ശ്രീമദ് ഭാഗവതം - ദശമസ്കന്ധം - അദ്ധ്യായം - 56
ഭഗവാൻ ജാംബവതിയേയും സത്യഭാമയെയും വിവാഹം കഴിക്കുന്നു
മഹാരാജാവ് പരീക്ഷിത്ത് ചോദിച്ചു: ഹേ ബ്രാഹ്മണാ!, ഭഗവാൻ കൃഷ്ണനെ അപമാനിക്കാൻ സത്രാജിത്ത് എന്ത് പ്രവർത്തിയാണ് ചെയ്തത്? സ്യമന്തകം എന്ന രത്നം അദ്ദേഹത്തിന് എവിടെനിന്നാണ് ലഭിച്ചത്? എന്തുകൊണ്ടാണ് അദ്ദേഹം തന്റെ പുത്രിയെ പരമപുരുഷനായ ഭഗവാന് നൽകിയത്?
ശുകദേവൻ പറഞ്ഞു: രാജൻ!, സൂര്യദേവന് തന്റെ ഭക്തനായ സത്രാജിത്തിനോട് വലിയ വാത്സല്യമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും വലിയ സുഹൃത്തായി വർത്തിച്ചുകൊണ്ട്, സൂര്യദേവൻ തന്റെ സംതൃപ്തിയുടെ അടയാളമായി സ്യമന്തകം എന്ന രത്നം സത്രാജിത്തിന് നൽകി. കഴുത്തിൽ ആ രത്നവുമണിഞ്ഞ് സത്രാജിത്ത് ദ്വാരകയിലേക്ക് പ്രവേശിച്ചു. സൂര്യനെപ്പോലെതന്നെ ശോഭിച്ച അദ്ദേഹത്തെ, രത്നത്തിന്റെ പ്രഭ കാരണം ആരും തിരിച്ചറിഞ്ഞില്ല. ദൂരെനിന്ന് സത്രാജിത്തിനെ നോക്കിയ ജനങ്ങൾ അദ്ദേഹത്തിന്റെ തിളക്കം കണ്ട് അന്ധരായിപ്പോയി. അവർ അദ്ദേഹത്തെ സൂര്യദേവനാണെന്ന് കരുതി, ഭഗവാൻ കൃഷ്ണനോട് വിവരങ്ങൾ പറയാൻ പോയി.
ദ്വാരകയിലെ നിവാസികൾ പറഞ്ഞു: നാരായണാ!, ശംഖചക്രഗദാധാരാ!, താമരക്കണ്ണാ! ദാമോദരാ!, ഗോവിന്ദാ!, യാദവകുലത്തിന്റെ പ്രിയപ്പെട്ടവനായ അങ്ങേയ്ക്ക് നമസ്കാരം! വിശ്വനാഥാ!, സൂര്യദേവൻ അതാ അങ്ങയെ കാണാൻ വന്നിരിക്കുന്നു. തന്റെ തീഷ്ണമായ രശ്മികൾകൊണ്ട് അദ്ദേഹം എല്ലാവരുടെയും കണ്ണുകളെ അന്ധമാക്കുന്നു. മൂന്നു ലോകങ്ങളിലെയും ഉന്നതരായ ദേവന്മാർ അങ്ങയെ തേടാൻ ആഗ്രഹിക്കുന്നു, അങ്ങിപ്പോൾ യാദവവംശത്തിൽനിന്ന് മറഞ്ഞിരിക്കുകയാണല്ലോ. അജനായ സൂര്യദേവൻ അങ്ങയെ കാണാൻ ഇവിടെ വന്നിരിക്കുന്നു.
ശുകദേവൻ തുടർന്നു: ഈ നിഷ്കളങ്കമായ വാക്കുകൾ കേട്ട താമരക്കണ്ണനായ ഭഗവാൻ ഉച്ചത്തിൽ ചിരിച്ചുകൊണ്ട് പറഞ്ഞു, "ഇത് സൂര്യദേവനല്ല, കഴുത്തിൽ അണിഞ്ഞിരിക്കുന്ന രത്നം കാരണം പ്രകാശിക്കുന്ന സത്രാജിത്താണ്."
