varaha എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
varaha എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014, സെപ്റ്റംബർ 8, തിങ്കളാഴ്‌ച

3.20 വിദുരമൈത്രേയ സംവാദം.

ഓം
ശ്രീമദ്ഭാഗവതം തൃതീയസ്കന്ധം  അദ്ധ്യായം - 20

നൈമിഷാരണ്യത്തിൽ ഒത്തുകൂടിയ ഭാഗവതപ്രിയന്മാരിൽ പ്രമുഖനായ ശൗനകൻ സൂതമുനിയോട് ചോദിച്ചു: "അല്ലയോ മഹാമുനേ!, ഭഗവാൻ നാരായണസ്വാമി വരാഹമൂർത്തിയായി അവതരിച്ച്, ദൈത്യേന്ദ്രനായ ഹിരണ്യാക്ഷനെ വധിച്ച്, ധരിത്രിയെ പുനഃരുദ്ധരിപ്പിച്ചതിനുശേഷം, അവൾക്ക് ഭാവിയിൽ പിറക്കുവാനിരുന്ന ജീവഭൂതങൾക്ക് മോക്ഷപദത്തെ കാണിച്ചുകൊടുക്കുവാൻ അന്നത്തെ മനുവായ സ്വായംഭുവൻ എന്തൊക്കെ പദ്ധതികളായിരുന്ന് ചമച്ചിരുന്നത്?".

ഈ ചോദ്യംകൊണ്ട് ശൗനകന്റെ ഉദ്ദേശം വിദുരരെക്കുറിച്ച് കൂടുതലറിയുക എന്നുള്ളതായിരുന്നു. വിദുരർ ഉത്തമനായ ശ്രീകൃഷ്ണഭക്തനും, ഭഗവാന്റെ ഉത്തമതോഴനുമായിരുന്നു. പരമഭാഗവതനായിരുന്നതിനാൽതന്നെ ഭഗവത്ദ്വേഷികളായ തന്റെ ജ്യേഷ്ഠൻ, ധൃതരാഷ്ട്രരിൽനിന്നും, അദ്ദേഹത്തിന്റെ പുത്രരായ ദുര്യോധനാദികളിൽനിന്നും വളരെ അകന്നായിരുന്നു എന്നെന്നും വിദുരർ ജീവിച്ചിരുന്നത്. വേദവ്യാസന്റെ പുത്രനായ അദ്ദേഹം തന്റെ അച്ഛനെപ്പോലെ തികഞ വിവേകിയും, മഹാപണ്ഡിതനുമായിരുന്നു. ആയതിനാൽ ഭഗവത് പാദങൾ ഹൃദയകുഹരത്തിൽ വച്ചും, അവന്റെ ഭക്തന്മാരോട് സംഘം ചേർന്നും അദ്ദേഹം ജീവിച്ചു.

വളരെയധികം പുണ്യക്ഷേത്രങളിലൂടെ സഞ്ചരിച്ച്, ഭൗതികവിഷങളിൽ അത്യധികം നിസ്പൃഹനായി, വിദുരർ ഒരുനാൾ ഹരിദ്വാരത്തിലെത്തി. അവിടെവച്ച് അദ്ദേഹം തത്വജ്ഞാനിയായ മൈത്രേയമഹാമുനിയെ കണ്ടുമുട്ടുകയും, അദ്ദേഹത്തിൽനിന്നും ഭഗവന്മഹികളൊന്നൊഴിയാതെ കേട്ടുപഠിച്ചതായും ശൗനകാദികൾക്കറിയാമായിരുന്നു. അതുകൊണ്ട് അവർ വിദുരരെക്കുറിച്ച് കൂടുതലറിയുവാൻ മൈത്രേയരോട് വീണ്ടും പ്രാർത്ഥിച്ചു.

