bhagavatham 4-chapter-1 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
bhagavatham 4-chapter-1 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2018, ഏപ്രിൽ 21, ശനിയാഴ്‌ച

4.1 മനുവംശാവലി

ഓം
ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ദ്ധ്യായം 4.1
(മനുവംശാവലി)

nara narayana എന്നതിനുള്ള ചിത്രംമൈത്രേയൻ പറഞ്ഞു: സ്വായംഭുവമനു-ശതരൂപാദമ്പതിമാർക്ക് ആകൂതി, ദേവഹൂതി, പ്രസൂതി എന്നിങ്ങനെ മൂന്നു പുത്രിമാരുണ്ടായി. മനുവിന് സ്വന്തമായി പുത്രന്മാരുണ്ടായിരുന്നുവെങ്കിലും, അദ്ദേഹം ആകൂതിയെ പ്രജാപതി രുചിക്കു കൊടുക്കുകയും, അവളിലുണ്ടാകുന്ന പുത്രനെ തന്റെ മകനായി തന്നെ തിരിച്ചേൽ‌പ്പിക്കണമെന്നും തന്റെ പത്നി ശതരൂപയുമായി ആലോചിച്ച് പ്രജാപതി രുചിയുമായി വ്യവസ്ഥയുണ്ടാക്കി. ബ്രഹ്മവർച്ചസ്വിയായ പ്രജാപതി രുചിക്ക് ആകൂതിയിൽ ഒരു പുത്രനും, ഒരു പുത്രിയുമുണ്ടായി. പുത്രനായി ജനിച്ചത് ഭഗവദവതാരമായ യജ്ഞനും, പുത്രിയായി പിറന്നത് ലക്ഷ്മീഭഗവതിയുമായിരുന്നു. അത്യന്തം സന്തോഷത്തോടുകൂടി മനു യജ്ഞനെ തന്റെ വീട്ടിലേക്ക് കൊണ്ടുവരികയും, പ്രജാപതി രുചി മകളായ ദക്ഷിണയെ തന്നോടൊപ്പം വളർത്തുകയും ചെയ്തു. ലക്ഷ്മീദേവിയുടെ അവതാരമായ ദക്ഷിണ പിന്നീട് യജ്ഞനെ വിവാഹം കഴിക്കുകയും, അവരിൽ പന്ത്രണ്ട് പുത്രന്മാർ ജനിക്കുകയും, അവർക്ക് യഥാക്രമം തോഷൻ, പ്രതോഷൻ, സന്തോഷൻ, ഭദ്രൻ, ശാന്തി, ഇഢസ്പതി, ഇധ്മൻ, കവി, വിഭു, സ്വഹ്നൻ, സുദേവൻ, രോചനൻ ഇന്നിങ്ങനെ നാമവും വിളിച്ചു. സ്വായംഭുവമന്വന്തരത്തിൽ ഇവർ തുഷിതർ എന്ന ദേവഗണങ്ങളായിമാറി. അതോടൊപ്പം മരീചി സപ്തർഷികൾക്കു് ഗുരുവായും, യജ്ഞൻ ദേവേന്ദ്രനായും സ്ഥാനമേറ്റു. മനുപുത്രന്മാരായ പ്രിയവ്രതനും ഉത്താനപാദനും അക്കാലത്ത് അതിശക്തരായ രാജാക്കന്മാരായി. അവരുടെ പുത്രപൌത്രാദികൾ മൂന്നുലോകങ്ങളിലും വ്യാപിക്കപ്പെട്ടു.

