2019, നവംബർ 24, ഞായറാഴ്‌ച

9.4 നഭഗവംശവർണ്ണനവും അംബരീഷ ഉപാഖ്യാനവും.


ഓം

ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം‌ 4
(നഭഗവംശവർണ്ണനവും അംബരീഷ ഉപാഖ്യാനവും.)


ശ്രീശുകബ്രഹ്മർഷി പറഞ്ഞു: പരീക്ഷിത്തുരാജാവേ!, മനുവിന്റെ മറ്റൊരു പുത്രനായിരുന്നു നഭഗൻ. നഭഗന്റെ പുത്രൻ നാഭാഗൻ ഏറെ കാലത്തെ ഗുരുകുലവാസവും ബ്രഹ്മചര്യാനുഷ്ഠാനവും കഴിഞ്ഞു് ഒരുനാൾ സ്വഗൃഹത്തിലേക്കു് മടങ്ങിവന്നു. നഭഗന്റെ ഏറ്റവും ഒടുവിലത്തെ ഈ പുത്രൻ ഒരിക്കലും തിരികെ വരില്ലെന്ന ധാരണയിൽ അദ്ദേഹത്തിന്റെ സ്വത്തുക്കൾ മുഴുവനും മറ്റുള്ള പുത്രന്മാർ ഇതിനകം ഭാഗം ചെയ്തെടുത്തുകഴിഞ്ഞിരുന്നു. ആയതുകാരണം നാഭാഗനു് സഹോദരങ്ങൾ പിതാവിനെത്തന്നെ സ്വത്തായി പ്രദാനം ചെയ്തു. ഈ കാര്യം നാഭാഗൻ അച്ഛനോടു് പറഞ്ഞപ്പോൾ, പിതാവായ നഭഗൻ പുത്രനോടു് പറഞ്ഞു: കുഞ്ഞേ!, നിന്റെ സഹോദരങ്ങൾ നിന്നെ കബളിപ്പിക്കുകയാണു. ഞാൻ ഒരു ഉപഭോഗവസ്തുവല്ല. അതുകൊണ്ടുതന്നെ എനിക്കു് നിന്റെ സ്വത്തായി കൂടെ നിൽക്കുവാൻ കഴിയുകയുമില്ല. ആയതിനാൽ നീ അവരുടെ ഈ വ്യവസ്ഥ അതംഗീകരിക്കരുതു. മകനേ!, ഒരു കാര്യം കൂടി എനിക്കു് നിന്നോടു് പറയാനുണ്ടു. ഈ സമയം അംഗിരസ്സിന്റെ ഗോത്രത്തിലുള്ള ചില ഋഷികൾ ഒരു യാഗം നടത്തിക്കൊണ്ടിരിക്കുകയാണു. എന്നാൽ, ആറാം ദിവസമായപ്പോഴേക്കും അവർക്കതു് മുന്നോട്ടുകൊണ്ടുപോകുവാൻ പ്രാപ്തിയില്ലാതെ വിഷമിക്കുന്നു. ആയതിനാൽ നീ അവിടേയ്ക്കു് പോകുക. അവിടെ ചെന്നതിനുശേഷം, വിശ്വദേവന്മാരെ സംബന്ധിച്ച ഒന്നുരണ്ടു് ശ്ലോകങ്ങൾ അവരെ ചൊല്ലിക്കേൾപ്പിക്കുകയും ചെയ്യുക. അതുവഴി അവർ നിന്നിൽ സമ്പ്രീതരാകുകയും, യജ്ഞാനന്തരം അവർ സ്വർഗ്ഗത്തിലേക്കുപോകുന്ന സമയം അവശേഷിക്കുന്ന ധനത്തെ നിനക്കായി ദാനം ചെയ്യുകയും ചെയ്യും.

