ഓം
ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ധം - അദ്ധ്യായം 10
വിദുരന്‍ മൈത്രേയരോട് പറഞു: "ഹേ മഹാമുനേ!, ഭഗവാന്‍ ഹരി മറഞരുളിയതിനുശേഷം, എങനെയായിരുന്നു ബ്രഹ്മദേവന്‍ തന്റെ മനസ്സും ശരീരവുമുപയോഗിച്ച് ഈക്കണ്ട അനന്തകോടി നാമരൂപങളുടെ രചന നിര്‍വ്വഹിച്ചത്?. ഹേ പണ്ഡിതശ്രേഷ്ഠാ!, ഞാന്‍ അങയോട് ചോദിച്ച സകല ചോദ്യങള്‍ക്കും ഉത്തരം നല്‍കി എന്റെ സകലസന്ദേഹങളും തീര്‍ത്തുതരുവാന്‍ ഞാനിതാ അങയോട് പ്രാര്‍ത്ഥിക്കുകയാണ്."
സൂതന്‍ പറഞു: "ഹേ ഭൃഗുനന്ദനാ!, മഹാപണ്ഡിതനായ മൈത്രേയമുനി എല്ലാം അറിയുന്നവനായിരുന്നു. വിദുരന്റെ അപേക്ഷയെ മാനിച്ച് അഹ്ലാദചിത്തനായി അദ്ദേഹം വിരുരരുടെ ചോദ്യങള്‍ക്കെല്ലാം ഓരോന്നോരോന്നായി മറുപടിപറഞുതുടങി."
"വിദുരരേ!, ഭഗവാന്റെ അനുജ്ഞയെ ശിരസ്സാവഹിച്ചുകൊണ്ട് ബ്രഹ്മദേവന്‍ വീണ്ടും നൂറ് ദിവ്യസംവത്സരങളോളം ഭഗവത് പ്രീതിക്കായി തീവ്രമായ തപസ്സനുഷ്ഠിച്ചു. പിന്നീടൊരിക്കല്‍ താനിരിക്കുന്ന താമരപ്പൂവും അതിന്റെ മൂലസ്ഥാനമായ ഭഗവാന്റെ നാഭീസരസ്സും അതിതീഷ്ണമായ ഒരു ചുഴലിയില്‍ അധിധ്രുതം ഉലഞാടുന്നത് ബ്രഹ്മദേവന്‍ മനസ്സിലാക്കി. പക്ഷേ ഒട്ടുംതന്നെ പരിഭ്രമിക്കാതെ തന്റെ ഏറെക്കാലത്തെ തപഃശക്തിയും ആത്മജ്ഞാനവും തന്നിലുണ്ടാക്കിത്തീര്‍ത്ത ആന്തരികമായ കരുത്തുകൊണ്ട് ബ്രഹ്മദേവന്‍ ആ ചുഴലിയെ ജലത്തോടൊപ്പം പാനം ചെയ്തുതീര്‍ത്തു. അനന്തരം, താന്‍ ഉപവിഷ്ടനായിരിക്കുന്ന കമലം പ്രപഞ്ചത്തോളം പരിവ്യാപ്തിയിലെത്തുന്നത് ബ്രഹ്മദേവന്‍ കാണുകയും, തുടര്‍ന്ന് പൂര്‍വ്വപ്രളയത്തില്‍ അതേ താമരയില്‍ നിമഗ്നമായിരുന്ന സര്‍വ്വലോകങളുടേയും പുനഃരചനയ്ക്കായി അദ്ദേഹം സങ്കല്പ്പം ചെയ്യുകയും ചെയ്തു. വിധാതാവ് ഭഗവദുപാസനയില്‍കൂടി തന്റെ താമരയുടെ കേന്ദ്രമണ്ഡലത്തിലേക്കിറങിച്ചെന്നു. പെട്ടെന്ന് അത് പ്രപഞ്ചം മുഴുവന്‍ പരക്കുന്നതുകണ്ട് ബ്രഹ്മദേവന്‍ അതിനെ ആദ്യം മൂന്നായും, പിന്നീട് പതിനാലായും ഭാഗിച്ചു.
