03 - അദ്ധ്യായം - 07 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
03 - അദ്ധ്യായം - 07 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014, മാർച്ച് 13, വ്യാഴാഴ്‌ച

3.7 തുടര്‍ന്നുള്ള വിദുരമൈത്രേയസം‌വാദങള്‍.

ഓം

ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ധം  അദ്ധ്യായം - 7

ശ്രീശുകന്‍ പറഞു: "ഹേ പരീക്ഷിത്ത് രാജന്‍!, ഭഗവന്മഹിമകളെപറ്റി അവിരാമം സംസാരിച്ചുകൊണ്ടിരിക്കുന്ന മൈത്രേയമുനിയോട് ശ്രദ്ധയും ഭക്തിയുമുള്‍ക്കൊണ്ടുകൊണ്ട് പണ്ഡിതനും വ്യാസപുത്രനുമായ വിദുരര്‍ ചോദിച്ചു.

"ഹേ ബ്രാഹ്മണശ്രേഷ്ഠാ!, ചിന്‍‌മയനും നിര്‍‌വികാരനുമായ നാരായണന്‍ എങനെയാണ് പ്രകൃതിയും അവയുടെ ത്രിഗുണങളുമായി ബന്‍ന്ധപ്പെട്ടിരിക്കുന്നത്?. അഥവാ, ഇതെല്ലാം അവന്റെ ലീലകളാനെങ്കില്‍കൂടി പ്രകൃതിഗുണങളെ കൂടാതെ നിര്‍‌വികാരനും നിസ്പൃഹനുമായി എങനെയായിരിക്കും അവന്‍ ഇവിടെ കര്‍മ്മങള്‍ ചെയ്യുക?. കുട്ടികള്‍ അത്യുത്സാഹത്തോടെ തങളുടെ കൂട്ടുകാരുമായിച്ചേര്‍ന്ന് വിവിധതരം ക്രീഡകളില്‍ ഏര്‍പ്പെടുന്നു. പക്ഷേ അതിനൊരുകാരണമുണ്ടു. അവര്‍ അതില്‍ നിരന്തരം ആഗ്രഹങള്‍ വച്ചുപുലര്‍ത്തുന്നവരാണ്. എന്നാല്‍, സ്വതതൃപ്തനായ ഭഗവാനില്‍ ആഗ്രഹമുണ്ടാകുക എന്നത് തികച്ചും അസാധ്യമാണ്. പിന്നെയെങനെയാണ് ഇതെല്ലാം സംഭവിക്കുന്നത്?. ഗുണമയമായ തന്റെ മായാശക്തിയാല്‍ ഈ പ്രപഞ്ചത്തെ അവന്‍ സൃഷ്ടിച്ചിരിക്കുന്നു. അതേ മായയാല്‍തന്നെ അവന്‍ ഇതിനെ നിലനിര്‍ത്തുകയും സംഹരിക്കുകയും ചെയ്യുന്നു. കാലദേശാവസ്ഥാത്രയ തത്വങളാല്‍ ഖണ്ഡിക്കപ്പെടാതെ നിത്യനിരന്തമായി നില്‍ക്കുന്ന പരമമായ വസ്തുവാണ് പരമാത്മാവ്. അങനെയിരിക്കെ അത് എങനെയാണ് അജ്ഞാനമാകുന്ന അവിദ്യയില്‍ പെട്ടുപോകുന്നത്?. ഭഗവാന്‍ സ്വയമേവ നിത്യനിരന്തരമായി സകലജീവികളുടേയും ഹൃദയകമലത്തില്‍ കുടികൊള്ളുന്നു. എങ്കില്‍പിന്നെ എന്തുകൊണ്ടാണ് അവരുടെ കര്‍മ്മങള്‍ അവര്‍ക്ക് ദുരിതങള്‍ മാത്രം സമ്മാനിക്കുന്നത്?. ഹേ മഹാപണ്ഡിതാ!, എന്റെ മനസ്സ് ഇങനെയുള്ള അജ്ഞാനാന്തകാരത്തില്‍ പെട്ടുഴലുകയാണ്. അവിടുന്ന് കനിവരുളി ഈയുള്ളവനെ ഈ ദുഃഖാവസ്ഥയില്‍നിന്നും കരകയറ്റണം."

