ഓം
ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം അദ്ധ്യായം 4
(സതീദേവിയുടെ ദേഹത്യാഗം)
മൈത്രേയൻ പറഞ്ഞു: “വിദുരരേ!, സതീദേവിയോടു
സംസാരിച്ചതിനുശേഷം ഭഗവാൻ മഹാദേവൻ മൌനിയായി ഇരുന്നു. ദേവിയാകട്ടെ എന്തുചെയ്യേണമെന്നറിയാതെ
സന്ദേഹപ്പെട്ടുകൊണ്ട് അവിടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ്. ഭർത്താവിന്റെ സമ്മതമില്ലാതെ
പിതാവിന്റെ ഗൃഹത്തിലേക്ക് പോകുവാനും പോകാതിരിക്കുവാനും കഴിയുന്നില്ല. പിതൃഗൃഹത്തിലെത്തി
തന്റെ ബന്ധുമിത്രാദികളെ കാണുവാനുള്ള അനുവാദം നിഷേധിക്കപ്പെട്ടതിൽ സതീദേവിക്ക് അതിയായ
ദുഃഖം തോന്നി. ദേവിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അതിവിഹ്വലമായ ഭാവത്തോടുകൂടി, തീവ്രതരമായ
കോപത്തോടുകൂടി സതി തന്റെ പതിയെ ദഹിച്ചുപോകുംവണ്ണം ഒന്ന് നോക്കി. അതിനുശേഷം, സ്നേഹാതിരേകത്താൽ
പാതിമെയ് പകുത്തുനൽകിയ തന്റെ ഭർത്താവിനെ വിട്ട്, ദുഃഖത്താൽ തപിക്കുന്ന ഹൃദയത്തോടെ,
ദേഷ്യത്താൽ ജലിക്കുന്ന കണ്ണുകളോടെ ദേവി പിതാവിന്റെ ഗൃഹത്തിലേക്ക് യാത്രയായി. വിദുരരേ!,
ദുർബലയായ ഒരു സ്ത്രീയുടെ ഭാവമായിരുന്നു ദേവിയുടെ അനുചിതമായ ഈ പ്രവൃത്തിക്ക് പ്രേരണയായതു.
ഏകയായി വളരെ പെട്ടെന്നുതന്നെ സതി അവിടം വിട്ടിറങ്ങുന്നതുകണ്ട്
മണിമാൻ, മദൻ മുന്നിട്ടുള്ള ആയിരക്കണക്കിനു ശിവാനുചാരികൾ നന്ദിയെ മുൻനിറുത്തി യക്ഷന്മാരോടൊപ്പം
ദേവിയെ അനുഗമിച്ചു. അവർ ദേവിക്കിരിക്കാൻ ഋഷഭേന്ദ്രനെ ഒരുക്കി. ദേവിയുടെ ഓമനപ്പക്ഷിയേയും
കൈയ്യിൽ കൊടുത്തു. യാത്രയ്ക്കലങ്കാരമായി താമരപ്പൂവ്, വാൽക്കണ്ണാടി, വെള്ളക്കുട, പൂമാല
മുതലായവ അവർ തങ്ങളുടെ കൈകളിലേന്തി നടന്നു. വെൺകൊറ്റക്കുട ചൂടി, ശംഖും കൊമ്പും മുഴക്കി,
ഗാനാലാപനങ്ങളുടേയും, വാദ്യഘോഷങ്ങളുടെ അകമ്പടിയോടുകൂടിയുള്ള രാജകീയമായ ഘോഷയാത്രയുമായി
ദേവി അവരോടൊപ്പം പിതാവിന്റെ യാഗശാല ലക്ഷ്യമാക്കി നടന്നു. ദേവി ദക്ഷഗൃഹത്തിലെത്തി. യാഗം
നടന്നുകൊണ്ടിരിക്കുകയായിരുന്നു. വേദമന്ത്രമുഖരിതമായ യജ്ഞശാലയിലേക്ക് സതി കടന്നുനിന്നു.
