രയായ എന്റെ അമ്മയ്ക്ക്, ആഗ്രഹിച്ചവിധം എന്നെ വളര്‍ത്തുവാനുള്ള കഴിവുണ്ടായിരുന്നില്ല. എല്ലാവരും ഈശ്വരന്റെ കൈവശമുള്ള മരപ്പാവകളെപ്പോലെയാണല്ലോ!. എനിക്ക് ഏകദേശം അഞ്ചുവയസ്സുള്ള സമയം. അമ്മയെ ആശ്രയിച്ച്, ദിക്കോ, ദേശമോ, കാലമോ അറിയാതെ അവിടെയുള്ള ബ്രാഹ്മണരുടെയിടയില്‍ ജീവിച്ചു. 

അങനെയിരിക്കെ ഒരുദിവസം, ഈശ്വരനിയോഗമായിരിക്കാം, രാത്രിയില്‍ ഒരു പശുവിന്റെ പാല്‍ കറക്കാന്‍ പോയ എന്റെ അമ്മയെ വഴിയില്‍ വച്ച് ഒരു പാമ്പ് ദംശിച്ചു. അതും ഭക്തനോടുള്ള ഈശ്വരന്റെ പ്രത്യേക അനുഗ്രഹമായി കരുതി ഞാന്‍ ഉത്തരദിക്കിലേക്ക് പുറപ്പെട്ടു. അവിടെ സമ്പുഷ്ടമായ പുരങളും, ഗ്രാമങളും, വ്രജങളും, ഖനനപാടങളും, കൃഷിസ്ഥലങളും, താഴ്വരകളും, പൂന്തോട്ടങളും, വനങളും, ഉപവനങളും ഞാന്‍ കണ്ടു. മലകളും, കൊടുമുടികളും, സ്വര്‍‌ണ്ണം, വെള്ളി, ചെമ്പ് തുടങിയ ഖനികളുള്ള സ്ഥലങളും, ദേവന്മാര്‍ പോലും മോഹിക്കുന്ന തരത്തില്‍ താമരകള്‍ വിടര്‍ന്ന് നില്‍ക്കുന്ന ജലാശയങളുള്ള ഭൂപ്രദേശങളും, മനം മയക്കുന്ന വണ്ടുകളേയും, പക്ഷികളേയും ഞാനവിടെ കണ്ടുനടന്നു. ദീര്‍ഘസഞ്ചാരത്താല്‍ ശരീരം കൊണ്ടും, മനസ്സുകൊണ്ടും തളര്‍ന്ന എന്നില്‍ വിശപ്പും ദാഹവുമേറിവന്നു. അടുത്തുകണ്ട നദിയില്‍ ന്നിന്നും അല്പം വെള്ളം കുടിച്ച്. പിന്നീടതിലൊന്ന് മുങിക്കുളിച്ചു. ആ നദീജലത്തിന്റെ കുളിര്‍മ്മയില്‍ എന്റെ തളര്‍ച്ച ശമിച്ചു. മനുഷ്യവാസമില്ലാത്ത ആ കാട്ടില്‍ ഒരു ആല്‍‌വൃക്ഷത്തിന്റെ ചുവട്ടിലിരുന്നുകൊണ്ട് ഉള്ളിലുള്ള ഈശ്വരനെ മുമ്പ് പഠിച്ചതുപോലെ ധ്യാനിക്കാന്‍ തുടങി. ഭാവം ഭഗവാങ്കലേക്ക് തിരിച്ച് ആ പദമലരില്‍ ധ്യാനിക്കാന്‍ തുടങിയതും എന്റെ കണ്ണുകള്‍ നിറഞൊഴുകി. പെട്ടെന്ന് ഭഗവാന്‍ ഹരി എന്റെ ഹൃദയകമലത്തില്‍ പ്രത്യക്ഷനായി. അല്ലയോ വ്യാസദേവാ!, ആ സമയം ആനന്ദാതിരേകത്താല്‍ നിര്‍‌വൃതനായ ഞാന്‍ പരമാനന്ദമാകുന്ന സമുദ്രത്തില്‍ ആണ്ടുപോയി. അവിടെ ഞാന്‍ ആ ഭഗവാനേയോ, എന്നെതന്നെയോ കണ്ടില്ല.