ശൗനകാദികൾ ചോദിച്ചു: "ഹേ പണ്ഡിതശ്രേഷ്ഠാ!, ഞങൾ അങേയ്ക്ക് സർവ്വമംഗളങളും നേരുകയാണ്. അങയുടെ തിരുമുഖകമലത്തിൽനിന്നും അമൃതൂറുന്ന ഭഗവത് സത്ചരിത്രങൾ കേട്ട് ഞങളുടെ ഹൃദയമുരുകുകയാണ്. അല്ലെങ്കിൽതന്നെ ഹരികഥാമൃതം നുകർന്നാരാണിവിടെ പരിതൃപ്തനായിട്ടുള്ളത്?".

ഇങനെ ആർദ്രഹൃദയന്മാരായ ശൗനകാദിഋഷീശ്വർന്മാരുടെ ചോദ്യങൾക്ക് മറുപടിയായി രോമഹർഷണപുത്രൻ, സൂതമഹർഷി ഭഗവത് കഥാമൃതസാഗരത്തിൽ നിമഗ്നമായിരുന്നുകൊണ്ട് പറഞുതുടങി: "ഹേ ഋഷിവര്യന്മാരേ!, ഇനി ഞാൻ പറയാൻ പോകുന്ന വസ്തുതകൾ നിങൾ ശ്രദ്ധയോടും ഭക്തിയോടും കേട്ടുകൊള്ളുക. ഭഗവാൻ നാരായണൻ തന്റെ യോഗമായാശക്തിയുടെ വൈഭവത്താൽ സൂകരവേഷത്തിലവതീർണ്ണനായി, ഭൂമീദേവിയെ സമുദ്രത്തിന്റെ അഗാധതയിൽനിന്നുമുയർത്തി, അവളെ നിജസ്ഥാനത്തിയ വൃത്താന്തവും, ഹിരണ്യാക്ഷനെന്ന ആസുരശക്തിയെ വളരെ നിസ്സാരമായി കാലപുരിക്കയച്ച സംഭവങളുമടങുന്ന അവന്റെ അദ്ധ്യാത്മലീലകളെല്ലാം മൈത്രേയമുനിയിൽനിന്നും കേട്ടറിഞ് ദിവ്യാനുഭൂതിയെ പ്രാപിച്ച വിദുരർ, ആ പരമാത്മാവിനേക്കുറിച്ച് കൂടുതലറിയുവാൻ മൈത്രേയരോട് വീണ്ടും യാചിച്ചു.

വിദുരർ പറഞു: "ഹേ മഹാപണ്ഡിതാ!, പ്രജാപതികളെ സൃഷ്ടിച്ചതിനുശേഷം, പ്രപഞ്ചസൃഷ്ടിയെ പൂർത്തിയാക്കുന്നതിനായി പിന്നീടെന്തൊക്കെ കർമ്മങളായിരുന്ന് വിധാതാവ് അനുഷ്ഠിച്ചുപോന്നത്?. അദ്ദേഹത്തിന്റെ കല്പനകളെ സ്വീകരിച്ച് മരീചി, സ്വായഭുവമനു, തുടങിയ പ്രജാപതികളെല്ലാം ഏത് പ്രകാരമായിരുന്നു ഇക്കണ്ട സൃഷ്ടികളുടെയെല്ലാം രചനകൾ നിർവ്വഹിച്ചിരുന്നത്?. ഈ കാണുന്ന പ്രപഞ്ചം എങനെയാണിവിടെ നിലവിലുണ്ടായത്?. അവരോരോരുത്തരും സ്വന്തം പത്നിമാരുമായിമാത്രം ഏർപ്പെട്ട് നടത്തിയ സൃഷ്ടികളാണോ, അതോ ഈ പ്രജാപതികൾ  സർവ്വസ്വതന്ത്രമായി നിർമ്മിച്ചിതോ?. അതുമല്ലെങ്കിൽ പിന്നെ ഇവരെല്ലാവരും ചേർന്ന് സംയുക്തമായി വർത്തെടുത്തതാണോ ഈ പ്രപഞ്ചം?"