രാജൻ!, പിതാവിന്റെ ഉപദേശമനുസരിച്ചു് നാഭാഗൻ കാര്യങ്ങൾ നീക്കുകയും, അതുവഴി അംഗിരസ്സുകളുടെ സ്വത്തുകൾ അവനിൽ വന്നുചേരുകയും ചെയ്തു. പക്ഷേ, ആ സമയം അവിടെ കറുത്ത നിറമുള്ള ഒരു പുരുഷൻ ഉത്തരദിക്കിൽനിന്നും വന്നുചേരുകയും, യജ്ഞഭൂമിയിൽ അവശേഷിക്കുന്ന ധനത്തിന്റെ അവകാശി താനാണെന്നു് അവകാശപ്പെടുകയും ചെയ്തു. എന്നാൽ നാഭാഗനും വിട്ടുകൊടുത്തില്ല. പ്രസ്തുത സ്വത്തു് യജ്ഞശേഷം മുനിമാരാൽ തനിക്കു് ദത്തമായതാണെന്നു് നാഭാഗനും അഭിപ്രായപ്പെട്ടു. തർക്കം പരിഹരിക്കുന്നതിനായി മനുവിനെ സമീപിക്കാമെന്നും അദ്ദേഹത്തിന്റെ അഭിപ്രായമനുസരിച്ചു് കാര്യങ്ങൾ തീരുമാനിക്കാമെന്നും ആ കറുത്ത പുരുഷൻ നാഭാഗനോടു് പറഞ്ഞു. അതനുസരിച്ചു് അവർ നാഭാഗന്റെ മുത്തച്ഛനായ മനുവിനെ സമീപിക്കുകയും തർക്കം പരിഹരിച്ചുതരുവാൻ അപേക്ഷിക്കുകയും ചെയ്തു.

മനു പറഞ്ഞു: പണ്ടു്, ദക്ഷന്റെ യാഗശാലയിൽ വച്ചു് ഋഷിമാർ ചെയ്ത വിളംബരമനുസരിച്ചു് യജ്ഞഭൂമിയിൽ അവശേഷിക്കുന്ന യാതൊരു ധനവും രുദ്രഭഗവാന്റെ പ്രത്യേകാവകാശമാണു. അതുകൊണ്ടു് ഈ ധനം മഹാദേവനർഹതപ്പെട്ടതാകുന്നു. രാജൻ!, യജ്ഞാവശിഷ്ടത്തിനായിവന്ന ആ കറുത്ത പുരുഷൻ രുദ്രഭഗവാനാണെന്നു് മനസ്സിലാക്കിയ നാഭാഗൻ ആ ധനത്തെ ഭഗവാനു് സമർപ്പിച്ചുകൊണ്ടു് നമസ്ക്കരിച്ചു. മാത്രമല്ല, ആളറിയാതെയും സത്യമറിയാതെയും തർക്കിച്ചതിനു് മാപ്പപേക്ഷിക്കുകയും ചെയ്തു.

മഹാദേവൻ പറഞ്ഞു: ഹേ മഹാത്മാവേ!, അങ്ങയുടെ ധാർമ്മികബോധത്തിൽ സന്തുഷ്ടനായ ഞാൻ അങ്ങേയ്ക്കു് ശാശ്വതവും പരമവുമായ അദ്ധ്യാത്മജ്ഞാനത്തെ പ്രദാനം ചെയ്യുന്നുണ്ടു. കൂടാതെ യജ്ഞാവശിഷ്ടമായ ഈ ധനത്തേയും കൈക്കൊള്ളുക.

രാജൻ!, ഇങ്ങനെ പറഞ്ഞുകൊണ്ടു് മഹാദേവൻ അവിടെ നിന്നും തിരോധാനം ചെയ്തു. പരീക്ഷിത്തേ!, യാതൊരുവൻ ഈ നാഭാഗചരിതത്തെ സന്ധ്യാകാലങ്ങളിൽ അനുസ്മരിക്കുന്നുവോ, അവൻ ജ്ഞാനിയും മന്ത്രജ്ഞനുമായി ഭവിക്കുന്നതാണു. കൂടാതെ ആത്മജ്ഞാനത്തെയും പ്രാപിക്കുന്നതാണു.

പരീക്ഷിത്തേ!, ഈ നാഭാഗനിൽനിന്നുമായിരുന്നു പരമവിരക്തനും ഭഗവദ്ഭക്തോത്തമനുമായ അംബരീഷമഹാരാജാവു് ജനിച്ചതു. ബ്രാഹ്മണശാപം പോലും ഏൽക്കാത്തത്ര ഭഗവദ്ഭക്തനും സുകൃതിയുമായിരുന്നു അംബരീഷൻ.

പരീക്ഷിത്തു് പറഞ്ഞു: അല്ലയോ ബ്രഹ്മജ്ഞാ!, ബ്രാഹ്മണശാപം പോലും ഏൽക്കാത്ത ആ രാജർഷിയുടെ ചരിതം കേൾക്കുവാൻ അടിയൻ ആഗ്രഹിക്കുന്നു.

