ഓം
ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം അദ്ധ്യായം 16
(കശ്യപൻ അദിതിയ്ക്ക് പയോവ്രതോപദേശം നൽക്കുന്നതു.)
ശ്രീശുകബ്രഹ്മമഹർഷി പറഞ്ഞു: “അല്ലയോ പരീക്ഷിത്തുമഹാരാജാവേ!, തങ്ങൾക്കു് വന്നുഭവിച്ച കഷ്ടകാലത്തിൽ ദേവന്മാർ ദേവലോകത്തെ ഉപേക്ഷിച്ച് ഒളിവിൽ പോയി എന്ന് ഞാൻ പറഞ്ഞുവല്ലോ!. ദൈത്യന്മാർ ദേവലോകം പിടച്ചടക്കുകയും ദേവന്മാരെ കാണാതാകുകയും ചെയ്തപ്പോൾ ദേവമാതാവായ
അദിതി ഒരനാഥയെപ്പോലെ ദുഃഖത്തിലാണ്ടുപോയി. അങ്ങനെയിരിക്കെ,
കശ്യപമുനി ദീർഘകാലമായി അനുഷ്ഠിച്ചുവരികയായിരുന്ന തന്റെ സാമാധിയിൽനിന്നു്
വിരമിച്ചതിനുശേഷം, ഒരിക്കൽ അദിതിയുടെ ഭവനത്തിലേക്ക് വരികയുണ്ടായി. അല്ലയോ കുരൂദ്വഹാ! അദിതി
അദ്ദേഹത്തെ യഥാവിധി സ്വീകരിച്ചിരുത്തി. അവളുടെ മുഖത്തെ ദീനഭാവം
ശ്രദ്ധിച്ചുകൊണ്ട് കശ്യപൻ
ചോദിച്ചു: “ഭദ്രേ!, എന്താണു് നിന്റെ മുഖം വാടിയിരിക്കുന്നതു?.
വിപ്രന്മാർക്കാർക്കും ഇവിടെ അഭദ്രമൊന്നും സംഭവിച്ചിട്ടില്ലല്ലോ അല്ലേ?.
അഥവാ ധർമ്മത്തിനെന്തെങ്കിലും കോട്ടം സംഭവിച്ചോ?. മർത്ത്യന്മാർക്കും ഇവിടെ സുഖംതന്നെയല്ലേ?.
ദേവീ!, ഗൃഹസ്ഥാശ്രമവൃത്തികളിലൂടെ ഒരുവനു് യോഗഫലംതന്നെ
സിദ്ധിക്കുന്നു. ഹേ കുടുംബിനീ!, അങ്ങനെ
വിധിപ്രകാരം നീയനുഷ്ഠിക്കുന്ന ഗൃഹസ്ഥാശ്രമവൃത്തികളിൽ ധർമ്മത്തിനോ അർത്ഥത്തിനോ കാമത്തിനോ
എന്തെങ്കിലുംതന്നെ കുറവു് സംഭവിച്ചിട്ടുണ്ടോ?. അഥവാ, കുടുംബകാര്യങ്ങളെ കൂടുതൽ
ശ്രദ്ധിക്കുന്നതിനിടയിൽ എപ്പോഴെങ്കിലും അതിഥികൾ വന്ന സമയം അവരെ വേണ്ടവിധം നിന്നാൽ ആദരിക്കപ്പെടാതെ
അവർ വീട്ടിൽനിന്നും ഇറങ്ങിപ്പോകുകയോ മറ്റോ സംഭവിച്ചിരുന്നോ?. കാരണം, ഏതൊരു വീട്ടിൽനിന്നാണോ, അതിഥികൾ ദാഹജലം പോലും കിട്ടാതെ തിരിച്ചുപോകേണ്ടിവരുന്നത്, ആ ഗൃഹം കുറുനരിയുടെ മാളത്തിനു് തുല്യമാണു. അല്ലയോ സാധ്വീമണി!,
ഞാൻ വീട്ടിലില്ലാത്തതിനാലുള്ള ഉത്കണ്ഠയോടുകൂടി സമയാസമയങ്ങളിൽ അഗ്നിയിൽ
ഹവിസ്സുകൾ ഹോമിക്കപ്പെട്ടില്ലെന്നുണ്ടോ?. എന്തെന്നാൽ,
അഗ്നിയെ ആരാധിക്കുന്നതിലൂടെ മനുഷ്യൻ സർവ്വാഭീഷ്ടങ്ങളും
സാധിച്ച് പുണ്യലോകങ്ങളിലെത്തിച്ചേരുന്നു. ബ്രാഹ്മണനും അഗ്നിയും
സർവ്വദേവാത്മനായ ഭഗവാന്റെ തിരുമുഖംതന്നെയാണു. അല്ലയോ മനസ്വിനീ!,
നിന്റെ പുത്രന്മാർക്കെല്ലാം സുഖംതന്നെയാണല്ലോ!