ഋഷികളും, ദേവന്മാരും, ബ്രാഹ്മണന്മാരുമെല്ലാം അവിടെ യഥോചിതം സന്നിഹിതരായിരുന്നു. കൂടാതെ,
ബലിമൃഗങ്ങളൂം, യാഗത്തിനാവശ്യമായ മൺപാത്രങ്ങളും, കല്ലുകളും, സ്വർണ്ണവും, പുല്ലും, തോലും
മറ്റുസാധനസാമഗ്രികളെല്ലാംതന്നെ അവിടെ ഒരുക്കിയിട്ടുണ്ടായിരുന്നു.
സതീദേവിയും തന്റെ അനുചാരികളും അവിടെയെത്തിയസമയം,
ദക്ഷനെ പേടിച്ചു ആരുംതന്നെ ദേവിയെ സ്വീകരിക്കുവാനോ സ്വാഗതം ചെയ്യുവാനോ കൂട്ടാക്കിയില്ല.
ഒടുവിൽ അമ്മയും സഹോദരിമാരും ചേർന്ന് ദേവിയെ സ്വീകരിച്ചു. നിറകണ്ണുകളോടെ, അവർ അവളോടു
സംസാരിക്കുവാൻ തുടങ്ങി. എന്നാൽ ആ വാക്കുകൾക്ക് യാതൊരു മറുപടിയും ദേവി പറഞ്ഞില്ല. അവർ
കൊടുത്ത ഇരിപ്പിടത്തിൽ ഇരിക്കുവാനോ, സമ്മാനങ്ങൾ സ്വീകരിക്കുവാനോ അവൾ തയ്യാറായില്ല.
കാരണം, പിതാവയ ദക്ഷൻ മകളെ സ്വീകരിച്ചിരുത്തുകയോ, അവളോട് സംസാരിക്കുകയോ, ക്ഷേമാന്വേഷണം
നടത്തുകയോ ചെയ്തില്ല.
ദേവി അവിടമാകെ കണ്ണോടിച്ചു. ഒരിടത്തും തന്റെ പതിക്കുവേണ്ടിയുള്ള
ഭാഗം കണ്ടില്ലെന്നുമാത്രമല്ല, ഇവിടെ തനിക്കോ തന്റെ ഭർത്താവിനോ യാതൊരു വിലയും കൽപ്പിക്കപ്പെട്ടിട്ടില്ലെന്നു
അവൾക്ക് മനസ്സിലായി. അവൾ തന്റെ പിതാവിനെ ദൃഷ്ട്യാ ദഹിപ്പിക്കുവാനെന്നവണ്ണം കോപത്തോടെ
രൂക്ഷമായി ഒന്നു നോക്കി. ഉഗ്രകോപത്തോടെ ദക്ഷനെ നിഗ്രഹിക്കുവാനൊരുങ്ങിനിൽക്കുന്ന ശിവാനുചാരികളേയും
ഭൂതഗണങ്ങളേയും ദേവി തത്ക്കാലം തടഞ്ഞു. അമർഷവും സങ്കടവും അവൾക്കടക്കാനായില്ല. യാഗം മുടക്കുവാനും,
യജ്ഞകർത്താക്കളെ ശിക്ഷിക്കുവാനും അവൾ തീരുമാനിച്ചു. തന്റെ പിതാവിനെ പുച്ഛിച്ചുകൊണ്ട്
സർവ്വജനസമക്ഷം സതീദേവി ഇപ്രകാരം പറഞ്ഞു.”
ദേവി പറഞ്ഞു: “എന്റെ ഈശ്വരൻ, മഹാദേവൻ
സമസ്തലോകങ്ങൾക്കും പ്രിയനാണ്. അവന് ശത്രുക്കളോ മിത്രങ്ങളോ ഇല്ല. നിങ്ങളല്ലാതെ ത്രിലോകങ്ങളിലും
അവന് എതിരാളികളില്ലേയില്ല. ശിവൻ ശത്രുരഹിതനാണ്. നിങ്ങളേപ്പോലൊരുവന് ഈ ലോകത്തിൽ ആരിലും
ദോഷം കണ്ടുപിടിക്കുവാൻ എളുപ്പമാണ്. എന്നാൽ ശിവനാകട്ടെ, മറ്റുള്ളവരിൽ ദോഷം കാണില്ല എന്നുമാത്രമല്ല,
ആരിലെങ്കിലും അല്പം ഗുണം കണ്ടാൽ അതിനെ വർദ്ധിപ്പിച്ച് അവനെ യോഗ്യനാക്കിത്തീർക്കുന്നു.
