universe എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
universe എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014, ഫെബ്രുവരി 11, ചൊവ്വാഴ്ച

3.6 വിരാട്പുരുഷന്റെ ഉത്ഭവം.

ഓം

ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ധം  അദ്ധ്യായം - 6

ശ്രദ്ധാഭക്തിസമന്വിതം തന്നെ കേട്ടുകൊണ്ടിരിക്കുന്ന വിദുരരോട് മൈത്രേയമുനി ഭഗവാന്റെ മായാമഹിമകളെക്കുറിച്ച് തുടര്‍ന്നു പറഞുതുടങി.

"വിദുരരേ!, അങനെ മഹത് മുതലായ തത്വങള്‍ പരസ്പരം സംസക്തമല്ലായ്കയാല്‍, പ്രസുപ്തമായിക്കിടന്ന അപൂര്‍ണ്ണസൃഷ്ടിയെക്കുറിച്ച് ഭഗവാന്‍ ഹരി ഒരുനിമിഷം ചിന്തിച്ചു. വ്യത്യസ്ഥതത്വങളെ കൂട്ടിയിണക്കാന്‍തക്ക പ്രാപ്തയും, മായാസ്വരൂപിണിയുമായ കാലീദേവിയെ കൈപിടിച്ച് ഭഗവാന്‍ തന്റെ   ഇരുപത്തിമൂന്ന് തത്വങളിലേക്കുമിറങിച്ചെന്നു. അവന്‍ ആ തത്വങളിലേക്ക് പ്രവേശിച്ചതും, മനുഷ്യന്‍ ഉറക്കമുണര്‍ന്ന് അവരവരുടെ കര്‍മ്മങളില്‍ വ്യാപൃതരാകുന്നതുപോലെ, അതിനുള്ളിലുറങിക്കിടന്ന ജീവജാലങളെല്ലാം പൊടുന്നനെ ചൈതന്യവത്താകുകയും, കര്‍മ്മോത്സുകരാകുകയും ചെയ്തു. അങനെ അവന്റെ സ്വന്തം ഇച്ഛയാല്‍ ഇരുപത്തിമൂന്ന് തത്വങളും പ്രവര്‍ത്തനോന്മുഖമായപ്പോള്‍ അതിബൃഹത്തായ തന്റെ വിരാട്പുരുഷരൂപം പ്രത്യക്ഷമായി. ഭഗവാന്‍ ആത്മമായയാല്‍ തന്റെ അംശം ഈ തത്വങളിലേക്ക് പ്രവേശിപ്പിച്ചമാത്രയില്‍തന്നെ അവയെല്ലം അന്യോന്യം പരിണമിച്ച് സകലചരാചരങളും ഗ്രഹയൂഥങളുമടങുന്ന മഹാപ്രപഞ്ചം നിലവില്‍ വന്നു. 

ഹിരണ്മയനായ വിരാട്പുരുഷന്‍, ഗര്‍ഭോദകശായിവിഷ്ണുവായി ആയിരം പരിവത്സരം അണ്ഡകോശമായ കാരണസമുദ്രത്തില്‍ സകലജീവജാലങള്‍ക്കുമൊപ്പം ശയിച്ചു. വിരാട്പുരുഷനാകുന്ന പൂര്‍ണ്ണമഹതത്വശക്തി സ്വേച്ഛയാ ഒന്നായ ബോധമായി പരിണമിച്ചു. ഈ ബോധം വീണ്ടും ഉപഖണ്ഡിച്ച് മൂന്നും പത്തുമായിമാറി. അതിബൃഹത്തായ ഈ വിരാട്പുരുഷാവതാരം ശ്രീമഹാവിഷ്ണുവാകുന്ന ആ പരമാത്മാവിന്റെ ധന്യാംശം മാത്രമാണ്. അനന്തകോടി ജീവജാലങളുടെ ആത്മാവായ ആ ഭവവാങ്കലത്രേ സമസ്തസൃഷ്ടികളും നിലകൊള്ളുന്നതു. അങനെ മൂന്നും, പത്തും, ഒന്നുമായി പരിണമിച്ചുണ്ടായ തത്വങള്‍ ചേര്‍ന്ന് വിരാട്പുരുഷനെ പ്രതിനിധീകരിക്കുന്നു. മൂന്നെന്നത് ശരീരമാനസേന്ദ്രിയാദികളും, പത്തെന്നത് ചലനാത്മകമായ പ്രാണശക്തികളും, ഒന്നെന്നെന്നത് സര്‍‌വ്വാധാരവും, അഖണ്ഡവുമായ ഹൃദയസ്ഥനവുമാണ്. പ്രപഞ്ചത്തിലെ ഓരോ സ്ഥാനവും അലങ്കരിക്കുന്ന ഉപദേവതകളുടെയെല്ലാം ആത്മാവാണ് ഭഗവാന്‍ ഹരി. അവരുടെ പ്രാര്‍ത്ഥനയില്‍ സം‌പ്രീതനായ ഭഗവാന്‍ അവരുടെ ജ്ഞാനത്തിനായ്ക്കൊണ്ട് ഈ പ്രപഞ്ചത്തെ ഉജ്ജ്വലിപ്പിച്ച് അവര്‍ക്ക് കാട്ടിക്കൊടുത്തു."