ശ്രീശുകന്‍ പറഞു: "അല്ലയോ രാജന്‍!, വിദുരരുടെ ഈവക ചോദ്യങള്‍ക്കുമുന്നില്‍ മൈത്രേയമുനി ഒരുനിമിഷം അത്ഭുതപരവശനായി. ആ പാരവശ്യം ദൂരെയാക്കി അദ്ദേഹം വിദുരരുടെ ചോദ്യങള്‍ക്ക് മറുപടി പറഞുതുടങി."

"പ്രിയവിദുരരേ!, ചില പണ്ഡിതന്‍മാര്‍ പറയുന്നു ഭഗവാന്‍ മായാധീതനാണെന്ന്. എന്നാല്‍ മറ്റുചിലരാകട്ടെ, അവനെ ഗുണമയനായി ചിത്രീകരിക്കുന്നു. പക്ഷേ ഇതു തികച്ചും സത്യവിരുദ്ധമാണ്. മനുഷ്യന്‍ തന്റെ അസ്ഥിത്വത്തെക്കുറിച്ച് സദാ വ്യാകുലനാണ്. സ്വപ്നത്തില്‍ തന്റെ ശിരസ്സ് മുറിഞുമാറുന്നത് സ്വയം കാണുന്നതുപോലെ അവര്‍ സത്യത്തില്‍നിന്നുമകന്ന് നിലകൊള്ളുന്നു. ഒരു പാത്രത്തില്‍ ജലം നിറച്ച് അതില്‍ കാണുന്ന ചന്ദ്രബിംബം ജലത്തിന്റെ ചലനങള്‍ക്കൊപ്പം ഇളകുന്നതുപോലെ ദ്രഷ്ടാവിനനുഭവപ്പെടുന്നു. അതുപോലെ വ്യക്തിഗുണങളുമായി സമ്മേളിക്കപ്പെടുന്ന ജീവന്മാര്‍, അതാത് ഗുണങളുമായി സംഗമിച്ച് നില്‍ക്കുന്നതുപോലെ കാണപ്പെടുന്നു. പക്ഷേ, ഇത് തീര്‍ത്തും മിഥ്യാബോധമാണ്. അതില്‍നിന്നു പുറത്തുകടക്കുവാന്‍ ഒരേയൊരു ഉപാധിമാത്രമേയുള്ളൂ. തികച്ചും നിസ്സംഗനായി വാസുദേവനില്‍ ശരണം പ്രാപിക്കുക. സകല ഇന്ദ്രിയങളും പരമാത്മാവിലര്‍പ്പിച്ച്, അവയെ ആ പരമാനന്ദത്താല്‍ സംതൃപതമാക്കിക്കഴിഞാല്‍, ക്ഷണത്തില്‍തന്നെ, ഒരുവന്‍ ഉറക്കത്തില്‍നിന്നുണര്‍ന്ന് സകലക്ഷീണവും തീര്‍ന്ന്, പൂര്‍ണ്ണോന്മേഷം വീണ്ടെടുക്കുന്നതുപോലെ, ആ ജീവന്‍ സകലദുഃഖങളും വിട്ടൊഴിഞ് എന്നെന്നേയ്ക്കുമായി മുക്തനാകുന്നു. ശ്രീകൃഷ്ണപരമാത്മാവിന്റെ തിരുനാമങളുടേയും തിരുരൂപത്തിന്റേയും ജപധ്യാനങളിലൂടെ ഒരുവന്റെ സകലദുരിതങള്‍ക്കും അറുതിവരുന്നു. അങനെനെയെങ്കില്‍ അവന്റെ തൃപ്പാദരേണുക്കളില്‍ ആകൃഷ്ടരായ ജീവന്‍‌മാരെക്കുറിച്ചു പറയുവാനുണ്ടോ?"