പുത്രാ!, സ്വായംഭുവമനു തന്റെ പ്രീയപുത്രി ദേവഹൂതിയെ കർദ്ദമപ്രജാപതിക്ക് മാംഗല്യം ചെയ്തുകൊടുത്തതും തുടർന്നുണ്ടായ അവരുടെ ചരിത്രവും ഞാൻ നിന്നോടു വിസ്തരിച്ചു പറയുകയും, നീ അത് പൂർണ്ണമായി ഗ്രഹിക്കുകയും ചെയ്തതാണ്. മനു തന്റെ മകൾ പ്രസൂതിയെ നൽകിയത് ദക്ഷപ്രജാപതിക്കായിരുന്നു. അവരിലൂടെ ആ വംശം മൂന്നുലോകങ്ങളിലും നിറഞ്ഞു. വിദുരരേ!, കർദ്ദമമുനിയുടെ ഒൻപത് പുത്രിമാരെക്കുറിച്ചു ഞാൻ മുന്നമേ നിന്നോട് പറഞ്ഞുകഴിഞ്ഞതാണ്. ഇനി ഒൻപത് മുനിമാരിലൂടെ അവരോരോരുത്തരുടേയും വംശപരമ്പരയെക്കുറിച്ച് പറയാം, കേട്ടുകൊള്ളുക. കർദ്ദമമുനിയുടെ മകൾ കലയെ മരീചിമുനിക്കു നൽകുകയുയും, അവർക്ക് കശ്യപൻ, പൂർണ്ണിമൻ എന്ന രണ്ടു പുത്രന്മാർ ജനിക്കുകയും, അവരുടെ വംശം ത്രിലോകളിലും നിറയുകയും ചെയ്തു. പൂർണ്ണിമന് വിരജ, വിശ്വഗ, ദേവകുല്യ എന്നിങ്ങനെ മൂന്നു കുട്ടികളുണ്ടായി. അവരിൽ ദേവകുല്യ ഭഗവദ്പാദങ്ങളെ തഴുകി ഗംഗയിൽ ലയിക്കുന്ന സരിത്തായി മാറിയിരുന്നു. അനസൂയയിൽ അത്രിമുനിക്ക് സോമൻ, ദത്താത്രേയൻ, ദുർവ്വാസാവു് എന്നിങ്ങനെ പ്രസിദ്ധരായ മൂന്നു പുത്രന്മാർ ജനിച്ചു. അതിൽ സോമൻ ബ്രഹ്മദേവന്റേയും, ദത്താത്രേയൻ വിഷ്ണുവിന്റേയും, ദുർവ്വാസാവു് ശിവന്റേയും അംശാവതാരങ്ങളായിരുന്നു.

ഇതുകേട്ട് വിദുരർ ചോദിച്ചു: ഗുരോ!, എങ്ങനെയാണ് സൃഷ്ടിസ്ഥിതിസംഹാരകർത്താക്കളായ ബ്രഹ്മാവിഷ്ണുമഹേശ്വരന്മാർ അത്രിമുനിക്ക് മക്കളായി ജനിച്ചതു?.

