2019, ഒക്‌ടോബർ 21, തിങ്കളാഴ്‌ച

8.14 ലോകക്ഷേമാർത്ഥം മന്വാദികളുടെ കർമ്മങ്ങൾ.


ഓം

ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം അദ്ധ്യായം‌ 14
(ലോകക്ഷേമാർത്ഥം മന്വാദികളുടെ കർമ്മങ്ങൾ.)


പരീക്ഷിത്ത് മഹാരാജാവു് ശ്രീശുകബ്രഹ്മർഷിയോടു് ചോദിച്ചു: അല്ലയോ സർവ്വജ്ഞനായ ഋഷേ!, അങ്ങ് മുമ്പ് പറഞ്ഞ ആ മന്വന്തരങ്ങളിലെല്ലാം അതാത് മനുക്കളും അവരുടെ പുത്രന്മാരും മറ്റുള്ളവരുമൊക്കെ എന്തൊക്കെ കർമ്മങ്ങളായിരുന്നു അനുഷ്ഠിച്ചിരുന്നതു?. ആരുടെ പ്രേരണയാൽ, ആരെല്ലാം, എപ്രകാരം, എന്തെല്ലാം പ്രവൃത്തികൾ ചെയ്തുവോ, അതെല്ലാം ദയവായി എനിക്ക് പറഞ്ഞുതന്നാലും.

ശ്രീശുകൻ പറഞ്ഞു: രാജാവേ!, മനുക്കളും അവരുടെ പുത്രന്മാരും സപ്തർഷികളും ഇന്ദ്രന്മാരും അതുപോലെ ദേവതകളുമെല്ലാം പരമപുരുഷനായ ഭഗവാൻ ഹരിയുടെ ശാസനങ്ങൾക്ക് വിധേയരായിട്ടാണു വർത്തിക്കുന്നതു. രാജൻ!, ഓരോ മന്വന്തരത്തിലും യജ്ഞദേവൻ മുതലായ ഭഗവദവതാരങ്ങളാൽ പ്രചോദിതരായിട്ട് അക്കാലത്തെ മനുക്കളും മറ്റുള്ളവരും ലോകത്തിലെ വ്യവഹാരവ്യവസ്ഥിതികളെ നടത്തിക്കൊണ്ടുപോകുന്നു.  നാലുയുഗങ്ങളും അവസാനിക്കുന്ന സമയം കാലത്താൽ ഗ്രസിക്കപ്പെടുന്ന വേദങ്ങളെ ഋഷികൾ കണ്ടെടുക്കുന്നു. കാരണം, അവയെ ആശ്രയിച്ചുകൊണ്ടാണു സനാതനധർമ്മം നിലനിൽക്കുന്നതു. തുടർന്ന് യുഗാരംഭത്തിൽ മനുക്കൾ ഭഗവദ്പ്രേരിതരായി സനാതനധർമ്മത്തെ ഭൂമിയിൽ നടപ്പാക്കുന്നു. മനുപുത്രന്മാരായ പ്രജാപാലകർ ഓരോ മന്വന്തരങ്ങളും അവസാനിക്കുന്നതുവരെ തങ്ങളുടെ ധർമ്മത്തെ മുറപ്രകാരം അനുഷ്ഠിച്ചുപോരുന്നു. അവരോടൊപ്പം ചേർന്ന് ദേവന്മാരും ഹവിർഭാഗങ്ങൾ സ്വീകരിച്ചനുഭവിക്കുന്നു. ദേവേന്ദ്രന്മാരാകട്ടെ, ഭഗവാനാൽ ദത്തമായ മൂന്ന് ലോകങ്ങളിലേയും ഐശ്വര്യങ്ങളെ അനുഭവിച്ചുകൊണ്ട് അവയെ പരിപാലിക്കുന്നു. അതിലൂടെ ഭൂമിയിൽ വേണ്ടത്ര മഴയും മറ്റുമുണ്ടാകുകയും ചെയ്യുന്നു.

രാജൻ!, ശ്രീഹരി ഓരോ യുഗങ്ങളിലും സിദ്ധന്മാരുടെ രൂപത്തിൽ വന്ന് ജ്ഞാനമാർഗ്ഗത്തേയും, ഋഷികളുടെ രൂപത്തിൽ വന്ന് കർമ്മമാർഗ്ഗത്തേയും, യോഗേശ്വരന്മാരുടെ രൂപത്തിൽ വന്ന് യോഗമാർഗ്ഗത്തേയും ലോകത്തിന് ഉപദേശിക്കുന്നു. കൂടാതെ, അവൻ പ്രജാപതിമാരുടെ രൂപത്തിലവതരിച്ച് സൃഷ്ടി ചെയ്യുകയും, രാജാക്കന്മാരുടെ രൂപം ധരിച്ച് ദസ്യുക്കളിൽനിന്നും ജനത്തെ രക്ഷിക്കുകയും, പലവിധഗുണങ്ങളോടുകൂടിയ കാലസ്വരൂപനായി വന്ന് സകലലോകങ്ങളേയും ഇല്ലാതാക്കുകയും ചെയ്യുന്നു. വിവിധനാമരൂപങ്ങളായ മായയാൽ മോഹിതരായ ജനങ്ങളാൽ പല ദർശനങ്ങളിലൂടെ വാഴ്ത്തപ്പെടുന്നവനാകയാലും അവൻ എപ്പോഴും അവർക്ക് അഗ്രാഹ്യനായിത്തന്നെ നിലകൊള്ളുകയും ചെയ്യുന്നു. രാജൻ!, ഇങ്ങനെ ഒരു കല്പത്തിനിടയിൽ അനേകവിധം മാറ്റങ്ങൾ സംഭവിക്കുന്നു. അവയെല്ലാം ഞാൻ അങ്ങയോടു് മുന്നേതന്നെ പറഞ്ഞിട്ടുള്ളവയുമാണു. ത്രികാലജ്ഞരായ പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ ഒരു കല്പമെന്നത് പതിനാലു് മനുയുഗം ചേർന്നതാകുന്നു."  ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം പതിനാലാമദ്ധ്യായം സമാപിച്ചു.ഓം തത് സത്.Previous    Next

Activities of each Manus in each millenium.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