സത്രാജിത്ത് തന്റെ ഐശ്വര്യപൂർണ്ണമായ വീട്ടിൽ പ്രവേശിച്ച് മംഗളകരമായ ചടങ്ങുകൾ നടത്തി. അദ്ദേഹം യോഗ്യരായ ബ്രാഹ്മണരെക്കൊണ്ട് വീട്ടിലെ പൂജാമുറിയിൽ സ്യമന്തകം രത്നം പ്രതിഷ്ഠിച്ചു. ഓരോ ദിവസവും ആ രത്നം എട്ട് ഭാരം സ്വർണ്ണം ഉൽപ്പാദിപ്പിക്കുമായിരുന്നു. അത് സൂക്ഷിക്കുകയും കൃത്യമായി പൂജിക്കുകയും ചെയ്യുന്ന സ്ഥലം ക്ഷാമം, അകാലമരണം, പാമ്പുകടി, മാനസികവും ശാരീരികവുമായ അസുഖങ്ങൾ, വഞ്ചകന്മാരുടെ സാന്നിധ്യം തുടങ്ങിയ വിപത്തുകളിൽ നിന്ന് മുക്തമായിരുന്നു. ഒരിക്കൽ ഭഗവാൻ കൃഷ്ണൻ ആ രത്നം യാദവരാജാവായ ഉഗ്രസേനന് നൽകണമെന്ന് സത്രാജിത്തിനോട് ആവശ്യപ്പെട്ടു, എന്നാൽ സത്രാജിത്ത് അത് നൽകാൻ വിസമ്മതിച്ചു. ഭഗവാന്റെ അഭ്യർത്ഥന നിരസിച്ചതിലൂടെ താൻ ചെയ്ത അപരാധത്തിന്റെ ഗൗരവത്തെക്കുറിച്ച് അദ്ദേഹം ചിന്തിച്ചില്ല. ഒരിക്കൽ സത്രാജിത്തിന്റെ സഹോദരൻ പ്രസേനൻ, തിളങ്ങുന്ന ആ രത്നം കഴുത്തിലണിഞ്ഞ് കുതിരപ്പുറത്ത് കയറി കാട്ടിൽ വേട്ടയാടാൻ പോയി. ഒരു സിംഹം പ്രസേനനെയും കുതിരയെയും കൊന്ന് രത്നം കവർന്നു. എന്നാൽ സിംഹം ഒരു മലഞ്ചുരത്തിൽ പ്രവേശിച്ചപ്പോൾ ആ രത്നം ആഗ്രഹിച്ച ജാംബവാൻ അതിനെ കൊന്നു. ഗുഹയ്ക്കുള്ളിൽ ജാംബവാൻ സ്യമന്തകരത്നം തന്റെ ചെറിയ മകന് കളിക്കാനായി നൽകി. അതേസമയം, അവിടെ തന്റെ സഹോദരൻ തിരിച്ചുവരാത്തതുകൊണ്ട് സത്രാജിത്താണെങ്കിൽ അങ്ങേയറ്റം അസ്വസ്ഥനുമായി. അദ്ദേഹം പറഞ്ഞു, "കഴുത്തിൽ രത്നമണിഞ്ഞ് കാട്ടിലേക്ക് പോയ എന്റെ സഹോദരനെ കൃഷ്ണൻ കൊന്നിരിക്കാനാണ് സാധ്യത." ഈ ആരോപണം കേട്ട ജനങ്ങൾ അത് പരസ്പരം അടക്കം പറയാൻ തുടങ്ങി.