അല്ലേ?. എന്തോ! നിന്റെ മുഖം
കണ്ടിട്ട് അല്പംപോലും സ്വസ്ഥതയില്ലാത്തതുപോലെ എനിക്ക് തോന്നുകയാണു.”
രാജൻ!, “ഇങ്ങനെ ഉത്കണ്ഠയോടെ കശ്യപൻ ഓരോന്നു് ചോദിച്ചുകൊണ്ടിരിക്കെ അദിതി പറഞ്ഞു: “അല്ലയോ ബ്രഹ്മജ്ഞ!, ബ്രാഹ്മണർക്കും പശുക്കൾക്കും ധർമ്മത്തിനും എനിക്കും ക്ഷേമം തന്നെയാണു.
ഹേ സ്വാമിൻ!, ഈ വീട്ടിൽ ധർമ്മാർത്ഥകാമങ്ങൾക്ക്
യാതൊരു കുറവും വന്നിട്ടില്ല. അങ്ങയുടെ ധ്യാനംകൊണ്ട് അഗ്നിയും
ഭൃത്യന്മാരും ഭിക്ഷുക്കളും അർത്ഥികളുമെല്ലാം ഹാനിയില്ലാതെതന്നെയിരിക്കുന്നു.
അല്ലയോ ഭഗവൻ!, സർവ്വജ്ഞനും പ്രജാപതിയുമായ അങ്ങ്
സർവ്വധർമ്മങ്ങളേയും എനിക്ക് സമയാസമയങ്ങളിൽ വേണ്ടവണ്ണം ഉപദേശിച്ചുതരുമ്പോൾ
ഈയുള്ളവളുടെ മനസ്സിന്റെ ഏതഭിലാഷമാണു് സാധ്യമാകാത്തതു?. ഹേ മാരീച!,
ത്രിഗുണങ്ങളോടുകൂടിയ ഈ പ്രജകളെല്ലാംതന്നെ അങ്ങയുടെ
മനസ്സിൽനിന്നോ ശരീരത്തിൽനിന്നോ ഉണ്ടായവർ തന്നെ. ആയതിനാൽ അങ്ങേയ്ക്ക്
ദേവന്മാരിലോ അസുരന്മാരിലോ ഭേദഭാവന ഇല്ല. എന്നാൽ, ഒന്നു മനസ്സിലാക്കുക!. ഭഗവാൻ ശ്രീഹരിപോലും തന്റെ ഭക്തന്മാരോടു്
കൂറുള്ളവനാണു. അതുകൊണ്ട്, ഹേ നാഥാ!, അങ്ങയെ മാത്രം ഭജിച്ചുകൊണ്ടിരിക്കുന്ന
എന്റെ ശ്രേയസ്സിനെക്കുറിച്ച് ചിന്തിച്ചാലും!. ശത്രുക്കൾ ഞങ്ങളുടെ
ഐശ്വര്യവും വാസസ്ഥലവും അപഹരിച്ചിരിക്കുകയാണു. ഞങ്ങളെ രക്ഷിച്ചാലും!.
