2019, നവംബർ 9, ശനിയാഴ്‌ച

8.22 മഹാബലിയ്ക്കു് ഭഗവാൻ വരം പ്രദാനം ചെയ്യുന്നു.


ഓം

ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം അദ്ധ്യായം‌ 22
(മഹാബലിയ്ക്കു് ഭഗവാൻ വരം പ്രദാനം ചെയ്യുന്നു.)


ശ്രീശുകബ്രഹ്മമഹർഷി പറഞ്ഞു: അല്ലയോ രാജാവേ!, ഭഗവദ്ലീലയാൽ വഞ്ചിതനായെന്നുതോന്നിയെങ്കിലും മഹാബലിചക്രവർത്തി തന്റെ മനസ്സിനെ നിയന്ത്രണത്തിൽത്തന്നെ വച്ചു. ഭഗവാന്റെ മുന്നിൽ വാക്കിനെ പാലിക്കാൻ കഴിഞ്ഞില്ലെന്ന വ്യാകുലതയോടെയെങ്കിലും, അത്യന്തം ധീരതയോടെതന്നെ അദ്ദേഹം പറഞ്ഞു: ഹേ ഉത്തമശ്ലോകനായ ഭഗവാനേ!, എന്റെ വാക്കു് അസത്യമായിത്തീർന്നുവെന്നാണു് അങ്ങു് കരുതുന്നതെങ്കിൽ, ആയതിനെ ഞാൻ സത്യമാക്കിത്തന്നെ തീർക്കുന്നുണ്ടു. അതിനായി അവിടുത്തെ പാദം എന്റെ ശിരസ്സിൽ വച്ചുകൊണ്ടാലും!. കാരണം, ഞാൻ അപകീർത്തിയെ ഭയക്കുന്നതുപോലെ, നരകത്തെപ്പോലും ഭയക്കുന്നില്ല. സ്ഥാനഭ്രഷ്ടനായതിലോ, വരുണപാശത്താൽ ബന്ധിക്കപ്പെട്ടതിലോ, ധനം നഷ്ടമായതിലോ, അങ്ങയാൽ തടങ്ങലിലാക്കപ്പെടുന്നതിലോ, ഇനി ഇതിലധികമാമറ്റുവിപത്തുകളിലോ ഒന്നും ഒരുവിധത്തിലും ഞാൻ ഭയക്കുന്നില്ല. ഞാൻ എന്തിനെയെങ്കിലും ഭയക്കുന്നുണ്ടെങ്കിൽ, അതു് അസത്യവചനത്താലുണ്ടാകുന്ന ദുഷ്കീർത്തിയെ മാത്രമാണു.

മാതാപിതാക്കളും സഹോദരങ്ങളുമൊക്കെ ഉടയവരെ പലവിധത്തിലും ശിക്ഷിക്കാറുണ്ടെങ്കിലും, അവർക്കൊരിക്കലും ഹിതൈഷികളെപ്പോലെ ഇങ്ങനെ ദണ്ഡിയ്ക്കുവാൻ കഴിയുകയില്ല. എന്നാൽ, ഇങ്ങനെയുള്ള ഈ ദണ്ഡനം ജീവരാശികൾക്കെല്ലാം ശ്ലാഘനീയമാണന്നേ ഞാൻ കരുതുന്നുള്ളൂ. പലതരം അഹങ്കാരങ്ങൾക്കധീനരായ ഞങ്ങൾക്കു് വിവേകപരമായി ചിന്തിക്കുവാനുള്ള ഉൾക്കണ്ണിനെ പ്രദാനം ചെയ്ത അങ്ങു് സത്യത്തിൽ ശത്രുഭാവത്തിൽ ഞങ്ങളെ രക്ഷിക്കുവന്നനെത്തിയ ഉപദേഷ്ടാവുതന്നെയാണു. അത്ഭുതം തന്നെ!. എത്രയോ അസുരന്മാർ അങ്ങയിൽ ശത്രുത്വം കൊണ്ടു് പരമമായ സിദ്ധിയെ പ്രാപിച്ചിരിക്കുന്നു?. അത്ഭുതകർമ്മിയായും മഹിമാശാലിയുമായ അങ്ങയാൽ പിടിച്ചടയ്ക്കപ്പെട്ടവനും ബന്ധിക്കപ്പെട്ടവനുമായതിൽ എനിക്കൊരുവിധത്തിലും ലജ്ജിക്കേണ്ട ആവശ്യമില്ല. ഞാനിതിൽ പരിതപിക്കുന്നുമില്ല. എന്റെ മുത്തച്ഛനായ പ്രഹ്ലാദൻ അങ്ങയുടെ ഭക്തന്മാർക്കിടയിൽ ഏറ്റവും ആദരിക്കപ്പെടുന്നവനാണു. അദ്ദേഹത്തിന്റെ ഖ്യാതി വിശ്വം മുഴുവൻ വ്യാപിച്ചിട്ടുള്ളതുമാണു. അങ്ങയെ പരമാശ്രയമാക്കിയ അദ്ദേഹത്തെ സ്വന്തം പിതാവും അങ്ങയുടെ ശത്രുവുമായിരുന്ന ഹിരണ്യകശിപു പലതരത്തിൽ ചിത്രവധം ചെയ്തിട്ടുള്ളതാണു.