ശ്രീശുകൻ പറഞ്ഞു: അല്ലയോ രാജാവേ!, ഏഴു് ദ്വീപുകളുടേയും അളവറ്റ സമ്പത്തിന്റേയും അനുപമമായ ഐശ്വര്യത്തിന്റേയും ഉടമയായിരുന്നിട്ടുകൂടി അവയിൽ മോഹിതനായി അംബരീഷൻ അന്ധകാരത്തിലേക്കാണ്ടുപോകാതെ ദുഷ്പ്രാപ്യമായ ആ സർവ്വൈശ്വര്യങ്ങളെ സ്വപനമെന്നോണം കണ്ടറിഞ്ഞു് ബോധവാനായി ജീവിച്ചുവന്നു. കൂടാതെ, അദ്ദേഹം ശ്രീവാസുദേവനിലും തന്തിരുവടിയുടെ ഭക്തന്മാരിലും അത്യന്തം ഭക്തിയുള്ളവനുമായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ, ഭൌതികൈശ്വര്യങ്ങഅദ്ദേഹത്തിനു് മൺകട്ടയെന്നതുപോലെ തുച്ഛമായി കാണാൻ സാധിച്ചു. മനസ്സിനെ ശ്രീകൃഷ്ണപരമാത്മാവിലർപ്പിച്ചുകൊണ്ടു്, വാക്കുകളെ ഭഗവാന്റെ ഗുണഗാനങ്ങൾ പാടുവാനും, കൈകളെ അവന്റെ അമ്പലങ്ങളെ വൃത്തിയാക്കുവാനായും, കാതിനെ അവന്റെ അവതാരകഥകളെ കേൾക്കുന്നതിനായും, കണ്ണുകളെ ഭഗവദ്ദർശനത്തിനായും, സ്പർശനത്തെ തന്തിരുവടിയുടെ ഭക്തന്മാരെ സേവിക്കുന്നതിനായും ഘ്രാണേന്ദ്രിയത്തെ ഭഗവദ്പാദാരവിന്ദത്തിൽ വീണുകിടക്കുന്ന തുളസീദളങ്ങളുടെ ഗന്ധമാസ്വദിക്കുന്നതിനായും, നാവിനെ ഭഗവദ്പ്രസാദം രുചിക്കുന്നതിനായും, പാദങ്ങളെ ശ്രീഹരിയുടെ ക്ഷേത്രസന്ദർശനത്തിനായും, ശിരസ്സിനെ ഭഗവദ്പാദം വീണുവണങ്ങുന്നതിനായും, ആഗ്രഹം ഭഗവദ്സേവ മാത്രമായും അദ്ദേഹം വിനിയോഗിച്ചു. വിഷയാഭിലാഷം അദ്ദേഹത്തിൽ ഒട്ടുംതന്നെയുണ്ടായിരുന്നില്ല. തന്റെ ജീവിതം ഭഗവദ്ദാസന്മാരുടെ ദാസവൃത്തി ചെയ്തുകൊണ്ടു് അംബരീഷൻ ജീവിച്ചുപോന്നു. വിഷ്ണുഭഗവാനിൽ സർവ്വാത്മഭാവനയോടുകൂടി കർമ്മങ്ങളെ ആ പാദാരവിന്ദങ്ങളിലർപ്പിച്ചുകൊണ്ടു് എപ്പോഴും ഭഗവന്നിഷ്ഠരായ ബ്രാഹ്മണരാൽ ഉപദിഷ്ടനായി അദ്ദേഹം ഈ ഭൂമിയെ പരിപാലിച്ചു. രാജാവേ!, ഒരിക്കൻ അംബരീഷൻ സരസ്വതീനദിയുടെ തീരത്തു് യജ്ഞേശ്വരനായ ഭഗവാൻ മഹാവിഷ്ണുവിനെ, തന്റെ സകലൈശ്വര്യങ്ങളുമുപയോഗിച്ചുകൊണ്ടു്, വസിഷ്ഠൻ, ഗൌതമൻ, അസിതൻ മുതലായ മുനിമാരുടെ ഉപദേശാനുഗ്രഹാശ്ശിസ്സുകളാടെ അശ്വമേധംയാഗം കൊണ്ടാരാധിക്കുകയുണ്ടായി. സദസ്സിലുണ്ടായിരുന്നവരും, ഋത്വിക്കുകളും, മറ്റുജനങ്ങളുമെല്ലാം വിശിഷ്ടമായി വസ്ത്രധാരണം ചെയ്തു് അംബരീഷന്റെ യാഗശാലയിലെത്തി വളരെയധികം ഔത്സുക്യത്തോടെ ദേവതുല്യരായി ആ യജ്ഞത്തിൽ പങ്കെടുത്തു. അവർപോലും ഭഗവാന്റെ ലീലാചരിതകഥനശ്രവണങ്ങളൊഴികെ മറ്റൊന്നിലും മനസ്സു് വച്ചവരായിരുന്നില്ല. നിഷ്കാമഭക്തന്മാരായി ഭഗവാനെ മനസ്സിന്റെ തടവറയിൽ പിടിച്ചുവച്ചിരിക്കുന്ന അവരുടെ ഹൃദയങ്ങളെ, യോഗികൾ സദാ ശ്രമിച്ചുകൊണ്ടിരിക്കുന്നതും അതിദുർല്ലഭവുമായ, മോക്ഷം പോലും പ്രലോഭിപ്പിച്ചിരുന്നില്ല. അംബരീഷൻ ഭക്തിയിലൂടെയും തപസ്സിലൂടെയും ധർമ്മത്തിലൂടെയും ഭഗവാനെ പ്രസാദിപ്പിച്ചുകൊണ്ടു് തന്നിലെ സകല ആസക്തികളേയും എന്നെന്നേയ്ക്കുമായി ഉപേക്ഷിച്ചു. പുത്രമിത്രദാരബന്ധുക്കളിലും രാജകീയമായ സകലൈശ്വര്യങ്ങളിലും വേഷഭൂഷാദികളിലും അളവറ്റ ധനത്തിലുമെല്ലാം നിസ്പൃഹനായി അംബരീഷമഹാരാജാവു് ജീവിച്ചുപോന്നു. അദ്ദേഹത്തിന്റെ ഭക്തിനിഷ്ഠയിൽ സമ്പ്രീതനായ ശ്രീഹരി സകല പ്രതികൂലാവസ്ഥകളിലും നിർഭയത്വം പ്രദാനം ചെയ്യുന്നതും, ഏതവസ്ഥയിലും സർവ്വസുരക്ഷയരുളുന്നതുമായ തന്റെ സുദർശനചക്രത്തെ അംബരീഷരാജാവിനു് കൊടുത്തനുഗ്രഹിച്ചിരുന്നു.