അവരാൽ ആട്ടിയോടിക്കപ്പെട്ട ഞാൻ ഇന്ന് അതീവ ദുഃഖിതയാണു. പ്രബലന്മാരായ ദൈത്യന്മാർ എന്റെ ഐശ്വര്യവും സമ്പത്തും കീർത്തിയും പദവിയുമെല്ലാം
അപഹരിച്ചിരിക്കുന്നു. ഹേ സാധോ!, എന്റെ പുത്രന്മാർക്ക്
കൈവിട്ടുപോയ സകലൈശ്വര്യങ്ങളേയും വീണ്ടെടുക്കുവാൻവിധം അവരെ അനുഗ്രഹിച്ചാലും!.”
ശ്രീശുകൻ പറഞ്ഞു: “രാജൻ!, അദിതിദേവിയുടെ പ്രാർത്ഥന കേട്ട കശ്യപൻ പുഞ്ചിരിച്ചുകൊണ്ട്
ഇപ്രകാരം പറഞ്ഞു: “ഭഗവന്മായ അത്യാശ്ചര്യകരം തന്നെ!. ഈ ലോകം
സ്നേഹമാകുന്ന പാശത്താൽ കെട്ടിവരിഞ്ഞുകിടക്കുകയാണു. ദേവീ!,
പഞ്ചഭൂതാത്മകമായതും ജഡസ്വരൂപമായതുമായ ഈ ദേഹമെവിടെ!; പ്രകൃതിക്കതീതമായ ആത്മതത്വമെവിടെ!. ഇവിടെ ആർക്ക് ആരാണു്
ഭർത്താവും പുത്രരുമൊക്കെയായിട്ടിരിക്കുന്നതു?. ഇങ്ങനെയുള്ള തോന്നലുകൾക്കൊക്കെ
ഏകകാരണം മനസ്സിന്റെ ഭ്രമമാണു്. ദേവീ!, പരമപുരുഷനും
ജനാർദ്ദനനും സർവ്വഭൂതങ്ങളുടേയും ഈശ്വരാനായി അവയുടെ ഉള്ളിൽ വസിക്കുന്നവനും ജഗത്തിനു്
ഏകഗുരുവുമായ ഭഗവാൻ ശ്രീവാസുദേവനെ ഭജിക്കുക!. ദീനാനുകമ്പയുള്ള
അവൻ നിന്റെ ആഗ്രഹങ്ങളെ സാധിച്ചുതരും. മറ്റുള്ളവയെപ്പോലെ
ഭഗവദ്ഭക്തി ഒരിക്കലും വൃഥാവിലാകുകയില്ലെന്നാണു് എന്റെ അഭിപ്രായം.”
അദിതി പറഞ്ഞു: “ഹേ ബ്രഹ്മൻ!, ഞാൻ എങ്ങനെയാണു് ഭഗവാനെ ഉപാസിക്കേണ്ടതു?.
ഏത് വിധിപ്രകാരം ഉപാസിച്ചാലാണു് തന്തിരുവടി എന്റെ മനോരഥം സാധിതമാക്കുന്നതു?.
അല്ലയോ ബ്രാഹ്മണോത്തമാ!, ആർത്തരായ ഞങ്ങളിൽ അവന്റെ
പ്രസാദമുണ്ടാകുവാൻ ഏതുവിധത്തിലുള്ള ഉപാസനയാണു് ചെയ്യേണ്ടതു?. അങ്ങനെയുള്ള അനുഷ്ഠാനവിധിയെക്കുറിച്ച് അങ്ങ് ഞങ്ങൾക്ക് പറഞ്ഞുതരിക!.”