ദൃശ്യപ്രപഞ്ചത്തിന്റെ ഉൽപ്പത്തിയെക്കുറിച്ചുള്ള വിദുരരുടെ സന്ദേഹങൾ തികച്ചും ചിന്തനീയമായിരുന്നു. അനന്തകോടി ചരാചരങളുടെ മഹാസഞ്ചയമാകുന്ന ഈ ബ്രഹ്മാണ്ഡം എങനെ ഉത്ഭവിച്ചുവെന്നും, എന്നുത്ഭവിച്ചുവെന്നും, എവിടെനിന്നുത്ഭവിച്ചെന്നുമൊക്കെയുള്ള സംശയങൾ വിദുരരുടെ ബുദ്ധിയെ നിരന്തരം ഇളക്കിമറിച്ചുകൊണ്ടിരുന്നിരിക്കണം.

അതീവജിജ്ഞാസുവായ വിദുരരോട് മൈത്രേയൻ പറഞു: "വിദുരരേ!, കാലം ഹേതുവായി വിഷ്ണുഭഗവാനിച്ചിച്ചപ്പോൾ സത്വരജസ്തമോഗുണങൾക്ക് പരിണാമങളുണ്ടാകുകയും, തത്ഫലമായി മഹത് എന്ന തത്വം രൂപം കൊള്ളുകയും ചെയ്തു. തുടർന്ന് മഹത് തത്വത്തിൽനിന്ന് ത്രിവിധങളായ അഹങ്കാരമുടലെടുത്തു. അഹങ്കാരത്തിൽ രജോഗുണം അന്യഗുണദ്വയങൾക്കുമേൽ പ്രധാനിയായിനിന്നു. രജോഗുണപ്രധാനിയായ അഹങ്കാരതത്വത്തിൽനിന്നും പഞ്ചഭൂതങൾ ജന്മമെടുത്തു. വെവ്വേറെ നിലകൊണ്ടിരുന്ന ഈ പഞ്ചഭൂതങൾകൊണ്ട് പ്രപഞ്ചനിർമ്മിതി അസാധ്യമായന്നായപ്പോൾ, ഇവ അഞ്ചും, കൂട്ടത്തിൽ ഭഗവത് ചൈത്യന്യവും കലർന്ന് സ്വർണ്ണവർണ്ണത്തിൽ അത്യുജ്ജ്വലമായ ഒരു ഗോളം പ്രത്യക്ഷമായി. ആയിരത്താണ്ടോളം കാലം ഈ ഹേമാണ്ഡം കാരണസമുദ്രത്തിൽ നിർജ്ജീവമായിക്കിടന്നു. അനന്തരം ഭഗവാൻ ഗർഭോദകശായിവിഷ്ണു ഈ അണ്ഡത്തിലേക്ക് പ്രവേശിച്ചു. അനന്തരം അവന്റെ നാഭിയിൽനിന്നും ആയിരം മാർത്താണ്ഡന്മാരുദിച്ചുയരുംവണ്ണം തേജസ്സോടുകൂടി ഒരു താമരപുഷ്പം തളിർത്തുപൊന്തി. വിദുരരേ!, അത് സകലജീവഭൂതങളുടേയും ഉറവിടമായിരുന്നു. അതിൽ നിന്നും ആദ്യമായി അഖിലവീര്യവാനായ ബ്രഹ്മദേവൻ ജനിച്ചു. അദ്ദേഹത്തിന്റെ ഹൃദയകമലത്തിലേക്ക് അത്ഭുതവീര്യത്തോടെ ഗർഭോദകശായിവിഷ്ണുഭഗവാൻ പ്രവേശിക്കുകയും, അതോടെ ഇക്കണ്ട വിശ്വത്തെ മുന്നേപ്പോലെ വിധാതാവ് സൃഷ്ടിക്കുകയും ചെയ്തു.