വിദുരര്‍ തുടര്‍ന്നു: "ഹേ ഭഗവന്‍!, സന്ദേഹമൊഴിഞ അങയുടെ വാക്കുകളാല്‍ ഭഗവാനെക്കുറിച്ചും, ജീവഭൂതങളെക്കുറിച്ചുമുള്ള എന്റെ സകലസംശയങളും ഇപ്പോള്‍ നീങിയിരിക്കുന്നു. എന്റെ ഹൃദയമിതാ അവനിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നു. ഹേ പണ്ഡിതശ്രേഷ്ഠാ!, അവിടുന്ന് അവനെക്കുറിച്ചു പ്രക്രീത്തിച്ച സകലതും സത്യം തന്നെ. അത് തീര്‍ത്തും അങനെതന്നെയായിരിക്കണമല്ലോ!. ജീവന്‍‌മാര്‍ മായാധീതനായ അവന്റെ മായയില്‍പെട്ട് ഉഴറേണ്ടവയല്ല. മറിച്ച് അവ അവനില്‍ ശരണാഗതിചെയ്തു ത്രിഗുണങളുടെ പിടിയില്‍ന്നുന്ന് വിമുക്തമാകേണ്ടവയാണ്. ലോകത്തില്‍ ഒന്നുമറിയാത്ത മന്ദമതികളും എല്ലാമറിയുന്ന ജ്ഞാനികളും സന്തോഷവാന്‍‌മാരായിരിക്കും. എന്നാല്‍ രണ്ടിനും മധ്യേയുള്ള അല്പ്പജ്ഞാനികളാകട്ടെ മായാവലയത്തില്‍ പെട്ട് സദാ അരിഷ്ടതകള്‍ അനുഭവിച്ചുകൊണ്ടേയിരിക്കുന്നു. പ്രഭോ!, ഇക്കാണുന്ന പ്രപഞ്ചം ഭൗതികദൃഷ്ടിയാല്‍ കാണപ്പെടുന്നതുപോലെ യഥാര്‍ത്ഥമല്ലെന്നും, അത് മായയുടെ മഹാവൈഭവമാണെന്നും ഞാനിപ്പോള്‍ മനസ്സിലാക്കുന്നു. അതില്‍ ഞാന്‍ അങയോട് ഏറെ കടപ്പെട്ടവനാണ്. എങ്കിലും എന്നില്‍ ഇനിയും അടിഞുകിടക്കുന്ന സന്ദേഹങള്‍ അകലണമെങ്കില്‍ അത് അവിടുത്തെ കൃപ ഒന്നുകൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ.

ഗുരുചരണം പൂജിക്കുന്ന ശിഷ്യര്‍ക്ക് മധുദ്വേഷിയും, സര്‍‌വ്വദുഃഖനിവാരകനുമായ ഭഗവാന്‍ ഹരിയില്‍ തീവ്രമായ ഭക്തിയുണ്ടാകുന്നു. കാരണം അങനെയുള്ള മാഹാത്മാക്കള്‍ വൈകുണ്ഠപ്രാപ്തിക്കുവേണ്ടി നിത്യോപാസനചെയ്ത് യത്നിക്കുന്നവരാണ്. ബ്രഹ്മചര്യത്തില്‍ തീവ്രമായ നിഷ്ഠയില്ലാത്തവര്‍ക്ക് അവരില്‍ ഭക്തിയുണ്ടാകുക സാധ്യമല്ല. അവരുടെ കടാക്ഷം അത്രകണ്ട് പവിത്രമാണ്. അവര്‍ സദാസമയവും ദേവാദിദേവന്‍, സകലഹൃദിസ്ഥിതന്‍, ഭഗവാന്‍ ഹരിയില്‍ മനസ്സര്‍പ്പിച്ചുകഴിയുന്നു.

