ഓം
ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം 5
(ദുർവ്വാസ്സാവുമഹർഷിയുടെ ദുഃഖനിവൃത്തി.)
ശ്രീശുകബ്രഹ്മർഷി പറഞ്ഞു: “അല്ലയോ പരീക്ഷിത്തേ!, ഭഗവദ്ചക്രത്തിന്റെ തേജസ്സിൽ തപ്തനായ ദുർവ്വാസ്സാവുമഹർഷി
ഹരിയുടെ ഉപദേശം സ്വീകരിച്ചുകൊണ്ടു് അംബരീഷമഹാരാജാവിന്റെ കാൽക്കൽ വീണു മാപ്പിരന്നു.
ദുർവ്വാസ്സാവു് തന്റെ കാൽ പിടിച്ചതിൽ അംബരീഷമഹാരാജാവിനു് സ്വയം ലജ്ജ തോന്നി. അദ്ദേഹം
കാരുണ്യത്താൽ മുനിയുടെ ദുഃഖനിവൃത്തിയ്ക്കായി ഭഗവദ്ചക്രത്തെ സ്വയം ഭഗവാനായിക്കണ്ടു്
സ്തുതിക്കുവാൻ തുടങ്ങി.”
അംബരീഷസ്തുതി: “ഹേ ഭഗവദ്ചക്രമേ!, അങ്ങു് അഗ്നിയും സൂര്യനും, ചന്ദ്രനും, ഭൂമ്യാദി പഞ്ചഭൂതങ്ങളും,
പഞ്ചേന്ദ്രിയങ്ങളും, ശബ്ദാദി തന്മാത്രകളുമാണു. ശ്രീഹരിയ്ക്കു് പ്രിയനും, സർവ്വായുധങ്ങളുടെ
സംഹർത്താവും, ആയിരം ആരങ്ങളുള്ളവനുമായ അല്ലയോ സുദർശനചക്രമൂർത്തേ!, അവിടുന്നീ ദുർവ്വാസ്സാവിനു്
ശരണമായി ഭവിക്കേണമേ!. ധർമ്മസ്വരൂപനും, ഋതസത്യമൂർത്തിയും, സർവ്വയജ്ഞങ്ങളുടേയും ഭോക്താവും,
ലോകപാലകനും, സകലചരാചരാത്മാവും പ്രഭുവുമായിരിക്കുന്ന നിന്തിരുവടി ഇദ്ദേഹത്തിനു് ശാന്തിയരുളിയാലും.
സർവ്വധർമ്മങ്ങൾക്കും ഉറവിടവും, അധർമ്മികളായ അസുരന്മാർക്കുനേരേ ധൂമകേതുവിനെപ്പോലെ പാഞ്ഞടുക്കുന്നവനും,
മൂലോകങ്ങളേയും രക്ഷിക്കുന്നവനും, തേജോമയനും, മനസ്സിന്റെ വേഗമുള്ളവനും, അത്ഭുതകർമ്മങ്ങളെ
ചെയ്യുന്നവനുമായ അങ്ങേയ്ക്കെന്റെ നമസ്ക്കാരം!. അവിടുത്തെ തേജസ്സാൽ മഹാത്മാക്കളുടെ അജ്ഞാനാന്ധകാരം
മറയുകയും ജ്ഞാനപ്രകാശം തെളിയുകയും ചെയ്യുന്നു. അല്ലയോ വാചസ്പതേ!, അവിടുത്തെ മാഹാത്മ്യം
അനുവർണ്ണനീയമത്രേ!. കാര്യകാരണസ്വരൂപമായ ഈ ദൃശ്യപ്രപഞ്ചം പ്രകാശിക്കുന്നതു് അങ്ങയുടെ
തേജസ്സിനാലാണു. അജിതനായ പ്രഭോ!, എപ്പോഴെല്ലാം ശ്രീഹരിയുടെ വിരൽതുമ്പിൽനിന്നും അങ്ങു്
വിട്ടയയ്ക്കപ്പെടുന്നുവോ, അപ്പോഴെല്ലം അങ്ങു് അധർമ്മികളായ ദൈത്യദാനവന്മാരുടെ കൈയ്യും