വിദുരരേ!, ബ്രഹ്മദേവൻ സൃഷ്ടികർമ്മങൾ ധ്രുതഗതിയിലാരംഭിച്ചു. ആദ്യസൃഷ്ടി അദ്ദേഹത്തിന്റെ നിഴലിൽനിന്നുമായിരുന്നു. ജീവഭൂതങൾക്കുള്ളിൽ കുടിയേറിയിരിക്കുന്ന അജ്ഞാനതത്വങളായ താമിശ്രം, അന്ധതാമിശ്രം, തമസ്സ്, മോഹം, മഹാമോഹം എന്നിങനെ അഞ്ചുവിധത്തിൽ അവ അറിയപ്പെട്ടു. ഈ തമോസൃഷ്ടികളിൽ അസന്തുഷ്ടനായ ബ്രഹ്മദേവൻ തമോബദ്ധമായ സ്വശരീരം വിട്ടൊഴിഞു. പക്ഷേ യക്ഷരാക്ഷസാദികൾ ചേർന്ന് ക്ഷുത്തൃഡാദികൾക്ക് കാരണമായ ആ ശരീരത്തെ തുടർന്ന് പരിപാലിച്ചു. വിദുരരേ!, അതു ചെന്നവസാനിച്ചത് ഘോരവിപത്തിലേക്കായിരുന്നു. ബ്രഹ്മദേവനുപേക്ഷിച്ച ശരീരത്തെ സ്വീകരിച്ചതോടെ യക്ഷന്മാരും, രാക്ഷസന്മാരും അസഹനീയമായ വിശപ്പിനും ദഹത്തിനും വശംഗതരായി വിധാതാവിനെത്തന്നെ ഭക്ഷിക്കുവാൻ വക്ത്രപ്രപാടനം ചെയ്തുകൊണ്ട് അദ്ദേഹത്തിനുനേരേ പാഞടുത്തു. അവർ ആർത്തുവിളിച്ചുകൊണ്ടുപറഞു: "വിടരുതിവനെ..... കൊന്നുതിന്നുവിൻ...."

ഭീതിയും ആശങ്കയും നിറഞ സ്വരത്തിൽ ബ്രഹ്മദേവൻ അവരെ ആ ഘോരകർമ്മത്തിൽനിന്നും വിലക്കി: "യക്ഷരാക്ഷസാദികളെ!, നാം നിങളുടെ പിതാവാണ്. നമ്മെ കൊന്ന് പാപം ഭുജിക്കരുത്. പകരം, വിട്ടയയ്ക്കുക!".

തുടന്ന് അദ്ദേഹം സത്വഗുണത്തെ പ്രധാനമാക്കിക്കൊണ്ട് ദേവാധിപന്മാരെ സൃഷ്ടിക്കുകയും, സത്വഗുണപ്രതിരൂപമായ പ്രകാശമാനമായ പകൽ നൽകിക്കൊണ്ട് അവരെ അനുഗ്രഹിക്കുകയും ചെയ്തു. അനന്തരം തന്റെ പൃഷ്ഠഭാഗത്തുനിന്നും ബ്രഹ്മദേവൻ നിശാചരവർഗ്ഗത്തെ സൃഷ്ടിച്ചു. എന്തിനുപറയാൻ!... സ്വാഭാവികമായും കാമാസക്തരായ അവർ മൈഥുനവേഴ്ചയ്ക്കായി തങളുടെ സൃഷ്ടാവായ ബ്രഹ്മദേവനെതന്നെ സമീപിച്ചു. ആ വിഢിത്വത്തെക്കണ്ട് ആദ്യം വിരിഞ്ചൻ മന്ദഹസിച്ചുവെങ്കിലും, നിർലജ്ജരായി തന്നോടടുത്തുവരുന്ന കാമാർത്തരായ അസുരന്മാരാൽ അപമാനിതനായി അദ്ദേഹം അവിടെനിന്നും പലായനം ചെയ്തു. തതവസരത്തിൽ ശരണം പ്രാപിക്കുവാനായി ഭഗവാൻ നാരായണസ്വാമി മാത്രമേയുള്ളൂവെന്ന് മനസ്സിലാക്കിക്കൊണ്ട് വിരിഞ്ചൻ അനാഥരക്ഷകനായ ഹരിയുടെ പാദാരവിന്ദത്തിൽ ആശ്രിതനായി. തന്നിൽ ശരണാഗതി ചെയ്യുന്നവരുടെ സർവ്വാഭീഷ്ടങളും ഒന്നൊഴിയാതെ സാധ്യമാക്കുന്നവനാണ് നാരായണനെന്നും, അവൻ ഭക്തപരിപാലനാർത്ഥം യുഗങൾതോറും അവതരിക്കുന്നുവെന്നുള്ള അറിവും ബ്രഹ്മാവിൽ പണ്ടേതന്നെ സുദൃഡമായിരുന്നു. ആയതിനാൽ അദ്ദേഹം ഭഗവാനോട് ഇപ്രകാരം പ്രാർത്ഥിച്ചു".