മൈത്രേയൻ പറഞ്ഞു: അല്ലയോ വിദുരരേ!, അന്ന് വിധാതാവു് അത്രിമുനിയോട് സൃഷ്ടി തുടങ്ങുവാൻ ആവശ്യപെട്ട സമയം, മുനി ഭാര്യാസമേതം ഋക്ഷപർവ്വതസാനുവിൽ തപസ്സിനായി യാത്രയായി. അവിടെയായിരുന്നു നിർവിന്ധ്യാനദി ഒഴുകിയിരുന്നത്. താമസിയാതെ അവർ അശോകം പലാശം തുടങ്ങിയ പൂമരങ്ങളാലും നിർവിന്ധ്യയിലെ വെള്ളച്ചാട്ടത്തിന്റെ മധുരശബ്ദങ്ങളാലും മനോഹാരിതമായ ആ പ്രദേശത്തെത്തി.  അത്രിമുനി അവിടെ വായുമാത്രം ഭക്ഷണമാക്കി, പ്രാണായാമം ചെയ്ത്, നിർദ്വന്ദനായി മനസ്സിനെയടക്കി ഒരക്കാലിൽ ഒരു നൂറ് വർഷം തപസ്സനുഷ്ഠിച്ചു. ശരണാഗതനായ തനിക്ക് ഭഗവദ്സമനായ ഒരു പുത്രനെ നൽകണമെന്ന് ജഗദീശ്വരനോട് മനസ്സാ പ്രാർത്ഥിച്ചു. അങ്ങനെയിരിക്കെ ഒരുദിനം പ്രാണായാമശക്തിയിൽനിന്നും ഉരുത്തിരിഞ്ഞ് ആ തീവ്രതാപസ്സന്റെ മൂർദ്ധാവിൽനിന്നും ഒരഗ്നി ജ്വലിച്ചുയരുകയും അത് ത്രിമൂർത്തികൾ കാണുകയും ചെയ്തു. ആ സമയം, ബ്രഹ്മാവിഷ്ണുമഹേശ്വരന്മാർ അപ്സരസ്സുകൾക്കും, ഗന്ധർവ്വന്മാർക്കും, സിദ്ധന്മാർക്കും, വിദ്യാധരന്മാർക്കും, ഉരഗങ്ങൾക്കുമൊപ്പം യശ്ശസ്സ്വിയായ അത്രിമുനിയുടെ ആശ്രമത്തിലെത്തി. ഏകപാദേന തപസ്സു ചെയ്തുകൊണ്ടിരുന്ന അത്രിമുനിക്ക് ത്രിമൂർത്തികളെ കണ്ടതും അതിരറ്റ സന്തോഷമുണ്ടായി. മൂവരേയും ഒരുമിച്ചുകണ്ട ആനന്ദത്തിൽ അദ്ദേഹം ഒറ്റക്കാലിൽ വളരെ ബുദ്ധിമുട്ടിയിട്ടെങ്കിലും അവരുടെയരികിലേക്കെത്തി. വ്യത്യസ്ഥ വാഹനങ്ങളിൽ ആസനസ്ഥരായി വ്യത്യസ്ഥ ആയുധമേന്തിയവരായ ത്രിമൂർത്തികളെ നമിച്ചുകൊണ്ട് അദ്ദേഹം ദണ്ഢനമസ്ക്കാരം ചെയ്തു. തന്നിൽ കാരുണ്യവാന്മാരായ ആ ദേവന്മാരെ കണ്ട് അത്രിമുനി സന്തോഷിച്ചു. ത്രിമൂർത്തികളുടെ ശരീരങ്ങളിൽനിന്നുതിർന്ന പ്രകാശാതിരേകത്താൽ തൽക്കാലത്തേക്ക് അത്രിമുനി തന്റെ കണ്ണുകൾ അടച്ചു. എങ്കിലും തന്റെ ഹൃദയം ആ ദേവന്മാരുടെ കാരുണ്യത്താൽ നിറയപ്പെട്ടതുകൊണ്ട് മുനിക്ക് തന്റെ ബോധത്തെ വീണ്ടെടുക്കാൻ കഴിഞ്ഞു. അദ്ദേഹം അവരോടു പ്രാർത്ഥിച്ചു.

ഹേ! ബ്രഹ്മദേവാ!, ഹേ! വിഷ്ണോ!, ഹേ! മഹേശ്വരാ! പ്രകൃതിയുടെ മൂന്നു ഗുണങ്ങളെ ഓരോന്നായി സ്വീകരിച്ചുകൊണ്ട് നിങ്ങൾ മൂന്നായി പിരിഞ്ഞ് ഈ ലോകത്തെ സൃഷ്ടിക്കുകയും, പരിപാലിക്കുകയും, സം‌ഹരിക്കുകയും ചെയ്യുന്നു. ഹേ! ദേവന്മാരേ! നിങ്ങൾക്കു നമസ്ക്കാരം. നിങ്ങളിൽ ആരെയാണ് ഞാൻ എന്റെ പ്രാർത്ഥനയിൽ വിളിച്ചത്? തത്സമനായ ഒരു പുത്രനെ കൊതിച്ചുകൊണ്ട് ഞാൻ ആ പരമപുരുഷനോടാണ് പ്രാർത്ഥിച്ചത്. ഞാൻ അവനെ മാത്രമാണ് ചിന്തിച്ചതും. പക്ഷേ അവൻ മനുഷ്യന്റെ ചിന്തയ്ക്കതീതനാണെങ്കിലും നിങ്ങൾ മൂവരും ഇവിടെയെത്തി. അല്ലയോ ദേവന്മാരേ! ഇത് ഈയുള്ളവനെ അത്യന്തം ഭ്രമിപ്പിച്ചിരിക്കുന്നു. നിങ്ങൾ എങ്ങനെയാണ് ഇവിടെയെത്തിയതെന്നു അരുളിച്ചെയ്താലും.

