ഓം
ശ്രീമദ്ഭാഗവതം ദശമസ്കന്ധം അദ്ധ്യായം 5
(ഭഗവാന്റെ ജാതകർമ്മോത്സവം)
ഗോകുലത്തിൽ മുറ്റങ്ങൾ ഭംഗിയായി അടിച്ചുതളിച്ച് വൃത്തിയാക്കി. പല നിറങ്ങളിലുള്ള കൊടിക്കൂറകളാലും തോരണങ്ങളാലും അവിടമാകെ അലങ്കരിക്കപ്പെട്ടു. പശുക്കളും പശുക്കുട്ടികളും കാളകളുമൊക്കെ ഭംഗിയായി മഞ്ഞൾപ്പൊടിതേച്ച് മയിൽപ്പീലികൾ കെട്ടി അലങ്കരിക്കപ്പെട്ടു. അല്ലയോ രാജൻ!, ഗോപന്മാർ സർവ്വാഭരണവിഭൂഷിതരായി പലവിധ കാണിക്കകൾ കൈയ്യിലേന്തി അവിടെ എത്തിച്ചേർന്നു. യശോദാദേവിക്ക് പുത്രനുണ്ടായ വാർത്തയറിഞ്ഞ് സന്തോഷത്തോടെ ഗോപസ്ത്രീകൾ നല്ല വസ്ത്രങ്ങൾ കണ്മഷി മുതലായവയണിഞ്ഞ് സ്വയം അലംകൃതരായി. സുന്ദരിമാരായ ആ ഗോപികമാർ പെട്ടെന്നുതന്നെ നന്ദഗൃഹത്തിലേക്ക് പാഞ്ഞെത്തി. സർവ്വാഭരണവിഭൂഷിതരായി ഗോകുലത്തിലേക്ക് ഓടുന്ന അവരുടെ മുടിക്കെട്ടിൽനിന്നും പൂമാലകൾ ഉതിർന്നുവീണുകൊണ്ടേയിരുന്നു. “കണ്ണനുണ്ണി നീണാൾ വാഴട്ടെ” എന്ന് മംഗളവാചകം പറഞ്ഞുകൊണ്ട് അവർ ജനങ്ങൾക്കുമേൽ തീർത്ഥം ചൊരിഞ്ഞു. കാലദേശങ്ങൾക്കതീതനായ ഭഗവാൻ നന്ദഗോപന്റെ ഗൃഹത്തിൽ പിറന്നതിലുണ്ടായ ആനന്ദാതിരേകത്താൽ ഗോപന്മാർ പലവിധ വാദ്യങ്ങൾ മുഴിക്കി. അവർ തൈർ, പാൽ, നെയ്യ്, വെള്ളം, എന്നിവ പരസ്പരം കോരിത്തളിച്ചും പുതുവെണ്ണ മുഖത്ത് മെഴുകിയും പലവിധം ക്രീഡകളാടി. ഉദാരനും സന്തോഷവാനുമായ നന്ദഗോപർ ഭഗവദ്പ്രസാദത്തിനായും സ്വപുത്രന്റെ നന്മയ്ക്കുവേണ്ടിയും സൂതന്മാർ, മാഗധന്മാർ, വന്ദികൾ എന്നിവർക്ക് വസ്ത്രാഭരണങ്ങളും പശുക്കളേയുമൊക്കെ നൽകിക്കൊണ്ട് അവരുടെ അനുഗ്രഹാശ്ശിസ്സുകൾക്ക് പാത്രമായി. കലാശാസ്ത്രാദികൾകൊണ്ട് ജീവിക്കുന്നവർക്ക് അതാത് വിദ്യകൾക്കുതകുന്ന വിധത്തിലുള്ള വസ്തുക്കൾ യോഗ്യതയ്ക്കൊത്ത് ദാനം കൊടുത്തു. മഹാഭാഗ്യശാലിയായ രോഹിണിയെ നന്ദഗോപർ അഭിനന്ദിച്ചു. അവൾ സർവ്വാഭരണവിഭൂഷിതയായി ദുഃഖം മറന്ന് ഗൃഹകൃത്യങ്ങളിലേർപ്പെട്ടു. അല്ലയോ രാജാവേ!, അന്നുമുതൽ ഗോകുലത്തിൽ സകലവിധ ഐശ്വര്യങ്ങളും നടമാടി. ശ്രീഹരിയുടെ സാന്നിധ്യത്താൽ അവിടം മഹാലക്ഷ്മിയുടെ കേളീരംഗമായി ഭവിച്ചു.
