ഓം
ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം അദ്ധ്യായം 3
പരമശിവനും സതീദേവിയുമായുള്ള സംവാദം
മൈത്രേയൻ പറഞ്ഞു: “വിദുരരേ!, അങ്ങനെ ശിവനും ദക്ഷനും ഇടയിലുള്ള വിദ്വേഷം
ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരുന്നു. ബ്രഹ്മദേവൻ ദക്ഷനെ പ്രജാപതികളുടെ തലവനായി പ്രഖ്യാപിച്ചതുമുതൽ
അദ്ദേഹം കൂടുതൽ അഹങ്കാരിയായി മാറി. വിധാതാവിന്റെ പിന്തുണയോടുകൂടി ദക്ഷൻ വാജപേയം എന്ന
യാഗമാരംഭിച്ചു. അതുകഴിഞ്ഞപ്പോൾ വീണ്ടും ബൃഹസ്പതിസവം എന്ന മഹായാഗത്തിനാരംഭം കുറിച്ചു.
ബ്രഹ്മർഷികളും, ദേവർഷികളും, പിതൃഗണങ്ങളും, ദേവന്മാരും സർവ്വാഭരണവിഭൂഷിതകളായ അവരുടെ
പത്നിമാരും ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നും ആ യാഗത്തിൽ പങ്കുചേരുവാനെത്തി. ആകാശമാർഗ്ഗേണ
അവിടേയ്ക്കു പോകുന്ന ഗന്ധർവ്വന്മാരുടെ സംഭാഷണത്തിലൂടെ ആ വാർത്ത താമസിയാറ്റെ ദേവിയുടെ
കാതിലുമെത്തി. ഗന്ധർവ്വപത്നിമാർ സർവ്വഭരണവിഭൂഷിതകളായി പട്ടുവസ്ത്രങ്ങളുമണിഞ്ഞ് നാനാദിശകളിൽനിന്നും
അവിടേക്ക് പായുന്ന ദൃശ്യം കണ്ട് ദേവിക്കും അവിടെയെത്തെണമെന്നുള്ള ആഗ്രഹമുണ്ടായി. മഹാദേവന്റെ
അരികിലെത്തി ദേവി ആകാംക്ഷയോടെ തന്റെ മനോരഥമറിയിച്ചു.”
സതീദേവി പറഞ്ഞു: “നാഥാ!, അങ്ങയുടെ സ്വസുരൻ, ദക്ഷപ്രജാപതി ഏതോ മഹായാഗം നടത്തുന്നുവത്രേ! ലോകത്തിലുള്ള സകലരേയും ക്ഷണിച്ചിട്ടുണ്ടുപോലും. അവരെല്ലാം അതാ അങ്ങോട്ടേയ്ക്ക് പൊയ്ക്കെണ്ടിരിക്കുന്നു. അവിടുത്തേയ്ക്കാഗ്രഹമുണ്ടെങ്കിൽ നമുക്കും പോകാം. എന്റെ സഹോദരിമാരെല്ലാം തങ്ങളുടെ പതികളുമൊത്ത് അവരുടെ ബന്ധുമിത്രാദികളെ കാണാൻ അവിടെയെത്തിയിട്ടുണ്ടാകും. ഭഗവാനേ!, എന്റെ അച്ഛൻ നൽകിയ ആഭരണങ്ങളുമണിഞ്ഞ് അങ്ങയോടൊപ്പം അവിടെയെത്തുവാനും ആ യാഗത്തിൽ പങ്കുചേരുവാനും ഞാനും കൊതിക്കുന്നു. സഹോദരിമാരും, കുഞ്ഞമ്മമാരും, അവരുടെ ഭർത്താക്കന്മാരും, സ്നേഹനിധികളായ നമ്മുടെ മറ്റു ബന്ധുമിത്രാദികളുമെല്ലാംതന്നെ ഇതിനകം