ഒരിക്കൽ മരണപ്പെട്ടുപോകുന്ന ഈ ശരീരം കൊണ്ടോ, പരമ്പരാഗതസ്വത്തിനുവേണ്ടി അടിപിടികൂടി ധനം അപരഹരിച്ചുകൊണ്ടുപോകുന്ന മക്കളേയും ബന്ധുക്കളേയും കൊണ്ടോ, മമതയെ ഉണ്ടാക്കി ജീവനെ സംസാരത്തിൽ പെട്ടുപോകുവാൻ കാരണമാകുന്ന ഭാര്യയെക്കൊണ്ടോ, മരണത്തിൽ ഉപേക്ഷിക്കേണ്ടിവരുന്ന ഈ ഗൃഹാദികളെക്കൊണ്ടോ എന്താണു് പ്രയോജനമുള്ളതു?. ഇവയോടുള്ള സംബന്ധമെന്നതു് സത്യത്തിൽ ആയുസ്സിന്റെ ദുർവ്യയം മാത്രമാകുന്നു. ഇങ്ങനെയുള്ള ആത്മവിചാരത്താൽ എന്റെ മുത്തച്ഛൻ ജനങ്ങളുമായുള്ള സമ്പർക്കത്തിൽനിന്നും ഒഴിഞ്ഞുനിന്നു. മാത്രമല്ല, സ്വന്തം കുലത്തെ ഇല്ലാതാക്കുന്നവനാണെന്നറിഞ്ഞുകൊണ്ടുതന്നെ അദ്ദേഹം ഭയാന്തകവും അനശ്വരവുമായ അങ്ങയുടെ പദമലരിണയെ ശരണം പ്രാപിച്ചിരുന്നുവല്ലോ!. ഇപ്പോഴിതാ ഞാനും, ബലാത്കാരേണയാണെങ്കിൽ‌പോലും, സകല ഐശ്വര്യങ്ങളും അടിയറവച്ചു് അങ്ങേയ്ക്കുമുന്നിൽ കീഴടങ്ങിയിരിക്കുന്നു. ഐശ്വര്യങ്ങളിൽ മതിമറന്ന ഞാൻ ഈ ജീവിതത്തിന്റെ അനിത്യതയെക്കുറിച്ചു് ബോധവാനായിരുന്നില്ല.