മൈത്രേയൻ പറഞ്ഞു: വിദുരരേ! മഹാമുനി അത്രി ഇപ്രകാരം ചോദിച്ചതുകേട്ടു പുഞ്ചിരിച്ചുകൊണ്ട് ത്രിമൂർത്തികൾ ഇങ്ങനെ പറഞ്ഞു
പ്രിയ ബ്രാഹ്മണാ!, നിന്റെ തീരുമാനം അത്യുചിതമാണ്. ആയതിനാൽ നിന്റെ ആഗ്രഹവും സഫലമാകുന്നതാണ്. അല്ലാത്തപക്ഷം അത് ഒരിക്കലും സം‌ഭവിക്കുന്നതല്ല. ഞങ്ങൾ മൂവരും നീ ധ്യാനിക്കുന്ന ആ പരമപുരുഷന്റെ അം‌ശങ്ങൾ തന്നെ. അതുകൊണ്ടുതന്നെയാണ് ഞങ്ങൾ ഇവിടെ വന്നതും. നിനക്ക് ഞങ്ങളുടെ ശക്തിവൈഭത്തോടുകൂടിയ പുത്രന്മാരുണ്ടാകും. മാത്രമല്ല, ഞങ്ങൾ നിന്റെ നന്മയെ ആഗ്രഹിക്കുന്നതുമൂലം അവരാൽ നിന്റെ കീർത്തി ലോകം മുഴുവനും വ്യാപിക്കുകയും ചെയ്യും.
വിദുരരേ! അത്രിമുനിയും പത്നിയും നോക്കി നിൽ‌ക്കെ അവരെ അനുഗ്രഹിച്ചുകൊണ്ട് ത്രിമൂർത്തികൾ അവിടെനിന്നും അപ്രത്യക്ഷരായി. അങ്ങനെ ആ ദമ്പതിമാർക്ക് ബ്രഹ്മാംശമായി സോമനും, വൈഷ്ണവാം‌ശമായി ദത്താത്രേയനും, ശൈവാം‌ശമായി ദുർ‌വ്വാസാവും ജനിച്ചു. ഇനി അംഗിരസ്സിന്റെ പരമ്പരയെപറ്റി കേട്ടുകൊള്ളുക. അംഗിരസ്സിന്റെ ഭാര്യ ശ്രദ്ധ, സിനീവാലീ, കുഹൂ, രാകാ, അനുമതി എന്നിങ്ങനെ പേരോടുകൂടി നാലു പുത്രിമാരെ പ്രസവിച്ചു. ഇവരെക്കൂടാതെ അവർക്ക് ഉതത്യനെന്നും ബൃഹസ്പതി പണ്ഢിതനെന്നും പുകഴ്കൊണ്ട രണ്ടു പുത്രന്മാരും ജനിച്ചു.
പുലസ്ത്യന് തന്റെ പത്നിയായ ഹവിർ‌ഭൂവിൽ അഗസ്ത്യൻ എന്ന ഒരു മകൻ ജനിച്ചു. അഗസ്ത്യൻ പിന്നീടുണ്ടായ ജന്മത്തിൽ ദഹ്രാഗ്നി എന്ന് അറിയപ്പെട്ടിരുന്നു. കൂടാതെ അദ്ദേഹത്തിന് സന്യാസിശ്രേഷ്ഠനായ വിശ്രവസ്സ് എന്ന ഒരു പുത്രനും കൂടി ജനിച്ചിരുന്നു. വിശ്രവസ്സിന് രണ്ട് പത്നിമാരുണ്ടായിരുന്നു. അവരിൽ ആദ്യ പത്നി ഇഢാവിഢായിൽ യക്ഷരാജനായ കുവേരനും, രാണ്ടാം ഭാര്യ കേശിനീയിൽ രാവണൻ, കുംഭകർണ്ണൻ, വിഭീഷണൻ എന്നിങ്ങനെ മൂന്നു പുത്രന്മാരുമുണ്ടായി.