നിർഭാഗ്യമെന്നു പറയട്ടെ!, നിങ്ങൾ അങ്ങനെയുള്ള ഒരു മഹാത്മാവിൽ കുറ്റം കണ്ടിരിക്കുകയാണ്.
ക്ഷണികമായ ദേഹത്തെ ആത്മാവെന്നു ധരിക്കുന്നവൻ മഹത്തുക്കളെ പരിഹസിക്കുന്നു എന്നതിൽ ഒട്ടുംതന്നെ
ആശ്ചര്യമില്ല. എന്തെന്നാൽ ആ ശത്രുത്വം ഭൌതികവാദിയായ അവന്റെ പതനത്തിനു കാരണമായിത്തീരുന്നു.
മഹാത്മാക്കളുടെ പദധൂളികളുടെ പ്രഭാവത്താൽത്തന്നെ അവൻ നശിച്ചുപോകുന്നു. പ്രീയപെട്ട പിതാവേ!,
അങ്ങ് മഹാദേവനെ ദ്വേഷിച്ചുകൊണ്ട് ഘോര അപരാധമാണ് ചെയ്യുന്നതു. അവിടുത്തെ നാമമാകുന്ന
‘ശി’,
‘വ’ എന്നീ രണ്ടക്ഷരങ്ങളുടെ
ഉച്ഛാരണമാത്രയിൽത്തന്നെ ഒരുവന്റെ സകല പാപകർമ്മങ്ങളും ഇവിടെ നശിക്കുന്നു. അവിടുന്നിന്റെ
ആജ്ഞ ലോകത്തിൽ എല്ലായിടവും പാലിക്കപ്പെടുന്നു. പരമപവിത്രനായ അവിടുത്തെ അങ്ങു മാത്രമാണ്
വെറുക്കുന്നതു. മൂലോകങ്ങളിലുമുള്ള സകല ജീവഭൂതങ്ങളുടേയും സുഹൃത്തായ ശിവനെയാണ് അങ്ങ്
ഇത്രയേറെ ദ്വേഷിക്കുന്നതു. ഈ ലോകത്തിന്റെ സകല അഭീഷ്ടങ്ങളും അവിടുന്നു സാധിച്ചുകൊടുക്കുന്നു.
ആ പാദപത്മം അനുസ്യൂതം ചിന്തിച്ചുകൊണ്ടിരിക്കുന്ന മുമുക്ഷുക്കൾക്ക് അവിടുന്ന് അനന്തമായ
ബ്രഹ്മാനന്ദം പ്രദാനം ചെയ്തനുഗ്രഹിക്കുന്നു. അങ്ങെന്താണ് വിചാരിക്കുന്നത്? പിശാചുക്കളോടൊപ്പം
ചുടുകാട്ടിൽ കഴിയുന്നവനും, ശരീരം മുഴുവൻ അഴിഞ്ഞുലയുന്ന മുടിയുള്ളവനും, തലയോട്ടികൊണ്ട്
മാല്യം തീർത്ത് കഴുത്തിൽ ധരിച്ചവനും, ശരീരമാസകലം ചുടലഭസ്മം പൂശിയവനുമായ, ശിവന്റെ തത്വം
താങ്കളേക്കാൾ വലിയവരായ ബ്രഹ്മദേവൻ മുതലായവർ അറിയുന്നില്ലെന്നാണോ? അവർക്കറിയാം ആരാണ്
ശിവനെന്ന്. അതുകൊണ്ടുതന്നെ അവർ ആ പാദപത്മത്തിൽ പൂക്കളർച്ചിക്കുകയും ആ തിരുവടിക്കുനേരേ
തലകുനിക്കുകയും ചെയ്യുന്നു.