ശ്രീശുകൻ പറഞ്ഞു: അല്ലയോ കുരുശ്രേഷ്ഠാ!, മഹാബലി ഇപ്രകാരം പറഞ്ഞുകൊണ്ടിരിക്കുന്ന ആ സമയം, ഭഗവദ്വാത്സല്യം ഏറെയനുഭവിക്കുന്ന പ്രഹ്ലാദൻ ഒരു പൂർണ്ണചന്ദ്രന്റെ പ്രകാശമഹിമയോടുകൂടി അവിടേയ്ക്കു് കടന്നുവന്നു. മഹാബലി സർവ്വൈശ്വര്യവാനായ തന്റെ മുത്തച്ഛനെ കൺകുളിർക്കെ കണ്ടു. വരുണപാശത്താൽ ബന്ധിക്കപ്പെട്ടിരിക്കുന്ന മഹാബലിയ്ക്കു് പതിവുപോലെ അർഘ്യപാദ്യാദികളാൽ അദ്ദേഹത്തെ സ്വാഗതം ചെയ്യാൻ കഴിയാഞ്ഞതുകൊണ്ടു് നിറകണ്ണുകളോടെ ശിരസ്സുനമിച്ചുകൊണ്ടുമാത്രം മുത്തച്ഛനെ പ്രണാമം ചെയ്തു. തുടർന്നു്, സ്വപരാധത്താലുണ്ടായ ലജ്ജയാൽ അദ്ദേഹം മുഖം കുനിച്ചുനിന്നു. പ്രഹ്ലാദൻ ആനന്ദപരവശനായി, രോമാഞ്ചഭരിതനായി, നിറഞ്ഞ കണ്ണുകളോടെ, സുനന്ദൻ, നന്ദൻ മുതലായവരാൽ സേവിതനായിരിക്കുന്ന വാമനമൂർത്തിയെക്കണ്ടു് അടുത്തുചെന്നതിനുശേഷം, നിലത്തുവീണു് ദണ്ഡനമസ്ക്കാരം ചെയ്തു. അദ്ദേഹം പറഞ്ഞു: ഭഗവാനേ!, ഇവനു് സർവ്വൈശ്വര്യങ്ങളും അങ്ങുതന്നെ ഒരിക്കൽ നൽകുകയും, ഇപ്പോൾ അങ്ങുതന്നെ അതെല്ലാം തിരിച്ചെടുക്കുകയും ചെയ്തിരിക്കുന്നു. നല്ലതുതന്നെ. ആയതിലൂടെ ഈ മഹാബലിയെ അങ്ങു് അനുഗ്രഹിക്കുകമാത്രമാണു് ചെയ്തിരിക്കുന്നതു. രാജ്യൈശ്വര്യങ്ങളുടെ ഫലമായി നഷ്ടമായ ആത്മസ്മരണയെ വീണ്ടും അവിടുത്തെ കാരുണ്യത്താൽ ഇവനു് പുനർലബ്ധമായിരിക്കുന്നു. ഇങ്ങനെയുള്ള മഹൈശ്വര്യത്താൽ പണ്ഡിതന്മാർപോലും മയങ്ങിപ്പോകുന്നു. അവ കൂടെയുള്ളപ്പോൾ ആരിലാണു് ആത്മബോധം പ്രകാശിക്കുന്നതു?. ഈ മഹാ‍ബലിയുടെ ശ്രീമദം തീർത്തരുളിയ ജഗദീശ്വരനും സകലലോകസാക്ഷിയുമായി വർത്തിക്കുന്ന ശ്രീനാരായണനായ അങ്ങയുടെ തിരുവടിയിൽ നമസ്ക്കാരം!.

ശ്രീശുകൻ തുടർന്നു: രാജൻ!, ആ സമയം തൊഴുകൈയ്യോടെ നിൽക്കുന്ന പ്രഹ്ലാദൻ കേൾക്കെ, ബ്രഹ്മദേവൻ എന്തോ പറയുവാൻ തുടങ്ങവേ, മഹാബലിയുടെ ധർമ്മപത്നി വിന്ധ്യാവലി ബന്ധനസ്ഥനായിരിക്കുന്ന തന്റെ ഭർത്താവിനെ കണ്ട ഭയവിഹ്വലതയോടുകൂടി നമസ്ക്കരിച്ചുകൊണ്ടു് മുഖം കുനിച്ചുനിന്നുകൊണ്ടു് വാമനമൂർത്തിയോടു് പറഞ്ഞു: പ്രഭോ!, മൂലോകങ്ങളും അവിടുത്തെ ക്രീഢയ്ക്കായിക്കൊണ്ടു് അങ്ങുതന്നെ സൃഷ്ടിച്ചുരക്ഷിച്ചുസംഹരിച്ചുപോരുന്നു. എന്നാൽ, അവയിൽ മന്ദമതികളായ ചിലർ സാമിത്വം കാണുന്നു. അവിടുത്തെ മായയിൽ മുങ്ങി സ്വയം കർത്തൃത്വാദി ഭാവങ്ങളെ ഏറ്റെടുക്കുന്ന നിർല്ലജ്ജന്മാരായ ഇക്കൂട്ടർക്കു് എന്താണു് അങ്ങേയ്ക്കുമുന്നിൽ അടിയറ വയ്ക്കുവാനുള്ളതു?