അല്ലയോ രാജാവേ!, ഒരിക്കൽ, അംബരീഷൻ വിഷ്ണുഭഗവാനെ ആരാധിക്കുവാനായി രാജ്ഞിയോടുകൂടി ഇരുവരും ഉത്സുകിതരായി ഒരുവർഷക്കാലം നീണ്ടുനിൽക്കുന്ന ഏകാദശീവ്രതം ധരിക്കുവാൻ തീരുമാനിച്ചു. വ്രതം അവസാനിക്കുന്ന ഒരു വൃശ്ചികമാസത്തിൽ മൂന്നുദിവസം ഉപവാസമനുഷ്ഠിച്ചു് കാളിന്ദീനദിയിൽ സ്നാനം ചെയ്തു് മധുവനത്തിൽ വച്ചു് സർവ്വോപാധികളോടുംകൂടി അവർ ശ്രീഹരിയെ ആരാധിച്ചു. കൂടാതെ, ബ്രാഹ്മണോത്തമന്മാരേയും ആദരിച്ചുപൂജിച്ചു. അറുപതിനായിരം കോടി പശുക്കളെ അദ്ദേഹം ആ അവസരത്തിൽ ബ്രാഹ്മണോത്തമന്മാർക്കു് ദാനം നൽകി. അവരുടെ കാൽ കഴുകിച്ചൂട്ടി സകല ആഗ്രഹങ്ങളും നിവർത്തിച്ചതിനുശേഷം അംബരീഷമഹാരാജാവു് വ്രതസമാപ്തിവരുത്തുന്ന പാരണയ്ക്കായി ആരംഭിച്ച സമയം ആദരണീയനായ ദുർവ്വാസാവെന്ന മഹാമുനി കൊട്ടാരത്തിൽ അദ്ദേഹത്തിന്റെ അഥിതിയായി എത്തി. രാജാവു് അദ്ദേഹത്തെ എഴുന്നേറ്റുചെന്നു് സ്വാഗതം ചെയ്തുപവിഷ്ടനാക്കിയതിനുശേഷം, അർഘ്യപാദ്യാദികൾകൊണ്ടർച്ചിച്ചു. തുടർന്നു, ആ തൃക്കാലടിയെ വണങ്ങിനിന്നുകൊണ്ടു് ഭക്ഷണം കഴിക്കുവാനായി ദുർവ്വാസാവുമഹർഷിയെ ക്ഷണിച്ചു. ദുർവ്വാസാവു് ആ ക്ഷണം സ്വീകരിച്ചെങ്കിലും, അതിനുമുമ്പു് ചെയ്യേണ്ടതായ മധ്യാഹ്നികർമ്മത്തെ നിർവ്വഹിക്കുവാനായി കാളിന്ദീനദിയിലെ പാവനജലത്തിൽ ഈശ്വരധ്യാനത്തോടെ മുങ്ങിക്കിടന്നു. പാരണയ്ക്കുള്ള മുഹൂർത്തസമയമായിട്ടും മഹർഷിയെ കാണാതായപ്പോൾ വേണ്ടതു് തീരുമാനിക്കുവാനായി അംബരീഷൻ ബ്രാഹ്മണന്മാരുമായി കൂടിയാലോചിച്ചു. ബ്രാഹ്മണനെ അവഗണിക്കുന്നതും ദോഷമാണു. എന്നാൽ, കൃത്യസമയത്തു് പാരണ കഴിച്ചില്ലെങ്കിലും ദോഷം തന്നെ ഭവിക്കും. അങ്ങനെയുള്ളപ്പോൾ എന്തു് ചെയ്യുന്നതാണു് ഉചിതമെന്നുള്ള കാര്യത്തിൽ അദ്ദേഹം ആശങ്കാകുലനായി. ജലപാനത്തെ യഥോചിതം ഭക്ഷണമായിട്ടും അല്ലാതെയും കണക്കാക്കാമെന്നു് പണ്ഡിതമതമുണ്ടെന്നും, ആയതിനാൽ അല്പം ജലം കുടിച്ചുകൊണ്ടു് മുഹൂർത്തം കഴിയുന്നതിനുമുമ്പുതന്നെ വ്രതം അവസാനിപ്പിക്കാമെന്നും, ആ ബ്രാഹ്മണശ്രേഷ്ഠന്മാർ രാജാവിനെ ഉപദേശിച്ചു. അല്ലയോ രാജൻ!, ഇങ്ങനെ തീരുമാനിച്ചുകൊണ്ടു് അംബരീഷൻ ഭഗവാനെ മനസ്സിൽ കണ്ടു് അല്പം ജലം കുടിച്ചു് പാരണ കഴിച്ചതിനുശേഷം ദുർവ്വാസാവിന്റെ വരവും കാത്തിരിക്കുകയായി