മൈത്രേയന്‍ തുടര്‍ന്നു: "ഇനി ഞാന്‍ പറയുവാന്‍ പോകുന്ന കാര്യം, ലോകനാഥനായ ഭഗവാന്‍ പ്രപഞ്ചസൃഷ്ടിക്കുശേഷം അതിനുമേല്‍ ആധിപത്യം സ്ഥാപിക്കുന്ന ഉപദേവതകളെ ഏതുവിധം സൃഷ്ടിച്ചുവെന്നതിനെക്കുറിച്ചാണ്. ലോകപാലകന്മാരില്‍ ഒന്നായ അഗ്നിദേവന്‍ ആ പ്രപഞ്ചപുരുഷന്റെ വക്ത്രത്തില്‍ നിന്നുമുടലെടുത്തു. അഗ്നിദേവന്‍ തന്റെ ശക്തിയായ ജിഹ്വയുമായി സ്ഥാനാരോഹണം ചെയ്തു. ഈ ജിഹ്വയാലത്രേ ജീവികള്‍ ശബ്ദോച്ഛാരണം നടത്തുന്നതു. തുടര്‍ന്ന്, താലുകം രൂപാന്തരപ്പെട്ടപ്പോള്‍ വരുണന്‍ അതിന്റെ അധിപനായി ജന്‍‌മം കൊണ്ടു. താലുകത്തിലൂടെ ജീവികള്‍ രുചിയറിയുന്നു. പിന്നീട് ഭഗവാന്‍ നാസാരന്ധ്രങള്‍ സൃഷ്ടിക്കുകയും, അതിന്നധിപതിയായി അശ്വിനികുമാരന്മാരെ വാഴിക്കുകയും ചെയ്തു. അങനെ ജീവജാലങള്‍ മണക്കാന്‍ തുടങി. അതിനുശേഷം വിരാട്പുരുഷന്റെ ഇരുനയനങളും വ്യക്തമായി. അതിന്റെ പാലകന്‍‌ സൂര്യദേവനായി അവതരിച്ചു. അതിലൂടെ ജീവികള്‍ക്ക് ദൃശ്യാനുഭവമുണ്ടായിത്തുടങി. ആ പരമപുരുഷന്റെ ത്വക്ക് രൂപം കൊണ്ട മാത്രയില്‍ അതിന്റെ പാലകന്‍ അനിലനായിവന്ന് ശ്വസനശക്തിയോടുകൂടി സ്ഥാനമേറ്റു. അതുമുതലാണ് ജീവികള്‍ സ്പര്‍ശനാനുഭൂതി തിരിച്ചറിഞുതുടങിയത്. തുടര്‍ന്ന്, ശ്രോത്രത്തെ അതിന്റെ പാലകരായ ദിക്ക്‌ദേവതകളോടൊപ്പം സൃഷ്ടമാക്കി. ഇവരുടെ ശക്തിയായ കേള്‍‌വിയിലൂടെ ജീവഗണങള്‍ ശബ്ദത്തെ അനുഭവിച്ചുതുടങി. തതനന്തരം, തനുരുഹങള്‍ രൂപം കൊണ്ടപ്പോള്‍ അതിന്നധിപതിയും അവതരിച്ചു. അന്നുമുതല്‍ ജീവൗഘങള്‍ സ്പര്‍ശനാനുഭൂതിരസം നുകരാന്‍ ആരംഭിച്ചു. തുടര്‍ന്നാണ് വിരാട്രൂപത്തില്‍ ജനനേന്ദ്രിയങള്‍ പ്രത്യക്ഷമായത്. പ്രജാപതി വീര്യശക്തിയോടൊപ്പം അതിന്റെ പാലകനായി സ്ഥാനാരോഹണം ചെയ്തു. അങനെ ജീവസമൂഹങള്‍ ഇണചേര്‍ച്ചയെ ആസ്വദിച്ചുതുടങി. ഗുദം സൃഷ്ടമായ അവസ്ഥയില്‍ മിത്രന്‍ അതിന്നധിപതിയായി തന്റെ ശക്തിയോടൊപ്പം സ്ഥാനമേല്‍ക്കുകയും, ജീവികളുടെ വിസര്‍ജ്ജനശീലത്തിനുകാരണമാകുകയും ചെയ്തു. 