കശ്യപൻ പറഞ്ഞു: “അല്ലയോ ദേവീ!, സന്താനദാഹിയായിരുന്ന എനിക്ക്
വിഷ്ണുപ്രീതിക്കുവേണ്ടി ബ്രഹ്മദേവൻ ഉപദേശിച്ചുതന്ന ഒരു വ്രതത്തെക്കുറിച്ച് ഞാൻ നിനക്ക് പറഞ്ഞുതരാം. ഭവതി ഫാൽഗുനമാസത്തിലെ വെളുത്ത
പക്ഷത്തിൽ പാൽ മാത്രം ആഹരിച്ചുകൊണ്ട് പരമമായ ഭക്തിയോടുകൂടി പന്ത്രണ്ടുദിവസം ഭഗവാനെ
സേവിക്കുക!. അമാവാസിനാളിൽ, പറ്റുമെങ്കിൽ,
സൂകരം തേറ്റയാൽ കുത്തിക്കിളച്ചിട്ട മണ്ണുകൊണ്ട് ശരീരമാസകലം ലേപനം ചെയ്തതിനുശേഷം,
ഒഴുക്കുള്ള ഒരു പുഴയിൽ സ്നാനം ചെയ്യുക. ആ സമയം,
ഞാൻ ഇപ്പോൾ ചൊല്ലിത്തരാൻ പോകുന്ന ഈ മന്ത്രത്തേയും ജപിക്കുക.
മന്ത്രം: ജീവരാശികളെ ധരിക്കുവാൻ ഇച്ഛിക്കുന്ന അല്ലയോ
ഭൂമീദേവീ!, ആദിവരാഹമൂർത്തിയാൽ ഉദ്ധരിക്കപ്പെട്ടവളാണു് നീ.
നിനക്ക് നമസ്ക്കാരം!. എന്റെ പാപങ്ങളെ നശിപ്പിച്ചാലും!.
ദേവീ!, സ്നാനാദി നിത്യകർമ്മങ്ങൾ കഴിച്ചതിനുശേഷം മനസ്സിനെ ഏകാഗ്രമാക്കി
ശ്രീനാരായണനെ പൂജിക്കണം. വിഗ്രഹത്തിലോ, പീഠത്തിലോ, സൂര്യനിലോ, ജലത്തിലോ,
അഗ്നിയിലോ, അഥവാ ഒരു ഗുരുവിലോ ഈശ്വരനെ കണ്ടു് പൂജിക്കാവുന്നതാണു.
സർവ്വൈശ്വര്യസത്ഗുണയുക്തനും, പരമപുരുഷനും,
സർവ്വഭൂതഹൃദയങ്ങളിലും നിറഞ്ഞിരിക്കുന്നവനും, സർവ്വതിനേയും
തന്റെയുള്ളിൽ വഹിക്കുന്നവനും, ശ്രീവാസുദേവനും, സർവ്വസാക്ഷിയുമായി നിലകൊള്ളുന്ന നിന്തിരുവടിയ്ക്ക് നമസ്ക്കാരം!. വ്യക്തമായും, സൂക്ഷ്മമായും, പ്രകൃതിയായും,
പുരുഷനായും, ഇരുപത്തിനാലു് ഗുണങ്ങളെ അറിയുന്നവനായും,
സാംഖ്യശാസ്ത്രത്തിന്റെ കാരണതത്വമായും നിലകൊള്ളുന്ന അവിടുത്തേയ്ക്ക് നമസ്ക്കാരം!.
രണ്ടു് ശിരസ്സുകൾ, മൂന്നു് പാദങ്ങൾ, നാലു് കൊമ്പുകൾ, ഏഴ് കൈകൾ, എന്നിവയുള്ളവനും,
കർമ്മകാണ്ഡം, ജ്ഞാനകാണ്ഡം, ഉപാസനാകാണ്ഡം എന്നീ മൂന്നു് വേദതത്വങ്ങളുടെ ആത്മാവായവനും, ഈ വേദപദ്ധതികളെ യജ്ഞങ്ങളായി പിപുലനം ചെയ്യുന്നവനുമായ ഭഗവാൻ ശ്രീഹരിക്കെന്റെ
നമസ്ക്കാരം!. പ്രഭോ!, ശിവനും രുദ്രനും സകലശക്തികളുടേയും ഉറവിടമായവനും,
സർവ്വവിദ്യാധിപതിയും, ചരാചരങ്ങളുടെ നായകനുമായ അങ്ങേയ്ക്കു്
നമസ്ക്കാരം!. ഹിരണ്യഗർഭനായ ബ്രഹ്മദേവനായും, പ്രാണസ്വരൂപനായും, ജഗത്തിന്റെ ആത്മാവായും, യോഗസിദ്ധികളായ ഐശ്വര്യങ്ങളുടെ സ്വരൂപമായുമിരിക്കുന്ന നിന്തിരുവടിയ്ക്ക് അടിയന്റെ
നമസ്ക്കാരം!. ആദിദേവനായവനും, സർവ്വസാക്ഷിയായവനും,
നരനാരായണനാമത്തിൽ ഋഷിയായി അവതരിച്ച ശ്രീഹരിക്ക് നമസ്ക്കാരം!.