ബ്രഹ്മദേവൻ പറഞു: "സർവ്വജ്ഞനായ ഭഗവാനേ!, അങേയ്ക്ക് നമസ്ക്കാരം!. അവിടുത്തെ ആജ്ഞയെ അവലംബിച്ചുകൊണ്ട് ഞാൻതന്നെ ചമച്ച സൃഷ്ടിയിൽനിന്നുമിതാ കാമഭ്രാന്തന്മാരായ കുറെ രാത്രിഞ്ചരന്മാർ ജന്മമെടുത്തിരിക്കുന്നു. മൈഥുനാസക്തരായി എന്നെതന്നെ ആക്രമിക്കുവാൻ പാഞടുക്കുന്ന ആ മഹാപാപികളിൽനിന്നും, ഭഗവാനേ!, അടിയനെ രക്ഷിച്ചരുളിയാലും. ഈ മഹാദുരന്തത്തിൽനിന്നും എന്നെ കരകയറ്റുവാൻ ചരണാശ്രിതജനക്‌ളേശഹാരകനായ അവിടുന്നല്ലാതെ മറ്റൊരുശക്തിയെ അടിയൻ കാണുന്നില്ല. ഈയുള്ളവനെ ആക്രമിക്കുന്നതിലൂടെ യഥാർത്ഥത്തിൽ അവർ പരോക്ഷമായി അങയെയാണ് ദ്വേഷിക്കുന്നത്. അങനെയുള്ളവർക്ക് നേർവഴികാട്ടുവാനും ശക്തൻ അങ് മാത്രമാണ്."

മൈത്രേയൻ പറഞു: വിദുരരേ!, ബ്രഹ്മദേവന്റെ മനോവ്യഥയെ ഭഗവാൻ മനസ്സിലാക്കി. ഉപായമായി, കളങ്കപ്പെട്ടുപോയ ശരീരത്തെ തത്ക്ഷണം ത്യജിക്കുവാൻ കരുണാമയനായ ഭഗവാൻ അദ്ദേഹത്തോടരുളിചെയ്തു. ഭഗവദുപദേശത്തെ ശിരസാവഹിച്ചുകൊണ്ട് ബ്രഹ്മാവ് തന്റെ അശുദ്ധമായ ശരീരം ഉടനടി ത്യജിച്ചു.  ഝടുതിയിൽ ആ ശരീരം സന്ധ്യായാമമായ ഒരു സുന്ദരയുവതിയുടെ രൂപത്തിൽ പുനർജ്ജനിച്ചു. തന്റെ മനോഹരപാദങളിൽ പാദസരധ്വനിയുണർത്തിയും, വശ്യനയനങൾ ചലിപ്പിച്ചും, സ്വർണ്ണാഭരണങളണിഞും, മനം കവരുന്ന പട്ടുടുത്ത അരയിൽ സ്വർണ്ണ അരഞാണമണിഞും അവൾ രജോഗുണയുക്തയായി പരിലസിച്ചു. ഉയർന്നുതടിച്ച കുചങളും, സുന്ദരദന്തങളും, പുഞ്ചിരിയൂറുന്ന് ചെഞ്ചുണ്ടുകളുമെല്ലാ അവളുടെ നിത്യസൗന്ദര്യത്തിന് മാറ്റുകൂട്ടി. വശ്യമാർന്ന താമരനയങളിലൂടെ അവൾ കാമാർത്തരായി നിൽക്കുന്ന ആ നിശാചരന്മാർക്കുനേരേ പ്രേമത്തിന്റെ കൂരമ്പുകളയച്ചു. കറുത്തുനീണ്ട കുറുനിരകൾക്കിടയിൽ നാണത്താൽ മുഖമൊളിപ്പിച്ചുനിൽക്കുന്ന സന്ധ്യയെക്കണ്ടതും, കാമാർത്തിപൂണ്ടുനിൽക്കുന്ന അസുരന്മാരിൽ കാമാഗ്നി ആളിപ്പടർന്നു. ആ സൗന്ദര്യനിധിയെ അവൾ വാനോളം പുകഴ്ത്തി.