ഈ കിംവദന്തി കേട്ടപ്പോൾ ഭഗവാൻ ശ്രീകൃഷ്ണൻ തന്റെ പ്രശസ്തിയിലെ കളങ്കം നീക്കാൻ ആഗ്രഹിച്ചു. അതിനാൽ ദ്വാരകയിലെ കുറച്ചു പൗരന്മാരെയും കൂട്ടി പ്രസേനൻ സഞ്ചരിച്ച പാതയിലൂടെ അദ്ദേഹം പുറപ്പെട്ടു. കാട്ടിൽ അവർ സിംഹത്താൽ കൊല്ലപ്പെട്ട പ്രസേനനെയും അവന്റെ കുതിരയെയും കണ്ടെത്തി. കുറച്ചുകൂടി മുന്നോട്ട് പോയപ്പോൾ ജാംബവാനാൽ കൊല്ലപ്പെട്ട സിംഹത്തെയും അവർ കണ്ടു. കരടിരാജാവിന്റെ ഭയാനകവും ഇരുണ്ടതുമായ ഗുഹയ്ക്ക് പുറത്ത് തന്റെ പ്രജകളെ നിർത്തി ഭഗവാൻ ഒറ്റയ്ക്ക് അകത്തേക്ക് പ്രവേശിച്ചു. അവിടെ ഏറ്റവും വിലപിടിപ്പുള്ള രത്നം ഒരു കുട്ടിയുടെ കളിപ്പാട്ടമായി മാറിയത് ഭഗവാൻ കൃഷ്ണൻ കണ്ടു. അത് തിരികെ എടുക്കാൻ തീരുമാനിച്ചുകൊണ്ട് അദ്ദേഹം കുട്ടിയുടെ അടുത്തേക്ക് നീങ്ങി. തങ്ങൾക്ക് മുന്നിൽ നിൽക്കുന്ന അസാധാരണനായ ആ വ്യക്തിയെ കണ്ട് കുട്ടിയുടെ പരിചാരിക ഭയന്ന് നിലവിളിച്ചു. കരുത്തരിൽ കരുത്തനായ ജാംബവാൻ ആ നിലവിളി കേട്ട് ദേഷ്യത്തോടെ ഭഗവാന്റെ അടുത്തേക്ക് ഓടിവന്നു. ഭഗവാൻ ആരാണെന്നറിയാതെ, ഒരു സാധാരണ മനുഷ്യനാണെന്ന് കരുതി ജാംബവാൻ തന്റെ യജമാനനായ പരമപുരുഷനോട് ദേഷ്യത്തോടെ യുദ്ധം ചെയ്യാൻ തുടങ്ങി.
ഇരുവരും വിജയിക്കണമെന്ന നിശ്ചയദാർഢ്യത്തോടെ കഠിനമായി പൊരുതി. വിവിധ ആയുധങ്ങളും പിന്നീട് കല്ലുകളും മരത്തടികളും അവസാനമായി തങ്ങളുടെ കൈകളും ഉപയോഗിച്ച് യുദ്ധം ചെയ്ത അവർ ഇറച്ചികഷണത്തിന് വേണ്ടി പോരാടുന്ന രണ്ട് പരുന്തുകളെപ്പോലെ പോരാടി. ഇടിമുഴക്കത്തിന്റെ ശബ്ദത്തോടെ പതിക്കുന്ന തങ്ങളുടെ മുഷ്ടികൾ കൊണ്ട് പരസ്പരം അടിച്ചുകൊണ്ട്, ഇരുപത്തിയെട്ട് ദിവസങ്ങളോളം വിശ്രമമില്ലാതെ ആ യുദ്ധം നീണ്ടുനിന്നു. ഭഗവാൻ കൃഷ്ണന്റെ മുഷ്ടികൾ കൊണ്ടുള്ള പ്രഹരങ്ങളേറ്റ് പേശികൾ തളർന്ന്, ശക്തി ക്ഷയിച്ച്, ശരീരം വിയർത്ത ജാംബവാൻ, അങ്ങേയറ്റം അത്ഭുതപ്പെട്ട് ഒടുവിൽ ഭഗവാനോട് സംസാരിച്ചു.
ജാംബവാൻ പറഞ്ഞു: എല്ലാ ജീവജാലങ്ങളുടെയും പ്രാണനും, ഇന്ദ്രിയങ്ങൾക്കും മനസ്സിനും ശരീരത്തിനുമുള്ള ശക്തിയും അങ്ങാണെന്ന് ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു. അങ്ങ് സാക്ഷാൽ വിഷ്ണുവും, ആദിപുരുഷനും, സർവ്വശക്തനായ നിയന്താവുമാണ്. അങ്ങ് പ്രപഞ്ചത്തിലെ എല്ലാ സ്രഷ്ടാക്കളുടെയും പരമമായ സ്രഷ്ടാവാണ്, സൃഷ്ടിക്കപ്പെട്ട എല്ലാറ്റിന്റെയും അടിസ്ഥാന തത്വം അങ്ങാണ്. അങ്ങ് എല്ലാ നിയന്താക്കളെയും അടക്കിഭരിക്കുന്ന പരമപ്രഭുവും എല്ലാ ആത്മാക്കളുടെയും പരമാത്മാവുമാണ്. അങ്ങയുടെ നേരിയ കോപം പ്രകടമാക്കുന്ന ഒരു ഒളിഞ്ഞുനോട്ടം സമുദ്രത്തിലെ മുതലകളെയും തിമിംഗലങ്ങളെയും അസ്വസ്ഥമാക്കിയപ്പോൾ, സമുദ്രത്തോട് വഴിമാറാൻ ആവശ്യപ്പെട്ടത് അങ്ങാണ്. തന്റെ കീർത്തി സ്ഥാപിക്കാൻ വലിയൊരു പാലം പണിതതും, ലങ്കാനഗരം അഗ്നിക്കിരയാക്കിയതും, രാവണന്റെ തലകൾ അറുത്തുമാറ്റി നിലത്തുവീഴ്ത്തിയ അമ്പുകൾ തൊടുത്തതും അങ്ങാണ്.