കുറച്ചുകഴിഞ്ഞു് മഹർഷി യാമുനാതീരത്തുനിന്നും മടങ്ങിയെത്തി. അംബരീഷൻ അദ്ദേഹത്തെ പ്രണമിച്ചു. എങ്കിലും, രാജാവു് ജലപാനം ചെയ്തു് പാരണചെയ്തകാര്യം മഹർഷി ജ്ഞാനദൃഷ്ട്യാ മനസ്സിലാക്കിക്കഴിഞ്ഞിരുന്നു. രാജാവേ!, കോപംകൊണ്ടു് വിറയ്ക്കുന്ന ശരീരത്തോടുകൂടിയവനായ ദുർവ്വാസാവു് ക്രുദ്ധനായിക്കൊണ്ടു് തൊഴുകൈയ്യോടെ നിൽക്കുന്ന അംബരീഷനോടു് പറഞ്ഞു: അഹോ!, മനുഷ്യദ്വേഷിയും, ഐശ്യരത്താൽ മത്തുപിടിച്ചവനും, ഭഗവദ്വേഷിയും, സ്വയം ഈശ്വരനാണെന്നഭിമാനിക്കുന്നവനുമായ ഇവന്റെ പ്രവൃത്തിയെ കാണുവിൻ!. അതിഥിയായി വന്ന നമ്മെ ആതിഥ്യം സ്വീകരിക്കുവാൻ ക്ഷണിക്കുകയും, അതിഥിയെ ഊട്ടാതെ സ്വയം ഉണ്ണുകയും ചെയ്ത നിനക്കു് ഈ അപരാധത്തിന്റെ ശിക്ഷ ഇപ്പോൾത്തന്നെ നാം നൽകുന്നതാണു. കോപത്താൽ ജ്വലിച്ചുനിൽക്കുന്ന ദുർവ്വാസാവുമഹർഷി, അംബരീഷരാജാവിന്റെ നേർക്കയയ്ക്കുവാനായി, തന്റെ ജടയിൽനിന്നും ഏതാനും മുടിയിഴകൾ പറിച്ചെടുത്തു് അതിൽനിന്നും ഒരു കൃത്യയെ ഉണ്ടാക്കി. കൈയ്യിൽ വാളുമേന്തി കത്തിജ്വലിച്ചുകൊണ്ടു് കാൽവയ്പ്പിൽ ഭൂമിയെ പ്രകമ്പനം കൊള്ളിച്ചുകൊണ്ടു് ആ കൃത്യ അംബരീഷരാജന്റെനേർക്കു് പാഞ്ഞടുത്തു. എന്നാൽ, രാജാവാകട്ടെ, യാതൊരു ചലനവും കൂടാതെ നിന്നിടത്തുതന്നെ നിൽക്കുകയായി. രാജാവേ!, പെട്ടന്നു് ഭഗവാനിൽനിന്നും നേരത്തെതന്നെ അംബരീഷനു് ലബ്ധമായിട്ടുള്ള സുദർശനചക്രം, ചീറിയടുക്കുന്ന സർപ്പത്തെ അഗ്നിയെന്നതുപോലെ, ആ കൃത്യയെ ഉടനടി ദഹിപ്പിച്ചുകളഞ്ഞു. രാജൻ!, പിന്നീടാചക്രം മഹർഷിയ്ക്കുനേരേ പാഞ്ഞടുത്തു. ചക്രത്തിന്റെ വരവു് കണ്ടു് ഭയന്നുപോയ ദുർവ്വാസാവു് പ്രാണരക്ഷാർത്ഥം നാനാദിക്കുകളിലേക്കും പരക്കം പാഞ്ഞുതുടങ്ങി. കത്തിജ്ജ്വലിക്കുന്ന ഭഗവദ്ചക്രം ദുർവ്വാസാവിനു പിന്നാലെ കൂടി. ആ സമയം മഹർഷി മേരുപർവ്വതത്തെ ലക്ഷ്യമാക്കി ഓടി. അദ്ദേഹം ആകാശത്തിലൂടെയും, ഭൂമിയിലൂടെയും, അധോലോകങ്ങളിലൂടെയും, സമുദ്രങ്ങളിലൂടെയും, സ്വർഗ്ഗത്തിലൂടെയും എങ്ങോട്ടെന്നില്ലതെ പാഞ്ഞു. പക്ഷേ എവിടേയ്ക്കൊക്കെ ഓടിയിട്ടും ദുസ്സഹമായ തേജസ്സുള്ള ആ ചക്രം തന്റെ പിന്നാലെതന്നെയുള്ളതായി ദുർവ്വാസാവിനു് മനസ്സിലായി. എങ്ങുനിന്നും ആരും സഹായിക്കാനില്ലാതെയായപ്പോൾ ഭീതി മുഴുത്ത ദുർവ്വാസാവു് ബ്രഹ്മദേവനെ ശരണം പ്രാപിച്ചുകൊണ്ടു് പറഞ്ഞു: അല്ലയോ വിധാതാവേ!, വിഷ്ണുഭഗവാന്റെ തേജസ്സെഴുന്ന ഈ ചക്രത്തിൽനിന്നും എന്നെ രക്ഷിച്ചരുളിയാലും!.