കാലും തുടയും വയറുമൊക്കെ അറുത്തുവീഴ്ത്തുന്നു. അല്ലയോ ജഗത്ത്രാണാ!, എല്ലാം സഹിക്കുകയും
ക്ഷമിക്കുകയും ചെയ്യുന്ന തന്തിരുവടിയാൽ നിയുക്തനായ അങ്ങു് ഞങ്ങളുടെ കുലത്തിന്റെ നന്മയെയോർത്തു്
ഈ ബ്രാഹ്മണനെ വിട്ടയയ്ക്കുക!. അങ്ങനെയെങ്കിൽ അങ്ങയുടെ ആ കാരുണ്യം ഞങ്ങളുടെ കുലത്തിനും
അനുഗ്രഹമായി ഭവിക്കും. ദാനം കൊണ്ടോ, യാഗം കൊണ്ടോ, ശുദ്ധമായി സ്വധർമ്മങ്ങളനുഷ്ഠിച്ചതുകൊണ്ടോ,
എന്തെങ്കിലും പുണ്യം ഞങ്ങളിലുണ്ടെങ്കിൽ, ഞങ്ങളുടെ കുലം വിപ്രന്മാരെ പൂജിക്കുന്നതാണെന്നു്
അങ്ങേയ്ക്കഭിപ്രായമുണ്ടെങ്കിൽ, ഈ ബ്രാഹ്മണനെ ക്ലേശനിവൃത്തനാക്കി മാറ്റിയാലും. സകലഹൃദയങ്ങളിലും
അന്തര്യാമിയായി വർത്തിക്കുന്നവനായും, സകലചരാചരങ്ങൾക്കും ആശ്രയഭൂതനായിരിക്കുന്നവനായും,
കേവലാത്മാവായും വർത്തിക്കുന്ന ഭഗവാൻ ശ്രീഹരി എന്നിൽ വാത്സല്യമുള്ളവനാണെങ്കിൽ, ഈ ബ്രാഹ്മണൻ
ദുഃഖമില്ലത്തവനായി ഭവിക്കട്ടെ!”
ശ്രീശുകൻ പറഞ്ഞു: “രാജാവേ!, അംബരീഷമഹാരാജാവു് ഇങ്ങനെ സ്തുതിച്ചുകൊണ്ടുനിൽക്കുന്ന സമയം, ഭഗവദ്ചക്രം
ആ അഭ്യർത്ഥനയെ മാനിച്ചുകൊണ്ടു് ശമിച്ചു. ദുഃഖശമനമുണ്ടായപ്പോൾ ദുർവ്വാസ്സാവു് രാജാവിനെ
പ്രശംസിച്ചുകൊണ്ടു് പറഞ്ഞു: “അഹോ!, വിഷ്ണുഭക്തന്മാരുടെ മഹിമ ഞാനിന്നു് കണ്ടറിഞ്ഞിരിക്കുന്നു. അങ്ങയെപ്പോലുള്ള
അവർ അപരാധികൾക്കുകൂടി സർവ്വമംഗളങ്ങളും പ്രദാനം ചെയ്യുന്നു. ഭക്തപരിപാലകനായ ശ്രീമഹാവിഷ്ണുവിനെ
തങ്ങളുടെ സ്വാധീനവലയത്തിലാക്കിവച്ചിരിക്കുന്ന ആ ഭക്തന്മാർക്കു് ചെയ്യുവാൻ അസാധ്യമായോ,
ത്യജിക്കുവാനാകാത്തതായോ ഇവിടെ എന്തിരിക്കുന്നു?. യാതൊരുവന്റെ നാമശ്രവണത്താൽ മനുഷ്യന്റെ
സർവ്വപാപവും ഇല്ലാതാകുന്നുവോ, അങ്ങയുള്ള ആ തീർത്ഥപാദന്റെ ദാസന്മാർക്കു് അവനല്ലാതെ മറ്റെന്താണു്
സ്വന്തമായുള്ളതു?. രാജാവേ!, എന്റെ അപരാധത്തെ ക്ഷമിച്ചുകൊണ്ടു് എന്റെ പ്രാണനെ രക്ഷിച്ചരുളിയ
അങ്ങയുടെ ആ കാരുണ്യത്താൽ ഞാൻ അനുഗ്രഹീതനായിരിക്കുന്നു.”