ശ്രീശുകൻ പറഞ്ഞു: രാജൻ!, വിന്ധ്യാവലി പറഞ്ഞൊഴിഞ്ഞതിനുശേഷം, ബ്രഹ്മദേവൻ താൻ പറയാനുദ്ദേശിച്ചതിനെ പറഞ്ഞുതുടങ്ങി: ഹേ ചരാചരനായകാ!, ദേവാദിദേവാ!, ജഗന്മയനായ അങ്ങു് ഇവനിൽനിന്നു് സർവ്വവും പിടിച്ചെടുത്തുകഴിഞ്ഞു. ആയതിനാൽ ഇനി ഇവൻ ബന്ധനത്തെ അർഹിക്കുന്നില്ല. ഇവനെ വിട്ടയച്ചാലും!. വച്ചനുഭവിച്ചിരുന്ന ഈ ഭൂമിയും, സ്വന്തം കർമ്മത്താൽ നേടിയ മറ്റെല്ലാ ഐശ്വര്യങ്ങളും, അതുപോലെ, സ്വയത്തെത്തന്നെയും പൂർണ്ണമനസ്സോടെ ഇവൻ അങ്ങേയ്ക്കു് സമർപ്പിച്ചിരിക്കുകയാണു. ശുദ്ധബുദ്ധിയോടുകൂടി ഒരുവൻ വെറും പാദ്യോദകത്തെ അർപ്പിച്ചുകൊണ്ടു് അങ്ങയെ ആരാധിച്ചു് പരമമായ സിദ്ധിയെ പ്രാപിക്കുന്നു. അങ്ങനെയുള്ളപ്പോൾ തുറന്ന മനസ്സോടെ അങ്ങയിൽ സർവ്വവും അർപ്പിച്ചു് കുമ്പിട്ടുനിൽക്കുന്ന ഇവൻ ഇനി കൂടുതൽ പീഡയെ അനുഭവിക്കുവാൻ പാടില്ല.