"അവർ പറഞു: "ഹാ! എന്തൊരു സൗന്ദര്യം!... എന്തൊരു യുവത്വം!... ഇവളിൽ ആകൃഷ്ടരായി ഇവളോടൊത്തുരമിക്കുവാൻ അക്ഷമരായുള്ള നമ്മളോടൊപ്പം നടക്കുമ്പോൾപോലും ഇവൾ എത്ര തന്ത്രപൂർവ്വമാണ് ഒരു അകാമിയെപ്പോലെ തന്നെ സംയമനം ചെയ്തിരിക്കുന്നത്!... സന്ധ്യയുടെ മൂർത്തരൂപമായ ആ മാദകസുന്ദരിയെനോക്കി കൗശലശാലികളായ രക്ഷോഗണങൾ ബഹുമാനം നടിച്ചുകൊണ്ട് പറഞു: " ഹേ സുന്ദരീ!... ആരാണ് നീ?. ആരുടെ സ്വന്തമാണ് നീ?. എന്തിനുവേണ്ടിയാണ് ഇവിടേക്കുവന്നിരിക്ക്കുന്നത്?. അനുപമസുന്ദരിയായ നീ എന്തിനുവേണ്ടിയാണ് ഹതഭ്യാഗ്യരായ ഞങളെ ഈവിധം ഭ്രമിപ്പിക്കുന്നത്?. നീ ആരായിരുന്നാലും നിന്നെ ഒരുനോക്ക് കാണുവാൻ കഴിഞതുപോലും ഭ്യാഗ്യമായാണ് ഞങൾക്ക് തോന്നുന്നത്. താമരപ്പാദങൾകൊണ്ട് നീയീപന്തുതട്ടിക്കളിക്കുമ്പോൾ അവയുടെ ചലനനൾ കണ്ട് ഞങളുടെ ബുദ്ധി ഭ്രമിച്ചുപോകുകയാണ്. ഹേ സുന്ദരീ!, കുചഭാരത്താൽ നീ തളർന്നതുപോലെ തോന്നുന്നു. ആ മുടികെട്ട് തെല്ലോന്നഴിച്ചിട്ടാലും..."

