2019, നവംബർ 4, തിങ്കളാഴ്‌ച

8.21 ബലിബന്ധനം


ഓം

ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം അദ്ധ്യായം‌ 21
(ബലിബന്ധനം)



ശ്രീശുകബ്രഹ്മമഹർഷി പറഞ്ഞു: പരീക്ഷിത്തുരാജാവേ!, ഭഗവദ്പാദം മേലേക്കുയർന്നു സത്യലോകത്തിൽ വരെയെത്തിയതായി മുമ്പു് പറഞ്ഞുവല്ലോ. ചന്ദ്രബിംബസമാനമായ ആ തൃപ്പാദനഖങ്ങളുടെ പ്രകാശം ബ്രഹ്മദേവന്റെ സത്യലോകകാന്തിയെ ഇല്ലാതാക്കി. നിഷ്പ്രഭരായി ബ്രഹ്മദേവനും മരീചി മുതലായ മുനിമാരും, ഒപ്പം യോഗേശ്വരന്മാരായ സനന്ദാദികളും ഭഗവാനെ സമീപിച്ചു. വേദങ്ങളുടേയും, ഉപവേദങ്ങളുടേയും, യമനിയമങ്ങളുടേയും, തർക്കാദിമഹാശാസ്ത്രങ്ങൾ, ഇതിഹാസങ്ങൾ എന്നിവകളുടേയും അധിദേവതകളും, യോഗാഭ്യാസവായുവിനാൽ ഊതിജ്വലിപ്പിക്കപ്പെട്ട ജ്ഞാനാഗ്നികൊണ്ടു് പാപങ്ങളെ എരിച്ചുകളഞ്ഞിട്ടുള്ളവരും, ഭഗവദ്പാദാരവിന്ദഭക്തികൊണ്ടും, ഫലത്യക്തകർമ്മമാർഗ്ഗങ്ങളിലൂടെയും ബ്രഹ്മലോകത്തിലേക്കെത്തപ്പെട്ട സകലരും അവരോടൊപ്പം ഭഗവദ്ദർശനത്തിനായെത്തി ആ തൃപ്പാദത്തെ വണങ്ങിനിന്നു. ബ്രഹ്മദേവൻ തന്റെ സത്യലോകത്തിലേക്കുയർന്നുവന്നിരിക്കുന്ന പാദത്തെ അർഘ്യപാദ്യാദികളാൽ പൂജിച്ചതിനുശേഷം ശ്രീമഹാവിഷ്ണുവിനെ ഭക്തിയോടെ സ്തുതിച്ചുതുടങ്ങി. അല്ലയോ നരേന്ദ്രാ‍!, ബ്രഹ്മദേവന്റെ കമണ്ഡലുവിൽനിന്നും ഭഗവദ്പാദത്തിലേക്കൊഴിച്ച ആ തീർത്ഥജലം ആ പാദസ്പർശനത്താൽ പവിത്രമായി സ്വർല്ലോകഗംഗയായിത്തീർന്നു. ഭഗവദ്കീർത്തിപോലെതന്നെ മഹത്വമേറിയ ആ അകാശഗംഗയാകട്ടെ, അവിടെനിന്നും താഴേക്കുപതിച്ചുകൊണ്ട് മൂലോകങ്ങളേയും പരിശുദ്ധമാക്കുന്നു.

രാജൻ!, പിന്നീടു്, ഭഗവാൻ വിരാട്രൂപത്തെ ഉപസംഹരിച്ചുകൊണ്ടു് വാമനമൂർത്തിയുടെ പൂർവ്വഭാവത്തിൽ അവർക്കുമുന്നിൽ നിന്നരുളി. ബ്രഹ്മാദിദേവതകൾ തങ്ങളുടെ സ്വാമിയ്ക്കായി അർഘ്യപാദ്യാദി ഉപചാരങ്ങൾ ചെയ്തു. തുടർന്നു്, ഭഗന്മഹിമകളെ സ്തുതിച്ചുകൊണ്ടുള്ള സ്തോത്രങ്ങളാലും, ജയശബ്ദങ്ങളാലും, നൃത്യം, വാദ്യം, ഗീതം മുതലായവകളാലും, ശംഖം, പെരുമ്പറ എന്നിവയുടെ ആരവങ്ങളാലും അവർ ഭഗവാനെ ആരാധിച്ചു. മനസ്സിന്റെ വേഗതയുള്ള ഋക്ഷരാജാവായ ജാംബവാൻ പെരുമ്പറ മുഴക്കിക്കൊണ്ടു് വാമനവിജയോത്സവത്തെ നാനാദിക്കുകളിലും കൊട്ടിയറിയിച്ചു.