ഈശ്വരനെ നിന്ദിക്കുന്നത് ആരാലും കേട്ടുനിൽക്കാൻ
പാടുള്ളതല്ല. ഒരുപക്ഷേ അവനെ ശിക്ഷിക്കുവാൻ അശക്തനാണ് കേൾക്കുന്നവനെങ്കിൽ, ചെവിയും പൊത്തി
അവിടെനിന്നും ദൂരെ പോകുക. മറിച്ചു, അവനെ ദണ്ഢിക്കുവാൻ കഴിവുള്ളവനാണെങ്കിൽ ഏതുവിധത്തിലും
ആ തലയറുത്ത് നിലത്തിട്ടശേഷം സ്വയം ആത്മഹൂതിചെയ്യുക. അതാണ് വേണ്ടതു. അതുകൊണ്ട് ശിവവൈരിയായ
അങ്ങയിൽനിന്നും ലഭിച്ച ഈ ശരീരം ഇനി എനിക്ക് കൊണ്ടുനടക്കാനാവില്ല. വിഷം കലർന്ന ആഹാരം
ഭക്ഷിച്ചാൽ ഉത്തമമായ ചികിത്സ അത് ചർദ്ദിക്കുക എന്നുള്ളതാണ്. മറ്റുള്ളവരാൽ ചെയ്യപ്പെട്ട
ധർമ്മത്തെ വിമർശനം ചെയ്യുന്നതിനേക്കാൾ നല്ലത് സ്വധർമ്മം കൃത്യമായി നിറവേറ്റുക എന്നുള്ളതാണ്.
ദേവന്മാരുടേയും മനുഷ്യരുടേയും സഞ്ചാരമാർഗ്ഗങ്ങൾ വെവ്വേറെയാണെന്നതുപോലെ, വേദോക്തകർമ്മവിധികളെ
ചിലപ്പോൾ മഹത്തുക്കൾ അനുവർത്തിച്ചില്ലെന്നുവരാം. കാരണം പലപ്പോഴും അവർക്കതിന്റെ ആവശ്യം
ഉണ്ടെന്നുവരില്ല.
വേദങ്ങളിൽ രണ്ടു തരത്തിലുള്ള കർമ്മങ്ങളെക്കുറിച്ച്
പറഞ്ഞിട്ടുണ്ടു. ഭൌതികവാദികൾ ചെയ്യേണ്ട കർമ്മങ്ങളും, വിരക്തന്മാർ അനുഷ്ഠിക്കേണ്ട കർമ്മങ്ങളും.
ഇതിൽ വ്യത്യസ്ഥ ലക്ഷണങ്ങളോടുകൂടി രണ്ടുതരത്തിലുള്ള മനുഷ്യരേയും കാണാം. ഒരു വ്യക്തിയിൽത്തന്നെ
രണ്ടുതരത്തിലുള്ള കർമ്മങ്ങളും കാണണമെങ്കിൽ അത് പരസ്പരവിരുദ്ധമായിരിക്കും. എന്നാൽ,
ബ്രഹ്മനിമഗ്നനായ ശുദ്ധാത്മാവ് ഈ രണ്ടുകർമ്മങ്ങളേയും വേണ്ടെന്നു വയ്ക്കുന്നു.
പിതാവേ!, അങ്ങ് കരുതുന്നുണ്ടാകും ഞങ്ങൾ ഐശ്വര്യമില്ലാത്തവരാണെന്ന്.