രാജൻ!, ഭയന്നുവിറച്ചുനിൽക്കുന്ന ദുർവ്വാസാവിനെക്കണ്ടു് ഭഗവാൻ ബ്രഹ്മദേവൻ പറഞ്ഞു: മഹർഷേ!, രണ്ടു് പരാർദ്ധങ്ങൾ അവസാനിക്കുന്ന സമയം ഭഗവാൻ ശ്രീഹരിയുടെ ലീലകളും അവസാനിക്കുന്നു. അപ്പോൾ, എന്നോടൊപ്പം സമസ്തലോകങ്ങളും കാലസ്വരൂപനായ ആ ഭഗവാന്റെ പുരികക്കൊടിയുടെ ചലനമാത്രത്താൽ അപ്രത്യക്ഷമാകുന്നു. ഞാനും മഹാദേവനും ദക്ഷൻ, ഭൃഗു മുതലായവരും ഇന്ദ്രാദി സകലദേവതകളും ആ പരമപുരുഷന്റെ ആജ്ഞയെ ശിരസ്സാവഹിച്ചുകൊണ്ടു് ലോകക്ഷേമത്തിനായിക്കൊണ്ടു് സ്വധർമ്മങ്ങളനുഷ്ഠിക്കുന്നവരാണു. അവന്റെ ഭക്തനെ വേദനിപ്പിക്കുവാൻ ശ്രമിച്ച അങ്ങയെ രക്ഷിക്കുവാൻ എനിക്കു് കഴിയുകയില്ല.