മൈത്രേയൻ തുടർന്നു: "വിദുരരേ!, ഈവിധം വിലപിച്ചുകൊണ്ട് കാമാതുരരായ ആ അസുരവൃന്ദം സന്ധ്യയുടെ അത്യപൂർവ്വമായ സൗന്ദര്യത്തിൽ പ്രലോഭിതരായി, അവളൊരു മൂർഖബുദ്ധിയെന്ന് ദ്ധരിച്ച്, ആ അതിസൗന്ദര്യത്തെ അനുഭവിക്കുവാനുള്ള മൂർച്ഛിതത്വരയോടുകൂടി അവളെ തങളുടെ വശത്താക്കി. ഇതുകണ്ട ബ്രഹ്മദേവൻ അർത്ഥവത്തായി ഒന്നുമന്ദഹസിച്ചു. അനന്തരം, തന്റെ അത്ഭുതവീര്യത്താൽ ഗന്ധർവ്വാപ്സരസ്സുകളെ സൃഷ്ടിച്ചു. അതിമനോഹരമായ ഈ സൃഷ്ടിക്കുശേഷവും മുന്നേപോലെ അദ്ദേഹം തന്റെ വർത്തമാനകളേബരം ത്യജിക്കുകയും, ഗന്ധർവ്വന്മാർ ആഹ്‌ളാദപുരസ്സരം അതേറ്റെടുക്കുകയും ചെയ്തു. പിന്നീട് വിധാതാവ് സ്വീകരിച്ചത് അലസ്സതയുടെ മൂർത്തിമത്ഭാവമായിരുന്നു. അതിൽനിന്നും അദ്ദേഹം ഭൂതപ്രേതപിശാചുക്കളെ സൃഷ്ടിച്ചു. അവരുടെ അഴിച്ചിട്ട കേശഭാരവും, നഗ്നതയും കണ്ട് വിരിഞ്ചൻ കണ്ണുപൊത്തിക്കൊണ്ട് ആ ശരീരവും ഉപേക്ഷിച്ചു. ആലസ്യഭാവത്തോടെ വലിച്ചെറിയപ്പെട്ട ആ ശരീരത്തെ ഭൂതപ്രേതപിശാചുക്കൾ സ്വന്തമാക്കി. അന്നുമുതൽ അശുദ്ധമായ ഏതൊരു ശരീരത്തേയും അവർ ആക്രമിച്ചുതുടങി. ഉറക്കത്തിൽ ഉമിനീരൊഴുക്കുന്നവരുടെ ശരീരങൾ തുടങി ഭ്രാന്തന്മാരുടെ ശരീരങൾ വരെ ഈ ദുർജാതരുടെ ആക്രമണത്തിനുവിധേയമാകുന്നത് ഇക്കാര്യത്തിനുദാഹരണമാണ്.

തുടർന്ന്, തന്റെ അഗണിതമായ വീര്യത്തെ സൃഷ്ടിയുടെ മൂർത്തരൂപത്തിലേക്കെത്തിക്കുവാനുള്ള ആഗ്രഹത്തോടെ വിധാതാവ് തന്റെ പരോക്ഷശരീരത്തിലെ നാഭിയിൽനിന്നും സാധ്യഗണങളേയും പിതൃഗണങളേയും ഉല്പന്നമാക്കി. അവർ സ്വമേധയാ വിരിഞ്ചന്റെ അഗോചരശരീരത്തെ തങളുടെ നിലനില്പിനുവേണ്ടി സ്വായത്തമാക്കി. ഈ അതിസൂക്ഷ്മ ശരീരത്തിലൂടെയത്രേ ദിവ്യന്മാർ തങളുടെ പിതൃക്കൾക്കും സാധ്യന്മാർക്കും ശ്രാദ്ധകാലങളിൽ ബലിതർപ്പണം നടത്തുന്നത്. തുടർന്ന്, ബ്രഹ്മദേവൻ ത്രോധനകലയിലൂടെ സിദ്ധന്മാരേയും വിദ്ധ്യാധരന്മാരേയും സൃഷ്ടിക്കുകയും, അനന്തരം, അന്തർധാനമെന്ന നാമത്തിൽ താനാജ്ജിച്ചെടുത്ത ആ ദിവ്യശരീരത്തെ അവർക്കായി തന്നെ സമർപ്പിക്കുകയും ചെയ്തു.