പക്ഷേ, അങ്ങ് മനസ്സിലാക്കുക, ഞങ്ങളുടെ ഐശ്വര്യം അങ്ങേയ്ക്കോ അങ്ങയുടെ പ്രശംസകർക്കോ
മനസ്സിലാക്കുവാൻ സാധ്യമല്ലാതുള്ളവയാണ്. കാരണം, മഹായാഗങ്ങളെ ചെയ്ത് കാമ്യഫലങ്ങളെ ആഗ്രഹിക്കുന്ന
നിങ്ങളുടെയൊക്കെ താല്പര്യം ഭൌതികാഗ്രഹങ്ങളുടെ പൂർത്തീകരണം മാത്രമാണ്. ആയതിനുവേണ്ടിത്തന്നെ
നിങ്ങൾ യാഗം കഴിഞ്ഞ് യജ്ഞശിഷ്ടം ഭുജിക്കുന്നു. പക്ഷേ, ഞങ്ങൾ ഒന്ന് മനസ്സുവച്ചാൽ ഞങ്ങളുടെ
ഐശ്വര്യം നിഷ്‌പ്രയാസം നിങ്ങൾക്ക് കാട്ടിത്തരാൻ സാധിക്കും. ആ ഐശ്വര്യം മുക്തന്മാരായ
ആത്മജ്ഞാനികൾക്ക് മാത്രം സിദ്ധമാകുന്ന ഒന്നാണ്. അങ്ങ് പാപം ചെയ്തിരിക്കുന്നു. നിർഭാഗ്യവശാൽ
അങ്ങയിൽനിന്നുണ്ടായതാണ് ഇപ്പോൾ എനിക്കുള്ള ഈ ശരീരം. അതിൽ എനിക്ക് അത്യന്തം ലജ്ജയും
തോന്നുന്നു. ആയതിനാൽ ശിവദ്വേഷിയായ അങ്ങയിൽ നിന്നുണ്ടായ മലിനമായ ഈ ശരീരം ഞാനിതാ ത്യജിക്കുവാൻ
പോക്കുന്നു. ശാരീരികമായ നമ്മുടെ ഈ പിതാ-പുത്രി ബന്ധത്തെ വച്ചുകൊണ്ട് ഭഗവാൻ എന്നെ ദാക്ഷായണീ!,
എന്ന് സംബോധന ചെയ്യുമ്പോൾതന്നെ എനിക്ക് നീരസം തോന്നാറുണ്ട്. നിമിഷമാത്രയിൽ എന്നിലെ
സന്തോഷവും ചിരിയും ഈ മുഖത്തുനിന്ന് മായാറുമുണ്ട്. സഞ്ചി പോലെയുള്ള ഈ ശരീരം, അത് അങ്ങിൽനിന്നുണ്ടായതിൽ
എനിക്ക് ദുഃഖം തോന്നുന്നു. അതുകൊണ്ട് ഞാനിതുപേക്ഷിക്കുകയാണ്.”
മൈത്രേയൻ തുടർന്നു: “വിദുരരേ!, തന്റെ പിതാവിനോട്
ഇങ്ങനെ പറഞ്ഞുകൊണ്ട് സതീദേവി യാഗശാലയിൽ നിലത്തുതന്നെ വടക്കോട്ടുതിരിഞ്ഞിരുന്നു. മഞ്ഞവസ്ത്രം
ധരിച്ചിരുന്ന അവൾ അല്പം ജലം കൈയ്യിലെടുന്നു സ്വയം ശുദ്ധിവരുത്തി, കണ്ണടച്ചു യോഗാരൂഢയായി.
ആദ്യം ദേവി സുഖാസനസ്ഥയായി. പിന്നീട് പ്രാണനെ ഉയർത്തി നാഭീചക്രത്തിലെത്തിച്ചു. വീണ്ടും
അതിനെ ബുദ്ധിയോടുചേർത്ത് ഹൃദയസ്ഥാനത്തിരുത്തി. പതുക്കെ അവടെനിന്നും ജീവനെ ദേവി ശ്വാസനാളത്തിലൂടെ
ഭ്രൂമധ്യബിന്ധുവിലുമെത്തിച്ചു. ദേവന്മാരാലും, ഋഷികളാലും പൂജിക്കപ്പെട്ട മഹാദേവൻ തന്റെ
തൃത്തുടയിൽ ഇരുത്തിലാളിച്ചിട്ടുള്ള ദേവിയുടെ ശരീരം അവൾ സ്വയം നശിപ്പിക്കുവാൻ ആരംഭിക്കുകയായി.