ആ വിശ്വപുരുഷന്റെ ബാഹുദ്വയങള്‍ ഉണ്ടായതോടെ സ്വര്‍ഗ്ഗാദിപതിയായ ഇന്ദ്രന്‍ തത്സ്ഥാനത്തിരുന്ന് തന്റെ കര്‍മ്മങളനുഷ്ഠിച്ചുതുടങി. തന്മൂലം ജീവൗഘങള്‍ തങളുടെ സ്വധര്‍മ്മത്തെ ആചരിക്കാന്‍ പഠിച്ചു. അനന്തരം, ഭഗവാന്റെ പാദങള്‍ വിന്യസിക്കപ്പെട്ടു. വിഷ്ണുവെന്ന നാമധേയത്തോടുകൂടി അതിന്റെ ഉപദേവത തത്സ്ഥാനത്തിരുന്ന് അതിനെ പാലനം ചെയ്തു. അങനെ ജീവികള്‍ ചലനശീലരായിമാറി. പ്രപഞ്ചപുരുഷന്റെ ബുദ്ധി സൃഷ്ടമായ വേളയില്‍ വേദാധിപതിയായ ബ്രഹ്മദേവന്‍ തന്റെ ഗ്രഹണശക്തിയുമായി അതില്‍ സ്ഥാനാരോഹണം നടത്തി. അങനെ ജീവികള്‍ വിവേകശീലരായി ചിന്തിച്ചുതുടങി. പിന്നീട് ഹൃദയമുണ്ടാകുകയും, ഇതിലേക്ക് ചന്ദ്രന്‍ മനസ്സുമായി രംഗപ്രവേശം ചെയ്യുകയും ചെയ്തു. അന്നുമുതലത്രേ ജീവികള്‍ സ്വമനസ്സിനെ അറിയാന്‍ തുടങിയത്. തുടര്‍ന്ന്, വിരാട്രൂപത്തില്‍ അഹങ്കാരം ഉടലെടുത്തു. രുദ്രന്‍ അതിന്നധിപതിയായി സ്ഥാനമേറ്റു. അങനെ ജീവജാലങള്‍ തങളുടെ കര്‍ത്തവ്യങളെക്കുറിച്ച് ചിന്തിച്ചറിയാന്‍ തുടങി. അതിനുശേഷം ബോധം ഉത്ഭവിക്കുകയും, അതിലേക്ക് മഹത് തത്വം സശക്തം പ്രവേശിക്കുകയും ചെയ്തു. അതിനാല്‍ ജീവഗണങള്‍ ജ്ഞാനം സായത്തമാക്കിത്തുടങി. വിരാട്പുരുഷന്റെ ശിരസ്സില്‍നിന്നും സ്വര്‍ല്ലോകങളും, പാദങളില്‍നിന്ന് ഭൂലോകങളും, ഉദരത്തില്‍ നിന്നും ആകാശവും, വെവ്വേറെയുടലെടുത്തു. അനന്തരം, ഇതിനുടെ പാലകരായ ഉപദേവതകളും മറ്റും ത്രിഗുണങളാല്‍ ജന്യമാകുകയും ചെയ്തു. 