മരതകശ്യാമവർണ്ണം പൂണ്ടവനും, അനന്തമായ ഐശ്വര്യത്തിന്റെ
അധിപനും, പീതാംബരം ചുറ്റിയ മനോഹരമൂർത്തിയായ കേശവനും എന്റെ നമസ്ക്കാരം!. സർവ്വോത്തമനായ ഭഗവാനേ!, അങ്ങ് ലോകത്തിന്റെ സകല അഭീഷ്ടങ്ങളും പ്രദാനം ചെയ്യുന്നവനാണു. അതുകൊണ്ട് വിവേകികൾ സദാ ശ്രേയസ്സിനായി അവിടുത്തെ പാദധൂളികളെ ആശ്രയിക്കുന്നു.
ആ പരമപുരുഷന്റെ തൃപ്പദങ്ങളുടെ സുഗന്ധത്തെ അനുഭവിച്ചുകൊണ്ടാണു് ദേവന്മാരും
ശ്രീലക്ഷ്മീഭഗവതിയും വർത്തിക്കുന്നതു. അങ്ങനെയുള്ള ശ്രീഹരി എന്നിൽ
കനിയുമാറാകട്ടെ!.”
കശ്യപൻ തുടർന്നു: “അല്ലയോ ദേവീ!, ശ്രീനാരായണനെ ഈ മന്ത്രത്താൽ
ആവാഹിക്കണം. തുടർന്ന്, പാദ്യം, അർഘ്യം, ആചമനം മുതലായവയാൽ ശ്രദ്ധയോടെ അർച്ചിക്കണം.
വീണ്ടും ചന്ദനം, പൂമാല എന്നിവകൊണ്ട് അവനെ അലങ്കരിക്കണം.
പിന്നീട്, പാലുകൊണ്ട് അഭിഷേകം ചെയ്യണം.
ശേഷം, വസ്ത്രം, പൂണുനൂൽ,
ആഭരണങ്ങൾ, പാദ്യം, ആചമനം
എന്നിവയാലും, ‘ഓം നമോ ഭഗവതേ വാസുദേവായ’ എന്ന ദ്വാദശാക്ഷരീമന്ത്രം കൊണ്ടും ഹരിയെ പൂജിക്കണം. കഴിയുമെങ്കിൽ, പാലും നെല്ലരിയും ശർക്കരയും നെയ്യും ചേർത്തുണ്ടാക്കിയ
നൈവേദ്യം നിവേദിക്കണം. തുടർന്ന്, അത് മേൽപ്പറഞ്ഞ മൂലമന്ത്രോച്ചാരണത്തോടുകൂടി അഗ്നിയിൽ സമർപ്പിക്കുകയും വേണം.
നിവേദിക്കപ്പെട്ട ആ പായസത്തെ ഒരു ഭക്തനു് പ്രസാദമായി നൽകുകയും,
അല്പം സ്വയം ഭക്ഷിക്കുകയും ചെയ്യുക. വീണ്ടും ആചമനം
ചെയ്തശേഷം, താംബൂലം മുതലായവ നേദിച്ചുകൊണ്ട് അവനെ ആരാധിക്കണം.
മൂലമന്ത്രത്തെ പിന്നെയും നൂറ്റിയെട്ടുതവണം ജപിക്കുക.