മഹത് ആദിയായിട്ടുള്ള തത്വങളാല്‍, ഇന്ദ്രിയങളും, ഇന്ദ്രിയാര്‍ത്ഥങളും സഹിതം, അതിബൃഹത്തായ വിരാട്പുരുഷനെ സൃഷ്ടിച്ചതിനുശേഷം, ഭഗവാന്‍ അതിലേക്കാഴ്ന്നിറങി. ആയിരക്കണക്കിന് തുടകളും, പാദങളും, ബാഹുക്കളുമുള്ള ആ ബൃഹത് രൂപിയെ ആദ്യപുരുഷന്‍ എന്നറിയപ്പെടുന്നു. അവനിലാണ് പ്രപഞ്ചത്തിലെ സമസ്തലോകങളും തങളിലുള്ള സകലചരാചരങള്‍ക്കുമൊപ്പം നിവസിക്കുന്നത്. അല്ലയോ ബ്രാഹ്മണശ്രേഷ്ഠാ!, അത്യുഗ്രമായ ഈ വിരാട്രൂപം ഇന്ദ്രിയങളും, ഇന്ദ്രിയാത്ഥങളും, കൂടാതെ ദശപ്രാണശക്തികളും ചേര്‍ന്ന് പ്രകൃതിയുടെ ത്രിഗുണങള്‍ക്കനുസരിച്ച് ത്രിവിധങളായി നിലകൊള്ളുന്നുവെന്ന് അങ് മുമ്പേതന്നെ പറഞുകഴിഞു. ഇനി ഇവയുടെ വ്യത്യസ്ഥങളായ ശക്തിവിശേഷങളെക്കുറിച്ചുകൂടി അറിയുവാന്‍ ഈയുള്ളവന് താല്പ്പര്യമുണ്ട്. വിവിധങളായ അവന്റെ വീര്യം പുത്രന്‍‌മാരും, പൗത്രന്‍‌മാരും, കുടുംബാംഗങളും, അനേകം തലമുറകളുമൊക്കെയായും ഈ ഉലകം മുഴുവന്‍ സ്വയമേവ വ്യാപിച്ചുകിടക്കുന്നുവെന്നാണ് ഇതിനകം അടിയന് മനസ്സിലാക്കാന്‍ കഴിഞത്.

ഗുരോ!, പ്രജാപതികളും ബ്രഹ്മദേവനും ചേര്‍ന്ന് എങനെയാണ് ഓരോരോ മന്വന്തരങളില്‍ ഓരോരോ മനുക്കളെ തിരഞെടുക്കുന്നത്?. യുഗങള്‍തോറും സ്ഥാനമേല്‍ക്കുന്ന ഈ മനുക്കളെക്കുറിച്ചും അവരുടെ പരമ്പരകളെക്കുറിച്ചും ഞങളോടരുളിചെയ്യുവാന്‍ അവിടുത്തേക്ക് ദയവുണ്ടാകണം. ഹേ മിത്രതനായാ!, ഭൂമിയുള്‍പ്പെടെയുള്ള ഈരേഴുപതിനാലുലോകങള്‍ അവള്‍ക്ക് മേലും കീഴുമായി നിലകൊള്ളുന്നതെങനെയെന്നും, അവയോരോന്നിന്റേയും അളവും വ്യാപ്തിയുമൊക്കെ ഉള്ളവണ്ണം അറിയുവാന്‍ ഞാനാഗ്രഹിക്കുകയാണ്.  ഹേ ഗുരോ!, പ്രപഞ്ചത്തില്‍ അനേകകോടിജീവജാലങളുണ്ടല്ലോ!, അവയില്‍ ദേവന്‍‌മാര്‍, മനുഷ്യര്‍, തിര്യക്കുകള്‍, ഉരഗങള്‍, പക്ഷികള്‍, ഗര്‍ഭപിണ്ഡജങള്‍, സ്വേദോദകങള്‍, ഉദ്ഭിജങള്‍, തുടങിയ ജീവരാശികളെക്കുറിച്ച് പ്രത്യേകം പ്രത്യേകം അറിയുവാന്‍ അടിയനില്‍ ആഗ്രഹം ജനിക്കുന്നു.