രാജാവേ!, അങ്ങനെയിരിക്കെ ഒരുദിവസം ഗോകുലത്തിനെ സംരക്ഷിക്കേണ്ട ചുമതല ഗോപാലന്മാരെ ഏൽപ്പിച്ചതിനുശേഷം കംസന് വർഷംതോറും കൊടുക്കാറുള്ള കപ്പം കൊടുക്കാനായി നന്ദഗോപർ മധുരാപുരിയിലേക്ക് പോയി. നന്ദഗോപർ വന്നിരിക്കുന്നതായും കംസന് കപ്പം കൊടുത്തതായും അറിഞ്ഞ് വസുദേവൻ അദ്ദേഹത്തെ കാണാനായി അദ്ദേഹത്തിന്റെ താവളത്തിലേക്ക് പോയി. തനിക്ക് ഏറ്റവും പ്രീയപ്പെട്ടവനായ വസുദേവൻ തന്നെ കാണാൻ വന്നതുകണ്ട് പ്രേമപരവശനായി, മൂർച്ഛിച്ചുവീണ ശരീരത്തിൽ പ്രാണൻ പുനഃപ്രാപിച്ചതുപോലെ, പെട്ടെന്നെഴുന്നേറ്റ് ഇരുകൈകൾകൊണ്ടും ആശ്ലേഷിച്ചു. രാജൻ!, സത്ക്കരിച്ചിരുത്തി നന്ദഗോപർ വസുദേവരോട് കുശലാന്വേഷണം ചെയ്തു. വസുദേവർ രാമകൃഷ്ണന്മാരായ തന്റെ പുത്രന്മാരെക്കുറിച്ചറിയുവാനായി ഇപ്രകാരം പറഞ്ഞു: “സഹോദരാ!, ഏറെക്കാലത്തെ ആഗ്രഹത്തിനുശേഷം, ഒടുവിൽ പുത്രലാഭം മറന്നിരുന്ന ഈ വയസാംകാലത്തിൽ അങ്ങേയ്ക്കൊരു കുഞ്ഞു പിറന്നത് മഹാഭാഗ്യമായി. സംസാരിയായ അങ്ങേയ്ക്ക് ഒരു പുതുജന്മം കിട്ടിയതുപോലെ എനിക്ക് തോന്നുകയാണു. ഇഷ്ടജനങ്ങളെ കാണാൻ കഴിയുന്നതും പരമഭാഗ്യം തന്നെ. സ്നേഹിതാ!, പുഴയിൽകൂടി ഒഴുകിക്കൊണ്ടിരിക്കുന്ന തടിക്കഷണങ്ങൾക്ക് ഒരിടത്ത് ചേർന്നുനിൽക്കുവാൻ കഴിയാത്തതുപോലെ, പലവിധകർമ്മങ്ങൾക്കടിപ്പെട്ടതിനാൽ ചങ്ങാതിമാർക്ക് ഒരിടത്തിൽ കഴിയുവാൻ എങ്ങനെ സാധിക്കും?. അങ്ങ് ബന്ധുമിത്രാദികൾക്കൊപ്പം താമസിക്കുന്ന സ്ഥലം രോഗങ്ങൾ മുതലായ അനർത്ഥങ്ങളിൽനിന്ന് മുക്തവും, ധാരാളം കാടുകളുള്ളതും, അതുപോലെ കാലികളെ വളർത്തുവാൻ യോഗ്യമായതുമല്ലേ?. എന്റെ മകൻ ബലദേവൻ അങ്ങയെ അച്ഛൻ എന്നായിരിക്കുമല്ലോ വിളിക്കുന്നതു. അങ്ങയുടെ ലാളനയിൽ അവൻ അമ്മയുടെ കൂടെ സുഖമായിരിക്കുന്നുവോ?. ഭ്രാതൃപുത്രാദികൾ ഒരിടത്ത് ഒത്തുകൂടി സസുഖം വാഴുമ്പോൾ ധർമ്മാർത്ഥകാമമോക്ഷങ്ങൾ പ്രയോജനപ്പെടുന്നു. മറിച്ച്, അവർ ദുഃഖിതരായിക്കുന്ന അവസ്ഥയിൽ അവകൊണ്ട് അവർക്ക് യാതൊരു പ്രയോജനവും ലഭിക്കുന്നില്ല.”
രാജൻ!, ഇത്രയും കേട്ട് വസുദേവരോട്
നന്ദഗോപർ പറഞ്ഞു: “അങ്ങയുടെ കാര്യമോർത്ത് ഞാൻ വല്ലാതെ ദുഃഖിക്കുന്നു. അങ്ങേയ്ക്ക് ദേവകിയിലുണ്ടായ
എത്രയോ പുത്രന്മാരെയാണ് കംസൻ കൊന്നുകളഞ്ഞതു!. ഒടുവിലുണ്ടായ ഒരു പെൺകുഞ്ഞ് കൂടി സ്വർഗ്ഗത്തെ
പ്രാപിച്ചു. എല്ലാവരും പ്രാരബ്ദവിധിക്ക് അധീനരാണു. മക്കളുണ്ടാകുന്നതും നഷ്ടപ്പെടുന്നതുമെല്ലാം
ആ വിധിക്കനുസരിച്ചാണു. വിധിതന്നെ എല്ലാം തീരുമാനിക്കുന്നു. ഈ സത്യം മനസ്സിലാക്കുന്നവർ
ഒരിക്കലും വിധിയിൽ ദുഃഖിക്കുകയില്ല.”
രാജാവേ!, അതുകേട്ട് വസുദേവർ പറഞ്ഞു: കംസന്ന് കപ്പം കൊടുത്തു; എന്നെ കാണുകയും ചെയ്തു. നന്ദഗോപരേ!, ഇനി കൂടുതൽ സമയം അങ്ങ് ഇവിടെ കഴിയാൻ പാടില്ല. അങ്ങ് തിരിച്ചുപൊയ്ക്കൊള്ളുക. ഗോകുലത്തിൽ ഞാൻ അനേകം അനർത്ഥങ്ങൾ കാണുന്നു.”
ശ്രീശുകൻ പറഞ്ഞു: “അല്ലയോ മഹാരാജൻ!, ഇങ്ങനെ വസുദേവർ പറഞ്ഞതനുസരിച്ച് കൂടെ വന്ന മറ്റ് ഗോപന്മാർക്കൊപ്പം നന്ദഗോപൻ തങ്ങൾ വന്ന വണ്ടികളിൽ കയറി ഗോകുലത്തിലേക്ക് യാത്രതിരിച്ചു.”
ശ്രീമദ്ഭാഗവതം ദശമസ്കന്ധം അഞ്ചാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