പിന്നീട്, വിവിധ സ്തോത്രങ്ങളാൽ ഭഗവാനെ സ്തുതിച്ചതിനുശേഷം,
ഭൂമിയിൽ വീണു് ദണ്ഡനമസ്ക്കാരം ചെയ്യണം. അതിനുശേഷം,
നിർമാല്യത്തെ ശിരസ്സിലെടുത്ത് ഭഗവാനെ ഉദ്വസിക്കുക. ശേഷം, പായസത്തോടുകൂടി കുറഞ്ഞത് രണ്ടെങ്കിലും ബ്രാഹ്മണരെ
ഊട്ടേണ്ടതുണ്ടു. പിന്നീടവരിൽനിന്നും അനുവാദം വാങ്ങി, ബന്ധുമിത്രാദികളോടൊപ്പമിരുന്നു് ആഹാരം കഴിക്കാവുന്നതാണു.
ദേവീ!, പയോവ്രതമനുഷ്ഠിക്കുന്നവർ അന്നുരാത്രിയിൽ ബ്രഹ്മചാരിയായി കഴിയണം.
അടുത്ത ദിവസം പുലർച്ചയിൽ കുളി കഴിഞ്ഞ് ശരീരശുദ്ധിവരുത്തി
മുൻപറഞ്ഞപ്രകാരം മനസ്സിനെ ഏകാഗ്രമാക്കി ഈ വ്രതത്തിന്റെ സമാപ്തിയാകുവോളം ഭഗവ്ദ്മൂർത്തിയെ
പാലുകൊണ്ട് അഭിഷേകം ചെയ്ത് ഭഗവദാരാധനം നടത്തണം. ഇങ്ങനെ പാലു് മാത്രം ഭക്ഷിച്ചും വിഷ്ണുഭഗവാനെ ആരാധിച്ചും ഈ വ്രതം അനുഷ്ഠിക്കണം.
അഗ്നിയിൽ ഹോമം ചെയ്യുകയും ബ്രാഹ്മണരെ കാൽ കഴുകിച്ചൂട്ടുകയും വേണം.
ഇങ്ങനെ പന്ത്രണ്ടുദിവസം ഈ വ്രതത്തെ ആചരിച്ച് ഹരിയെ
ആരാധിക്കുക. ഇതുപോലെ വെളുത്ത പ്രഥമം മുതൽ വെളുത്ത ത്രയോദശിവരെ ബ്രഹ്മചര്യം,
നിലത്തുകിടന്നുറങ്ങൽ, മൂന്നുനേരം കുളി മുതലായ നിയമങ്ങൾ
ആചരിച്ചിരിക്കണം. സജ്ജനങ്ങളല്ലാത്തവരോട് സംഭാഷണമരുതു.
നാനാതര വിഷയസുഖാനുഭവങ്ങളെ ത്യജിക്കണം. യാതൊരു ജീവിയേയും
യാതൊരുവിധത്തിലും ഹിംസിക്കാതെ എപ്പോഴും ശ്രീവാസുദേവധ്യാനനിരതനായി വർത്തിക്കണം.
പിന്നെ, ത്രയോദശി ദിനത്തിൽ ശാസ്ത്രവിധിപ്രകാരം
ശാസ്ത്രവിശാരദന്മാരെക്കൊണ്ട് ശ്രീമഹാവിഷ്ണുവിനെ പഞ്ചാമൃതങ്ങൾകൊണ്ട് അഭിഷേകം ചെയ്യിക്കണം.
ദനസമ്പാദനത്തിലുള്ള അതിമോഹം കൈവിട്ട് ആവുന്നത്ര ഭഗവാനെ പൂജിക്കണം.
സർവ്വാന്തര്യാമിയും ജഗദ്വ്യാപിയുമായ ഭഗവാനുവേണ്ടി
പാൽനൈവേദ്യമുണ്ടാക്കി ഭക്ത്യാ ഭഗവദ്സ്മരണയോടുകൂടി അഗ്നിയിൽ ഹോമിക്കണം.