അദ്ധ്യാത്മജ്ഞാനത്താലും ഭഗവത് ഭക്തിയാലും പ്രപഞ്ചത്തില്‍ അതീവതരം ശ്രേഷ്ഠനായ ചതുര്‍മുഖന്‍ ഇവിടെ അനന്തകോടി ജീവജാലങള്‍ക്ക് നിവസിക്കുവാനായി ഈരേഴ് പതിനാല് ലോകങള്‍ തീര്‍ത്തു."
ഇത്രയും കേട്ടപ്പോള്‍ വിദുരന്‍ മൈത്രേയമുനിയോട് ചോദിച്ചു. "അല്ലയോ മഹാപണ്ഡിതനായ മഹാമുനേ!, അത്ഭുതകര്‍മ്മണനായ ഭഗവാന്റെ മറ്റൊരു രൂപമാണല്ലോ അനാദ്യന്തമായ കാലം എന്നത്. എന്താണിതെന്നും, അതിന്റെ ലക്ഷണങളെന്തൊക്കെയെന്നതുംകൂടി ഞങള്‍ക്കവിടുന്ന് പറഞുതരണം."
തുടര്‍ന്ന് മൈത്രേയന്‍ വിദുരരുടെ ഈ ചോദ്യത്തിന് മറുപറിപറഞു: :"വിദുരരേ!, പ്രകൃതിഗുണങളായ സത്വരജസ്തമസ്സദികളുടെ പാരസ്പര്യവൃത്തികളുടെ ഉത്ഭവസ്ഥാനമാണ് അനന്തമായ കാലം. അത് അഭേദ്യമാണ്. പ്രപഞ്ചത്തില്‍ അദ്ധ്യാത്മമഹാലീലകള്‍ കൊണ്ടാടുന്നതിനായി സര്‍വ്വശക്തനായ ഭഗവാന്റെ കൈകളില്‍ ഒരുപകരണമായി ഈ കാലം തന്റെ സ്വധര്‍മ്മമാചരിക്കുന്നു.
വിശ്വം ഭഗവാനില്‍ നിന്നും പരിച്ഛിന്നമായി, ഭഗവാന്റെ അവ്യക്തവിശേഷലക്ഷണമായ കാലത്തിന്റെ മായാസ്വരൂപമായി, അവന്റെ മായാശക്തിവിശേഷത്തിന്നധീനമായ പ്രാപഞ്ചികവികാരങളായി നിലകൊള്ളുന്നു. മാത്രമല്ല, ഇന്ന് നാം കാണുന്ന ഈ ജഗത്ത് ഇന്നലെയുണ്ടായിരുന്നതുപോലെതന്നെ ഇനി ഭാവികാലങളില്‍ നിലനില്‍ക്കുകയും ചെയ്യും. ത്രിഗുണാത്മകമായിയുണ്ടാകുന്ന സൃഷ്ടിക്കുപുറമേ, നവവിധസൃഷ്ടികള്‍ വേറെയുമുണ്ട്. അതുപോലെ ഈ ജഗത്ത് കാലദ്രവ്യഗുണാദികളാല്‍ മൂന്ന് തരത്തില്‍ വിലയിക്കുകയും ചെയ്യുന്നു.
മേല്‍പറഞ ഒന്‍പത് സൃഷ്ടികളില്‍ പ്രഥമം ഭൗതികസമഗ്രമായ മഹത്തത്വത്തിന്റെ സൃഷ്ടിയാണ്. ഇതിലത്രേ ഭഗവാന്റെ സാന്നിധ്യം കൊണ്ട് ഗുണത്രയങളുടെ പരിവര്‍ത്തനങള്‍ സംഭവിക്കുന്നത്. രണ്ടാമതുണ്ടായത് അഹങ്കാരതത്വം. ഇതില്‍ നിന്നും ഭൗതികദ്രവ്യം, ഭൗതികജ്ഞാനം, ഭൗതികകര്‍മ്മം മുതലായ ഉണര്‍ന്നു. മൂന്നാമതായി തന്മാത്രകളുടെ സൃഷ്ടിയിലൂടെ ഭൂതങളുത്പന്നമായി. നാലാമത് ക്രിയാത്മകമായ ജ്ഞാനമുടലെടുത്തു. അഞ്ചാമതായി ഇവിടെ സത്വഗണാതിരേകപരിണാമത്തിന്റെ ഫലമായി മനോമയമായ ഉപദേവതകളുടെ സര്‍ഗ്ഗമുണ്ടായി. തുടര്‍ന്ന് ആറാമത് ജീവികളിലെ അജ്ഞാനാന്തകാരമായ തമസ്സുത്ഭവിച്ചു. തത്ഫലമായി ശ്രേഷ്ഠന്മാര്‍ പോലും മന്ദമതികളായി.