ശുകദേവൻ തുടർന്നു: ഹേ രാജാവേ!, സത്യം മനസ്സിലാക്കിയ കരടിരാജാവിനോട് ഭഗവാൻ കൃഷ്ണൻ സംസാരിച്ചു. ദേവകീപുത്രനും താമരക്കണ്ണനുമായ ഭഗവാൻ, സർവ്വ അനുഗ്രഹങ്ങളും നൽകുന്ന തന്റെ കൈകൊണ്ട് ജാംബവാനെ സ്പർശിക്കുകയും, മേഘഗർജ്ജനം പോലെ ഗംഭീരമായ സ്വരത്തിൽ തന്റെ ഭക്തനോട് അത്യന്തം കരുണയോടെ സംസാരിക്കുകയും ചെയ്തു.
ഭഗവാൻ കൃഷ്ണൻ പറഞ്ഞു: ഈ രത്നത്തിന് വേണ്ടിയാണ്, ഹേ കരടിരാജാവേ!, ഞങ്ങൾ നിന്റെ ഗുഹയിൽ വന്നത്. എനിക്കെതിരെയുള്ള ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിക്കാൻ ഞാൻ ഈ രത്നം ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നു.
ഇതു കേട്ട ജാംബവാൻ തന്റെ മകളായ ജാംബവതിയെ രത്നത്തോടൊപ്പം ഭഗവാൻ കൃഷ്ണന് നൽകി സന്തോഷത്തോടെ ആദരിച്ചു. ഭഗവാൻ ശൗരി ഗുഹയിൽ പ്രവേശിച്ചതിനുശേഷം, കൂടെപ്പോയ ദ്വാരകയിലെ ജനങ്ങൾ അവിടുന്ന് പുറത്തുവരുന്നത് കാണാതെ പന്ത്രണ്ട് ദിവസത്തോളം കാത്തിരുന്നു. ഒടുവിൽ അവർ പ്രതീക്ഷ കൈവിടുകയും വലിയ ദുഃഖത്തോടെ തങ്ങളുടെ നഗരത്തിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. ഭഗവാൻ ഗുഹയിൽനിന്ന് പുറത്തുവന്നില്ല എന്ന് കേട്ടപ്പോൾ ദേവകിയും രുക്മിണീദേവിയും വസുദേവനും ഭഗവാന്റെ മറ്റ് ബന്ധുക്കളും സുഹൃത്തുക്കളും അതീവ ദുഖത്തിലായി. സത്രാജിത്തിനെ ശപിച്ചുകൊണ്ട് ദ്വാരകയിലെ ദുഃഖിതരായ നിവാസികൾ ചന്ദ്രഭാഗ എന്ന ദുർഗ്ഗാദേവിയുടെ ബിംബത്തിനുമുന്നിൽ കൃഷ്ണന്റെ മടങ്ങിവരവിനായി പ്രാർത്ഥിച്ചു. അവർ ദേവിയെ പൂജിച്ചുകഴിഞ്ഞപ്പോൾ, അവരുടെ അപേക്ഷ സാധിച്ചുതരാമെന്ന് വാഗ്ദാനം ചെയ്തുകൊണ്ട് ദേവി അവരോട് സംസാരിച്ചു. തൊട്ടുപിന്നാലെ, തന്റെ ഉദ്ദേശ്യം സാധിച്ച ഭഗവാൻ കൃഷ്ണൻ തന്റെ പുതിയ പത്നിയോടൊപ്പം അവർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു, അത് അവരിൽ സന്തോഷം നിറച്ചു.