പിന്നീടൊരിക്കൽ വിരിഞ്ചൻ ജലരാശിയിൽ തന്റെ ശരീരപ്രതിച്ഛായയെ ആരാധനാപാരവശ്യത്തോടെ വീക്ഷിക്കുകയും അതിലൂടെ  കിംപുരുഷകിന്നരാദികളുടെ സൃഷ്ടി നടത്തുകയും ചെയ്തു. കിംപുരുഷന്മാർ ബ്രഹ്മദേവന്റെ ആ നിഴൽരൂപത്തെ പരിഗ്രഹിച്ചു. അതിൽ അത്ഭുതം കൂറിയ അവർ ഇന്നും പ്രഭാതത്തിൽ അദ്ദേഹത്തിന്റെ സാഹസകൃത്യങളെ വർണ്ണിച്ചുപാടുന്നു. അങനെയിരിക്കെ സൃഷ്ടികർമ്മം മന്ദഗതിയിലായിരിക്കുന്നുവെന്ന് ശങ്കിച്ച് വിരിഞ്ചൻ തന്റെ നിലവിലുള്ള ശരീരത്തെ ത്യജിക്കുവാനൊരുമ്പെട്ടു. അനന്തരം നെടുനീളത്തിൽ നീണ്ടുനിവർന്നുകിടന്നുകൊണ്ട് അതൃപ്തഭാവത്തിൽ ആശരീരവും അദ്ദേഹം ഉപേക്ഷിച്ചു. ഹേ വിദുരരേ!, ആ ശരീരത്തിൽനിന്നുമുതിർന്നുവീണ രോമങൾ പാമ്പുകളായി രൂപാന്തരം പ്രാപിച്ചു. മണ്ണിൽ വീണുപുളഞിഴഞുനീങിയ അവയിൽ പലതും ഉഗ്രരൂപികളും വിഷകാരികളുമായ സർപ്പങളും നാഗങളുമായി പരിണമിച്ചു. ഒടുവിൽ, തന്റെ ജീവിതത്തിന്റെ ലക്ഷ്യം ഏതാണ്ട് പൂർത്തിയായെന്നു മനസ്സിലാക്കിയ ആദിദേവൻ തന്റെ മനസ്സിൽനിന്നും മനുക്കളെ സൃഷ്ടിച്ചു. അവരത്രേ ലോകക്ഷേമതല്പരരായി വർത്തിക്കുന്നത്. അവർക്കായി അദ്ദേഹം തന്റെ സ്വന്തം ശരീരത്തെ നൽകി. അങനെ ബ്രഹ്മശരീരം സ്വീകരിച്ചു നിൽക്കുന്ന പ്രജാപതികളായ മനുക്കളെക്കണ്ട് സകലസൃഷ്ടികളും ബ്രഹ്മാവിനെ വാനോളം പ്രശംസിച്ചു.

അവർ പറഞു: "ഹേ വിധാതാവേ!, അങയുടെ സൃഷ്ടികളെല്ലാം അപാരം തന്നെ. എന്ത് ചാരുതയോടെയാണ് അങിവിടെ ഓരോന്നും ചമച്ചുണ്ടാക്കിയിരിക്കുന്നത്!. ആചാരപ്രധാനമായ സർവ്വസ്സ്വവും ഇത്രകണ്ട് മനോഹരമായി അങ് നിർവ്വഹിച്ചുകഴിഞു. ഇനി ഞങളുടെ ഊഴമാണ്. യജ്ഞപ്രധാനമായി ബാക്കിയുള്ളതെല്ലാം അവിടുത്തെ സൃഷ്ടിയോട് കൂട്ടിച്ചേർക്കുവാൻ അങയുടെ അനുഗ്രഹത്തിനായ്ക്കൊണ്ട് ഞങളങയോട് പ്രാർത്ഥിക്കുകയാണ്. ഭക്തികൊണ്ടും, തപസ്സുകൊണ്ടും, യോഗനിഷ്ഠകൊണ്ടും, ഇന്ദ്രിയനിഗ്രഹം കൊണ്ടും ഉദാത്തനായ ഹേ ബ്രഹ്മഋഷേ!, അവിടുന്ന് ഋഷിവര്യന്മാരായ നാല് പുത്രന്മാരെ സൃഷ്ടിച്ചു. അവർ നാല്വർക്കും തന്റെ ശരീരത്തിന്റെ ഓരോ അംശം അങ് പകുത്തുകൊടുക്കുകയും ചെയ്തു. അവരിലൂടെ ഇവിടെ ഇന്നും സമാധി, യോഗം, ഋദ്ധി, തപസ്സ്, വിദ്യ, വിരക്തി എന്നീ വ്രതശുദ്ധികൾ നിലനിന്നുപോരുന്നു".

ഇങനെ, ശ്രീമദ് ഭാഗവതം തൃതീയസ്കന്ധം  ഇരുപതാമധ്യായം സമാപിച്ചു.

ഓം തത് സത്.