സത്വജമായി അതിമഹത്വമാര്‍ന്ന ദേവതകള്‍ സ്വര്‍ല്ലോകത്തിലും, രജോഗുണോത്ഭൂതങളായ മാനുഷര്‍ തങളുടെ ആജ്ഞാനുവര്‍ത്തികളായ അന്യജീവികള്‍ക്കൊപ്പം ഭൂലോകത്തിലും വാണു. തമോഗുണോത്പ്പന്നമായ രുദ്രാനുചാരികള്‍ ആകാശത്തില്‍ ഭൂലോകത്തിനും സ്വര്‍ല്ലോകത്തിനും മധ്യേയുള്ള വ്യോമഭാഗങളില്‍ സ്ഥിതരായി. ഹേ കുരൂദ്വഹാ!, പ്രപഞ്ചപുരുഷന്റെ തിരുമുഖത്തുനിന്നും വേദങളുണ്ടായി. അതില്‍ അഭിരുചികൊള്ളുന്നവരെ ബ്രാഹ്മണരെന്നു വിളിക്കാന്‍ തുടങി. അവരത്രേ സമൂഹത്തില്‍ ആത്മീയാചാര്യന്മാരായി മനുഷ്യര്‍ക്ക് ജ്ഞാനം പ്രദാനം ചെയ്തുനടക്കുന്നത്. അതിനുശേഷം വിരാട്രൂപന്റെ ബാഹുക്കളില്‍നിന്നും ക്ഷത്രം ഉടലെടുത്തു. അതിന്നാധിപത്യം സ്ഥാപിച്ചുകൊണ്ട് കഷത്രിയല്‍ ജന്മം കൊണ്ടു. അവര്‍ സമൂഹത്തിന്റെ രക്ഷിതാക്കളായി സ്വധര്‍മ്മമനുഷ്ഠിച്ചു. ദുര്‍മ്മാര്‍ഗ്ഗികളാലും കള്ളന്മാരാലും സമൂഹത്തിലുണ്ടാകുന്ന ദുരവസ്ഥകളില്‍നിന്നും ജനങളെ ഇവര്‍ കാത്തുസൂക്ഷിക്കുന്നു. തുടര്‍ന്ന്, സമൂഹത്തിലെ ഉപജീവനമാര്‍ഗ്ഗങളായ സാധനസാമഗ്രികളുടെ ഉത്ഭവവും, ജനങളിലേക്കുള്ള അവയുടെ വിതരണവും ആ ബൃഹദ്രൂപിയുടെ തുടകളില്‍ നിന്നുണ്ടായി. ധാര്‍മ്മികമായ ചുമതലയേറ്റുകൊണ്ട് അതിനെ പരിപാലിക്കുന്നതിനായി വൈശ്യജനസമൂഹം ഉടലെടുത്തു. അനന്തരം, സേവനം അവന്റെ പാദങളില്‍നിന്നും ജന്യമായി. അവയുടെ ആധിപത്യം ശൂദ്രസമൂഹങളേറ്റെടുത്തു പരിപാലനം ചെയ്തു. ധര്‍മ്മപരിപൂത്തിയുടെ അവസാനഭാഗമായി അവര്‍ അതിലൂടെ ഭഗവാന്‍ ഹരിയെ സന്തുഷ്ടനാക്കി. 