മരണത്തിൽ നിന്നെന്നപോലെ മടങ്ങിയെത്തിയ ഭഗവാൻ ഹൃഷീകേശനെയും, അദ്ദേഹത്തോടൊപ്പമുള്ള പുതിയ പത്നിയെയും, കഴുത്തിൽ സ്യമന്തകരത്നവും കണ്ടപ്പോൾ എല്ലാവരും ആനന്ദത്തിലാറാടി. ഭഗവാൻ കൃഷ്ണൻ സത്രാജിത്തിനെ രാജസഭയിലേക്ക് വിളിച്ചുവരുത്തി. അവിടെ രാജാവ് ഉഗ്രസേനന്റെ സാന്നിധ്യത്തിൽ, ഭഗവാൻ രത്നം കണ്ടെത്തിയ വിവരം പ്രഖ്യാപിക്കുകയും ഔദ്യോഗികമായി അത് സത്രാജിത്തിന് നൽകുകയും ചെയ്തു. അങ്ങേയറ്റം ലജ്ജയോടെ തലകുനിച്ച സത്രാജിത്ത് രത്നം വാങ്ങി വീട്ടിലേക്ക് മടങ്ങി, അതേസമയം തന്റെ പാപകരമായ പെരുമാറ്റത്തെക്കുറിച്ച് അദ്ദേഹം ഖേദിച്ചു.
താൻ ചെയ്ത ഗുരുതരമായ തെറ്റിനെക്കുറിച്ച് ചിന്തിക്കുകയും ഭഗവാന്റെ ശക്തരായ ഭക്തരുമായുള്ള സംഘർഷത്തെക്കുറിച്ച് ഭയപ്പെടുകയും ചെയ്ത സത്രാജിത്ത് ചിന്തിച്ചു, "എന്റെ ഭാഗത്തുനിന്നുണ്ടായ ഈ അപരാധത്തിൽനിന്നും ഞാൻ എങ്ങനെ രക്ഷനേടും? ഭഗവാൻ അച്യുതൻ എന്നിൽ എങ്ങനെ സംതൃപ്തനാകും? ഇത്രയും ദീർഘവീക്ഷണമില്ലാത്തവനും പിശുക്കനും മൂഢനും അത്യാഗ്രഹിയുമായ എനിക്ക്, ജനങ്ങളുടെ ശാപം ഏൽക്കാതെ എന്റെ സൗഭാഗ്യം വീണ്ടെടുക്കാൻ എന്തുചെയ്യാൻ കഴിയും? സ്ത്രീകളിൽ രത്നമായ എന്റെ പുത്രിയെ, സ്യമന്തകരത്നത്തോടൊപ്പം ഞാൻ ഭഗവാന് നൽകും. അവിടുത്തെ ശാന്തനാക്കാനുള്ള ഒരേയൊരു മാർഗ്ഗം അതാണ്."
ഇപ്രകാരം ബുദ്ധിപൂർവ്വം തീരുമാനമെടുത്ത സത്രാജിത്ത്, തന്റെ മകളായ സത്യഭാമയെയും സ്യമന്തകരത്നത്തെയും ഭഗവാൻ കൃഷ്ണന് സമർപ്പിക്കുവാനുള്ള ഒരുക്കങ്ങൾ കൂട്ടി. ഭഗവാൻ വിധിപ്രകാരം സത്യഭാമയെ വിവാഹം കഴിച്ചു. സൗന്ദര്യവും വിശാലമനസ്കതയും മറ്റ് എല്ലാ ഗുണങ്ങളുമുള്ള അവളെ പലരും വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു.
പരമപുരുഷനായ ഭഗവാൻ സത്രാജിത്തിനോട് പറഞ്ഞു: ഈ രത്നം തിരിച്ചെടുക്കാൻ നാം ആഗ്രഹിക്കുന്നില്ല, ഹേ രാജാവേ!, നിങ്ങൾ സൂര്യദേവന്റെ ഭക്തനാണ്, അതിനാൽ അത് നിങ്ങളുടെ കൈവശം തന്നെ ഇരിക്കട്ടെ. അങ്ങനെ അതിന്റെ ഗുണങ്ങളും ഞങ്ങൾ അനുഭവിക്കാമല്ലോ!.
ശ്രീമദ് ഭാഗവതം ദശമസ്കന്ധം അൻപത്തിയാറാമധ്യായം സമാപിച്ചു.
ഓം തത് സത്
<<<<< >>>>>

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