വിദുരരേ!, ഇതുവരെ ഞാന്‍ പറഞതെല്ലം ആ പരമപുരുഷന്റെ മായാശക്തിയാലുണ്ടായ സൃഷ്ടികളെക്കുറിച്ചാണ്. ഇനി ബ്രഹ്മദേവനാലുണ്ടായിട്ടുള്ള സര്‍ഗ്ഗാവലികളെക്കുറിച്ച് കേട്ടുകൊള്ളുക. വിധാതാവ് രജോഗുണസമുത്ഭവനും പ്രാപഞ്ചികസര്‍ഗ്ഗസിദ്ധികളില്‍ ഭഗവാനോളം വൈഭവമുള്ളവനുമാണ്. ഏഴാമതായിയുണ്ടായത് അചരജീവഭൂതങളുടെ സൃഷ്ടിയായിരുന്നു. അവ പൂക്കളില്ലാതെ പഴം തരുന്ന വനസ്പതിമരം, ഔഷധികള്‍, ലതകള്‍, കുഴല്‍ചെടികള്‍, പരാന്നഭുക്കുകളായ ഇത്തിള്‍ലതകള്‍, ധ്രുമം, എന്നിങനെ ആറുവിധമായി ഉടലെടുത്തു. ഊര്‍ദ്ധരൂപികളായി വളര്‍ന്നുനില്‍ക്കുന്ന ഇത്തരം അചരസൃഷ്ടികള്‍ ബോധശൂന്യരാണെങ്കിലും, അവയ്ക്ക് നോവിന്റെ അനുഭൂതിയെ അറിയുവാന്‍ കഴിയുന്നു. അവ വ്യത്യസ്ഥവര്‍ണ്ണാഭമായി നിലകൊള്ളുന്നു.
ഇനി എട്ടാം സര്‍ഗ്ഗം പ്രപഞ്ചത്തിലെ താഴെത്തട്ടിലുള്ള ജീവികളാണ്. അവയാകട്ടെ, ഇരുപത്തിയെട്ട് വിഭാഗങളില്‍ വ്യത്യസ്ഥഗുണഗണങളോടെ ഭൂമുഖത്ത് വര്‍ത്തിക്കുന്നു. തികച്ചും ബോധശൂന്യരായ ഈവിധം താമസ്സസൃഷ്ടികള്‍ തങള്‍ക്കുവേണ്ട വിഭവങളെ മണത്തറിഞ് അനുഭവിക്കുന്നു. ഇവയ്ക്ക് ഒന്നുംതന്നെ ഓര്‍ത്തുവയ്ക്കുവാനോ വിചിന്തനം ചെയ്യുവാനോ സാധ്യമല്ല.
അല്ലയോ വിദുരരേ!, ഇത്തരം മൃഗങളില്‍ പശു, ആട്, പോത്ത്, കൃഷ്ണമാന്‍, സൂകരം, ഗവയം, മാന്‍, ചെമ്മരിയാട്, ഒട്ടകം, മുതലായവകള്‍ക്ക് ഇരുകുളമ്പുകള്‍ പ്രത്യേകതയാണ്. എന്നാല്‍ കുതിര, കോവര്‍കഴുത, കഴുത, കാട്ടുപോത്ത്, മലമ്പോത്ത്, കാട്ടുപശു, എന്നിവ ഒറ്റക്കുളമ്പുള്ള ജീവികളാണ്.