രാജൻ!, എന്നാൽ, മറുവശത്തു്, തങ്ങളുടെ യജമാനന്റെ സമ്പത്തിനെ മുഴുവൻ കപടവടുവിന്റെ വേഷത്തിൽ വന്ന വിഷ്ണുഭഗവാൻ മൂന്നടി മണ്ണെന്ന വ്യാജേന തട്ടിയെടുത്തിലുണ്ടായ അമർഷത്താലും കോപത്താലും അസുരന്മാർ അന്യോന്യം ഇപ്രകാരം പറഞ്ഞു: ഇവൻ ഒരിക്കലും ഒരു ബ്രാഹ്മണനാകാൻ വഴിയില്ല. തീർച്ചയായും ഇവൻ മഹാമായാവിയായ വിഷ്ണുവാണു. ബ്രാഹ്മണന്റെ വേഷത്തിൽ ദേവന്മാരുടെ ഉദ്ദിഷ്ടകാര്യത്തെ നിറവേറ്റാൻ വന്നിരിക്കുകയാണു. ബ്രഹ്മചാരിയുടെ രൂപത്തിൽ വന്ന ഈ ശത്രു യജ്ഞത്തിൽ ദീക്ഷിതനായിരിക്കുന്ന നമ്മുടെ യജമാനൻ ദണ്ഡോപായം പരിത്യജിച്ചിരിക്കുന്നതറിഞ്ഞുകൊണ്ടു് അദ്ദേഹത്തിന്റെ സർവ്വസ്വവും അപഹരിച്ചുകഴിഞ്ഞു. എന്തുചെയ്യാം!, നമ്മുടെ സ്വാമി സദാ സത്യനിഷ്ഠയുള്ളവനാണു. വിശേഷിച്ചു്, ഇപ്പോൾ യജ്ഞദീക്ഷകൊണ്ടിരിക്കുന്നതുകൊണ്ടും, ബ്രാഹ്മണരിൽ അകമഴിഞ്ഞ ഭക്തിയുള്ളവനായതുകൊണ്ടും, പ്രാണികളിൽ കാരുണ്യമുള്ളതുകൊണ്ടും അദ്ദേഹത്തിനു് അസത്യം പറയുവാൻ കഴിയില്ലല്ലോ!. ആയതിനാൽ, ഇവനെ കൊന്നു് നമ്മുടെ യജമാനനെ രക്ഷിക്കുക എന്നുള്ളതു് ഇപ്പോൾ നമ്മുടെ കടമയാണു.

ശ്രീശുകൻ തുടർന്നു: രാജൻ!, ഇങ്ങനെ പറഞ്ഞുകൊണ്ടു് മഹാബലിയുടെ അനുചരന്മാർ ഭഗവാനെ വധിക്കുവാനായി ആയുധങ്ങൾ കൈയ്യിലെടുത്തു. തുടർന്നു്, മഹാബലിയുടെ ഇച്ഛകൂടാതെതന്നെ അവർ ശൂലം, പട്ടിശം എന്നിങ്ങനെയുള്ള ആയുധങ്ങളുമായി വാമനമൂർത്തിയെ വധിക്കുവാനായി പാഞ്ഞുചെന്നു. രാജാവേ!, അതുകണ്ട വിഷ്ണുവിന്റെ അനുചരന്മാർ പൊട്ടിച്ചിരിച്ചുകൊണ്ടു് അവരെ തടഞ്ഞു. നന്ദനൻ, സുനന്ദൻ, ജയൻ, വിജയൻ, പ്രബലൻ, ബലൻ, കുമുദൻ, കുമുദാക്ഷൻ, വിഷ്വൿസേനൻ, ഗരുഡൻ, ജയന്തൻ, ശ്രുതദേവൻ, പുഷ്പദന്തൻ, സാത്വതൻ മുതലായവരായ പതിനായിരക്കണക്കിനാനകളുടെ കരുത്തുള്ള വിഷ്ണുപാർഷദന്മാർ ആ അസുരസൈന്യത്തെ വകവരുത്തി. തന്റെ സൈന്യങ്ങൾ ഒന്നൊന്നായി നശിക്കുന്നതുകണ്ട മഹാബലി ശുക്രാചാര്യരുടെ ശാപവചനങ്ങളെയോർത്തുകൊണ്ട് അവരെ യുദ്ധത്തിൽനിന്നും പിന്തിരിപ്പിച്ചു.