ത്രിഗുണങളുടെ ആധിപത്യം ഏറ്റെടുത്തുകൊണ്ട് ഇവിടെ അവതരിച്ചിട്ടുള്ള ബ്രഹ്മാദിമൂര്‍ത്തിത്രയങളെക്കുറിച്ചും, അവര്‍ക്ക് സര്‍‌വ്വനുഗ്രഹം ചൊരിഞുകൊണ്ട് ഓരോയുഗങളിലുമുണ്ടാകുന്ന ഭഗവതവതാരങളെക്കുറിച്ചും, ഓരോ അവതാരങളിലും അവന്‍ കാട്ടിയ അത്യന്തം മാഹാത്മ്യമേറുന്ന അത്ഭുതലീലകളെപറ്റിയും കേള്‍ക്കുവാന്‍ ഞങള്‍ വെമ്പല്‍ കൊള്ളുകയാണ്. മഹാമുനേ!, ഗുണകര്‍മ്മവിഭാഗങള്‍ക്കനുസരിച്ചുള്ള സാമൂഹികവര്‍ണ്ണാശ്രമങളും, ഋഷീശ്വരന്‍‌മാരുടെ ഉത്ഭവവും, വേദങളുടെ വിഭജനങളുമൊക്കെ ഞങള്‍ക്ക് വിവരിച്ചു തന്നാലും. പ്രഭോ!, യജ്ഞാചരണങളെക്കുറിച്ചും, യോഗചര്യകളെക്കുറിച്ചും, സാംഖ്യാദിശാസ്ത്രവിധികളെക്കുറിച്ചും, ഭഗവത് ഭക്തിവിശേഷണങളെക്കുറിച്ചും, വിധിയാം‌വണ്ണം ഞങള്‍ക്ക് പറഞുതരിക. ഇവിടെ പാഷണ്ഡികള്‍ ചേര്‍ന്നുണ്ടാക്കിയിട്ടുള്ള വികലമായ ജീവിതവ്യവസ്ഥിതികളെന്തൊക്കെയാണ്?. പ്രകൃതിഗുണഗണങളില്‍ ബന്ധനസ്ഥരായികിടക്കുന്ന ഇത്തരം ജീവികളുടെ ഒടുവിലത്തെ ഗതി എന്തായിരിക്കുമെന്നും ദയവായി ഞങള്‍ക്ക് പറഞുതന്നാലും. എങനെയാണിവിടെ ധര്‍മ്മാര്‍ത്ഥകാമമോക്ഷങളും, ദണ്ഡനീതിവ്യവസ്ഥകളും, വേദശാസ്ത്രാദികളുടെ അനുസശാസനങളുമൊക്കെ സമീകൃതമായ രൂപത്തിലും ഭാവത്തിലും സമൂഹത്തില്‍ നിലകൊള്ളുന്നത്?.

ഹേ ബ്രാഹ്മണശ്രേഷ്ഠാ!, ഏതുവിധമാണിവിടെ പിതൃക്കള്‍ക്കുള്ള ശ്രാദ്ധങളും മറ്റനുസ്മരണങളും മനുഷ്യന്‍ കൊണ്ടാടുന്നത്?. എങനെയാണ് ഗ്രഹങളുടേയും, നക്ഷത്രങളുടേയും, അന്യജ്യോതിര്‍ഗോളങളുടേയുമൊക്കെ കാലാധിഷ്ഠിതമായ ഭ്രമണപദ്ധതികളുമൊക്കെ ആവിഷ്ക്കരിച്ചിരിക്കുന്നത്?. ബ്രാഹ്മണോത്തമാ!, ദാനം കൊണ്ടും, തപസ്സുകൊണ്ടും അഥവാ, ദാഹജലസംഭരണിക്കുവേണ്ടിയുള്ള തീവ്രയത്നം മുതലായ സാമൂഹികവൃത്തികള്‍കൊണ്ടും എന്താണൊരുവന്‍ ഇച്ചിക്കുന്നത്?. സ്വഗൃഹത്തില്‍നിന്നകന്നുനില്‍ക്കുന്നവന്റേയും, ആപത്ക്കരമായ ഘട്ടങളിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നവന്റേയും സ്ഥിതിവിശേഷങളെന്തൊക്കെയായിരിക്കും?. ഹേ അനഘാ!, ധര്‍മ്മയോനിയായ ഭഗവാനാണ് സകലചരാചരങളുടേയും അധിപതി. അതിനാലത്രേ അവനെ ജനാര്‍ദ്ധനന്‍ എന്നുവിളിക്കുന്നത്!. അങനെയുള്ള ആ പരമപുരുഷനെ എങനെയാണ് ഒരുവന്‍ സമ്പ്രീതനാക്കേണ്ടത്?. ഗുരുക്കന്‍‌മാര്‍ ദീനവത്സലരാണ്. തങളുടെ അനുവര്‍ത്തികളെ, അത് ശിഷ്യഗണങളാകട്ടെ, പുത്രന്‍‌മാരാകട്ടെ, മറ്റാരുമാകട്ടെ, ഗുരുക്കന്‍‌മാര്‍ അവരുടെ ഇംഗിതത്തെ സ്വയമേവ കണ്ടറിഞ് അവരെ ജ്ഞാനോപദേശം നല്‍കിയനുഗ്രഹിക്കുന്നു.