രാജൻ!, ബ്രഹ്മദേവനിൽ അഭയം കിട്ടാതെ ദുർവ്വാസ്സാവുമഹർഷി അവിടെനിന്നും വിടവാങ്ങി കൈലാസത്തിൽ ചെന്നു് മഹാദേവനെ കണ്ടു. കണ്ട മാത്രയിൽത്തന്നെ ഭഗവാൻ പറഞ്ഞു: വത്സാ!, സകലബ്രഹ്മാണ്ഡങ്ങളും അവയിലെ സകലചരാചരങ്ങളും ഭഗവാൻ ശ്രീഹരിയുടെ ഇച്ഛയാൽ കല്പാദിയിൽ സംഭവിക്കുകയും കല്പാന്തത്തിൽ ഇല്ലാതാകുകയും ചെയ്യുന്നു. അങ്ങനെയുള്ള ആ പരമപുരുഷന്റെ ശക്തിയ്ക്കുമുന്നിൽ ഞങ്ങൾ നിഷ്പ്രഭരാണു. ഞങ്ങളെല്ലാം സത്യത്തെ തിരിച്ചറിഞ്ഞവരാണെങ്കിൽപോലും അവന്റെ മായാശക്തിയാൽ ആവരണം ചെയ്യപ്പെട്ടുകഴിയുകയാണു. അനന്തകോടി ബ്രഹ്മാണ്ഡങ്ങളുടെ ഏക ഈശ്വരനായ അവന്റെ ഈ ചക്രായുധത്തെ തടയുവാനോ ചെറുക്കുവാനോ ഞങ്ങൾ പ്രാപ്തരല്ല. അതുകൊണ്ടു്, കുഞ്ഞേ!, നീ ശ്രീഹരിയെ തന്നെ ശരണം പ്രാപിക്കുക. അവൻ നിന്നെ രക്ഷിച്ചുകൊള്ളും.

രാജാവേ!, അവിടെനിന്നും ആശ നശിച്ച ദുർവ്വാസ്സാവു് ശ്രീഹരിയുടെ ധാമത്തിലേക്കു് പോയി. ഭഗവദ്ചക്രത്തിന്റെ അത്യുജ്ജ്വലതേജസ്സാൽ തപിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹം കിടുകിടെ വിറച്ചുകൊണ്ടു് ആ തൃക്കാലടികളിൽ വീണു വിലപിച്ചു: ഹേ അച്യുത!, ഹേ അനന്ത!, സത്തുക്കളുടെ ധനമായുള്ളവനേ!, ഹേ വിശ്വഭാവനാ!, പ്രഭോ!, അടിയന്റെ അപരാധം പൊറുത്തരുളേണമേ!. അങ്ങയുടെ പ്രഭാവത്തെ അറിയാതെ അവിടുത്തെ ഭക്തനെ ഞാൻ ദുഃഖിപ്പിച്ചിരിക്കുന്നു. അല്ലയോ വിധാതാവേ!, ആയതിനുള്ള പ്രായശ്ചിത്തം കല്പിച്ചരുളിയാലും. നിന്തിരുവടിയുടെ തിരുനാമോച്ചാരണത്താൽ നരകത്തിൽ വസിക്കുന്നവർ പോലും മുക്തരാകുമല്ലോ!. പ്രഭോ!, അടിയനെ രക്ഷിച്ചാലും.