പുലഹന് തന്റെ ഭ്യാര്യ ഗതിയിൽ മഹർഷിവര്യന്മാരായ കർമ്മശ്രേഷ്ഠൻ, വരീയാൻ, സഹിഷ്ണു എന്നിങ്ങനെ മൂന്നു പുത്രന്മാർ ജനിച്ചു. ക്രതുവിനും പത്നി ക്രിയയ്ക്കും കൂടി അറുപതിനായിരം പുത്രന്മാരുണ്ടായി. സന്യാസിമാരായ അവർ വാലഖില്യന്മാർ എന്നറിയപ്പെട്ടു. ആത്മജ്ഞാനത്തിൽ അത്യുന്നതന്മാരായ അവരുടെ ശരീരങ്ങൾ ആ ജ്ഞാനത്താൽ പ്രകാശിക്കപ്പെട്ടു. വസിഷ്ഠമഹർഷിക്കു് തന്റെ സഹധർമ്മിണി അരുന്ധതി എന്നറിയപ്പെട്ടിരുന്ന ഊർജ്ജയിൽ ചിത്രകേതു, സുരോചി, വിരജൻ, മിത്രൻ, ഉൽബണൻ, വസുഭൃദ്യാനൻ, ദ്യുമാൻ എന്നിങ്ങനെ അമലന്മാരായ ഏഴു സന്യാസിവര്യന്മാർ മക്കളായി ജനിച്ചു. മറ്റൊരു ഭാര്യയിൽ വസിഷ്ഠന് കേമന്മാരായ മറ്റ് കുറെ പുത്രന്മാരുമുണ്ടായി. അഥർവ്വനും പത്നി ചിത്തിക്കും കൂടി ദധ്യാഞ്ച എന്ന മഹാവൃതാനുഷ്ഠാനത്തിലൂടെ അശ്വശിരസ്സ് എന്ന ഒരു പുത്രനുണ്ടായി. ഇനി ഞാൻ മഹാമുനി ഭൃഗുവിന്റെ വംശപരമ്പരയെക്കുറിച്ചു പറയാം, കേട്ടാലും.

ഭൃഗുമുനി മഹാഭാഗ്യശാലിയായിരുന്നു. അദ്ദേഹത്തിന് പത്നി ഖ്യാതിയിൽ ധാതാ, വിധാതാ എന്നിങ്ങനെ രണ്ടു പുത്രന്മാരും, ശ്രീ എന്ന നാമത്തിൽ ഒരു പുത്രിയും ജനിച്ചു. ശ്രീ ഒരു തികഞ്ഞ ഹരിഭക്തയായിരുന്നു. മുനി മേരുവിന് ആയതി, നിയതി എന്ന രണ്ടു പുത്രിമാരുണ്ടായി. അവരെ അദ്ദേഹം ധാതവിനും, വിധാതാവിനും കൂടി ദാനമായി കൊടുത്തു. അതിലൂടെ അവർക്ക് യഥാക്രമം മൃകണ്ഢൻ, പ്രാണൻ എന്നിങ്ങനെ ഓരോ പുത്രന്മാൻ ജനിച്ചു. മൃകണ്ഢനിൽ നിന്നു മാർകണ്ഢേയനും, പ്രാണനിൽ നിന്നു ശുക്രാചാര്യരുടെ പിതാവായ മുനി വേദശിരസ്സും ജനിച്ചു. അങ്ങനെ ശുക്രാചാര്യരും ഭൃഗുവംശപരമ്പരയിൽ പെട്ടതാകുന്നു. വിദുരരേ!, ഇങ്ങനെ ഈ മഹർഷിപരമ്പരയിലൂടെയും, കർദ്ദമപുത്രിമാരിലൂടെയും ലോകത്തിൽ പ്രജാവർദ്ധനം നടന്നു. ഈ വംശവർണ്ണനാചരിത്രം ശ്രദ്ദയോടെ കേൾക്കുന്ന യാതൊരുവരും തങ്ങളുടെ പാപപാശങ്ങളിൽ നിന്നും മുക്തരാകുന്നു.