ഈ നാലുവര്‍ണ്ണങളും തങളുടെ ഗുണഗണങള്‍ക്കനുസരിച്ച് ആ വിരാട്രൂപനില്‍നിന്നുണ്ടായതാണ്. ആയതിനാല്‍ ധാര്‍മ്മികമായ ജീവിതാനുഷ്ഠാനങള്‍ ആചരിക്കുവാനും, ഒടുവില്‍ പരമമായ ഗതിയെ പ്രാപിക്കുവാനും ഇവര്‍ക്കേവര്‍ക്കും ആ പരമപുരുഷനെ അനന്യമായി ആശ്രയിക്കേണ്ടിവന്നു. 

അല്ലയോ വിദുരരേ!, ഭഗവാന്‍ ഹരി തന്റെ മായാശക്തിയാല്‍ സൃഷ്ടിക്കപ്പെട്ട ബൃഹത്തായ ഈ വിരാട്പുമാന്റെ കാല-കര്‍മ്മ-മായാശക്തികളെ ആര്‍ക്കാണ് ഇവിടെ അളക്കുവാനും നിര്‍‌വ്വചിക്കുവാനും കഴിയുന്നത്?. ഹേ അനഘനായ വിദുരരേ!, ഞാന്‍ കേട്ടിടത്തോളവും മനസ്സിലാക്കിയിടത്തോളവുമുള്ളത്ര അവന്റെ മായാമഹിമകളെ ഞാനിതാ വീണ്ടും അങയോട് പറയാന്‍ പോകുന്നു. ആ ദിവ്യലീലകളെക്കുറിച്ചറിയാത്തപക്ഷം തീര്‍ച്ചയായും നമ്മള്‍ കൂരിരിട്ടിലേക്ക് ഊര്‍ന്നുപോകുകയേയുള്ളൂ. കാരണം മനുഷ്യജന്മത്തിന്റെ യഥാര്‍ത്ഥലക്‌ഷ്യം അവന്റെ അത്ഭുതചരിതങളും മഹിമകളും പാടി അവനെ സ്തുതിക്കുക എന്നുള്ളതാണ്. ഈ ദിവ്യലീലകളെ ജ്ഞാനികള്‍ വളരെമനോഹരമായ ഗ്രന്ഥങളാക്കി മനുഷ്യനു നല്‍കിയിരിക്കുന്നു. അവയുടെ ശ്രവണമാത്രയില്‍തന്നെ മനുഷ്യന്റെ ശ്രോത്രേന്ദ്രിയങളുടെ ഉപയോഗം സാധൂകരിക്കപ്പെടുന്നു. 

മകനേ!, ആദ്യകവിയായ ബ്രഹ്മദേവന്‍പോലും ആയിരം വര്‍ഷത്തെ കഠിനതപസ്സിനുശേഷം മനസ്സിലാക്കിയത് അവന്റെ ആദ്യന്തരഹിതമായ ലീലകള്‍ ബുദ്ധിക്ക് അഗ്രാഹ്യമാണെന്ന സത്യത്തെയാണ്. ഭഗവാന്‍ ഹരിയുടെ മായാലീലകള്‍ ഇന്ദ്രജാലക്കാരെക്കൂടി ഭ്രമിപ്പിക്കുന്നു. ആത്മവര്‍ത്മനായ ഭഗവാന്‍ സ്വയമേവപോലും തന്റെ ആദ്യന്തരഹിതവും, അനന്തവുമായ ശക്തിവൈഭവത്തെ അറിയുന്നില്ല പോല്‍. പിന്നെ മറ്റുള്ളവരുടെ വിശേഷം പറയാനെന്തിരിക്കുന്നു?. വാക്കിനോ, മനസ്സിനോ, അഹങ്കാരത്തിനോ, തന്റെ ഉപദേവതകള്‍ക്കൊപ്പം കിണഞുപരിശ്രമിച്ചിട്ടും അവനെ അറിയുവാന്‍ കഴിഞില്ലത്രേ!. അതുകൊണ്ട് വിവേകത്തിനഗ്രാഹ്യമായ ഭഗവാന്‍ ഹരിയെ ഹൃദയംകൊണ്ട് നമിക്കുവാന്‍ മാത്രമേ മനുഷ്യനു സാധിക്കുകയുള്ളൂ.

ഇങനെ ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ധം  ആറാമധ്യായം സമാപിച്ചു.

ഓം തത് സത്