മഹാബലി പറഞ്ഞു: അല്ലയോ വിപ്രചിത്തി!, ഹേ രാഹു!, അല്ലയോ നേമി!, യുദ്ധം ചെയ്യരുതു. നിങ്ങൾ ഞാൻ പറയുന്നതനുസരിച്ചു് യുദ്ധത്തിൽനിന്നും പിന്മാറുക. ഇപ്പോഴുള്ള കാലം നമുക്കുചിതല്ല. അസുരന്മാരേ!, സകലഭൂതങ്ങൾക്കും സുഖത്തേയും ദുഃഖത്തേയും പ്രദാനം ചെയ്യാൻ കഴിവുള്ള ആ കാലത്തിനെ പ്രയത്നങ്ങൾകൊണ്ടു് ജയിക്കുവാൻ പുരുഷർക്കു് കഴിയുകയില്ല. പണ്ടു് നമ്മുടെ ഉയർച്ചയ്ക്കും ദേവന്മാരുടെ തളർച്ചയ്ക്കും കാരണക്കാരനായതും, ഇന്നു് അതിനു് വിപരീതമായി പ്രവർത്തിക്കുന്നതും കാലസ്വരൂപനായ ആ ഭഗവാൻതന്നെയാണു. സൈന്യങ്ങൾക്കോ, മന്ത്രിമാർക്കോ, ബുദ്ധിശക്തിക്കോ, ഉറപ്പുള്ള കോട്ടമതിലുകൾക്കോ, മന്ത്രങ്ങൾക്കോ, മരുന്നുകൾക്കോ, മറ്റു് യാതൊരുപായങ്ങൾക്കുമോ അവന്റെ കാലശക്തിയെ അതിലംഘിക്കുവാൻ സാധ്യമല്ലെന്നുള്ളതിൽ സംശയമില്ല. ഒരിക്കൽ, കാലപുരുഷൻ നമ്മുടെകൂടെയായിരുന്നപ്പോൾ നമ്മൾ ഈ വിഷ്ണുവിന്റെ കിങ്കരന്മാരെ പലവട്ടം തോൽപ്പിച്ചാതാണല്ലോ!. എന്നാൽ, ഇന്നാകട്ടെ, അവർ നമ്മളെ യുദ്ധത്തിൽ തോൽപ്പിച്ചുകൊണ്ടു് അട്ടഹസിക്കുന്നതു നോക്കൂ!. കാലം പിന്നീടൊരിക്കൽ നമുക്കനുകൂലമാകുമ്പോൾ നമ്മൾ വീണ്ടും അവരെ തോൽപ്പിക്കുന്നതാണു. അതുകൊണ്ടു്, ഉചിതമായ കാലത്തിനുവേണ്ടി നമുക്കു് കാത്തിരിക്കാം.