മനസ്താപം ഇല്ലാതാക്കുന്ന ആ ഭഗവാന്റെ രൂപം പെട്ടെന്ന് ഉള്ളില്‍ നിന്നും മറഞു. അതിയായി ആഗ്രഹിച്ചതെന്തോ നഷ്ടപെട്ടവനെപോലെ ഞാന്‍ തിടുക്കത്തില്‍ ശാന്തിയറ്റ് ചാടിയെഴുന്നേറ്റു. വീണ്ടും ആ ഭഗവദ് ദര്‍ശനത്തിനായി ഞാന്‍ ഒരുപാട് ശ്രമിച്ചു. കുതൂഹലത്തോടെ ഞാന്‍ ഹൃദയത്തിലേക്ക് ഉറ്റുനോക്കി. ഒടുവില്‍ എവിടെയും ആ രൂപം കാണാതെ ഞാന്‍ അസംതൃപ്തനായി ദുഃഖിച്ചിരുന്നു. വിജനമായ ആ പ്രദേശത്ത് ഭഗവത് ദര്‍ശനത്തിനായി വീണ്ടും വീണ്ടും യത്നിക്കുന്ന എന്നില്‍ അതീവതരം സന്തോഷമുളവാക്കുന്നതും, ദുഖഃഹരവുമായ ആ അഗോചരവാക്യങള്‍ ഉയര്‍ന്നു. ആ വചനങള്‍ ഇങനെയായിരുന്നു. - അല്ലയോ നാരദരേ!, ഈ ജന്മത്തില്‍ നിനക്കെന്റെ ദര്‍ശനം ഉണ്ടാകില്ല. അപക്വമതികള്‍ക്കും, വിഷയങളില്‍ പൂര്‍ണ്ണവിരക്തി വന്നിട്ടില്ലാത്തവര്‍ക്കും ഇവിടെ എന്നെ കാണാന്‍ കഴിയുകയില്ല.

അല്ലയോ പാപമറ്റവനേ!, ഒരിക്കല്‍ മാത്രം ഞാന്‍ നിനക്കെന്റെ ദര്‍ശനം തന്നതത് എന്നിലേക്കടുക്കുവാനുള്ള നിന്റെ ആഗ്രഹത്തെ കൂട്ടുവാനാണ്‌. കാരണം ആ ആഗ്രഹം നിന്നെ എല്ലാ വിഷയങളില്‍നിന്നും മുക്തനാക്കുന്നു. കുറച്ചുകാലത്തെ സാധനയാല്‍ തന്നെ ഒരുവനില്‍ എന്നിലുള്ള ഭക്തി അചഞ്ചലമാകുന്നു. അങനെ കാലാന്തരത്തില്‍ അവന്‍ ലൗകികലോകത്തെ ഉപേക്ഷിച്ച് എന്നില്‍ തന്നെ എത്തിച്ചേരുന്നു. സൃഷ്ടിയുടെ സമയത്തും പ്രലയകാലത്തില്‍ തന്നെയും എന്നില്‍ അര്‍പ്പിക്കപ്പെട്ട വിശ്വാസം നഷ്ടപ്പെടുന്നില്ല. എന്നില്‍ നിനക്കുള്ള സ്മൃതി എക്കാലവും നിലനില്‍ക്കുന്നു.

ഇത്രയും കൊണ്ട് ഈശ്വരന്റെ മനോഹരമായതും, കണ്ണുകള്‍ക്കഗോചരമായതുമായ ആ ആകശവാണികള്‍ നിലച്ചു. അങനെ അനുഗ്രഹീതനായ ഞാന്‍ ആ ഭഗവാനെ ശിരസ്സാ നമിച്ചു. ലൗകിക വിഷയങളൊക്കെ അപ്പാടെ അവഗണിച്ച്, ഇടവിടാതെ പവിത്രവും പരിപാവനവുമായ ഭഗവത് നാമം ഉച്ചരിച്ചുകൊണ്ട്, അനുസ്യൂതം ഭഗവത് സ്മൃതിയില്‍ മുങി, ഭൂമിയിലുടനീളം സം‌തൃപ്തനായി, അലൗകികനായി, മദമത്സരാദികളൊഴിഞ് ഞാന്‍ സഞ്ചരിച്ചു. അങനെ, ഹേ! വ്യാസരേ!, നിസ്സംഗനായി, സകല വിഷയാനുഭവങളിന്‍ നിന്നും മോചിതനായി, ഭഗവാന്‍ ശ്രീകൃഷ്ണനില്‍ ലീനനായിരിക്കെ, കുറെ കാലം കഴിഞ് ഒരു മിന്നല്‍‌പിണര്‍ പോലെ എനിക്ക് മരണം സംഭവിച്ചു. സദാ ഭഗവതഭിമുഖമായ ഒരു സംശുദ്ധശരീരം സ്വീകരിച്ച്, സര്‍‌വ്വകര്‍‌മ്മവിമുക്തനായി ഞാന്‍ പഞ്ചഭൂതാത്മകമായ ആ ഭൗതികശരീരം ഉപേക്ഷിച്ചു. പിന്നീട് കല്പാന്തത്തില്‍ ഭഗവാന്‍ നാരായണന്‍ പ്രലയജലത്തില്‍ ശയിച്ചു. ബ്രഹ്മദേവന്‍ ആ ഭഗവാനിലുണര്‍ന്നു. വിധാതാവിന്റെ ശ്വസനത്തിലൂടെ ഞാനും ആ വിഭുവിനുള്ളില്‍ പ്രവേശിച്ചു. ആയിരം യുഗങള്‍ കഴിഞു. അതായത്, 4,300,000 വര്‍‌ഷങള്‍ കഴിഞു, സൃഷ്ടികര്‍ത്തവ്യത്തിനായി ബ്രഹ്മദേവന്‍ വീണ്ടും ഉണര്‍ന്ന് മരീചി, അംഗിരസ്സ്, അത്രി തുടങിയ മുനികളെ സൃഷ്ടിച്ചു. അവരോടൊപ്പം ഞാനും ഉണ്ടായി.