അവിടെയെത്തിയിട്ടുണ്ടാകണം. പോകുകയാണെങ്കിൽ എനിക്കും അവരെയൊക്കെ ഒരുനോക്കു കാണുവാൻ കഴിയും. മാത്രമല്ല, പണ്ഢിതരായ ഋഷിവര്യന്മാരാൽ യാഗത്തിനു കൊടിയേറുന്നതും നമുക്ക് കാണാം. നാഥാ! ഇതെല്ലാം കാണുവാൻ എന്റെയുള്ളിലും അതിയായ ആകാംക്ഷയുണ്ടു പ്രഭോ!. അത്യാശ്ചര്യമായ ഈ പ്രപഞ്ചം മുഴുവനും ഭഗവാൻ ഹരിയുടെ മായാശക്തിയാകുന്ന ത്രിഗുണങ്ങളിൽനിന്നുണ്ടായതാണ്. ഈ സത്യം അവിടുത്തേക്കറിയാവുന്നതുതന്നെ. ഭഗവാനേ!, അങ്ങേയ്ക്കറിയാം ഈയുള്ളവളാരാണെന്നു. അതുകൊണ്ട് എന്റെ ജന്മദേശം ഒന്നുകൂടി കാണുവാൻ ഞാൻ ആഗ്രഹിക്കുന്നു. ഹേ! ജന്മരഹിതാ!, ഹേ! നീലകണ്ഠാ!, ബന്ധുമിത്രാദികൾ മാത്രമല്ല, മറ്റുള്ള സ്ത്രീകളും അവർക്കുള്ള ആഭരണങ്ങളും പുതുവസ്ത്രങ്ങളുമണിഞ്ഞ് തങ്ങളുടെ ഭർത്താക്കന്മാരും കൂട്ടുകാരുമൊത്ത് അവിടെയെത്തും. അതാ നോക്കൂ! അവരുടെ വിമാനങ്ങൾ ആകാശത്തെ എത്ര മനോഹരമാക്കിയിരിക്കുന്നു? ഹേ! ദേവോത്തമാ! തന്റെ പിതൃഭവനത്തിൽ ഒരു വിശേഷം നടക്കുന്നുവെന്നറിഞ്ഞാൽ ആർക്കാണ് ഇരുപ്പുറയ്ക്കുക?. ഒരുപക്ഷേ, അവിടുന്നു കരുതുന്നുണ്ടാകും നാം ഇതുവരേക്കും ക്ഷണിക്കപ്പെട്ടിട്ടില്ലല്ലോ എന്ന്. ഒരു സുഹൃത്തിന്റേയോ, സ്വന്തം ഭർത്താവിന്റേയോ, ഗുരുവിന്റേയോ, അച്ഛന്റേയോ ഗൃഹത്തിൽ ക്ഷണിക്കാതെ പോയാൽത്തന്നെ എന്ത് നഷ്ടപ്പെടുവാനാണ്? ഹേ! അമർത്യാ!, ഈയുള്ളവളിൽ കാരുണ്യമുണ്ടാകണം. എന്റെ ആഗ്രഹം സാധ്യമാക്കണം. എന്നെ അവിടുത്തെ അർദ്ധാംഗിനിയായി എപ്പൊഴേ അവിടുന്നു സ്വീകരിച്ചതാണ്. കൃപയാ അടിയന്റെ ഈ അപേക്ഷ അവിടുന്നു കൈക്കൊള്ളണം.”
മൈത്രേയൻ പറഞ്ഞു: “വിദുരരേ!, ദേവി ഇപ്രകാരം അപേക്ഷിക്കുന്ന സമയം, ഭഗവാന്റെ മനസ്സിൽ തുളഞ്ഞുകയറിക്കൊണ്ടിരുന്നത്, നിറഞ്ഞ സദസ്സിൽവച്ച് ദക്ഷനിൽനിന്നും തനിക്ക് കേൾക്കേണ്ടിവന്ന കടോരമായ ദുർവ്വചങ്ങളായിരുന്നു. എങ്കിലും തന്റെ പത്നി മുന്നോട്ടുവച്ച ആഗ്രഹത്തെക്കുറിച്ചു മഹാദേവൻ പുഞ്ചിരിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു.”