ശ്രീശുകൻ പറഞ്ഞു: രാജൻ!, മഹാബലിയുടെ ഇപ്രകാരമുള്ള ഉപദേശങ്ങളെ ശിരസ്സാവഹിച്ചുകൊണ്ടു് അസുരന്മാർ പാതാളലോകത്തിലേക്കു് പോയി. ഭഗവാന്റെ ഇംഗിതത്തെ മനസ്സിലാക്കിയ ഗരുഡൻ, യജ്ഞാവാസാനത്തിൽ സോമപാനം ചെയ്യുന്നതായ ആ ദിവസം, മഹാബലിയെ വരുണപാശത്തിൽ ബന്ധനസ്ഥനാക്കി. ആ സമയം, ഭൂമിയിലും ആകാശത്തിലുമെല്ലാം ഹാഹാകാരശബ്ദത്തോടുകൂടിയ കൂട്ടനിലവിളി ഉയർന്നു. അല്ലയോ നൃപാ!, അങ്ങനെ, ബന്ധിക്കപ്പെട്ടു് തന്റെ മുന്നിൽ നിൽക്കുന്ന, ഐശ്വര്യം നഷ്ടപ്പെട്ടവനും ഉദാരശീലന്മാരുടെ ചൂഢാമണിയുമായ മഹാബലിയോടു് ഭഗവാൻ വാമനമൂർത്തി അരുളിച്ചെയ്തു: അല്ലയോ അസുരാ!, ഞാൻ ചോദിച്ച മൂന്നടി പ്രദേശം അങ്ങയുടെ വാക്കിനാൽ എനിക്കു് ലബ്ധമായിരിക്കുന്നു. ഒന്നും രണ്ടും അടിവയ്പ്പിനാൽ ഭൂമിയടക്കം സർവ്വതും ഞാൻ അളന്നെടുത്തിരിക്കുകയാണു. ഇനി അങ്ങു് മൂന്നാമത്തേതിനായുള്ളതു് നിർദ്ദേശിച്ചാലും!. സൂര്യന്റെ കിരണങ്ങളെത്തുന്നതായും, ചന്ദ്രൻ നക്ഷത്രങ്ങളോടൊപ്പം പ്രകാശ പരത്തുന്നതായും, മേഘം മഴ ചൊരിയുന്നതുമായുള്ള യാതൊരിടമുണ്ടായിരുന്നുവോ, അതെല്ലാം അങ്ങയുടേതായിരുന്നു. ഇപ്പോൾ അങ്ങു് നോക്കിനിൽക്കെത്തന്നെ ഞാൻ ഒന്നാമത്തെയടിവയ്പ്പിൽ ഭൂലോകവും, ശരീരവ്യാപ്തിയാൽ സർവ്വദിശകളും, രണ്ടാമത്തെയടിവയ്പ്പാൽ സ്വർഗ്ഗവും സ്വന്തമാക്കിക്കഴിഞ്ഞു. മൂന്നടിയും പൂർണ്ണമായി നൽകാമെന്നു് ഏറ്റുപറഞ്ഞതിനുശേഷം അതിനുകഴിയാതിരിക്കുന്ന അങ്ങു് നരകവാസത്തിനു് യോഗ്യനായിരിക്കുന്നു. അതുകൊണ്ടു്, ഗുരുവിന്റെ ആജ്ഞയെ വരിച്ചുകൊണ്ടു് വിധിപ്രകാരം നരകത്തിലേക്കു് പൊയ്ക്കൊള്ളുക. കൊടുക്കാമെന്നു് പറഞ്ഞതിനെ കൊടുക്കാതെ യാചകനെ കബളിക്കുന്ന അങ്ങയെപ്പോലുള്ളവരുടെ മനോരഥം ഒരിക്കലും സാധ്യമാകുകയില്ല. സ്വർഗ്ഗം അങ്ങനെയുള്ളവർക്കു് അപ്രാപ്യമാകുകയും, പകരം അധോഗതി വന്നുചേരുകയും ചെയ്യുന്നു. ആഢ്യനാണെന്നഹങ്കരിച്ചുകൊണ്ടു് ഞാൻ തന്നുകൊള്ളം എന്നുപറഞ്ഞു് എന്നെപ്പോലും അങ്ങു് പറ്റിച്ചിരിക്കുകയാണു. ആയതുകൊണ്ടു്, വാക്കു് പാലിക്കുവാൻ സാധിക്കാതെ വന്നതിന്റെ ഫലമായി കുറച്ചുകാലം അങ്ങു് പോയി നരകദുഃഖത്തെ അനുഭവിക്കുക.



ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം ഇരുപത്തിയൊന്നാമദ്ധ്യായം സമാപിച്ചു.



ഓം തത് സത്.


Previous    Next







Bali Mahārāja Surrenders the Universe

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