അങനെ, ഭഗവാന്‍ വിഷ്ണുവിന്റെ കരുണയാല്‍, യാതൊരു തടസ്സവും കൂടാതെ, അഖണ്ഡിതമായ ഭക്തിയോടെ, മൂന്ന് ലോകങളും ഞാന്‍ ചുറ്റിക്കറങി. ഭഗവാന്‍ തന്നെ തന്നതും, പ്രണവാകാരത്താല്‍ അലങ്കരിക്കപ്പെട്ടതുമായ ഈ വീണയും മീട്ടി ഹരികഥാമൃതം ആലാപനം ചെയ്തുകൊണ്ട് ഞാന്‍ അങനെ സഞ്ചരിച്ചുകൊണ്ടേയിരുന്നു. തീര്‍ത്ഥപാദന്റെ ശ്രവണമധുരമായ മഹിമകള്‍ പാടാന്‍ തുടങുമ്പോഴേക്കും, ക്ഷണിച്ചുവരുത്തിയതുപോലെ, ആ ഭഗവാന്‍ എന്റെ ഹൃദയകമലത്തില്‍ എനിക്ക് ദര്‍ശനം തരുന്നു. ഭഗവാന്‍ ഹരിയുടെ കഥാകഥനശ്രവണങളാകുന്ന നൗക, വിഷയജന്യങളായ സുഖദുഖഃങളില്‍ അകപെട്ടുപോയ ആതുരചിത്തന്മാരെ ഈ ഭവസാഗരത്തില്‍ നിന്നും മറുകരയണയ്ക്കുന്നത് ഞാന്‍ അറിഞിരിക്കുന്നു. യമനിയമാദികള്‍ തുടങിയ യോഗമാര്‍ഗ്ഗങളിലൂടെ കാമലോഭങള്‍ അടക്കാന്‍ സാധ്യമാണെങ്കിലും, ഈ ജീവന്‌ ആത്മസാക്ഷാത്ക്കാരം കിട്ടണമെങ്കില്‍, അത് മുകുന്ദനിലുള്ള അനന്യമായ ഭക്തിയിലൂടെയല്ലാതെ സാധ്യമല്ല. അല്ലയോ പാപരഹിതനായ വ്യാസദേവാ!, അങു ചോദിച്ചതുപോലെ എന്റെ ജന്മങളെ കുറിച്ചും, കര്‍മ്മങളെ കുറിച്ചും ഞാന്‍ വിസ്തരിച്ച് പറഞുകഴിഞു. ഇതെല്ലാം അങയുടെ സന്തുഷ്ടിക്കുതകുന്നതാണ്‌.

സൂതന്‍ പറഞു: ഇങനെ നാരദമുനി വ്യാസരെ ഉപദേശിച്ച് അനുഗ്രഹിച്ച് തന്റെ വീണയും മീട്ടി എങോട്ടെന്നില്ലാതെ പ്രയാണം ചെറയ്തു. അഹോ ദേവര്‍ഷേ!, ഭഗവാന്റെ മഹിമകള്‍ വര്‍ണ്ണിച്ച് പരമാനന്ദം അനുഭവിക്കുന്ന; അത് തന്റെ വീണാതന്ത്രിയില്‍ മീട്ടി ലോകത്തെ രമിപ്പിക്കുന്ന അങ് ധന്യനാണ്‌.

ഇങനെ, ശ്രീമദ് ഭാഗവതം  പ്രഥമസ്കന്ധം രണ്ടാം അധ്യായം സമാപിച്ചു.

ഓം തത് സത്