ഹേ ബ്രാഹ്മണോത്തമാ!, മഹത് മുതാലായ തത്വങള്‍ക്ക് എത്രവിധം പ്രതിസംക്രമണങളുണ്ട്? ഇവയുടെ ഓരോ മഹാപ്രളയത്തിലും ആരാണിവിടെ യോഗനിദ്രയിലായിരിക്കുന്ന ഭഗവാനെ ആരാധിച്ച് ശിഷ്ടഭാവത്തിലുണ്ടായിരിക്കുന്നത്?. ജീവാത്മപരമാത്മാക്കളുടെ ഉണ്മയെന്താണ്? അവയുടെ സ്വരൂപമെന്താണ്?. വേദോപനിഷത്തുക്കളുടെ മാഹാത്മ്യമെന്താണ്?. ഗുരുശിഷ്യബന്ധംകൊണ്ട് ഇവിടെ എന്താണ് അര്‍ത്ഥമാക്കുക്ന്നത്?. ഇവിടെ ഭക്തോത്തമന്മാര്‍ കളങ്കമറ്റ് അദ്ധ്യാത്മജ്ഞാനം പ്രഘോഷിച്ചുകൊണ്ട് തീര്‍ത്ഥാടനം ചെയ്യുന്നു. എങ്കിലും ഒരുവന്‍ പരപ്രേരണകൂടാതെ എങനെയാണ് ഭക്തിജ്ഞാനവൈരാഗ്യാദികള്‍ നേടിയെടുക്കുന്നത്?.

പ്രിയഗുരോ!, ഭഗവാന്‍ ഹരിയുടെ ലീലകളെക്കുറിച്ച് ഞാന്‍ അങയോട് ചോദിച്ച സകലചോദ്യങള്‍ക്കും മറുപടി നല്‍കി, സര്‍‌വ്വമിത്രമായ അവിടുന്ന് അജ്ഞനായ എന്നെയും, ലോകത്തില്‍ നഷ്ടചക്ഷുസ്സുകളായി അലഞുതിരിയുന്ന ജീവകോടികള്‍ക്കും അനുഗ്രഹം ചൊരിയുമാറാകണം. ഹേ അനഘാ!, എന്റെ ചോദ്യങള്‍ക്ക് അങ് നല്‍കാന്‍ പോകുന്ന ഉത്തരങള്‍ ഇഹത്തിലെ സകലദുഃഖങളുമകറ്റുന്ന അമൃതമായിരിക്കും. ഇങനെ അങ് ചെയ്യുന്ന ഈ ജ്ഞാനദാനം വേദയജ്ഞതപദാനങള്‍ക്കും മേലെ പവിത്രമായ മഹാദാനമായിരിക്കുമെന്നതില്‍ യാതൊരു സന്ദേഹവുമില്ല."

ശുകദേവന്‍ പറഞു: "ഹേ പരീക്ഷിത്ത് രാജന്‍!, ഇങനെ വിദുരര്‍ ഭഗവത് മഹിമകളെക്കുറിച്ച് മൈത്രേയരോട് വാതോരാതെ ചോദിച്ചുകൊണ്ടേയിരുന്നു. അവയോരോന്നും കേട്ട് മൈത്രേയന്‍ വിദുരരില്‍ സമ്പ്രീതനയി. അദ്ദേഹത്തിന്റെ മുഖം പുഞ്ചിരിയാല്‍ പ്രസന്നമായി.  മൈത്രേയന്‍ പരമഭാഗവതനാണ്. ഭഗവദ് മഹിമകളില്‍ അതീവരുചിയുള്ള അദ്ദേഹം വീണ്ടും ആ പരമ്പുരുഷന്റെ അത്ഭുതചരിത്രങള്‍ വര്‍ണ്ണിക്കുവാന്‍ തുടങി."

ഇങനെ ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ധം  ഏഴാമധ്യായം സമാപിച്ചു.

ഓം തത് സത്