ഇനി ദക്ഷന്റെ പത്നിയായ മനുപുത്രി പ്രസൂതിയെക്കുറിച്ചാണ്. ദക്ഷന് പ്രസൂതിയിൽ നളിനാക്ഷികളായ പതിനാറ് പുത്രിമാർ ജനിച്ചു. അവരിൽ പതിമൂന്നു പേരെ ധർമ്മന് വിവാഹം കഴിച്ചുകൊടുത്തു. ഒരാളെ അഗ്നിക്കും. അവശേഷിക്കുന്നവരിൽ ഒരു മകളെ പിതൃലോകത്തിന് ദാനമായി നല്കി. അവൾ അവിടെ വളരെ സൌഖ്യമോടെ വസിക്കുന്നു. മറ്റൊരു പുത്രിയെ മഹാദേവനും മംഗല്യം കഴിച്ചു. അവൾ ഇന്നും ലോകത്തിൽ ഭവസാഗരത്തിൽ മുങ്ങിയോരെ കൈപിടിച്ചുയർത്തുന്നു. ധർമ്മനു നൽകിയ ദക്ഷപുത്രിമാരുടെ നാമങ്ങൾ ശ്രദ്ധ, മൈത്രി, ദയ, ശാന്തി, തുഷ്ടി, പുഷ്ടി, ക്രിയ, ഉന്നതി, ബുദ്ധി, മേധാ, തിതിക്ഷ, ഹ്രീ, മൂർത്തി എന്നിങ്ങനെയാണ്. ഇവരിൽ ശ്രദ്ധ ശുഭയ്ക്കും, മൈത്രി പ്രസാധയ്ക്കും, ദയ അഭയയ്ക്കും, ശാന്തി സുഖയ്ക്കും, തുഷ്ടി മുദയ്ക്കും, പുഷ്ടി സ്മയയ്ക്കും, ക്രിയ യോഗയ്ക്കും, ഉന്നതി ദർപ്പയ്ക്കും, ബുദ്ധി അർഥയ്ക്കും, മേധ സ്മൃതിയ്ക്കും, തിതിക്ഷ ക്ഷേമയ്ക്കും, ഹ്രീ പ്രശ്രയയ്ക്കും ജന്മം നൽകി. സർ‌വ്വസത്ഗുണനിധിയായ മൂർത്തിയിലൂടെ ഭഗവാൻ ഹരി, ശ്രീ നരനാരായണനായി അവതാരം ചെയ്തു. അവിടുത്തെ അവതാരത്തിൽ സകലലോകങ്ങളും ആനന്ദമത്തമായി. സർവ്വരുടേയും മനസ്സിൽ ശാന്തി ഉടലെടുത്തു. സകലയിടത്തും കാറ്റും, നദികളും, പർവ്വതങ്ങളും ആനന്ദത്തിലാറാടി. സ്വർഗ്ഗത്തിൽ വാദ്യവൃന്ദങ്ങൾ മുഴങ്ങി. ദേവന്മാർ ആകാശത്തിൽനിന്നും പുഷ്പവൃഷ്ടി ചൊരിഞ്ഞു. ഋഷികൾ വേദമന്ത്രങ്ങളുരുവിട്ടു. അവിടെ ഗന്ധർവ്വന്മാരും കിന്നരന്മാരും ഗാനങ്ങളുതിർത്തു. അപ്സരസ്സുകൾ അതിനൊത്തു ചുവടുകൾ വച്ചു. ഇങ്ങനെ നരനാരായണന്മാരുടെ അവതാരവേളയിൽ എങ്ങും ശുഭലക്ഷണങ്ങൾ കണ്ടുതുടങ്ങി. അതോടെ ബ്രഹ്മാദി ദേവതകൾ ആ പരമപുരുഷന്റെ മഹിമകളെ കീർത്തിച്ചു.

അവർ പറഞ്ഞു: ഏതൊരുവന്റെ ശക്തിയാലാണോ ഈ പ്രപഞ്ചമുടലെടുത്തിരിക്കുന്നത്, നമുക്കു ആ അദ്ധ്യാത്മരൂപനെ വാഴ്ത്താം. വായുവിൽ മേഘങ്ങളെന്നപോലെ ഈ സൃഷ്ടികളെല്ലാം അവനിൽത്തന്നെ വസിക്കുന്നു. അങ്ങനെയുള്ള പരമ്പുരുഷനിതാ ധർമ്മന്റെ ഗൃഹത്തിൽ നരനാരായണഋഷിയായി അവതാരം കൈക്കൊണ്ടിരിക്കുന്നു. വേദാന്തവേദ്യനും, ലോകത്തിലെ സകല ദുഃഖങ്ങൾക്കും അറുതിവരുത്തുന്ന ശാന്തിയും സമൃദ്ധിയും സൃഷ്ടിച്ചവനുമായ ആ പരം‌പൊരുൾ ഈ ദേവന്മാർക്ക് അനുഗ്രഹം ചൊരിയട്ടെ!. അവന്റെ കാരുണ്യത്താൽ ശ്രീമഹാലക്ഷ്മിയുടെ വാസസ്ഥലമായ ആ അമലകമലം വീണ്ടും ധന്യമാകട്ടെ!.