മഹാദേവൻ പറഞ്ഞു: “ദേവീ!, ക്ഷണിക്കപ്പെടാതെയെന്നിരുന്നാലും ഒരു സുഹൃത്തിന്റെ വീട്ടിൽ പോകുന്നതു ഉചിതമാണെന്നു അവിടുന്ന് മൊഴിഞ്ഞതു സത്യംതന്നെ. പക്ഷേ, തന്റെ വീട്ടിൽ അതിഥിയായി വരുന്നവരുടെ ശാരീരത്തെ വിലയിരുത്തി അതിലുള്ള കുറ്റവും കുറവും പറഞ്ഞ് അവരെ നാണം കെടുത്തുവാനും ആക്ഷേപിക്കുവാനും അവരോട് കോപിക്കുവാനും ഒരാൾക്കവകാശമില്ല. വിദ്യ, തപസ്സ്, വിത്തം, ശരീരം, യൌവ്വനം, കുലം മുതലായ ഐശ്വര്യങ്ങൾ വന്നുചേരുമ്പോൾ ഒരുവന് അതിൽ അഹന്തയുണ്ടാകുകയും അവന്റെ ഉൾക്കാഴ്ച നഷ്ടപ്പെടുകയും ചെയ്യുന്നു. അതിനാൽ ബുദ്ധി ഭ്രമിച്ച അവർ മഹാത്മാക്കളുടെ മഹിമയെ തിരിച്ചറിയാതെപോകുന്നു. സുഹൃത്തോ ബന്ധുവോ ആണെങ്കിൽകൂടി അതിഥിയെ കാണുമ്പോൾ ആതിഥേയന്റെ മനസ്സ് പ്രക്ഷുബ്ദമാകുകയോ, പുരികങ്ങൾ ഉയർന്നു പൊങ്ങുയോ, കണ്ണുകളിൽ വെറുപ്പ് കടന്നുകൂടുകയോ ചെയ്താൽ, അവിടേക്ക് പോകാൻ പാടുള്ളതല്ല. ശത്രുവിന്റെ അമ്പ് കൊണ്ടുണ്ടാകുന്നതിനേക്കാൾ ആഴമാണ് ഒരു ബന്ധുവിന്റെ പരുഷമായ വാക്കുകൾ കൊണ്ട് ഹൃദയം മുറിയുമ്പോഴുണ്ടാകുന്നത്. കാരണം ആ ദുഃഖം രാവും പകലും ഒരുവനെ പിന്തുടരുന്നു. ഹേ! ഗൌരി!, ദക്ഷപ്രജാപതിക്ക് തന്റെ മറ്റുള്ള പുത്രിമാരെക്കാളും പ്രിയം നിന്നോടുണ്ടെന്ന് നാമറിയുന്നു. എങ്കിലും ഒരു കാര്യം വ്യക്തമാണ്. നമ്മെ വരിച്ചതു കാരണം നീ അവിടെ ബഹുമാനിതയാകാൻ പോകുന്നില്ല. മറിച്ച്, നമ്മോടുള്ള സംബന്ധംകൊണ്ടുമാത്രം ഭവതിക്ക് ഘോര അപമാനമായിരിക്കും അവിടെ നേരിടേണ്ടിവരുന്നത്. അഹങ്കാരത്തിനടിപ്പെട്ട് മാനസികമായും ബൌദ്ധികമായും വ്യസനിക്കുന്നവരുടെ മനസ്സുകൾക്ക് ആത്മജ്ഞാനികളുടെ ഐശ്വര്യത്തെ സഹിക്കുവാൻ കഴിയുകയില്ല. അവരോളാം വളരുവാൻ കഴിയാത്തതുകൊണ്ടുതന്നെ അവൻ, അസുരന്മാർ ഹരിയെ ദ്വേഷിക്കുന്നതുപോലെ, മഹത്തുക്കളോടു വൈരം വച്ചുപുലർത്തുന്നു. സുഹൃത്തുക്കളും ബന്ധുമിത്രാദികളും തമ്മിൽ കാണുമ്പോൾ എഴുന്നേറ്റുനിന്ന് പരസ്പരം അനുമോദിക്കുകയും നമസ്ക്കാരമർപ്പികുകയും പതിവാണ്. എന്നാൽ, ആത്മജ്ഞാനതലത്തിൽ ഈ പ്രവൃത്തി ഒരുവൻ തന്റെ ഉള്ളിലിരിക്കുന്ന പരമാത്മാവിലാണ് അർപ്പിക്കുന്നത്. അല്ലാതെ ദേഹാത്മബോധമുള്ളവരിലല്ല. നാം സർവ്വദാ നമസ്ക്കരിക്കുന്നത് വാസുദേവനെയാണ്. കാരണം അപാവൃതനായ അവനാണ് അതിനർഹൻ. ദേവീ! ദക്ഷനും കൂട്ടർക്കും നമ്മോടു കടുത്ത വൈരമാണ്. നിരപരാധിയായ നമ്മെ കഠോരമായ വാക്കുകളാൽ അധിക്ഷേപിച്ചവനാണയാൾ. അതിനാൽ പിതാവണെങ്കിൽക്കൂടി ദേവി ദക്ഷനെ ഇനി കാണാൻ പാടില്ല. ഇനി നമ്മുടെ അഭിപ്രായത്തെ മാനിക്കാതെ ദേവിക്ക് അവിടേയ്ക്ക് പോകണമെങ്കിൽ പൊയ്ക്കൊള്ളുക. പക്ഷേ, അതുകൊണ്ട് നല്ലതൊന്നുംതന്നെ സംഭവിക്കാൻ പോകുന്നില്ല. ഇന്ന് ലോകത്തിൽ ബഹുമാനിതയായ ദേവിക്ക് അവിടെനിന്നും ലഭിക്കുവാൻ പോകുന്ന അപമാനം മരണത്തിനു തുല്യമാണ്.
ഇങ്ങനെ ചതുർത്ഥസ്കന്ധം മൂന്നാമധ്യായം സമാപിച്ചു.
ഓം തത് സത്.
talk between lord shiva and sati,