ശ്രീശുകൻ വീണ്ടും തുടർന്നു: രാജൻ! ബ്രഹ്മദേവന്റെ വാക്കുകൾകൂടി ഉപസംഹരിക്കപ്പെട്ടപ്പോൾ സാക്ഷാത് ശ്രീവാമനമൂർത്തി അരുളിച്ചെയ്തു: അല്ലയോ ബ്രഹ്മദേവാ!, ഞാൻ യാതൊരാളെയാണോ അനുഗ്രഹിക്കുവാൻ ഇച്ഛിക്കുന്നതു്, അവന്റെ സമ്പത്തിനെ ആദ്യം‌തന്നെ തകിടം മറിക്കുന്നു. കാരണം, സമ്പത്തിനാൽ മത്തനായവൻ അഹങ്കാരിയായിമാറി ഈ ലോകത്തേയും എന്നേയും അപമാനിക്കുന്നു. ബ്രഹ്മാവേ!, ജീവാത്മാക്കൾ സ്വന്തം പ്രാരബ്ദകർമ്മങ്ങളിൽ‌പ്പെട്ടു് ജനിച്ചും മരിച്ചും വിവിധയോനികളിൽ കാലാകാലങ്ങളായി കറങ്ങിക്കൊണ്ടിരിക്കുന്നു. അങ്ങനെയിരിക്കെ, ഒരിക്കൽ മനുഷ്യയോനിയിൽ പിറക്കാനിടവന്നേക്കാം. ഇങ്ങനെ കൈവരുന്ന മനുഷ്യജന്മത്തിലാകട്ടെ, ഉന്നതകുലത്തിൽ ജനനം, മികവുറ്റ കർമ്മചാതുര്യം, യൌവ്വനത്തിൽ ദേഹസൌന്ദര്യം, വിദ്യാഭ്യാസം, പ്രഭുത്വം, ധനം മുതലായവ ചിലപ്പോൾ സ്വന്തമായേക്കാം. എന്നാൽ, അവയിൽ അഹങ്കാരം വന്നുചേരുന്നില്ലെങ്കിൽ, ആയതു് എന്റെ അനുഗ്രഹമാണു. അഹങ്കാരത്തിനു് വഴിയൊരുക്കുന്നവയും സർവ്വവിധത്തിലും ശ്രേയസ്സിനെ ഇല്ലാതാക്കുന്നവയുമായ ഇങ്ങനെയുള്ള ധന്യജന്മങ്ങൾ സ്വീകരിച്ചതിനുശേഷവും, എന്നിൽ മനസ്സൂന്നിയവൻ ഒരിക്കലും അവയിൽ ഭ്രമിച്ചുപോകുകയില്ല. ദൈത്യദാനവാദികളുടെയെല്ലാം അഗ്രണിയായ ഇവൻ കീർത്തിമാനും, ജയിക്കാൻ കഴിയാത്ത എന്റെ മായയെ ജയിച്ചവനും, യാതൊരവസരങ്ങളിലും തളരാത്തവനുമാണു. ധനം നഷ്ടപ്പെട്ടിട്ടും, സ്ഥാനഭ്രഷ്ടനായിട്ടും, ശത്രുക്കൾ ആക്ഷേപിച്ചിട്ടും, ബന്ധനസ്ഥനായിട്ടും, സ്വജനങ്ങളാൽ ഉപേക്ഷിക്കപ്പെട്ടിട്ടും, ആചാര്യനാൽ ശകാരിക്കപ്പെട്ടിട്ടും ശപിക്കപ്പെട്ടിട്ടും ഇവൻ സത്യത്തെ കൈവെടിഞ്ഞവനല്ല. ഞാ‍ൻ കപടമാർഗ്ഗത്തിലൂടെയാണിവനു് ധർമ്മത്തെ ഉപദേശിച്ചതെങ്കിലും ഇവൻ ധർമ്മത്തെ അപ്പോഴും മുറുകെ പിടിക്കുകതന്നെ ചെയ്തു. ആയതിനാൽ, സത്യവാദിയായ ഇവനെ ദേവന്മാരാൽ‌പോലും അപ്രാപ്യമായ സ്ഥാനത്തിലേക്കു് ഞാൻ എത്തിക്കുന്നതാണു. എന്നിൽ ആശ്രയംകൊണ്ട ഇവൻ സാ‍വർണ്ണിമന്വന്തരത്തിൽ ഇന്ദ്രനായി ഭവിക്കും. അതുവരെ വിശ്വകർമ്മാവിനാൽ നിർമ്മിതമായ സുതലലോകത്തിൽ പോയി അധിവസിക്കട്ടെ. അവിടെ എന്റെ കാരുണ്യത്താൽ വ്യാധികളോ ആധികളോ യാതൊരുവിധ ശല്യങ്ങളെ ആർക്കും ഉണ്ടാകില്ല. അല്ലയോ ഇന്ദ്രസേനാ!, ഹേ രാജൻ!, അങ്ങേയ്ക്കു് നന്മ ഭവിക്കട്ടെ!. സ്വർഗ്ഗവാസികൾപോലും കാമിക്കുന്ന ആ സുതലത്തിലേക്കു് അങ്ങു് പരിവാരസമേതം യാത്രയായാലും!. ഇന്ദ്രാദിദേവന്മാർപോലും ഇനി അങ്ങയെ അനാദരിക്കുകയില്ല. പിന്നെയാണോ മറ്റുള്ളവർ?. അങ്ങയുടെ ആജ്ഞയെ ലംഘിക്കുന്ന ദൈത്യന്മാരെ എന്റെ ചക്രായുധം അരിഞ്ഞുതള്ളുന്നതാണു. അനുഗാമികൾക്കൊപ്പം സകല അകമ്പടിയോടും കൂടി അങ്ങു് യാത്രയാകുക!. അങ്ങയെ സകല ആപത്തുകളിൽനിന്നും ഞാൻ രക്ഷിച്ചുകൊള്ളാം. മാത്രമല്ല, അവിടെ, സുതലത്തിൽ, തൊട്ടടുത്തുതന്നെ എപ്പോഴും താങ്കൾക്കെന്നെ കാണാൻ സാധിക്കുന്നതാണു. അങ്ങനെ, ദൈത്യദാനവാദികളുടെ സമ്പർക്കം മൂലം അങ്ങേയുക്കുണ്ടായ ഈ ആസുരഭാവവും നിത്യനിരന്തരമായ എന്റെ പ്രഭാവത്താൽ പെട്ടെന്നുതന്നെ ഇല്ലാതായിക്കൊള്ളും.


ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം ഇരുപത്തിരണ്ടാമദ്ധ്യായം സമാപിച്ചു.ഓം തത് സത്.


Previous    Next


Lord Hari gives benediction to Mahabali 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