മൈത്രേയൻ തുടർന്നു: വിദുരരേ! അങ്ങനെ ശ്രീ നരനാരായണനായി അവതരിച്ച ഭഗവാനെ ദേവന്മാർ വാഴ്ത്തിസ്തുതിച്ചു. ഭഗവാൻ അവരിൽ കരുണാകടാക്ഷം ചെയ്തു അവിടെനിന്നും ഗന്ധമാദനപർ‌വ്വതത്തിലേക്കു തിരിച്ചു. ആ നരനാരായണന്മാരത്രേ! ഇന്ന് യദുവംശത്തിലും കുരുവംശത്തിലുമായി യഥാക്രമം ശ്രീകൃഷ്ണാർജ്ജുനന്മാരായി ഭൂമിയിലെ ദുർജ്ജനഭാരം കുറയ്ക്കുവാൻ  വന്നിരിക്കുന്നത്.

അഗ്നിദേവന് തന്റെ പത്നി സ്വാഹയിൽ പാവകൻ, പവമാനൻ, ശുചി എന്നീ മൂന്നു കുട്ടികളുണ്ടായി. അവർ അഗ്നിയജ്ഞഭോക്തക്കളായി നിലകൊള്ളുന്നു. ഇവരിൽനിന്നും പിന്നീട് നാല്പത്തിയഞ്ചു പ്രജകൾ ജന്മം കൊണ്ടു. അവരുംചേർന്ന് പിതാപുത്രപൌത്രരടക്കം ആകെ നാൽ‌പ്പത്തിയൊൻപത് അഗ്നിദേവതകളാണുള്ളതു. അവരാണ് ബ്രാഹ്മണശ്രേഷ്ഠന്മാരൽ വേദയജ്ഞങ്ങളിൽ ഹുതങ്ങളായ യജ്ഞവിഹിതങ്ങളെ സ്വീകരിക്കുന്നതു. അഗ്നിസ്വാത്തർ, ബർഹിശാദർ, സൌ‌മ്യർ, ആജ്യപർ എന്നിവരാണ് പിതാക്കന്മാർ. അവർ സ്വാഗ്നികരോ നിരഗ്നികരോ ആകാം. ഇവരുടെ പത്നി ദക്ഷപുത്രിയായ സ്വധയാണ്. മുൻപറഞ്ഞ പിതാക്കൾക്കു നൽകപ്പെട്ട സ്വധയിൽ വയുനാ, ധാരിണി എന്നിങ്ങനെ രണ്ടു പുത്രിമാരുണ്ടായി. ഇരുവരും ബ്രഹ്മവാദികളും ജ്ഞാനവിജ്ഞാനപരായണരുമായിരുന്നു. ദക്ഷന്റെ പതിനാറാം പുത്രി മഹാദേവന്റെ പ്രിയപത്നിയായ സതിയായിരുന്നു. സതി തന്റെ ഭർത്താവിന്റെ പൂർണ്ണശുശ്രൂഷയിൽ മുഴുകിയിരുന്നുവെങ്കിലും അവൾക്ക് മക്കളുണ്ടായിരുന്നില്ല. കാരണം ദക്ഷൻ മഹാദേവനോടു നിരന്തരം കടുത്ത അനാദരവു കാട്ടിയിരുന്നു. മാത്രമല്ല, അതിനേചൊല്ലി ചെറുപ്രായത്തിൽത്തന്നെ അവൾ യോഗശക്തികൊണ്ട് തന്റെ ശരീരം ഉപേക്ഷിച്ചിരുന്നു.
ഇങ്ങനെ ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ഒന്നാമധ്യായം സമാപിച്ചു.

ഓം തത് സത്.

<<<<< >>>>>





srimad bhagavatham 4-chapter-1, manuvansavali