ഇനി അഞ്ച് വിരലുകളുള്ള മറ്റുജീവികളെക്കുറിച്ചു പറയാം. നായ, കുറുനരി, കടുവ, കുറുക്കന്‍, പൂച്ച, മുയല്‍, മുള്ളന്‍പന്നി, സിംഹം, കുരങന്‍, ആന, ആമ, ചീങ്കണ്ണി, ഗോസാപ എന്ന ഒരു പ്രത്യേകതരം പാമ്പ്, ഇവയൊക്കെ കാലില്‍ അഞ്ച് വിരലുകളും, നഖങളുമുണ്ട്. ഇവയെക്കൂടാതെ കൊക്ക്, പരുന്ത്, കൊറ്റി, കഴുകന്‍, ഭാസന്‍, ഭല്ലൂക്കന്‍, മയില്‍, അരയന്നം, സാരസം, ചക്രവാഗം, കാക്ക, മൂങ, മുതലായവകളൊക്കെ ബ്രഹ്മദേവന്റേതായ എട്ടാം സര്‍ഗ്ഗത്തില്‍ പെടുന്നു.
അല്ലയോ പുണ്യവാനായ വിദുരരേ!, അനന്തകോടിജീവജാലസഞ്ചയത്തിലെ ഒരേയൊരു പ്രാണി മാത്രമായ മനുഷ്യന്റെ സൃഷ്ടിയാണ് ഇവിടെ ഒമ്പതാംവട്ടമുണ്ടായത്. രജോഗുണം ഇക്കൂട്ടരില്‍ അതികരിച്ചുനില്‍ക്കുന്നു. ദുഃഖത്തിന്റെ ആഴക്കടലില്‍ മുങിത്താണിട്ടും ഇവര്‍ പ്രപഞ്ചസൃഷ്ടിയിലെ അത്യുന്നതശ്രേണിയിലുള്ളവരായും, ഏറ്റവും സന്തോഷവാന്മാരായും തങളെ സ്വയം വിലയിരുത്തുന്നു. ഹേ അനഘാ!, ദേവതകളുടെ സൃഷ്ടിയേയും, മേല്പ്പറഞ അന്ത്യത്തിലെ മൂന്ന് സൃഷ്ടികളേയും വൈകൃതസൃഷ്ടികളെന്നും, മറ്റുള്ളവയെ പ്രാകൃതസൃഷ്ടികളെന്നും പറയപ്പെടുന്നു. പക്ഷേ, ബ്രഹ്മസുതന്മാരായ സനകാദികുമാരന്മാരകട്ടെ, ഈ രണ്ട് ഭാവങളും ചേര്‍ന്നവരാണ്.
ഉപദേവതകള്‍, പിതൃക്കള്‍, അസുരന്മാര്‍, ഗന്ധര്‍വ്വാപ്സരസ്സുകള്‍, യക്ഷരക്ഷസ്സുകള്‍, സിദ്ധചാരണവിദ്ധ്യാധരാദികള്‍, ഭൂതപ്രേതപിശാചുക്കള്‍, കിന്നരര്‍, എന്നിങനെ എട്ടായി അന്തരപേറുന്ന ഗുണഗണങളോടെ ഈ സുരസഞ്ചയം വെളിവാകപ്പെട്ടു. ഇതെല്ലാം ജഗത്സൃഷ്ടാവായ ബ്രഹ്മദേവന്റെ രചനകളത്രേ!.
വിദുരരേ!, ഭഗവാന്റെ രജോഗുണസമ്പന്നമായ അവതാരമാണ് സൃഷ്ടികാരണനായ ബ്രഹ്മദേവന്‍. അദ്ദേഹം ഭഗവാന്റെ അനുപമമായ വീര്യത്താല്‍ യുഗങള്‍തോറും, തന്റെ കര്‍ത്തവ്യബോധത്തിലുറച്ചുകൊണ്ട് നിയതധര്‍മ്മം നിര്‍വ്വഹിച്ചുകൊണ്ടേയിരിക്കുന്നു. ഇനി ഞാന്‍ ഭവാനോട് പറയാന്‍ പോകുന്നത് യുഗാന്തരങളിലുണ്ടായ മനുക്കളുടെ ശ്രേണിയെക്കുറിച്ചാണ്.