പിതാവിനോടുള്ള കോപത്തിൽ ജ്വലിച്ചുനിന്നുകൊണ്ട് അവൾ വീണ്ടും ധ്യാനത്തിലായി. തന്റെ പതിയും
ലോകഗുരുവുമായ മഹാദേവനെ ധ്യാനിച്ചു. അതിലൂടെ പരിശുദ്ധയായി അവൾ ആളിപ്പടരുന്ന യോഗാഗ്നിയിൽ
തന്റെ ശരീരത്തെ ചുട്ടെരിച്ചു.
കോപാകുലയായി ദേവി തന്റെ ശരീരത്തെ നശിപ്പിച്ച സമയം
ലോകത്തിൽ നാനാദിക്കുകളിൽനിന്നും അതിയായ അലർച്ചയും ഒച്ചയുമുണ്ടായി. ‘എന്തിനാണ് മഹാദേവപത്നിയായ
സതീദേവി തന്റെ ശരീരത്തെ ഇങ്ങനെ നശിപ്പിച്ചത്? പ്രജാപതിയും തന്റെ പിതാവുമായ ദക്ഷന്റെ
അവഗണന കാരണം പാവനയായ ദേവി ഈ കൃത്യം ചെയ്തത് തികച്ചും അത്ഭുതംതന്നെ. കഠിനഹൃദയനായ ദക്ഷന്
ഒരു ബ്രാഹ്മണനാകാനുള്ള യാതൊരു മഹത്വവുമില്ല. തന്റെ മകളോടുചെയ്ത ഈ ഘോര അപരാധം കാരണം
അദ്ദേഹത്തിന് വലിയ ദുഃഖമനുഭവിക്കേണ്ടിവരും. മഹാദേവനോടുണ്ടായ ഈ വൈരംമൂലം അദ്ദേഹത്തിന്
മഹാ അപകീർത്തിയുണ്ടാക്കുകയും ചെയ്യും.’
ഇങ്ങനെ ജനങ്ങൾ പരസ്പരം പറയുന്നതുകേട്ടപ്പോൾ ദേവിയോടൊപ്പം
വന്ന ഭൂതഗണങ്ങളും ഗുഹ്യകന്മാരും ചേർന്ന് ദക്ഷനെ തങ്ങളുടെ ആയുധങ്ങൾകൊണ്ട് വധിക്കുവാനൊരുങ്ങി.
അവർ ശക്തരായി മുന്നോട്ട് കുതിച്ചപ്പോൾ അപകടം മനസ്സിലാക്കിയ ഭൃഗുമുനി യാഗനാശകന്മാരെ
ഇല്ലാതാക്കുന്നതിനുള്ള യജുർവേദോക്തങ്ങളായ മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ട് ദക്ഷിണഭാഗത്തെ
യാഗാഗ്നിയിൽ തർപ്പണം തുടർന്നു. ഹോമം തുടങ്ങിയപ്പോൾതന്നെ ചന്ദ്രനിൽനിന്നും ഓജസ്സുറ്റ്
ശക്തിമത്തായ ഋഭുക്കൾ മുതലായ ആയിരക്കണക്കിന് ദേവതകൾ അവിടെ പ്രത്യക്ഷരായി. അവർ ആക്രമിക്കുവാനൊരുങ്ങിയപ്പോൾ
ഭൂതഗണങ്ങളും ഗുഹ്യകന്മാരും നാനാദിക്കുകളിലേക്കായി ഓടിമറഞ്ഞു. അത് തികച്ചും ബ്രാഹ്മണശക്തികൊണ്ടുമാത്രം
സാധ്യമാകുന്ന ഒന്നായിരുന്നു.
ഇങ്ങനെ ചതുർത്ഥസ്കന്ധം നാലാമധ്യായം സമാപിച്ചു.
ഓം തത് സത്.