രാജൻ!, ദുർവ്വാസ്സാവിന്റെ ആ ദുർഗ്ഗതിയെ കണ്ടു് ഭഗവാൻ ശ്രീഹരി അരുളിച്ചെയ്തു: ഹേ ബ്രാഹ്മണാ!, ഞാൻ എന്റെ ഭക്തന്മാരുടെ അടിമയും, ആയതിനാൽത്തന്നെ അസ്വതന്ത്രനുമാണു. എന്റെ ഹൃദയത്തെ എന്റെ ഭക്തന്മാർ ഗ്രസിച്ചിരിക്കുകയാണു. എനിക്കു് പ്രിയമായുള്ളതു് എന്റെ ഭക്തന്മാർ മാത്രമാണു. എന്നിൽ ആശ്രിതരായിരിക്കുന്ന എന്റെ ഭക്തന്മാരെ ഉപേക്ഷിച്ചു് ഞാൻ എന്നെയോ, ഒരിക്കലും സ്വയം എന്നെ വിട്ടുപിരിയാനാഗ്രഹിക്കാത്ത ലക്ഷ്മിയെത്തന്നെയോ ആഗ്രഹിക്കുന്നില്ല. ഭാര്യയേയും വീടിനേയും മക്കളേയും ധനത്തേയും സ്വന്തം ജീവനേയും ബന്ധുക്കളേയും ഇഹപരലോകങ്ങളേയുമൊക്കെയുപേക്ഷിച്ചു് എന്നെമാത്രം ശരണം പ്രാപിച്ചിരിക്കുന്ന അവരെ ഞാനെങ്ങനെയാണുപേക്ഷിക്കുക?. എന്നിൽ ഹൃദയമുറപ്പിച്ചുകൊണ്ടു് സമദർശികളായ ശുദ്ധന്മാർ, ഉത്തമരായ സ്ത്രീകൾ ഭർത്താവിനെ എന്നതുപോലെ, നിഷ്കാമഭക്തിയാൽ എന്നെ വശത്താക്കിവയ്ക്കുന്നു. എന്നെ സേവിക്കുന്നതുവഴി സാലോക്യം, സാമീപ്യം, സാരൂപ്യം, സായൂജ്യം എന്ന ചതുഷ്ടയംതന്നെ സാധിക്കുമെങ്കിലും, അവർ അവയൊന്നിലും മനസ്സുവയ്ക്കാതെ കേവലം എന്റെ സേവയിൽ വ്യാപൃതരാകുന്നു. അങ്ങനെയുള്ള അവർ എങ്ങനെയാണു് കാലത്താൽ ഇല്ലാതാകുന്ന സ്വർഗ്ഗാദി ഭോഗങ്ങളെ ആഗ്രഹിക്കുന്നതു?. അവർ എന്റെ ഹൃദയവും ഞാൻ അവരുടെ ഹൃദയവുമാകുന്നു. അവർ എന്നെയല്ലാതെ മറ്റൊന്നും അറിയുന്നില്ല. ആയതിനാൽ എനിക്കും അവരെയല്ലാതെ മറ്റൊന്നും അറിയുകയില്ല. അതുകൊണ്ടു്, അല്ലയോ വിപ്രാ!, ഞാൻ അങ്ങേയ്ക്കൊരുപായം പറഞ്ഞുതരാം. എന്തെന്നാൽ, രെ ദ്വേഷിച്ച കാരണത്താൽ അങ്ങേയ്ക്കിങ്ങനെ ഒരു ദുഃഖം സംഭവിച്ചുവോ, അങ്ങു് അയാളെത്തന്നെ സമീപിക്കുക. സത്തുക്കൾക്കുനേരേ ഉപയോഗിക്കുന്ന പ്രഹരം അതുപയോഗിക്കുന്നവനുതന്നെ അനർത്ഥമുണ്ടാക്കുന്നു. തപസ്സു!, ജ്ഞാനം മുതലായ കാര്യങ്ങൾ ബ്രാഹ്മണരെ സംബന്ധിച്ചിടത്തോളം മുക്തിയെ പ്രദാനം ചെയ്യുന്നവയാണു. എന്നാൽ വിനശൂന്യരായവർക്കു് അവ വിപരീതഫലമുളവാക്കുന്നു. അതുകൊണ്ടു് ഹേ ബ്രാഹ്മണാ!, അങ്ങു് പോയാലും. അംബരീഷനെ കണ്ടു് ക്ഷമ യാചിക്കുക. അതുവഴി അങ്ങയുടെ ഈ ദുഃഖത്തിനറുതിവരുന്നതാണു. അങ്ങേയ്ക്കു് നന്മ സംഭവിക്കട്ടെ!.


ശ്രീമദ്ഭാഗവതം നവമസ്കന്ധം നാലാമദ്ധ്യായം സമാപിച്ചു.


ഓം തത് സത്.


Previous    Next


The Histories of Nabhaga and King Ambarisha

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