ഭഗവദ്പ്രീതിക്കായി നൈവേദ്യത്തെ സമർപ്പിക്കുകയും വേണം. ശേഷം, ജ്ഞാനിയായ ഗുരുവിനേയും ഋത്വിക്കുകളേയും
വസ്ത്രങ്ങൾ, ആഭരണങ്ങൾ, പശുക്കൾ എന്നിവയെക്കൊണ്ട്
തൃപ്തരാക്കണം. അതും ഭഗവാൻ ശ്രീഹരിയുടെ ആരാധനമാണെന്നറിയുക. അവരെ വിഭവസമൃദ്ധമായ
ആഹാരം കൊണ്ടൂട്ടണം. അവിടെ വന്നുചേർന്നിട്ടുള്ള സകലരേയും യഥാശക്തി
ഭുജിപ്പിച്ചിരിക്കണം. ഗുരുക്കന്മാർക്കും ഋത്വിക്കുകൾക്കും അർഹമായ ദക്ഷിണ നൽകി
ആദരിക്കുകയും വേണം. വന്നുചേർന്നിട്ടുള്ള മറ്റു് സകലരേയും അന്നദാനാദികളിലൂടെ സന്തോഷിപ്പിക്കണം.
ദീനന്മാർ, അന്ധന്മാർ, കൃപണന്മാർ എന്നിങ്ങനെ എല്ലാവരും ഭക്ഷണം കഴിച്ച് സംതൃപ്തരായതിനുശേഷം
മാത്രം ഭഗവാനെ സ്മരിച്ചുകൊണ്ട് ബന്ധുക്കളോടൊപ്പമിരുന്നു ഭക്ഷണം കഴിക്കുക.
ഭദ്രേ!, എല്ലാദിവസവും നൃത്തവാദ്യഗീതസ്തുതികളാൽ ഭഗവദാരാധനം നടത്തണം. അല്ലയോ ദേവീ!,
ബ്രഹ്മദേവനാൽ ഉപദിഷ്ടമായ പയോവ്രതം എന്ന പരമമായ ഈ പുരുഷാരാധനത്തെ ഞാൻ നിനക്ക് ഉപദേശിച്ചുതന്നിരിക്കുന്നു.
ഹേ ഭാഗ്യവതീ!, നീയും അതുപോലെ മനോനിയന്ത്രണത്താൽ ഭാവശുദ്ധിവരുത്തി ഈ മഹാവ്രതത്തെ യഥാവിധി
ആചരിച്ചുകൊണ്ട് കേശവനെ ഭജിക്കുക. അല്ലയോ സുമംഗലേ!, ഈ വ്രതത്തെ ‘സർവ്വയജ്ഞ’മെന്നും ‘സർവ്വവ്രത’മെന്നും പറയാറുണ്ടു.
തപസ്സുകളുടെ സാരമായതും, സർവ്വേശ്വരന്റെ പ്രീതിയുളവാക്കുന്നതുമായ മഹായജ്ഞമാണിതു. സത്യത്തിൽ
യമനിയമങ്ങൾ ഇതുതന്നെയാണു. ദേവീ!, യാതൊന്നിനാൽ അധോക്ഷജനായ ശ്രീഹരിക്ക് സന്തോഷമുണ്ടാകുമോ,
അതുതന്നെയാണു് തപസ്സ്, ദാനം, യജ്ഞം, വ്രതം എന്നിവകൊണ്ടുദ്ദേശിക്കുന്നതു. അതുകൊണ്ട്,
ശ്രദ്ധാഭക്തിസമന്വിതം ഈ മഹാവ്രതത്തെ നീ അനുഷ്ഠിക്കുക. തദ്വാരാ ഭഗവാൻ നിന്നിൽ സമ്പ്രീതനായി
നിന്റെ സർവ്വാഭീഷ്ടങ്ങളും സാധിതമാക്കുന്നതാണു.”
ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം പതിനാറാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.
Kashyapa advises Payovratha Rules to Adithi
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