ശ്രീശുകൻ തുടർന്നു: “മുനിയുടെ പ്രത്യാഗമനത്തെ കാത്തു് ഭക്ഷണം കഴിക്കാതിരുന്ന അംബരീഷരാജാവു് ദുർവ്വാസ്സാവിന്റെ
ചരണത്തെ വണങ്ങി അദ്ദേഹത്തെ ആദരവോടെ ഭുജിപ്പിക്കുവാനൊരുങ്ങി. ഇങ്ങനെ ആദരിക്കപ്പെട്ട
മുനി സന്തുഷ്ടനായി ആതിഥ്യം സ്വീകരിച്ചുകൊണ്ടു് ഭക്ഷണം കഴിക്കാൻ തീരുമാനിച്ചു. അദ്ദേഹം
രാജാവിന്റെ അഭിനന്ദിച്ചുകൊണ്ടിങ്ങനെ പറഞ്ഞു: “അല്ലയോ രാജൻ!, ഈശ്വരാർപ്പിതമായ അങ്ങയുടെ ഈ അതിഥിസൽക്കാരത്തിലൂടെ ഞാൻ സന്തുഷ്ടനും
സംതൃപ്തനും അനുഗ്രഹീതനുമായിരിക്കുന്നു. അങ്ങയുടെ ഈ കീർത്തി സ്വർഗ്ഗത്തിലും ഭൂമിയിലുമെല്ലാം
പരക്കെ പാടിപ്പുകഴ്ന്നുകൊണ്ടിരിക്കും.”
ശ്രീശുകൻ പറഞ്ഞു: “രാജൻ!, ഇങ്ങനെ അംബരീഷനെ പ്രകീർത്തിച്ചനുഗ്രഹിച്ചതിനുശേഷം, യാത്രപറഞ്ഞുകൊണ്ടു് ദുർവ്വാസ്സാവു്
ആകാശമാർഗ്ഗത്തിലൂടെ സത്യലോകത്തിലേക്കു് യാത്രയായി. രാജാവേ!, അന്നു് മധ്യാഹ്നികർമ്മത്തിനായി
പോയ ദുർവ്വാസ്സാവുമുനി തിരിച്ചെത്തുന്നതിനിടയിൽ ഒരു വർഷക്കാലം കടന്നുപോയിരുന്നു. എന്നാൽ,
ഇതിൽ ആശ്ചര്യകരമായ വസ്തുതയെന്തെന്നാൽ, ജലം മാത്രം പാനം ചെയ്തുകൊണ്ടു് അംബരീഷൻ അദ്ദേഹത്തെ
ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നുവെന്നുള്ളതാണു.
രാജൻ!, മഹർഷി പോയതിനുശേഷം, അംബരീഷൻ ആഹാരം കഴിച്ചു. ദുർവ്വാസ്സാവിനുണ്ടായ സങ്കടനിവൃത്തിയും,
അതിനു് സഹായകമായ തന്റെ യത്നവുമെല്ലാം ഭഗവാൻ ശ്രീഹരിയുടെ അനുഗ്രഹമായിമാത്രം അംബരീഷൻ
ഉള്ളിലോർത്തു. അങ്ങനെയുള്ള പരമപവിത്രനായ ആ മഹാരാജാവു് പരമാത്മാവായ ശ്രീവാസുദേവനെ വ്രതാനുഷ്ടാനങ്ങളിലൂടെ
ആരാധിച്ചു. തന്തിരുവടിയുടെ പ്രസാദമായ അനുഗ്രഹത്താൽ അദ്ദേഹത്തിനു് സകലഭോഗാനുഭങ്ങളേയും
നരകതുല്യമായി കണ്ടറിയാൻ കഴിഞ്ഞു. രാജാവേ!, പിന്നീടു് ധീരനായ അംബരീഷൻ പുത്രന്മാരിൽ രാജ്യഭാരത്തെ
ഏൽപ്പിച്ചു് ത്രിഗുണാത്മകമായിട്ടുള്ള പ്രപഞ്ചാനുഭവത്തിനറുതിവരുത്തിക്കൊണ്ടു് ആത്മസ്വരൂപനായ
ഭഗവാനിൽ മനസ്സർപ്പിച്ചു് വാനപ്രസ്ഥാശ്രമത്തിനായി വനത്തിലേക്കു് പുറപ്പെട്ടു. രാജൻ!,
അംബരീഷോപാഖ്യാനമെന്ന ഈ ചരിതത്തെ കീർത്തിച്ചുകൊണ്ടു് ഭഗവദ്ധ്യാനം ചെയ്യുന്നവൻ പെട്ടെന്നുതന്നെ
തന്തിരുവടിയുടെ ഭക്തനായി മാറുന്നതാണു.”
ശ്രീമദ്ഭാഗവതം നവമസ്കന്ധം അഞ്ചാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.
Durvassas rescued from Sudarshanachakram
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